Sunday, September 6, 2009

അല്‍പ്പമെങ്കിലും ലജ്ജിക്കാം

ഓരോ വ്യാജവാര്‍ത്തയ്ക്കും മറുപടി പറഞ്ഞുപോയില്ലെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ എത്രത്തോളം വഷളായ സ്ഥിതിയിലെത്തും എന്നു നോക്കുക. ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെതിരെ പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് കുത്തിപ്പൊക്കി ഇത്രത്തോളം ആക്കിയെടുക്കാന്‍ പാടുപെട്ടവര്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല അത്. തങ്ങള്‍ കെട്ടിച്ചമച്ച കേസില്‍, തങ്ങള്‍ ഇച്ഛിക്കുംപടി പിണറായി സിബിഐ കോടതിയില്‍ വിചാരണ നേരിടണം, അതിലേക്കെത്തുന്നതിനായി നടത്തിയ ഉപജാപങ്ങളും വഴിവിട്ട നീക്കങ്ങളും അധികാര ദുര്‍വിനിയോഗവും ചെലവിട്ട ലക്ഷങ്ങളും ചര്‍ച്ചചെയ്യപ്പെടരുത് എന്നാണ് അവരുടെ ഇംഗിതം. നിയമത്തിന്റെ വഴി എന്നാല്‍ വിചാരണ നേരിടല്‍ മാത്രമാണ് എന്നത്രെ അവരുടെ വാശി. സിബിഐയുടെ നിയമവിരുദ്ധ നീക്കങ്ങള്‍ ചോദ്യംചെയ്യുന്നതും മന്ത്രിസഭയെ മറികടന്ന് ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് തെറ്റാണെന്ന് വാദിക്കുന്നതും മഹാപാപമാണെന്നത്രെ അവരുടെ നിയമം. അതുകൊണ്ട്, നിയമം അനുശാസിക്കുന്ന മാര്‍ഗങ്ങള്‍ പിണറായിക്ക് നിഷിദ്ധമാണെന്ന് അവരങ്ങ് സ്വയം പ്രഖ്യാപിച്ചു.

സുപ്രീം കോടതിയില്‍ റിട്ട് നല്‍കിയപ്പോള്‍, അത് പൊതു താല്‍പ്പര്യ ഹര്‍ജി വിഭാഗത്തിലാക്കിയെന്നും അതില്‍ ഗൂഢാലോചനയുണ്ടെന്നും ആദ്യവിവാദം; നിയമ വിദഗ്ധരെ അണിനിരത്തല്‍; ചര്‍ച്ച; കോലാഹലം. കോടതി രജിസ്ട്രിയാണ് അതൊക്കെ തീരുമാനിക്കുന്നതെന്നും ക്രിമിനല്‍ റിട്ടായാണ് പരിഗണിക്കുന്നതെന്നും വ്യക്തമായപ്പോള്‍ ഏതു ബെഞ്ചിലേക്ക് പോകുന്നുവെന്ന് സംശയം. തുടര്‍ന്ന് കേവിയറ്റ്, കക്ഷിചേരല്‍. കേസ് കോടതി പരിഗണിക്കുന്ന ദിവസം മാധ്യമപ്പട സജ്ജരായി. ഫയലില്‍ സ്വീകരിക്കില്ലെന്നാണ് അവര്‍ കരുതിയത്. സ്വീകരിച്ചപ്പോള്‍ നൈരാശ്യം. സിബിഐ കോടതിയിലെ വിചാരണയ്ക്ക് സ്റ്റേ കിട്ടിയില്ലെന്നാണ് മാതൃഭൂമിയുള്‍പ്പെടെ വാര്‍ത്തകൊടുത്തത്. സ്റ്റേ വേണമെന്ന ആവശ്യം അന്ന് കോടതിയില്‍ ഉയര്‍ന്നിരുന്നില്ല. എന്നിട്ടും സ്റ്റേ കിട്ടിയില്ല എന്നാഘോഷിക്കാന്‍ തയ്യാറായ മാധ്യമങ്ങളുടെ മാനസികാവസ്ഥ ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.

പിണറായി കോടതിയില്‍ കൊടുത്ത രേഖകള്‍ എവിടെ നിന്നുകിട്ടി എന്നതായി അടുത്ത വിവാദം. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച നാള്‍മുതല്‍, ആ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഒന്നൊന്നായി പ്രസിദ്ധീകരിക്കുന്നവരാണ് ഈ മാധ്യങ്ങള്‍. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, മനോരമ, ജയ്‌ഹിന്ദ് ചാനലുകളും മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളും അഭിമാനപൂര്‍വം വായനക്കാരോട് പറഞ്ഞത്, രേഖ ഞങ്ങള്‍ക്കു കിട്ടി എന്നാണ്. അങ്ങനെ പത്രക്കാര്‍ക്ക് ചുളുവില്‍ സംഘടിപ്പിക്കാനായ; ഫോട്ടോസ്റ്റാറ്റടക്കം പ്രസിദ്ധീകരിച്ച രേഖ പിണറായി വിജയന്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍മാത്രം 'രഹസ്യ സ്വഭാവ'ത്തിന്റെ പ്രശ്നം വരുന്നതെങ്ങനെ? പത്രങ്ങള്‍ക്ക് കിട്ടിയ രേഖയുടെ കോപ്പി, കേസില്‍ തനിക്കെതിരായ ആരോപണങ്ങളെ നേരിടാന്‍ പിണറായി വിജയന് കിട്ടാന്‍ പാടില്ലെന്ന നിര്‍ബന്ധം ആരുടെ കുബുദ്ധിയില്‍നിന്നുദിച്ചതാണ്?

ഈ കേസിലെ ഒരു കഥാപാത്രം ക്രൈം വാരിക പത്രാധിപരാണല്ലോ. അയാള്‍ക്ക് എവിടെനിന്ന് രേഖകള്‍ കിട്ടി എന്ന് അന്വേഷിക്കേണ്ടതല്ലേ? നന്ദകുമാര്‍ മന്ത്രിയല്ല, രാഷ്ട്രീയനേതാവല്ല, നാലുപേര്‍ കാണ്‍കെ കൊണ്ടുനടക്കാവുന്ന ഒരു വാരികയുടെ പത്രാധിപരുമല്ല. അയാള്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്, കുറെയേറെ രേഖകള്‍ കോടതിയില്‍ കൊടുത്തിട്ടുമുണ്ട്. ഒരു അശ്ളീല വാരികക്കാരന് എങ്ങനെ ഇതെല്ലാം കിട്ടി; സുപ്രീം കോടതിയിലടക്കം കേസുനടത്താനും രാജ്യം ചുറ്റി പത്രസമ്മേളനം വിളിക്കാനും എവിടെനിന്ന് പണം എന്ന് തിരക്കേണ്ടതല്ലേ? അതല്ലേ ഈ കേസിലെ അസ്വാഭാവികത? എന്നിട്ടെന്തേ നമ്മുടെ മാന്യമാധ്യമങ്ങള്‍ മിണ്ടുന്നില്ല?

ഒരു കാര്യംകൂടി. പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ റിട്ട് നല്‍കിയപ്പോള്‍, അതിന് നമ്പരിടുന്നതിനുമുമ്പുതന്നെ കോപ്പി കൈക്കലാക്കിയ മാധ്യമങ്ങള്‍ ഇവിടെയുണ്ട്. അത് ഏതു മാര്‍ഗത്തിലൂടെ എന്ന് അവര്‍ തന്നെ വെളിപ്പെടുത്തട്ടെ. അങ്ങനെ കിട്ടാന്‍ വിവരാവകാശ നിയമത്തില്‍ വല്ല വ്യവസ്ഥയുമുണ്ടോ? അഥവാ അത് ഉപയോഗിച്ചിട്ടുണ്ടോ?

പിണറായി വിജയന്‍ സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയാണ്; പരമോന്നത സമിതിയില്‍ അംഗമാണ്. അദ്ദേഹത്തിനെതിരെ രാഷ്ട്രീയപ്രേരിതമായി കേസ് വന്നപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ സഹായവുമായി സ്വമേധയാ മുന്നോട്ടുവന്നത്, നാടിനുവേണ്ടി പൊരുതിമരിച്ച രക്തസാക്ഷികളുടെ ബന്ധുക്കളും സ്വാതന്ത്ര്യ സമര സേനാനികളും ഇ കെ നായനാരെപ്പോലുള്ള മണ്‍മറഞ്ഞ നേതാക്കളുടെ പ്രിയപ്പെട്ടവരുമാണ്. മുതലാളിത്തരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ടിയാണ് സിപിഐ എം. ആ പാര്‍ടിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആക്രമണത്തിന്റെ ഭാഗമാണ് ലാവ്ലിന്‍ കേസ് എന്ന തിരിച്ചറിവോടെ ജനലക്ഷങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്ന കാഴ്ച കേരളം കണ്ടതാണ്.

കുറെക്കാലം നടത്തിയ ദുഷ്പ്രചാരണങ്ങളും ഉപജാപങ്ങളും തിരിച്ചടിച്ചുതുടങ്ങി എന്ന തിരിച്ചറിവാണ് ലാവ്ലിന്‍ കേസിന്റെ ഏറ്റവുമൊടുവിലത്തെ വിശേഷം. പിണറായി വിജയന്റെ രക്തത്തിന് ദാഹിച്ചവര്‍ക്ക് അത് ലഭിക്കുക അത്ര എളുപ്പമല്ല എന്ന് മനസ്സിലായിരിക്കുന്നു. അവര്‍ പക്ഷേ, നിര്‍ത്തുന്നില്ല.

സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയെന്നാണ് പുതിയ ആരോപണം. പി സി ജോര്‍ജ് തുടങ്ങിവച്ചു. സുപ്രീം കോടതി റിട്ട് ഫയലില്‍ സ്വീകരിച്ച അന്നുതന്നെ മലയാളമനോരമ വെള്ളംകൂട്ടാതെ അതുവിഴുങ്ങി. പിന്നെ മംഗളംപത്രം അത് ഏറ്റെടുത്തു. ഏറ്റവുമൊടുവില്‍ മാതൃഭൂമിയുടെ മുഖ്യവാര്‍ത്ത വന്നു, ലാവലിന്‍ രേഖകള്‍ ചോര്‍ന്നത് മുഖ്യമന്ത്രി അന്വേഷിക്കുന്നു എന്ന്.

ആ വാര്‍ത്തയുടെ ചില ഭാഗങ്ങള്‍ ഇവിടെ:

കൊച്ചി: ലാവലിന്‍ കേസ് സംബന്ധിച്ച മന്ത്രിസഭാ രേഖകള്‍ ചോര്‍ന്നത് ഗൌരവമായി കണക്കിലെടുത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ച് അതിന് അപേക്ഷിക്കുന്നവര്‍ക്ക് നല്‍കാമെങ്കിലും ലാവലിന്‍ രേഖകള്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ പിണറായി വിജയന്‍ അതിനായി ബന്ധപ്പെട്ട പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ നല്‍കിയിട്ടില്ല. ................ ഈ സാഹചര്യത്തില്‍ പിണറായി വിജയനുവേണ്ടി രേഖകള്‍ ആരോ ചോര്‍ത്തിക്കൊടുത്തതാണെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം. വിശദമായ അന്വേഷണത്തിനായി അദ്ദേഹം നടപടികള്‍ സ്വീകരിച്ചുവരുന്നു.........ആഭ്യന്തര വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനാകാം രേഖകള്‍ ചോര്‍ത്തി പിണറായിയുടെ കൈയില്‍ എത്തിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയിക്കുന്നുണ്ട്....

എന്തുതോന്നുന്നു?

2009 ജൂണ്‍ 16ന് പിണറായി വിജയന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ നോക്കാം.

"വിഷയം: എനിക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച്

എസ്എന്‍സി ലാവലിന്‍ കേസില്‍ എനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ബഹുമാനപ്പെട്ട ഗവര്‍ണര്‍ സിബിഐക്ക് അനുമതി നല്‍കിയതായി മനസ്സിലാക്കുന്നു. നിയമ കോടതിയില്‍ ഉചിതമായ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് എനിക്ക് എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് താഴെ പറയുന്ന വിവരങ്ങള്‍ നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.''

ഈ ആമുഖത്തോടെയാണ് കേസ് സംബന്ധിച്ച രേഖകള്‍ക്ക് ആവശ്യപ്പെട്ടത്. പിണറായി വിജയന്റെ കത്തിന് വിജിലന്‍സ് വകുപ്പിന്റെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 387 പേജുള്ള രേഖ സര്‍ക്കാരിലേക്ക് 774 രൂപ അടച്ചാല്‍ വാങ്ങാമെന്ന് മറുപടി നല്‍കി. അങ്ങനെ, വിവരാവകാശ നിയമപ്രകാരം പണമടച്ച് വാങ്ങിയ രേഖകളാണ് പിണറായി വിജയന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗവര്‍ണറുടെ ഓഫീസും അതിന്റെ രേഖകളും വിവരാവകാശ നിയമത്തിന്റെ പരിധിക്കകത്തുതന്നെയാണ്. അവിടെനിന്നുള്ള രേഖകള്‍ നിയമാനുസൃതംതന്നെ കാശടച്ച് വാങ്ങാവുന്നതുമാണ്. അതേക്കുറിച്ച് തല്‍പ്പരകക്ഷികള്‍ക്ക് വേണമെങ്കില്‍ തുടരന്വേഷണം നടത്താവുന്നതുമാണ്.

സംഭവിച്ചതെല്ലാം സുതാര്യവും നിയമാനുസൃതവുമായ കാര്യങ്ങള്‍. ഇതിന്റെ പേരിലാണ് പി സി ജോര്‍ജുമുതല്‍ വീരേന്ദ്രകുമാറിന്റെ പത്രംവരെ ഇത്രനാളും ബഹളം വച്ചത്. ഈ വാര്‍ത്തകള്‍ ഇങ്ങനെ എഴുതിവിടുന്നതിനുമുമ്പ് എ കെ ജി സെന്ററിലോ പിണറായി വിജയനോട് നേരിട്ടോ ചോദിക്കാമായിരുന്നു-രേഖകള്‍ എങ്ങനെ കിട്ടി എന്ന്. പി സി ജോര്‍ജിന്റെയും മാതൃഭൂമി മുതല്‍ മംഗളം വരെയുള്ള സിന്‍ഡിക്കറ്റ് പത്രങ്ങളുടെയും കുബുദ്ധി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ഏറ്റവുമൊടുവില്‍ മാതൃഭൂമി നടത്തിയത്. വി എസ് അന്വേഷിക്കുന്നു, പിണറായി അപേക്ഷ നല്‍കിയിട്ടില്ല, ലാവലിന്‍ രേഖകള്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല, ചോര്‍ത്തിക്കൊടുത്തതാണെന്നാണ് മുഖ്യമന്ത്രിയുടെ നിഗമനം എന്നിങ്ങനെയുള്ള ആധികാരിക പ്രസ്താവനകളുണ്ട് വാര്‍ത്തയില്‍. പച്ചക്കള്ളങ്ങള്‍ ആധികാരികമായി എഴുതുന്നു. അതിന്റെ പേരില്‍ സിപിഐ എമ്മില്‍ വിഭാഗീയ നീക്കമുണ്ടെന്നു പറയുന്നു. സത്യം സത്യമായി അറിഞ്ഞാലും അത് അങ്ങനെ പ്രസിദ്ധീകരിക്കാനുള്ള മര്യാദ ഇവര്‍ കാണിക്കുമെന്ന് കരുതാനാവില്ല. അതാണ് അനുഭവം. വരദാചാരിയുടെ തല, സിബിഐയുടെ ഫോണ്‍ചോര്‍ത്തല്‍ തുടങ്ങിയ വാര്‍ത്തകള്‍ നല്‍കി, അവ പൊളിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന കൂട്ടരാണ്.

ഇതെന്തു കഥയാണ്? ഇത് എന്തൊരു മാധ്യമ പ്രവര്‍ത്തനമാണ്? മാധ്യമ പ്രവര്‍ത്തകന്‍ എന്നുപറഞ്ഞു പരിചയപ്പെടുത്താന്‍ മടിക്കേണ്ട കാലമായോ എന്ന് ആത്മാഭിമാനമുള്ളവര്‍ ചിന്തിക്കട്ടെ. തങ്ങളെ വേണ്ടവിധം 'പരിഗണിക്കാത്തതു'കൊണ്ടാണ് പിണറായി വിജയനെ ശക്തമായി ആക്രമിക്കുന്നതെന്ന് സുപ്രീം കോടതിയില്‍ കേസുവരുന്ന ദിവസം വരാന്തയില്‍നിന്ന് ഒരു പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്‍ പറയുകയുണ്ടായി. അത് ശരിയായ മനോഭാവമാണോ? പത്രക്കാരെ പ്രീണിപ്പിക്കാത്തവരെ മോശക്കാരാക്കുന്ന രീതി മാധ്യമ പ്രവര്‍ത്തനത്തിന്റെ ഏതു മര്യാദയിലാണ് പെടുത്തുക? മാധ്യമ പ്രവര്‍ത്തകരെ തലോടലും മണിയടിക്കലുമാണോ മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃക? ഇത്തരം വികലമായ ന്യായീകരണങ്ങളിലൂടെ കൊടിയ സ്വഭാവഹത്യയെ സാധൂകരിക്കാനുള്ള ശ്രമം ആരാണ് അംഗീകരിക്കുക? പിണറായി വിജയന് തന്റെ കേസ് വാദിക്കാന്‍ വിവരാവകാശ നിയമത്തിന്റെ ആനുകൂല്യം അനുവദിച്ചുകൊടുക്കാന്‍ തയാറല്ലപോലും മാതൃഭൂമി! ഇവരാണ് ഇന്നാട്ടിലെ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാര്‍!

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നമുക്ക് ഒരിത്തിരി ലജ്ജിച്ചുകൂടേ? അതല്ലെങ്കില്‍ നട്ടെല്ലിന്റെ ചെറിയ കഷണം സ്വന്തമായുണ്ടെന്ന് തെളിയിച്ചുകൂടേ? എങ്കില്‍ പറഞ്ഞുപോയ കള്ളങ്ങള്‍ ഏറ്റുപറഞ്ഞ് തിരുത്തുക-കാണട്ടെ ഇന്നാട്ടിലെ ജനങ്ങള്‍; മാറട്ടെ മാധ്യമ പ്രവര്‍ത്തനത്തിലെ അശ്ളീലം.

6 comments:

manoj pm said...

ഓരോ വ്യാജവാര്‍ത്തയ്ക്കും മറുപടി പറഞ്ഞുപോയില്ലെങ്കില്‍ നമ്മുടെ മാധ്യമങ്ങള്‍ എത്രത്തോളം വഷളായ സ്ഥിതിയിലെത്തും എന്നു നോക്കുക. ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെതിരെ പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് കുത്തിപ്പൊക്കി ഇത്രത്തോളം ആക്കിയെടുക്കാന്‍ പാടുപെട്ടവര്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല അത്. തങ്ങള്‍ കെട്ടിച്ചമച്ച കേസില്‍, തങ്ങള്‍ ഇച്ഛിക്കുംപടി പിണറായി സിബിഐ കോടതിയില്‍ വിചാരണ നേരിടണം, അതിലേക്കെത്തുന്നതിനായി നടത്തിയ ഉപജാപങ്ങളും വഴിവിട്ട നീക്കങ്ങളും അധികാര ദുര്‍വിനിയോഗവും ചെലവിട്ട ലക്ഷങ്ങളും ചര്‍ച്ചചെയ്യപ്പെടരുത് എന്നാണ് അവരുടെ ഇംഗിതം. നിയമത്തിന്റെ വഴി എന്നാല്‍ വിചാരണ നേരിടല്‍ മാത്രമാണ് എന്നത്രെ അവരുടെ വാശി. സിബിഐയുടെ നിയമവിരുദ്ധ നീക്കങ്ങള്‍ ചോദ്യംചെയ്യുന്നതും മന്ത്രിസഭയെ മറികടന്ന് ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് തെറ്റാണെന്ന് വാദിക്കുന്നതും മഹാപാപമാണെന്നത്രെ അവരുടെ നിയമം. അതുകൊണ്ട്, നിയമം അനുശാസിക്കുന്ന മാര്‍ഗങ്ങള്‍ പിണറായിക്ക് നിഷിദ്ധമാണെന്ന് അവരങ്ങ് സ്വയം പ്രഖ്യാപിച്ചു.

നാട്ടുകാരന്‍ said...

അല്പമല്ല മുഴുവനെയും ലജിക്കുകയാണിപ്പോള്‍ !
ഇവന്മാരെയാണല്ലോ നാലുവര്‍ഷം മുന്‍പ്‌ കയറ്റി വിട്ടതെന്നോര്‍ത്തു.
ഇനി എങ്ങനെയാണ് ലജിക്കേണ്ടത് ?

വേണാടന്‍ said...

മനോജ് ദേശാഭിമാനിയിലെ എഡിറ്ററാണോ?

അങ്കിള്‍ said...

ശ്രീ പിണറായിക്ക് കൈമാറികിട്ടിയ വിവരങ്ങൾ അദ്ദേഹത്തെ പ്രോസികൂട്ട് ചെയ്യുന്നതിൽ നിന്നും തടയുന്നതിനാവശ്യമായ ന്യായീകരണങ്ങൾ അടങ്ങിയതാണെങ്കിൽ, അത് വിവരാവകാശനിയമം 8(എച്ച്) ബാധകമാക്കാവുന്നതല്ലേ.

വിവരാവകാശ് നിയമ പ്രകാരം കൈമാറാൻ പാടില്ലാത്ത വിവരങ്ങൾ ഏതൊക്കെ എന്നു വിവരക്കുന്നതിൽ ഇങ്ങനെയും കാണുന്നു:
“8(എച്ച്‌) കുറ്റന്വേഷണത്തേയോ പ്രതികളെ പിടികൂടുന്നതിനേയോ അല്ലെങ്കില്‍ കുറ്റവാളിയെ പ്രോസികൂട്ട്‌ ചെയ്യുന്നതിനേയോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വിവരം“

Unknown said...

കുരുക്കുകള്‍ ഒരു പാടുണ്ടാക്കി ഒടുവില്‍ അത് സ്വന്തം കഴുത്തിലേക്കു തന്നെ നീങ്ങുന്നുവോ?
"മന്ത്രിസഭാരേഖകള്‍ ഉള്‍പ്പെടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും രാജ്ഭവനില്‍നിന്ന് അനുവദിച്ചിരുന്നു". ഇക്കാര്യം പി.സി.ജോര്‍ജ് പോലും ഇന്ന് പത്ര സമ്മേളനത്തില്‍ പരിതപിച്ചു.
ചോദ്യമിതാണ്: "വിവരാകാശ നിയമ പ്രകാരം കൊടുക്കാന്‍ പാടില്ലാത്ത രേഖ കൊടുത്ത" ഗവര്‍ണറെ തരിച്ചു വിളിക്കണോ അങ്കിള്‍ ?എന്തൊരു ഗുരുതര 'കുറ്റ'മാണല്ലേ കഴിഞ്ഞ ദിവസം വരെ നിങ്ങള്ക്ക പരിപാവനനായിരുന്ന ഗവര്‍ണര്‍ ചെയ്തത് ?

ജ്നാനശൂന്യന്‍ said...

ഗവര്‍ണ്ണര്‍ എത്ര മനോഹരമായ പദം! വിശുദ്ധപശുവിനെ തൊടരുത്. തൊട്ടശുദ്ധമാക്കരുത്. പകരം ഐ എ എസ് ഉദ്യോഗസ്ഥനെതിരെ കേസ് കൊടുക്കുക. 8എച്ച് എന്ന വൈക്കോള്‍ തുരുമ്പ് ഇനി ആശ്രയം. കഷ്ടം.