Thursday, September 2, 2010

നശീകരണ നിവേദനം

തന്റെ രണ്ടുകണ്ണും പോയാലും പ്രശ്നമല്ല; ശത്രുവിന്റെ ഒരു കണ്ണെങ്കിലും പോകുമല്ലോ എന്നാശ്വസിക്കുന്ന നശീകരണ ന്യായക്കാരുണ്ട്. എതിരാളിയെ മോശപ്പെടുത്തുമ്പോള്‍ മറ്റാര്‍ക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് അവര്‍ നോക്കാറില്ല. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പുരസ്കാരങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാര്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പരാതിപ്പെട്ട വാര്‍ത്ത അത്തരമൊരു ന്യായത്തെ ഓര്‍മിപ്പിക്കുന്നു.

കേരളത്തിന് പുരസ്കാരങ്ങളോ മറ്റ് അംഗീകാരങ്ങളോ കിട്ടാന്‍ പാടില്ല; കേരള മാതൃക പ്രകീര്‍ത്തിക്കപ്പെടരുത്-അങ്ങനെ വന്നാല്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാകും എന്നു വിശദീകരിക്കുന്ന വിചിത്രമായ നിവേദനമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കിട്ടിയത്. കേരളത്തില്‍ ദീര്‍ഘകാലം കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന; ഇപ്പോള്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ വയലാര്‍ രവിയാണ് ഈ നിവേദനവുമായി ചെന്ന സംഘത്തെ നയിച്ചത്. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ പി സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം ഐ ഷാനവാസ്, എം കെ രാഘവന്‍, പീതാംബരക്കുറുപ്പ്, ചാള്‍സ് ഡയസ് എന്നിവരാണ് വയലാര്‍ രവിയെ അനുഗമിച്ചതെന്നും വാര്‍ത്തയില്‍ കാണുന്നു.

കേരളം കഴിഞ്ഞ നാലുവര്‍ഷത്തിനകം നേടിയ അംഗീകാരങ്ങളുടെ ബാഹുല്യമാണ് ഇത്തരമൊരു പ്രകോപനത്തിന് കാരണമായത്. ഏറ്റവും മികച്ച പഞ്ചായത്തിരാജ് സംവിധാനത്തിനുള്ള 2009-10ലെ ദേശീയ പുരസ്കാരം തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് കൈമാറിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ്. രാഷ്ട്രപതിയുടെ നിര്‍മല്‍ ഗ്രാമ പുരസ്കാരം ഏറ്റവും കൂടുതല്‍ നേടിയത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്- 869 ഗ്രാമപഞ്ചായത്തും 105 ബ്ളോക്ക് പഞ്ചായത്തും. രാജ്യത്തെ വന്‍നഗരങ്ങളില്‍ ശുചിത്വപരിപാലനത്തിനുള്ള അവാര്‍ഡ് കൊച്ചിക്കും തിരുവനന്തപുരത്തിനും ലഭിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതി നിര്‍വഹണമികവില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെയാണ് ദേശീയ ഉന്നതതല കമ്മിറ്റി തെരഞ്ഞെടുത്തത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് മികച്ച രൂപത്തില്‍ നടപ്പാക്കിയ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. തൊഴില്‍വകുപ്പിനുള്ള പുരസ്കാരം കേന്ദ്ര തൊഴില്‍മന്ത്രി തിരുവനന്തപുരത്തെത്തിയാണ് സമ്മാനിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ കപ്യൂട്ടര്‍വല്‍ക്കരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക വഴി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് രണ്ട് ദേശീയ അവാര്‍ഡ് ലഭിച്ചു. സര്‍വശിക്ഷാ അഭിയാന്‍ ഏറ്റവും മികച്ച രൂപത്തില്‍ നടപ്പാക്കിയതിനും ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ഇ ഗവേണന്‍സ് സംവിധാനത്തിനും കേരളം ദേശീയാംഗീകാരം കരസ്ഥമാക്കി.

കേന്ദ്ര നഗര വികസന മന്ത്രാലയവും ലോകബാങ്ക് സൌത്ത് ഏഷ്യന്‍ വാട്ടര്‍ സാനിട്ടേഷനും ജല അതോറിറ്റിയെ പ്രത്യേക അംഗീകാരത്തിന് തെരഞ്ഞെടുത്തു. ശുദ്ധജലവിതരണരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിന് ഇന്ത്യാ ടുഡേയുടെ ഭാരത് നിര്‍മാണ്‍ അവാര്‍ഡും ജലവിഭവവകുപ്പിനു കിട്ടി. പരിസ്ഥിതി പുനര്‍ജീവനത്തിനുള്ള അന്തര്‍ദേശീയ അംഗീകാരം അട്ടപ്പാടി അഹാഡ്സിനെ തേടിയെത്തി.

ക്രമസമാധാനപാലനത്തിലെ മികവിനുള്ള ദേശീയ അവാര്‍ഡിന് കേരളത്തെയാണ് ഇന്ത്യാ ടുഡേ തെരഞ്ഞെടുത്തത്. കേന്ദ്രധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചത്. മൂന്നു തവണ കേരളം ഈ അവാര്‍ഡിനര്‍ഹമായി. വിവിധ രാജ്യങ്ങളിലെ പൊലീസ് മേധാവികളുടെ അന്താരാഷ്ട്ര സംഘടന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനും ജനസൌഹൃദ പരിപാടിക്കുമുള്ള അവാര്‍ഡിന് കൊച്ചി സിറ്റി പൊലീസിനെ തെരഞ്ഞെടുത്തു. ഏഷ്യയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി പാലക്കാട് സൌത്ത് പൊലീസ് സ്റ്റേഷനെ ആള്‍ടിസ് തെരഞ്ഞെടുത്തു.

സംസ്ഥാന ടൂറിസം വകുപ്പ് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് നടത്തിയ പഠനത്തിലും കേരളം ഒന്നാമതെത്തി. ഊര്‍ജമേഖലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് സംസ്ഥാനത്തില്‍ ഒന്നായി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരളത്തെയാണ് തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ഊര്‍ജ ഉച്ചകോടിയില്‍ മന്ത്രി എ കെ ബാലനാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഐബിഎന്‍-ഔട്ട്ലുക്ക് സര്‍വേയില്‍ ക്രമസമാധാനപാലനം, ആരോഗ്യസംരക്ഷണം, പശ്ചാത്തല സൌകര്യവികസനം, പരിസ്ഥിതി സംരക്ഷണം എന്നീ രംഗങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമായിരുന്നു. ഇതിനുള്ള അവാര്‍ഡ് സ്പീക്കര്‍ മീരാകുമാറില്‍നിന്ന് മന്ത്രി സി ദിവാകരനാണ് സ്വീകരിച്ചത്.

സാധാരണ നിലയില്‍ ഇത്തരം അംഗീകാരങ്ങള്‍ ഏതൊരു കേരളീയനെയും അഭിമാനത്തിന്റെ ഉത്തുംഗത്തിലേക്കുയര്‍ത്തേണ്ടതാണ്. സ്വന്തം സംസ്ഥാനത്തിന് അംഗീകാരം കൊടുക്കാന്‍ പാടില്ലെന്ന് അവിടത്തെ ജനപ്രതിനിധികള്‍തന്നെ നിവേദനം നല്‍കുന്നത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ അത്ഭുതപ്രതിഭാസംതന്നെ. തെരഞ്ഞെടുപ്പില്‍ നാലു വോട്ടുകിട്ടാന്‍ പലപല അരുതായ്മകളും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. ഇത്തരമൊന്ന് പക്ഷേ, ആദ്യമാണെന്ന് തോന്നുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിനല്‍കാനും വിദ്യാഭ്യാസ പരിഷ്കരണത്തിനും മുന്‍കൈയെടുത്തപ്പോള്‍ 57ലെ ഇ എം എസ് ഗവമെന്റിനെ അട്ടിമറിക്കാന്‍ സമരംനയിച്ച രാഷ്ട്രീയ ദുരാചാരത്തിന്റെ പുതിയ പതിപ്പാണിത്.

കേരളത്തിന് ദേശീയതലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ മിമിക്രിയോ ഗോഷ്ടിയോ കാണിച്ചല്ല. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതുകൊണ്ടാണ്. ജനങ്ങളെ സേവിക്കുന്ന സര്‍ക്കാരാണല്ലോ പ്രകീര്‍ത്തിക്കപ്പെടുക. അങ്ങനെ പുരസ്കാരങ്ങള്‍ ലഭിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് രാഷ്ട്രീയ നേട്ടമാകുമെന്നാണ് വയലാര്‍ രവിയും സംഘവും പറയുന്നത്. എം ഐ ഷാനവാസിന്റെ മണ്ഡലമായ വയനാട്ടിലും എം കെ രാഘവന്റെ കോഴിക്കോട്ടും കുറുപ്പിന്റെ കൊല്ലത്തുമെല്ലാം നടത്തിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളമാതൃക ഉരുത്തിരിഞ്ഞതെന്നും ആ മാതൃകയ്ക്കാണ് പുരസ്കാരങ്ങള്‍ ലഭിക്കുന്നതെന്നും മനസിലാകാതിരിക്കാന്‍മാത്രം ബുദ്ധികുറഞ്ഞവരല്ല വയലാര്‍ രവിയും കൂട്ടരും. എന്നിട്ടും പരസ്യമായി ഇത്തരമൊരു കുത്സിതപ്രവര്‍ത്തനത്തിന് ഒരുമ്പെടണമെങ്കില്‍, എല്‍ഡിഎഫ് സര്‍ക്കാരിനെ എത്രമാത്രം അവര്‍ ഭയപ്പെടുന്നു എന്നാണ് ചിന്തിക്കേണ്ടത്. എല്‍ഡിഎഫിനെതിരെ എത്ര തരംതാണ ആക്രമണം നടത്താനും ഇവര്‍ മടിച്ചുനില്‍ക്കില്ല എന്ന സന്ദേശംകൂടിയുണ്ടിതില്‍.

കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും ചിറ്റമ്മ നയത്തിനും ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. കയ്പേറിയ അത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ പ്രതിപക്ഷത്തെക്കൂടി ഇടപെടുവിച്ച് കേന്ദ്രത്തിന്റെ ശ്രദ്ധയും സഹായവും നേടിയെടുക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. സംയുക്ത നിവേദനങ്ങള്‍, നിവേദക സംഘങ്ങള്‍-അങ്ങനെ. ഇത്തരം സമ്മര്‍ദവും നിര്‍ബന്ധവുമുണ്ടായിട്ടുപോലും റേഷനരി വിഹിതമുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കൊടിയ കേരള വിരോധമാണ് യുപിഎ സര്‍ക്കാര്‍ കാണിച്ചത്. ഇനി കേരളത്തിന് അവാര്‍ഡ് കൊടുക്കരുതെന്ന് സോണിയ ഗാന്ധിയെ നേരില്‍ കണ്ട് ആവശ്യപ്പെടാമെങ്കില്‍, കേരളത്തെ ദ്രോഹിക്കാന്‍ രഹസ്യമായി ഇവര്‍ക്ക് എന്തൊക്കെ ചെയ്തുകൂടാ. ഈ നിവേദനക്കാരായ എംപിമാരും കേന്ദ്ര മന്ത്രിയും യുപിഎ സര്‍ക്കാരിന്റെ കേരളവിരോധം എങ്ങനെയുണ്ടായി എന്നതിന്റെ തെളിവുകൂടിയാണ് സ്വന്തം പ്രവൃത്തിയിലൂടെ അനാവരണം ചെയ്തത്. പരാതി സോണിയ ഗൌരവപൂര്‍വം എടുത്തിട്ടുണ്ടെന്നാണ് കൊടിക്കുന്നില്‍ സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പരാതി കൊടുത്തവരുടെ മാനസികാവസ്ഥയാണോ അതല്ല, പരാതിയില്‍ ഉന്നയിച്ച പ്രശ്നങ്ങളാണോ ഗൌരവമായെടുത്തതെന്ന് കണ്ടറിയുകതന്നെ വേണം.

എന്തായാലും വയലാര്‍ രവിയും സംഘവും കേരളത്തിന്റെ ശത്രുക്കളാണ് എന്ന് വിരല്‍ചൂണ്ടി പറയാന്‍ ഇനി ആരും മടിക്കേണ്ടതില്ല-കുലദ്രോഹികള്‍ എന്നുതന്നെ വിളിക്കാം. ഇത്തരക്കാരെയാണല്ലോ വോട്ടുകൊടുത്ത് പറഞ്ഞയച്ചത് എന്ന് പശ്ചാത്തപിക്കുകയുമാകാം. ഐക്യകേരള രൂപീകരണവും ഭൂ-വിദ്യാഭ്യാസ പരിഷ്കരണങ്ങളുമടക്കം കേരളത്തിന്റെ ഇന്നത്തെ സവിശേഷമായ വളര്‍ച്ചയ്ക്കുപിന്നില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കിടയറ്റ സംഭാവനകളാണുള്ളതെന്ന അനിഷേധ്യ സത്യത്തെ പാഴ്മുറംകൊണ്ട് മറച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണിവ. വയലാര്‍ രവിയെപ്പോലെ മുതിര്‍ന്ന; കേന്ദ്ര മന്ത്രിപദം അലങ്കരിക്കുന്ന മാന്യദേഹം ഒരു കൂലിത്തല്ലുകാരന്റെ നിലവാരത്തിലേക്ക് താഴ്ത്തപ്പെടുകയാണ് ഇത്തരം നിലപാടുകളിലൂടെ. യുഡിഎഫിന്റെ രാഷ്ട്രീയം ഏതു ചെളിക്കുഴിയിലാണ് വീണുകിടക്കുന്നത് എന്നു മനസിലാക്കാന്‍ ഇതില്‍പരം ഒരുദാഹരണം വേണ്ടതില്ല.

എല്‍ഡിഎഫിന് അംഗീകാരമാകും എന്ന ഒറ്റക്കാരണംകൊണ്ട് കേരളത്തെ ദ്രോഹിക്കാന്‍ മടികാട്ടാത്ത ഈ രീതി യുഡിഎഫിന്റെ അംഗീകൃത നയമാണോ എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. കെപിസിസി നേതൃത്വവും ഘടക കക്ഷികളും അഭിപ്രായം തുറന്നുപറയാന്‍ തന്റേടം കാണിക്കണം.

5 comments:

manoj pm said...

തന്റെ രണ്ടുകണ്ണും പോയാലും പ്രശ്നമല്ല; ശത്രുവിന്റെ ഒരു കണ്ണെങ്കിലും പോകുമല്ലോ എന്നാശ്വസിക്കുന്ന നശീകരണ ന്യായക്കാരുണ്ട്. എതിരാളിയെ മോശപ്പെടുത്തുമ്പോള്‍ മറ്റാര്‍ക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് അവര്‍ നോക്കാറില്ല. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി പുരസ്കാരങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാര്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പരാതിപ്പെട്ട വാര്‍ത്ത അത്തരമൊരു ന്യായത്തെ ഓര്‍മിപ്പിക്കുന്നു.

കേരളത്തിന് പുരസ്കാരങ്ങളോ മറ്റ് അംഗീകാരങ്ങളോ കിട്ടാന്‍ പാടില്ല; കേരള മാതൃക പ്രകീര്‍ത്തിക്കപ്പെടരുത്-അങ്ങനെ വന്നാല്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാകും എന്നു വിശദീകരിക്കുന്ന വിചിത്രമായ നിവേദനമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കിട്ടിയത്. കേരളത്തില്‍ ദീര്‍ഘകാലം കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന; ഇപ്പോള്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായ വയലാര്‍ രവിയാണ് ഈ നിവേദനവുമായി ചെന്ന സംഘത്തെ നയിച്ചത്. കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരായ പി സി ചാക്കോ, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം ഐ ഷാനവാസ്, എം കെ രാഘവന്‍, പീതാംബരക്കുറുപ്പ്, ചാള്‍സ് ഡയസ് എന്നിവരാണ് വയലാര്‍ രവിയെ അനുഗമിച്ചതെന്നും വാര്‍ത്തയില്‍ കാണുന്നു.

ജനശക്തി said...

നാണക്കേടിനു പോലും നാ‍ണക്കേടായിക്കാണണം.

തെക്കടവന്‍ said...

മാധ്യമ ശിങ്കങ്ങളും ചാനല്‍ കുട്ടപ്പന്‍മാരും ഇടതുപക്ഷ നിരീക്ഷകന്മാര്‍ക്കും,കൌണ്ടര്‍ പൊയന്റിനും ,ന്യൂസ്‌ അവരിനും ,മുനീര്‍ വിഷനും വീരഭുമിക്കും വേണ്ടാതെ പോയ ,കണ്ടില്ലെന്നു നടിച്ച ഒരു വാര്‍ത്ത‍ ...
ഈ ഒരു സംഭവം മാത്രം മതി നശീകരണ കോണ്‍ഗ്രസിന്റെയും മുഘ്യധാര മാധ്യമക്കരെന്റെയും തനിനിറവും കാപട്ടിയവും മനസ്സിലാക്കാന്‍.... ത്ഫൂ....

ജിവി/JiVi said...
This comment has been removed by the author.
ജിവി/JiVi said...

ബഡുക്കൂസുകള്‍