Tuesday, March 31, 2009

ലക്ഷം ലക്ഷം പിന്നാലെ, (ഒരു സ്‌പോണ്‍സേഡ്‌ നാടകം)

ഭാഗം ഒന്ന്‌
ഇഷ്‌ടമില്ലാത്തയാളെ വിവാഹം ചെയ്‌തതിന്‌ സ്വന്തം സഹോദരിയെ വ്യഭിചാരിണിയായി മുദ്രകുത്തുന്ന നെറികേട്‌ സാധാരണ മനുഷ്യരൊരിക്കലും കാട്ടില്ല. തനിക്കെതിരെ വിമര്‍ശം നടത്തിയ സാംസ്‌കാരിക നായകനെ മഞ്ഞപ്പത്രത്തെ ഉപയോഗിച്ച്‌ എഴുതിനാറ്റിക്കാന്‍ സാധാരണ മാനസികാവസ്ഥയുള്ളയാള്‍ക്ക് കഴിയില്ല.

സ്വന്തമായി ഒരു പത്രമുള്ളതുപയോഗിച്ച്‌ ചരമപ്പേജൊഴികെ എല്ലാ പേജിലും തന്‍െറ മുഖവും പ്രസംഗവും അച്ചടിപ്പിക്കുക, അനിഷ്‌ടക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ പത്രത്തെയും ബിനാമിയായി നടത്തുന്ന മഞ്ഞപ്പത്രത്തെയും ഉപയോഗിക്കുക, മാന്യതയും മര്യാദയുമുള്ളവര്‍ മടിക്കുന്ന ഏതുകാര്യവും ചെയ്യുക, എല്ലാം കഴിഞ്ഞ്‌ പണത്തിന്‍െറയും പത്ര-രാഷ്‌ട്രീയ സ്വാധീനത്തിന്‍െറയും ഉപജാപത്തിന്‍െറയും മറവില്‍ മാന്യന്‍െറ കുപ്പായമണിയുക. രാഷ്‌ട്രീയത്തിലും സാമൂഹിക ജീവിതത്തിലും ഒരര്‍ബുദ ബാധയായി പതിറ്റാണ്ടുകളായി നിറഞ്ഞുനില്‍ക്കുന്ന ഒരു വികൃതജന്മമുണ്ട് നമ്മുടെ കേരളത്തില്‍.

സ്വന്തം പത്രത്തിലെ സഹജീവികള്‍ തന്നെ ഈ മനുഷ്യനെക്കുറിച്ച്‌ പറയുന്ന കാര്യങ്ങള്‍ മതി, കേരളം ഇദ്ദേഹത്തെ എങ്ങനെ കാണണമെന്ന നിഗമനത്തിലെത്താന്‍. അത്തരം കാര്യങ്ങള്‍ മറ്റൊരവസരത്തിലേക്ക്‌ മാറ്റിവെക്കുന്നു. ഇവിടെ പരിശോധിക്കുന്നത് രാഷ്‌ട്രീയ നേതാവായ ഒരു നമ്പര്‍വണ്‍ ഉപജാപകന്‍െറ തനിനിറമാണ്‌.

വയനാട്ടിലെ ഭൂമികയ്യേറ്റം, കുടുംബ സ്വത്ത്‌ വെട്ടിപ്പിടിക്കാന്‍ നടത്തിയ നികൃഷ്‌ടവൃത്തികള്‍, സര്‍ക്കാര്‍ സ്വത്ത്‌ അധീനത്തിലാക്കാന്‍ നടന്ന അരുതാത്ത വഴികള്‍, രാഷ്‌ട്രീയ ദുസ്വാധീനമുപയോഗിച്ച്‌ നിയമത്തിന്‍െറ പിടിയില്‍നിന്ന്‌ തലയൂരി കയ്യേറ്റഭൂമി അടക്കിപ്പിടിച്ചുവെക്കാന്‍ തുടരുന്ന ശ്രമങ്ങള്‍ എന്നിവയെല്ലാം തല്‍ക്കാലത്തേക്ക്‌ ചര്‍ച്ചചെയ്യേണ്ടെന്നുവെക്കാം.

കേരളത്തിന്‌ ആരാണിയാള്‍? ഒരുപാട്‌ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്‌. അവയുടെ പട്ടിക ഇങ്ങനെ നീളുന്നു.
1. സിഎച്ച്‌ മുഹമ്മദ്‌കോയ അവാര്‍ഡ് ‌- 1991,
2. ദുബായ്‌ കൈരളി കലാകേന്ദ്രം അവാര്‍ഡ്‌ -1993,
3. ഭാരത്‌ സൂര്യ അവാര്‍ഡ്‌ - 1993,
4.സി അച്യൂതമേനോന്‍ അവാര്‍ഡ്‌ -1995,
5. സിബി കുമാര്‍ ‍എന്‍ഡോവ്‌മെന്‍റ്‌ - 1995,
6. ദര്‍ശന കള്‍ച്ചറല്‍ അവാര്‍ഡ്‌ -1995,
7. ജി സ്‌മാരക അവാര്‍ഡ്‌ - 1996,
8. കൊടുപ്പുന്ന സ്‌മാരക അവാര്‍ഡ്‌ -1996,
9. ഓടക്കുഴല്‍ അവാര്‍ഡ്‌ -1997,
10. സഹോദരന്‍ അയ്യപ്പന്‍അവാര്‍ഡ്‌ -1997,
11. കേസരി സ്‌മാരക അവാര്‍ഡ്‌ - 1998,
12.രാജീവ്‌ ഗാന്ധി നാഷനല്‍ അവാര്‍ഡ്‌ -1998,
13.ചില്ല സാഹിത്യ അവാര്‍ഡ്‌ -1998,
14. റോട്ടറി സാഹിത്യ അവാര്‍ഡ്‌ -1999,
15. അക്ഷരസൂര്യ അവാര്‍ഡ്‌ -1999,
16. നാലപ്പാടന്‍ അവാര്‍ഡ്‌ -1999,
17. കെവി ഡാനിയേല്‍ അവാര്‍ഡ്‌ - 2000,
18. ഫ്രണ്ട്‌സ്‌ ഓഫ്‌ കാനഡ ഇന്‍റര്‍നാഷനല്‍ അവാര്‍ഡ്‌ - 2001,
19. കേരള കലാകേന്ദ്രത്തിന്‍െറ ഗ്ലോബല്‍ അവാര്‍ഡ്‌ - 2001,
20. അക്ഷയ അവാര്‍ഡ്‌ - 2002,
21. സാഹിത്യ പഞ്ചാനനന്‍ അവാര്‍ഡ്‌ - 2002,
22. ഡോ. സിപി മേനോന്‍ സ്‌മാരക അവാര്‍ഡ്‌ - 2002,
23. കെ സുകുമാരന്‍ ശതാബ്ദി അവാര്‍ഡ്‌ - 2002,
24.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ - 2002,
25. അബുദാബി ശക്തി അവാര്‍ഡ്‌ - 2002,
26. അഖിലേശ്വരന്‍ സ്‌മാരക അവാര്‍ഡ്‌ - 2003,
26.ആര്‍എംഇഎസ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ - 2003,
27. വൈഎംസിഎ ഗോള്‍ഡന്‍ ജൂബിലി കീര്‍ത്തിമുദ്ര - 2004, 27.വയലാര്‍ അവാര്‍ഡ്‌ - 2008.

ഒരുമലയാളിക്കുമില്ല ഇത്ര സമ്പന്നത. സാഹിത്യത്തില്‍ പഞ്ചാനനന്‍. കവിത്വത്തില്‍ മഹാകവി. വിമര്‍ശനത്തില്‍ കേസരി. കലയില്‍ ഗോള്‍ഡന്‍നക്ഷത്രം. ഒറ്റവരി സ്വന്തമായി എഴുതാന്‍ കഴിയാത്ത വേറെയേത് കോത്താഴത്തുകാരന്‍ കോദണ്ഡന്‌ പറ്റും, ഇത്രയേറെ പുരസ്‌കാരങ്ങള്‍ സംഘടിപ്പിച്ചെടുക്കാന്‍? ഇതാണ് യഥാര്‍ത്ഥ പ്രതിഭ‌. റിയല്‍ ജീനിയസ്.

പ്രതിഭകള്‍ക്ക്‌ സാഹിത്യമെഴുതാന്‍ പുതൂര്‍ വീട്ടില്‍ ചെല്ലാം. രാഷ്‌ട്രീയം കളിക്കാന്‍ ഉന്നച്ചാക്കുപോലത്തെ സഹായികളെ നിയോഗിക്കാം. അവാര്‍ഡുതരപ്പെടുത്താന്‍ സുധീരം ഏജന്‍റുമാരെ വെക്കാം.

മഹാന്‍ തന്നെ, തന്നെ-സംശയമില്ല. അവാര്‍ഡുകള്‍ വെറുതെ വന്നതല്ല. ഒരുപാട്‌ പുസ്‌തകങ്ങളെഴുതിയിട്ടുണ്ട്‌. അതിന്‍െറ ലിസ്‌റ്റ്‌ നോക്കുക:
1. സമന്വയത്തിന്‍െറ വസന്തം
2. ബുദ്ധന്‍െറ ചിരി
3. ഗാട്ടും കാണാച്ചരടുകളും
4. ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര
5. പ്രതിഭയുടെ വേരുകള്‍ തേടി
6. ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം
7. തിരിഞ്ഞുനോക്കുമ്പോള്‍
8. ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും
9. രോഷത്തിന്‍െറ വിത്തുകള്‍
10. അധിനിവേശത്തിന്‍െറ അടിയൊഴുക്കുകള്‍.

കീശയില്‍ അനുചരന്മാര്‍ ഒരുപാടാണ്. സാഹിത്യമെഴുതാന്‍ ഒരാള്‍, രാഷ്‌ട്രീയമെഴുതാന്‍ മറ്റൊരാള്‍, യാത്രാവിവരണമെഴുതാന്‍ വേറൊരാള്‍. ചുരുക്കിപ്പറഞ്ഞാല്‍ പലതരം മണിയടികളില്‍ സുപ്രധാന ഇനമാണ് പുസ്തകമെഴുത്ത്. വിഷയം ഇന്നതാകണമെന്നൊന്നുമില്ല, ഒരു പുസ്തകമെഴുതി ഗ്രന്ഥകര്‍ത്തായുടെ സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേരു പതിപ്പിച്ച് സമര്‍പ്പിച്ചാല്‍ അവാര്‍ഡോ, കിഴിയോ, പ്രമോഷനോ ഉറപ്പാകും. പഴയ ദിവാന്‍ പേഷ്‌കാരുടെ മട്ടാണ്‌.

ഇത്രയും സമുന്നതനായ ഒരു മഹാദേഹത്തിന്‌ എന്തുകൊണ്ട്‌ ഒരു മഗ്‌സാസെ അവാര്‍ഡ്‌ ലഭിച്ചട്ടില്ല എന്നത്‌ ചിന്തനീയമാണ്‌. അധികം വൈകാതെ അതും കിട്ടുമെന്നത് ഉറപ്പുമാണ്.

മഹാ മനീഷിയായ പ്രതിഭയുടെ പ്രകാശിതമാകാത്ത ഒരു കഥ ഇങ്ങനെ:
ഒരിക്കല്‍ ഒരു മഹതി ഒരു ഗസ്‌റ്റ്‌ ഹൗസില്‍ സുഹൃത്തുമായി സംവദിക്കാനെത്തി. സുഹൃത്ത്‌ ചെറുപ്പക്കാരനാണ്‌. ഗസ്‌റ്റ്‌ ഹൗസില്‍ ഇരുന്ന്‌ കപ്പലണ്ടി കൊത്തിക്കൊറിക്കുമ്പോള്‍ മഹതിയുടെ കണ്ണുകള്‍ ചുവരിലേക്ക്‌ ചെന്നു. അവിടെ, വലിയൊരു തല ഫ്രെയിം ചെയ്‌ത്‌ വെച്ചിരിക്കുന്നു.

"ആരാണദ്ദേഹം?'' "ഡാഡിയാണ്‌'', "ഓഹോ. അദ്ദേഹത്തിന്‍െറ കൂടെ ഇതേ മുറിയിലിരുന്ന്‌ ഞാന്‍ ചിക്കന്‍ ഫ്രൈ കഴിച്ചിട്ടുണ്ട്‌.''

ഭാഗം രണ്ട്‌
രംഗം ,കേരള രാഷ്‌ട്രീയം. ഒരാള്‍ ഒറ്റയ്‌ക്ക്‌ സ്‌റ്റേജിലേക്ക്‌ വരുന്നു. ഒററനോട്ടത്തില്‍ വിചിത്രമായ രൂപം. സാധാരണ മനുഷ്യരേക്കാള്‍ വലിയ തല. തലയേക്കാള്‍ വലിയ വയര്‍. പെരുമാറ്റത്തില്‍, സ്ഥിരം കത്തിവേഷത്തിന്‍െറ ഭാവഹാവാദികള്‍.

ഒരു മതിലില്‍ കയറി രൂപം വിളിച്ചു പറയുന്നു: "എന്നെ ചതിച്ചു. ഞാന്‍ ഭൂമി കയ്യേറിയില്ല. ഞാന്‍ അപ്പനേക്കാള്‍ മുമ്പു ജനിച്ചില്ല. എന്‍െറ മകന്‍ പിറന്നത്‌ എനിക്ക്‌ ഏഴുവയസ്സായശേഷമാണ്‌. അവന്‍െറ താടി വളര്‍ന്ന്‌ പൂജ്യത്തിന്‍െറ രൂപത്തിലായത്‌ ഞാന്‍ പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയ ശേഷമാണ്‌".

ത്രിവര്‍ണ്ണപ്പാര്‍ട്ടിയില്‍ ഒരു അച്ഛനും മകനുമുണ്ട്‌. ആ മകനെ കിങ്ങിണിക്കുട്ടന്‍ എന്നു വിളിച്ചത്‌ ഇതേ രൂപമാണ്‌. ത്രിവര്‍ണ്ണത്തിന്‍െറ മകനെ ചക്കിലിട്ടാട്ടണം, കല്‍പറ്റപ്പുന്നാരപ്പൊന്നോമനയെ തൊട്ടിലിട്ടാട്ടണം.

പുറക്കാട്ടുദേവസ്വത്തിന്‍െറ പണ്ടാരവക ഭൂമിയില്‍ പിറന്നുവീഴുമ്പോള്‍ പൊന്നുമോന്‍ നിഷ്‌കളങ്കനായിരുന്നു. പോകെപ്പോകെ തന്തക്കാലു ബാധിച്ചു. മുറിച്ചുവെച്ചപോലെ. പ്രീഡിഗ്രി പാസായില്ലെങ്കിലും പൂത്ത പണവും കൊണ്ട്‌ ലണ്ടനില്‍ ‍ചെന്ന്‌ ഒരു സര്‍ട്ടിഫിക്കറ്റ്‌ ഒപ്പിച്ചു.

അങ്ങനെ അക്ഷരമറിയാത്ത മകന്‍ വിദേശവിദ്യാ സംപന്നനായി. രാജ്യാധികാര സഭയുടെ കണക്കു പുസ്‌തകത്തില്‍ എഴുതി വെച്ചു: ലണ്ടനില്‍നിന്ന്‌ ബിരുദം നേടിയവന്‍ പുമാന്‍.

രാജ്യധികാരം താവഴിയായിക്കിട്ടിയപ്പോള്‍ മോന്‍ജിക്കും തോന്നി താന്‍ പിതാജിയേക്കാള്‍ വളര്‍ന്നെന്ന്‌. പൂമോനും തുടങ്ങി അല്ലറച്ചില്ലറ ഉപജാപങ്ങള്‍. പിതൃരൂപം ചെയ്‌ത വഴിയിലെല്ലാം പൊന്നുമോനും പോകണം. ആ പോക്ക്‌ ഒരുപ്പോക്കായപ്പോള്‍ സകല കൃമികീടങ്ങളും ഉപജാപക്കോമരങ്ങളും സുഖിയന്‍മാരും താടിക്കാരന്‍െറ ചൊല്‍പ്പടിയിലായി. അതിന്‍െറ ഫലം ഇപ്പോള്‍ പിതൃപുംഗവന്‍ അനുഭവിക്കുന്നു.

``എന്നെച്ചതിച്ചു. ഞാന്‍ ചിലരെ സഹായിച്ചതുകൊണ്ടാണ്‌ ചതിച്ചത്‌. എനിക്ക്‌ കിട്ടുന്ന വോട്ടിന്‍െറ എണ്ണം ആയിരമല്ല, പതിനായിരമല്ല, തൊള്ളായിരം കടക്കും. കോയിക്കോട്ടങ്ങാടീല്‌, കോയാന്‍െറ കടയില്‌, കോയിബിരിയാണി ജോറ്‌.'' പിതൃമഹാന്‍ വിലാപകാവ്യമാലപിക്കുകയാണ്‌. കോഴിക്കോട്ടെ മാനാഞ്ചിറയില്‍ വെള്ളം നിറഞ്ഞത്‌ തന്‍െറ തറവാട്ടുമഹിമകൊണ്ടാണ്‌. ആ വെള്ളം താന്‍തന്നെ കുടിക്കും കട്ടായം.

മുദ്രാവാക്യം വിളിച്ച്‌ തളര്‍ന്ന്‌ വിചിത്രരൂപം സ്‌റ്റേജില്‍ തളര്‍ന്നുകിടക്കുമ്പോള്‍ വിളക്കണയുന്നു; കര്‍ട്ടന്‍ താഴുന്നു.

ഭാഗം മൂന്ന്‌

പത്രമാപ്പീസിലെ മേധാവിയുടെ മുറി. കറങ്ങുന്ന കസേരയില്‍ കുമ്പളങ്ങ എടുത്തുവെച്ചപോലെ ഒരു രൂപം. ``ലവനെ നശിപ്പിക്കണം. ലാവലിന്‍ കത്തിക്കണം'' കുമ്പളങ്ങ അമറുന്നു. രണ്ടാംമുണ്ട്‌ അരയില്‍ചുറ്റി ചുറ്റും നില്‍ക്കുന്ന സേവകര്‍ അനുസരണാപൂര്‍വം തലയാട്ടുന്നു. ഒരാള്‍ വാര്‍ത്ത സൃഷ്‌ടിക്കാനായി ഓടുന്നു. മറ്റൊരാള്‍ സിന്‍ഡിക്കറ്റ്‌ വാര്‍ത്താ ബാങ്കിലേക്ക്‌ ഫോണ്‍ ചെയ്യുന്നു. ഇനിയുമൊരാള്‍, കഥയെഴുതാന്‍ പേനയും പുസ്‌തകവുമെടുക്കുന്നു. അടുത്തവന്‍ ചാനല്‍ ആപ്പീസിലേക്ക്‌ വിളിക്കുകയാണ്‌.

"ഇത്‌ കുമാരന്‍ കുട്ടി. സൂധീരനെന്ന്‌ സ്‌നേഹമുള്ളവര്‍ വിളിക്കും. ഇവിടെ ഒരു വാര്‍ത്തയുണ്ട്‌. താങ്കള്‍ വരണം. വരുമ്പോള്‍ ക്യാമറയും കരുതണം.''

ലൈറ്റുകള്‍ പതുക്കെ അണയുന്നു. ശ്‌മശാനമൂകത. അതിനൊത്ത സംഗീതം. പതുക്കെ വിളക്കുകള്‍ തെളിയുമ്പോള്‍ ചീവീടുകളുടെ കൂട്ടക്കരച്ചില്‍. അകലെനിന്ന്‌ തമിഴ്‌ പുലികളുടെ അലര്‍ച്ച. കമാന്‍േറാകളുടെ കലമ്പല്‍. അതൊന്നും ശ്രദ്ധിക്കാതെ വാര്‍ത്താവതാരകന്‍ ബാങ്ക്‌ലോണ്‍കുമാര്‍ ചോദ്യം ഉന്നയിക്കുകയാണ്‌.

ചോ: താങ്കള്‍ ഇപ്പോള്‍ എവിടെയാണ്‌?
ഉ: കോണാട്ട്‌പ്ലേസില്‍.
ചോ: താങ്കള്‍ ഒറ്റക്കാണോ?
ഉ: കൃ.കുട്ടിയും സ്വന്തം കുട്ടിയും കുറെകൃഷ്‌ണന്‍മാരും കുമാരന്‍മാരും കൂടെയുണ്ട്‌.
ചോ: താങ്കള്‍ക്ക്‌ ബോംബെ ഹോട്ടലിലെ കോയിക്കോടന്‍ ബിരിയാണി ഇഷ്‌ടമാണോ?
ഉ: പെരുത്തിഷ്‌ടം. പക്ഷേ പഹയന്‍മാര്‍ തരുന്നില്ല.
ചോ: അതെന്താ തരാത്തത്‌?
ഉ: ഞാന്‍ ബിരിയാണിച്ചെമ്പില്‍ കയറിയിരുന്നെന്ന്‌ അവര്‍ ആരോപിക്കുന്നു. നിന്ദ്യം; നിരുത്തരവാദപരം. ചെമ്പില്‍ കയറിയത്‌ വെറുതെ കളിക്കുവാനായിരുന്നുവല്ലോ.
ചോ: അങ്ങനെയല്ലല്ലോ അവര്‍ പറയുന്നത്‌.
ഉ: അവര്‍ ബിരിയാണി മുമ്പേ ഒരാള്‍ക്ക്‌ ഓഫര്‍ ചെയ്‌തിരുന്നു. അതുകൊണ്ടാണ്‌ എന്നെ തഴഞ്ഞത്‌.
ചോ: ആര്‍ക്കാണ്‌ ഓഫര്‍ ചെയ്‌തത്‌?
ഉ: ഒരു ഒറ്റക്കണ്ണന്‌.
ചോ: ഏത്‌ ഒറ്റക്കണ്ണന്‍?
ഉ: എനിക്കറിയില്ല. പക്ഷേ എനിക്കുറപ്പാണ്‌.

ചോദ്യവും ഉത്തരവും അങ്ങനെ നീളുന്നു. പതുക്കെ ശബ്ദം നേര്‍ത്തുവരുമ്പോള്‍ പശ്‌ചാത്തലത്തില്‍ തമിഴ്‌ പുലികളുടെ ഷൂസിന്‍െറ ഒച്ച. അവര്‍ക്കുപിന്നാലെ പായുന്ന കമാന്‍ഡോകളുടെ കാലടിശബ്ദം. എല്ലാവരും പുലികള്‍ക്കുപിന്നാലെ പായുമ്പോള്‍ കഥാനായകന്‍ മാത്രം ഒറ്റക്കണ്ണന്‍, ഒറ്റക്കണ്ണന്‍ എന്ന്‌ അലറുന്നു.
കര്‍ട്ടന്‍ താഴുന്നു.

ഭാഗം നാല്‌

കോഴിക്കോട്‌ പാളയം ബസ്‌സ്‌റ്റാന്‍റ്‌. കഥാനായകന്‍ പരിഭ്രാന്തനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. നിരാശനാണ്‌. ദു:ഖിതനാണ്‌. അടുത്ത കടയില്‍നിന്ന്‌ ഒരു പാട്ട്‌ ഒഴുകിവരുന്നു. ``താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍താനനുഭവിച്ചീടുകെന്നതേ വരൂ....''

ബസ്‌സ്‌റ്റാന്‍റിന്‍െറ ഓരത്തുള്ള കടയില്‍ കുറെ വാരികകള്‍ തൂക്കിയിട്ടിരിക്കുന്നു. അതിലൊന്നിന്‌ മഞ്ഞനിറം. ആ മഞ്ഞപ്പത്രത്തിന്‍െറ കവറില്‍, ഇന്നലെവരെ കഥാനായകന്‍ തെറിവിളിച്ചവരുടെ മുഖങ്ങള്‍.

ഓരോന്നിനും താഴെ `മാഫിയ', `അഴിമതിക്കാരന്‍`, `പ്രണയരോഗിയായ സാംസ്‌കാരിക നായകന്‍'. എന്നൊക്കെ എഴുതിയിട്ടുണ്ട്‌. മറ്റുചില മുഖങ്ങള്‍ക്കു താഴെ `സദ്‌ഗുണ സംപന്നന്‍' `സത്യസന്ധന്‍', ജനകീയന്‍' എന്നിങ്ങനെയുള്ള അടിക്കുറിപ്പുകള്‍.

കഥാനായകനെത്തേടി ഒരു മഹാന്‍ ബസ്‌സ്‌റ്റാന്‍റിലേക്ക്‌ കടന്നുവരുന്നു. ഒറ്റനോട്ടത്തില്‍ അറിയാം ആളൊരു പത്രാധിപരാണ്‌; വ്യവഹാരിയാണ്‌. തല്ലുകൊള്ളാത്തവനാണ്‌. കൊള്ളാതിരിക്കാനുള്ള വിദ്യ അറിയുന്നവനുമാണ്‌. ഇരുവരെയും നോക്കി ചില മുല്ലപ്പൂച്ചിരികള്‍.

ബസ്‌സറ്റാന്‍റില്‍ അനൗണ്‍സ്‌മെന്‍റ്‌ മുഴങ്ങുന്നു. `` യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌-താമരശ്ശേരി ചുരം വഴി കല്‍പറ്റയിലേക്കുള്ള ബസ്‌ ഉടനെ പുറപ്പെടുന്നു.''പശ്‌ചാത്തലത്തില്‍ കുണുങ്ങിച്ചിരിയുടെയും അടക്കിപ്പിടിച്ച പുലയാട്ടുപറച്ചിലിന്‍െറയും അവ്യക്തമായ ശബ്‌ദം.

ആ ശബ്‌ദം നേര്‍ത്തില്ലാതാകുമ്പോള്‍ ഒരുപറ്റം ചെറുപ്പക്കാര്‍ രംഗത്തേക്ക്‌ രോഷത്തോടെ വരുന്നു. അവര്‍ കഥാനായകനെ വളയുന്നതുകണ്ട്‌ മഞ്ഞപ്പത്രക്കാരന്‍ മൂത്രപ്പുരയുടെ മറവിലേക്ക്‌ ഓടിയൊളിക്കുന്നു. അവനെ വെറുതെവിട്ട്‌ കഥാനായകനെ വളഞ്ഞിടുകയാണ്‌ ചെറുപ്പക്കാര്‍.

``നീ പെരുങ്കള്ളനല്ലേടാ?''
ആദ്യത്തെ അടി ചെകിട്ടത്ത്‌ വീണു.
``നീയല്ലേടാ എന്‍െറ ജോലി കളഞ്ഞത്‌''
അതൊരു ചവിട്ടായിരുന്നു.
``എന്‍െറ കുടുംബം കലക്കിയ ദ്രോഹീ''
മുഖമടച്ച്‌ ഒരടി.
``നിന്നെപ്പോലൊരു ഉപജാപകന്‍ ഈ ഭൂമുഖത്തുണ്ടോ? മാന്യന്‍മാരെ അപമാനിക്കാനായി ഇറങ്ങിയ ഹമുക്കേ''
വയറ്റത്തിട്ടൊരു കുത്ത്‌.
``മഞ്ഞപ്പത്രം നടത്തുന്നവനേ, എമ്പോക്കീ''
ദൂരെനിന്ന്‌ ഒരാള്‍ കാറിത്തുപ്പി.
`ഇവനെ വെറുതെ വിടരുത്‌. വഞ്ചകനാണ്‌.നുണയനാണ്‌'.
അടി തുടരുന്നു.
പരിക്ഷീണിതനായി നിലത്തുവീഴുന്ന ഉപജാപകന്‍െറ അരയില്‍ ഇപ്പോള്‍ മുണ്ടില്ല. അയാള്‍ അലമുറയിടുകയാണ്‌. ``എന്നെ തല്ലിയവരെ വിടില്ല. അവര്‍ പേയ്‌മെന്‍റു സീറ്റുകാരാണ്‌. ഞാന്‍ കള്ളമുതല്‍ ഇഷ്‌ടക്കാര്‍ക്കുകൊടുത്തതുകൊണ്ട്‌, സഹായിച്ചവരെ തിരിച്ചു സഹായിച്ചതുകൊണ്ടാണ്‌ എന്നെ തല്ലുന്നത്‌.''

അതൊന്നും കേട്ട്‌ ഒരിറ്റ്‌ സഹതാപം കൈമാറാന്‍ അപ്പോള്‍ ആരും അവശേഷിച്ചിരുന്നില്ല. ഇന്നലെവരെ പുറംചൊറിഞ്ഞവര്‍ അടുത്ത അത്താണിയും തേടി സ്ഥലം വിട്ടിരുന്നു. ഉന്നച്ചാക്കുകള്‍ കീറി വഴിയില്‍കിടന്നിരുന്നു. കൃഷ്‌ണ-കുമാരന്‍മാര്‍ കാശിക്കുപോയിരുന്നു. ദുര്‍മന്ത്രവാദികള്‍ തളര്‍ന്നുവീണിരുന്നു. ധുരന്ധരന്‍ ഉപജാപങ്ങളുടെ റിസര്‍വോയറില്‍ മുങ്ങിത്താഴുകയായിരുന്നു.
(ശുഭം)

5 comments:

manoj pm said...

ഇഷ്‌ടമില്ലാത്തയാളെ വിവാഹം ചെയ്‌തതിന്‌ സ്വന്തം സഹോദരിയെ വ്യഭിചാരിണിയായി മുദ്രകുത്തുന്ന നെറികേട്‌ സാധാരണ മനുഷ്യരൊരിക്കലും കാട്ടില്ല. തനിക്കെതിരെ വിമര്‍ശം നടത്തിയ സാംസ്‌കാരിക നായകനെ മഞ്ഞപ്പത്രത്തെ ഉപയോഗിച്ച്‌ എഴുതിനാറ്റിക്കാന്‍ സാധാരണ മാനസികാവസ്ഥയുള്ളയാള്‍ക്ക് കഴിയില്ല.

അങ്കിള്‍ said...

Tracking

പകല്‍കിനാവന്‍ | daYdreaMer said...

നാടകം കൊള്ളാല്ലോ...
:)

പോരാളി said...

വീരപരാക്രമം അതിരുവിടുന്ന വേളയില്‍ ഇതു കലക്കി.

ജനശക്തി said...

സീറ്റിന്റെ പേരില്‍ ഇടതുമുന്നണി വിട്ടതുമൊക്കെ വ്യക്തമായി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ തന്നെയാവണം. വയനാട് നിന്നാലും കോഴിക്കോട് നിന്നാലും ജയിപ്പിക്കേണ്ടത് സിപിഎമ്മിന്റെ ബാധ്യതയാണെന്നിരിക്കെ, അവര്‍ പറയുന്ന സീറ്റില്‍ മത്സരിക്കുകയാണ് അന്തസുണ്ടെങ്കില്‍ ജനതാദള്‍ ചെയ്യേണ്ടിയിരുന്നത്. കര്‍ണാടകത്തില്‍ സിപിഎം കാണിച്ചതും ആ മര്യാദയാണ്.

ജനതാദള്‍ നിര്‍ദ്ദേശിച്ച സ്ഥലത്താണല്ലോ അവിടെ സിപിഎം മത്സരിക്കുന്നത്. ആഞ്ഞു പിടിച്ചാലും അഞ്ചോട്ട് തികച്ചു സംഭരിക്കാന്‍ ശേഷിയില്ലാത്ത പാര്‍ട്ടികള്‍ വല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ ഏറ്റവും അശ്ലീലമായ കാഴ്ചയാണ്. ഒരു വശത്ത് തനിക്കും മകനും നേതാവ് ചമയാന്‍ സിപിഎമ്മിന്റെ സംഘടനാ കരുത്ത് വേണമെന്ന ആഗ്രഹം, മറുവശത്ത് സകല മര്യാദകേടുകളും കാട്ടി ആ പാര്‍ട്ടിയെ അപമാനിക്കാനുളള അത്യുല്‍സാഹം. ഇതു രണ്ടും ചേര്‍ന്നു പോകില്ലെന്ന് ഇത്രയും കാലത്തെ ഇടതുമുന്നണി വാസം കൊണ്ട് വീരേന്ദ്രന് മനസിലായില്ലെങ്കില്‍, പിന്നെന്തു പറഞ്ഞിട്ടെന്താണ്?