Friday, November 12, 2010

സിബിഐയുടെ അട്ടിമറി

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒന്നരവര്‍ഷംമുമ്പ് സമര്‍പ്പിച്ചുകഴിഞ്ഞു. ആ കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ പ്രതിയാക്കാത്തതിനെയാണ് സിബിഐ പ്രത്യേക കോടതി ഏറ്റവും ആദ്യം ചോദ്യംചെയ്തത്. രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ പേരില്‍ സിബിഐ കോണ്‍ഗ്രസ് നേതാവിനെ വഴിവിട്ട് സഹായിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരായി കള്ളക്കേസ് ചമയ്ക്കുകയും ചെയ്തു എന്ന ആരോപണം പൊതുവിലും അന്ന് ഉയര്‍ന്നിരുന്നു. ഗൂഢാലോചന നടന്നു എന്നും അതിന്റെ തുടക്കക്കാരന്‍ കാര്‍ത്തികേയനാണെന്നും എഴുതിവച്ച സിബിഐക്ക് എന്തുകൊണ്ട് പ്രതിചേര്‍ത്തില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പോയി അന്വേഷിച്ചു വരൂ എന്നാണ് കോടതി ഉത്തരവിട്ടത്. 2009 ജൂണ്‍ 23ന് ആ ഉത്തരവുംകൊണ്ട് പോയ സിബിഐ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. കാര്‍ത്തികേയന്റെ പേര് മിണ്ടുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും സിബിഐ തുടരുന്ന ഈ കള്ളക്കളിയെപ്പറ്റിയാണ് സ്വാഭാവികമായും ഇപ്പോള്‍ സംവാദം ഉണ്ടാകേണ്ടത്. നമ്മുടെ അതിസമര്‍ഥരായ മാധ്യമങ്ങള്‍ അതുമാത്രം മിണ്ടുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒച്ച കേട്ടുതുടങ്ങി. യുഡിഎഫ് ഉയര്‍ത്തിയ ലോട്ടറിയടക്കമുള്ള വിഷയങ്ങള്‍കൊണ്ടൊന്നും രാഷ്ട്രീയമായി അവര്‍ക്ക് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇറക്കിയ വര്‍ഗീയകാര്‍ഡ് ജനങ്ങള്‍ക്കിടയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഇതിന്റെ ബാധ്യതയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് ഒരു വിഭാഗത്തിന്റെ ചിന്ത. ലാവ്ലിന്‍ കേസിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചാല്‍മാത്രം ശ്വാസം നേരെ വിടുന്ന ചില കുബുദ്ധികള്‍ വേറെയുമുണ്ട്. പൊടുന്നനെ ലാവ്ലിന്‍ ഉയര്‍ന്നുവരാനുള്ള പശ്ചാത്തലം ഇതൊക്കെത്തന്നെയാണ്. സുപ്രീംകോടതി പരിശോധിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സിബിഐയുടെ വക്കീല്‍ മറ്റൊരുകോടതിയില്‍ നടത്തിയ വാദം പ്രധാന വാര്‍ത്തയായതിനുപിന്നിലും തൊട്ടടുത്ത ദിവസം ചാനലുകളില്‍ ലാവ്ലിന്‍ ആഘോഷം തുടങ്ങിയതിനുപിന്നിലും അത്യധികമായ അത്ഭുതമില്ല എന്നര്‍ഥം.

മനോരമയില്‍ വന്ന വാര്‍ത്തയാണ്: "സിപിഎം സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായിരുന്നുവെന്ന്ìസിബിഐ.'' സിബിഐക്ക് ജനാധിപത്യത്തെ വ്യാഖ്യാനിക്കാനുള്ള ചുമതലയുംകൂടി വന്നുപെട്ടിരിക്കുന്നു. 'മന്ത്രിസഭ തെറ്റുചെയ്തു; ഗവര്‍ണര്‍ അത് തിരുത്തി' എന്നും 'ഗവര്‍ണറുടേതാണ് അന്തിമവും ഭരണഘടനാപരവുമായ തീരുമാന' മെന്നും സിബിഐയുടെ വക്കീല്‍ പ്രത്യേക കോടതിയെ അറിയിച്ചതായാണ് മനോരമയുടെ മുഖ്യവാര്‍ത്ത. മന്ത്രിസഭയുടെ വാദമുഖങ്ങള്‍ 'അതിശക്തനായ പാര്‍ടി സെക്രട്ടറി' പ്രതിയാക്കപ്പെട്ടതിനാലുണ്ടായതാണത്രേ. കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനാധിപത്യപരമായി മന്ത്രിസഭകളെടുക്കുന്ന തീരുമാനങ്ങളെ വികലമായി സിബിഐ വ്യാഖ്യാനിക്കുന്നത് ഇതാദ്യമായല്ല. 'പക്ഷപാതപരം', 'തെറ്റിദ്ധരിപ്പിച്ച് കൈക്കൊണ്ടത്' തുടങ്ങി സൌകര്യപൂര്‍വമുള്ള വ്യാഖ്യാനങ്ങളാണ് കോണ്‍ഗ്രസ് ഇതര മന്ത്രിസഭകളുടെ തീരുമാനങ്ങളോടുള്ള സിബിഐയുടെ പതിവ് ശൈലി.

പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കരാറിന്റെ വിവിധ വശങ്ങള്‍ 97-98 കാലത്ത് മൂന്നുവട്ടം മന്ത്രിസഭ ചര്‍ച്ചചെയ്ത് അംഗീകരിച്ചതാണ്. അന്നത്തെ മുഖ്യമന്ത്രി, വൈദ്യുതിമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവരെല്ലാം പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തതുമാണ്. എന്നിട്ടും സിബിഐ ആരോപിച്ചു, പിണറായി വിജയന്‍ മന്ത്രിസഭയെ 'തെറ്റിദ്ധരിപ്പിച്ചു' എന്ന്. അങ്ങനെയൊരാക്ഷേപം അന്നത്തെ മന്ത്രിസഭാംഗങ്ങള്‍ ഉന്നയിച്ചിട്ടില്ല. തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രിമാര്‍ പറയാതെതന്നെ സിബിഐ അത്തരമൊരു വാദം സങ്കല്‍പ്പിച്ച് സൃഷ്ടിച്ചെടുക്കുകയാണുണ്ടായത്.

മന്ത്രിസഭ എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റിന്റെ തീരുമാനങ്ങളെടുക്കുന്നതിനുള്ള ഏറ്റവും ഉന്നതമായ വേദിയാണ്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തത്തിലധിഷ്ഠിതമായി ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഭരണഘടനയനുസരിച്ച് നയപരമായ തീരുമാനങ്ങള്‍ അന്തിമമായി എടുക്കാന്‍ ഉത്തരവാദപ്പെട്ട മന്ത്രിസഭയെ അവിശ്വസിക്കുന്ന രീതിയാണ് സിബിഐ ഈ കേസിലുടനീളം കൈക്കൊണ്ടത്. അതുതന്നെയാണ് ഇന്നു കാണുന്ന ലാവ്ലിന്‍ കേസിനടിസ്ഥാനം. ആരും പറയാതെ സിബിഐയുടെ ഭാവനയില്‍മാത്രമാണ് 'മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു' എന്ന തിരക്കഥയും അതിനെ അടിസ്ഥാനപ്പെടുത്തിമാത്രം കേസും വന്നത്.

ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പാകെ സിബിഐ കെട്ടിച്ചമച്ച കേസുമായി പ്രോസിക്യൂഷന് അനുമതി തേടി. അനുമതി നല്‍കേണ്ടതില്ലെന്ന് ഗവമെന്റ് തീരുമാനമെടുത്തത്, ഭരണഘടനാപരമായി ചുമതലപ്പെട്ട അഡ്വക്കറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ്. ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ, നിയമപരവും ഭരണഘടനാപരവുമായ എല്ലാ നടപടിക്രമവും പാലിച്ച് എടുത്ത തീരുമാനത്തെയാണ് 'പിഴച്ചുപോയതെ'ന്നും 'പക്ഷപാതപരമെന്നും' സിബിഐ വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസിതര ഗവമെന്റാണ് തീരുമാനമെടുത്തത് എന്നതിനാല്‍ സിബിഐ ഇതല്ലാതെ മറ്റെന്തുപറയാന്‍. ഗവര്‍ണറാകട്ടെ, അടുത്തൂ പറ്റി വക്കീല്‍പണിയെടുക്കുന്ന ഒരു മുന്‍ ജഡ്ജിയെക്കൊണ്ട് ഇഷ്ടത്തിനനുസരിച്ച് കടലാസ് എഴുതി വാങ്ങിയാണ് മന്ത്രിസഭാ തീരുമാനത്തെ മറികടന്നത്. അതും നിയമോപദേശം നല്‍കാന്‍ അര്‍ഹതപ്പെട്ട അറ്റോര്‍ണി ജനറല്‍, സൊളിസിറ്റര്‍ ജനറല്‍ തുടങ്ങിയ പദവികളെയാകെ അവഗണിച്ചുകൊണ്ട്. ഗവര്‍ണറാണ് ജനാധിപത്യ ധ്വംസനം നടത്തിയത്. അതുസംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കേരളത്തിന്റെ മന്ത്രിസഭാ തീരുമാനം അവിഹിത മാര്‍ഗത്തിലൂടെ മറികടന്ന ഗവര്‍ണറുടെ നടപടി ശരിയും മന്ത്രിസഭയുടേത് 'പിഴവും' ആണെന്ന് സിബിഐ വാദിക്കുന്നിടത്താണ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും രാഷ്ട്രീയ ഇടപെടലും. ഭരണഘടനയെ വെല്ലുവിളിക്കലല്ലാതെ മറ്റൊന്നല്ല അത്. എല്ലാ അര്‍ഥത്തിലും ജനാധിപത്യം പരാജയപ്പെടുന്നതും ഇവിടെത്തന്നെയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപന ദിവസമാണ് ഈ കേസ് സിബിഐക്ക് വിടാന്‍ ക്യാബിനറ്റ് നോട്ടുപോലുമില്ലാതെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തിരക്കിട്ട് തീരുമാനിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യംവച്ചുള്ള രാഷ്ട്രീയവേട്ടയാണ് അന്ന് നടന്നത്. അത്തരത്തിലൊന്നിനെ ജനാധിപത്യപരം എന്ന് ന്യായീകരിക്കുകയാണ് സിബിഐയും ചില മാധ്യമങ്ങളും. അതേസമയം 49 ശതമാനം വോട്ടും 100 സീറ്റും നേടി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭ എടുത്ത തീരുമാനം ജനാധിപത്യത്തിനു നിരക്കുന്നതല്ലപോലും. ഇതെന്തു കഥ? 30 ശതമാനത്തില്‍ താഴെ സീറ്റും വോട്ടും നേടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് കേരളത്തിലേക്ക് നോമിനേറ്റ് ചെയ്ത് അയച്ച ഗവര്‍ണര്‍ തൊട്ടാല്‍ ജനാധിപത്യം വിളയുമെന്ന്. തങ്ങളുടെ സൌകര്യത്തിനൊത്ത് വളച്ചൊടിക്കാനുള്ളതാണ് സിബിഐക്കും മനോരമയ്ക്കും ന്യായങ്ങള്‍. ഇതേ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷനേതാവും കൂട്ടരും രാജ്ഭവനില്‍ ചെന്ന് സമ്മര്‍ദം ചെലുത്തിയതും മറന്നുപോകരുത്. രാഷ്ട്രീയ താല്‍പ്പര്യവും കേന്ദ്ര ഭരണാധികാരവും ഉപയോഗിച്ച് പ്രതിപക്ഷം പറയുന്നിടത്ത് ഗവര്‍ണര്‍ ഒപ്പുവച്ചതാണോ ജനാധിപത്യ സംരക്ഷണമെന്ന് സിബിഐ പറയുന്നത്? ക്യാബിനറ്റിന്റെ തീരുമാനത്തിന് പുല്ലുവിലയും തോറ്റ പ്രതിപക്ഷം പറയുന്നത് വേദവാക്യവുമാകുന്നത് എന്തിനോടുള്ള വെല്ലുവിളിയാണ്? കേന്ദ്ര ക്യാബിനറ്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും സോണിയ ഗാന്ധിയെന്ന രാഷ്ട്രീയനേതാവിന്റെ ഇംഗിതത്തിനും താല്‍പ്പര്യത്തിനുംവേണ്ടി 'പക്ഷപാതപരമായി' കൈക്കൊണ്ടതാണെന്നു പറയാന്‍ ഇതേ സിബിഐ തന്റേടം കാണിക്കുമോ?
ഒറ്റക്കാര്യമേ ഓര്‍ക്കേണ്ടതുള്ളൂ. നാം കാശുമുടക്കി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചില മാധ്യമങ്ങളെങ്കിലും എത്രമാത്രം തരംതാണുപോയി എന്നത്. വിടുപണി, ഉപജാപം തുടങ്ങിയ വാക്കുകള്‍ക്ക് നാം മനസ്സിലാക്കുന്നതിനേക്കാള്‍ അധമമായ അര്‍ഥമുണ്ടെന്നു തെളിയുകയാണിവിടെ. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഒരു ഫയലില്‍ പിണറായി വിജയന്‍ എഴുതിയതായി പറയുന്ന വരദാചാരി എന്ന ഉദ്യോഗസ്ഥനെപ്പറ്റിയുള്ള ഒരു അഭിപ്രായം 'ലാവ്ലിന്‍ കേസിലെ തലപരിശോധന'യാക്കി മാറ്റിയ ഉളുപ്പില്ലായ്മ കാട്ടിയവരാണ് ഇവിടത്തെ ഉപജാപകര്‍. ആ കള്ളം കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്ത് അതിന് കള്ളസാക്ഷികളെയുമുണ്ടാക്കിയവരാണ് സിബിഐ. ഇല്ലാത്ത ഫയല്‍ മുക്കിയെന്ന് കേസുണ്ടാക്കിയതും ഫോചോര്‍ത്തല്‍ കഥ മെനഞ്ഞതും ഇതേ കൂട്ടര്‍തന്നെ. എല്ലാം പൊളിഞ്ഞിട്ടും പുതിയ കഥകളെയും കഥാപാത്രങ്ങളെയും എഴുന്നള്ളിക്കാന്‍ അവര്‍ക്ക് ലജ്ജതോന്നുന്നില്ല. ഒരു പൈസയുടെ അഴിമതി പിണറായി വിജയന്‍ നടത്തി എന്ന് സിബിഐ പറഞ്ഞിട്ടില്ല- സംശയം പ്രകടിപ്പിച്ചിട്ടുമില്ല. കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് സിപിഐ എമ്മിന്റെ ബദ്ധശത്രുക്കളായ ബിജെപി നേതൃത്വംപോലും പറഞ്ഞു. പ്രഗത്ഭരായ നിയമ പണ്ഡിതര്‍ പറഞ്ഞു- രാഷ്ട്രീയവൈരം തീര്‍ക്കാന്‍ സൃഷ്ടിച്ച കേസാണിതെന്ന്. കേരളത്തിലെ ജനങ്ങള്‍ ലാവ്ലിന്‍ കേസിനെ കൃത്യമായി മനസ്സിലാക്കിയത് അത്തരം വസ്തുതകളിലൂടെയാണ്. ഇപ്പോള്‍ പുതുതായി കഥമെനയുന്നവര്‍ക്ക് അതിലൂടെ ആത്മനിര്‍വൃതി അടയാമെന്നേയുള്ളൂ. ഏതായാലും പിണറായി വിജയനും സിപിഐ എമ്മും ഇക്കഥകളില്‍ കക്ഷിയല്ല.

ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നതാണ് ഇന്നലത്തെ ഒരു വാര്‍ത്ത. അതിനെതിരെ കേസ് കൊടുക്കുമെന്ന് ഒരു വിരുതന്‍. പിറ്റേന്ന് ചെന്നൈയില്‍നിന്ന് ഒരു 'മുഖ്യസാക്ഷി'യുമായി ചാനലാഫീസുകളില്‍ കയറിയിറക്കം. പൊടുന്നനെ ലാവ്ലിന്‍ 'കത്തുന്നു'. ചെന്നൈക്കാരന്‍ സാക്ഷി പറയുന്നത് നാട്ടുകാര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാകണം, ചാനലിന്റെ പ്രത്യേക ലേഖകന്റെ വക തര്‍ജമയും വിശദീകരണവും.

കഥയില്‍ പുതിയ ചില ചേരുവകളുമായാണ് സാക്ഷിപ്പട്ടികയില്‍ പേരില്ലാത്ത 'മുഖ്യസാക്ഷി'യുടെ വരവ്. അയാള്‍ പറയുന്നു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഒരു കേന്ദ്ര മന്ത്രി ഇടപെട്ടാണെന്ന്. അത് ചാനലുകള്‍ സഹര്‍ഷം ഏറ്റുപാടി. ഈ കേസില്‍ തുടക്കംമുതല്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്നും രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് കേസെന്നുമാണ് സിപിഐ എം തെളിവുകള്‍ നിരത്തി പറഞ്ഞിട്ടുള്ളത്. പുതിയ 'മുഖ്യസാക്ഷി'യെ അവതരിപ്പിച്ച് മാധ്യമങ്ങള്‍ അത് ശരിവയ്ക്കുന്നു- പക്ഷേ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കും മറ്റു ചിലര്‍ക്കും ഇതിലുള്ള അജന്‍ഡയ്ക്കനുസൃതമാണെന്ന പ്രത്യേകത മാത്രം. അപ്പോള്‍ ഈ ലാവ്ലിന്‍ കേസില്‍ ഉണ്ടായതു മുഴുവന്‍ രാഷ്ട്രീയ ഇടപെടലുകളായിരുന്നോ? കേസില്‍ രാ‍ഷ്ട്രീയമായി ഇടപെട്ടവരും ഇടപെടുവിച്ചവരും അന്വേഷണം വഴിതിരിച്ചുവിട്ടവരും വൈകിവന്ന സാക്ഷികളും ജനാധിപത്യത്തെയും ഭരണഘടനയെയും ധ്വംസിച്ചവരും മറുപടി പറയട്ടെ പുതിയ വെളിപാടുകള്‍ക്ക്.

7 comments:

manoj pm said...

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒന്നരവര്‍ഷംമുമ്പ് സമര്‍പ്പിച്ചുകഴിഞ്ഞു. ആ കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ പ്രതിയാക്കാത്തതിനെയാണ് സിബിഐ പ്രത്യേക കോടതി ഏറ്റവും ആദ്യം ചോദ്യംചെയ്തത്. രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ പേരില്‍ സിബിഐ കോണ്‍ഗ്രസ് നേതാവിനെ വഴിവിട്ട് സഹായിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരായി കള്ളക്കേസ് ചമയ്ക്കുകയും ചെയ്തു എന്ന ആരോപണം പൊതുവിലും അന്ന് ഉയര്‍ന്നിരുന്നു. ഗൂഢാലോചന നടന്നു എന്നും അതിന്റെ തുടക്കക്കാരന്‍ കാര്‍ത്തികേയനാണെന്നും എഴുതിവച്ച സിബിഐക്ക് എന്തുകൊണ്ട് പ്രതിചേര്‍ത്തില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പോയി അന്വേഷിച്ചു വരൂ എന്നാണ് കോടതി ഉത്തരവിട്ടത്. 2009 ജൂണ്‍ 23ന് ആ ഉത്തരവുംകൊണ്ട് പോയ സിബിഐ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. കാര്‍ത്തികേയന്റെ പേര് മിണ്ടുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും സിബിഐ തുടരുന്ന ഈ കള്ളക്കളിയെപ്പറ്റിയാണ് സ്വാഭാവികമായും ഇപ്പോള്‍ സംവാദം ഉണ്ടാകേണ്ടത്. നമ്മുടെ അതിസമര്‍ഥരായ മാധ്യമങ്ങള്‍ അതുമാത്രം മിണ്ടുന്നില്ല.

വിജി പിണറായി said...

ലാവലിന്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ ഒരു കേന്ദ്രമന്ത്രിക്ക് പങ്കെന്ന് ‘മഹാത്മാ ദൃക്‌‌സാക്ഷി’.

കൊള്ളാം. ലാവലിന്‍ കേസില്‍ ഇത്രയ്ക്ക് താല്പര്യമുള്ള ആ കേന്ദ്രമന്ത്രി ആര്‍? ലാവലിനുമായി ഇടപാട് ഉറപ്പിച്ചപ്പോഴും അവര്‍ പണിയുടെ സിംഹഭാഗവും നടത്തിയപ്പോഴും സംഭവം നഷ്ടക്കച്ചവടമാണെന്ന് ബോധ്യമായിട്ടും അവര്‍ക്ക് പണം മുഴുവന്‍ കൊടുത്തപ്പോഴും സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ആള്‍ ഇന്ന് കേന്ദ്രമന്ത്രിസഭയിലെ അത്യുന്നതനാണ്. ഇടപാടിന്റെ 'A to Z' അറിയാവുന്ന അദ്ദേഹം പക്ഷേ ഇന്നോളം ആ വിഷയത്തില്‍ മാത്രം ഒന്നും മിണ്ടിയിട്ടില്ല. - തന്റെ ഓഫീസ് (ഫലത്തില്‍ താന്‍ തന്നെ) കേസില് ഇടപെട്ടു എന്ന് സാക്ഷാല്‍ നന്ദകുമാരപ്രഭു അരുളിയപ്പോള്‍ പോലും. (http://vijipinarayi.info/data/MM_SNCL_AKA_NK_050609.jpg വാര്‍ത്ത 05/06/2009-ലെ ‘മനോരമ’യില്‍ നിന്ന്) അന്വേഷണം ശരിയായ വഴിക്കു നീങ്ങിയാല്‍ തന്റെ മന്ത്രിസഭകളില്‍ അംഗങ്ങളായിരുന്ന ചിലര്‍ (കൂട്ടു നിന്ന താനും?) വെട്ടിലാകും എന്ന് അറിയാവുന്ന അദ്ദേഹം...? അതോ അശോക് കുമാറിന്റെ അന്വേഷണം നേരെ ചൊവ്വേ നടന്നാല്‍ ഇപ്പോള്‍ വിജയന്റെ മേലുള്ള കുരുക്ക് തങ്ങളുടെ പാര്‍ട്ടിയിലെ പ്രമുഖരായ മുന്‍ മന്ത്രിമാരുടെ മേല്‍ ചെന്നു വീഴുമെന്ന് തിരിച്ചറിഞ്ഞ സഹമന്ത്രിമാരില്‍ ആരെങ്കിലും...?

ഇടപാടുമായി ബന്ധപ്പെട്ട് ഒരു കൊലപാതകം നടന്നിട്ടുണ്ടെന്നും ‘സാക്ഷി മഹാശയ്’ പറഞ്ഞിട്ടുണ്ട്. ഇടപാടിന് തടസ്സം നിന്ന ഒരാളാണത്രേ കൊല്ലപ്പെട്ടത്. ആ കൊലക്കുറ്റം പതിനാല് കൊല്ലമായി മൂടി വെച്ച് കൊലയാളിയെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിച്ച ഇയാളെ ‘സാക്ഷി’ എന്നോ ‘പ്രതി’ എന്നോ വിളിക്കേണ്ടത്?

വിജി പിണറായി said...

കേസ് മൊത്തം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും വിജയന്‍ ഉള്‍പ്പെടെ പത്തുപന്ത്രണ്ട് പ്രതികളുടെ പങ്ക് കണ്ടെത്തി കേസ് ഫയല്‍ ചെയ്യാനും സി ബി ഐക്ക് വേണ്ടിവന്നത് ഏതാനും മാസങ്ങള്‍ മാത്രം. പക്ഷേ കാര്‍ത്തികേയന്‍ എന്ന ഒറ്റയാളുടെ പങ്ക് ഒന്നരക്കൊല്ലം അന്വേഷിച്ചിട്ടും തീര്‍ന്നില്ലത്രേ...! സി ബി ഐ പോലൊരു അത്യുന്നത അന്വേഷകസംഘത്തിന് ഇത്രയും കാലം അന്വേഷിച്ചിട്ടും തീര്‍ക്കാന്‍ പറ്റാത്തത്ര വലിയ പങ്കോ കാര്‍ത്തികേയന്??

ജനശക്തി said...

വിജീ.....:)

ASOKAN said...

രാഹുലന്‍ന്‍റെ മൊഴി രേഖപെടുത്തിയ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ കോണ്ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ ആവേശത്തോടെ പങ്കെടുത്തു .”വസീര്‍ തോക്കത്ത്” എന്ന അറബി വാക്കിന്‍റെ പരിഭാഷയും മറ്റുമായി എന്തായിരുന്നു കത്തിക്കല്.ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വെറും വാഴക്കനും മറ്റും മാത്രം........


ഇതാണ് മുന്‍പ്‌ ഡോ.ഐസക്ക് ഇതേ വിഷയത്തെ കുറിചെഴുതിയപ്പോള്‍ പറഞ്ഞത്,“നിങ്ങള്‍ ഞങ്ങളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മറ്റു നാല് വിരലുകള്‍ നിങ്ങളുടെ നേരെയാണ് ചൂണ്ടിയിരിക്കുന്നത്‌ എന്ന് മനസിലാക്കണം”

November 12, 20

Unknown said...

as of now, lavlin case is dead for all practical purpose.
but those who tried to malign cpm wont rest.
After the nuke deal, companies are wooing govt for nuke contracts.
lavlin will also be interested in nuke contracts.
cong govts can arm twist lavlin to speak against cpm
some day lavliln will say we paid kickbacks to political leaders. that will be enough for media.
wait for that.
ohterwise lavlin wont get any nuke contracts.

ASOKAN said...

കോണ്ഗ്രസ് നേതാകളെ, പുതിയ വെളിപെടുതലുമായി ബന്ധപെടുത്തി സംശയിക്കാവുന്നതാണ്.

1998 ജനുവരി 19നു വയലാര്‍ രവിയും 1999 ഡിസംബറില്‍ കെ.സി.വേണുഗോപാലും ഈ കരാറിനെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.അതില്‍ തന്നെ,അന്ന് കെ.പി.സി.സി. പ്രസിഡണ്ട്‌ ആയിരുന്ന വയലാര്‍ രവി, ഈ കരാറിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം എന്ന് തന്നെ,ആവശ്യപെട്ടിരുന്നു എന്ന വസ്തുത (പത്രങ്ങള്‍ മേല്പറഞ്ഞ ആരോപണങ്ങള്‍ ഒന്നും അന്ന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല!!!) “വ്യാജസമ്മതിയുടെ നിര്‍മ്മിതി” എന്ന പുതകതിലൂടെ ഡോ.തോമസ്‌ ഐസക് വെളിപെടുതുന്നുണ്ട്.


മാധ്യമങ്ങള്‍ അവഗണിച്ചിരുന്നു എങ്കില്‍ പോലും,1999 വരെ കോണ്ഗ്രസ്സ് ഈ കരാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്.1999 ല്‍ അവസാനിപിച്ച ആരോപണങ്ങള്‍ പിന്നീട് അവര്‍ കാര്യമായി എടുത്തത്‌ 2003 ല്‍ ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇട്ടുകൊണ്ടാണ്.

ഇവിടെ ആരോപണം ഉന്നയിക്കപെടാതിരുന്ന 3 വര്ഷം പ്രത്യേകം ശ്രദ്ധിക്കുക.ഈ 3 വര്ഷം കൊണ്ടാണ് ലാവ്‌ലിന്‍ കരാര്‍ പ്രകാരം ഉള്ള പണികള്‍ പൂര്‍ത്തീകരിക്കുകയും കരാര്‍ തുകകള്‍ പൂര്‍ണമായി കൈപറ്റുകയും ചെയ്തത്.അതോടൊപ്പം,മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനുള്ള കനേഡിയന്‍ ധന സഹായം ഉറപ്പാക്കുന്നതിനുള്ള എം.ഓ.യു.കാലഹരണ പെടുകയും ചെയ്തു.

എന്നുവച്ചാല്‍,കരാര്‍ ഒപ്പിടുന്ന വേളയില്‍ ഇടയ്ക്കിടെ ആരോപണം ഉന്നയിക്കുക,ഒപ്പിട്ടു കഴിഞ്ഞു,കരാറുകാരന്‍ കാശും കൊണ്ട് പോകുംവരെ മിണ്ടാതിരിക്കുക,പിന്നീട് അഴിമതി ഉണ്ടെന്നു കണ്ടു അന്വേഷണത്തിന് ഉത്തരവിടുക,ഇതാണ് അന്ന് കോണ്ഗ്രസ് സ്വീകരിച്ച സമീപനം.


എന്ന് വച്ചാല്‍ ലാവലിന്‍ ന്റെ നില സേഫ് ആയി എന്ന് സ്ഥിതി എത്തിയതിനു ശേഷം ആണ് ഇതിനെ കുറിച്ചുള്ള ആരോപണങ്ങള്‍ തലപര കക്ഷികള്‍ ഏറ്റെടുത്തത്.

എന്തുകൊണ്ട് വയലാര്‍ രവി 1998 ലെ ആരോപണത്തില്‍ ഉറച്ചു നിന്നില്ല? എന്തുകൊണ്ട് ലാവ്‌ലിന്‍ സേഫ് ആകുന്നതുവരെ കോണ്ഗ്രസ്സ് നേതാക്കള്‍ ഈ കാര്യത്തില്‍ മൌനം പാലിച്ചു?

ഒരു കാര്യം ഉറപ്പാണ്,ലാവ്‌ലിന്‍ സേഫ് ആയി ഈ കരാറില്‍ നിന്ന് ഊരിപോകുന്നതിനു മുന്‍പ്‌,പിന്നീട് ഇതിനെകുറിച് പുറത്തുവന്ന കാര്യങ്ങള്‍ എല്ലാം,അന്ന് തന്നെ ഇതേ പ്രാധാന്യത്തോടെ ജനം അറിഞ്ഞിരുന്നെങ്കില്‍, കരാര്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ക്യാന്‍സര്‍ സെന്റര്‍ നു കനേഡിയന്‍ സഹായം ലഭിക്കാത്തത്‌ എന്നൊന്നും പറഞ്ഞ് ആര്‍ക്കും ആരെയും രക്ഷപെടുതാന്‍ പറ്റില്ലായിരുന്നു,ഉറപ്പ്‌ .