Tuesday, September 13, 2011

മാഫിയാ രാഷ്ട്രീയമോ?

ബ്ലാക്ക്മെയിലിങ്ങിന്റെയും മാഫിയാവൃത്തിയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തില്‍ അംഗീകാരം കിട്ടുകയാണോ? സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയനേതാവായ വി എസ് അച്യുതാനന്ദനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും സ്വന്തം മുന്നണിയിലെ സഹപ്രവര്‍ത്തകരെയുംകുറിച്ച് ഗവണ്‍മെന്റ് ചീഫ്വിപ്പും കേരള കോണ്‍ഗ്രസ് മാണിവിഭാഗം വൈസ് ചെയര്‍മാനുമായ പി സി ജോര്‍ജ് എറണാകുളം പ്രസ് ക്ലബ്ബില്‍ കയറിയിരുന്ന് നടത്തിയ ആക്ഷേപങ്ങള്‍ അത്തരമൊരു സംശയത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

കോടതിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിക്കൂട്ടില്‍ കയറുന്ന നേതാവാണ് ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം ചെയ്യാനറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ജോര്‍ജിന് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നു. ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി അയക്കുക എന്ന ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണ് ഏറ്റവുമൊടുവില്‍ ജോര്‍ജില്‍നിന്നുണ്ടായത്. അതാകട്ടെ, പരസ്യമായി ജഡ്ജിയെ വ്യക്തിഹത്യ ചെയ്തതിന് കോടതിയലക്ഷ്യക്കേസില്‍പ്പെടുമെന്ന് വന്നപ്പോഴാണ്. പ്രതിപക്ഷത്തുനിന്നുമാത്രമല്ല, സ്വന്തം മുന്നണിയില്‍നിന്നും പാര്‍ടിയില്‍നിന്നും ജോര്‍ജിന്റെ പ്രവൃത്തിക്കെതിരെ ശക്തമായ എതിര്‍പ്പാണുയര്‍ന്നത്. ആ എതിര്‍പ്പ് തന്റെ സ്ഥാനം അപകടപ്പെടുത്തുമെന്ന് കണക്കുകൂട്ടിയാണ്, ഭീഷണിമുഴക്കിയും അഹങ്കാരപ്രകടനം നടത്തിയും എതിരാളികളെ ഒതുക്കാമെന്ന് ജോര്‍ജ് കരുതിയത്. വി എസിനെ "അയാള്‍" എന്നും "കാര്‍ന്നോരെ"ന്നും. പിണറായിയെ "മുതലാളി"യെന്ന്. വി എസിനെ താനാണ് ജനപ്രിയനാക്കിയതെന്ന അഹങ്കാരവും ഉതിര്‍ന്നു ജോര്‍ജിന്റെ നാവില്‍നിന്ന്. ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് വിളയാടുന്ന ഒരു രംഗം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവിടത്തെ ഉദ്യോഗസ്ഥരെ അദ്ദേഹം വിളിക്കുന്നത്, സാധാരണ നിലവാരമുള്ള മനുഷ്യന്‍ ഒരിക്കലും സ്വകാര്യമായിപ്പോലും ആരെയും വിളിക്കാത്തത്ര ഹീനമായ തെറിവാക്കുകളാണ്-അച്ചടിക്കാനും കൊള്ളില്ല; ആവര്‍ത്തിക്കാനും കൊള്ളില്ല. ജോര്‍ജിന്റെ നിലവാരം അതാണ്. താന്തോന്നി, തെമ്മാടി, ആഭാസന്‍ , കുരുത്തംകെട്ടവന്‍ , ഗുണ്ട തുടങ്ങിയ വിശേഷണങ്ങള്‍ പലര്‍ക്കും നല്‍കാറുണ്ട്. പി സി ജോര്‍ജ് എന്ന രാഷ്ട്രീയക്കാരനുമുന്നില്‍ അത്തരം പദങ്ങളെല്ലാം ശിശുക്കള്‍ .

തിങ്കളാഴ്ച എറണാകുളത്തെ പ്രസ്ക്ലബ്ബില്‍ ജോര്‍ജ് നടത്തിയ പ്രകടനം ജോര്‍ജിന്റെയും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന യുഡിഎഫ് രാഷ്ട്രീയത്തിന്റെയും നിലവാരം എവിടെയെത്തിനില്‍ക്കുന്നു എന്നതിന്റെ സംസാരിക്കുന്ന തെളിവാണ്. ഇത്തരമൊരു പ്രകടനം നടത്താന്‍ , "മീറ്റ് ദ പ്രസ്" എന്ന വിലപ്പെട്ട വേദി ഒരുക്കിക്കൊടുത്ത എറണാകുളം പ്രസ്ക്ലബ്ബുകാരെയും നിലവാര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രസ് ക്ലബ്ബില്‍ നിശ്ചിത പണം അടയ്ക്കുന്നവര്‍ക്ക് പത്രസമ്മേളനം നടത്താം. മീറ്റ് ദ പ്രസ് നല്‍കുന്നത്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ്. ജോര്‍ജിനെ ക്ഷണിച്ചുകൊണ്ടുപോയി ആദരിച്ച് പ്രസ്ക്ലബ് പൂരപ്പാട്ട് പാടിക്കുകയായിരുന്നു. ചീഫ്വിപ്പിനെ വിളിച്ച് മീറ്റ് ദ പ്രസ് നടത്തുന്നതില്‍ സാധാരണ നിലയില്‍ തെറ്റില്ല. എന്നാല്‍ , നേരം, കാലം, സാഹചര്യം എന്നിവയെല്ലാം നോക്കിയാണ് അത്തരം ആദരിക്കല്‍ നടക്കാറുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യം വേണ്ട ഗുണം സാമാന്യബോധമാണ്. കോമണ്‍സെന്‍സ് എന്നും പറയും. അവിവേകത്തിന് കൈയുംകാലും വച്ചവര്‍ക്ക് നല്ല മാധ്യമപ്രവര്‍ത്തകര്‍ ആകാനാവില്ല; നല്ല രാഷ്ട്രീയക്കാരും ആവാന്‍ കഴിയില്ല. ദൗര്‍ഭാഗ്യവശാല്‍ അത്തരക്കാരുടെ അഴിഞ്ഞാട്ടമാണ് എറണാകുളം പ്രസ്ക്ലബ്ബില്‍ കണ്ടത്.

പി സി ജോര്‍ജ് ഒന്നിനും മറുപടി പറഞ്ഞിട്ടില്ല. ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചതെന്തിന്, ആ അധിക്ഷേപത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ, പാകിസ്ഥാന്‍കാര്‍പോലും ചെയ്യാത്തതാണ് വിജിലന്‍സ് ജഡ്ജി ചെയ്തത് എന്ന വര്‍ഗീയച്ചുവയോടെയുള്ള പരാമര്‍ശം എന്തിന് നടത്തി, ആരാണ് ഇതിനെല്ലാം ജോര്‍ജിനെ ചുമതലപ്പെടുത്തിയത്, ജഡ്ജിക്കെതിരെ അനുചിതമായ പരാതി അയക്കാന്‍ എന്തിന് ചീഫ് വിപ്പിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗിച്ചു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നു. ചീഫ് വിപ്പിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചതിന് ജോര്‍ജിന്റെ ന്യായീകരണം "ഐഡന്റിറ്റി വെളിപ്പെടുത്തണം" എന്ന സുപ്രീം കോടതിയുടെ ഏതോ റൂളിങ്ങാണ്. എന്തേ ചീഫ്വിപ്പ് സ്ഥാനത്തിനപ്പുറമുള്ള വ്യക്തിത്വം ജോര്‍ജ് എന്ന പൗരനില്ലേ? ലെറ്റര്‍ പാഡില്‍ പരാതി നല്‍കിയശേഷം "ഞാന്‍ വെറും പൗരന്‍" എന്ന് വിളിച്ചുകൂവുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്. സര്‍ക്കാരിന്റെ പദവിയിലിരുന്ന്, ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള ശമ്പളം പറ്റി ജോര്‍ജ് ജഡ്ജിയെ തെറിവിളിച്ചും അപമാനിക്കാനും നടക്കുന്നതിന്റെ ഔചിത്യം യുഡിഎഫാണ് വിശദീകരിക്കേണ്ടത്.

ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതികൊടുത്തതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ യുഡിഎഫുകാരെ മണ്ടന്‍മാരെന്നാണ് ജോര്‍ജ് വിളിച്ചത്. ആ മണ്ടന്‍മാരില്‍ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും വി ഡി സതീശനും ടി എന്‍ പ്രതാപനുമെല്ലാം പെടും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലും അത്തരം "മണ്ടന്‍"മാരുണ്ട്. നിയമസഭയിലല്ലാതെ പുറത്തും തങ്ങളെ നിയന്ത്രിക്കാനും ശാസിക്കാനും ചെവിക്കുപിടിക്കാനുമുള്ള അധികാരം ഇവര്‍ പി സി ജോര്‍ജിന് നല്‍കിയിട്ടുണ്ടോ എന്നേ അറിയാനുള്ളൂ. ശബരിമല ശാസ്താവും വാവരുസ്വാമിയും തന്റെ പ്രജകളാണ് എന്നും പറഞ്ഞു ജോര്‍ജ്. എംഎല്‍എ സ്ഥാനം പഴയ നാടുവാഴിയുടെയോ മാടമ്പിയുടെയോ സ്ഥാനംപോലെയാണെന്ന് അദ്ദേഹം ധരിക്കുന്നു.

പി ജെ ജോസഫിനെ കുരുക്കാന്‍ സ്ത്രീപീഡനകഥ ചമച്ചതിലും അത് കേസാക്കിയതിലും ജോര്‍ജിന്റെ പങ്കാളിത്തം പുറത്തുവന്നത്, ആ കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവെന്ന വ്യാജേന അവതരിപ്പിക്കപ്പെട്ടയാള്‍ പൊലീസിനു നല്‍കിയ മൊഴിയിലൂടെയാണ്. കുറ്റകൃത്യത്തിന്റെ ലക്ഷ്യം ജോസഫിന് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കല്‍ . അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് ജോര്‍ജിന്. ഇതൊക്കെ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ മറ്റുനേതാക്കള്‍ വിളിച്ചു പറഞ്ഞതാണ്. എന്നിട്ടും യുഡിഎഫ് ജോര്‍ജിനെ ചീഫ് വിപ്പാക്കി. പലര്‍ക്കും ജോര്‍ജിനെ പേടിയാണ്. മോഷണത്തിനും തട്ടിപ്പിനുമായി ചുറ്റിയടിക്കാറുള്ള ചില നാടോടി സംഘങ്ങളുണ്ട്. അവര്‍ മാലയും പണവുമൊക്കെ മോഷ്ടിക്കും. പിടിക്കപ്പെട്ടാല്‍ പരസ്യമായി സ്വന്തം തുണിയുരിഞ്ഞെറിയും. അവിടെത്തന്നെ വിസര്‍ജിച്ച് അതില്‍ കിടന്നുരുളുകയുംചെയ്യും. അത്തരക്കാരെ പിന്നെ തൊടാനോ തല്ലാനോ ആരും നില്‍ക്കില്ല. അതുപോലെയാണ് ജോര്‍ജിന്റെ സമീപനം. താന്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോള്‍ സകലരെയും ഭീഷണിപ്പെടുത്തുകയാണ്. തന്നെ തൊട്ടാല്‍ നാറ്റിച്ചുകളയുമെന്ന് പറയുകയാണ്.

ഇപ്പോള്‍ വിജിലന്‍സ് ജഡ്ജി വിചാരണയും തുടരന്വേഷണവും ഒരേസമയം നടത്തുന്നു എന്നാണ് ജോര്‍ജിന്റെ ആക്ഷേപം. ഇത് പറഞ്ഞുകൊടുക്കേണ്ടത് അദ്ദേഹത്തിന്റെ കൂട്ടുകാരനായ ക്രൈംനന്ദകുമാറിനാണ്. നന്ദകുമാറിന് കേസ് നടത്താന്‍ പണംകൊടുത്തു എന്ന് ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. ആ പണംകൊണ്ട് ഏതൊക്കെ കേസുകള്‍ വിചാരണഘട്ടത്തില്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും ജോര്‍ജ് തുറന്നു പറയണം. ജോര്‍ജിന് എവിടെനിന്നാണ് ഇതിനൊക്കെയുള്ള പണം? ഇത്തരം നെറികേടുകളെ പൊറുപ്പിക്കാനുള്ളതാണോ കേരളത്തിലെ രാഷ്ട്രീയം എന്ന് എല്ലാവരും ചിന്തിക്കേണ്ടതുണ്ട്-പ്രത്യേകിച്ചും യുഡിഎഫില്‍ മാന്യത തെല്ലെങ്കിലും അവശേഷിക്കുന്നവര്‍ . ജോര്‍ജിന് വക്കാലത്ത് നല്‍കിയവര്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ്. ഒരുകാലത്ത് ഐസ്ക്രീം കേസിന്റെ മുഖ്യപ്രചാരകനായിരുന്ന ജോര്‍ജ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി വാദിക്കുന്നു. റൗഫിനെ വിശ്വസിക്കാമെങ്കില്‍ സന്തോഷ് മാധവനെ വിശ്വസിച്ചുകൂടേ എന്ന് ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി ശുദ്ധനും മനുഷ്യസ്നേഹിയുമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ഉമ്മന്‍ചാണ്ടിയോട് സ്വന്തം പാര്‍ടിക്കാര്‍ക്കില്ലാത്ത സ്നേഹം തനിക്കാണെന്ന് പറഞ്ഞ് തെളിയിക്കുന്നു.

ഇങ്ങനെ തരാതരംപോലെ നിലപാടുമാറ്റുകയും ജനങ്ങളെയാകെ വെല്ലുവിളിക്കുകയുംചെയ്യുന്ന നിലവിട്ടവര്‍ക്ക് നിരങ്ങാനുള്ളതാണോ കേരള രാഷ്ട്രീയം? അത്തരക്കാരെ സ്വീകരിച്ചിരുത്തി ആദരിക്കാനും പ്രചാരം കൊടുക്കാനുമുള്ളതാണോ മാധ്യമ പ്രവര്‍ത്തനം?

കണ്ണൂരില്‍ സ്വന്തം പാര്‍ടിക്കാര്‍ ഡിസിസി പ്രസിഡന്റിനെ അദ്ദേഹത്തിന്റെ ഓഫീസിലും പുറത്തും ബന്ദിയാക്കി ദേഹോപദ്രവമേല്‍പ്പിച്ചു. ഡിസിസി പ്രസിഡന്റും എംപിയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുന്നു. ഗവണ്‍മെന്റിന്റെ ചീഫ്വിപ്പ് പ്രസ്ക്ലബ്ബില്‍ കയറിയിരുന്ന് ഒന്നാംതരം ഗുണ്ടായിസം കാണിക്കുന്നു. അഴിമതി, അക്രമം, പിടിപ്പുകേട്, ജനദ്രോഹം തുടങ്ങിയ ബിരുദങ്ങള്‍ക്കു പുറമെയാണ് യുഡിഎഫ് സര്‍ക്കാരിന് പുതിയ ഈ ആഭരണങ്ങള്‍ . മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ രംഗം അശ്ലീലമാണ്. ജോര്‍ജിനെ അസഹ്യമാംവിധം നാറുന്നുണ്ട്. ആ നാറ്റം ഇപ്പോള്‍ യുഡിഎഫിന്റേതുകൂടിയാണ്. ഭൂരിപക്ഷം നേരിയതാണ് എന്നതുകൊണ്ടും പുറത്തുപോയാല്‍ ജോര്‍ജ് കുടുതല്‍ അപകടകാരിയാകും എന്ന് ഭയന്നും ഈ ദുര്‍ഗന്ധം ചുമക്കാനാണ് യുഡിഎഫിന്റെ തീരുമാനമെങ്കില്‍ മറ്റു പോംവഴികളില്ല. ഇത് കേരളീയന്റെ സാംസ്കാരിക നിലവാരത്തിന്റെയും ക്ഷമാശീലത്തിന്റെയും പ്രശ്നമാണ്.

9 comments:

manoj pm said...

ബ്ലാക്ക്മെയിലിങ്ങിന്റെയും മാഫിയാവൃത്തിയുടെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തില്‍ അംഗീകാരം കിട്ടുകയാണോ? സംസ്ഥാനത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയനേതാവായ വി എസ് അച്യുതാനന്ദനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും സ്വന്തം മുന്നണിയിലെ സഹപ്രവര്‍ത്തകരെയുംകുറിച്ച് ഗവണ്‍മെന്റ് ചീഫ്വിപ്പും കേരള കോണ്‍ഗ്രസ് മാണിവിഭാഗം വൈസ് ചെയര്‍മാനുമായ പി സി ജോര്‍ജ് എറണാകുളം പ്രസ് ക്ലബ്ബില്‍ കയറിയിരുന്ന് നടത്തിയ ആക്ഷേപങ്ങള്‍ അത്തരമൊരു സംശയത്തിലേക്കാണ് നമ്മെ നയിക്കുന്നത്.

divakaranpalliyath said...

സഖാവ നായനാര്‍ ജീവിച്ചിരുന്നെങ്കില്‍ ഇത്തരം അല്പ്പന്മ്മര്‍ക്ക്', ഇനി ഒരിക്കലും നാവു പൊന്താത്ത വിധത്തില്‍ നല്ല കൊട്ട് കൊടുത്തേനെ..

msntekurippukal said...

നാളിതുവരെ കാണാത്ത അലമ്പുകള്‍ക്കും വൃത്തികേടുകള്‍ക്കും കേരളരാഷ്ട്രീയം ഇന്ന് വേദിയായിരിക്കുകയാണ്. ഇത് കുറച്ചുകാലം കൂടി തുടരാനും സാദ്ധ്യതയുണ്ട്.മാന്യന്മാരായ രാഷ്ട്രീയപ്രവര്‍ത്തകരേയും പൊതുപ്രവര്‍ത്തകരേയും സ്വന്തം വരുതിയിലുള്ള മാദ്ധ്യമങ്ങളെ ഉപയോഗിച്ച് നാറ്റിച്ച് നിശബ്ദരാക്കി ഇത്തരക്കാര്‍ക്ക് കളിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു.മാദ്ധ്യമങ്ങളും ജനങ്ങളും ജാഗരൂകരായില്ലെങ്കില്‍ കേരളം തന്നെ പട്ട് പോകുന്ന അവസ്ഥയിലേക്കെത്തും.

ramachandran said...

ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും അതിന്റെ നേതാക്കളും ഒറ്റകെട്ടായി നിന്ന് കൊണ്ട് മാത്രമേ ഇത്തരമൊരു ജീര്‍ണ്ണതയെ മറികടക്കാനും ഇല്ലായ്മ ചെയ്യാനും സാധിക്കുകയുള്ളൂ വന്നതാണ് പരമാര്‍ത്ഥം.
ഒരു നിലവാരവും ഇല്ലാത്ത വാര്‍ത്ത‍ മാധ്യമങ്ങളെയും വലതുപക്ഷ നേതാക്കളെയും ബഹിഷ്ക്കരിക്കുന്ന കടുത്ത നിലപടുകള്‍ എടുക്കുക എന്നതാണ് ഇന്നത്തെ സാഹചരിയതില്‍ പ്രധാനമായും പുരോഗമന പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത് .തങ്ങള്‍ക്കു ഒരു നീതിയും ലഭിക്കാത്ത വലതുപക്ഷ മാധ്യമങ്ങളുടെ കെണിയില്‍ അകപ്പെടാതെ നില്‍ക്കാനും സംഘടന തലത്തില്‍ തങ്ങളുടെ നിലപാടുകള്‍ പ്രചരിപ്പിക്കാനും അതിലൂടെ ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിനും തയ്യാറാവുക .

ASOKAN said...

"ഇതേ ജോര്‍ജ് സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് വിളയാടുന്ന ഒരു രംഗം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവിടത്തെ ഉദ്യോഗസ്ഥരെ അദ്ദേഹം വിളിക്കുന്നത്, സാധാരണ നിലവാരമുള്ള മനുഷ്യന്‍ ഒരിക്കലും സ്വകാര്യമായിപ്പോലും ആരെയും വിളിക്കാത്തത്ര ഹീനമായ തെറിവാക്കുകളാണ്-അച്ചടിക്കാനും കൊള്ളില്ല; ആവര്‍ത്തിക്കാനും കൊള്ളില്ല.

ജോര്‍ജിന്റെ നിലവാരം അതാണ്"

പട്ടിക്ക്‌ തിന്നാന്‍ പറ്റാത്തത് ഒനുമില്ല......
പി.സി.ജോര്‍ജിന് പറയാന്‍ പറ്റാത്തതും ഒന്നുമില്ല!!!!!!!

ASOKAN said...

പിന്നെ വി.എസിന്റെ കാര്യം......
വി.എസിന് അങ്ങനെ തന്നെ വരണം!!!!!!
സന്തോഷ്‌ മാധവന്‍ പ്രശ്നം ഉയര്‍ന്നു വന്ന കാലത്ത് കൊടിയേരിക്കും മക്കള്‍ക്കും എതിരെ ആയിരുന്നു ആരോപണം.
ജോര്‍ജിനെ പോലുള്ള ചില ആളുകള്‍ അതിനു വ്യാപക പ്രചാരണം കൊടുത്തു.
വി.എസ്.അത് കെട്ട് അന്ന് വളരെ സന്തോഷിച്ച് ഇരിക്കുകയായിരുന്നു.
ഇപ്പോള്‍ ഇതാ, അരുണ്‍ കുമാറിന്റെ നേര്‍ക്കും അതുവഴി വി.എസ്.നു നേര്‍ക്കും ജോര്‍ജ് ആരോപണം ഉന്നയിചിരിക്കുന്നു.
വാങ്ങിയ 80 ലക്ഷം തിരികെ കൊടുപ്പിക്കാനും ആവശ്യപെട്ടിരിക്കുന്നു.
ഇതാണ് ഗുണ്ടകളെ കൊണ്ട് നടന്നലുള്ള കുഴപ്പം.
ഗുണ്ടകള്‍ എപ്പോള്‍ വേണമെങ്കിലും കൊണ്ടുനടക്കുന്നവന്റെ നേര്‍ക്ക്‌ തിരിയും.

ASOKAN said...

മുഖ്യമന്ത്രിമാരെ സുഖിപ്പിക്കുന്നത് ജോര്‍ജിന്റെ സ്ഥിരം പരിപാടിയാണ്.അത് വഴി മുഖ്യമന്ത്രിയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കല്‍ ആണ് ലക്‌ഷ്യം.
നായനാര്‍ മുഖ്യമന്ത്രി അയിരുന്നപ്പോള്‍ (1996) നായനാരെയും സുഖിപ്പിക്കുന്ന പണി ജോര്‍ജിന് ഉണ്ടായിരുന്നു.
പൂഞ്ഞാര്‍ എങ്ങിനീയരിംഗ് കോളേജ് ഇരിക്കുന്നിടത്തിനു "നായനാര്‍ ഹില്‍സ്" എന്ന് പേര് ഇടീച്ചവന്‍ ആണ് ജോര്‍ജ് .
പിന്നെ വി.എസ്,ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇടതു പക്ഷത്തിന്റെ തൊഴുത്തില്‍ കുത്തു മാത്രം അല്ലെ ഇതിനു കാരണം?

അല്ലാതെ ഒറ്റക്കെട്ടായിരുന്നു എങ്കില്‍ ഇവനൊക്കെ എന്നെങ്കിലും അധികാരത്തില്‍ എത്തുമായിരുന്നൊ?

അതെങ്ങനാ അധികാരം എന്ന അപ്പക്കഷണം ഏതു നല്ലവനെയും നാറിയാക്കും. ഇനി അനുഭവിച്ചൊ

Unknown said...

നട്ടെല്ലുള്ള നേതാക്കന്മാർ കേരളത്തിൽ ഇടതുപക്ഷത്തില്ലാത്തിടത്തോളം കാലം പീസീ ജോർജ്ജല്ല പീജേ ജോസവും പുലിയും സിംഗവും പെരുച്ചാഴിയും എല്ലാമാകും....

അടുത്ത പാർട്ടി കോൺഗ്രസ്സിലെങ്കിലും ഇച്ഛിയുള്ള ആരെയെങ്കിലും പോലിഷിടാൻ നോക്ക് സഖാവേ...