രാഷ്ട്രീയനേതാക്കളുടെ പ്രതിച്ഛായനിര്‍മാണത്തിനോ സ്വഭാവഹത്യക്കോ പത്രസ്ഥലവും ചാനലുകളിലെ വാര്‍ത്താധിഷ്ഠിത പരിപാടികളും ഉപയോഗിക്കുന്നത് നീതിപൂര്‍വകമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ സൂചനയല്ല; പബ്ളിക് റിലേഷന്‍സ് വര്‍ക്കിന്റെ സാമ്പ്രദായികമായ രീതിയാണ്. ആന്ധ്രപ്രദേശില്‍ തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഉയര്‍ന്ന ഒരു പരാതി മാധ്യമങ്ങളില്‍ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. (മാധ്യമം ദിനപത്രം എഴുതിയ മുഖപ്രസംഗമൊഴിച്ച്).
പെയ്മെന്റ് സീറ്റ് എന്ന് നാം കേട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ടിയില്‍ സ്ഥാനാര്‍ഥിത്വം വില്‍പ്പനയ്ക്കുവച്ചു എന്നും പണം കൊടുത്തു സ്ഥാനാര്‍ഥികളായത് ഇന്നയിന്നയാളുകളാണെന്നും ആ പാര്‍ടിയില്‍നിന്നുതന്നെ പരാതിയുടെയും പരിഭവത്തിന്റെയും രൂപത്തില്‍ പുറത്തുവന്നിരുന്നു.
'പെയ്ഡ് വാര്‍ത്ത' എന്നൊരു പ്രയോഗം നമ്മുടെ മുന്നില്‍ ഗൌരവമായി വന്നതല്ല. ചിലചില സ്വാധീനങ്ങളുടെ; സമ്മര്‍ദത്തിന്റെ; ഉപജാപത്തിന്റെ; രാഷ്ട്രീയ വിരോധത്തിന്റെ; അവിഹിതമായ കൂട്ടായ്മയുടെ-അങ്ങനെയുള്ള താല്‍പ്പര്യങ്ങളുടെ പുറത്ത് വ്യാജവാര്‍ത്താ നിര്‍മാണം സമൃദ്ധമായി നടക്കുന്ന നാടാണ് കേരളം. മാധ്യമ സിന്‍ഡിക്കറ്റ് എന്ന സംജ്ഞ മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. എന്നാല്‍, പണംകൊടുത്ത് വാര്‍ത്ത എഴുതിക്കുക എന്ന നേര്‍ക്കുനേരെയുള്ള ഏര്‍പ്പാട് നമ്മുടെ ചര്‍ച്ചയിലുണ്ടായിരുന്നില്ല. ആന്ധ്രയില്‍നിന്നുള്ള പുതിയ വാര്‍ത്ത അത്തരമൊരു തലത്തിലേക്ക് നമ്മുടെ ചര്‍ച്ചകളെയും വലിച്ചിഴയ്ക്കുന്നതാണ്.
കൂലിക്ക് വാര്‍ത്തയെഴുതുന്ന ഏര്‍പ്പാട് നമ്മെ എവിടെക്കൊണ്ടെത്തിക്കും?
നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ എന്ന സംഘടനയുടെ ഹൈദരാബാദ് ചാപ്റ്റര്‍ ആന്ധ്രപ്രദേശിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയാണ് വാര്‍ത്തയുടെ തുടക്കം. സ്ഥാനാര്‍ഥികള്‍ക്കായി വാര്‍ത്താ പാക്കേജുകള്‍തന്നെ കുറെ പത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. പരസ്യം നല്‍കാന്‍ ആര്‍ക്കും കഴിയും. നിശ്ചിത തുക വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെതന്നെ പ്രശ്നമാണ്. ഇവിടെ പരസ്യമല്ല; വാര്‍ത്തതന്നെയാണ് നല്‍കുക. എത്രകോളം, എത്ര സെന്റീമീറ്റര്‍, ഏതുപേജ് എന്നെല്ലാം നോക്കി വാര്‍ത്തയ്ക്ക് വില നിശ്ചയിക്കുന്നു.
'എക്സ്' എന്നയാളാണ് വാര്‍ത്താസ്ഥലം വാങ്ങുന്നതെങ്കില്‍, അയാള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍-അത് അയാളെക്കുറിച്ചുള്ള അപദാനങ്ങളാകാം; എതിരാളിയെക്കുറിച്ചുള്ള അപവാദങ്ങളാകാം-പിറ്റേന്ന് പത്രത്തിന്റെ സ്വന്തം വാര്‍ത്തയായി അച്ചടിച്ചുവരും.
പത്രാധിപരോ റിപ്പോര്‍ട്ടര്‍മാരോ അല്ല, പണമാണ് വാര്‍ത്ത നിശ്ചയിക്കുക എന്നര്‍ഥം. വാര്‍ത്തയും പരസ്യവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകുന്നു. എയിഡ്സിനുള്ള അത്ഭുതമരുന്ന് കഴിച്ച് സുഖപ്പെട്ടവരെക്കുറിച്ചുള്ള ചില വ്യാജപരസ്യങ്ങള്‍ നാം കണ്ടിരുന്നു. പുതിയ രീതിയില്‍ അങ്ങനെ പരസ്യങ്ങളുണ്ടാകില്ല. എയിഡ്സിന് അത്ഭുതമരുന്ന് വിപണിയില്‍ എന്നും അതുകഴിച്ച് ഇത്രപേര്‍ക്ക് രോഗശാന്തിയുണ്ടായെന്നുമുള്ള ആധികാരികമായ വാര്‍ത്തയാണ് അച്ചടിച്ചുവരിക!
ലോകത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള ഇംഗ്ളീഷ് പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. ആ പത്രത്തിന് 'മീഡിയ നെറ്റ്'എന്നൊരു പ്രത്യേക വിഭാഗമുണ്ട്. ബിസിനസ് വാര്‍ത്തകള്‍ക്കുവേണ്ടിയുള്ളതാണ് മീഡിയ നെറ്റ് എന്ന് ആമുഖമായി പറയാറുണ്ടെങ്കിലും 'വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരില്‍നിന്ന്', 'സെന്‍സര്‍ചെയ്യപ്പെടാതെ' എന്നാണ് അവര്‍തന്നെ അവകാശപ്പെടുന്ന പ്രത്യേകത. വാര്‍ത്താ സ്ഥലം വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നും ഇന്നരീതിയില്‍ വാര്‍ത്തകൊടുക്കാന്‍ ഇത്രയാണ് നിരക്ക് എന്നും അവരുടെ വെബ്സൈറ്റില്‍ മറയില്ലാതെ വ്യക്തമാക്കപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരി 18ന് മുബൈയില്‍ ഋഷി ചോപ്ര, ജോസഫ് പ്രൈസീ എന്നീ പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കണോമിക് ടൈംസില്‍ ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്തിരിക്കുന്നയാളുമാണ് ചോപ്ര. ജോസഫാകട്ടെ ഇപ്പോള്‍ സത്യം ഇന്‍ഫോവേയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബിസിനസ് ജേര്‍ണലിസ്റ്റ്. മാലു ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന കമ്പനിയുടെ ഒരു വന്‍ തട്ടിപ്പുവാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കൈക്കൂലിയായ രണ്ടര കോടി രൂപയിലെ രണ്ടാം ഗഡു ഏഴുലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല, വെളിച്ചം കാണാതിരിക്കാനും പണം വാങ്ങുന്നുണ്ടെന്നു തെളിയിച്ച സംഭവമാണത്.
മഖന്‍ലാല്‍ ചതുര്‍വേദി യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍സ് നോയിഡയില്‍ മെയ് 21ന് സംഘടിപ്പിച്ച സെമിനാറില്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റായ് തുറന്നടിച്ചത് മേല്‍വിവരിച്ച മാധ്യമ ദുര്‍വൃത്തികളെക്കുറിച്ചാണ്. മാധ്യമരംഗത്ത് വിപണിമേധാവിത്വമാണെന്നും വിപണികേന്ദ്രീകൃതമായ അവസ്ഥയെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ട മാധ്യമങ്ങള്‍തന്നെ വിപണിപ്രവണതകള്‍ക്കടിപ്പെടുന്ന ഖേദകരമായ കാഴ്ചയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തനം ഏതാനും പാക്കേജുകളായി മാറി. പത്രാധിപന്മാര്‍ക്കുമുകളില്‍ വിപണനതാല്‍പ്പര്യങ്ങളാണ്. പത്രാധിപര്‍ എന്ന ഉന്നതവും ആദരണീയവുമായ തസ്തികയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കുന്നതിന് പത്രാധിപന്മാര്‍തന്നെ അരുനില്‍ക്കുകയാണ്- മുന്‍ സുപ്രീംകോടതി ജഡ്ജികൂടിയായ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ പറയുന്നു. ഹൈദരാബാദില്‍നിന്നുള്ള 'പെയ്ഡ് വാര്‍ത്ത' വെളിപ്പെടുത്തലിനോടും ക്ഷോഭകരമായ പ്രതികരണമാണ് ജസ്റ്റിസ് റേ രേഖപ്പെടുത്തിയത്്.
നമുക്കു ചുറ്റും എന്തുനടക്കുന്നു എന്നു മനസ്സിലാക്കാനും അഭിപ്രായ രൂപീകരണത്തിനുമാണ് നാം മാധ്യമങ്ങളെ ആശ്രയിക്കുന്നത്. മാധ്യമങ്ങള്‍ പണംപറ്റി നാം എങ്ങനെ അഭിപ്രായം രൂപീകരിക്കണമെന്ന് കല്‍പ്പിച്ചാലോ? കേരളത്തില്‍ ഇന്ന് നടക്കുന്ന മാധ്യമ വിമര്‍ശത്തെയും മാധ്യമരംഗത്തെ പ്രവണതകളെയും അഖിലേന്ത്യാ തലത്തിലുള്ള നടേ പറഞ്ഞ അവസ്ഥയുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. രാഷ്ട്രീയപാര്‍ടികളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളെ മാറ്റിനിര്‍ത്താം.
ഉദാഹരണത്തിന്, സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പാര്‍ടിക്കെതിരായ അഭിപ്രായ രൂപീകരണത്തിന് സഹായകമായ വാര്‍ത്തകളോ വിശകലനങ്ങളോ ഉണ്ടാകില്ല എന്നുറപ്പിക്കാം. എന്നാല്‍, നിഷ്പക്ഷത നടിക്കുന്ന പത്രങ്ങളും വാര്‍ത്താ ചാനലുകളും അങ്ങനെയല്ല. അവര്‍ക്ക് പ്രത്യക്ഷത്തില്‍തന്നെ രാഷ്ട്രീയ പക്ഷപാതപരമെന്നു തോന്നിക്കുന്ന മുഖമാണുള്ളതെങ്കില്‍, മേല്‍സൂചിപ്പിച്ച ദുഷ്പ്രവണതകള്‍ അവരെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകതന്നെ വേണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ആക്രമിച്ചത് ഒരുദാഹരണമായെടുക്കാം. ജനങ്ങളെ എല്‍ഡിഎഫിന് എതിരാക്കാനുള്ള ബോധപൂര്‍വമായ മാധ്യമ ഇടപെടലാണുണ്ടായത്. എല്‍ഡിഎഫിലെ സീറ്റുവിഭജനം, പിഡിപി, ലാവ്ലിന്‍ വിഷയങ്ങളിലെല്ലാം ഉയര്‍ന്ന തോതില്‍ ഈ രീതി അവലംബിക്കപ്പെട്ടു. വോട്ടെടുപ്പു നടക്കുന്നതിനു മുമ്പുതന്നെ, ഇടതുപക്ഷത്തിനെതിരായ തരംഗമുണ്ടെന്നും യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്നും പറഞ്ഞുറപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രതകാട്ടി.
അങ്ങനെയൊരു തരംഗമൊന്നുമല്ല തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്നാല്‍, തരംഗം പ്രവചിച്ച മാധ്യമപ്രചാരണം യുഡിഎഫിന് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി.
യുഡിഎഫിനെ അബദ്ധത്തില്‍പോലും വിമര്‍ശിക്കാന്‍ കൂട്ടാക്കാതിരുന്ന മാധ്യമങ്ങള്‍ എല്‍ഡിഎഫിന്റെ തകര്‍ച്ചപോലും പ്രവചിച്ചു. കുശുമ്പ് തലയില്‍ ഓളംവെട്ടിയ വേളയില്‍ നിരാശാബാധിതനായ ഒരു നേതാവ് , കോഴിക്കോട് പെയ്മെന്റ് സീറ്റാണ് എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചപ്പോള്‍ അതിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അന്വേഷിക്കാനല്ല, വ്യാജപ്രസ്താവന ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് നമ്മുടെ മാധ്യമങ്ങള്‍ തയ്യാറായത്.
ലാവ്ലിന്‍ കേസിന്റെ മെറിറ്റിലേക്ക് കണ്ണുതുറന്ന് ഇറങ്ങിച്ചെന്നിരുന്നെങ്കില്‍, 374 കോടിയുടെ ഇടപാട് എന്ന് അവര്‍ ഒരിക്കലും പറയില്ലായിരുന്നു. ഇപ്പോള്‍ തുക 86 കോടി എന്നാണ് പറയുന്നത്. മാതൃഭൂമിക്ക് ഒരേദിവസം 84കോടിയുമുണ്ട്, 86 കോടിയുമുണ്ട്. ഈ പണം ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ? അങ്ങനെ സിബിഐ പറഞ്ഞിട്ടില്ല; മറ്റാരും പറഞ്ഞിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൂര്‍ത്തീകരിക്കാന്‍ കനഡയില്‍നിന്ന് സമാഹരിച്ചു തരാമെന്നു പറഞ്ഞ പണമാണത്. അത് എങ്ങനെ കിട്ടാതായി എന്ന അന്വേഷണമാണ് ലാവ്ലിന്‍ വിവാദത്തിന്റെ കാതല്‍ എന്നിരിക്കെ, ആ പണം വാങ്ങിയെടുക്കാനുള്ള അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചവരെക്കുറിച്ച് അന്വേഷണങ്ങളില്ല; വേവലാതിയില്ല. കരാര്‍ തുടങ്ങിവച്ച ജി കാര്‍ത്തികേയന്‍ എന്തുകൊണ്ട് കേസില്‍ പെട്ടില്ല എന്ന യുക്തിഭദ്രമായ സംശയത്തിന് മറുപടിയില്ല. എവിടെയാണ് അഴിമതി, സ്വന്തം നാട്ടില്‍ ആശുപത്രി തുടങ്ങാനുള്ള ശ്രമം എങ്ങനെ അഴിമതിയും വഞ്ചനയും ഗൂഢാലോചനയുമാകും എന്നതിനെക്കുറിച്ചും കണ്ണുതുറന്നുള്ള അന്വേഷണങ്ങളില്ല.
പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ വേട്ടയാടുക എന്ന ഒറ്റ അജന്‍ഡയിലേക്ക് പത്രസ്വാതന്ത്യ്രവും മാധ്യമ സദാചാരവും ചുരുങ്ങിപ്പോകുന്നു. സിബിഐ എന്ന അന്വേഷണ ഏജന്‍സി അതീവ രഹസ്യമായി ഗവര്‍ണര്‍ക്കു സമര്‍പ്പിക്കേണ്ട വിശദീകരണക്കുറിപ്പ് രാജ്ഭവനിലെത്തുന്നതിനുമുമ്പ് സകല പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചോര്‍ത്തിക്കിട്ടുന്നുണ്ടെങ്കില്‍ ആ ചോര്‍ത്തലിന്റെ പിന്നില്‍ എന്തു ലക്ഷ്യമാണുള്ളതെന്ന് സംശയിക്കാനുള്ള സാമാന്യബുദ്ധിപോലും നമുക്കില്ലാതെ പോകുമ്പോഴാണ് നാം ചില ചരടുകളില്‍ കോര്‍ക്കപ്പെട്ടുകിടക്കുകയാണെന്ന് തിരിച്ചറിയേണ്ടത്. എന്തുചെയ്തിട്ടാണ് സിപിഐ എം ഈ വിധം ആക്രമിക്കപ്പെടുന്നത്?
പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവ് കേരളീയ സമൂഹത്തില്‍ ഇത്രമാത്രം ക്രൂരമായി ആക്രമിക്കപ്പെടുന്നതിനുപിന്നിലെ സ്വാധീനഘടകമെന്താണ്? അത്തരത്തിലൊരു പരിശോധന നമ്മുടെ മാധ്യമ സമൂഹം നടത്തേണ്ടതല്ലേ?
സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ അനേകം കഥകള്‍ വന്നു. വാമൊഴിയായും വരമൊഴിയായും അതില്‍ പലതും അന്തരീക്ഷത്തില്‍ പാറിനടക്കുന്നുണ്ട്. പിണറായി കോടികള്‍ ചെലവിട്ട് വീടുവച്ചെന്നും ആ വീട്ടില്‍ മൂന്നാം നിലയിലേക്ക് കാര്‍ ഓടിച്ചുകയറ്റാമെന്നുമുള്ള ഒരു കഥ ഈയിടെ ഇന്റര്‍നെറ്റിലൂടെ പരക്കുന്നതുകണ്ടു.
പിണറായിഗ്രാമം കേരളത്തിലാണ്. അവിടെ മൂന്നുനിലയും കോടികളുടെ ആര്‍ഭാടവുമുള്ള വീട് പിണറായി വിജയനുണ്ടെങ്കില്‍ അതിന്റെ സചിത്ര വിവരണം നടത്താന്‍ നട്ടെല്ലില്ലാത്തവരാണോ കേരളത്തിലെ മാധ്യമപരാക്രമിക്കൂട്ടം? തല്‍പ്പരകക്ഷികള്‍ക്ക് ഹിതകരമല്ലാത്ത സംഭവങ്ങളോ വാര്‍ത്തകളോ ഉണ്ടാകുമ്പോള്‍ 'മന്ത്രിപുത്രന്മാര്‍ക്കെതിരായ' വിവാദങ്ങള്‍ പൊട്ടിമുളയ്ക്കുന്നത് വെറും യാദൃച്ഛികതയാണോ. ഗുണ്ടകളുടെയും തട്ടിപ്പുകാരുടെയും രക്ഷപ്പെടല്‍ വെപ്രാളങ്ങള്‍ വിശുദ്ധമായ 'വെളിപ്പെടുത്തല്‍' വാര്‍ത്തകളാവുകയും ദുരുദ്ദേശ്യത്തോടെയുള്ള വിവാദവ്യവഹാരങ്ങള്‍ വൈകാരികമായ വാര്‍ത്തകളാവുകയും ചെയ്യുന്നതിന്റെ രസതന്ത്രവും അന്വേഷിക്കപ്പെടേണ്ടതല്ലേ?
സാമാന്യനീതിപോലും നിഷേധിച്ചുകൊണ്ടുള്ള സിപിഎംവേട്ട മാധ്യമങ്ങള്‍ നടത്തുമ്പോള്‍ അതിനോടുള്ള സ്വാഭാവികമായ എതിര്‍പ്പും ഉണ്ടാകുന്നു. അത്തരത്തിലുള്ള എതിര്‍പ്പുകളെ ധാര്‍ഷ്ട്യത്തിന്റെയും മര്യാദരാഹിത്യത്തിന്റെയും കള്ളിയില്‍പെടുത്തി തള്ളിക്കളയുകയും തങ്ങള്‍ചെയ്യുന്നതുമാത്രമാണ് ശരി എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന മാധ്യമനീതിയുടെ പ്രകാശനമല്ല.
പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ പല പ്രശ്നങ്ങളും കേരളത്തിന്റെ മാധ്യമഭൂമികയില്‍ ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. ആരോഗ്യകരമായ അത്തരം ചര്‍ച്ചകള്‍ക്ക് നമുക്കുമുന്നിലുള്ള വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍-പെയ്ഡ് വാര്‍ത്ത ഉള്‍പ്പെടെയുള്ളവ- പശ്ചാത്തലമാകേണ്ടതുമാണ്. വന്‍കിട കമ്പനികളും വ്യവസായ ഗ്രൂപ്പുകളും ടിവി ചാനലുകളും പത്രങ്ങളും കൈയടക്കുന്നത് മാധ്യമമേഖലയുടെ പളപളപ്പുകണ്ടിട്ടല്ലെന്നും അതിനുപിന്നില്‍ മൂലധന താല്‍പ്പര്യങ്ങളാണ് ഒളിപ്പിച്ചുവച്ചിട്ടുള്ളതെന്നും അതുതന്നെയാണ് ഇടതുപക്ഷവേട്ടയുടെ ഇന്ധനമെന്നും മനസ്സിലാക്കാതെയുള്ള സമീപനം വഴിതെറ്റിയതാണ്്.
ഒരു കാര്യംകൂടി. ആന്ധ്രയിലെ പെയ്മെന്റ് വാര്‍ത്തയെക്കുറിച്ച് വിമര്‍ശനമുന്നയിച്ചവരില്‍ മുന്‍പന്തിയില്‍ത്തന്നെ അവിടത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ ഉണ്ടായിരുന്നു. ഇവിടെയുള്ള യൂണിയന്റെ ശ്രദ്ധയും അത്തരം വിഷയങ്ങളിലേക്കു തിരിഞ്ഞെങ്കില്‍!