Monday, August 11, 2008

മാധ്യമങ്ങളിലെ അധിനിവേശം,മാധ്യമങ്ങളുടേതും

ലോകസാമ്രാജ്യത്വത്തിന്റെ ഫലപ്രദമായ ആയുധമാണ് വാര്‍ത്താമാധ്യമങ്ങള്‍. 90കളുടെ തുടക്കം മുതല്‍ ലോക രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും ഇന്‍ഫര്‍മേഷന്‍ രംഗത്തെ അതിശയകരമായ പുരോഗതിയും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അപ്രമാദിത്വവും മുതലാളിത്ത വ്യവസ്ഥക്ക് ഏറെ അനുകൂലമായ അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. നവകൊളോണിയല്‍ രൂപംപൂണ്ട മുതലാളിത്തത്തിന് അതിന്റെ തന്നെ ഉല്‍പന്നമായ പുതിയ മാധ്യമവ്യവസ്ഥയെ വന്‍തോതില്‍ ആശ്രയിക്കേണ്ടി വരുന്നു. വര്‍ഗസമരത്തിന്റെ കൃത്യവും സുപ്രധാനവുമായ ഒരു മേഖലയാണ് മാധ്യമരംഗം. സമ്പന്ന വര്‍ഗത്തിന്റെ കുഴലൂത്ത് നടത്തുന്നതില്‍ മാത്രമല്ല അവയ്ക്ക് അനുകൂലവും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രതികൂലവുമായ പ്രത്യയശാസ്ത്ര പ്രചാരണദൌത്യം ശാസ്ത്രീയമായി നിര്‍വഹിക്കുന്നു എന്നതില്‍ക്കൂടിയാണ് പുത്തന്‍ മാധ്യമവ്യവസ്ഥയുടെ പ്രാധാന്യം. അക്രമരഹിതമായ അധിനിവേശത്തിന്റെ വിനാശകാരിയായ ആയുധമായി ഉപയോഗിക്കാന്‍ മാധ്യമങ്ങളെ പാകപ്പെടുത്തുക എന്നതില്‍ സാമ്രാജ്യത്വം വിജയിച്ചിട്ടുണ്ട്. "ലയനങ്ങളും ഏറ്റെടുക്കലുകളും ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ 1990കളാകുമ്പോള്‍ ഒരൊറ്റ വന്‍കിട സ്ഥാപനം ലോകത്തെ പ്രധാന മാധ്യമങ്ങളെയാകെ കീഴടക്കുമെന്ന്'' 1983ല്‍ ബെന്‍ ബഗ്ദിക്യാന്‍ പ്രവചിച്ചിരുന്നു. മാധ്യമരംഗത്തെ പുതിയ പ്രവണതകള്‍ മുന്‍കൂട്ടി കണ്ടു എന്നതാണ് പുലിറ്റ്സര്‍ അവാഡ് ജേതാവും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജേണലിസം സ്കൂളില്‍ ഡീന്‍ എമിറിറ്റസുമായ ബഗ്ദിക്യാനിന്റെ സംഭാവന. റൂപ്പര്‍ട്ട് മുര്‍ദോക്ക്(ന്യൂസ'് കോര്‍പറേഷന്‍ ഉടമ), ടൈം വാര്‍ണര്‍, ഡിസ്നി, വയാകോം, സോണി, ജനറല്‍ ഇലക്ട്രിക് എന്നീ സ്ഥാപനങ്ങള്‍ ലോകമാധ്യമങ്ങളെയാകെ നിയന്ത്രിക്കുകയാണ്. ലോകം എന്ത് അറിയണമെന്നും, എന്ത് ചിന്തിക്കണമെന്നും എന്തൊക്കെ വാങ്ങുകയും ഉപയോഗിക്കുകയും വേണമെന്നും ഇവര്‍ തീരുമാനിക്കുന്നു. റൂപ്പര്‍ട്ട് മുര്‍ദോക്ക് ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ഒരുപക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാള്‍ അധികാരങ്ങളും സ്വാധീനവും ഈ മാധ്യമഭീമനുണ്ട്. ആസ്ട്രേലിയക്കാരനായ മുര്‍ദോക്ക് അമേരിക്കന്‍ പൌരത്വം എടുത്താണ് തന്റെ മാധ്യമസാമ്രാജ്യത്വത്തിന്റെ വല ലോകമാകെ എറിഞ്ഞത്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ചുകിടക്കുന്ന മാധ്യമസ്ഥാപനങ്ങളുള്ള മുര്‍ദോക്കിനെക്കുറിച്ച് മല്‍സരരംഗത്തുള്ള മറ്റൊരു സ്ഥാപനമായ വയാകോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സമ്മര്‍ റെഡ്സ്റ്റോണ്‍ പറഞ്ഞത് "അദ്ദേഹത്തിന് അടിസ്ഥാനപരമായി ലോകം കീഴടക്കണമെന്നുണ്ട്'' എന്നാണ്. ടൈംസ്് ഓഫ് ഇന്ത്യയില്‍ പത്രാധിപന്മാരുടെ സ്ഥാനം മാനേജര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ മാധ്യമലോകത്തിന് അവിശ്വസനീയമായ വാര്‍ത്തയായിരുന്നു അത്. ഇന്ന് ലോകവ്യാപകമായി മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ നയം തീരുമാനിക്കുന്നത് മാനേജ്മെന്റ് വിദഗ്ധരാണ്. മാനേജുമെന്റുകളെ നിയന്ത്രിക്കുന്നതാകട്ടെ പരസ്യദാദാക്കളും. അമേരിക്കയില്‍ മാഗസിനുകള്‍ക്ക് 50 ശതമാനവും പത്രങ്ങള്‍ക്ക് 80 ശതമാനവും റേഡിയോ-ടെലിവിഷന്‍ കമ്പനികള്‍ക്ക് നൂറുശതമാനവും വരുമാനം ലഭിക്കുന്നത് പരസ്യങ്ങളിലൂടെയാണ്. അന്നദാദാക്കളായ കോര്‍പ്പറേഷനുകള്‍ക്ക് പരിപൂര്‍ണ്ണമായി വഴങ്ങാതെ മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പില്ല. 17000 കോടി ഡോളര്‍ വര്‍ഷാവര്‍ഷം പരസ്യങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ക്കുനല്‍കുന്ന ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ തങ്ങള്‍ക്കനുകൂലമല്ലാത്ത വാര്‍ത്തകളും അന്വേഷണങ്ങളും സെന്‍സര്‍ചെയ്യുന്നു. അനുസരിച്ചില്ലെങ്കില്‍ പരസ്യം നിഷേധിക്കുന്നു."പരസ്യങ്ങള്‍ എങ്ങനെ മാധ്യമവ്യവസ്ഥയെ അധീനപ്പെടുത്തുന്ന എന്നതിന്റെ ഉത്തമദൃഷ്ടാന്തമാ''യി അമേരിക്കന്‍ ടെലിവിഷന്‍ വ്യവസായത്തെ എഡ്വിന്‍ ഹെര്‍മ്മന്‍(കാര്‍ ബിസിനസ് സ്്കൂള്‍) ചൂണ്ടിക്കാട്ടുന്നുണ്ട്.വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉറച്ച വക്താക്കളായ റൂപ്പര്‍ട്ട് മുര്‍ദോക്കിനെപ്പോലുള്ളവര്‍ വ്യക്തിപരമായിത്തന്നെ തങ്ങളുടെ പ്രത്യയശാസ്ത്രധാരണകള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സ്വന്തം മാധ്യമ സ്ഥാപനങ്ങളെ ഉപകരണമാക്കുന്നു. പരസ്യദാദാക്കളുടെ സമ്മര്‍ദ്ദങ്ങളേക്കാള്‍ ഫലപ്രദമായ ഇടപെടലാണത്. വാര്‍ത്തകള്‍ സ്വേഛക്കനുസരിച്ച് ഉല്‍പ്പാദിപ്പിക്കാന്‍ ഇത്തരം മാധ്യമചക്രവര്‍ത്തിമാര്‍ക്കറിയാം. ഈ ജോലി ഭംഗിയായി നിര്‍വഹിക്കാനറിയാവുന്ന റിപ്പോര്‍ട്ടര്‍മാരെയും എഡിറ്റര്‍മാരെയും അവര്‍ പോറ്റിവളര്‍ത്തുന്നു. ഫ്ളോറിഡയില്‍ റൂപ്പര്‍ട്ട് മുര്‍ദോക്കിന്റെ ഉടമസ്ഥതയിലുള്ള ടിവി സ്റ്റേഷന്‍ മാനേജര്‍ ഒരിക്കല്‍ അവകാശപ്പെട്ടത്, "ഞങ്ങള്‍ മൂന്ന് ബില്യന്‍ ഡോളര്‍ ഈ ടിവി സ്റ്റേഷനുകള്‍ക്ക് വേണ്ടി മുടക്കിയിട്ടുണ്ട്, അതുകൊണ്ട് എന്താണ് വാര്‍ത്തയെന്ന് ഞങ്ങള്‍ തീരുമാനിക്കും, ഞങ്ങള്‍ പറയുന്നതെന്തോ അതാണ് വാര്‍ത്ത''യെന്നാണ്.'എന്റെ സത്യസന്ധമായ അഭിപ്രായങ്ങള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തില്‍ എഴുതാതിരിക്കാനാണ് ആഴ്ചയില്‍ എനിക്കവര്‍ ശമ്പളം തരുന്നത്. നിങ്ങളിലാരെങ്കിലും സത്യസന്ധമായ അഭിപ്രായം പത്രത്തിലെഴുതുക എന്ന വിഡ്ഢിത്തം കാണിച്ചാല്‍ അടുത്ത ദിവസം മറ്റൊരു ജോലിക്കുവേണ്ടി തെരുവിലിറങ്ങേണ്ടിവരും' എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ വിഖ്യാത എഡിറ്ററായിരുന്ന ജോണ്‍ സ്വിന്‍ഡന്‍ പത്രലേഖകരെ ഒരിക്കല്‍ ഉദ്ബോധിപ്പിച്ചത്. അണിയറക്ക് പിന്നില്‍ നില്‍ക്കുന്ന പണച്ചാക്കുകളുടെ താളത്തിനൊത്ത് ആടുകയും പാടുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനത്തെ ബൌദ്ധിക വ്യഭിചാരമായി അദ്ദേഹം വിശേഷിപ്പിച്ചു. വാര്‍ത്താവിതരണ-വിശകലനങ്ങളിലെ ആസൂത്രിതമായ ഇടപെടലാണ് മൂന്നാമത്തെ സ്വാധീന ഘടകം. വാര്‍ത്തകളും അവയുടെ വിശകലനങ്ങളും തയ്യാര്‍പെയ്തു നല്‍കുന്ന സ്ഥാപനങ്ങള്‍തന്നെ വാണിജ്യ കോര്‍പ്പറേഷനുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. നേരിട്ട് വാര്‍ത്തകളില്‍ കടന്നുകയറി അവയെ പക്ഷപാതപരമായി മാറ്റിമറിക്കാന്‍ പ്രയാസമുള്ളിടത്ത് എത്തിപ്പറ്റാനുള്ള എളുപ്പവഴിയായി 'വിദഗ്ധ'രെയും 'ഗവേഷണ'സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തുന്നു. ഹെറിറ്റേജ് ഫൌണ്ടേഷന്‍, അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാറ്റോഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ തങ്ങള്‍ക്കനുകൂലമായ 'വിദഗ്ധാഭിപ്രായങ്ങള്‍' പടച്ചുവിടാന്‍ വന്‍കിട കോര്‍പ്പറേഷനുകള്‍ പണം മുടക്കി നടത്തുന്ന സ്ഥാപനങ്ങളാണ്.സിബിഎസോ എന്‍ബിസിയോ അഫ്ഗാനിലെ അമേരിക്കന്‍ യുദ്ധോപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് നിരന്തരം വാര്‍ത്തകൊടുക്കുന്നുവെങ്കില്‍ അവയുടെ പിതൃസ്ഥാപനങ്ങളായ വെസ്റ്റിങ്ഹൌസും ജനറല്‍ ഇലക്ട്രിക്കും അമേരിക്കന്‍ ഗവര്‍മ്മെണ്ടുമായി വന്‍തോതിലുള്ള ആയുധക്കച്ചവടത്തിന് ഒരുങ്ങുന്നു എന്നാണ് മനസ്സിലാക്കേണ്ടത്."വ്യവസ്ഥാപിതമായ സവിശേഷാധികാരങ്ങളെ പിന്തുണച്ച് തദനുസൃതമായി വാദപ്രതിവാദങ്ങളെയും ചര്‍ച്ചകളെയും പരിമിതപ്പെടുത്തിയും സ്വന്തം വാര്‍ത്തകള്‍ രൂപപ്പെടുത്തിയും വിശകലനങ്ങള്‍ തയ്യാറാക്കിയും മാധ്യമങ്ങള്‍ അടുത്ത പരസ്പരബന്ധം പുലര്‍ത്തുന്ന ഭരണകൂടത്തിന്റെയും കുത്തകാധികാരത്തിന്റെയും താല്‍പര്യങ്ങളെ സേവിക്കുന്നു'' (നോം ചോംസ്കി, നെസസ്സറി ഇല്യൂഷന്‍സ്- തോട്ട് കണ്‍ട്രോള്‍ ഇന്‍ ഡെമോക്രാറ്റിക് സൊസൈറ്റീസ്). മാധ്യമങ്ങളുടെ ധര്‍മം ഇതായി സാമ്രാജ്യത്വം കണക്കാക്കുമ്പോള്‍ പുതിയ അധിനിവേശശ്രമങ്ങളെ മറ്റൊരര്‍ഥത്തില്‍ കാണാനാവില്ല.രാഷ്ട്രീയമായ അധിനിവേശത്തിനുവേണ്ടി മാധ്യമങ്ങളെ സാമ്രാജ്യത്വം ഉപയോഗിക്കുന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണ് ചിലി. 1964ല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ആ രാജ്യത്ത് അമേരിക്ക വിനിയോഗിച്ചത് 30,00,000 ഡോളറാണ്. '70 മുതല്‍ '73 വരെ ചിലിയന്‍ ഗവര്‍മെണ്ടിനെ അട്ടിമറിക്കാന്‍ 80,00,000 ലക്ഷം അമേരിക്കന്‍ ഡോളര്‍ ആ കൊച്ചുരാജ്യത്തിലേക്ക് ഒഴുകി. അമേരിക്കന്‍ താല്‍പര്യത്തിനനുസൃതമായ ലേഖനങ്ങളും വാര്‍ത്തകളും ചിലിയിലെ മാധ്യമങ്ങളില്‍ കുത്തിനിറക്കുക എന്ന ഒറ്റ പരിപാടിക്കുവേണ്ടിയാണ് ഈ തുകയുടെ ഭൂരിഭാഗവും ചെലവഴിക്കപ്പെട്ടത്. '53 മുതല്‍ അമേരിക്കന്‍ മാധ്യമഭീമന്‍മാര്‍ ചിലിയന്‍ പത്രങ്ങളെ നിരക്ക് കുറച്ച വാര്‍ത്താ ഏജന്‍സി സര്‍വീസിലൂടെയും അനേകതരത്തിലുള്ള സബ്സിഡികളിലൂടെയും വരുതിയിലാക്കാന്‍ ശ്രമിച്ചു വന്നു. പത്രങ്ങള്‍, റേഡിയോ, ചലച്ചിത്രങ്ങള്‍, ലഘുലേഖകള്‍, കത്തുകള്‍, ചുമരെഴുത്ത് എന്നിങ്ങനെ എല്ലാത്തരം മാര്‍ഗങ്ങളും ചിലിയന്‍ ജനതക്കുമേല്‍ പ്രയോഗിക്കപ്പെടുകയായിരുന്നു. സാല്‍വദോര്‍ അലന്‍ഡെയെ ഭീകര ഭരണാധികാരിയായി ചിത്രീകരിക്കാന്‍ സോവിയറ്റ് ടാങ്കുകളുടെയും ക്യൂബന്‍ പട്ടാളത്തിന്റെയും ചിത്രങ്ങള്‍ വികൃതമാക്കി ഉപയോഗിച്ചു. മാര്‍പ്പാപ്പയുടെ പേരില്‍ ആയിരക്കണക്കിന് കത്തുകള്‍ ചിലിയിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് അയച്ചു. അലന്‍ഡെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ചിലി കമ്യൂണിസ്റ്റ് സര്‍വാധിപത്യരാജ്യമാകുമെന്നും അങ്ങനെ വന്നാല്‍ മതങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുമെന്നും പ്രചരിപ്പിച്ചു. ഇത് ചെറിയ ഉദാഹരണം മാത്രം. ലോകത്താകെ കമ്യൂണിസത്തിനെതിരെ അമേരിക്ക നടത്തിയ കടന്നാക്രമണങ്ങളുടെ ഏറ്റവും ചെറിയ പതിപ്പ്. ലോകത്തെ ഏറ്റവും വലിയ മാധ്യമ കോര്‍പ്പറേഷന്‍ ടൈം വാര്‍ണറാണ്. 1989ല്‍ ടൈം, വാര്‍ണര്‍ കോര്‍പ്പറേഷന്‍ എന്നിവ സംയോജിപ്പിച്ച് രൂപീകൃതമായ ടൈം വാണനര്‍ ഇന്ന് ലോകത്താകെ 200ലേറെ ഉപസ്ഥാപനങ്ങളുള്ള വന്‍കിട കമ്പനിയാണ്. സിഎന്‍എന്‍, എച്ച്ബിഒ, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ ചാനലുകള്‍ ടൈം മാസിക ഉള്‍പ്പെടെയുള്ള 24 മാസികകള്‍, ലോകത്ത് ഏറ്റവും വലിയ സംഗീത ഗ്രൂപ്പായ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പ് എന്നിവയെല്ലാം ഈ ബഹുരാഷ്ട്ര കോര്‍പ്പറേഷന്റെ വകയാണ്. 60 ശതമാനത്തിലേറെ വരുമാനം ഇവര്‍ ആര്‍ജിക്കുന്നത് അമേരിക്കക്ക് പുറത്തുനിന്നാണ്. ഡിസ്നി ടൈം വാര്‍ണറിനോട് അടുത്തുനില്‍ക്കുന്ന മറ്റൊരു ഭീമനാണ്. എബിസി ടെലിവിഷന്‍ ഡിസ്നിയുടേതാണ്. ഇഎസ്പിഎല്‍ എന്ന സ്പോട്സ് ചാനലിലൂടെ വന്‍കുതിപ്പാണ് ഡിസ്നിക്കുണ്ടായത്. ഡിസ്നിലാന്റിന്റെയും ഡിസ്നി വേള്‍ഡിന്റെയും ഉടമസ്ഥാവകാശമുള്ള ഈ സ്ഥാപനം ലോകത്താകെ വേരൂന്നിയിരിക്കുന്നു.എംടിവിയുടെ ഉടമകളായ വയാകോമാണ് മറ്റൊരു വമ്പന്‍. 25 കോടി വീടുകളിലേക്ക് ഒരേസമയം സാമ്രാജ്യതാല്‍പര്യാധിഷ്ഠിതമായ വിനോദ പരിപാടികളാണ് എംടിവി എത്തിക്കുന്നത്. പാരമൌണ്ട് പിക്സ്ചേഴ്സ് ഉള്‍പ്പെടെ വന്‍കിട ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനങ്ങളും വീഡിയോ, മ്യൂസിക് സംരംഭങ്ങളും വയാകോമിനുണ്ട്.ലണ്ടന്‍ ടൈംസും ന്യൂയോര്‍ക്ക് പോസ്റ്റും ഉള്‍പ്പെടെയുള്ള 150ഓളം പത്രങ്ങള്‍ ഫോക്സ് ടിവിയും എംഎസ്എന്‍ബിസിയും ഉള്‍പ്പെടെയുള്ള വന്‍കിട സംപ്രേക്ഷണ സ്ഥാപനങ്ങള്‍ എന്നിവ കൈയാളുന്ന ന്യൂസ് കോര്‍പ്പറേഷന്‍ അതിന്റെ തലവനായ റൂപ്പര്‍ട്ട് മുര്‍ദോക്കിന്റെ പേരുകൊണ്ടു തന്നെ പ്രശസ്തമാണ്. അച്ചടി മാധ്യമരംഗത്ത് മുര്‍ദോക്കിനെ വെല്ലാന്‍ മറ്റാരുമില്ല. സാമ്രാജ്യത്വത്തിന്റെ പബ്ളിക് റിലേഷന്‍സ് ഓഫീസറും മുഖ്യ ഉപദേഷ്ടാവുമായാണ് മുര്‍ദോക്ക് അറിയപ്പെടുന്നത്. സോണി, എന്‍ബിസി(ജനറല്‍ ഇലക്ട്രിക്ക്) എന്നിവയാണ് മറ്റു ബഹുരാഷ്ട്ര മാധ്യമഭീമന്‍മാര്‍. "ആഗോള വാണിജ്യ മാധ്യമ വ്യവസ്ഥ പ്രധാനമായും അമേരിക്ക കേന്ദ്രീകരിച്ചുള്ളതും അതിശക്തിയുള്ളതുമായ ചില ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ അധീനതയിലുമാണെ''ന്ന് റോബര്‍ട്ട് മാക് ചെസ്നി നിരീക്ഷിക്കുന്നുണ്ട്. ഈ മാധ്യമക്കുത്തകകള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ത്തന്നെ പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി ഒന്നിച്ചുനില്‍ക്കുകയും ചെയ്യുന്നു. 2000ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത് മാധ്യമ ചക്രവര്‍ത്തിമാരായിരുന്നു. ജോര്‍ജ് ബുഷിനുവേണ്ടി ശക്തമായി നിലക്കൊള്ളുകയും പക്ഷപാത വൃത്താന്തങ്ങളുടെ നയാഗ്രകള്‍ സൃഷ്ടിക്കുകയും ചെയ്ത അവര്‍ക്ക് പ്രതിഫലമായി കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവുകളും കുടുതല്‍ മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള നിയമ ഭേദഗതിയും ബുഷ് അധികാരമേറ്റയുടന്‍ ലഭിച്ചു.ബുഷിന്റെ വിജയം തന്നെ മാധ്യമ സൃഷ്ടിയാണ്. തങ്ങള്‍ക്ക് സ്വീകാര്യനല്ലാത്ത അല്‍ഗോര്‍ ബുഷിനേക്കാള്‍ വളരെ താഴ്ന്ന നിലവാരമുള്ളയാളാണെന്നുവരുത്തിത്തീര്‍ക്കാന്‍ നിരന്തരം ശ്രമം നടന്നു. കാതലായ പ്രശ്നങ്ങളില്‍ അല്‍ഗോര്‍ സ്വീകരിച്ച നിലപാടുകള്‍ ബുഷിന്റേതിനേക്കാള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാകുമെന്നതിനാല്‍ അവ അവഗണിക്കപ്പെട്ടു.പകരം നിസ്സാര കാര്യങ്ങള്‍ പര്‍വതീകരിച്ചു. അമേരിക്കക്കാരന്റെ 'ബഹുമാന്യതയും ഔന്നത്യവും' പുനസ്ഥാപിക്കുന്ന രക്ഷകനായാണ് ബുഷ് അവതരിക്കപ്പെട്ടത്. പ്രചാരണഘട്ടത്തിലുടനീളം ബുഷ് പറഞ്ഞ നുണകളും ടെക്സാസ് റേഞ്ചേഴ്സ് സ്റ്റേഡിയം ഇടപാടിലെ അഴിമതിയും മറ്റും ജനശ്രദ്ധയിലെത്തിക്കാതിരിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിച്ചു. ഫെഡറല്‍ എനര്‍ജി റഗുലേറ്ററി കമീഷന്റെ തലപ്പത്ത് പാറ്റ് വുഡ് എന്ന സ്വന്തക്കാരനെ നിയമിക്കാന്‍ എന്‍റോണ്‍ ബുഷിനു നല്‍കിയത് 650,000ഡോളറാണ്. ആ കഥ പക്ഷേ മാധ്യമങ്ങളില്‍ കാണില്ല. മാത്രമല്ല എന്‍റോണ്‍ കുംഭകോണത്തെ വെറുമൊരു ബിസിനസ് പ്രശ്നമാക്കി അതിന്റെ രാഷ്ട്രീയ പ്രാധാന്യം മൂടിവെക്കാനും അമേരിക്കന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞിരിക്കുന്നു.ശീതയുദ്ധാനന്തരം 90കളുടെ തുടക്കത്തില്‍ ശീഘ്രവേഗത്തില്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളുടെ ആപത്കരമായ വശങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുകയായിരുന്നു. എതിരഭിപ്രായങ്ങള്‍ പാടെ തമസ്കരിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങളെ നിസ്സാരവല്‍ക്കരിച്ച് ഉദാരവല്‍ക്കരണത്തിന് പൊതുസ്വീകാര്യത നേടാനാണ് മുതലാളിത്ത മാധ്യമങ്ങള്‍ വന്‍തോതില്‍ ശ്രമിച്ചത്.മുതലാളിത്ത രാജ്യങ്ങളിലെയാകെ മാധ്യമങ്ങള്‍ ഒരുതരം രാഷ്ട്രീയ സെന്‍സര്‍ഷിപ്പിന് വിധേയമാണ്. ഭരണവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ അവയ്ക്ക് നല്‍കാനാവില്ല. ഒരര്‍ഥത്തില്‍ മുര്‍ദോക്കുമാരും പാക്കര്‍മാരും തന്നെയാണ് ഭരണവര്‍ഗം. നേരിട്ട് അധികാരം കൈയാളുന്നില്ലെങ്കിലും അധികാരത്തിന്റേതായ എല്ലാവിധ സൌകര്യങ്ങളും ഈ മാധ്യമ പ്രഭുക്കള്‍ക്ക് ലഭ്യമാണ്. ഇംഗ്ളണ്ടില്‍ മാര്‍ഗരറ്റ് താച്ചറെ അധികാരത്തിലേറ്റുന്നതിന് ബ്രിട്ടീഷ് പത്രങ്ങളെ ഉളുപ്പില്ലാതെ ഉപയോഗിച്ച "പത്രപ്രവര്‍ത്തനത്തിന്റെ അകിടും ചോരയും ഊറ്റുന്നതില്‍ വമ്പനായ'' മുര്‍ദോക്കിന്റെ തന്ത്രങ്ങളെക്കുറിച്ച് ബഗ്ദിക്യാന്‍ (മീഡിയാ മൊണോപ്പൊളി)പറയുന്നുണ്ട്. അഫ്ഗാന്‍ യുദ്ധത്തിലും ഇറാക്ക് യുദ്ധത്തിലും അമേരിക്കന്‍ സൈന്യത്തിന്റെ കൊടും ക്രൌര്യം എങ്ങനെ മറച്ചുവെക്കപ്പെട്ടു എന്ന് പില്‍ക്കാലത്ത് തെളിഞ്ഞതാണ്. ബസ്രയിലെ കൊട്ടാരം തകര്‍ക്കപ്പെട്ട് മരണമടഞ്ഞ കെമിക്കല്‍ അലി മാസങ്ങള്‍ക്കുശേഷം പിടിയിലായെന്ന് പറയേണ്ടിവരുന്ന അപഹാസ്യത ഈ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് മാത്രമല്ല യജമാനദാസ്യത്തെ വെളിപ്പെടുത്തുന്നതുമാണ്. എംബെഡ്ഡഡ് പത്രക്കാരായി അമേരിക്കന്‍ സൈന്യത്തിന്റെ ചെലവില്‍ ഊരുചുറ്റി അവര്‍ക്കുവേണ്ടി വാര്‍ത്തകള്‍ ചമക്കുന്നവര്‍ പുതിയ മാധ്യമ സംസ്കാരത്തിന്റെ പ്രതിനിധികളോ മാതൃകകളോ ആണ്.

1 comment:

മൂര്‍ത്തി said...

നന്ദി മനോജ്..http://malayalam-blogs.blogspot.com/ ഇവിടെ സെറ്റിംഗ്സ്, അഗ്രിഗേറ്റര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്..