Thursday, November 13, 2008

എന്‍ഡിഎഫും ഗോഡ്സേയും

പി എം മനോജ്

തീവ്രവാദി റിക്രൂട്ട്മെന്റിലെ പങ്കാളിത്തം സംബന്ധിച്ച തെളിവുകള്‍ വന്നപ്പോള്‍ വിഷമവൃത്തത്തിലായ എന്‍ഡിഎഫ് തികഞ്ഞ വര്‍ഗീയ പ്രചാരണവുമായി രംഗത്തെത്തുകയാണ്. 'സംഘപരിവാര്‍ മലേഗാവ് സ്ഫോടനക്കേസിലെ സന്യാസിനിയെ ന്യായീകരിക്കുന്നില്ലേ'എന്ന ചോദ്യമുയര്‍ത്തി സ്വയം ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്ന അവര്‍, കുപ്വാരയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം തങ്ങള്‍ക്കു കാണേണ്ട എന്ന ബന്ധുക്കളുടെ നിലപാടിനെയും ചോദ്യംചെയ്യുന്നു.

എന്‍ഡിഎഫിന്റെ മുഖപത്രമായ 'തേജസ്' എഴുതുന്നത് നോക്കുക: "മലേഗാവില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ എന്ന സന്ന്യാസിനിയുടെ നേതൃത്വത്തില്‍ ലഫ്റ്റനന്റ് കേണല്‍ അടക്കമുള്ള സൈനികോദ്യോഗസ്ഥരും മറ്റുമടങ്ങിയ സംഘം നടത്തിയ ബോംബ് സ്ഫോടനത്തിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രഗ്യയെ ന്യായീകരിക്കാനും സംരക്ഷിക്കാനും ബജ്രംഗ്ദള്‍, ശിവസേന, നവനിര്‍മാണ്‍ സേന, ഭാരതീയ ജനശക്തി തുടങ്ങിയ വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നു. പ്രഗ്യയുടെ അച്ഛന്‍ അഭിമാനപൂര്‍വം മകളുടെ പ്രവൃത്തിയെ ന്യായീകരിച്ചു; ശ്ളാഘിച്ചു. ഉമാഭാരതി മധ്യപ്രദേശില്‍ പ്രഗ്യക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്യുകയും അവരില്‍നിന്ന് നാമനിര്‍ദേശപത്രികയില്‍ ഒപ്പുവാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു നാസിക് കോടതിയില്‍ ഹരജി സമര്‍പ്പിക്കുകപോലുമുണ്ടായി.

ഹിന്ദു മരിച്ചാല്‍ ബലിദാനം, മുസ്ലിമിനെ കൊന്നാല്‍ സ്വാഭിമാനം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം 'നമുക്കു മറക്കാതിരിക്കുക' എന്ന പേരില്‍ മുസ്ലിംകള്‍ ആചരിക്കുമ്പോള്‍ വിജയദിനമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നു. ഗാന്ധിവധത്തില്‍ നാഥുറാം വിനായക് ഗോഡ്സെ എന്ന സ്വയംസേവകന്‍, തൂക്കിലേറ്റപ്പെടുന്നതുവരെ പശ്ചാത്തപിച്ചില്ല. മാത്രമല്ല, ജീവപര്യന്തം തടവനുഭവിച്ച ഗോപാല്‍ ഗോഡ്സെയും സഹപരിവാരവും യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെ നാഥുറാമിന്റെ ചിതാഭസ്മം പൂജിച്ചുവച്ചിരിക്കുകയാണിപ്പോഴും.

"രാജ്യദ്രോഹിയായ എന്റെ മോന്റെ മയ്യിത്ത് എനിക്കു കാണേണ്ട'' എന്നു ഫയാസിന്റെ ഉമ്മ സഫിയത്ത് പ്രസ്താവിക്കുന്നത് പൊലിസ് സംഘങ്ങളുടെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനും ബ്രീഫിങ്ങിനും ശേഷമാണ്. തുടര്‍ന്നു മറ്റുള്ളവരും ഇതേ നിലപാടെടുത്തതും യാദൃച്ഛികമല്ലതന്നെ. "ഇവിടെ മൃതദേഹ പരിശോധന, മതാചാരപ്രകാരമുള്ള മയ്യിത്ത് സംസ്കരണം തുടങ്ങിയ അവകാശങ്ങള്‍ ബന്ധുക്കള്‍ നിഷേധിക്കുന്നുണ്ട്. ഇതിനിടയിലാണു സഫിയത്തിനെ ബ്ളോ അപ് ചെയ്തുള്ള മാധ്യമശ്രമം അപഹാസ്യമാവുന്നത്. ''(തേജസ്, നവംബര്‍ 9, ഞായര്‍)


എന്‍ഡിഎഫ് എന്താണ്, എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ഇവിടെ പുറത്തുവരുന്നത്. സംഘപരിവാര്‍ ശക്തികളുടെ ഫാസിസ്റ് രീതികളെ പ്രതിരോധിക്കുന്നതിന് സ്വയം സംഘടിക്കുക എന്ന മുദ്രാവാക്യമാണ് എന്‍ഡിഎഫ് അടക്കമുള്ള മത ഭീകരവാദ സംഘടനകള്‍ ഉയര്‍ത്താറുള്ളത്. ഇവിടെ ആര്‍എസ്എസിനെപ്പോലെ സംഘടിക്കാന്‍ മാത്രമല്ല, ആര്‍എസ്എസ് ചെയ്യുന്ന എല്ലാ ഫാസിസ്റ്റ് നടപടികളും ആവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്നു പ്രഖ്യാപിക്കുകയാണ്. ആര്‍എസ്എസിനോടല്ല ഹിന്ദുക്കളോടാണ് എന്‍ഡിഎഫിന് വിരോധം എന്നാണ്, "ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിനം 'നമുക്കു മറക്കാതിരിക്കുക' എന്ന പേരില്‍ മുസ്ലിംകള്‍ ആചരിക്കുമ്പോള്‍ വിജയദിനമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നു'' എന്ന വാചകത്തില്‍ തെളിയുന്നത്.

ആര്‍എസ്എസും അതിന്റെ പരിവാരങ്ങളുമല്ലാതെ ഏതു ഹിന്ദുവാണ് ഇന്നാട്ടില്‍ 'വിജയദിനം' ആഘോഷിക്കുന്നത്? നാഥുറാമിന്റെ ചിതാഭസ്മം ആര്‍എസ്എസ് സൂക്ഷിക്കുന്നുണ്ടെങ്കില്‍, അതുപോലെ കുപ്വാരയില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് മരണാനന്തര ബഹുമതി നല്‍കണമെന്നാണ് എന്‍ഡിഎഫിന്റെ ന്യായം. 'ഹിന്ദു മരിച്ചാല്‍ ബലിദാനം, മുസ്ലിമിനെ കൊന്നാല്‍ സ്വാഭിമാനം.' എന്ന പ്രയോഗം കേരളത്തില്‍നിന്ന് പോയി കശ്മീരില്‍ പട്ടാളക്കാരോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടവര്‍ മഹാത്യാഗികളാണെന്ന പ്രഖ്യാപനം കൂടിയാകുന്നുണ്ട്. യുവാക്കളെ ആകര്‍ഷിച്ച് നാടിനു കൊള്ളാത്ത പണിയിലേക്ക് നയിക്കുകയും മനുഷ്യാവകാശ സംഘടനകളുടെ മുഖംമൂടിയിട്ട് കൊടുംക്രൂരത ആസൂത്രണം ചെയ്യുകയും പതിവാക്കിയ സംഘടന, നിര്‍ണായകഘട്ടത്തില്‍ മുഖംമൂടി വലിച്ചെറിഞ്ഞ് ഭീകരമായ തത്സ്വരൂപം പുറത്തുകാട്ടുകയാണ് ഇവിടെ.

തീവ്രവാദികളും രാജ്യദ്രോഹികളുമായി മരണമടഞ്ഞ മക്കളെ ഓര്‍ത്ത് മനം നോവുമ്പോഴും അവരുടെ ജഡം തങ്ങള്‍ക്കുവേണ്ട എന്നുപറയാന്‍ മാതാപിതാക്കള്‍ തയ്യാറായത്, എന്‍ഡിഎഫ് പോലുള്ള വര്‍ഗീയ-തീവ്രവാദ സംഘടനകളോടും അവ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യദ്രോഹപരവും മനുഷ്യത്വരഹിതവുമായ നയങ്ങളോടുള്ള എതിര്‍പ്പുംകൊണ്ടാണ്. ആ അമ്മമാരുടെ വാക്കുകള്‍ മഹത്തായ രാജ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി ഒരു ജനത ഏറ്റുവാങ്ങിയപ്പോള്‍, എന്‍ഡിഎഫ് പറയുന്നു, പൊലീസ് അവരെക്കൊണ്ട് അങ്ങനെ പറയിച്ചതാണെന്ന്്. കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹ പരിശോധനയും മതാചാരപ്രകാരമുള്ള ഖബറടക്കവും നടന്നില്ല എന്ന് വേവലാതിപ്പെടുകയാണവര്‍. സ്വന്തം ഉമ്മയ്ക്കും ബാപ്പയ്ക്കുമില്ലാത്ത വികാരം എന്‍ഡിഎഫിന് എവിടന്നു വന്നു? ആരാണ് മതപൊലീസാകാനുള്ള അധികാരപത്രം ഇവരെ ഏല്‍പ്പിച്ചത്?

ആര്‍എസ്എസിന്റെ മറുപുറമാണ് എന്‍ഡിഎഫ് എന്ന് ഇന്നാട്ടിലെ മതനിരപേക്ഷശക്തികള്‍ പറഞ്ഞപ്പോള്‍, തങ്ങളുടേത് മനുഷ്യാവകാശ സംരക്ഷണ അജണ്ട മാത്രമാണെന്ന് എന്‍ഡിഎഫ് അവകാശപ്പെട്ടിരുന്നു. നാടിനെ ഒറ്റുകൊടുക്കുന്ന തീവ്രവാദികളെ മഹത്വവല്‍ക്കരിക്കുകയും സ്വന്തം ഫാസിസ്റ്റ് നടപടികളെ ആര്‍എസ്എസ് എങ്ങനെ ന്യായീകരിക്കുന്നുവോ അതുപോലെ ന്യായീകരിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശഠിക്കുകയും ചെയ്യുന്ന എന്‍ഡിഎഫിന് ഏതുവിധത്തിലാണ് ആ ന്യായീകരണം സമര്‍ഥിക്കാന്‍ കഴിയുക? ഇസ്ളാം മതത്തില്‍പ്പെട്ടവര്‍ ഇന്നപോലെ ജീവിക്കണമെന്നും അതനുസരിച്ചില്ലെങ്കില്‍ ശരിപ്പെടുത്തിക്കളയുമെന്നുമാണ് പ്രാദേശികതലത്തില്‍ എന്‍ഡിഎഫ് ഇറക്കുന്ന 'ഫത്വ'. ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുംചെയ്യുന്നു. ഫാസിസത്തിന്റെ രീതികളില്‍നിന്ന് വിഭിന്നമല്ല ഇത്.

യഥാര്‍ഥത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ശക്തിയും വാശിയും പകര്‍ന്നുകൊടുക്കുക എന്ന ദൌത്യമാണ് ഇപ്പോള്‍ എന്‍ഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്. എന്‍ഡിഎഫിന്റെ വര്‍ഗീയ പ്രചാരണങ്ങളും അക്രമങ്ങളും ചൂണ്ടിയാണ് സംഘപരിവാര്‍ സ്വന്തം കൊടിക്കീഴിലേക്ക് ആളെ ക്ഷണിക്കുന്നത്. ഇരുകൂട്ടരും പരസ്പരം എതിര്‍പ്പ് ഉന്നയിക്കുമ്പോള്‍ത്തന്നെ ഒന്നിനെ ഒന്ന് വളര്‍ത്തുക എന്ന കൃത്യവും നിര്‍വഹിക്കുന്നുണ്ട്. ഒരു വര്‍ഗീയത കൊണ്ട് മറ്റൊന്നിനെ പ്രതിരോധിച്ച ചരിത്രം ലോകത്തൊരിടത്തുമില്ല.

എന്‍ഡിഎഫ് എന്ന സംഘടന കേരളത്തിലെ ഒരൊറ്റ ഇസ്ളാമിന്റെയും അടിസ്ഥാനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല; ആര്‍എസ്എസ് ഹിന്ദുക്കളുടെയും. രണ്ടുകൂട്ടര്‍ക്കും പൊതുവായി പല സവിശേഷതകളുമുണ്ട്. അതിലൊന്ന് ഇരുവരും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശത്രുപക്ഷത്ത് നിര്‍ത്തുന്നു എന്നതാണ്. ആര്‍എസ്എസിന്റെ കത്തിയും ബോംബും സിപിഐ എമ്മുകാര്‍ക്കുനേരെയാണ് പായുന്നത്. എന്‍ഡിഎഫും ആസൂത്രണംചെയ്ത് സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു. മതനിരപേക്ഷത എന്ന വാക്ക് അലര്‍ജിയായി കണ്ട്, മതനിരപേക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള യോജിച്ച പ്രവര്‍ത്തനത്തിലാണവര്‍.

ഭീകരവാദത്തിനായി മതവിശ്വാസികളെ ഉപയോഗപ്പെടുത്തുക എന്ന കൊടുംകുറ്റമാണ് എന്‍ഡിഎഫ് ചെയ്തുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് ചെയ്യുന്നതുതന്നെയാണത്. മതഭീകരവാദത്തെ പ്രതിരോധിക്കണമെങ്കില്‍ അതിന് അടിത്തറയൊരുക്കുന്ന വര്‍ഗീയവാദത്തെയാണ് ഉന്മൂലനംചെയ്യേണ്ടത്. അതിന് എന്‍ഡിഎഫിനെയും ആര്‍എസ്എസിനെയും ഒന്നിച്ചുതന്നെ എതിര്‍ക്കണം. സ്വന്തം മക്കളുടെ മൃതദേഹംപോലും കാണേണ്ടെന്നു പറയുന്ന അമ്മമാര്‍ ഇനി ഉണ്ടാവരുത് എന്ന് നാം ആഗ്രഹിക്കുമ്പോള്‍ അത്തരമൊരവസ്ഥ സൃഷ്ടിക്കുന്ന എന്‍ഡിഎഫിനെയും ആര്‍എസ്എസിനെയുംപോലുള്ള സംഘടനകള്‍ ശക്തിപ്രാപിക്കരുത് എന്നുതന്നെയാണ് അതിനര്‍ഥം.

ഗാന്ധിജിയെ കൊന്ന ഗോഡ്സെയെ ആര്‍എസ്എസ് ബഹുമാനിക്കുമ്പോള്‍ കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളെ ആരാധിക്കാന്‍ തങ്ങള്‍ക്കും സ്വാതന്ത്യ്രം വേണമെന്നു പറയാന്‍ എന്‍ഡിഎഫിന് നാവുപൊങ്ങിയിട്ടുണ്ടെങ്കില്‍, നമ്മുടെ നാട്ടിലെ മതനിരപേക്ഷതയ്ക്ക് ലഭിക്കാനുള്ള ഏറ്റവും കടുത്ത അപായസൂചന തന്നെയാണത്. മുസ്ളിങ്ങളെ കൊന്നൊടുക്കാന്‍ ശട്ടംകെട്ടി അയച്ച കാഷായ വസ്ത്രധാരിണിക്ക് സംഘപരിവാറില്‍നിന്നും മുരത്ത ഹിന്ദു വര്‍ഗീയവാദികളില്‍നിന്നും കിട്ടുന്ന പ്രോത്സാഹനം എന്‍ഡിഎഫിന്റെ തീവ്രവാദ പ്രവര്‍ത്തനത്തിനും നല്‍കണമെന്ന ആവശ്യം ഇന്നാട്ടിലെ പാവപ്പെട്ട മുസ്ളിം സഹോദരങ്ങളെ കൊണ്ടുപോയി കൊല്ലിക്കാനുള്ളതുതന്നെയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ജില്ലയിലെ ചെറുവാഞ്ചേരിയില്‍ സ്വയം നിര്‍മിച്ച ബോംബുപൊട്ടി രണ്ട് ആര്‍എസ്എസ് ക്രിമിനലുകള്‍ മരിച്ചു. തലശേരി താലൂക്കില്‍ ചോരപ്പുഴയൊഴുക്കാനുള്ള ബോംബാണ് അവര്‍ നിര്‍മിച്ചിരുന്നത്. അതേ മാരകശേഷിതന്നെയാണ് എന്‍ഡിഎഫുകാര്‍ നിര്‍മിക്കുന്ന ബോംബുകള്‍ക്കും പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്കുമുള്ളതെന്ന് തിരിച്ചറിയപ്പെട്ടാലേ മതനിരപേക്ഷ ശക്തികളുടെ ദൌത്യം പൂര്‍ണതയിലെത്തൂ.

3 comments:

പക്ഷപാതി :: The Defendant said...

നമ്മുടെ കാതലായ പ്രശ്നം ഇതാണ്. നമുക്ക് പ്രശ്നങ്ങളെ നമ്മള്‍ വെച്ചിരിക്കുന്ന രാഷ്ട്രീയ കണ്ണടകളിലൂടെ മാത്രമേ കണാനാകൂ. RSSനും, CPI(M)നും NDFനും BJP ക്കും Congress നും അവരുടെതായ ന്യായങ്ങളുണ്ട്. വിമര്‍ശിക്കുന്നവനെ വകവരുത്താനും തെറി പറഞ്ഞിരുത്താനുമല്ലാതെ വിമര്‍ശനം ഉള്‍ക്കൊണ്ട് തെറ്റ് തിരുത്താന്‍ ആര്‍ക്കും താത്പര്യമില്ല. RSS കാരനുണ്ടാക്കുന്ന ബോംബ് പൊട്ടി RSS കാരന്‍ മരിക്കുമ്പോള്‍ CPI(M) കാരന്‍ ബോംബ് ഉണ്ടാക്കുന്നിടത്തു നിന്നെഴുന്നേറ്റ് വിളിച്ചു പറയും അയ്യോ അവര്‍ ഞങ്ങളെ കൊല്ലാനാണിതെന്ന്. അതുപോലെ തന്നെ തിരിച്ചും. എല്ലാ വിഭാഗത്തിലും തീവ്രവാദികളുണ്ട്. മതങ്ങളിലും, രാഷ്ട്രീയത്തിലും. അവരെ വളര്‍ത്തുന്നതില്‍ ഇവിടത്തെ എല്ലാ രഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കും ഉണ്ട്. ഇരു മന്ത് കാലും മണലില്‍ പൂഴ്ത്തി ഒരുകാലില്‍ മന്തുമായ് പോകുന്നവനെ എനിക്കു മന്തില്ല, അവനു മന്തുണ്ടേ എന്ന് വിളിച്ചു കൂവുന്ന സംസ്കാരം എന്നില്ലാതാവുന്നോ അന്നേ നമ്മള്‍ നന്നാവൂ.

മലമൂട്ടില്‍ മത്തായി said...

തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ കൊലയാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ ആയി അധപധിച്ചു. എല്ലാവര്ക്കും ബോംബും, വാളുകളും, ആളുകളും ഉണ്ട്. NDF, RSS എന്നിവ പോലെ തന്നെ ഭീകരം ആണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. അവരുടെ മതം എന്ന് പറയുന്നതു മാര്‍ക്സിന്റെ മതം, ഗാന്ധി ഘാതകരെ ആരാധിക്കുന്ന RSS, കാശ്മീര്‍ ഭീകരരെ ആരാധിക്കാന്‍ വെമ്പല്‍ കൊള്ളുന്ന NDF, മാവോ പറയുന്നതു അനുസരിക്കുകയും ചൈനയ്ക്കു അടിമ പണി ചെയുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്ട്ടി. കോണ്‍ഗ്രസിനും ലീഗിനും പൈസ മാത്രം മതി, പെണ്ണും കൂടി ഉണ്ടെങ്കില്‍ അവര്‍ പിന്നെ നാട്ടില്‍ നടക്കുന്ന ഒരു പരിപാടിയിലും ഇട പെടില്ല.

സങ്ങതികള്‍ അങ്ങിനെ ഒക്കെ ആണെന്നിരിക്കെ, കേരളത്തില്‍ ഭീകരവാദികള്‍ അരങ്ങു തകര്‍ക്കുന്നതില്‍ എന്താണ് അത്ഭുതം?

ചിന്തകന്‍ said...

ഇന്ത്യയിലെ വർഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയ സംഘടനയായ ആർ എസ് എസ് മുസ്ലിം, കമ്യൂണിസ്റ്റ് കൃസ്തീ‍യ ഉന്മൂലത്തിനുള്ള കാ‍രണങ്ങളന്വേഷിച്ച് നടക്കുകയാണ്.

ഗുജറാത്തിലും ഒറീസ്സയിലും അവർ തന്നെ വംശഹത്യക്ക് കാരണങ്ങളുണ്ടാക്കി, ന്യൂട്ടന്റെ സിദ്ധാന്തത്തിൽന്റെ ബലത്തിൽ അവർ വിജയിച്ചിരിക്കുന്നു.

ആർ എസ് എസിനെ പ്രതിരോധിക്കാൻ എന്ന പേരിൽ എൻ.ഡി. എഫ് എന്ന തീവ്രവാദി സംഘടന യഥാർത്ഥത്തിൽ ചെയ്യുന്നത് ആർ എസ് എസിന് ന്യായീകരണങ്ങൾ ഉണ്ടാക്കി കൊടുക്കുക മാത്രമാണ്.
ആർ എസ് എസി ന്ന് പണികൂടുതൽ എളുപ്പം!

നല്ലവരും മത നിരപേക്ഷതയിൽ വിശ്വസിക്കുന്നവരുമായ ഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരന്മാരെ ആർ എസ് എസിന്റെ ആലയിൽ എത്തിച്ചു കൊടുക്കുക എന്ന പണിയാണ് എൻ.ഡി.എഫ് ചെയ്യുന്നത്.

ഹിന്ദു മുസ് ലീം എന്ന് കാണാതെ മനുഷ്യൻ എന്ന നിലയിൽ കണ്ടാൽ ഇത്തരം ഒരു പ്രതിരോധത്തിന്റെ ആവശ്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
ഒരു ഭീകരതയെ മറ്റൊരു ഭീകരത കൊണ്ട് തടുക്കാ‍മെന്ന് കരുതുന്ന വിഡ്ഡിത്തം, ഇത്തരം തോന്നൽ കൊണ്ടാണ്. ഹിന്ദുവും മുസ്ലീമും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്ന് മനസ്സിലാക്കുക.

ഹിന്ദു സഹോദരൻ മാരിലേക്ക് കൂടുതൽ സ്നേഹത്തിന്റെ പാലം തീർത്തുകൊണ്ടുള്ള ഒരു പ്രതിരോധത്തിലേക്ക് എൻ.ഡി. എഫ് മാറിച്ചിന്തിക്കേണ്ട കാ‍ലം അതിക്രമിച്ചിരിക്കുന്നു.