"ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു'' എന്ന് ജനലക്ഷങ്ങള്‍ പ്രഖ്യാപിക്കുന്നതിന് വെള്ളിയാഴ്ച കേരളം സാക്ഷിയാകും. വിശ്വമഹാകവി ടാഗോറാണ് ഗാന്ധിജിയെ മഹാത്മാവെന്ന് വിളിച്ചത്. അധ്വാനമില്ലാത്ത സമ്പത്ത്, മനസാക്ഷിയില്ലാത്ത ആനന്ദം, വ്യക്തിത്വമില്ലാത്ത അറിവ്, ധാര്‍മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വമില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത മതം, ആദര്‍ശമില്ലാത്ത രാഷ്ട്രീയം എന്നീ ഏഴു കൊടുംപാപങ്ങളെക്കുറിച്ച് ആകുലപ്പെട്ട ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ അവസ്ഥയില്‍ പ്രസക്തിയുടെ നെറുകയില്‍തന്നെയാണ് നില്‍ക്കുന്നത്. രാജ്യം കൊള്ളയടിച്ച് അധ്വാനമില്ലാതെ സമ്പത്തുകൈക്കലാക്കാനുള്ള മൂലധനശക്തികള്‍ക്ക് എതിരെയാണ് സാധാരണ ജനങ്ങളുടെ വികാരം തിളച്ചുയരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ കൊടുങ്കാറ്റു സൃഷ്ടിച്ച; വിദേശ വസ്ത്രങ്ങള്‍ ചുട്ടുകരിക്കാനാഹ്വാനംചെയ്ത മഹാത്മാവിന്റെ ജന്മനാളില്‍, മറ്റൊരു അധിനിവേശത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധമായ മനുഷ്യച്ചങ്ങല കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കോര്‍ക്കപ്പെടുന്നത് സവിശേഷമായ ഗാന്ധിഅനുസ്മരണം കൂടിയാണ്.
ആസിയന്‍ കരാര്‍ എന്ന നീരാളിയുടെ പിടിത്തം കേരളത്തിന്റെ കാര്‍ഷിക-പരമ്പരാഗത മേഖലകളുടെ കഴുത്തില്‍ മുറുകുകയാണ്. കടംകയറി കയര്‍ക്കുരുക്കിലേക്ക് കഴുത്തുനീട്ടേണ്ടിവരുന്ന കര്‍ഷകനെയും പട്ടിണിയോടും കടലിനോടും ഒരേസമയം പോരടിക്കുന്ന മത്സ്യത്തൊഴിലാളിയെയും നോക്കി പരിഹസിച്ചു ചിരിക്കുന്നവര്‍ക്കേ ആസിയന്‍ കരാറിനെ ന്യായീകരിക്കാനാവൂ. ആ പരിഹാസച്ചിരിയാണ് മനുഷ്യച്ചങ്ങലയെ അധിക്ഷേപിക്കുന്നവരില്‍നിന്നും മുഴങ്ങുന്നത്. വലതുപക്ഷത്തോടൊപ്പം ചില ഇടതുപക്ഷ വേഷങ്ങളും അധിക്ഷേപത്തിന്റെയും അപഹാസത്തിന്റെയും വാക്കുകളുമായി ഇറങ്ങിയിരിക്കുന്നു. ഇടതുപക്ഷത്തിന് ഇടതുസത്ത നഷ്ടപ്പെട്ടെന്ന് വിലപിക്കുന്നവര്‍തന്നെ, മനുഷ്യ മഹാശൃംഖലയിലൂടെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമുന്നേറ്റം സൃഷ്ടിക്കാന്‍ കേരളം ഒരുങ്ങുമ്പോള്‍ പുറംതിരിഞ്ഞുനില്‍ക്കുന്നു. പ്രകടനപരതയിലൂടെ, ചമല്‍ക്കാര ഭംഗിയില്‍ ചിട്ടപ്പെടുത്തിയ പുസ്തകങ്ങളിലൂടെ രാജ്യത്തിന്റെ പരമാധികാരവും കര്‍ഷക പ്രണയവും അധിനിവേശത്തിന്റെ ആപത്തും പറഞ്ഞുകൊണ്ടാടിയവര്‍ക്ക് ഇന്ന് വിധേയത്വത്തിന്റെ വളഞ്ഞ നട്ടെല്ലായിരിക്കുന്നു. ഇടതുപക്ഷ കപടനാട്യമാടുന്നവര്‍ക്ക് ആസിയന്‍ കരാറിനോടല്ല, ഇടതുപക്ഷ പ്രസ്ഥാനത്തോടാണ്; അതിന്റെ അമരത്തുള്ള സിപിഐ എമ്മിനോടാണ് എതിര്‍പ്പെന്ന് അവരുടെ നിസ്സംഗതയിലൂടെ തെളിയുന്നു. ഇത്തരം കള്ളനാണയങ്ങള്‍ക്കെല്ലാമെതിരായ ഉശിരന്‍ താക്കീതുകൂടിയാണ് കേരളം കോര്‍ക്കുന്ന സമരശൃംഖല.
കൊച്ചു പ്രതിഷേധങ്ങളുടെയും പ്രചാരണങ്ങളുടെയും ഉയര്‍ന്ന രൂപമാണ് വെള്ളിയാഴ്ച വൈകിട്ട് യാഥാര്‍ഥ്യമാകുന്ന മനുഷ്യച്ചങ്ങല. അത് കേരളത്തിന്റെ ശബ്ദം അതിര്‍ത്തികള്‍ക്കപ്പുറവും കേള്‍പ്പിക്കും. ഈ പ്രതിഷേധം ആസിയന്‍ കരാറിന്റെ ഉപജ്ഞാതാക്കളെ പരിഭ്രമിപ്പിച്ചിരിക്കുന്നു. അവര്‍ 'ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള' പത്രപ്പരസ്യങ്ങളും ബദല്‍പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നു. മനുഷ്യച്ചങ്ങല സൃഷ്ടിക്കപ്പെടുന്നതിനുമുമ്പുതന്നെ ലക്ഷ്യം കാണുകയാണ്. അതെ, ഈ ഗാന്ധിജയന്തി കേരളം പ്രതിരോധപ്രതിജ്ഞയെടുക്കുന്ന ദിനമാണ്. കേരളീയന്‍ ജീവിക്കാനുള്ള അവകാശത്തിനായി കൈകോര്‍ക്കുന്ന ദിനമാണ്.
ഡല്‍ഹിയില്‍ സ്വാതന്ത്ര്യലബ്ധി ആഘോഷിക്കപ്പെടുമ്പോള്‍ നവഖാലിയിലെ കലാപഭൂമിയില്‍ കണ്ണീരൊപ്പുകയായിരുന്നു മഹാത്മാവ്. ഇന്ന് 'ഗാന്ധിശിഷ്യര്‍' രാജ്യത്തെ പണയംവയ്ക്കുന്ന കരാറിന്റെ വക്താക്കളായി മാറുമ്പോള്‍, രാജ്യരക്ഷയ്ക്കായി; ജനങ്ങളുടെ നന്മയ്ക്കായി കൈകള്‍കോര്‍ത്ത് രാജവീഥിയിലേക്ക് കൂട്ടത്തോടെ ഇറങ്ങിവരുന്നവര്‍ ഗാന്ധിജിയുടെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി ത്യാഗമനുഷ്ഠിക്കുന്നു. ചെങ്കൊടിയേന്തി കേരളം സമരഭൂമിയിലേക്കുകുതിക്കുക മാത്രമല്ല, ഗാന്ധിജിയെയും മഹാത്മാവിന്റെ സാമ്രാജ്യവിരുദ്ധ പോരാട്ടത്തെയും ഓര്‍മിക്കുക കൂടിയാണ്. നാടിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ഈ കൂട്ടായ്മയല്ലാതെ മറ്റെന്താണ് ഗാന്ധിജിക്ക് നല്‍കാനുള്ള ഉചിതമായ സ്മരണോപഹാരം. ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം നവകൊളോണിയല്‍ മേധാവിത്വ നീക്കങ്ങള്‍ക്കു പണയപ്പെടുത്തുന്നതിനെ ചെറുക്കുമെന്ന പ്രഖ്യാപനമില്ലാതെ ഗാന്ധി അനുസ്മരണം പ്രസക്തമാകുന്നതെങ്ങിനെ?
5 comments:
"ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു'' എന്ന് ജനലക്ഷങ്ങള്‍ പ്രഖ്യാപിക്കുന്നതിന് വെള്ളിയാഴ്ച കേരളം സാക്ഷിയാകും. വിശ്വമഹാകവി ടാഗോറാണ് ഗാന്ധിജിയെ മഹാത്മാവെന്ന് വിളിച്ചത്. അധ്വാനമില്ലാത്ത സമ്പത്ത്, മനസാക്ഷിയില്ലാത്ത ആനന്ദം, വ്യക്തിത്വമില്ലാത്ത അറിവ്, ധാര്‍മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വമില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത മതം, ആദര്‍ശമില്ലാത്ത രാഷ്ട്രീയം എന്നീ ഏഴു കൊടുംപാപങ്ങളെക്കുറിച്ച് ആകുലപ്പെട്ട ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ അവസ്ഥയില്‍ പ്രസക്തിയുടെ നെറുകയില്‍തന്നെയാണ് നില്‍ക്കുന്നത്. രാജ്യം കൊള്ളയടിച്ച് അധ്വാനമില്ലാതെ സമ്പത്തുകൈക്കലാക്കാനുള്ള മൂലധനശക്തികള്‍ക്ക് എതിരെയാണ് സാധാരണ ജനങ്ങളുടെ വികാരം തിളച്ചുയരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ കൊടുങ്കാറ്റു സൃഷ്ടിച്ച; വിദേശ വസ്ത്രങ്ങള്‍ ചുട്ടുകരിക്കാനാഹ്വാനംചെയ്ത മഹാത്മാവിന്റെ ജന്മനാളില്‍, മറ്റൊരു അധിനിവേശത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധമായ മനുഷ്യച്ചങ്ങല കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കോര്‍ക്കപ്പെടുന്നത് സവിശേഷമായ ഗാന്ധിഅനുസ്മരണം കൂടിയാണ്.
മനുഷ്യച്ചങ്ങലയുടെ കണ്ണികളിൽ ഒന്നിന്റെ ആശംസകൾ!
1/10/2009_ല്‍ മാധ്യമം പത്രത്തില്‍ ഉമ്മന്‍ ചാണ്ടി ആസിയാന്‍ കരാറിനെ കുറിച്ചും
ഇടതു പക്ഷത്തിന്റെ സമരത്തെ കുറിച്ചും വാചാലമാകുന്നു.എന്ത് കൊണ്ട് ഇടതു പക്ഷ
ത്തിന് അദ്ദേഹത്തിന്റെ അഭിപ്രായത്തിനോട് യോജിച്ച് കൂട.എന്തായാലും ഇടതു പക്ഷ
ശക്തികള്‍ വയല്‍ നികത്തുന്നത് പോലെ മാരകമായ പ്രക്രതി നാശത്തിന് കൂട്ട് കൂടി
മനസ്സാ വരിച്ച് കഴിഞ്ഞു.വയല്‍ നികത്തുന്നതിനെതിരെ കോണ്‍ഗ്രസ്സിനകത്തെ ഏക
വിമത ശബ്ദമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്.അപ്പോള്‍ ആസിയാന്‍ കരാറിനെ കുറിച്ച്
ഇടതു പക്ഷത്തേക്കാള്‍ ആശങ്ക വേണ്ട വ്യക്തി വ്യക്തമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്ന
നിഗമനങ്ങള്‍ എന്ത് കൊണ്ട് അംഗീകരിച്ച് കൂടാ.
സമരം നയിച്ച് കണ്ണില്‍ പൊടിയിടുന്നതിന് പകരം കര്‍ഷക തൊഴിലാളിക
ളുടെ അടിസ്ഥാന പ്രശ്നമായ ക്രിഷി ഭൂമി സംരക്ഷണത്തിന് എന്ത് നടപടി സ്വീകരിച്ചു
എന്നതല്ലെ ഇടതു പക്ഷം ഏറ്റവും അടിയന്തിരമായി വിലയിരുത്തേണ്ടത്.നമുക്ക് ആസിയാന്‍
കരാറിനെ എതിര്‍ക്കാം.മറ്റുള്ള രാഷ്ടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാം.എന്നാല്‍
എന്തെങ്കിലും ക്രിഷി ചെയ്യാന്‍ ഒരിടമില്ലാത്ത അവസ്ഥ സംജാതമായാല്‍ നമുക്ക് കഴിക്കാന്‍ ആരു
തരും..
കടംകയറി കയര്‍ക്കുരുക്കിലേക്ക് കഴുത്തുനീട്ടേണ്ടിവരുന്ന കര്‍ഷകനെയും പട്ടിണിയോടും കടലിനോടും ഒരേസമയം പോരടിക്കുന്ന മത്സ്യത്തൊഴിലാളിയെയും നോക്കി പരിഹസിച്ചു ചിരിക്കുന്നവര്‍ക്കേ ആസിയന്‍ കരാറിനെ ന്യായീകരിക്കാനാവൂ.
ഒപ്പ്.
Post a Comment