പി എം മനോജ്
സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ മുന്നണിയോഗങ്ങളില്‍ നടത്തിയ ചില പ്രയോഗങ്ങളും ഉപയോഗിച്ച ഭാഷയും മാധ്യമങ്ങളില്‍ തുടര്‍ച്ചയായ വാര്‍ത്തയാണ്. വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ അത് നേരിട്ടുതന്നെ ജനങ്ങള്‍ കണ്ടു. രാഷ്ട്രീയത്തില്‍ എതിരാളികളോട് സിപിഐ ഏറ്റുമുട്ടുന്നത് സമീപകാലത്ത് അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്തതിനാല്‍ സ്വന്തം മുന്നണിയിലെ ഘടകകക്ഷിയോടുള്ള വെളിയത്തിന്റെ അതിരുകടന്ന വികാരപ്രകടനം സ്വാഭാവികമായും വാര്‍ത്താപ്രാധാന്യം നേടി. വെളിയത്തിന് മറുപടിയായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പത്രസമ്മേളനമുണ്ടെന്നറിഞ്ഞപ്പോള്‍ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെയാണ് എ കെ ജി സെന്ററിലേക്ക് നീങ്ങിയത്്.
എല്‍ഡിഎഫ് തകരാന്‍ പോകുന്നു; വെളിയത്തിന് അതേ ഭാഷയില്‍ പിണറായി മറുപടി പറയാന്‍ പോകുന്നു എന്നാണ് പലരും വിശ്വസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പത്രസമ്മേളനം തിങ്ങിനിറഞ്ഞതായി.പിണറായി മുന്നണിയോഗങ്ങളില്‍ സ്വീകരിച്ചത് കര്‍ക്കശവും കഠിനവുമായ സമീപനമാണ് എന്നായിരുന്നു മാധ്യമങ്ങളില്‍ പൊതുവെ വന്ന വാര്‍ത്ത. വെളിയം പറഞ്ഞതാകട്ടെ, "സിപിഎമ്മിന് മര്യാദയില്ല'' എന്നാണ്. ഒരു പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിനെ ആക്രമിക്കുന്നതിലുപരി, സെക്രട്ടറി പിണറായി വിജയനെ വ്യക്തിപരമായി കുറ്റപ്പെടുത്താനും അദ്ദേഹം മുതിര്‍ന്നു. "ഭവിഷ്യത്ത് എന്തായാലും പ്രശ്നമില്ല''-വെളിയത്തിന്റെ പ്രഖ്യാപനം.
സാധാരണ നിലയില്‍ ആരും പ്രകോപിതരാകുന്ന; പ്രതികരിച്ചുപോകുന്ന സമീപനം. അത് മനസ്സില്‍വച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ എ കെ ജി സെന്ററിലെ പത്രസമ്മേളനത്തില്‍നിന്ന് "ചൂടുള്ള'' വാര്‍ത്ത പ്രതീക്ഷിച്ചത്. എന്നാല്‍, പിണറായിയുടെ വാക്കുകള്‍ ഒട്ടും പ്രകോപനപരമായില്ല. മുന്നണിക്ക് അങ്ങനെ തകരാന്‍ കഴിയാത്തത് അത് രൂപീകരിക്കപ്പെട്ടത് രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായതുകൊണ്ടാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. സിപിഐയെ അധിക്ഷേപിക്കാന്‍ മുതിരാതെ, വെളിയം ഭാര്‍ഗവന്റെ പരുഷവാക്കുകളോട് സാധാരണ തങ്ങള്‍ കാണിക്കാറുള്ള സഹിഷ്ണുത ഓര്‍മിപ്പിച്ച്, എല്‍ഡിഎഫ് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയാണ് പിണറായി വിശദീകരിച്ചത്.
ഇവിടെ ഉയരുന്ന പ്രധാന പ്രശ്നം എന്തിന് ഇത്രയും പ്രശ്നങ്ങളും വാര്‍ത്തകളും ഉണ്ടായി എന്നതാണ്. പൊന്നാനി സീറ്റ് ആരും ആരില്‍നിന്നും പിടിച്ചെടുത്തിട്ടില്ല. അത് സിപിഐയില്‍നിന്ന് അടര്‍ത്തിയെടുത്ത് സിപിഐ എമ്മിന്റെ കണക്കില്‍ ചേര്‍ത്തതായി ആരും പ്രഖ്യാപിച്ചിട്ടുമില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞത്, പൊന്നാനിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മത്സരിക്കുമെന്നാണ്. സിപിഐ സ്ഥാനാര്‍ഥികള്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്ന മൂന്നു സീറ്റിന്റെ പേരും അദ്ദേഹം പറഞ്ഞു. അതു കേട്ടയുടനെ, സിപിഐക്ക് മൂന്നു സീറ്റ് മാത്രമേയുള്ളൂ എന്ന് പ്രചാരണം തുടങ്ങിയത് ചില മാധ്യമങ്ങളാണ്. വെറുതെ തുടങ്ങിയതല്ല, ചില കുബുദ്ധികളായ മാധ്യമപ്രവര്‍ത്തകര്‍ ബോധപൂര്‍വം അത്തരമൊരു പ്രചാരണത്തിന് മുന്‍കൈയെടുക്കുകയാണുണ്ടായത്്.
വൈക്കം വിശ്വന്റെ പത്രസമ്മേളനത്തിന്റെ ഒരുഭാഗത്തുമില്ല സിപിഐക്ക് മൂന്നുസീറ്റേ അനുവദിച്ചിട്ടുള്ളൂ എന്ന പരാമര്‍ശം. പൊന്നാനി സീറ്റ് സിപിഐയില്‍നിന്ന് പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നിട്ടും അവിടെനിന്ന് വിവാദം തുടങ്ങിയതിലും അതില്‍ എണ്ണയൊഴിച്ചും ഊതിക്കത്തിച്ചും വലിയൊരു 'സംഭവമാക്കി'യതിലും മാധ്യമരംഗത്തെ ചെറിയൊരു സംഘം അതിബുദ്ധികള്‍ കാണിച്ച മെയ്വഴക്കത്തെ സ്തുതിക്കുകയേ തരമുള്ളൂ. പ്രകോപനം വാക്കില്‍നിന്നും വാര്‍ത്തയില്‍നിന്നും വരും. അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് പ്രശ്നം. പ്രായവും പക്വതയുമുള്ള വെളിയം പ്രതികരിച്ചതും അതിനോട് പിണറായി എടുത്ത സമീപനവും ഇവിടെ വിശദീകരിക്കേണ്ട പ്രശ്നമല്ല. അത് ജനങ്ങള്‍ കണ്ടതാണ്. എന്നാല്‍, ആരോ സൃഷ്ടിക്കുന്ന അജന്‍ഡകള്‍ എങ്ങനെ രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞുകയറുന്നു എന്നും അത് ഇടതുപക്ഷ രാഷ്ട്രീയത്തെത്തന്നെ എങ്ങനെ ആക്രമിക്കുന്നുവെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
പൊന്നാനി എന്ന ഒരു സീറ്റില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയുടെ മേലുള്ള ആധിപത്യത്തെച്ചൊല്ലി തകര്‍ന്നുപോകേണ്ട ഒന്നാണോ ഇടതുപക്ഷ ജനാധിപത്യമുന്നണി? അല്ലെന്ന ഉത്തരമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി നല്‍കിയത്. പണ്ടുപറഞ്ഞതും പടയില്‍തോറ്റതും എടുത്തിട്ടലക്കി, തഴമ്പിന്റെ കട്ടി അളന്നുതൂക്കി ഇന്നത്തെ രാഷ്ട്രീയം കൈകാര്യം ചെയ്യാനാവുമോ? തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടത്തേണ്ട ഒന്നാണ് സിപിഐ-സിപിഐ എം യുദ്ധം എന്ന് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ കരുതുന്നുണ്ടാകാം. അവരുടെ കെണിയില്‍ വീഴാത്തതാണ് കമ്യൂണിസ്റ്റുകാരുടെ പക്വത. അതാണ് പിണറായിയുടെ ഭാഷയിലും സഹിഷ്ണുതയിലും കണ്ടത്. അതല്ലെങ്കില്‍, 64ലെയും 69ലെയും അടിയന്തരാവസ്ഥക്കാലത്തെയും കഥകള്‍ ഇന്നത്തെ വാര്‍ത്തകളില്‍ നിറഞ്ഞേനേ. വാദിക്കാനും പരിഹസിക്കാനും കുത്തിനോവിക്കാനും എന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു; എത്രയെത്ര കണക്കുകള്‍ കിടക്കുന്നു.
മത്സരിക്കുന്നത് ജയിക്കാനാണെന്നും വിജയമായാലും തോല്‍വിയായാലും എല്ലാവര്‍ക്കുമുള്ളതാണെന്നുമുള്ള വിചാരമാണ് മുന്നണിമര്യാദ. അതല്ലാതെ, 'ഞങ്ങള്‍ മൂന്നേ തോല്‍ക്കൂ; നിങ്ങള്‍ എത്രയെണ്ണം തോല്‍ക്കും' എന്ന സാങ്കല്‍പ്പിക ചോദ്യമെറിയലല്ല. മാവേലിക്കര എന്ന സിപിഐ എമ്മിന്റെ സിറ്റിങ് സീറ്റ് അടൂരിന് പകരം സിപിഐക്ക് കിട്ടിയതും ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റില്‍ ഒരെണ്ണം ഒരു തര്‍ക്കവുമില്ലാതെ സിപിഐക്ക് നല്‍കിയതും സിപിഐ എമ്മിന്റെ 'മര്യാദകേടായി' ആരും പറയുന്നതു കേട്ടിട്ടില്ല. അടൂരിനു പകരം മാവേലിക്കര സിപിഐ ചോദിച്ചുവാങ്ങിയ അതേ യുക്തിയാണ് പഴയ കോഴിക്കോട് മണ്ഡലത്തിലെ മൂന്ന് നിയമസഭാ നിയോജക മണ്ഡലമുള്‍പ്പെടുന്ന(സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി) പുതിയ വയനാട് ജനതാദള്‍ എടുക്കണമെന്നു പറയുന്നതില്‍ എന്നത് എന്തേ ചര്‍ച്ചചെയ്യപ്പെടുന്നില്ല?
മര്യാദയും മര്യാദകേടും ഭീഷണിയും സാന്ത്വനവും പ്രകോപനവും സംയമനവുമെല്ലാം ആര്‍ക്കും എങ്ങനെയും തട്ടിക്കളിക്കാനുള്ള പ്രയോഗങ്ങളാകരുത്. അതിനുപിന്നില്‍ യുക്തിയുമുണ്ടാകണം. ഭാഷ മോശമാക്കാതെതന്നെ ആക്രമിക്കാം. മോശമാക്കി സ്വയം പരിഹാസ്യമാവുകയുംചെയ്യാം. തെളിഞ്ഞ രാഷ്ട്രീയത്തിന്റെ കണ്ണടയാണ് മൂക്കിനുമുകളിലെങ്കില്‍ മോശം ഭാഷയ്ക്കുമുകളില്‍ മോശമല്ലാത്ത സഹിഷ്ണുത വരും.
3 comments:
ഇടതുമുന്നണി തകർന്നലെന്ത്, ദേശീയ ഇടതുമതേതര സഖ്യം തകർന്നാലെന്ത്? പരാന്ന ഭോജിയായ സി.പി.ഐയുടെ ഈ കുളം കലക്കൽ ഒരു പുതിയ കാര്യമൊന്നുമല്ല. ഉത്സവപ്പറമ്പിൽ ആളുകൾ നല്ല പരിപാടികൾ ആസ്വദിച്ചിരിയ്ക്കുമ്പോൾ ശ്രദ്ധ കിട്ടാൻ അപശബ്ദമുണ്ടാക്കുന്ന മദ്യപാനികളെപ്പോലെ ചില നമ്പരുകൾ! സി.പി.എം മേജർ പാർട്ടി ആയിപ്പോയതിലെ കുണ്ഠിതം സി.പി.ഐക്ക് അത്ര വേഗം പൊറുക്കാൻ പറ്റുന്ന ഒരു തെറ്റല്ലല്ലോ! ഹാ, കഷ്ടം.
അതേ അതേ, നല്ല ഭാഷയുടെ അനുമ സന്താനങ്ങളാണല്ലൊ നമ്മള്‍. (ച്ഛെ....)
ആ ഗുജറത്ത് പോസ്റ്റ് കൂടി ഇടൂ...
Post a Comment