Monday, August 11, 2008
കുതിപ്പിന്റെ മാര്‍ഗരേഖ
ആധുനിക കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെയാകണം എന്നതിന്റെ സുവ്യക്തവും സുനിശ്ചിതവുമായ മാര്‍ഗരേഖയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചത്. കുഴഞ്ഞുമറിഞ്ഞ ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷങ്ങളുടെ ഇടപെടലിന് കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ- ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകളുടെ വിജയകരമായ പ്രവര്‍ത്തനം വഹിക്കുന്ന നിര്‍ണായകമായ പങ്കിനെക്കുറിച്ച് സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസ് ഗൌരവത്തോടെ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ്, കേരളത്തിലെ ഭരണം രണ്ടുവര്‍ഷം പിന്നിടുന്ന വേളയില്‍ സംസ്ഥാന കമ്മിറ്റി ഭരണത്തെ വിലയിരുത്തിയതും നേട്ടങ്ങള്‍ സംരക്ഷിക്കാനും ദൌര്‍ബല്യങ്ങള്‍ പരിഹരിക്കാനുമുള്ള ഊര്‍ജിതമായ നടപടികളിലേക്ക് കടന്നതും. വിവിധ മേഖലകളില്‍ ബദല്‍നയങ്ങള്‍ എത്രമാത്രം ഉയര്‍ത്താന്‍ കഴിഞ്ഞു, നേട്ടങ്ങള്‍ എത്രമാത്രം ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പാര്‍ടി പരിശോധിച്ചത്. രണ്ടുവര്‍ഷംകൊണ്ട് ഗവണ്‍മെന്റിന് അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു എന്നത് അവിതര്‍ക്കിതമായി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയിലെ 455 ഇനങ്ങളില്‍ 385 ഇനങ്ങള്‍ അഥവാ 85 ശതമാനം പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി എന്നത് അഭിമാനകരമായ സംഗതിയാണ്. അതില്‍ 158 ഇനങ്ങള്‍ അഥവാ 35.5 ശതമാനം പൂര്‍ത്തീകരിക്കുകയോ നടപ്പാക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയോ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനുവേണ്ടി മാനിഫെസ്റോ തയ്യാറാക്കുകയും അധികാരത്തിലെത്തിയാല്‍ ആദ്യം അതു മറക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ സമീപനത്തില്‍നിന്ന് നേര്‍വിപരീതമായ ഈ അനുഭവം വി എസ് ഗവണ്‍മെന്റിന്റെ അഭിനന്ദനാര്‍ഹമായ മികവുതന്നെയാണ്. പാര്‍ടി ചൂണ്ടിക്കാണിച്ചപോലെ, ഇന്ന് അന്തര്‍ദേശീയ-ദേശീയ സ്ഥിതിഗതികളില്‍ മാറ്റംവന്നിരിക്കുന്നു. ഇടതുപക്ഷ- ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനങ്ങള്‍ താല്‍ക്കാലിക പ്രതിഭാസമല്ല, ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയപ്രക്രിയകളാകാമെന്ന് ബംഗാളും ത്രിപുരയും തെളിയിച്ചിരിക്കുന്നു. കേരളത്തില്‍പ്പോലും 57-59, 67-69, 80-81 തുടങ്ങിയ കാലങ്ങളെ അപേക്ഷിച്ച് 1987ലും '97ലും സിപിഐ എം നേതൃത്വം നല്‍കിയ എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ ഭരണകാലാവധി പൂര്‍ത്തിയാക്കി. ഇവയൊക്കെ കണക്കിലെടുത്ത്, പാര്‍ടി നേതൃത്വത്തിലുള്ള സംസ്ഥാന ഭരണങ്ങളെ കേവലം അടിയന്തര സമാശ്വാസം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍മാത്രമായി കണ്ടാല്‍ പോരെന്നും കോണ്‍ഗ്രസ്, ബിജെപി ഭരണങ്ങളില്‍നിന്ന് വ്യത്യസ്തമായി ബദല്‍ സമീപനങ്ങള്‍ ഉയര്‍ത്താനും നടപ്പാക്കാനും കഴിയണമെന്നുമാണ് 19-ാം പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തിയത്. അതിനനുസൃതമായ പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെ തുടരാനുള്ള സമീപനമാണ് കഴിഞ്ഞദിവസം സംസ്ഥാന കമ്മിറ്റി തീരുമാനമായി പുറത്തുവന്ന മാര്‍ഗരേഖയില്‍ തെളിഞ്ഞുനില്‍ക്കുന്നത്. കാര്‍ഷിക പരമ്പരാഗത മേഖലകള്‍ സംരക്ഷിക്കുക, അവയെ തകര്‍ക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ ആ മേഖലകളുടെ ഉല്‍പ്പാദനക്ഷമതയും മത്സരശേഷിയും ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക; വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ക്ഷേമസൌകര്യങ്ങള്‍ തുടങ്ങിയവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക; പട്ടികവിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അഗതികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ കൊടിയ ദാരിദ്യ്രം ഇല്ലാതാക്കുക; വികസനരംഗത്ത് സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കി അവരുടെ സാമൂഹ്യപദവി ഉയര്‍ത്തുക എന്നിങ്ങനെയുള്ള കര്‍ത്തവ്യങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെന്ന് സിപിഐ എം ചൂണ്ടിക്കാട്ടുന്നു. ഈ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി അധികാരവികേന്ദ്രീകരണം വിപുലമാക്കേണ്ടതുണ്ടെന്നും പാര്‍ടി കാണുന്നു. വിദ്യാസമ്പന്നരുടെ തൊഴില്‍പ്രതീക്ഷയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക; ഉല്‍പ്പാദനമേഖലകളുടെ ദ്രുതവളര്‍ച്ച ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഐടി, ടൂറിസം, ലൈറ്റ് എന്‍ജിനിയറിങ് തുടങ്ങിയ വ്യത്യസ്ത ആധുനിക വ്യവസായങ്ങളില്‍ ഊന്നണമെന്നാണ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയത്. സ്വകാര്യനിക്ഷേപം ഈ രംഗങ്ങളില്‍ ആകര്‍ഷിക്കാന്‍ കഴിയണമെന്നും അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യണമെന്നും വൈദ്യുതി, ഗതാഗതസൌകര്യങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ പശ്ചാത്തലസൌകര്യങ്ങള്‍ വലിയതോതില്‍ ഒരുക്കണമെന്നുമാണ് പാര്‍ടി നിര്‍ദേശിക്കുന്നത്. അതിനനുസൃതമായി അടുത്ത മൂന്നുവര്‍ഷംകൊണ്ട് ഓരോ മേഖലയിലും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളാണ് മാര്‍ഗരേഖയില്‍ അക്കമിട്ടു പറയുന്നത്. മൂന്നുവര്‍ഷത്തിനകം പശ്ചാത്തല-വ്യവസായമേഖലകളില്‍ 25,000 കോടി രൂപയുടെ മുതല്‍മുടക്ക് ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുള്ളത്. സ്വകാര്യ വ്യവസായനിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന് ഊര്‍ജിതനടപടി തുടരണമെന്നും മാനദണ്ഡങ്ങള്‍ക്കനുസൃതമായ എല്ലാ സെസ് (പ്രത്യേക സാമ്പത്തികമേഖല) അപേക്ഷകളും കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളുമുണ്ട്. മുന്നണിസര്‍ക്കാരിന്റെ സ്വഭാവവും ശാക്തികപരിമിതികളും കണക്കിലെടുക്കാതെ ജനകീയ ജനാധിപത്യപരിപാടി നടപ്പാക്കാമെന്ന അപക്വ കാഴ്ചപ്പാടുകാരും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ബദല്‍സമീപനങ്ങള്‍ സാധ്യമല്ലെന്നുള്ള കീഴടങ്ങല്‍ സമീപനക്കാരും ഉയര്‍ത്തുന്ന വാദഗതികളെ തള്ളിക്കളഞ്ഞ്, മൂര്‍ത്തമായ രാഷ്ട്രീയസാഹചര്യങ്ങളെ ശരിയായി വിലയിരുത്തിയാണ് സിപിഐ എം ഈ മാര്‍ഗരേഖ അംഗീകരിച്ചതെന്ന് അതിലെ ഓരോ വരിയിലും വ്യക്തമാണ്. . സംസ്ഥാനത്തിന്റെ വിശാല വികസനതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സങ്കുചിത രാഷ്ട്രീയനിലപാടുകളില്‍നിന്നും സമരങ്ങളില്‍നിന്നും പിന്മാറി വികസനകാര്യങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം തയ്യാറാകേണ്ടതുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment