Showing posts with label പിഡിപി. Show all posts
Showing posts with label പിഡിപി. Show all posts

Thursday, March 26, 2009

മുഖ്യമന്ത്രി അങ്ങനെ കത്തെഴുതിയോ?

(ഫോണ്‍ ചെയ്തോ?)നിങ്ങളെങ്ങനെ അറിഞ്ഞു?

അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ദഹിക്കാത്തവര്‍ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള നുണക്കഥകളിലേക്കുപോവുകയാണ്.

'വീഴ്ച എന്നു പറയുമ്പോള്‍ അത് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോകുന്നതുതന്നെയാണ്.' ശരി. രാഷ്ട്രീയം എന്നാല്‍ ഇന്നലെ ഒരാള്‍ ചെയ്ത കാര്യങ്ങള്‍ നോക്കി മാത്രം തീരുമാനിക്കുന്നതല്ല. ഇന്നലെ നല്ലവനായിരുന്നയാള്‍ ഇന്ന് മോശക്കാരനായാല്‍ അയാളെ അന്തസ്സായി പുറത്താക്കുകയാണ് ശരി. ഇന്നലെ മേശപ്പെട്ട രാഷ്ട്രീയം കൈകാര്യം ചെയ്തയാള്‍ക്ക് ഇന്ന് ശരിയായ വഴിയിലേക്ക് വരാന്‍ വിലക്കുകളില്ല.

എന്തിന്, പിഡിപി വര്‍ഗീയ കക്ഷിയാണെന്ന പല്ലവി തുടര്‍ച്ചയായി ഉരുവിടുന്നു? ആ പാര്‍ട്ടി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതുകൊണ്ടുമാത്രം അവരുടെ മുഖം എക്കാലത്തും വികൃതമായിത്തന്നെ തുടരണമെന് വാശിപിടിക്കുന്നത് ഏത് ലക്ഷ്യം സാധിക്കാനാണ്? പിഡിപിയെന്നല്ല, ഒരുപാര്‍ട്ടിയുടെയും ജാതകം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന പണിയല്ല മററുപാര്‍ട്ടികളുടേത്.

പിഡിപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പരിശോധന വേണം; എല്ലാ ഘടകകക്ഷികളുടെയും അംഗീകാരവും വേണം. ഇവിടെ പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെ പിന്തുണയ്ക്കാന്‍ വരുന്നവരോട്, നിങ്ങളെ ഞങ്ങള്‍ നോക്കില്ല, നിങ്ങളോട് മിണ്ടില്ല-വേണമെങ്കില്‍ പിന്തുണതന്ന് പൊയ്ക്കോളൂ എന്ന് സിപിഎം പറയാത്തതാണ് കുറ്റം!

എത്രമാത്രം കാപട്യക്കാരാണ് നമ്മുടെ മാധ്യമങ്ങള്‍. പുട്ടില്‍ തേങ്ങയെന്നതുപോലെ ഇടവിട്ട് പിഡിപിയെ 'വര്‍ഗീയ കക്ഷി' എന്നു വിളിച്ചതുകൊണ്ട് ഇവര്‍ എന്ത് മഹാലക്ഷ്യമാണ് സാധിക്കാന്‍ പോകുന്നത്?മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്.

വിഎസ് പറഞ്ഞത് ശരിയാണ്. അന്വേഷണം തുടരുകതന്നെ വേണം. അത് മഅ്ദനി സ്വാഗതംചെയ്തതും ശരി. പിണറായി പറഞ്ഞിട്ടുണ്ട്, ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതുകൊണ്ട് മഅ്ദനിക്കെതിരായ ഒരന്വേഷണവും നിന്നുപോകില്ലെന്ന്. മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്?

വെള്ളാപ്പള്ളി പറഞ്ഞത് പിഡിപി സഖ്യം പരസ്യമായി വേണ്ടിയിരുന്നില്ലെന്നാണ്. അത് അദ്ദേഹത്തിന്റെ സദ്ഭാവന. രഹസ്യമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫ് കുടിലതയേക്കാള്‍ നല്ലതല്ലേ പിന്തുണ പരസ്യമായിത്തന്നെ സ്വീകരിക്കുന്നത്?

ജനശ്രദ്ധ തിരിക്കാനാണ് പിഡിപി പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് മറ്റൊരു കണ്ടെത്തല്‍ വന്നിട്ടുണ്ട്. വിവാദം കുത്തിപ്പൊക്കുന്നത് എല്‍ഡിഎഫാണോ? സിപിഐ എമ്മാണോ? പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിക്ക് പിഡിപി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, ആ പിന്തുണ സ്ഥാനാര്‍ത്ഥിയെ വിജയത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ത്ഥ്യം തെളിയുമ്പോള്‍ നുരഞ്ഞുപൊന്തുന്ന അസൂയയും അസഹിഷ്ണുതയും കുശുമ്പുമാണ് വിവാദങ്ങളെ പ്രസവിക്കുന്നത്. മഅ്ദനി ഇഫക്ട് കുറെ വോട്ടുകളുടെ ലാഭം മാത്രമല്ല എല്‍ഡിഎഫിന്. അത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ വര്‍ഗീയ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് സിപിഐ എമ്മാണെന്നതിരിച്ചറിവിലേക്കും അതുവഴി ചെങ്കൊടിത്തണലിലേക്കും മുസ്ളിം ജനസാമാന്യത്തെ കൈപിടിച്ചുയര്‍ത്താനുള്ള രാസത്വരകംകൂടിയാണ്.അത് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രചാരണത്തില്‍ മഅ്ദനിയുടെ പേര് ആവര്‍ത്തിക്കപ്പെടുന്നത്.

മഅ്ദനിയുടെ പിന്തുണ യുഡിഎഫിനായിരുന്നുവെങ്കില്‍ ആരെങ്കിലും മിണ്ടുമോ? മിണ്ടിയിട്ടുണ്ടോ?പിണറായിയും മഅ്ദനിയും ഒരേവേദിയില്‍ സംഗമിച്ചാണ് മറ്റൊരപരാധം! 'വോട്ടുചെയ്ത് മിണ്ടാതെ പൊയ്ക്കൊള്ളുക' എന്ന ന്യായം കോണ്‍ഗ്രസിന് അംഗീകരിക്കാനാവുമായിരിക്കും. ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ അത്തരം നെറികേടുകള്‍ക്ക് സ്ഥാനമില്ല. അന്തസ്സിന്റെ രാഷ്ട്രീയവും നാട്ടില്‍ ഉണ്ടല്ലോ.

വിവാദം ഉണ്ടാകുന്നതുംഎണ്ണയൊഴിച്ചുകത്തിക്കുന്നതും എല്‍ഡിഎഎല്‍ഡിഎഫ് അല്ല. സിപിഐ എം അല്ല. രമേശ് ചെന്നിത്തലയ്ക്കാണ് പിഡിപിയും രാമന്‍പിള്ളയുടെ പാര്‍ട്ടിയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ ആശങ്ക. എല്‍ഡിഎഫിലെ ഘടകകക്ഷികളോട് സിപിഐ എമ്മിന്റെ പെരുമാറ്റം ത്ൃതികരമല്ലെന്ന പല്ലവിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുമാത്രം-പിഡിപിയുടെ എല്‍ഡിഎഫിനുള്ള പിന്തുണ വോട്ടായി മാറരുത്. അതിനായി എന്റെ രണ്ടുകണ്ണുപോയാലും തരക്കേടില്ല, ഇടതുപക്ഷത്തിന്റെ ഒരുകണ്ണെങ്കിലും പോയിക്കാണണം എന്നമനോഭാവം.

എല്ലാ ദിവസവും വിവാദമുണ്ടാക്കുകയാണ്. വാര്‍ത്തയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നവര്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണ്. എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും ജനങ്ങള്‍ മനോഭാവം മാറ്റുന്നില്ല.വിവാദം സൃഷ്ടിക്കുന്നതിന്റെ അവസാന രൂപമാണ് മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര ംനതൃത്വത്തോട് പരാതിപറഞ്ഞു എന്ന വാര്‍ത്ത. ബുധനാഴ്ച രാത്രി മനോരമ ചാനല്‍ പറഞ്ഞ്ത്, മുഖ്യമന്ത്രി പ്രകാശ് കാരാട്ടിന് കത്തയച്ചു എന്നായിരുനു. രാവിലെ മനോരമ പത്രം ഇറങ്ങിയപ്പോള്‍ കത്തയച്ച കാര്യത്തിന് സ്ഥിരീകരണമില്ലെന്നായി! അതേസമയം വെബ് പോര്‍ട്ടലില്‍ രണ്ടും കെട്ട വാര്‍ത്ത തുടര്‍ന്നു.ഈ വിഷയത്തില്‍ ഏതാനും ചില പത്രങ്ങള്‍ ഇന്ന് കൊടുത്ത വാര്‍ത്ത നോക്കാം.

ആദ്യത്തേത് മനോമ തന്നെയാകട്ടെ. മനോരമ വെബ്സൈറ്റിലെ വാര്‍ത്ത ഇതാണ്.

മംഗളം ഇങ്ങനെ എഴുതുന്നു.
മാധ്യമത്തിന് വിവരങ്ങള്‍ കുറച്ചുകൂടി ആധികാരികമാണ്.

മാതൃഭൂമി ആരെക്കാളും പിന്നിലാകരുതല്ലോ.

എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ് മിണ്ടാതിരുന്നില്ല.ഇത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ല.

മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെങ്കിലോ ഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലോ അത് തുറന്ന കത്തോ പെതയോഗ പ്രസംഗമോ ആകുന്നില്ലല്ലോ. രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയം മാത്രം. അങ്ങനെയൊരു കത്തിന്റെ പ്രശ്നമേ സാധാരണ നിലയില്‍ ഉദിക്കുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കറിയാം.

കത്ത് അയച്ചതായി, ബന്ധപ്പെട്ട ഒരാളും ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ഒരേദിവസം വിവിധ മാധ്യമങ്ങളില്‍ ഒരു ഇല്ലാക്കഥ ഒരേരൂപത്തില്‍ വന്നു? എവിടെ നിന്നാണ് ഇത്തരം വിവരങ്ങള്‍ മാധ്യമ ആപ്പീസുകളിലേക്ക് ഒഴുകിയത്? സംഭവിച്ച ഒരു കാര്യമാണെങ്കില്‍ അത് ഒരേതരത്തില്‍ വാര്‍ത്തയാകുന്നതില്‍ അസ്വാഭാവികത ഇല്ല. ഇവിടെ ഇല്ലാത്ത ഒരുകാര്യം; തടിപ്പടച്ച ഒരു പെരുംനുണ എങ്ങനെ ഒരേതരത്തില്‍ വിവിധ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു? മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടോ ഇല്ലയോ? അത് പ്രവര്‍ത്തിക്കുന്ത് സിപിഐ എമ്മിനെതിരെയോ അല്ലയോ?

Wednesday, March 25, 2009

മഅ്ദനിയെപ്പറ്റിത്തന്നെ

പിഡിപി യുടെ പിന്തുണ എല്‍ഡിഎഫിനാണെന്നറിഞ്ഞതുമുതല്‍ നടക്കുന്ന കോലാഹലം പ്രത്യേക പരിശോധന അര്‍ഹിക്കുന്നു. മുമ്പ് പിഡിപി യുഡിഎഫുമായി സഖ്യമുണ്ടാക്കിയപ്പോള്‍ അതില്‍ വര്‍ഗീയത കാണാതിരുന്നവര്‍ ഇപ്പോള്‍, അപസ്മാരരോഗികളെപ്പോലെ പെരുമാറുന്നു. മാധ്യമങ്ങള്‍ അജണ്ട ന്ിശ്ചയിക്കുകതന്നെയാണ്.

നുണ, ഇരട്ടത്താപ്പ്, തമസ്കരണം, പൊലിപ്പിക്കല്‍-മൃദു ഹിന്ദുത്വത്തിന്റെ അധിനിവേശം ഓരോ വാര്‍ത്തകളിലും. ഉമ്മന്‍ചാണ്ടിയുടുെം മാതൃഭൂമിയുടെയും മലയാളമനോരമയുടെയും മുഖം ഒന്നായുത്തന്നെ പ്രത്യഷപ്പെടുന്നു. മഅ്ദനിയുടെ പിന്തുണ പിഡിപി വോട്ടുമാത്രമല്ല ഇടുപക്ഷത്തേക്ക് ആകര്‍ഷിക്കുക എന്ന ബോധ്യമാണ് ഈ വെപ്രാളത്തിനുപിന്നില്‍. മലബാര്‍ മേഖലയില്‍ കുറ്റിപ്പുറം ആവര്‍ത്തിക്കാനുള്ള സാധ്യതയാണവര്‍ കാണുന്നത്. മുസ്ളിം ജനവിഭാഗങ്ങളില്‍ ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം ദൃഢമാകുന്നു. ആ ഭാഗത്തുവരുന്ന നഷ്ടം നികത്താന്‍ മഅ്ദനിയെ വര്‍ഗീയ ഭീകരനാക്കി , ഇടതുപക്ഷം മുസ്ളിം വര്‍ഗീയതയെ പ്രേആത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞുസ്ഥാപിച്ച് ഹിന്ദുവികാരം അനുകൂലവോട്ടാക്കി മാറ്റുക. യഥാര്‍ത്ഥത്തില്‍ അതല്ലേ വര്‍ഗീയ രാഷ്ട്രീയം?

മഅ്ദനി തെരഞ്ഞെടുപ്പുവേദികളില്‍ വര്‍ഗീയത പറയുന്നില്ല. വര്‍ഗീതയെ തുണയ്ക്കുന്ന നേരിയ വാക്കോ നോക്കോ മഅ്ദനിയില്‍നിന്നുണ്ടായാല്‍ ഇടതുപക്ഷത്തിന് അത് പൊറുക്കാനാവുകയുമില്ല. അതെല്ലാം എല്ലാവര്‍ക്കും അറിയാം.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് സത്യസന്ധതയോ രാഷ്ട്രീയ സദാചാരത്തിലൂന്നിയ സമീപനമോ ആര്‍ക്കും പ്രതീക്ഷിക്കാനാകില്ല. മറ്റെല്ലാവരും ചെയ്യാന്‍ മടിക്കുന്ന കെട്ട കാര്യങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നത് ശീലമാക്കിയവരാണ് അവര്‍. വര്‍ഗീയകക്ഷികളുമായുള്ള ചങ്ങാത്തവും തെരഞ്ഞെടുപ്പില്‍ ജാതി-മത സങ്കുചിത വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ടുനേടലും കോണ്‍ഗ്രസിന്റെ എന്നത്തെയും കണക്കുപുസ്തകത്തിലുണ്ട്.


എക്കാലത്തും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. ബിജെപിയെയും മുസ്ളിംലീഗിനെയും ഇരുവശത്തും നിര്‍ത്തി വര്‍ഗീയക്കസര്‍ത്തുനടത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മടികാട്ടാത്ത ചരിത്രമാണവരുടേത്. ആ കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് ഉമ്മന്‍ചാണ്ടി വര്‍ഗീയതയ്ക്കെതിരെ പറയുമ്പോള്‍ സാമാന്യബോധമുള്ള ഏതൊരുമലയാളിക്കും ഓക്കാനമാണുണ്ടാവുക. പിഡിപി എന്ന രാഷ്ട്രീയ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടിക്ക് സമനിലതെറ്റിയതായാണ് കാണുന്നത്. പിഡിപി വര്‍ഗീയവിദ്വേഷം പരത്തുന്നു എന്നാണ് അദ്ദേഹം ഒടുവില്‍ ആരോപിച്ചിരിക്കുന്നത്. അതോടൊപ്പം, താന്‍ പിഡിപിയുടെ പിന്തുണ ഒരിക്കലും തേടിയിട്ടില്ലെന്നും അദ്ദേഹം ആണയിട്ടിരിക്കുന്നു.

2001ല്‍ യുഡിഎഫും അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പാര്‍ടിയും തമ്മിലുണ്ടാക്കിയത് ലക്ഷണമൊത്ത തെരഞ്ഞെടുപ്പുസഖ്യംതന്നെയായിരുന്നു. സംസ്ഥാനത്തെ രണ്ടു നിയമസഭാ മണ്ഡലത്തില്‍ പിഡിപി നേതാക്കളാണ് യുഡിഎഫ് സ്ഥാനാര്‍ഥികളായി ഔദ്യോഗികമായി രംഗത്തിറങ്ങിയത്. അന്ന് പ്രതിപക്ഷനേതാവ് എ കെ ആന്റണിയായിരുന്നു. ആന്റണിയുടെ ഔദ്യോഗികവസതിയായിരുന്ന കന്റോണ്‍മെന്റ് ഹൌസിലും കുഞ്ഞാലിക്കുട്ടിയുടെ വാടകവീട്ടിലും ഉമ്മന്‍ചാണ്ടിയും ശങ്കരനാരായണനും ആന്റണിയുമെല്ലാം മാറിമാറി ചര്‍ച്ചചെയ്താണ് അന്ന് പിഡിപിക്ക് രണ്ടുസീറ്റ് നല്‍കാന്‍ തീരുമാനിച്ചത്- കഴക്കൂട്ടവും കുന്ദമംഗലവും.

കുന്ദമംഗലത്ത് യു സി രാമനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍, തല്‍ക്കാലം അത് ലീഗ് ചിഹ്നത്തില്‍ കിടക്കട്ടെയെന്നും ജയിച്ചാല്‍ നിങ്ങളെടുത്തോളൂ എന്നും പാണക്കാട് തങ്ങള്‍ നല്‍കിയ ഉറപ്പുമുണ്ടായിരുന്നു. ഇതെല്ലാം അക്കാലത്ത് കേരളത്തിലെ പത്രങ്ങള്‍ തുറന്നെഴുതിയതാണ്. എം എ മുഹമ്മദ് നിഷാദ് എന്ന പിഡിപി നോമിനിയാണ് അന്ന് കഴക്കൂട്ടത്ത് മത്സരിച്ചത്. കോണ്‍ഗ്രസുകാര്‍ എം എ വാഹിദിനെ വിമതസ്ഥാനാര്‍ഥിയാക്കി ജയിപ്പിച്ച് പിഡിപിയുടെ പാലം വലിച്ചു. കുന്ദമംഗലത്ത് യു സി രാമന്‍ ജയിച്ചപ്പോള്‍ അത് മുസ്ളിംലീഗിന്റെ അക്കൌണ്ടില്‍ത്തന്നെ പെടുത്തുകയും ചെയ്തു. എന്നാല്‍, കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്ന് മഅ്ദനി എഴുതിക്കൊടുത്ത, യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തിന്റെ ലക്ഷക്കണക്കിനു കോപ്പിയെടുത്ത് നാട്ടിലാകെ വോട്ടുതെണ്ടി യുഡിഎഫുകാര്‍ നിയമസഭയിലെത്തുകയും



ചെയ്തു. ഇന്നും ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫില്‍തന്നെയുണ്ടല്ലോ. പിള്ള 2002 ഒക്ടോബര്‍ 31ന് തിരുവനന്തപുരത്ത് ഒരു പ്രസംഗം നടത്തി. അതിലെ ഒരുഭാഗം ഇങ്ങനെ: \"മഅ്ദനി തീവ്രവാദിയല്ല. ആണെന്ന് ഞാന്‍ പറയുകയുമില്ല. യഥാര്‍ഥ തീവ്രവാദികള്‍ ഇവിടെ വേറെയില്ലേ? കല്യാണ്‍സിങ്ങും ഉമാഭാരതിയുമൊക്കെയല്ലേ യഥാര്‍ഥ തീവ്രവാദികള്‍? ന്യൂനപക്ഷധ്വംസനം നടത്തിയ നരേന്ദ്രമോഡിയല്ലേ മറ്റൊരു തീവ്രവാദി. എന്‍എസ്എസിനുപോലും സ്വീകാര്യമല്ലാത്ത പ്രവീണ്‍ തൊഗാഡിയയെപ്പോലുള്ള നേതാക്കളെയല്ലേ സര്‍ക്കാര്‍ ഇവിടെ സ്വീകരിച്ചാനയിച്ചത്. യഥാര്‍ഥത്തില്‍ ഇവിടെ നീതി നിഷേധിക്കുകയാണ്. മഅ്ദനിയെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ ഇപ്പോള്‍ രാമായണത്തിലെ സുഗ്രീവനെപ്പോലെയാണ്. തന്നെ സഹായിച്ച ശ്രീരാമന് കൊടുത്ത വാക്ക് മറന്ന് ജ്യേഷ്ഠഭാര്യയുമായി കഴിഞ്ഞവനാണ് സുഗ്രീവന്‍. പിഡിപി സഹായത്തോടെ നാലുസീറ്റാണ് കൊല്ലത്ത് യുഡിഎഫിന് കിട്ടിയത്.\'\'

പിള്ള അവിടെയും നിര്‍ത്തിയില്ല. മഅ്ദനിയോടു കാണിക്കുന്ന യുഡിഎഫിന്റെ വഞ്ചന അക്കമിട്ട് അദ്ദേഹം നിരത്തി. ഇതില്‍ ഏതെങ്കിലുമൊരുകാര്യം നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ചങ്കൂറ്റമുണ്ടോ? ബെന്നി ബഹനാനെയും പൂന്തുറ സിറാജിനെയും കൂട്ടി രണ്ടുവട്ടം കോയമ്പത്തൂര്‍ ജയിലില്‍ പോയി പാടുകിടന്നത് മഅ്ദനി എത്ര കഴഞ്ച് മനുഷ്യാവകാശധ്വംസനം അനുഭവിക്കുന്നുണ്ടെന്നറിയാനോ, അതോ ആ മനുഷ്യനെക്കാട്ടി കേരളത്തിലെ ന്യൂനപക്ഷങ്ങളോട് വോട്ടുതെണ്ടാനോ?



കായംകുളത്ത് ജയിച്ചുകയറാന്‍ പിഡിപിയുടെ സഹായം രണ്ടുകൈയും നീട്ടി വാരിയെടുത്ത എം എം ഹസ്സനും മഅ്ദനിയെ കാണാന്‍ കോയമ്പത്തൂര്‍ ജയിലില്‍ വിലക്കുണ്ടായപ്പോള്‍ അഭിഭാഷകന്റെ ഐഡന്റിറ്റി കാര്‍ഡുമായി ചെന്ന് പാടുകിടന്ന യുഡിഎഫിന്റെ മറ്റു ചില നേതാക്കളും ഇപ്പോള്‍ ആരെ കാണിക്കാനാണ് ഉറഞ്ഞുതുള്ളുന്നത്? 2006ല്‍ ഐഎന്‍എല്ലുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പുനീക്കുപോക്ക് ഉണ്ടാക്കിയപ്പോള്‍ ഇന്നത്തേതുപോലെ \'വര്‍ഗീയ\' ആരോപണവും പ്രതികരണമെടുപ്പുമെല്ലാം പൊടിപൊടിച്ചിരുന്നു.

ജനങ്ങള്‍ അത് മുഖവിലയ്ക്കെടുത്തില്ലെന്നുമാത്രമല്ല, എല്‍ഡിഎഫിന് റെക്കോഡ് വിജയം സമ്മാനിക്കുകയും ചെയ്തു. ഇപ്പോള്‍ മഅ്ദനിയുടെ പിന്തുണ ചൂണ്ടിക്കാട്ടി മറ്റുചില നേട്ടങ്ങള്‍ തരപ്പെടുത്തിയെടുക്കാമെന്ന് പകല്‍കിനാവുകാണുകയാണ് യുഡിഎഫ്. മഅ്ദനിയും രാമന്‍പിള്ളയും ദത്താത്രേയ റാവുവുമെല്ലാം ഇടതുപക്ഷത്തെക്കുറിച്ച് നല്ലതുപറയുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയും അസൂയയും ചിലരെ അന്ധരാക്കുമ്പോള്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

ഇപ്പോള്‍ മതനിരപേക്ഷനിലപാട് സ്വീകരിച്ചവരെമാത്രമല്ല, വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പിടിയില്‍പെട്ടുപോയ അവസാനത്തെ ആളെവരെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ബോധത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. അത് തെരഞ്ഞെടുപ്പുകാലത്തുമാത്രം നടക്കുന്ന പരിപാടിയുമല്ല. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയും സമാന മനസ്കരും എത്രവലിയ നുണകള്‍ എഴുന്നള്ളിച്ചാലും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും കുറിച്ചുള്ള ബോധ്യം മാറിമറിയുമെന്നു കരുതേണ്ടതില്ല.

മഅ്ദനിയുടെയും പിഡിപിയുടെയും വര്‍ഗീയനിലപാടുകള്‍ക്കെതിരെ സിപിഐ എമ്മും പാര്‍ടി മുഖപത്രമായ ദേശാഭിമാനിയും നടത്തിയ വിമര്‍ശങ്ങള്‍ അതേപടി അച്ചടിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ വിതരണംചെയ്യാന്‍ ഇപ്പോള്‍ യുഡിഎഫ് അത്യുത്സാഹം കാണിക്കുന്നുണ്ട്. അതില്‍ത്തന്നെ തെളിയുന്നുണ്ട് സിപിഐ എമ്മിന് വര്‍ഗീയതയോടുള്ള സമീപനം.

മഅ്ദനി എന്നല്ല, ആരുതന്നെ വര്‍ഗീയതയ്ക്കടിപ്പെട്ടാലും സിപിഐ എം എതിര്‍ത്തിട്ടുണ്ട്, എതിര്‍ക്കുന്നുണ്ട്, നാളെ എതിര്‍ക്കുകയും ചെയ്യും. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് വര്‍ഗീയതയോട് സലാം പറയുന്നവരെയും ഭീകരവാദത്തെ തള്ളിപ്പറയുന്നവരെയും ആട്ടിപ്പായിക്കാനാണ് ഇടതുപക്ഷം തയ്യാറാകേണ്ടതെന്ന് ഉമ്മന്‍ചാണ്ടിക്ക് ആഗ്രഹിക്കാം. ഇടതുപക്ഷത്തിന് അങ്ങനെ കാണാനാകില്ലതന്നെ. കോണ്‍ഗ്രസിന്റെ വര്‍ഗീയപ്രീണനനാറ്റം സഹിക്കവയ്യാത്തതുകൊണ്ടാണ് അവര്‍ നിങ്ങളെ തിരസ്കരിച്ചതെന്ന് ഓര്‍മയുണ്ടായാല്‍ നല്ലത്.


പിഡിപിയുമായി എല്‍ഡിഎഫ് രാഷ്ട്രീയസഖ്യമുണ്ടാക്കുകയല്ല, പിഡിപി പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാവുകയാണുണ്ടായതെന്ന യാഥാര്‍ഥ്യം ഉമ്മന്‍ചാണ്ടി മറച്ചുവച്ചാല്‍ കേരളീയര്‍ കാണാതിരിക്കുമോ? യുഡിഎഫിന്റെ പതിവുപോലെ രഹസ്യമായല്ല, പരസ്യമായിത്തന്നെ പിന്തുണ സ്വീകരിക്കാനാണ് എല്‍ഡിഎഫ് തയ്യാറായത് എന്നതില്‍നിന്ന് എല്‍ഡിഎഫിന്റെ രാഷ്ട്രീയസത്യസന്ധതയാണ് തെളിയുന്നതെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്്. തരംതാണ നുണകള്‍ സ്വന്തം മുഖം വികൃതമാക്കുകയേ ഉള്ളൂവെന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Sunday, March 22, 2009

വര്‍ഗീയ കുതന്ത്രങ്ങള്‍ക്കെതിരെനിതാന്ത ജാഗ്രത

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി (പിഡിപി) കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ നടത്തുന്ന വര്‍ഗീയച്ചുവയുള്ള പ്രചാരണങ്ങളും മുഴക്കുന്ന ആക്ഷേപങ്ങളും നാടിന്റെ മതനിരപേക്ഷ സ്വഭാവത്തെ വെല്ലുവിളിക്കുന്നതാണ്. എല്‍ഡിഎഫിന്റെ മതനിരപേക്ഷവും സാമ്രാജ്യവിരുദ്ധവുമായ കാഴ്ചപ്പാട് അംഗീകരിച്ചുകൊണ്ട്, ആ രണ്ടുമേഖലയിലുമുള്ള പോരാട്ടത്തിന് യോജിക്കേണ്ടത് ഇടതുപക്ഷവുമായി മാത്രമാണെന്ന തിരിച്ചറിവോടെയാണ് പിഡിപിയും അതിന്റെ നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. പിന്തുണയ്ക്കുന്ന കക്ഷിയെയും അതിന്റെ നേതാക്കളെയും കണ്ടാല്‍ മുഖംതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. അതുകൊണ്ടുതന്നെ, എല്‍ഡിഎഫിലെ ഘടകകക്ഷിയല്ലാതിരുന്നിട്ടുകൂടി പരസ്യമായി പിന്തുണ അറിയിച്ച് പൊന്നാനിയടക്കമുള്ള മണ്ഡലങ്ങളില്‍ പിഡിപിനേതൃത്വം രംഗത്തുവന്നു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പുകണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയുംചെയ്തു. അതിനര്‍ഥം, മുമ്പേതോ കാലത്ത് അവര്‍ ഉയര്‍ത്തിപ്പിടിച്ച തെറ്റായ സമീപനങ്ങളെ ഇടതുപക്ഷം ശരിവച്ചു എന്നല്ല. ശരിവച്ചത്, ഇന്ന് മതനിരപേക്ഷതയുടെയും ഭീകരവിരുദ്ധതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും പ്രശ്നങ്ങളില്‍ അവര്‍ പ്രഖ്യാപിച്ച നിലപാടുകളെയാണ്. കൊലവിളിയുമായി വരുന്ന ഭൂരിപക്ഷ വര്‍ഗീയതയെ അതേ ഭാഷയിലല്ല, മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ അണിനിരത്തിയാണ് നേരിടേണ്ടത് എന്ന് മഅ്ദനി പറഞ്ഞാല്‍, അത് നാട് ആഗ്രഹിക്കുന്ന നിലപാടുമാറ്റമാണ് എന്ന് തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് ആരുടെയും ഉപദേശം ആവശ്യമാകുന്നില്ല. മുമ്പ് ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കെ രാമന്‍പിള്ളയടക്കമുള്ളവരും ഇതേ രീതിയില്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരക്കുന്നത്, എല്‍ഡിഎഫിന്റെ വര്‍ഗീയപ്രീണനത്തെയല്ല, കറകളഞ്ഞ മതനിരപേക്ഷ കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്.വര്‍ഗീയത രാജ്യം ഇന്ന് നേരിടുന്ന അതിഗുരുതരമായ പ്രശ്നമാണ്. ഗുജറാത്ത്, ഒറീസ, കര്‍ണാടകം, മഹാരാഷ്ട്ര തടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന സംഘപരിവാറിന്റെ ഫാസിസ്റ് സ്വഭാവമുള്ള ആക്രമണങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. മതേതരത്വത്തിന് സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് കൂട്ടുനിന്ന കോണ്‍ഗ്രസ് പിന്നീട് രാജ്യത്തുണ്ടായ എല്ലാ വര്‍ഗീയ കൂട്ടക്കുരുതികളിലും നിസ്സംഗസാക്ഷികളായി. ഗുജറാത്ത് വംശഹത്യയിലോ ഒറീസയില്‍ ക്രൈസ്തവര്‍ അതിഭീകരമായി ആക്രമിക്കപ്പെട്ടപ്പോഴോ കേരളത്തില്‍ സംഘപരിവാര്‍ ബോംബുകള്‍ തുടരെത്തുടരെ പൊട്ടിയപ്പോഴോ കോണ്‍ഗ്രസില്‍നിന്ന് എതിര്‍പ്പിന്റെ ശബ്ദം ആരും കേട്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നതുപോലെതന്നെ, അതിനെ പ്രതിരോധിക്കാനെന്ന പേരില്‍ രൂപപ്പെടുന്ന ന്യൂനപക്ഷ വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സിപിഐ എമ്മിനും ഇടതുപക്ഷങ്ങള്‍ക്കാകെയുമുള്ളത്. ജനാധിപത്യപരമായ സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതും തമ്മില്‍ തമ്മില്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇരുവര്‍ഗീയതയും. ഭീകരവാദം ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല. മലേഗാവ്, സംഝോത എക്സ്പ്രസ് തീവയ്പ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ സംഘപരിവാര്‍തന്നെ ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാറുണ്ടെന്ന് വ്യക്തമായി. ഇസ്ളാമിന്റെ പേരിലായാലും സംഘപരിവാര്‍ നേതൃത്വത്തിലായാലും വര്‍ഗീയത അഴിഞ്ഞാടുന്ന എല്ലായിടത്തും അവയ്ക്കെതിരായ സുശക്ത നിലപാട് ഇടതുപക്ഷത്തിനുമാത്രമാണ്. കേരളം വര്‍ഗീയകലാപങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ഇടതുപക്ഷ സ്വാധീനംകൊണ്ടാണ്. ഇതൊക്കെ തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഇന്നാട്ടിലെ ജനങ്ങള്‍ എന്ന തെറ്റിദ്ധാരണമൂലമോ, സംഘടിതമായ നുണപ്രചാരണത്തിലൂടെ ഈ യാഥാര്‍ഥ്യങ്ങളെ മൂടിവച്ചുകളയാം എന്ന മിഥ്യാധാരണമൂലമോ ആകാം ഇപ്പോഴത്തെ മാര്‍ക്സിസ്റ്റ് വിരുദ്ധ അഴിഞ്ഞാട്ടവും മഅ്ദനി വേട്ടയുടെ മറവിലുള്ള വര്‍ഗീയക്കളിയും. പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് ഇതാദ്യമല്ല. എല്‍ഡിഎഫുമായി യോജിപ്പു പ്രകടിപ്പിച്ച് ആരുതന്നെ വന്നാലും വിവാദപ്പെരുമഴ സൃഷ്ടിച്ച് അത്തരം നീക്കങ്ങള്‍ അട്ടിമറിക്കാന്‍ യുഡിഎഫിന്റെ അച്ചാരം വാങ്ങുന്നവര്‍ക്ക് താല്‍പ്പര്യമുണ്ടാകും. എന്നാല്‍, അവര്‍ വരയ്ക്കുന്ന വരയിലൂടെ പോകാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സില്ല എന്നതിനുതെളിവാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിളങ്ങുന്ന വിജയം. ലോകത്താകെ നടക്കുന്ന അധിനിവേശത്തോടും അടിച്ചമര്‍ത്തലുകളോടും എങ്ങനെ പ്രതികരിക്കുന്നു എന്നുനോക്കിയാല്‍, കോണ്‍ഗ്രസും മുസ്ളിം ലീഗുമടങ്ങുന്ന യുപിഎ സഖ്യത്തിന്റെ പാപ്പരത്തമാണ്; ജനവിരുദ്ധതയാണ് തെളിഞ്ഞുകാണുക. പലസ്തീന്‍ ജനതയെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍. ഈ ഭീകരതയ്ക്ക് അമേരിക്ക കൂട്ടുനില്‍ക്കുന്നു. ഇസ്രയേലിനെ സംരക്ഷിക്കുന്ന അമേരിക്കന്‍ നിലപാടിനെ മന്‍മോഹന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. അതിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രസിഡന്റുകൂടിയായ വിദേശ സഹമന്ത്രി ഇ അഹമ്മദ് കൂട്ടുനില്‍ക്കുന്നു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ വിദേശനയം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരായി നിലപാടെടുക്കാന്‍ ലീഗിന്റെ വിദേശ സഹമന്ത്രിക്കു കഴിയുന്നില്ല. ആ മന്ത്രി ഇന്ന് മലപ്പുറത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. കൊലയാളിരാഷ്ട്രമായ ഇസ്രയേലിനോട് കോണ്‍ഗ്രസ് അഗാധബന്ധം പുലര്‍ത്തുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരില്‍ വിനോദ സഞ്ചാരമന്ത്രിയായിരുന്ന കെ വി തോമസ് ഇസ്രയേലി പ്രതിനിധിക്ക് സംസ്ഥാന സര്‍ക്കാരിനുവേണ്ടി നല്‍കിയ ഉപഹാരങ്ങളും സ്വീകരണവും ഉദാഹരണമാണ്. ആ തോമസും ഇന്ന് കൈപ്പത്തിചിഹ്നത്തില്‍ എറണാകുളത്ത് മത്സരിക്കുന്നു. ഈ പ്രശ്നങ്ങളിലൊക്കെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകളുണ്ട്. അത് ഇവിടെ ഈ കേരളത്തിന്റെ നാലതിരുകളില്‍ ഒതുങ്ങുന്നതല്ല. അതുകൊണ്ടുതന്നെ അബ്ദുള്‍നാസര്‍ മഅ്ദനിയടക്കമുള്ള ന്യൂനപക്ഷ നേതാക്കളും കെ രാമന്‍പിള്ളയടക്കമുള്ള മുന്‍ ബിജെപി നേതാക്കളും എല്‍ഡിഎഫിന് നല്‍കുന്ന പിന്തുണയും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. അതു മനസ്സിലാക്കാതെയോ മറച്ചുപിടിച്ചോ എല്‍ഡിഎഫിനെതിരെ ദുഷ്പ്രചാരണവുംകൊണ്ട് നടക്കുന്നവര്‍ വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനും കുഴലൂത്ത് നടത്തുകയാണ്. പിഡിപി സാമ്രാജ്യത്വത്തിനും ഭീകരവാദത്തിനുമെതിരെ നിലപാടെടുക്കുന്ന പാര്‍ടിയാണെന്ന് സിപിഐ എം കേന്ദ്രനേതൃത്വം വിശദീകരിച്ചിട്ടുണ്ട്. അതേസമയംതന്നെ ആ പാര്‍ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമല്ലതാനും. സിപിഐയേക്കാള്‍ വലിയ സ്ഥാനം സിപിഐ എം പിഡിപിക്ക് നല്‍കുന്നു എന്നതുപോലുള്ള തരംതാണ പ്രചാരണമഴിച്ചുവിടുന്നവര്‍ക്ക് മറുപടി നല്‍കിയിട്ടുകാര്യമില്ല. എല്‍ഡിഎഫിന്റെ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ക്ക് ഒരു കോര്‍പറേറ്റ് മാധ്യമത്തിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സിപിഐ എം നേതൃത്വത്തിന് നെഞ്ചുവിരിച്ച് പ്രഖ്യാപിക്കാനാവുന്നത്, ആ നിലപാട് സംവദിക്കുന്നത് കേരളത്തിലെ സാധാരണജനങ്ങളുടെ ഹൃദയവുമായാണ് എന്നതുകൊണ്ടാണ്. എത്രതന്നെ വിഷംപുരട്ടിയ കുപ്രചാരണങ്ങളുണ്ടായാലും അവയെ തൃണവല്‍ഗണിച്ച് മതനിരപേക്ഷതയുടെ കൊടിക്കൂറയുമായി എല്‍ഡിഎഫ് മുന്നോട്ടുപോകുമെന്നും ആ മുന്നേറ്റത്തിന്റെ ഓരോ ചുവടുകളിലും ഇത്തരം നെറികെട്ട എതിര്‍പ്പുകളുണ്ടാകുമെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്; ജാഗ്രത പാലിക്കേണ്ടതുമുണ്ട്. ആര്‍എസ്എസിന്റെ കൊലക്കത്തിയില്‍നിന്ന് മതന്യൂനപക്ഷങ്ങളെയെന്നപോലെ, എന്‍ഡിഎഫിന്റെ കൊടുംക്രൂരതകളില്‍നിന്ന് ഇന്നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയും ഏറ്റെടുത്ത പ്രസ്ഥാനമാണ് സിപിഐ എം. എന്‍ഡിഎഫുകാരും ആര്‍എസ്എസുകാരും കൊന്നൊടുക്കുന്നത് ഉശിരരായ സിപിഐ എം പ്രവര്‍ത്തകരെയാണ് എന്നതില്‍നിന്ന്, രണ്ടു വര്‍ഗീയതകളും സിപിഐ എമ്മിനെ എത്രമാത്രം ശത്രുതയോടെയാണ് കാണുന്നതെന്ന് തെളിയുന്നുണ്ട്. അത് ഇന്നാട്ടിലെ ജനങ്ങള്‍ക്കറിയാം എന്നുമാത്രം നുണപ്രചാരകര്‍ ഓര്‍ത്താല്‍ നന്ന്.