Tuesday, November 2, 2010

ഒഞ്ചിയത്ത് സംഭവിച്ചത്കേരളത്തില്‍ യുഡിഎഫ് തരംഗം എന്നും ഇടതുപക്ഷത്തിന്റെ അടിത്തറയിളകി എന്നും ആഘോഷം നടത്തിയവര്‍ ഇനി ഒരു കോഴിക്കോട് വരാനുണ്ടെന്ന് മിണ്ടിയതേയില്ല. കോഴിക്കോട്ടെ ഫലം ഇപ്പോള്‍ പൂര്‍ണമായി വന്നിരിക്കുന്നു. കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തിന്റെ മൂന്നു തട്ടിലും എല്‍ഡിഎഫുതന്നെ. അടിത്തറയൊന്നും എവിടെയും ഇളകിയിട്ടില്ല. ഒഞ്ചിയത്ത് പാര്‍ടി തോറ്റുപോയി; അതുകൊണ്ട് തിരിച്ചടി എന്നാണ് പുതിയ വിശകലനം. ഒഞ്ചിയം വിപ്ളവത്തിന്റെ മണ്ണാണ്. അവിടെ സിപിഐ എം പരാജയപ്പെടുന്നത് കമ്യൂണിസ്റുകാരെ ദുഃഖിപ്പിക്കും. ഇത്തവണ ഗ്രാമപഞ്ചായത്ത് ഫലം വന്നപ്പോള്‍, സിപിഐ എമ്മിന് അവിടെ 18ല്‍ അഞ്ചു സീറ്റേ ഉള്ളൂ. എട്ടിടത്ത് പാര്‍ടി വിട്ടവരും പുറത്താക്കിയവരും ചേര്‍ന്നുണ്ടാക്കിയ റവലൂഷണറി പാര്‍ടിയാണ് ജയിച്ചത്. നാലിടത്ത് യുഡിഎഫ്. ആ പഞ്ചായത്തില്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. റവല്യൂഷണറിക്ക് വിപ്ളവബോധത്തോടെ ഭരിക്കണമെങ്കില്‍ യുഡിഎഫിന്റെ പിന്തുണ വേണം. അതിനവര്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങിയാണ് അവര്‍ എട്ടിടത്ത് ജയിച്ചതും യുഡിഎഫിനെ നാലിടത്ത് ജയിപ്പിച്ചതും.


റവല്യൂഷണറി-യുഡിഎഫ് സഖ്യമാണ് ഒഞ്ചിയത്തെ ഫലം നിര്‍ണയിച്ചത് എന്നു തെളിയിക്കാന്‍ മറ്റെങ്ങും പോകേണ്ടതില്ല. ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു കണക്കിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. 11 വാര്‍ഡില്‍ യുഡിഎഫിന് കിട്ടിയ വോട്ട് പൂജ്യമാണ്- അതില്‍ ഒരിടത്തും യുഡിഎഫിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. ഒരു വാര്‍ഡില്‍ റവല്യൂഷറിക്ക് പൂജ്യം. പഞ്ചായത്തിലെ ആകെ പോള്‍ചെയ്ത വോട്ടിന്റെ 40.95 ശതമാനമാണ് ഇടതുപക്ഷം നേടിയത്. ഒഞ്ചിയം പിടിച്ചടക്കി എന്ന് അവകാശപ്പെടുന്ന റവല്യൂഷണറിക്ക് 38.37 ശതമാനം (അതില്‍ യുഡിഎഫിന്റെ വിഹിതം എത്രയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.) യുഡിഎഫ് യഥാര്‍ഥ വിപ്ളവകാരികളുടെ സഹായത്തോടെ പിടിച്ച വോട്ട് 17.26 ശതമാനം.


ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി മുന്നണി മര്യാദയനുസരിച്ച് രണ്ടുവര്‍ഷത്തേക്ക് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവരാണ് 'റവല്യൂഷണറി' പാര്‍ടി ഉണ്ടാക്കിയത്. അവര്‍ ഏറ്റവുമാദ്യം കൂട്ടുപിടിച്ചത് ജനതാദള്‍ വീരന്‍വിഭാഗത്തെതന്നെ. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തിലാണ് ഈ പുതിയ മുണ്ടന്‍ 'വിപ്ളവ'പ്പാര്‍ടി ഉള്ളത്. ആ നാലിടത്തും യുഡിഎഫുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കി. ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ 11 സീറ്റില്‍ മുണ്ടന്‍ പാര്‍ടിക്ക് യുഡിഎഫിന്റെ പിന്തുണ. നാലു പഞ്ചായത്തില്‍ ചോറോട് എല്‍ഡിഎഫ് വിജയിച്ചു.


ജനതാദള്‍ കപട സോഷ്യലിസ്റുകളെന്നും അതിന്റെ മാടമ്പിത്തത്തിനും അഹന്തയ്ക്കുമെതിരെയാണ് പോരാട്ടമെന്നും പറഞ്ഞവര്‍ അതേ ജനതാദളിന്റെ മടിയിലിരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. രക്തസാക്ഷികളെയും വിപ്ളവമണ്ണിനെയും ഒറ്റിക്കൊടുത്തു. ഒഞ്ചിയത്തെ ധീരസഖാക്കള്‍ ഹൃദയരക്തം കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തെ പഞ്ചായത്തിന്റെ ഭരണമെന്ന 30 വെള്ളിക്കാശിനായി ഒറ്റിക്കൊടുത്ത വഞ്ചകര്‍ക്ക് ഇത് വിജയമല്ല- നാണംകെട്ട കച്ചവടത്തിലെ നാറുന്ന ലാഭംമാത്രം.


പണത്തിന്റെ കുത്തൊഴുക്കുണ്ടായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്തേത്. വോട്ടു വാങ്ങല്‍ ഉറപ്പാക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിക്കപ്പെട്ടു. യഥാര്‍ഥ 'റവല്യൂഷണറി' കച്ചവടം. അത് കമ്മ്യൂണിസ്റ്റുകാരുടേതല്ല, കാശുകൊടുത്ത് വോട്ടുവാങ്ങുന്ന അസ്സല്‍ കോണ്‍ഗ്രസ് രീതിയാണ്-ഒഞ്ചിയത്തുകാര്‍ക്ക് ഒട്ടും പരിചയമില്ലാത്തത്.


ഒഞ്ചിയം കൃത്യമായ ഒരു യാഥാര്‍ഥ്യം മുന്നോട്ടുവയ്ക്കുന്നു. സിപിഐ എമ്മിന് വിപ്ളവം പോരെന്നുപറയുന്നവര്‍ പ്രകടനപരമായി എത്രതന്നെ ആദര്‍ശപരിവേഷമുള്ളവരായാലും കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങുന്നവരാണെന്ന യാഥാര്‍ഥ്യം. ഏതുചെളിക്കുഴിയിലും അത്തരക്കാര്‍ നീന്തിത്തുടിക്കുമെന്ന സത്യം.തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് ഒരു 'വിപ്ളവ പാര്‍ടി' ജനിച്ചിരുന്നു. ആദ്യവട്ടം പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ അവര്‍ വിജയം കണ്ടു. അഞ്ചുകൊല്ലംകൊണ്ട് അസ്തമിച്ചു. ഇക്കുറി ആ പഞ്ചായത്ത് യുഡിഎഫിനാണ്.


ഷൊര്‍ണൂരിലെ ചിത്രം നോക്കൂ: അവിടെ മുനിസിപ്പാലിറ്റിയില്‍ ആകെ സീറ്റ് 36. യഥാര്‍ഥ ഇടതുപക്ഷമെന്ന് അവകാശപ്പെട്ട് സിപിഐ എമ്മിനെതിരെ പടനയിച്ച ഗ്രൂപ്പിന് കിട്ടിയത് ആറു സീറ്റ്. ആ രണ്ടുകൂട്ടരും ചേര്‍ന്നാലും മുനിസിപ്പാലിറ്റി ഭരിക്കാനാകില്ല. കൂട്ടിന് ബിജെപിയുടെ നാലു സീറ്റും വേണം. ഷൊര്‍ണൂരില്‍ സിപിഐ എമ്മിന്റെ തകര്‍ച്ച കാണാന്‍ ഒത്തുകൂടിയവര്‍ക്ക് കൈയും കണക്കുമില്ല. അവിടെ പക്ഷേ, പാര്‍ടി തകര്‍ന്നില്ല. എല്ലാ വിരുദ്ധ ശക്തികളെയും അണിനിരത്തി പാര്‍ടിയെ ഒന്ന് ഇരുത്താന്‍ കഴിഞ്ഞു- അത്രമാത്രം.


ഒഞ്ചിയവും തളിക്കുളവും ഷൊര്‍ണൂരും വരയ്ക്കുന്നത് ഒരേ ചിത്രമാണ്. ഏതു പ്രസ്ഥാനത്തെയും ചെളിവാരിയെറിയാനും താല്‍ക്കാലികമായി അവഹേളിക്കാനും ഒരളവ് ക്ഷീണിപ്പിക്കാനും ഇത്തരം ഗ്രൂപ്പുകള്‍ക്ക് കഴിയും. കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചാകുമ്പോള്‍, വിമതരോ വിഘടിതരോ കുലംകുത്തികളോ പറയുന്നതെന്തും കൊണ്ടാടാന്‍ വലതുപക്ഷം സദാ സന്നദ്ധമാകും. സകല സഹായവും നല്‍കും. മലപ്പുറം ജില്ലയിലാകെ ഒരേരീതിയിലുണ്ടായ തെരഞ്ഞെടുപ്പുഫലത്തെ


'അലി ഇഫക്ട്' ആക്കി മാറ്റുന്നതിന്റെ രസതന്ത്രവും അതുതന്നെ. ഒഞ്ചിയത്ത് തെരഞ്ഞെടുപ്പു ഫലം കാത്ത് വലിയ മാധ്യമപ്പടതന്നെ ഉണ്ടായിരുന്നു. എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് സിപിഐ എമ്മിനു ലഭിച്ച 'വന്‍ തിരിച്ചടി' ആയി അവര്‍ വ്യാഖ്യാനിച്ചു. ഒഞ്ചിയത്തിന്റെ തൊട്ടടുത്ത്, വീരന്‍ ജനതാദളിന്റെ മോസ്കോ എന്നറിയപ്പെടുന്ന വടകരയില്‍, ആ പാര്‍ടിക്കുണ്ടായ ദയനീയ പതനം പക്ഷേ മാധ്യമങ്ങള്‍ക്ക് ആഘോഷവിഷയമായില്ല. ഒഞ്ചിയത്ത്, പരസ്പരം സം'പൂജ്യന്‍'മാരായാണ് മുണ്ടന്‍ 'വിപ്ളവ'കക്ഷിയും യുഡിഎഫും വോട്ടു മറിച്ചത് എന്നതിനെക്കുറിച്ച് പരാമര്‍ശംപോലുമുണ്ടായില്ല.


മങ്കടയിലെ അലി പൊതുയോഗം വിളിച്ച് സിപിഐ എം വിടുന്നതായി പ്രഖ്യാപിച്ചപ്പോള്‍ വേദിയിലിരുന്ന് ആനന്ദാതിരേകത്താല്‍ പൊട്ടിച്ചിരിച്ചവരില്‍ കൂടുതല്‍ മുഴങ്ങിയത് ഒരു മുന്‍ കമ്യൂണിസ്റിന്റെ ചിരിയും കൈയടിയുമായിരുന്നു. 'മുന്‍ കമ്യൂണിസ്റു'കാരനെ കെട്ട മുട്ടയോടാണ് ഉപമിക്കാറുള്ളത്. ഇടതുപക്ഷം വലത്തോട്ടു നീങ്ങുന്നെന്നു വിലപിക്കുന്നവര്‍ വലതുവശത്തെ ചെളിക്കുഴിയില്‍ നീന്തിത്തുടിക്കുന്ന കാഴ്ച കൂടുതല്‍ വ്യക്തമാക്കി എന്നതും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഇടതുപക്ഷത്തിനെതിരായ സംഘടിത പ്രചാരണത്തിന് ഒളിഞ്ഞും തെളിഞ്ഞും ഇന്ധനം പകരുക എന്ന ദൌത്യം 'യഥാര്‍ഥ വിപ്ളവകാരികള്‍' ഭംഗിയായി നിറവേറ്റുന്നു. ഒഞ്ചിയത്തും ഷൊര്‍ണൂരിലുമുള്ള അത്തരക്കാര്‍ക്ക് ഏതു മാധ്യമ സഹായം കിട്ടിയാലും മൂടിവയ്ക്കാനാകാത്തതാണ് അവര്‍ വലതുപക്ഷവുമായുണ്ടാക്കിയ കൂട്ടുകെട്ടും പങ്കുവയ്ക്കലും. രണോത്സുകമായ, ത്യാഗസമ്പന്നമായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ അച്ചാരമാണ് അവര്‍ക്ക് ഇന്ന് യുഡിഎഫ് വച്ചുനീട്ടുന്ന നക്കാപ്പിച്ച പിന്തുണയും സഹായവും. അത്തരം കള്ളനാണയങ്ങളെ തുറന്നുകാട്ടാനും ശുദ്ധമനസ്സുകൊണ്ട്; തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ വലയില്‍പ്പെട്ട സാധാരണ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവരാനുമുള്ള അവസരമായി ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പു ഫലത്തെ മാറ്റാനാകും.4 comments:

manoj pm said...

11 വാര്‍ഡില്‍ യുഡിഎഫിന് കിട്ടിയ വോട്ട് പൂജ്യമാണ്- അതില്‍ ഒരിടത്തും യുഡിഎഫിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. ഒരു വാര്‍ഡില്‍ റവല്യൂഷറിക്ക് പൂജ്യം. പഞ്ചായത്തിലെ ആകെ പോള്‍ചെയ്ത വോട്ടിന്റെ 40.95 ശതമാനമാണ് ഇടതുപക്ഷം നേടിയത്. ഒഞ്ചിയം പിടിച്ചടക്കി എന്ന് അവകാശപ്പെടുന്ന റവല്യൂഷണറിക്ക് 38.37 ശതമാനം (അതില്‍ യുഡിഎഫിന്റെ വിഹിതം എത്രയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.) യുഡിഎഫ് യഥാര്‍ഥ വിപ്ളവകാരികളുടെ സഹായത്തോടെ പിടിച്ച വോട്ട് 17.26 ശതമാനം.

മനോഹര്‍ കെവി said...

Well written Manoj...
Let me write the first comment.

But I find we waste our energy more on the Rebel Marxists... They are not our enemies..Coming days will see, they come back to the parent fold. So pls dont use derogatory remarks about them. Let us attack UDF and allies.

PJ Joseph was more favorite for us than MN Vijayan. Then see, what happened...We have to open our eyes to see the broad LEFT allies...

Anyway, well written blog

CA. Ranjith Jayadevan said...

kerala<Kozhikode

if a party wins in Kozhikode even at a slender majority we can assume that winning party has majority across Kerala!!
WOW!! Brilliant!!!is this the new Left Majority Theory?

expecting more such brain-breaking theories in future (specially after state elections)
--ranjith

പാവത്താൻ said...

“ വോട്ടു വാങ്ങല്‍ ഉറപ്പാക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിക്കപ്പെട്ടു. യഥാര്‍ഥ 'റവല്യൂഷണറി' കച്ചവടം. അത് കമ്മ്യൂണിസ്റ്റുകാരുടേതല്ല, “
കമ്യൂണിസ്റ്റ്കാരുടേത് പ്രിസൈഡിങ് ഓഫീസറെ തല്ലിയും ബൂത്തു പിടിച്ചും കള്ളവോട്ടു ചെയ്തും ഒക്കെ വോട്ടു നേടുന്ന ഒരു രീതിയാണല്ലോ...