Saturday, March 28, 2009

കണ്ണൂരിന്റെ 'ഭ്രാന്ത്'


പവിത്രന്‍ എന്റെ പ്രിയപ്പെട്ട സഖാവാണ്. ഞാന്‍ കൂത്തുപറമ്പില്‍ എത്തുമ്പോഴെല്ലാം കാണുന്ന മുഖം. പവിത്രന്‍ ഒരിക്കലും ഒരു അസംതൃപ്തനായിരുന്നില്ല. ച ിരിച്ചുകൊണ്ട് സഖാക്കളോട് സംവദിക്കും. വിമര്‍ശനങ്ങള്‍ മുഖത്തുനോക്കി പറയും. തൊടീക്കളത്ത് പവിത്രന്‍ ആരെക്കാളും മുകളിലാണ്.


തൊടീക്കളത്ത് ഒരുക്ഷേത്രമുണ്ട്. അതിന്റെ ചുവരില്‍ അമൂല്യമായ മ്യൂറല്‍സ്. അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ പവിത്രന്‍ വാചാലനാകാറുണ്ടായിരുന്നു.


ഏറ്റവുമൊടുവില്‍ കണ്ടപ്പോള്‍ പവി ചോദിച്ചു: " ആക്രമണം രൂക്ഷമാണല്ലോ. നീ തളര്‍ന്നുപോയോ?''. "നിങ്ങള്‍ കൂ ത്തുപറമ്പില്‍ ജീവിക്കുന്നവര്‍ നേരിടുന്നതിനേക്കാള്‍ വിയ ആക്രമണമുണ്ടോ?'' അതായിരുന്നു എന്റെ മറുപടി. 'പവീ, നീ സൂക്ഷിക്കണം. അവിടെ നിന്നെ പിടിക്കാന്‍ സാധ്യത കൂടുതലാണ്. വെറുതെ കൊണ്ടുപോയി തലവെച്ചുകൊടുക്കരുത്.'' ഞാന്‍ പറഞ്ഞു.ഉശിരന്‍മാരായ സിപിഐ എം പ്രവര്‍ത്തകരോടെല്ലാം ഇത് പറയണം. അവരെ കാത്ത് ഒരുകത്തി എന്നും ഉറയില്‍ വിശ്രമിക്കുന്നുണ്ട്.


ആര്‍എസ്എസിന് എന്താണ് ചെയ്തുകൂടാത്തത്. അവര്‍ക്ക് കൊല്ലാന്‍ എത്രവേണമെങ്കിലും സിപിഐ എം പ്രവര്‍ത്തകരെ കിട്ടും. സുധീഷിനെ കൊന്നത് ഓര്‍ക്കുന്നു. ഒരു പാവമായിരുന്നു. സ്നേഹിക്കാന്‍ അറിയുന്നവന്‍. ആരെയും നോവിക്കാത്തവന്‍.ഞങ്ങള്‍ ഒരേ പ്രായക്കാര്‍. ഒരേ സമയം പഠനം നടത്തിയവര്‍. കൂത്തുപറമ്പ് ഹൈസ്കൂളില്‍ സുധീഷും ഞാനും രണ്ടുചേരിയില്‍. ഞാന്‍ എസ്എഫ് ഐ. സുധീഷ് സുന്ദര വിദ്യാര്‍ത്ഥി. കെഎസ്യു. പെണ്‍കുട്ടികളുടെ പ്രിയപെട്ടവന്‍.


നിര്‍മ്മലഗിരി കോളേജിലെത്തിയപ്പോള്‍ സുധീഷ് 'സോപ്പ്' ആയി. സര്‍വതന്ത്ര സ്വതന്ത്ര സംഘടന. എസ്എഫ്ഐക്കാര്‍ എതിര്‍ത്തു. എതിര്‍പ്പ് കടുത്തപ്പോള്‍ സുധീഷ് പറഞ്ഞു:" എടാ ഞാന്‍ എസ്എഫ്ഐ തന്നെയാണ്. നിങ്ങള്‍ എന്നെയും കൂട്ടണം.'' കൂട്ടി. സുധീഷ് എസ്എഫ്ഐയുടെ വലിയ നേതാവായി-വളരെ വേഗം.


അവന്റെ പെരുമാറ്റത്തില്‍ മധുരമുണ്ടായിരുന്നു. അവന്റെ ചിരി ഹൃദയത്തിലേക്കുള്ള കടന്നുകയറ്റമായിരുന്നു. സുധീഷ് ആരെയും അകറ്റിനിര്‍ത്തിയില്ല. അവനിലേക്ക് എല്ലാവരും ആകര്‍ഷിക്കപ്പെട്ടു. ചിറക്കല്‍ ജില്ലാ കൌണ്‍സില്‍ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി കണ്ടെത്തിയത് സുധീഷിനെ. ജയിക്കാന്‍ പറ്റുമെന്ന് ഉറപ്പില്ലായിരുന്നു. വോട്ടുകണക്കില്‍ യുഡിഎഫ് മുന്നില്‍. സുധീഷ് ചെന്നു; കണ്ടു; കീഴടക്കി. അത്ഭുതക്കുട്ടി അവനായിരുന്നു. ഒരിക്കലും ജയിക്കില്ലെന്നു കരുതിയ വാര്‍ഡില്‍ കരുത്തന്‍ വിജയം നേടിയവന്‍. ആ വിജയംകൊണ്ട് സുധീഷ് അഹങ്കരിച്ചില്ല. അത് തന്റെയല്ല, പ്രസ്ഥാനത്തിന്റെ വിജയമാണെന്ന് സുധീഷ് മനസ്സില്‍ ഉറപ്പിച്ചിരുന്നു.


തമാശ പറയും; കുസൃതി കാട്ടും-പക്ഷേ സുധീഷ് ആരെയും വേദനിപ്പിച്ചില്ല. ആരോടും സത്യസന്ധതയില്ലാതെ പെരുമാറിയില്ല. എന്റെ വിവാഹം നേരത്തെ നടന്നു. അതില്‍ പ്രധാന കാര്‍മ്മികത്വം സുധീഷിനായിരുന്നു. എനിക്ക് മകന്‍ ജനിച്ചപ്പോള്‍ കുട്ടിക്കുപ്പായവുമായി സുധീഷ് വന്നു. മകന്‍ വളര്‍ന്നപ്പോള്‍ ചോക്കലേറ്റ് പൊതികളുമായി സുധീഷ് മാമനെത്തി. അവന്‍ സുധീഷിന്റെ ചിത്രം നോക്കി ഇരിക്കുന്നത് കണ്ടിട്ടുണ്ട്. അവന് ഇന്ന് ആര്‍എസ്എസിനോട് കൊടിയ വിരോധമാണ്. സുധീഷ് മാമനെ കൊന്നവരോട് അവന്‍ എങ്ങനെ പൊറുക്കും.


അവസാനം സുധീഷിനെ കണ്ടത് ചിറക്കലില്‍ ഞങ്ങളുടെ ഇരുവരുടെയും പ്രിയപ്പെട്ട സഖാവ് ശശിയുടെ വിവാഹ സല്‍ക്കാരത്തിനാണ്. കണ്ണൂരില്‍ ദേശാഭിമാനിയുടെ യൂണിറ്റ് തുടങ്ങുന്നതിന്റെ പ്രാരംഭജോലികള്‍ നടക്കുന്നു. തിരുവനന്തപുരത്തുനിന്ന് തിരിച്ച് നാട്ടിലെത്തിയതിന്റെ ഉത്സാഹത്തിലാണ് ഞാന്‍. സുധീഷിനെ കണ്ട് ചിറക്കലിലെ പെണ്‍കുട്ടികള്‍ ആവേശത്തോടെ അടുത്തെത്തുന്നു; സംസാരിക്കുന്നു. അവന്‍ അസൂയാര്‍ഹമായ അംഗീകാരം നേടിയിരുന്നു.


ഞങ്ങളിരുവരും ദേശാഭിമാനിയിലെത്തി. കുറെനേരം സംസാരിക്കാന്‍ കഴിഞ്ഞു. ബസ് സ്റ്റോപ്പുവരെ അനുഗമിച്ച് യാത്രയാക്കി.ജനുവരി 30ന് യൂണിറ്റിന്റെ ഉദ്ഘാടനം. നൂറുപേജ് സപ്ളിമെന്റ് ഇറക്കുന്നു. ഞങ്ങളെല്ലാം വലിയ തിരക്കില്‍. രാത്രി വൈകിയാണ് കിടന്നത്. ഉറക്കം പിടിച്ചതേയുള്ളൂ. അലര്‍ച്ചപോലെ ഒന്നു കേട്ടു. കണ്ണുതുറന്നപ്പോള്‍ മുന്നില്‍ ബാലകൃഷ്ണനാണ്.ഏതാണ്ട് നഗ്നനായി, പരിസരം മറന്ന് ബാലകൃഷ്ണന്‍ എന്നെ പിടിച്ച് കുലുക്കുന്നു. ഡിസി ആപ്പീസില്‍നിന്ന് ശ്രീനുവേട്ടന്‍ വിളിച്ചറിയിച്ച വാര്‍ത്ത എന്നെ അറിയിക്കാനാണ് ബാലകൃഷ്ണന്റെ വെപ്രാളം. വാര്‍ത്ത കൂത്തുപറമ്പില്‍കൊലപാതകം നടന്നതാണെന്നും കൊല്ലപ്പെട്ടത് എനിക്ക് വേണ്ടപ്പെട്ടയാളാണെന്നും തീര്‍ച്ചപ്പെടുത്തി. അനിയന്‍മാരില്‍ ആരോ ഒരാള്‍-ഞാന്‍ ഉറപ്പിച്ചു. സുധീഷിന്റെ ഓര്‍മ്മ മനസ്സിലില്ല. അവന്‍ ഇടുക്കിയില്‍ പോയിരിക്കയാണല്ലോ. ഏറ്റവും മോശമായതിനെ അഭിമുഖീകരിക്കാന്‍ മനസ്സ് പാകപ്പെട്ടു.


ബാലകൃഷ്ണനെ നിര്‍ബന്ധിച്ചു-ആരാണ്? വിക്കിവിക്കി ആ ഉത്തരം ഒടുവില്‍ വന്നു-സുധീഷ്. അടക്കാനായില്ല-പൊട്ടിക്കരഞ്ഞുപോയി. എന്തിന് അവര്‍ അവനെ കൊന്നു? എങ്ങനെ കഴിഞ്ഞു?


പിറ്റേന്ന് തലശ്ശേരിയില്‍ ഒരുനോക്കേ കണ്ടുള്ളൂ. മുപ്പത്തിയേഴുതവണ വെട്ടി നുറുക്കിയ ശരീരം-എന്റെ പ്രിയപ്പെട്ടവന്റെ.അതാണ് മനസ്സില്‍ തട്ടിയ ആദ്യത്തെ അനുഭവം-ആര്‍എസ്എസ് നരമേധത്തിന്റെ. അതിനുമുമ്പ് തൊക്കിലങ്ങാടിയില്‍ പി ബാലനെ കൊന്നത് ഓര്‍മ്മയിലുണ്ട്. മെരുവമ്പായില്‍ മുസ്ളിം പള്ളിക്ക് കലാപകാലത്ത് കാവല്‍നിന്നതിന്റെ പേരില്‍ യുകെ കുഞ്ഞിരാമനെ കൊന്ന കഥ കേട്ടിട്ടുണ്ട്. കുറ്റിച്ചി രമേശന്റെ ചോരയൊലിക്കുന്ന ശരീരം കണ്ടിട്ടുണ്ട്. പക്ഷേ, സുധീഷ്-കൊല്ലപ്പെട്ടത് ഞാന്‍തന്നെയാണോ? ഒന്നും വിശ്വസിക്കാനായില്ല, ഒരുപാടുകാലം.


പിന്നെ കൂത്തുപറമ്പില്‍ കുഴപ്പങ്ങളുടെ കാലം. അഴിഞ്ഞാടിയ ആര്‍എസ്എസിനെ പിടിച്ചുകെട്ടിയ കാലം. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എത്ര ശരീരങ്ങളില്‍ ചെങ്കൊടി പുതപ്പിക്കേണ്ടിവരുമായിരുന്നു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം പറയുന്നവര്‍ വിഡ്ഢികള്‍.


ഏറ്റുമുട്ടലുകള്‍, കൊലപാതകങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍. പാട്യത്ത് ബീഡി കമ്പനിയില്‍ കൂട്ടക്കൊല നടത്താന്‍ വന്ന കാര്യവാഹിനെ പട്ടി ഓടിച്ചതും പിന്നെ നാട്ടുകാര്‍ എറിഞ്ഞുകൊന്നതും ഒരപസര്‍പ്പക കഥപോലെ പി ഗോവിന്ദേട്ടന്‍(സിഐടിയു നേതാവായിരുന്നു. മരിച്ചുപോയി)പറഞ്ഞുതന്നിട്ടുണ്ട്. അതുപോലൊരു ചെറുത്തുനില്‍പ്പും തിരിച്ചടിയും കൂടിയേ തീരൂ. പ്രിയപ്പെട്ട സഖാക്കളും അനിയന്‍മാരും അളിയനുമെല്ലാം ടാഡാ കേസുകളില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ മനസ്സില്‍ നഷ്ടബോധമൊന്നും തോന്നിയില്ല.


പിന്നെ രംഗം ശാന്തമായിരുന്നു. തിരിച്ചടി കിട്ടിയ ഭീരുക്കളുടെ താല്‍ക്കാലിക പിന്‍മാറ്റം.അവര്‍ പക്ഷേ എന്നെന്നേക്കും പിന്‍മാറിയതല്ല. ജയരാജേട്ടന്റെ ജീവനെടുക്കാനുള്ള ബോംബുകളും വാളുമായി ഒരു ഓണം വന്നു. കൈകള്‍ അറ്റുതൂങ്ങി, മേലാകെ മുറിവും മുറിവുകളില്‍ ലോഹച്ചീളുകളുമായി ജയരാജേട്ടന്‍. ഓര്‍ക്കാന്‍ മടിക്കുന്ന ഓര്‍മ്മ. രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.



പിന്നെയും നാട് സംഘര്‍ഷ ഭൂമി. അടങ്ങിയിരിക്കാന്‍ അനുവദിക്കാത്തവര്‍. എപ്പോഴും അശുഭവാര്‍ത്ത വരാമെന്ന് കരുതാവുന്ന രാത്രികള്‍. ചെറുത്തുനിന്നില്ലെങ്കില്‍ എങ്ങനെ അതിജീവിക്കും? ഇപ്പോള്‍ പവിത്രനെ കൊന്നിരിക്കുന്നു. അതിരാവിലെ പത്രം എടുക്കാന്‍ പോകുമ്പോള്‍ പതിയിരുന്ന്. എനിക്കിനി പവിത്രന്റെ ചിരി കാണാനാവില്ല. അവന്‍ സ്നേഹപൂര്‍വം ശാസിക്കുന്നതും മൃദുവായി പരിഹസിക്കുന്നതും ആസ്വദിക്കാനാവില്ല.


കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാരന്‍ അനുഭവിക്കുന്ന ടെന്‍ഷന്‍. അത് എന്റേതുമാണ്; എന്റേതുതന്നെയാണ്. എനിക്ക് ഈ പാര്‍ട്ടിക്കെതിരെ വരുന്ന ആക്രമണം കണ്ടുനില്‍ക്കാന്‍ ക്ഷമയില്ല. അത് ഏതുതരത്തിലായാലും, അതിനെ സര്‍വശക്തിയുമെടുത്ത് ചെറുത്തേ തീരൂ എന്ന് എന്നിലെ സുധീഷ് പറയുന്നു; പവിത്രന്‍ നിര്‍ബന്ധം പിടിക്കുന്നു. മനസ്സിനുള്ളിലെ ഭീരു പുറകോട്ട് പിടിച്ചുവലിക്കുമ്പോഴും പോരാടാതിരിക്കാന്‍ കഴിയുന്നില്ല.


പോരാടിയില്ലെങ്കില്‍ എന്റെ സുധീഷിനോട്, പവിത്രനോട് എനിക്ക് എങ്ങനെ നീതി ചെയ്യാനാകും?എനിക്ക് വഞ്ചകനാകാന്‍ കഴിയില്ല. എനിക്ക് ഒറ്റുകാരനാകാന്‍ കഴിയില്ല. എനിക്ക് വോട്ട് മറിച്ചുകൊടുക്കാന്‍ കഴിയില്ല. എനിക്ക് എന്റെ സഖാക്കളെ തള്ളിപ്പറയാന്‍ കഴിയില്ല. എന്റെ പ്രസ്ഥാനത്തിനുനേരെ വരുന്ന ആക്രമണത്തിനുമുന്നില്‍ എനിക്ക് മൌനിയോ നിസ്സംഗനോ ആകാന്‍ കഴിയില്ല. ഞാന്‍ ഞാനല്ല. ഞാന്‍ സുധീഷാണ്. ഞാന്‍ നാണുവേട്ടന്റെ വിങ്ങുന്ന മനസ്സാണ്. എന്റെ പ്രിയപ്പെട്ട റോഷന്റെ കണ്ണുകളാണ് എനിക്കുള്ളത്. അവന്‍ വെടിയുണ്ടകള്‍ക്ക് നേരെ നടന്നവനാണ്. അവന്റെ പോരാട്ടം തുടരുമ്പോള്‍ ശത്രുവിന്റെ കൂര്‍ത്ത ആയുധങ്ങളേ എനിക്ക് കാണാനാകുന്നുള്ളൂ. ശത്രുവിന്റെ ആയുധങ്ങള്‍ തട്ടിത്തെറിപ്പിച്ച് മുന്നേറുന്നതിന്റെ സ്വപ്നമേ എന്റെ മനസ്സില്‍ നിറയുന്നുള്ളൂ.

19 comments:

manoj pm said...

എനിക്കിനി പവിത്രന്റെ ചിരി കാണാനാവില്ല. അവന്‍ സ്നേഹപൂര്‍വം ശാസിക്കുന്നതും മൃദുവായി പരിഹസിക്കുന്നതും ആസ്വദിക്കാനാവില്ല.

ജനശക്തി said...

ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലാത്തവര്‍, അരയില്‍ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് ഇറങ്ങിയിരിക്കുന്നു. പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നവന്റെ നാക്കും ഉടലും അരിയാന്‍. കരുതിയിരിക്കുക സഖാക്കളെ..

ബഷീർ said...

ദു:ഖകരമായ അവസ്ഥ തന്നെ

മനസ്സിൽ കരുണ വറ്റിയിരിക്കുന്നു മനുഷ്യന്റെ..

Sapna Anu B.George said...

നല്ല ഒരു വായന

മരത്തലയന്‍ said...

സഖാവ് പവിത്രന് ആദരാഞ്ജലികൾ

ജനങ്ങളിൽ നിന്നൊറ്റപ്പെടുന്നവർ, ആശയപരമായും രാഷ്‌ട്രീയപരമായും പാപ്പരായവർ ആയുധമെടുക്കുന്നു. കരുതിയിരിക്കുക സഖാക്കളെ

രഞ്ജിത് വിശ്വം I ranji said...

ഭ്രാന്ത്‌ കണ്ണൂരിനല്ല മനോജേട്ടാ..ഭ്രാന്ത്‌ ആര്‍ എസ് എസ്സിനാണ് .. പ്രവര്‍ത്തകരെ കൊന്നൊടുക്കിയാല്‍ ഒരു പ്രസ്ഥാനത്തെ തകര്‍ക്കാനാവുമെന്നു കരുതുന്നവരുടെ ഭ്രാന്ത്. ഭ്രാന്ത് പിടിച്ച പട്ടിയ്ക്കു നല്‍കുന്ന ശിക്ഷയെ ഇവര്‍ക്ക് യോജിക്കൂ.. പക്ഷെ ഇത്തരം ഹീനമായ ആക്രമണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുമ്പോള്‍ അതിനെ സി പി ഐ എം, ആര്‍ എസ് എസ് സംഘടനം ആക്കി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ ഭ്രാന്ത് ആര് ചികല്സിച്ചു മാറ്റും.

രഞ്ജിത് വിശ്വം I ranji said...
This comment has been removed by the author.
വരവൂരാൻ said...

ഈ പറഞ്ഞ വേദനകൾ മറ്റേ കൂട്ടർക്കുമുണ്ടാവുമല്ലോ കൊല്ലുകയും കൊലപ്പെടുകയും ചെയ്യുന്നവരുടെ കുടുംബം മാത്രം ഒറ്റപ്പെട്ടു പോകുന്നു.. പരിഷ്ക്രിതർ, ദൈവത്തിന്റെ സ്വന്തം എന്ന് അഹങ്കരിക്കുന്നവരുടെ നാട്‌..
ഈ ക്രുരതക്കു അറുതിയിലേ

മരത്തലയന്‍ പട്ടേട്ടന്‍ said...

ഭ്രാന്ത്‌ കണ്ണൂരിനല്ല മനോജേട്ടാ..ഭ്രാന്ത്‌ ആര്‍ എസ് എസ്സിനാണ് ..

ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ക്ലാസ്സ് റൂമില്‍ വെച്ച് ഭ്രാന്ത് കയറി ശിഷ്യന്മാരുടെ മുന്‍പില്‍ വെച്ച് സ്വയം കുത്തിമരിച്ചു. സി.പി.എമ്മുകാര്‍ ഇത്രയ്ക്കും പഞ്ചപാവങ്ങളാകരുത്.

manoj pm said...

ജയകൃഷ്ണന്‍ സ്കൂളില്‍ ക്ളാസെടുക്കാന്‍ പോയത് തോക്കേന്തിയ പൊലീസിന്റെ അകമ്പടിയോടെയായിരുന്നു.

ഒരു ക്രിമിനല്‍ കേസില്‍ പിടിക്കപ്പെട്ട ജയകൃഷ്ണന്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തുചാടി ഓടി ഒളിച്ചത് എന്റെ വീട്ടുവളപ്പിലെ മോട്ടോര്‍ വര്‍ക്ക്ഷോപ്പിന്റെ പിന്നാമ്പുറത്തായിരുന്നു. അധ്യാപകനായതുകൊണ്ട് ഒരാള്‍ ക്രിമിനല്‍ അല്ലാതാകുന്നില്ല.

തലശ്ശേരി താലൂക്കില്‍ സിപിഐ എം ഗാന്ധിയന്‍ അഹിംസയുംകൊണ്ടാണ് നടക്കുന്നതെന്ന് ഞാന്‍ പറയില്ല.

ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്, ഗ്രാമത്തില്‍ കടന്നുവരുന്ന നരമാംസഭോജിയായ പുലിയോട് അഹിംസ പറഞ്ഞതു:ാണ്ട് കാര്യമില്ലെന്ന്.

ആര്‍എസ്എസ് ചെറു ന്യൂനപക്ഷമാണ്. ഏതാനും പോക്കറ്റുകളില്‍ ഒതുങ്ങുന്നത്. സിപിഐ എം കണ്ണൂരിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ്. എന്നിട്ടും ആര്‍എസ്എസ് സിപിഐ എം പ്രവര്‍ത്തകരെ കൊല്ലുന്ന കണക്ക് ഒരിക്കലും താഴോട്ട് വരുന്നില്ല.

രണ്ടും ഒന്നുപോലെ എന്ന വാദം സമര്‍ത്ഥിക്കാനാണ് പലര്‍ക്കും താല്‍പര്യം. സ്യതം അങ്ങനെയല്ല. അക്രമവും കൊലപാതകവുമില്ലെങ്കില്‍ ആര്‍എസ്എസിന് നിലനില്‍പ്പില്ല. തിരിച്ചടിച്ചില്ലെങ്കില്‍ നാട്ടില്‍ ആര്‍എസ്എസിനെപ്പേടിച്ച് മറ്റാര്‍ക്കും ജീവിക്കാനും കഴിയില്ല.


ഉചിതമായ തിരിച്ചടി കിട്ടിയപ്പോഴേ ആര്‍എസ്എസ് അടങ്ങിയിട്ടുള്ളൂ. കൂത്തുപറമ്പില്‍ മൂര്യാട് ഹാരിസിന്റെ കട തകര്‍ത്ത് ഹാരിസി
നെയും നസീറിനെയും ആക്രമിച്ച് വീഴ്ത്തി പേട്ട ദിനേശനും സംഘവും പട്ടാപ്പകല്‍ ബോംബും വാളുമായി കൊലവിളിനടത്തി നടന്ന അനുഭവമുണ്ടായിരുന്നു.

നിയന്ത്രണമില്ലാത്ത അഴിഞ്ഞാട്ടം. അത് തടുത്തുനിര്‍ത്താന്‍ ഒരഹിംസാ മന്ത്രവും മതിയാകില്ല.

പാതിരാവില്‍, സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സുധീഷിനെറ അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് മുപ്പത്തിയേഴുതവണ വെട്ടി പ്പിളര്‍ന്നതിനേക്കാള്‍ ക്രൂരമാണോ കണ്ണൂരിലെ ക്രിമിനല്‍ പ്രവര്‍ത്തികളുടെ ആസൂത്രകനെ സ്കൂളില്‍ വെട്ടിയത്?

പി ജയരാജനെ തിരുവോണദിവസം വീട്ടില്‍പാഞ്ഞുകയറി കയ്യും കാലും വെട്ടിനുറുക്കിയതിനേക്കാള്‍ വലുതാണോ ജയകൃഷ്ണന്റെ മരണം.

സിപിഐ എം എല്ലാം സഹിച്ച് മിണ്ടാതിരുന്നാല്‍ കണ്ണൂരിലെ സംഘര്‍ഷം അവസാനിക്കില്ല. അതിന് ആര്‍എസ്എസ് ആയുധം താഴെവെക്കണം.

അത് പറയാന്‍ തയാറാകാത്തവര്‍ കണ്ണടച്ചിരുട്ടാക്കുന്നു-അതിലൂടെ ആര്‍എസ്എസ് എന്ന നരമേധ സംഘത്തിന് വിടുപണി ചെയ്യുന്നു.

വായന said...
This comment has been removed by the author.
വായന said...

ഇതേ കഥ തന്നെ എതിര്‍പക്ഷത്തിനും പറയാനുണ്ടാകും.. കത്തിക്ക്‌ കത്തി ഇവിടെ പകരമാവില്ല എന്നതാണ സത്യം... കണ്ണൂരില്‍ മാക്സിസം ആറ്‍.എസ്‌.എസ്‌. നെപോലെ ഫാഷിസ സ്വഭാവം തന്നെയാണ്‍.... കണ്ണൂരില്‍ സംഘ്‌ ഭീകരതയും ചുവപ്പു ഭീകരതയും തമ്മിലുള്ള ചവിട്ട്‌ നാടകം തന്നെയാണ്‍ നടക്കുന്നത്‌... നിഷേധിച്ചിട്ട്‌ കാര്യമില്ല... പുതുതായി NDF ഭീകരതയും പൊന്തിവരുന്നുണ്ട്‌ എന്നത്‌ കാണാതിരിക്കാനാവില്ല...

Pramod.KM said...

ഉള്ളില്‍ കൊള്ളുന്നു..

Unknown said...

ഈ പറഞ്ഞ വേദനകൾ മറ്റേ കൂട്ടർക്കുമുണ്ടാവുമല്ലോ
ജനങ്ങളിൽ നിന്നൊറ്റപ്പെടുന്നവർ, ആശയപരമായും രാഷ്‌ട്രീയപരമായും പാപ്പരായവർ ആയുധമെടുക്കുന്നു. കരുതിയിരിക്കുക.പിഡിപി യുടെ പിന്തുണ എല്‍ഡിഎഫുമായി സഖ്യമുണ്ടാക്കിയപ്പോള്‍

Sandeep.G.Varier said...

ആര്‍.എസ്.എസ് ജില്ലാ കാര്യവാഹിന്റെ ഇരുകാലുകളും വെട്ടിയെടുത്തപ്പോള്‍ പകരത്തിന് പകരം കിട്ടാന്‍ ഒട്ടേറെ നേതാക്കളെ തപ്പി നടന്നു. എല്ലാം ഒളിച്ചിരുന്നതിനാല്‍ പകരം കിട്ടിയത് പാവം സുധീഷിനെ ആയിരുന്നുവെന്നാണ് പറഞ്ഞ് കേട്ടത്. ജയകൃഷ്ണന്റെ പേരില്‍ എന്ത് ക്രിമിനല്‍ കേസാണ് ഉണ്ടായിരുന്നത് എന്ന് പറഞ്ഞാല്‍ കൊള്ളാം. കണ്ണൂരില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമ്പോള്‍ കേസുകള്‍ ഇല്ലാത്ത എത്ര നേതാക്കളുണ്ട്. അത് കൊല്ലാനുള്ള ന്യായീകരണമാണോ മനോജേ? എങ്കില്‍ ആദ്യം കുഴിച്ച് മൂടേണ്ടത് പിണറായിയെ അല്ലേ?

Sandeep.G.Varier said...

മനോജ് പറയുന്നത് കേട്ടാല്‍ കണ്ണൂരില്‍ ഇതുവരെ ആര്‍.എസ്.എസ് സി.പി.എം സംഘട്ടനം മാത്രമേ നടന്നിട്ടുള്ളൂ. കോണ്‍ഗ്രസ്സിന്റേയും ജനതാദളിന്റേയും സിപിഐയുടേയും പ്രവര്‍ത്തകര്‍ വരെ സിപീഎമ്മിന്റെ അഹന്തയുടെ ബലിയാടുകളായിരിക്കുന്നു.

മനോജിന്റെ ഭാഷ കൂടി അഹങ്കാരത്തിന്റേതാണ്. എന്റേതല്ലാത്ത പ്രത്യയശാസ്ത്രങ്ങളെ വെട്ടിനുറുക്കുമെന്ന അഹങ്കാരം. കണ്ണൂരില്‍ കിട്ടിയതിന് ഡല്‍ഹിയില്‍ കിട്ടുമെന്നായപ്പോള്‍ ചില വിദ്വാന്മാരൊക്കെ ഇപ്പോള്‍ മിണ്ടാവ്രതത്തിലാണ്.

C K Guptan said...

ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇത്രയും കാലം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. കണ്ണൂരിലെ സഖാക്കളുടെ മുന്‍പില്‍ ഞങ്ങള്‍ വെറും പിഗ്മികള്‍ . കൂത്താട്ടുകുളത്തെ 14
വയസ്സുകാരന്‍ അയ്യപ്പനെപോലെ എത്ര പേര്‍ .മനോജ്‌ ഇത് ഒരു പുസ്തകം ആക്കിയെന്കില്‍ നന്നായിരുന്നു.

jithendran said...

കണ്ണൂരിലെ ധീര സഖാക്കളുടെ ചെറുത്തു നില്പില്‍ അവര്‍ ഒറ്റക്കല്ല സഖാവേ നമ്മളെല്ലാവരും അവരുടെ കൂടെയുണ്ട് പതറാതെ മുന്നോട്ട് പോവാന്‍ ജീവന്‍ കൊടുത്തും കൂടേ നില്‍ ക്കാന്‍ എതിരാളികളുടെ കൂട്ടായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ . നമുക്ക് മാധ്യമ പിന്തുണ ഉണ്ടാവണമെന്നില്ല,കാരണം മര്‍ ഡോക്കുമാര്‍ അത് നേരിട്ടും പരോക്ഷമായും വിലക്കെടുത്ത് കഴിഞ്ഞു.നമ്മുടെ കൂടെ ജനങ്ങളുണ്ട്,എന്നെന്നും - ജിതേന്ദ്രന്‍ ഇ എന്‍ മലപ്പുറം

FAKRU RIYADH said...

from this article one think i understood there is no possibility of Kannur become normal ..you cant estimate the peoples feeling living in such a tense condition .killing each other for the corrupted politisions .in the fivestar hotel lobby they are united ,,5 years back during my official travel from thalassery to trivandrum there was two state level politicions of BJP and CPM in my compartment same time there was score board play by killing each other out side ..so work for peace of the place u living rather than for a riot.