Wednesday, September 15, 2010

കള്ളും കള്ളനോട്ടും

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അസൂയാവഹമാംവിധംതന്നെ ജനങ്ങളുടെ അംഗീകാരവും പിന്തുണയും ആര്‍ജിച്ച ഘട്ടമാണ് ഈ ഓണക്കാലം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്‍കൈ നേടിയതിന്റെ അഹന്തയും അമിതാഹ്ളാദവും യുഡിഎഫിന്റെ മുഖത്തുനിന്ന് മാഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉദ്ദേശിച്ച മുന്നേറ്റം ഉണ്ടാകില്ല എന്ന് ആ മുന്നണിയുടെ തലപ്പത്തുതന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നു. "സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത നമ്മളെങ്ങനെ പഞ്ചായത്ത് തെയരഞ്ഞെടുപ്പിനെ നേരിടും'' എന്നാണ് കെ കരുണാകരന്‍ കെപിസിസി നേതൃയോഗത്തില്‍ ചോദിച്ചത്. തമ്മിലടി തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പുതന്നെ വേണ്ടെന്നുവയ്ക്കേണ്ടിവന്നു കോണ്‍ഗ്രസിന്.

ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിനെതിരെ സംഘടിതവും ബഹുമുഖവുമായ ആക്രമണം നടക്കുകയും അത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും കൊടിയ വര്‍ഗീയ-ഭീകര സംഘടനയായ എന്‍ഡിഎഫിനെ ഒപ്പം നിര്‍ത്തിയ യുഡിഎഫ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ചൂണ്ടി വര്‍ഗീയത ആരോപിച്ചപ്പോള്‍; പിഡിപി നല്‍കിയ പിന്തുണയെച്ചൊല്ലി കോലാഹലം സൃഷ്ടിച്ചപ്പോള്‍ അതിനെ നിര്‍ലജ്ജം പിന്തുണയ്ക്കാന്‍ ഇന്നാട്ടിലെ മാധ്യമഭൂരിപക്ഷം തയാറായി. ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആ നീക്കങ്ങള്‍ക്ക് കഴിഞ്ഞതിന്റെ ഫലം കൂടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ.

ഇന്ന് വ്യത്യസ്തമാണ് സ്ഥിതി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ ഇന്നുണ്ട്. രാജ്യമാകെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ നാല്‍പ്പതുശതമാനത്തിലേറെ വിലകുറച്ചാണ് ഇവിടെ നല്‍കിയത്. ജനസംഖ്യയില്‍ പാതിയോളം വരുന്നവര്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുന്നു. ഇ എം എസ് ഭവനപദ്ധതിയിലൂടെ അഞ്ചുലക്ഷത്തോളം വീടുകള്‍ പണിയുന്നു. ക്ഷേമപദ്ധതികളും ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, കുടിശ്ശികയില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ ഡിഎയും ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്തുകൊടുത്തു. പിഎസ്സിവഴി 1,25,000 നിയമനം നല്‍കി. ക്രമസമാധാനം ഭദ്രമാണ്. കാര്‍ഷിക കടാശ്വാസനിയമം, നെല്‍കൃഷിക്ക് പലിശരഹിത വായ്പ, നെല്ല് സംഭരണം, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കല്‍, എസ്എസ്എല്‍സിയുടെ അധിക വിജയം, പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും, ആശുപത്രികളുടെ നവീകരണം, മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍, ആദിവാസികള്‍ക്കും ഇതര പട്ടിക വിഭാഗങ്ങള്‍ക്കും ഭൂമി നല്‍കല്‍-ഇങ്ങനെ നാനാമേഖലയിലെയും നേട്ടങ്ങള്‍ അസംഖ്യം. പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങുമില്ല. വിഴിഞ്ഞം തുറമുഖമടക്കം പുതിയ പദ്ധതികള്‍ വരുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. എതിര്‍പ്രചാരണങ്ങള്‍ ഏശുന്നില്ല.

അടുത്ത വര്‍ഷം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുക മാത്രമല്ല, വകുപ്പുവിഭജനംകൂടി നടത്തിയിരുന്നു യുഡിഎഫ്. മാധ്യമ സഹായത്തോടെ ജയിച്ചുകയറാമെന്ന ആ ധാരണ പതുക്കെ മാറിയത്, സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുമാത്രമല്ല. കേന്ദ്ര യുപിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി എടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങള്‍, പെട്രോളിയം വിലവര്‍ധന, വിലക്കയറ്റം -ഏറ്റവുമൊടുവില്‍ റബര്‍ ഇറക്കുമതി തീരുമാനം. എല്ലാം യുഡിഎഫിനെതിരായ ജനവികാരം ശക്തിപ്പെടുത്തുന്നതാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെയാകട്ടെ കേന്ദ്രസര്‍ക്കാരും മന്ത്രിമാരും അഭിനന്ദിക്കേണ്ടിവരുന്നു. ദേശീയ അവാര്‍ഡുകളും അംഗീകാരങ്ങളും സംസ്ഥാനത്തിന് നല്‍കേണ്ടിവരുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നുണ്ട്.

മുന്‍ യുഡിഎഫ് ഭരണകാലത്ത് 121 വര്‍ഗീയ സംഘട്ടനം ഉണ്ടായി; 18 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷമില്ല. മതഭീകരതയുടെ ശക്തികള്‍ യുഡിഎഫിന്റെ കൊടിത്തണലിലാണ്. മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞപ്പോഴും അങ്ങനെ ആക്രമിക്കപ്പെട്ട അധ്യാപകനെ വീണ്ടും ശിക്ഷിച്ച് കോളേജില്‍നിന്ന് പുറത്താക്കിയപ്പോഴും പ്രതികരിക്കാന്‍ യുഡിഎഫിന് ശേഷിയില്ല. ഏറ്റവും പ്രതിലോമകരമായ, മനുഷ്യത്വരഹിതമായ ആശയങ്ങളും പ്രവൃത്തിയും കൊണ്ടുനടക്കുന്ന ശക്തികളെ യുഡിഎഫ് സഹായിക്കുന്നു; അവരില്‍നിന്ന് സഹായം സ്വീകരിക്കുന്നു. യുഡിഎഫിലേക്ക് പുതുതായി ജോസഫ് ഗ്രൂപ്പിനെ എത്തിക്കാനും മാണി ഗ്രൂപ്പുമായി ലയിപ്പിക്കാനും കാര്‍മികത്വം വഹിച്ചത് ഏതാനും മതമേലധികാരികളാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗും എന്‍ഡിഎഫും വേര്‍തിരിച്ചറിയാന്‍ പറ്റാത്തവണ്ണം ഒന്നിച്ചാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നത്. അത് എം കെ മുനീര്‍ തുറന്നു പറയുന്നു; കുഞ്ഞാലിക്കുട്ടി ഒളിപ്പിച്ചുവയ്ക്കുന്നു. ഇങ്ങനെ യുഡിഎഫ് രാഷ്ട്രീയം വര്‍ഗീയതകളുടെ പിടിയിലാണിന്ന്.

എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ കലാപങ്ങള്‍ കത്തിക്കാന്‍ ആരെയും അനുവദിച്ചില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന ലഭിച്ചയുടനെ കര്‍ക്കശ നടപടിയുണ്ടായി. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരെയാകെ പിടികൂടിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം തുടര്‍ന്നാല്‍ യുഡിഎഫിന് നില്‍ക്കക്കള്ളിയുണ്ടാകില്ല. നേര്‍വഴിയില്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ ചെറുത്തുതോല്‍പ്പിക്കാനാവില്ല.

മലപ്പുറത്തുണ്ടായ വിഷക്കള്ള്ദുരന്തവും കോഴിക്കോട്ടെ കള്ളനോട്ട് കേസും സവിശേഷമായി പരിശോധിക്കപ്പെടേണ്ട പ്രശ്നങ്ങളാകുന്നത് ഈ അവസ്ഥയിലാണ്. അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും യുഡിഎഫിന്റെ ചില സമുന്നതനേതാക്കള്‍ ഈയിടെ നടത്തിയ സന്ദര്‍ശനങ്ങളും അവിടങ്ങളില്‍ നടന്ന കൂടിക്കാഴ്ചകളും ഇതോട് ചേര്‍ത്തുവച്ച് പരിശോധിക്കേണ്ടതുമുണ്ട്.

മലപ്പുറത്ത് വിഷക്കള്ളു കുടിച്ച് കൂട്ടമരണമുണ്ടായപ്പോള്‍, പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതന്‍ സ്വമേധയാ ഒരു പ്രഖ്യാപനം നടത്തി-35 കൊല്ലമായി നടത്തിവന്ന കള്ളുകച്ചവടം താന്‍ അവസാനിപ്പിക്കുകയാണെന്ന്. അതാകട്ടെ, വയലാര്‍ രവിയുടെ ഉപദേശപ്രകാരമാണെന്നും. ഇത്രയും കൊല്ലം അച്യുതനും കുടുംബവും കള്ളു വിറ്റിട്ടുണ്ട്. വയലാര്‍ രവിയോ മറ്റാരെങ്കിലുമോ അതു നിര്‍ത്താന്‍ ഉപദേശിച്ചിട്ടില്ല. മലപ്പുറത്ത് വിഷക്കള്ളു വിറ്റതിന് അച്യുതനും രവിക്കും എന്തിന് കുറ്റബോധമുണ്ടാകണം? ഇപ്പോള്‍ എക്സൈസ് കമീഷണര്‍ പറയുന്നത്, പാലക്കാട് ജില്ലയിലെ കള്ളുഷാപ്പില്‍ റെയ്ഡ് നടത്തുന്നതിനെതിരെ അച്യുതന്‍ മൂന്നുമാസം മുമ്പ് ഇടപെട്ടിരുന്നുവെന്നാണ്. അച്യുതന്‍ അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങളിലേക്കുപോകാതെ തന്നെ കോണ്‍ഗ്രസും വിഷക്കള്ളു ലോബിയും തമ്മിലുള്ള ബന്ധം വ്യക്ത്യമാവുകയാണിവിടെ. കള്ളില്‍ സ്പിരിറ്റ് നേരിയതോതില്‍ ചേര്‍ത്താലൊന്നും കുടിക്കുന്നവര്‍ മരിച്ചുപോകില്ല. മീതൈല്‍ ആള്‍ക്കഹോള്‍ അമിതമായി ചേര്‍ത്താലാണ് അപകടമുണ്ടാവുക. അങ്ങനെ വരണമെങ്കില്‍ അബദ്ധമല്ല, ബോധപൂര്‍വമായ വിഷംചേര്‍ക്കല്‍തന്നെ ഉണ്ടാകണം. സംശയങ്ങള്‍ പലതാണ്. അട്ടിമറിയുടെ സാധ്യതകള്‍ പ്രകടമായി ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി, എക്സൈസ് മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ആ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം മറയില്ലാതെ വ്യക്തമായി. സ്വമേധയാ കുറ്റം സമ്മതിച്ച് കള്ളുകച്ചവടം നിര്‍ത്തിയ അച്യുതന്‍ കോണ്‍ഗ്രസിന്റെ ഉന്നതസ്ഥാനത്ത് തുടരുമ്പോള്‍തന്നെയാണ് ഇതെന്നും ഓര്‍ക്കണം.

ഏതു കുറ്റകൃത്യവും തെളിയിക്കാനുള്ള പ്രാഥമികമായ അന്വേഷണം, ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം എന്നതാണ്. ഇവിടെ, കള്ളുദുരന്തത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്(അതിന് സാധിക്കുന്നില്ലെങ്കിലും) യുഡിഎഫാണ്. അട്ടിമറിയോ ഈ ദുരന്തം എന്ന അന്വേഷണം അവിടെ തുടങ്ങണം.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത് കോഴിക്കോട്ടുനിന്നുള്ള കള്ളനോട്ട് കേസാണ്. ആയിരം രൂപയുടെ പുത്തന്‍ കള്ളനോട്ടുകള്‍ പിടിച്ചതാണ് സംഭവം. മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ ആദ്യം ഡ്രൈവറും പിന്നീട് അഡിഷണല്‍ പിഎയുമായിരുന്ന; അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ താമസിക്കാറുള്ള വിശ്വസ്തന്‍ നിസാറാണ് പണം കോഴിക്കോട്ട് എത്തിച്ചത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. കള്ളനോട്ട് വന്‍തോതില്‍ വന്നുവെന്നും അതില്‍ ആയിരത്തിന്റെ ഒമ്പതുനോട്ടാണ് പിടിക്കപ്പെട്ടതെന്നുമാണ് വാര്‍ത്ത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒഴുക്കാനുള്ളതാണ് ഈ കള്ളനോട്ടെന്നാണ് ഒരു നിഗമനം. പണംകൊടുത്ത് വോട്ടുവാങ്ങുന്നതും തെരഞ്ഞെടുപ്പുകളില്‍ വന്‍തോതില്‍ പണം ഒഴുക്കുന്നതും യുഡിഎഫിന്റെ; വിശിഷ്യ മുസ്ളിം ലീഗിന്റെ പതിവാണ്. കള്ളപ്പണം മാത്രമല്ല കള്ളനോട്ടും വന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വിവരമാണ്.

രാജ്യദ്രോഹം നടത്തിയും തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുഡിഎഫിന്റെ പടയോട്ടത്തില്‍ കള്ളനോട്ടും ആയുധമാകുന്നുവോ? കള്ളും കള്ളനോട്ടുംകൊണ്ട് എല്‍ഡിഎഫിനെതിരെ കളിക്കുകയാണ് യുഡിഎഫ്. ഇത് നിസ്സാരപ്രശ്നമല്ല. ഇതിനോട് ശക്തമായ പ്രതികരണങ്ങള്‍തന്നെ ഉണ്ടായില്ലെങ്കില്‍ വലിയ അപകടത്തിലാവും നാട് ചെന്നു വീഴുക. ഇത്തരം പ്രശ്നങ്ങളോട് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ എടുക്കുന്ന നിസ്സംഗ സമീപനംതന്നെ അവയുടെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. നീതിമാനായ ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട എക്സൈസ് കമീഷണര്‍ സുബ്ബയ്യ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതനെ തൊട്ടുകാട്ടിയപ്പോള്‍, അക്കാര്യം തുറന്നെഴുതാന്‍ ഈ മാന്യമാധ്യമങ്ങള്‍ തയ്യാറാകാത്തതു മാത്രം ഉദാഹരണമായെടുക്കുക. തറനിലവാരത്തിലും താഴുകയാണ്-യുഡിഎഫും ചില മാധ്യമങ്ങളും. ഇത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജന്‍ഡയല്ലാതെ മറ്റെന്ത്?

4 comments:

manoj pm said...

രാജ്യദ്രോഹം നടത്തിയും തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുഡിഎഫിന്റെ പടയോട്ടത്തില്‍ കള്ളനോട്ടും ആയുധമാകുന്നുവോ? കള്ളും കള്ളനോട്ടുംകൊണ്ട് എല്‍ഡിഎഫിനെതിരെ കളിക്കുകയാണ് യുഡിഎഫ്. ഇത് നിസ്സാരപ്രശ്നമല്ല. ഇതിനോട് ശക്തമായ പ്രതികരണങ്ങള്‍തന്നെ ഉണ്ടായില്ലെങ്കില്‍ വലിയ അപകടത്തിലാവും നാട് ചെന്നു വീഴുക. ഇത്തരം പ്രശ്നങ്ങളോട് യുഡിഎഫ് അനുകൂല മാധ്യമങ്ങള്‍ എടുക്കുന്ന നിസ്സംഗ സമീപനംതന്നെ അവയുടെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. നീതിമാനായ ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട എക്സൈസ് കമീഷണര്‍ സുബ്ബയ്യ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതനെ തൊട്ടുകാട്ടിയപ്പോള്‍, അക്കാര്യം തുറന്നെഴുതാന്‍ ഈ മാന്യമാധ്യമങ്ങള്‍ തയ്യാറാകാത്തതു മാത്രം ഉദാഹരണമായെടുക്കുക. തറനിലവാരത്തിലും താഴുകയാണ്-യുഡിഎഫും ചില മാധ്യമങ്ങളും. ഇത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് അജന്‍ഡയല്ലാതെ മറ്റെന്ത്

ramachandran said...

വിവാദങ്ങളും ഭരണവിരുദ്ധവികാരവും മറികടക്കാന്‍ ഇടതുമുന്നണി

Text Size:

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പിനായി അസ്വാരസ്യങ്ങളിലാതെ സീറ്റു വിഭജനം പൂര്‍ത്തിയാവുമ്പോഴും ഇടതുമുന്നണിയെ അലട്ടുന്നത്‌ ഭരണ വിരുദ്ധവികാരവും വിവാദങ്ങളും. ലോട്ടറി വിവാദവും മലപ്പുറം മദ്യദുരന്തവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു.

മൂന്നാര്‍ ഓര്‍ഡിനന്‍സിന്റെ പേരില്‍ മുഖ്യമന്ത്രിയും സി.പി.ഐയും തമ്മിലുള്ള അനൈക്യവും എല്‍.ഡി.എഫിന്‌ തലവേദനയാണ്‌. സി.പി.എമ്മിലെ വിഭാഗീയതയ്‌ക്ക് ശമനമുണ്ടെന്നത്‌ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ്‌ മുന്നണി നേതാക്കള്‍.

തെരഞ്ഞെടുപ്പ്‌ വിജയം ഇക്കുറി എളുപ്പമാവില്ലെന്ന്‌ സി.പി.എം. വിലയിരുത്തുമ്പോള്‍ മികച്ച വിജയം നേടാനാവുമെന്നും സാഹചര്യങ്ങള്‍ അനുകൂലമാണെന്നുമാണ്‌ സി.പി.ഐ, ആര്‍.എസ്‌.പി സംസ്‌ഥാന നേതൃയോഗങ്ങളുടെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ച സി.പി.എം. ഇക്കാര്യം മൂന്നു മേഖലാ യോഗങ്ങളിലായി അണികളെ അറിയിച്ചുകഴിഞ്ഞു.

2005ല്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ്‌ വിട്ടുപോയവര്‍ രൂപീകരിച്ച ഡി.ഐ.സി. ഇടതു മുന്നണിക്കൊപ്പം നിലയുറപ്പിച്ചിരുന്നു. ശക്‌തമായ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിലെ തമ്മില്‍ത്തല്ലും എല്‍.ഡി.എഫിന്‌ മികച്ച വിജയം നേടിക്കൊടുത്തു. അവശിഷ്‌ട യു.ഡി.എഫാണ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന്‌ സി.പി.എം. കളിയാക്കിയിരുന്നു.

സമാനമായ സാഹചര്യത്തിലാണ്‌ ഇത്തവണ ഇടതു മുന്നണി. ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം, കേരളാ കോണ്‍ഗ്രസ്‌ പി.ജെ. ജോസഫ്‌ വിഭാഗം, പി.സി. ജോര്‍ജ്‌ വിഭാഗം എന്നിവര്‍ യു.ഡി.എഫ്‌. പാളയത്തില്‍ ചേക്കേറി. ഈ പാര്‍ട്ടികളുടെ അവശിഷ്‌ടങ്ങളെയാണ്‌ എല്‍.ഡി.എഫില്‍ നിലനിര്‍ത്താനായത്‌. ഇതിനു പുറമേ പ്രാദേശികതലത്തില്‍ സി.പി.എമ്മിനകത്തെ വിഭാഗീയതയും ഇടതുമുന്നണിയെ അലട്ടുന്നു.

സി.പി.എമ്മില്‍നിന്നു പുറത്താക്കപ്പെട്ടവരുടേയും പുറത്തുപോയവരുടേയും സാന്നിധ്യം ഒഞ്ചിയം, നരുവാമൂട്‌, ഷൊര്‍ണൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ വലിയ തലവേദന സൃഷ്‌ടിക്കും. കിനാലൂര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ തിരിച്ചടിയുണ്ടാക്കുമെന്ന ഭീതി ഇടതു മുന്നണിക്കുണ്ട്‌.

നേതാക്കളുടെ മദ്യ മാഫിയ ബന്ധം തുറന്നുകാട്ടി മദ്യദുരന്തം യു.ഡി.എഫിനെതിരായ ആയുധമാക്കാനാണ്‌ ഇടതു മുന്നണിയുടെ നീക്കം.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതും കെട്ടിഘോഷിച്ച മൂന്നാര്‍ ഓപ്പറേഷനും സ്‌മാര്‍ട്‌സിറ്റിയും പാതിവഴിയില്‍ മുടങ്ങിയതും സര്‍ക്കാരിനെതിരായ വികാരമായി വളര്‍ന്നേക്കും.

വഴിമുട്ടിയ ദേശീയപാതാ വികസനം, പി.ജെ. ജോസഫ്‌ മന്ത്രിയായിരുന്നപ്പോള്‍ പൊതുമരാമത്തില്‍ അഴിമതി നടന്നുവെന്ന തോമസ്‌ ഐസക്കിന്റെ ആരോപണം, മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള അഭിപ്രായഭിന്നത എന്നിവയും ഇടതു മുന്നണിയെ ഭയപ്പെടുത്തുന്ന ഘടകങ്ങളാണ്‌.

-തനേഷ്‌ തമ്പി 15/09/10-mangalam

mangalamaeena valathupksha veshyude charithra prasangam...!

msntekurippukal said...

ദയവായി ഈ ബ്ലോഗില്‍ വരുന്നവര്‍ താഴേ കാണുന്ന ബ്ലോഗില്‍ കൂടിയും കടന്നു പോകണമെന്ന് അഭ്യറ്ധ്ഹിക്കുന്നു.
http://msntekurippukal.blogspot.com/2010/12/blog-post.html

msntekurippukal said...

ദയവായി ഈ ബ്ലോഗില്‍ വരുന്നവര്‍ താഴേ കാണുന്ന ബ്ലോഗില്‍ കൂടിയും കടന്നു പോകണമെന്ന് അഭ്യറ്ധ്ഹിക്കുന്നു.
http://msntekurippukal.blogspot.com/2010/12/blog-post.html