Thursday, October 7, 2010

ഇങ്ങനെയും നുണ പറയാം

പിടിച്ചുനില്‍ക്കാന്‍ വല്ലപ്പോഴും നുണപറയുന്നവര്‍, പൊങ്ങച്ചത്തിന് നുണപറയുന്നവര്‍, ഏഷണിക്ക് നുണയോതുന്നവര്‍, നുണമാത്രം പറയുന്നവര്‍- ഇവരില്‍ നാലാമത്തെ കൂട്ടരെയേ പെരുംനുണയന്‍മാരായി കണക്കാക്കാറുള്ളൂ. നുണ പറഞ്ഞാല്‍ നാവ് പുഴുത്തുപോകുമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഭയപ്പെടുത്തും. കാര്യം നേടാന്‍ കള്ളം പറയരുത് എന്നത് കുട്ടിക്കാലത്തേ മനസ്സില്‍ വേരുറപ്പിക്കുന്നതാണ്. വക്കീലന്‍മാരെ, പത്രക്കാരെ, രാഷ്ട്രീയക്കാരെ- നുണയന്‍മാര്‍ എന്നു വിളിക്കുന്നത് ചിലര്‍ക്ക് ഒരു സുഖമാണ്. മൂല്യാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനം കൊണ്ടുമാത്രമേ അത്തരം ആക്ഷേപങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മോചനം നേടാനാകൂ. തോമസ് ഐസക്കിനെ താറടിക്കാന്‍ വി ഡി സതീശനെ തുറന്നുവിട്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്തരം മൂല്യബോധങ്ങളെക്കുറിച്ച് ശങ്കയൊന്നുമില്ല. ചാനലുകള്‍ തോറും നടന്ന് പച്ചക്കള്ളം തട്ടിവിടുന്ന വി ഡി സതീശനെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ആരും ചോദിച്ചുപോകും: ഇങ്ങനെ കളളം പറയാമോ, ഒരു പൊതുപ്രവര്‍ത്തകന്‍, അതും ഒരു എംഎല്‍എ.

തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടന്ന ലോട്ടറി സംവാദം മുതല്‍ ഇക്കഴിഞ്ഞ ദിവസം മനോരമ ചാനലിലെ സിങ്വിചര്‍ച്ചവരെ വി ഡി സതീശന്റെ പ്രകടനം ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് ബോധ്യമായത്, കള്ളം പറയാനുള്ള അദ്ദേഹത്തിന്റെ മിടുക്കല്ല- ലജ്ജയില്ലായ്മയാണ്.
കോടതിവിധിയെപ്പോലും വളച്ചൊടിക്കുന്ന സതീശനെ ഇക്കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലില്‍ തോമസ് ഐസക് കൈയോടെ പിടിച്ചു. ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പന നികുതി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും എച്ച് അന്‍രാജും തമ്മില്‍ നടന്ന കേസിലെ സുപ്രീംകോടതി വിധിയാണ് ഒരു ചാഞ്ചല്യവുമില്ലാതെ തിങ്ങിനിറഞ്ഞ പത്രലേഖകരെ സാക്ഷിയാക്കി നടക്കുകയും സകല ടെലിവിഷന്‍ ചാനലുകളും ലൈവ് ടെലികാസ്റ്റ് നല്‍കുകയും ചെയ്ത പരസ്യസംവാദത്തില്‍ സതീശന്‍ തിരിച്ചുമറിച്ചുകളഞ്ഞത്. നൂറുകണക്കിന് പത്രലേഖകരില്‍ ആരെങ്കിലും, അല്ലെങ്കില്‍ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ ആരെങ്കിലും ആ കോടതിവിധി തപ്പിപ്പിടിച്ചു വായിച്ചുനോക്കുമെന്നോ അവരുടെ മുന്നില്‍ തന്റെ വിശ്വാസ്യത പാതാളത്തോളം ഇടിഞ്ഞുതാഴുമെന്നോ ഒരു ഭയവും അന്നും ഇന്നും വി ഡി സതീശനില്ല. കക്കാനും നില്‍ക്കാനും പഠിച്ച അനുചരനെത്തന്നെയാണ് ഉമ്മന്‍ചാണ്ടി വക്കാലത്തേല്‍പ്പിച്ചത്.

പരസ്യസംവാദത്തിലെ സതീശന്റെ വാദം ടെലിവിഷന്‍ ക്ളിപ്പിങ്ങുകളില്‍നിന്ന് അതേ പടി ഉദ്ധരിക്കാം:

"ആക്ഷണബിള്‍ ക്ളെയിമില്‍ ടാക്സ് ലെവി ചെയ്യാന്‍ കഴിയില്ല എന്ന സുപ്രീംകോടതിയുടെ വിധി മൂലമാണ് യുഡിഎഫിന് ടാക്സ് പിരിച്ചെടുക്കാന്‍ കഴിയാതെ പോയത്......... അന്‍രാജ് വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് എന്ന കേസിലായിരുന്നു വിധി.. ആ കേസില്‍ ഇതേ പ്രിന്‍സിപ്പിള്‍ ഉണ്ട്.... വേണമെങ്കില്‍ അതിന്റെ സൈറ്റേഷന്‍ കൂടി ഞാന്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോ.... "

ലോട്ടറിക്കാരില്‍നിന്ന് 5000 കോടിയുടെ നികുതികുടിശ്ശിക പിരിക്കാത്തതാണ് പരാമര്‍ശവിഷയം. അന്‍രാജിലെ കേസിലെ വിധിമൂലം യുഡിഎഫിന്റെ കാലത്ത് നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന്.

കോടതിവിധിയെ തലകീഴായി വ്യാഖ്യാനിക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ വകുപ്പുണ്ടോ ആവോ. 1985 ഒക്ടോബര്‍ നാലിനാണ് എച്ച് അന്‍രാജും സ്റ്റേറ്റ് ഓഫ് തമിഴ്നാടും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ഓണ്‍ലൈന്‍ ലോട്ടറിക്കാരുടെ ഈ നികുതി കുടിശ്ശിക സംസ്ഥാന ലോട്ടറി വകുപ്പ് ചൂണ്ടിക്കാണിച്ചത് 2004ലാണ്. അസെസ്മെന്റ് നടത്തി ഡിമാന്‍ഡ് നോട്ടീസ് നല്‍കിയതും അതേ വര്‍ഷം. ഈ തുക പിരിച്ചെടുക്കാന്‍ 1985ലെ കോടതിവിധി തടസ്സമായിരുന്നു എന്ന് പത്രക്കാരുടെ മുന്നില്‍ വാദിക്കാനും ചാനലുകള്‍ തോറും ആവര്‍ത്തിക്കാനും ചില്ലറ തൊലിക്കട്ടി പോരാ. ഇരുപത് വര്‍ഷം മുമ്പേ ഇങ്ങനെയൊരു വിധിയുണ്ടെങ്കില്‍ പിന്നെങ്ങനെ അസെസ്മെന്റ് നടക്കുമെന്നും ഡിമാന്‍ഡ് നോട്ടീസ് കൊടുക്കുമെന്നും സതീശനോട് ചോദിക്കാം. അരിയെത്ര? പയറഞ്ഞാഴി. പരസ്യസംവാദത്തിനിടെ അപ്രതീക്ഷിതമായി കേട്ട ഈ പെരുങ്കള്ളത്തില്‍, നുണയ്ക്കുമീതെ വാദം കെട്ടിപ്പൊക്കുന്ന വാചകവിരേചനത്തില്‍ താനൊന്നു പകച്ചുപോയെന്ന് തോമസ് ഐസക് മനോരമയില്‍ തുറന്നു പറയുന്നത് കേട്ടു. ഇങ്ങനെ നുണ പറയുന്നതാണ് സതീശന്റെ ഡിബേറ്റിങ് സ്റ്റൈല്‍ എന്നും ധനമന്ത്രിയുടെ വിശേഷണം.

സതീശന്‍ വാദിക്കുന്നതിന് കടകവിരുദ്ധമാണ് അന്‍രാജ് കേസിലെ വിധി. ആക്ഷണബിള്‍ ക്ളെയിമില്‍ നിബന്ധനകള്‍ക്ക് വിധേയമായി നികുതി പിരിക്കാന്‍ കഴിയും എന്നാണത്. അക്കാര്യം ഉറപ്പുള്ളതുകൊണ്ടാണല്ലോ നികുതി വകുപ്പ് ഡിമാന്‍ഡ് നോട്ടീസ് കൊടുത്തതും. ലോട്ടറി ടിക്കറ്റിന്റെ ആകെ വിറ്റുവരവില്‍ സമ്മാനത്തുക കഴിച്ചുള്ളത് ചരക്കാണെന്നും ആ തുകയ്ക്ക് വില്‍പ്പന നികുതി ഈടാക്കാമെന്നുമായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ആകെ ഒരുകോടി രൂപയ്ക്ക് ടിക്കറ്റ് വിറ്റുവെന്നും അതില്‍നിന്ന് സമ്മാനയിനത്തില്‍ ആകെ 30 ലക്ഷം രൂപ ചെലവായെന്നും ഇരിക്കട്ടെ. ബാക്കിയുള്ളത് 70 ലക്ഷം രൂപ. ഈ തുകയ്ക്ക് എട്ടുശതമാനം വില്‍പ്പന നികുതി ഈടാക്കാമായിരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ ലോട്ടറിക്കാരില്‍നിന്ന് നികുതിക്കുടിശ്ശിക ഈടാക്കാത്തത് എന്ത് എന്നാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ചോദ്യം.

2006 ഏപ്രില്‍ 28ന് സണ്‍റൈസ് കേസില്‍ സുപ്രീംകോടതി ഈ നിലപാട് അസ്ഥിരപ്പെടുത്തി. ലോട്ടറിയെന്നാല്‍ ആക്ഷണബിള്‍ ക്ളെയിം മാത്രമാണ്, ചരക്കല്ല എന്നും ഇനിമേല്‍ വില്‍പ്പനനികുതിയേ പാടില്ല എന്നും സുപ്രീംകോടതി വിധിച്ചു. 2006 മേയിലാണ് വി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേല്‍ക്കുമ്പോള്‍ സണ്‍റൈസ് കേസിലെ വിധിപ്രകാരം ലോട്ടറിക്കാരില്‍ നിന്ന് വില്‍പ്പന നികുതി കുടിശ്ശിക പിരിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായി. മുന്‍കാലപ്രാബല്യത്തോടെ അത് പിരിക്കാന്‍ ശ്രമിച്ചെങ്കിലും, വില്‍പ്പനനികുതിയിനത്തില്‍ തുക വല്ലതും ഖജനാവിലേക്ക് ഒടുക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടെന്നും എന്നാല്‍, കുടിശ്ശിക നില്‍ക്കുന്ന തുക ഈടാക്കരുത് എന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 5000 കോടി രൂപ പിരിക്കാന്‍ കഴിയാത്തത്.

ഇത് നിയമപരമായ വസ്തുതയാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ ഈ കോടതിവിധികള്‍ ആര്‍ക്കും ലഭ്യമാകും. അത്രമേല്‍ സുതാര്യമായ വസ്തുതയ്ക്കുമീതെ ഇങ്ങനെ കള്ളം പറയാന്‍ സതീശനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്താണ്? കള്ളം പിടിക്കപ്പെട്ടാലും വീണ്ടും വീണ്ടും അതാവര്‍ത്തിക്കുന്നതിന് കാരണം കാണ്ടാമൃഗം തോറ്റുപോകുന്ന തൊലിക്കട്ടിയുള്ളതുകൊണ്ട് മാത്രമല്ല.

അതിന് ഉത്തരവാദികള്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ കൂടിയാണ്. ഒരു കോടതിവിധിയെക്കുറിച്ച് സംസ്ഥാന ധനമന്ത്രിയും അഭിഭാഷകന്‍കൂടിയായ എംഎല്‍എയും പരസ്പരവിരുദ്ധമായ വാദം പരസ്യമായി ഉയര്‍ത്തിയാല്‍, എന്താണ് യാഥാര്‍ഥ്യം എന്നന്വേഷിക്കാനുളള ചുമതല മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കോടതിവിധികള്‍ വായിച്ചു മനസിലാക്കി ഇതിലാരാണ് കള്ളം പറയുന്നത് എന്ന് പൊതുസമൂഹത്തോട് ഉറക്കെ വിളിച്ചുപറയാനുള്ള ബാധ്യത അവര്‍ക്കുണ്ട്. രണ്ട് രാഷ്ട്രീയനേതാക്കളുടെ വാദങ്ങളില്‍ വൈരുധ്യമുണ്ടെങ്കില്‍, വസ്തുതകള്‍ നിരത്തി അതിലേതാണ് സത്യം എന്ന് തുറന്നുപറയാന്‍ ശേഷിയില്ലാത്തവരായി നമ്മുടെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ തരംതാണുപോയിരിക്കുന്നു. അവരെ മുന്നില്‍ നിര്‍ത്തിയാണ് സതീശന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുളളവരുടെ പോര്‍വിളി.

അരിയെത്ര എന്ന ചോദ്യത്തിന് ഒരുളുപ്പുമില്ലാതെ പയറഞ്ഞാഴി എന്ന് പറയുന്ന സതീശനെ ലൈവായി പ്രദര്‍ശിപ്പിച്ചാണ് കഴിഞ്ഞ ദിവസം മനോരമ ചാനല്‍ ലോട്ടറി ചര്‍ച്ച അവസാനിപ്പിച്ചത്. അന്‍രാജ് കേസില്‍ സതീശന്‍ പറയുന്ന നുണകള്‍ അക്കമിട്ട് നിരത്തി മറുപടി ആവശ്യപ്പെട്ടപ്പോള്‍ സതീശന്‍ 2010 മാര്‍ച്ച് 11ലെ സുപ്രീംകോടതി വിധി വായിച്ച് ന്യായം പറയുന്ന കാഴ്ചയ്ക്ക് അവതാരകന്‍പോലും ഊറിച്ചിരിച്ചുപോയി. 1984ലെ കോടതിവിധിയെക്കുറിച്ച് ചോദിച്ചാല്‍ സതീശന്‍ വായിച്ച് വ്യാഖ്യാനിക്കുന്നത് 2010ലെ കോടതി വിധി.

ഇങ്ങനെ കള്ളം പറയാന്‍ സതീശന് നല്‍കുന്ന കൂലിയെത്രയെന്ന് ഉമ്മന്‍ചാണ്ടി എന്ന് തുറന്നു പറയും...?

3 comments:

manoj pm said...

പിടിച്ചുനില്‍ക്കാന്‍ വല്ലപ്പോഴും നുണപറയുന്നവര്‍, പൊങ്ങച്ചത്തിന് നുണപറയുന്നവര്‍, ഏഷണിക്ക് നുണയോതുന്നവര്‍, നുണമാത്രം പറയുന്നവര്‍- ഇവരില്‍ നാലാമത്തെ കൂട്ടരെയേ പെരുംനുണയന്‍മാരായി കണക്കാക്കാറുള്ളൂ. നുണ പറഞ്ഞാല്‍ നാവ് പുഴുത്തുപോകുമെന്ന് മുതിര്‍ന്നവര്‍ കുട്ടികളെ ഭയപ്പെടുത്തും. കാര്യം നേടാന്‍ കള്ളം പറയരുത് എന്നത് കുട്ടിക്കാലത്തേ മനസ്സില്‍ വേരുറപ്പിക്കുന്നതാണ്. വക്കീലന്‍മാരെ, പത്രക്കാരെ, രാഷ്ട്രീയക്കാരെ- നുണയന്‍മാര്‍ എന്നു വിളിക്കുന്നത് ചിലര്‍ക്ക് ഒരു സുഖമാണ്. മൂല്യാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനം കൊണ്ടുമാത്രമേ അത്തരം ആക്ഷേപങ്ങളില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മോചനം നേടാനാകൂ. തോമസ് ഐസക്കിനെ താറടിക്കാന്‍ വി ഡി സതീശനെ തുറന്നുവിട്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അത്തരം മൂല്യബോധങ്ങളെക്കുറിച്ച് ശങ്കയൊന്നുമില്ല. ചാനലുകള്‍ തോറും നടന്ന് പച്ചക്കള്ളം തട്ടിവിടുന്ന വി ഡി സതീശനെ കാണുമ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് ആരും ചോദിച്ചുപോകും: ഇങ്ങനെ കളളം പറയാമോ, ഒരു പൊതുപ്രവര്‍ത്തകന്‍, അതും ഒരു എംഎല്‍എ.

തെക്കടവന്‍ said...

നുണ പറയുക,തെറ്റിധരിപ്പിക്കുക, വസ്തുതകള്‍ വളച്ചോടിക്കുക, തുടങ്ങിയ സുകുമാര കലകള്‍ ത്നമയത്യ്തോടെ അവതരിപ്പിച്ചു ജനങ്ങളുടെ കയ്യടി നേടുന്ന പ്രതിഭാധനരുടെ കൂട്ടയ്മയെയാണ് കേരള ദേശത്ത് കോണ്‍ഗ്രസ്‌ നടന കല വേദി എന്നറിയപ്പെടുന്നത്.
ഇതില്‍ അന്തിച്ചര്‍ച്ചപ്രതിഭ ചാനല്‍ ശ്രീ സതീശന്‍ ജീ , കേരള സുന്ദരന്‍ ചെന്നിത്തല ജീ , ഇര്രഗുലാരിടി ഫെയം ശ്രീ ശ്രീ തിരുവഞ്ചൂര്‍ അവര്‍കള്‍ ,മൂത്രത്തില്‍ പിടിച്ചു കേരല്‍ വിധഘ്ദന്‍ കുഞ്ഞാലി ഘാതകന്‍ ജനാബ് ആര്യാടന്‍ ജീ, നിരാഹാര ഫെയം മാനിനീയ ഹസ്സന്‍ ജീ, നുണ പറയലിന്റെ നീട്ടിയ നാല്പതുവര്‍ഷം പിന്നിട്ട ഊമ്പന്‍ചാണ്ടി കുരിക്കള്‍, തുടങ്ങി പേരും പെരുമയും സിദ്ധിച്ച സകല കല വല്ലഭന്‍മാരുടെ സമ്പന്നതയില്‍ ഉത്തോരോതരം വളരുന്ന ഈ കലാ ട്രൂപ് കേരളിയ സംസ്കരതിന്ന്നു ലഭിച്ച വരധനമാനെന്നു
അന്ഗീകരിക്കാതെ വയ്യ ... ഈ മഹനീയ കലാകാരന്മാര്‍ക്ക് വെള്ളവും വെളിച്ചവും ആശയ പ്രകാശന വേദികളും ഒപ്പം പ്രോത്സാഹനങ്ങളും നല്‍കി പരിപോഷിപിച്ചു വരുന്ന അച്ചടി - ദ്രിശ്യ മാധ്യമങ്ങളുടെ സേവനം ലോകോത്തരം എന്നെ പറയാനാകൂ...
വിസ്താരഭയം മൂലം.. വീരഭൂമി,മനോരമ മര്‍ഡോക് വിഷന്‍,മൂനീര്‍ വിഷന്‍,തൊടങ്ങിയ പവിത്ര സന്നിധികളെ മാത്രം ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു..
നുണയന്മാര്‍ വിജയിക്കട്ടെ .! നുണയ മഹാരാജ്യും നീണാള്‍ വാഴട്ടെ..!

ജനശക്തി said...

ഈ ലേഖനത്തിനു അനുബന്ധമായി ദേശാഭിമാനി പ്രസിദ്ധീകരിച്ച് ഒരു കത്ത് (ഉണ്ണികളേ ഒരു നുണപറയാം) ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കുമല്ലോ.