Tuesday, November 11, 2008

കൊണ്ടുപോയി കൊല്ലിക്കുന്നവര്‍


പി എം മനോജ്

ഇന്ത്യയിലാകെയെന്നപോലെ, കേരളത്തിലും വര്‍ഗീയതയുടെയും തീവ്രവാദ പ്രവര്‍ത്തനത്തിന്റെയും ഭീഷണി നിലനില്‍ക്കുന്നു. സമൂഹത്തില്‍ വര്‍ഗീയചേരിതിരിവ് വളര്‍ത്താനുള്ള ശക്തമായ ശ്രമങ്ങള്‍ വിവിധ ഭാഗത്തുനിന്നുണ്ടാകുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ രാഷ്ട്രീയമായി ദുരുപയോഗിക്കാനുള്ള നീക്കവും നടക്കുന്നു.
ജനങ്ങളെ വര്‍ഗീയമായി ചിന്തിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനും തീപ്പൊരികള്‍ ആളിക്കത്താതിരിക്കാനും മുന്‍കൈയെടുക്കേണ്ടവര്‍പോലും രാഷ്ട്രീയ അജന്‍ഡയുമായി ചാടി വീഴുകയാണ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലെത്തി, സിപിഐ എമ്മിനെതിരെ ശകാരവര്‍ഷം ചൊരിഞ്ഞിരിക്കുന്നു. (മാതൃഭൂമി ലേഖനം-വലിയ മനസ്സുകളും ചെറിയ മനസ്സുകളും-നവംബര്‍ 4,2008).
അദ്ദേഹത്തിന്റെ ആരോപണം ഇപ്രകാരമാണ്: 1. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ജനാധിപത്യ, ധാര്‍മിക മര്യാദകളും മറന്ന് ഇടതുമുന്നണി ഉണ്ടാക്കിയ കൂട്ടുകെട്ടുകളാണ് കേരളത്തെ ഇപ്പോള്‍ ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്.
2. പൊലീസിന്റെ കൈകള്‍ ഇപ്പോള്‍ കെട്ടപ്പെട്ടിരിക്കുന്നു. ഇടതു സര്‍ക്കാരും ആഭ്യന്തരവകുപ്പും ഇത്തരം ശക്തികളുടെ തടവറയിലാണ്്.
ഒടുവില്‍ ഉമ്മന്‍ചാണ്ടി ചോദിക്കുന്നത്, "അധികാരത്തേക്കാള്‍ വലുത് രാജ്യമാണെന്ന് ഇടതുപക്ഷ സുഹൃത്തുക്കള്‍ എന്നാണ് തിരിച്ചറിയുക?'' എന്നാണ്. ഏറ്റവും മിതമായ വാക്കുകളില്‍, ഈ സമീപനത്തെ കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമം എന്നാണ് വിശേഷിപ്പിക്കാനാവുക.
കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട തീവ്രാദികള്‍ കശ്മീരില്‍ ചെന്ന് പട്ടാളക്കാരോട് ഏറ്റുമുട്ടി മരിച്ചപ്പോള്‍, അവരെ റിക്രൂട്ട് ചെയ്തവരോടോ ഭീകര പരിശീലനം നല്‍കിയവരോടോ ഉമ്മന്‍ചാണ്ടിക്ക് രോഷമില്ല. എന്‍ഡിഎഫ് എന്ന പേരുപോലും ഉച്ചരിക്കാന്‍ ധൈര്യമില്ല.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ക്കശ നിലപാടെടുത്ത സംസ്ഥാന ഗവമെന്റിനോടും പൊലീസിനോടും സര്‍ക്കാരിനെ നയിക്കുന്ന സിപിഐ എമ്മിനോടുമാണ് രോഷം! എന്‍ഡിഎഫ് എന്ന സംഘടനയ്ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി നേരിട്ടു ബന്ധമുള്ളതിന്റെ തെളിവ് കേരള പൊലീസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
നാലു ചെറുപ്പക്കാരെ തീവ്രവാദികളാക്കി കൊണ്ടുപോയി കൊല്ലിച്ച കേസില്‍ എന്‍ഡിഎഫിന്റെ പ്രധാന പ്രവര്‍ത്തകന്‍ അറസ്റിലായിട്ടുണ്ട്; പല നേതാക്കളെയും സംശയിക്കുന്നുമുണ്ട്. പക്ഷേ, തന്റെ സുദീര്‍ഘമായ ലേഖനത്തില്‍ എന്‍ഡിഎഫ് എന്ന സംഘടനയുടെ പേര് ഒരിക്കല്‍പോലും ഉമ്മന്‍ചാണ്ടി മിണ്ടുന്നില്ല! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികളുടെ വോട്ടുവാങ്ങി ജയിച്ചെന്നും അതിന്റെ നന്ദികാണിക്കാന്‍ തീവ്രവാദികളോട് സന്ധിചെയ്യുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുന്ന ഉമ്മന്‍ചാണ്ടി, അങ്ങനെയെങ്കില്‍ എന്തിന് തീവ്രവാദ സംഘടനകളിലെ പ്രധാനിയായ എന്‍ഡിഎഫിന് കൊടിയ സിപിഐ എം വിരോധം എന്നുകൂടി വിശദീകരിക്കേണ്ടിവരും.
ആര്‍എസ്എസ് അടക്കമുള്ള ന്യൂനപക്ഷശത്രുക്കള്‍ സിപിഐ എമ്മിനെതിരെ വാളും ബോംബും നാക്കുംകൊണ്ട് എന്തിന് യുദ്ധംചെയ്യുന്നെന്നും പറയേണ്ടിവരും. പൊലീസിന്റെ കൈകള്‍ കെട്ടിയെന്നും രാഷ്ട്രീയ വല്‍ക്കരിച്ചെന്നും ആരോപിക്കുമ്പോള്‍, പൊലീസ് തീവ്രവാദശക്തികള്‍ക്കെതിരെ എടുത്ത കര്‍ക്കശനടപടിയും മുഖംനോക്കാതെയുള്ള അന്വേഷണവും അറസ്റുകളുമൊന്നും കണ്ടില്ലെന്നു നടിക്കേണ്ടിയുംവരും ഉമ്മന്‍ചാണ്ടിക്ക്.
അധികാരത്തേക്കാള്‍ വലുത് രാജ്യമാണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്ക് ഏതുതെരഞ്ഞെടുപ്പിലും ജാതി-മത വര്‍ഗീയതകളെ കൂട്ടുപിടിക്കേണ്ടിവരുന്നത്. 2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ സകലവിധ ജാതി-മത-വര്‍ഗീയ-സങ്കുചിത ശക്തികളുടെയും സഹായത്തോടെയാണ് യുഡിഎഫ് ജയിച്ചതും ആദ്യം എ കെ ആന്റണിയും അദ്ദേഹത്തെ പുകച്ചുപുറത്തുചാടിച്ച് ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായത്.
ഹിന്ദു-മുസ്ളിം വര്‍ഗീയവാദികളുടെ തുറന്ന പിന്തുണ തെരഞ്ഞെടുപ്പുരംഗത്ത് ലഭിച്ചതിന്റെ പ്രത്യുപകാരമായി നിയമംലംഘിച്ച് എന്തുംചെയ്യാനുളള അവകാശം വര്‍ഗീയശക്തികള്‍ക്കു നല്‍കിയത് ആ യുഡിഎഫ് ഭരണമാണ്. യുഡിഎഫ് അധികാരത്തിലിരുന്ന അഞ്ചുകൊല്ലത്തില്‍ കേരളത്തിലുണ്ടായ വര്‍ഗീയസംഘട്ടനം- 121. അവയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം- 18. പരിക്കേറ്റവര്‍- 250. ആക്രമിക്കപ്പെട്ട ദേവാലയങ്ങള്‍- 22. ഇത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിതന്നെ നിയമസഭയില്‍ വച്ച കണക്കാണ്.
2001ല്‍ യുഡിഎഫ് ഭരണമേറ്റതുമുതല്‍ 2006 ജനുവരി 15 വരെനടന്ന ആര്‍എസ്എസ് ആക്രമണങ്ങളുടെ എണ്ണം 306 ആണ്. ഇതില്‍ കൊല്ലപ്പെട്ടത് അഞ്ചു സിപിഐ എം പ്രവര്‍ത്തകരും ഒരു മുസ്ളിംലീഗ് പ്രവര്‍ത്തകനുമാണ്. വര്‍ഗീയശക്തികളുടെ പ്രധാനപ്പെട്ട ആക്രമണ ലക്ഷ്യം സിപിഐ എം ആണെന്നു തെളിയുന്ന കണക്കാണ് ഇത്.
ഒരുഭാഗത്ത് ആര്‍എസ്എസിന്റെ വോട്ട് വിലകൊടുത്തും അല്ലാതെയും വാങ്ങുന്നു; മറുവശത്ത് ന്യൂനപക്ഷവര്‍ഗീയത കുത്തിയിളക്കി ആ വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴിക്കാനുള്ള ശ്രമത്തില്‍ മുഴുകുന്നു- ഇതാണ് എക്കാലത്തെയും യുഡിഎഫ് നയം. കേരളത്തെ ഞെട്ടിച്ചതായിരുന്നു മാറാട്ടെ വര്‍ഗീയ അസ്വാസ്ഥ്യം. ആ പ്രദേശത്ത്, കൂട്ടക്കൊലയുടെയും മൃഗീയമായ ആക്രമണങ്ങളുടെയും രൂക്ഷഗന്ധം മാറുന്നതിനുമുമ്പ് ആര്‍എസ്എസുമായി തെരഞ്ഞെടുപ്പുസഖ്യമുണ്ടാക്കിയ പാര്‍ടിയാണ് ഉമ്മന്‍ചാണ്ടിയുടേത്.
മാറാട് ഉള്‍ക്കൊള്ളുന്ന ബേപ്പൂര്‍ പഞ്ചായത്തില്‍ ആര്‍എസ്എസ്- യുഡിഎഫ് പരസ്യ സഖ്യമായിരുന്നു. എന്നാല്‍, മാറാട് ഉള്‍ക്കൊള്ളുന്ന വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും തൊട്ടടുത്ത വാര്‍ഡില്‍ യുഡിഎഫ് സഹായിച്ച ബിജെപി സ്ഥാനാര്‍ഥിയും പരാജയപ്പെട്ടു.
എല്ലാ ദുരിതങ്ങളും അനുഭവിച്ച ജനങ്ങള്‍ അവിടെ എല്‍ഡിഎഫിനെയാണ് വിജയിപ്പിച്ചത്. എല്ലാ വര്‍ഗീയതകളെയും പ്രീണിപ്പിച്ച ഭരണമെന്ന് സംശയരഹിതമായി പറയാവുന്നത് 2001ലെ യുഡിഎഫ് മന്ത്രിസഭയെ ചൂണ്ടിയായിരുന്നു.
ത്രിശൂല വിതരണം അനുവദിച്ചും പ്രവീ തൊഗാഡിയക്ക് പരവതാനി വിരിച്ചും വൈദികനെ കൊന്നെന്ന് പൊലീസ് തെളിയിച്ച ആര്‍എസ്എസുകാരെ സംരക്ഷിച്ചും സംഘപരിവാറിനെ പ്രീണിപ്പിച്ചും വിവിധ കേസുകളില്‍നിന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ഒഴിവാക്കിയും മാറാട് കലാപത്തില്‍ എന്‍ഡിഎഫിനുള്ള പങ്കാളിത്തം മറച്ചുവച്ചും എല്ലാ ജാതിമത വര്‍ഗീയ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീതംവച്ചും ഇതര വര്‍ഗീയവാദികള്‍ക്കും സംരക്ഷണം നല്‍കി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സി കെ പത്മനാഭന് 4.84 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചതെന്നും അതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് 29.84 ശതമാനം വോട്ടു ലഭിച്ചിരുന്നെന്നും ബിജെപിയില്‍നിന്ന് ചോര്‍ന്ന വോട്ട് കോഗ്രസ് വിലയ്ക്കുവാങ്ങിയതാണെന്നും ഉമ്മന്‍ചാണ്ടി മറന്നാലും കേരളീയര്‍ക്ക് മറക്കാനാകില്ല.
അത്തരമൊരവസ്ഥയെ മതനിരപേക്ഷ മുദ്രാവാക്യങ്ങളുയര്‍ത്തി ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതും വന്‍ വിജയം നേടിയതും. കാശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കൈയില്‍നിന്ന് കിട്ടിയത് വ്യാജമായി നിര്‍മിച്ച കേരള വിലാസമുള്ള ഒരു ഐഡന്ററ്റികാര്‍ഡുമാത്രമാണ്. ആ തുമ്പില്‍നിന്ന് അന്വേഷണം തുടങ്ങിയ കേരള പൊലീസാണ് മരിച്ച നാലു മലാളികളെയും അവരുടെ ബന്ധങ്ങളും അന്വേഷിച്ച് കണ്ടെത്തിയത്. അത് ഉമ്മന്‍ചാണ്ടിക്കറിയില്ലെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അറിയാതിരിക്കാന്‍ തരമില്ല. അതുകൊണ്ടാകുമല്ലോ, സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തെ ഏറ്റവും സുരക്ഷിതത്വമുള്ള സംസ്ഥാനമായി പാട്ടീല്‍ വാഴ്ത്തിയത്.
കളമശേരിയില്‍ ബസ് കത്തിച്ചത് 2005 സെപത്ംബര്‍ ഒമ്പതിനാണ്. കോഴിക്കോട് ഗ്രീന്‍വാലി ഫൌണ്ടേഷനില്‍ സ്ഫോടനമുണ്ടായതും മാറാട് കലാപങ്ങളുണ്ടായതും യുഡിഎഫ് ഭരിക്കുമ്പോഴാണ്. ഇന്ന് എന്‍ഡിഎഫിന്റെ പേരുപോലും പറയാന്‍ മടിച്ചുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി അന്ന് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്ന് അനുമാനിക്കാന്‍ വലിയ ബുദ്ധിശക്തിയും ഭാവനാവിലാസവുമൊന്നും വേണ്ടതില്ല. കളമശേരിയില്‍ ബസ് കത്തിച്ച പ്രതികളിലൊരാളാണ് ഇപ്പോഴത്തെ തീവ്രവാദിയെന്നത് യാദൃച്ഛികമാണോ?
ഉമ്മന്‍ ചാണ്ടി വളര്‍ത്തിയ വിഷച്ചെടികളേ ഇപ്പോള്‍ കേരളത്തിലുള്ളൂ. അവ പിഴുതുകളയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കുതന്നെയാണല്ലോ രോഷമുണ്ടാകേണ്ടത്. ഒരുഭാഗത്ത് ആര്‍എസ്എസും മറുഭാഗത്ത് എന്‍ഡിഎഫുമായാണ് ഉമ്മന്‍ചാണ്ടി ഇന്നും നില്‍ക്കുന്നത്. മതമില്ലാത്ത ജീവന്‍ എന്ന പാഠത്തിനെതിരെ മതവികാരമിളക്കി കലാപത്തിന് ശ്രമിച്ചതും ഒരധ്യാപകനെ തല്ലിക്കൊന്നതും യുഡിഎഫുകാര്‍തന്നെയാണ്. കേരളത്തില്‍ ഇന്ന് വര്‍ഗീയശക്തികള്‍ തഴച്ചുവളര്‍ന്നിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണം കോഗ്രസ് എക്കാലത്തും സമീപിച്ച വര്‍ഗീയപ്രീണന നയമാണെന്നു കാണാന്‍ ആരും പ്രയാസപ്പെടില്ല.
ഈ വസ്തുതകളെല്ലാം നിലനില്‍ക്കുമ്പോഴും ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളുടെ പേരില്‍ കോഗ്രസിന്റെമേല്‍ കുതിരകയറാന്‍ ഒരൊറ്റ ഇടതുപക്ഷ നേതാവും പോയിട്ടില്ല. മറിച്ച്, തീവ്രവാദവും വര്‍ഗീയവികാരവും ജനമനസ്സില്‍ കുത്തിവയ്ക്കുന്ന ശക്തികള്‍ക്കെതിരായ ഉശിരന്‍ നിലപാടാണെടുത്തത്. രാജ്യത്ത് വര്‍ഗീയ ആക്രമണങ്ങളില്‍ ഇപ്പോഴുണ്ടായിട്ടുള്ള വേലിയേറ്റം വരാനിരിക്കുന്ന നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ വര്‍ഗീയമായി ചേരിതിരിക്കുന്നതിനുള്ള സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രമാണെന്ന ശരിയായ കാഴ്ചപ്പാടുവച്ച് പ്രശ്നങ്ങളെ സമീപിച്ചാലേ ഇന്ന് കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള തീവ്രവാദ റിക്രൂട്ട്മെന്റുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശരിയായി വിലയിരുത്താനാകൂ.
ഭീകരവാദം ഏതെങ്കിലുമൊരു മതത്തിനുമേല്‍ ചുമത്തുക എന്ന തെറ്റായ സമീപനമല്ല സിപിഐ എമ്മിന്റേത്. 2004 മുതല്‍ ഇതുവരെ ഇന്ത്യയില്‍ 25 വമ്പന്‍ ഭീകരാക്രമണമുണ്ടായിട്ടുണ്ട്. 717 പേരാണ് അതില്‍ കൊല്ലപ്പെട്ടത്. ഭീകരവാദവും വര്‍ഗീയതയും അന്യോന്യം ശക്തിപ്പെടുത്തുന്ന ഒരേ നാണയത്തിന്റെ രണ്ടു വശമാണ്. ഭീകരവാദ ശൃംഖലകളെ തിരിച്ചറിയുകയും തകര്‍ക്കുകയും ഗുരുതരകുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ രാജ്യത്തെ നിയമാനുസരണം ഗൌരവമായ ശിക്ഷാവിധിക്ക് വിധേയരാക്കുകയും വേണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടിട്ടുള്ളത്.
അതുകൊണ്ടുതന്നെയാണ്, എന്‍ഡിഎഫിനെയും അതുപോലുള്ള വര്‍ഗീയ-പ്രതിലോമ ശക്തികളെയും ഫാസിസ്റ് സ്വഭാവമുള്ള സംഘപരിവാറിനെയും സിപിഐ എമ്മിന് നെഞ്ചുവിരിച്ച് എതിര്‍ക്കാനാകുന്നത്്. കോഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മുസ്ളിംയുവാക്കളെ കുറ്റവാളികളായി ചിത്രീകരിച്ച് അവരെയും അവരുടെ കുടുംബാംഗങ്ങളെയും പൊലീസ് പീഡിപ്പിക്കുന്നതിന്റെയും നിരപരാധികളെ പൊലീസ് കസ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെയും നിരവധി വാര്‍ത്ത വരുന്നു. മഹാരാഷ്ട്രയിലും ഹൈദരാബാദിലും ഡല്‍ഹിയിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.
കേരളത്തില്‍ അങ്ങനെ ആരും പരാതിപ്പെട്ടതായി കേട്ടിട്ടില്ല. സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദിവിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നതിനും ചെറുത്തുതോല്‍പ്പിക്കുന്നതിനും കൂട്ടായ പരിശ്രമം മുസ്ളിം സമുദായത്തിനകത്തുതന്നെ ശക്തമായി ഉയരുന്നുണ്ട്. അതിന്റെ ബഹിര്‍സ്ഫുരണമായാണ്, കശ്മീരില്‍ കൊല്ലപ്പെട്ട മകന്‍ ചെയ്തത് രാജ്യദ്രോഹമാണെന്നും അതുകൊണ്ടുതന്നെ അവന്റെ മൃതദേഹം തനിക്കുകാണേണ്ടെന്നും പെറ്റുമ്മ പറഞ്ഞതിനെ വിലയിരുത്തേണ്ടത്.
മക്കളെ കൊണ്ടുപോയി കൊല്ലിക്കുന്നവര്‍ക്കെതിരെ കൊടിയ വെറുപ്പാണ് എല്ലാ ഉമ്മമാര്‍ക്കും. ഭീകരാക്രമണങ്ങളുടെ പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ്- ബിജെപി- വിഎച്ച്പി- ബജ്രംഗ്ദള്‍ സഖ്യം നടത്തുന്ന ശ്രമങ്ങളെയും ജനങ്ങള്‍ വെറുക്കുന്നു. ജനങ്ങളുടെ ആ വികാരം ഏകോപിപ്പിച്ച് സുശക്തമായ മതനിരപേക്ഷ മുന്നേറ്റം സൃഷ്ടിക്കുന്നതിനുപകരം, എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ കയറ്റി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വോട്ടുസമാഹരിക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് ഉമ്മന്‍ചാണ്ടിയുടേത്.
അധികാരത്തേക്കാള്‍ വലുത് മറ്റൊന്നുമില്ലെന്നുള്ള ഈ സമീപനമാണ് ആപത്തിനെ കൂടുതല്‍ തീവ്രമാക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സീനിയര്‍ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ചെയ്യാവുന്നത്, വര്‍ഗീയ-ഭീകരവാദ ശക്തികള്‍ക്കെതിരെ കര്‍ക്കശനിലപാടെടുക്കാന്‍ കേന്ദ്ര കോഗ്രസ് നേതൃത്വത്തെയും യുപിഎ ഭരണത്തെയും ഉപദേശിക്കലാണ്.
ഡല്‍ഹി പൊട്ടിച്ചിതറുമ്പോള്‍ കുപ്പായം മാറ്റിക്കളിച്ച ശിവരാജ് പാട്ടീല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതാവുതന്നെയാണല്ലോ. അവിടത്തെ 'ചെറിയ മനസ്സു'കളെ ഒന്ന് ഊതിവീര്‍പ്പിക്കാന്‍ ശ്രമിക്കുക. ഇവിടെ പൊലീസിനെ തൊഴില്‍ചെയ്യാനും സര്‍ക്കാരിനെ ഭരിക്കാനും അനുവദിക്കുക. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് വര്‍ഗീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 121 പേരെക്കുറിച്ച് ഓര്‍ത്തുനോക്കിയാല്‍, ആരാണ് അധികാരത്തിനുവേണ്ടി വര്‍ഗീയത കത്തിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിക്ക് ബോധ്യമാകും.
അധികാരമല്ല, രാജ്യത്തിന്റെ മതനിരപേക്ഷതയാണ് വലുത് എന്ന ഉറച്ച ബോധ്യത്താലാണ് 'ഇടതുപക്ഷ സുഹൃത്തുക്കള്‍' യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയതെന്നും അധികാരത്തേക്കാള്‍ വലുത് രാജ്യമാണെന്നുള്ളതുകൊണ്ടാണ് രാജ്യത്തെ അടിയറവയ്ക്കാന്‍ തുനിഞ്ഞ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതെന്നും ആരും ആവര്‍ത്തിക്കാതെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
ജീവന്‍കൊടുത്തും മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തവരെ നോക്കി 'നിങ്ങളാണ് കുഴപ്പക്കാര്‍' എന്നു വിളിച്ചു പറയുന്ന ഉമ്മന്‍ചാണ്ടിസത്തിന് സമാനതകള്‍ എവിടെയും കാണാനാകുന്നില്ല- ബിജെപിക്കാര്‍ മതനിരപേക്ഷത പ്രസംഗിക്കുന്നതുപോലെ സരളംതന്നെ ഇതും.

2 comments:

പക്ഷപാതി :: The Defendant said...

തരാതരം പോലെ ജാതി, മതവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതില്‍ സി.പി.എം. ഉം പുറകിലൊന്നുമല്ല. പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ജാതിയും മതവും പരിഗണിച്ചുതന്നെയാണ് പാര്‍ട്ടി തീരുമാനിക്കാറ്.

സംഘപരിവാരുകാരെ മാത്രമല്ല, മുസ്ലീം തീവ്രവാദികളേയും എതിര്‍ക്കേണ്ടതാണ്. മുസ്ലീം തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ സംഘപരിവാറുകാരെ എതിര്‍ക്കുന്ന അത്രക്ക് തീവ്രത കാണുന്നില്ല എന്ന് നേരെ ചിന്തിക്കുന്നവര്‍ പറഞ്ഞാല്‍ നെഞ്ചില്‍ കൈ വെച്ച് എതിര്‍ക്കാന്‍ പറ്റുമോ പാര്‍ട്ടിക്ക്?

പരിവാറുകാരില്‍ നിന്ന് മുസ്ലീംങ്ങളെ സംരക്ഷിക്കുമെന്ന് പരയുന്ന അതേ ആര്‍ജ്ജവത്തോടെ മുസ്ലീം തീവ്രവാദത്തില്‍ നിന്ന് ഹിന്ദുക്കളേയും സംരക്ഷിക്കും പറയാന്‍ കഴിയണം. ഒന്നോര്‍ക്കുക, ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെങ്കിലും പരിവാറുകാരെ അനുകൂലിക്കുന്ന ഹിന്ദുക്കള്‍ കുറവാണെന്ന് മാത്രമല്ല, ആക്രമിക്കപ്പെടുന്ന മുസ്ലീംങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരും അവരാണ്.

ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എം. ന് ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാതെ എത്രത്തോളം അത് ചെയ്യുന്നുണ്ട് എന്നാലോചിക്കുക. സ്വന്തം മുഖത്തെ ചെളി തുടച്ചുകളയാതെ ചെളിയിരിക്കുന്നു എന്ന് കളിയാക്കുന്നവനെ (അവന്‍ ചിലപ്പോള്‍ ചെളിയില്‍ മുങ്ങിയിരിക്കുന്നവനാവാം) ചീത്ത പറഞ്ഞിട്ട് കാര്യമില്ല.

Joker said...

സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ സംഘപരിവാറിനെ സംബന്ധിച്ചും, കോണ്‍ഗ്രസ്സ് വര്‍ഗ്ഗീയ ബിസിനസ്സ് കങ്കാണിമാരെ സംബന്ധിച്ചും കേരളത്തിനു പുറത്ത് മറ്റ് പല സംസ്ഥാനങ്ങളിലും മറ്റ് പല രാഷ്ട്രീയ കക്ഷികളും ആണ്. അവിടങ്ങളില്‍ എല്ലാം ഓന്തിന് നിറം മാറുന്നത് പോലെയാണ് കോണ്‍ഗ്രസ്സുകാര്‍ ബിജെപിയിലേക്കും ബിജെപി കോണ്‍ഗ്രസ്സും ആയി മാറുന്നത്. തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലാത്തതിനാല്‍ ആവണം ഇങ്ങനെയൊരു എളുപ്പം ഉണ്ടാവുന്നത്.
കേരളത്തിലാകട്ടെ വര്‍ഗ്ഗീയത് ഉപയോഗിച്ച് പഠ്ഹിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു അക്കൌണ്ട് തുറക്കാന്‍ കാവി രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തെ സംബന്ധിച്ചേടത്തോളം സംഘപരിവാര കോങ്ങ്രസ്സിന്റെ പ്രധാന ശത്രു ഇടതു പക്ഷം തന്നെയാണ്. ഇടതു പക്ഷക്കാര്‍ ചൈനാ പ്രേമക്കാര്‍ ആണെന്നും ദേശസ്നേഹികള്‍ അല്ലെന്നും ഉള്ള വിമര്‍ശനം പണ്ടേ ഉണ്ട്. സംഘ പരിവാറാണല്ലോ ഇന്ത്യയില്‍ മൊത്തമായി ദേശസ്നേഹത്തിന് മാര്‍ക്ക് കൊടുക്കുന്നത്. മുസ്ലിം ദേശസ്നേഹം 20% ഇടത് പക്ഷം 30% ക്യസ്ത്യന്‍ 45% സംഘപരിവാര്‍ ശക്തികള്‍ 100 % എന്നിങ്ങനെയാണ് ഈ കണക്ക്. തരം കിട്ടിയാല്‍ പാകിസ്ഥാനു ഇന്ത്യയെ പാകിസ്ഥാന് ഒറ്റികൊടുക്കുന്നവര്‍ മുസ്ലിംഗളും ചൈനക്ക് ഒറ്റി കൊടുക്കുനവര്‍ ഇടത് പക്ഷവുമാണ്. ചുരുക്കത്തില്‍ കേരളത്തിലെ മുസ്ലിം വോട്ടുകളും നിക്ഷപക്ഷരും സമാധാനവാദികളുമായ ഹിന്ദുമത വിശ്വാസികളും, ഇടത് പക്ഷവും സംഘ് പരിവാറുകാരനെ സംബന്ധിച്ഛേടത്തോളം അവന്റെ അക്കൌണ്ട് തുറക്കാനുള്ള മോഹത്തിന് തിരിച്ചടിയാണ്. അപ്പോള്‍ പിന്നെ ഗുജറാത്ത് പോലീസ് വഴി ഇന്റലിജന്‍സ് വിവ്രങ്ങളുടെ ഒഴുക്കാണ് കേരളത്തിലേക്ക് . തീവ്രവാദത്തെ ഒരു മതമായി കാണുകയും വ്യക്തമായ അന്വഷണം നടത്തുകയുമാണ് വേണ്ടത്. കാശ്മീര്‍ തീവ്രവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മതപരമായ ഘടകങ്ങള്‍ക്കപ്പുറം മറ്റ്പലതുമാണ് തീവ്രവദത്തിന്റെ ഹേതു എന്ന് വ്യക്തമായി. ഇത് കേരളത്തിലെ അന്വേഷണത്തിലൂടെ വ്യക്തമായതാണ്. ഇത് ഗുജറാത്തിലാണെങ്കില്‍ എല്ലാം മുസ്ലിംഗളും ഇന്ന് ജയിലഴിക്കുള്ളീലും പരലോകം പൂകുകയും ചെയ്തേനെ.
കേരളത്തിലെ ഇടത് പക്ഷത്തിനെ വര്‍ഗ്ഗ്ഗീയ പ്രീണനം എന്ന് പറണ്‍ജ് പിന്നാലെ കൂടാന്‍ ചാരിത്യമുള്ളവര്‍ ആരാണ് കേരളത്തില്‍ ഉള്ളത് . ബിജെപിയോ ...ഥ്ഫൂ........കോണ്‍ഗ്രസ്സോ ...ഥ്ഫൂ..... കേരളത്തിലെ തീവ്രവാദം ഒരു വലിയ സംഭവമാക്കി ഹിന്ദുവോട്ടുകള്‍ കൈക്കലാക്കാന്‍ മിനക്കെട്ടിറങ്ങുന്ന സംഘപരിവാരം ചെയ്യുന്നത് കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന ജോലിയായിരിക്കും.
സ്വാതന്ത്യ ലബ്ദിക്ക് ശേഷം ഓരോ മിനിറ്റിലും മുസ്ലിം തീവ്രവാദം ഇവിടെ പൊട്റ്റിമുളക്കുകയായിരുന്നെങ്കില്‍ ഇന്ത്യ ഇന്ന് ഈ കാണുന്ന രീതിയില്‍ ആകുമായിരുന്നില്ല. ചഞ്ചലമായ ന്യൂനപക്ഷ മനസ്സുകള്‍ക്ക് വീണ്ടും ആശങ്കകള്‍ സമ്മാനിക്കാന്‍ വീണ്ടും വീണ്ടും ആരോപണങ്ങളും കലാപങളും ആസൂത്രണം ചെയ്യുന്ന സംഘപരിവാറുകാരാ നിങ്ങളുടെ രാജ്യസ്നേഹം ആത്മാര്‍ഥമാണെങ്കില്‍ നിങ്ങള്‍ ഇതൊന്നും ചെയ്യില്ല.

ഒരുമയും ഐക്യവും ആണ് ഒരു രാജ്യത്തിന്റെ വിജയം.എന്നാല്‍ വിഭാഗീയതയും അക്രമവും പ്രോത്സാഹിപ്പിക്കുന്നത് ആരായാലും പ്രോത്സാഹിപ്പിക്കുന്നത് ഏത് മതക്കാരായാലും അത് ഭീകരവാദമാണ്.അതിനെ ചെറുക്കുന്നതില്‍ ഇടത് പക്ഷത്തിന്റെ വിജയിച്ചിട്ടുമുണ്ട്.