ലോകത്ത് സമകാലത്ത് നടക്കുന്ന ഏറ്റവും പരസ്യവും നിഷ്ഠുരമായതുമായ നരമേധത്തെ ന്യായീകരിക്കാനും അതിന് ഇസ്രായേലി ജൂതന്‍മാരില്‍ 81 ശതമാനത്തിന്റെയും പിന്തുണ നേടിക്കൊടുക്കാനും ഈ പ്രചാരണത്തിന് കഴിയുന്നു. ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്ന ഏകപക്ഷീയമായ വാര്‍ത്തകള്‍ക്ക്; ഇസ്രായേലിന്റെ ചെയ്തികളെ ഒരിക്കല്‍പ്പോലും വിമര്‍ശിക്കാത്ത തരത്തില്‍ മാത്രം പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ഇങ്ങനെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ ഉള്ള സ്വാധീനത്തെയാണ് "എങ്ങനെ ധാര്‍മികതായുദ്ധത്തെ വില്‍ക്കാം" എന്ന ലേഖനത്തില്‍ നീവ് ഗോര്‍ഡന്‍ പരിശോധിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യം ചെയ്യപ്പെടുന്ന രീതിയില്‍ "ധാര്‍മികതായുദ്ധ"ത്തിന്റെ ചിട്ടപ്പെടുത്തിയ വിപണന രീതികളും പ്രചാരണ തന്ത്രങ്ങളുടെ ആവര്‍ത്തനവും കാണാനാവും.
കൊലചെയ്യപ്പെട്ടു എന്നതും കൊല്ലപ്പെട്ടയാള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശത്രുചേരിയിലായിരുന്നു എന്നതുമാണ് മുന്നിലുള്ള വസ്തുതകള്‍. അതിനപ്പുറമുള്ളത് സങ്കല്‍പ്പങ്ങളാണ്. ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഐ എമ്മിനുമാത്രമേ കഴിയൂ എന്നാണ് വിപണനം ചെയ്യപ്പെടുന്ന ഒരു യുക്തി. രണ്ടാമത്തേത്, ചന്ദ്രശേഖരന് മറ്റ് ശത്രുക്കളില്ലായിരുന്നു എന്നത്. അതിനര്‍ഥം കൊല്ലപ്പെട്ടയാള്‍ സിപിഐ എം അല്ലാത്ത എല്ലാവരുടെയും മിത്രമായിരുന്നു എന്നാണ്.
സിപിഐ എമ്മുമായി കലഹിച്ച് പുറത്തുപോയത്, "വലതുപക്ഷ വല്‍ക്കരണ"ത്തിലെ രോഷം അടക്കാനാവാതെയാണെന്ന് യഥാര്‍ഥ ഇടതുപക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചന്ദ്രശേഖരാനുകൂലികള്‍ ആവര്‍ത്തിക്കുന്നുണ്ട്. അത് മുഖവിലയ്ക്കെടുത്താല്‍, മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനുമാണ് ഇടതുപക്ഷത്തിന്റെ ഊതിക്കാച്ചിയ പ്രതിനിധികള്‍ എന്നും വിശ്വസിക്കേണ്ടിവരും. ഇത്തരം വിരുദ്ധോക്തികള്‍ (പുതിയ മാര്‍ക്സിസ്റ്റ് മേധത്തിന് പൊടിതട്ടി ഉപയോഗിക്കപ്പെടുന്ന എഴുത്തുകാരനായ ജോര്‍ജ് ഓര്‍വെലിന്റെ പ്രയോഗമായ ഡബിള്‍തിങ്ക് അഥവാ ഇരുചിന്ത) സമര്‍ഥമായി വിറ്റുപോകുന്ന മാധ്യമ പരിസരമാണ് ചന്ദ്രശേഖരന്‍ വധത്തിനുശേഷം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടത്.
""ഫ്യൂറര്‍ യഥാര്‍ഥത്തില്‍ ആവേശം കൊണ്ടു. കയ്യടിയുടെ കൊടുങ്കാറ്റുതന്നെയുണ്ടായി. ഞാന്‍ അവതരിപ്പിച്ച കാര്യം ശരിക്കും ആഴത്തില്‍ ഫലിക്കുന്നതായിരുന്നു""എന്നാണ് നാസി പാര്‍ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് ജോസഫ് ഗീബല്‍സ് 1935 സെപ്തംബര്‍ 15ന്റെ ഡയറിത്താളില്‍ എഴുതിയത്. ആ പ്രസംഗം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ളതായിരുന്നു. കമ്യണിസ്റ്റുകാരും സോഷ്യലിസ്റ്റുവിശ്വാസികളും ജൂതന്മാരും ഉന്‍മൂലനംചെയ്യപ്പെടേണ്ടവരാണ് എന്ന സിദ്ധാന്തവും വികാരവുമാണ് പ്രസംഗത്തിലും പ്രവൃത്തിയിലും ഗീബല്‍സ് പിന്തുടര്‍ന്നത്.
ഹിറ്റ്ലറുടെ ആത്മഹത്യക്ക് ശേഷം ഒരുദിവസത്തേക്ക് ജര്‍മനിയുടെ ചാന്‍സലറാവുകയും ഒടുവില്‍ അഞ്ച് കുഞ്ഞുങ്ങളെ കൊന്ന് ഭാര്യയോടൊപ്പം ആത്മഹത്യചെയ്യേണ്ടിവരികയും ചെയ്ത ഗീബല്‍സില്‍നിന്ന് മാര്‍ക്സിസ്റ്റ് വിരോധ പ്രചാരണം എറെ സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു. കയ്യടിയുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാനുള്ള മത്സരത്തില്‍, ആവര്‍ത്തനത്തിന്റെ മടുപ്പും ചെടിപ്പും കാര്യമാക്കാതെയുള്ള നൈരന്തര്യമാണുണ്ടാകുന്നത്. ഒരേ മുഖങ്ങള്‍, ഒരേ ശൈലിയില്‍, ഒരേ കാര്യം പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് "വലിയ നുണ"യുടെ പ്രയോഗ രീതിയാണ്.
പാര്‍ടിഗ്രാമവും പാര്‍ടികോടതിയും സെല്‍ഭരണവും മതിമറന്നാഘോഷിക്കാനുള്ള പ്രയോഗങ്ങളായി വലതുപക്ഷം ഏറ്റെടുത്തത് ഇന്നോ ഇന്നലെയോ അല്ല. ടി പി ചന്ദ്രശേഖരന്റെ പോസ്റ്റുമോര്‍ട്ടം മുറിയില്‍ നേരിട്ടു കയറിച്ചെന്ന ആഭ്യന്തരമന്ത്രിയും അന്വേഷണ ഉദ്യോഗസ്ഥരോട് രഹസ്യ ചര്‍ച്ച നടത്തിയ മുഖ്യഭരണകക്ഷി അധ്യക്ഷനും "സെല്‍ഭരണ"ത്തിന് പുറത്തുനില്‍ക്കുകയാണ്.
പൊലീസ് അന്വേഷണം തുടരുന്ന കേസില്‍, പ്രതിസ്ഥാനത്ത് ആര് വരണമെന്ന ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കാന്‍ അന്വേഷകര്‍ തയാറായേ മതിയാകൂ. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങിക്കിട്ടാന്‍ എംഎല്‍എമാരെ വിലയ്ക്കെടുക്കുക എന്നതുമാത്രമല്ല വഴി എന്ന് തിരിച്ചറിയുന്നവര്‍ക്ക് ഈ വഴിയിലും പരിധിയില്ലാതെ സഞ്ചരിക്കാനാവും.
ചന്ദ്രശേഖരന്‍ ഒഞ്ചിയത്തിനു സമീപത്തെ ഏറാമല പഞ്ചായത്തുകാരനാണ്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് ബാലസംഘത്തില്‍ എത്തി സിപിഐ എം ഏരിയാ കമ്മിറ്റി അംഗമായി ഉയര്‍ന്നയാളാണ്. അദ്ദേഹം എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ജില്ലാ നേതാവായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ എമ്മുമായി ഏതെങ്കിലും നയപരമായ ഭിന്നത ഉയര്‍ത്തിപ്പിടിച്ചല്ല പുറത്തുപോയത്. ഒരു പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനം ഘടകകക്ഷിയായ ജനതാദളിന് മുന്നണിധാരണയനുസരിച്ച് നല്‍കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ കലഹമുണ്ടാക്കിയതും വേറിട്ട പാര്‍ടിയുണ്ടാക്കിയതും.
ആര്‍ക്കെതിരെയാണോ വികാരാധീനരായി ബഹളമുണ്ടാക്കിയത്, അതേ ജനതാദളിനോട് പിന്നീട് ചന്ദ്രശേഖരനും കൂട്ടരും കൈകോര്‍ത്തു. പാര്‍ടിയുടെ സംഘടനാതത്വങ്ങളെ പരസ്യമായി വെല്ലുവിളിച്ചതും സംഘടനയ്ക്കതീതമാണ് തങ്ങളുടെ വാശി എന്നു ഘോഷിച്ചതും ഒരു നയത്തിന്റെയും അടിസ്ഥാനത്തിലല്ല, കേവലം ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈവിടാതിരിക്കാനായിരുന്നു എന്നര്‍ഥം. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഐക്യം ഉറപ്പിക്കാന്‍ ഉറച്ച നിലപാട് സ്വീകരിച്ചതിനെ സിപിഐമ്മിന്റെ വലതുപക്ഷവല്‍ക്കരണമാണെന്ന് സമര്‍ഥിക്കാന്‍ ന്യായങ്ങളൊന്നുമില്ലതന്നെ.
തുടക്കത്തില്‍ പ്രാദേശികമായി കുറെയാളുകളെ ഒപ്പം നിര്‍ത്താനായെങ്കിലും അവരെ തുടര്‍ന്നും പിടിച്ചു നിര്‍ത്താന്‍ നയപരമായ ഭിന്നത ചൂണ്ടിക്കാണിക്കാനാവാതിരുന്നത് ഒഞ്ചിയത്തെ "വിപ്ലവ" പാര്‍ടി നേരിട്ട പ്രധാന ദൗര്‍ബല്യമാണ്. അതിന്റെ ഫലമായി, അനുയായികള്‍ സിപിഐ എമ്മിലേക്ക് തിരിച്ചു പോകുന്നത് ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞിരുന്നു. അത്തരമൊരവസ്ഥയിലാണ്, ആ തിരിച്ചുപോക്കില്‍ താനും പങ്കാളിയാകാമെന്ന ധാരണയിലെത്തിയത്. സ്ഥാപിത താല്‍പര്യമുള്ള "അദൃശ്യശക്തി" അത് അട്ടിമറിച്ചെങ്കിലും ചന്ദ്രശേഖരനെ ഇല്ലാതാക്കിയാല്‍ അവസാനിക്കുന്ന പ്രശ്നങ്ങളൊന്നും അവിടെ സിപിഐ എമ്മിനുണ്ടായിരുന്നില്ല. കൊലപാതകത്തിന്റെ നേട്ടം കൊയ്യുന്നത്, മോഹന്‍ലാലിന്റെ ഭാഷയില്‍ കണ്ണീര് വില്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണ്? വലിയ ഒരുനിരയെയാണ് കാണാന്‍ കഴിയുന്നത്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി മുതല്‍ കാലഹരണപ്പെട്ട് കാഴ്ചയില്‍നിന്ന് മറഞ്ഞിരുന്ന മുന്‍മാര്‍ക്സിസ്റ്റുകാര്‍ വരെ അക്കൂട്ടത്തിലുണ്ട്.
മെയ് നാലിന് രാത്രി ആരംഭിച്ച തുടര്‍ച്ചയായ ചാനല്‍ഷോയ്ക്ക് ചെറിയ ഇടവേള ലഭിച്ചത് മെയ് ഇരുപത്തിമൂന്നിന് പെട്രോള്‍ വിലയില്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന വരുത്തിയപ്പോള്‍ മാത്രമാണ്. പതിനെട്ട് ദിവസം തുടര്‍ച്ചയായി മലയാളത്തിലെ പ്രമുഖ വലതുപക്ഷ പത്രങ്ങളുടെ ലീഡ് വാര്‍ത്തകള്‍ ചന്ദ്രശേഖരനെക്കുറിച്ചുള്ളതായിരുന്നു; വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചാവിഷയം ഒഞ്ചിയത്തെ കൊലപാതകമായിരുന്നു. പെട്രോള്‍ വിലക്കയറ്റത്തിെന്‍റ രൂക്ഷത ജനങ്ങളെ ശ്വാസംമുട്ടിക്കുന്ന വാര്‍ത്തയെപ്പോലും അപ്രധാനമാക്കി പിറ്റേന്ന്(മെയ് 24ന്)പ്രമുഖ പത്രങ്ങള്‍ ഇറങ്ങിയതും ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ പിടിക്കപ്പെട്ടു എന്നതിന്റെ സചിത്ര കഥനത്തിന്റെ ആഘോഷവുമായാണ്. രാജീവ് ഗാന്ധി വധത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും നല്‍കിയതിന്റെ ഇരട്ടിയോളം സ്ഥലമാണ് മലയാള പത്രങ്ങളില്‍ ചന്ദ്രശേഖരനായി ഉപയോഗിക്കപ്പെട്ടത്. പ്രാധാന്യത്തിന്റെ തോതും സമാനം തന്നെ.
നിശ്ചയമായും ചന്ദ്രശേഖരനെക്കാള്‍ ഉയര്‍ന്ന പദവിയിലിരിക്കവെ രാഷ്ട്രീയ നേതാക്കള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്; വധശ്രമത്തിനിരയായിട്ടുണ്ട്. അതിനോടൊന്നും കാണിക്കാത്ത ആവേശം ഇന്ന് കാണിക്കുന്നത്, ചന്ദ്രശേഖരനെ കൊന്നത് സിപിഐ എം ആണ് എന്ന് സ്ഥാപിക്കാനുള്ള എളുപ്പംകൊണ്ടുമാത്രമല്ല, അങ്ങനെ സ്ഥാപിച്ചാല്‍ ലഭ്യമാകുമെന്ന് കരുതുന്ന രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുമാണ്.
അന്വേഷണത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോകാതെ തന്നെ വ്യക്തമാകുന്നത്, അതിന്റെ കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ലക്ഷ്യമാണ്. അതാകട്ടെ, സിപിഐ എമ്മിനെ തളര്‍ത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നിരന്തരം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് ഒപ്പിച്ചുള്ളതുമാണ്. ഭരണരാഷ്ട്രീയ നേതൃത്വം രാഷ്ട്രീയമായി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അനുപൂരകമായ "സിപിഐ എം ബന്ധങ്ങള്‍" സൃഷ്ടിക്കാനും "തെളിവു"കള്‍ ഉണ്ടാക്കാനും പൊലീസ്-മാധ്യമ നെക്സസ് ജാഗ്രതയോടെ രംഗത്തുവന്നിരിക്കുന്നു.
സിപിഐ എം പൊതുയോഗം വിളിച്ചുകൂട്ടി പ്രഖ്യാപിച്ച് ഒരു കൊലപാതകം നടത്തിയാല്‍പോലും ഇത്രയേറെ പാര്‍ടി നേതാക്കളെ കേസുമായി ബന്ധപ്പടുത്താന്‍ കഴിയില്ല-ഇവിടെ, ആര്‍എംപിയുടെ പുത്തന്‍ നേതൃത്വത്തിന് വിരോധമുള്ളവര്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഇഷ്ടമില്ലാത്തവര്‍, കണ്ണൂര്‍ ജില്ലയിലെ പാര്‍ടിയുമായി ബന്ധപ്പെടുത്താനുള്ള കണ്ണികള്‍-ഇങ്ങനെ ലക്ഷ്യം നിശ്ചയിച്ച് കേസില്‍ ആളെക്കൂട്ടുകയാണ്. ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തെ ആദ്യം നിശ്ചയിച്ചാല്‍, മേല്‍കമ്മിറ്റികളിലുള്ളവരെ ചൂണ്ടിക്കാട്ടാനുള്ള അനായാസത പൊലീസ് കാണുന്നുണ്ട്. സാധാരണ നിലയില്‍ അവര്‍ തമ്മില്‍ കണ്ടിട്ടുണ്ടാകും; സംസാരിച്ചിട്ടുണ്ടാകും. ഒരു ഫോണ്‍കോള്‍ ഇന്നസമയത്ത് ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാല്‍പോലും അതാണ് നിര്‍ണായക തെളിവ് എന്നാര്‍ത്തുവിളിക്കാനുള്ള സാഹചര്യം മാധ്യമങ്ങള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്.
കേരളത്തില്‍ അടുത്തകാലത്ത് സംഭവിച്ച ചില കാര്യങ്ങളുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് കണ്ണൂരില്‍ ഒരു ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയിരുന്നു. ചാലക്കുടിയില്‍നിന്നുള്ള കുപ്രസിദ്ധ ക്രിമിനലുകളുടെ ഇരുപത്തിയൊന്നംഗ സംഘമാണ് കണ്ണൂരിലെത്തിയത്. മൂന്ന് വാഹനത്തില്‍ 21 പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം കിട്ടിയതിനെതുടര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. വിവരം കിട്ടിയതുപ്രകാരമുള്ള വാഹനം കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് കണ്ടെത്തി. കെഎല്‍ 17- 2410 ക്വാളിസ് വാനും അതിലുണ്ടായിരുന്ന മൂന്നുപേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഒരു പ്രമുഖ നേതാവിനെ വധിച്ച്, അത് സിപിഐ എമ്മിനുമേല്‍ ചാരി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം.
(പിറ്റേന്ന് കെ സുധാകരന്‍ പത്രസമ്മേളനം നടത്തി പറഞ്ഞത് തെരഞ്ഞെടുപ്പിനിടെ എ പി അബ്ദുള്ളക്കുട്ടി എംപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്നാണ്. ഉന്നത രാഷ്ട്രീയനേതാവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് മറുപടിയായാണ് ഇക്കാര്യം വിശദീകരിച്ചത്. പ്രമുഖന്‍ എന്നുമാത്രമേ പത്രങ്ങള്‍ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, അത് അബ്ദുള്ളക്കുട്ടിയാണെന്ന് സുധാകരന്‍ തന്നെ വിളിച്ചു പറഞ്ഞു). എറണാകുളം പറവൂര്‍ മൂത്തകുന്നത്തെ കളത്തില്‍വീട്ടില്‍ കെ ജെ തോമസ്(24), ചാലക്കുടി കുറ്റിച്ചിറയിലെ സി ഡി ടെന്‍സന്‍(26), കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍ വലിയന്നൂര്‍ സ്വദേശി പ്രജിത്ത് എന്നിവരെ കണ്ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് പിടികൂടിയത്. പൊലീസ് പിടികൂടിയ "യുഡിഎഫ് പ്രവര്‍ത്തകരെ" വിട്ടയക്കണമെന്നാവശ്യപ്പെട്ട് അന്ന് കെ സുധാകരന്‍ കുറെയാളുകളുമായി സ്റ്റേഷനിലെത്തി. പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിക്കുന്നതുവരെ എംഎല്‍എയും സംഘവും സ്റ്റേഷനു മുമ്പില്‍ തമ്പടിച്ചു. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്ത പ്രകാരമാണ് ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘം ജില്ലയിലെത്തിയതെന്ന് സുധാകരന്റെ സമരത്തോടെ വ്യക്തമായി.
ഒപ്പം മറ്റൊന്നുകൂടി അന്ന് നടന്നു. കോട്ടയത്ത്, പുതുപ്പള്ളിയില്‍ വോട്ടുചെയ്ത ശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഹെലികോപ്ടറില്‍ കണ്ണൂരിലേക്ക് കുതിച്ചു. പൊലീസിനെപ്പോലും അറിയിക്കാതെയായിരുന്നു ആ യാത്ര. കണ്ണൂരില്‍ കൊലപാതകം നടത്തിയശേഷം സംസ്ഥാനത്താകെ കലാപം വിതയ്ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള പങ്കാളിത്തം ആ പറന്നിറങ്ങലില്‍ തെളിഞ്ഞു. പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഏജന്റുമാരെ മര്‍ദിച്ചതറിഞ്ഞ് ഉമ്മന്‍ചാണ്ടി ആകാശമാര്‍ഗം എത്തിയെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. പേരാവൂരില്‍ എവിടെയും അങ്ങനെയൊരു മര്‍ദനം നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷനു മുമ്പില്‍ പരാതിയുമുണ്ടായിരുന്നില്ല.
പിടിയിലായ ക്വട്ടേഷന്‍ സംഘം തന്റെ ബിസിനസ് സുഹൃത്തുക്കളാണെന്ന് സുധാകരന്‍ വാദിച്ചുനോക്കി. അവരുമായുള്ള ബിസിനസ് എന്തെന്ന് പറയാനായില്ല. കൊലയാളികള്‍ പിടിക്കപ്പെടുമെന്ന് ഓര്‍ക്കാതെയാണ് ഉമ്മന്‍ചാണ്ടി പറന്നിറങ്ങിയത്. അന്ന്, ഉച്ചയ്ക്കുമുമ്പ് വോട്ട് രേഖപ്പെടുത്തണമെന്ന് യുഡിഎഫ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയോടെ ഗൂഢാലോചന നടപ്പാകുമെന്നും തുടര്‍ന്ന് സംസ്ഥാനത്താകെ കലാപം അഴിച്ചുവിടാമെന്നുമുള്ള പദ്ധതിയാണ് പൊളിഞ്ഞത്. സംസ്ഥാനം കത്തിക്കാന്‍ ലക്ഷ്യമിട്ട അത്തരമൊരു ക്രിമിനല്‍ ഗൂഢാലോചനയുടെ അനുഭവം ഇന്നത്തെ ഒഞ്ചിയം സംഭവങ്ങളോട് ചേര്‍ത്തുവയ്ക്കുമ്പോള്‍, ഭയാനകമായ ചിത്രമാണ് തെളിയുക.
മാര്‍ക്സിസ്റ്റുകാര്‍ ബലപ്രയോഗത്തെ തിരസ്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. എന്നാല്‍ ബലപ്രയോഗം അനവസരത്തില്‍ അനാവശ്യമായി നടത്തേണ്ട ഒന്നായി അവര്‍ കാണുന്നില്ല. സാമൂഹ്യമര്‍ദനത്തിനെതിരായ വിപ്ലവകരമായ ബഹുജനപ്രസ്ഥാനത്തിന്റെ അഭേദ്യഭാഗവും ചൂഷകവര്‍ഗത്തിന്റെ അക്രമത്തിനെതിരായ രോഷവുമാണ് കമ്യൂണിസ്റ്റുകാര്‍ക്ക് ബലപ്രയോഗം. അതുകൊണ്ടുതന്നെ ഒരു ചെറു വിഘടിത ഗ്രൂപ്പിന്റെ നേതാവിനെതിരെ പ്രയോഗിക്കേണ്ടതല്ല അത്. കമ്യൂണിസ്റ്റുകാര്‍ അഹിംസാ സിദ്ധാന്തികളാണ് എന്ന് പറഞ്ഞു നടക്കുന്നവരല്ല. അഹിംസയെക്കുറിച്ച് ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ള ഗാന്ധിജിയും അങ്ങനെതന്നെയായിരുന്നു. നിത്യവും പുള്ളിപ്പുലി കടന്നുചെല്ലുന്ന ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടുന്നയാള്‍ ഭീരുവും പുലിയെ കൊല്ലുന്നയാള്‍ ധീരനുമാണെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം.
""ഒരു കൃഷിക്കാരനായി കാട്ടില്‍ താമസിക്കുകയാണെങ്കില്‍ എനിക്ക് ഏറ്റവും പരിമിതമായെങ്കിലും അക്രമം പ്രയോഗിക്കുക ഒഴിവാക്കാനാവാതെവരും. വിളകളെ തിന്നുനശിപ്പിക്കുന്ന കുരങ്ങുകളെയും പക്ഷികളെയും കീടങ്ങളെയും എനിക്ക് കൊല്ലേണ്ടതായി വരും.....ക്ഷാമമുള്ള കാലത്ത് അഹിംസയുടെ പേരില്‍ വിളകള്‍ തിന്നുനശിപ്പിക്കാന്‍ അനുവദിക്കുന്നത് പാപമാണ്. തിന്മയും നന്മയും ആപേക്ഷികമാണ്. ഒരു സാഹചര്യത്തിലെ നന്മ വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തില്‍ പാപമായിരിക്കും."" (ഹരിജന്‍, 29 മെയ് 1946)
തല്ലാനും കൊല്ലാനും വരുമ്പോള്‍ കൈകെട്ടി നിന്ന പാരമ്പര്യം സിപിഐ എമ്മിനുമില്ല. ഏതെങ്കിലും ഒരു കൊലപാതകക്കുറ്റം ചാര്‍ത്തിക്കിട്ടിയാല്‍ തകര്‍ന്നു തരിപ്പണമായിപ്പോകുന്ന പാര്‍ടിയാണ് സിപിഐ എം എന്നതിന് അനുഭവ സാക്ഷ്യമില്ല. ചന്ദശേഖരനെ കൊന്നത് ഞങ്ങളല്ല എന്ന് സിപിഐ എം പറയുമ്പോള്‍ വരുന്ന വിശ്വാസ്യത ആ ചരിത്രയാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നതാണ്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനുമേല്‍ കെട്ടിവെക്കേണ്ടത്, പാര്‍ടിയെ എതിര്‍ക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ, വധം സംഭവിച്ചയുടനെ ഉത്തരവാദി സിപിഐ എം ആണെന്ന തീര്‍പ്പ് പലകണ്ഠങ്ങളില്‍ നിന്ന് ഒന്നിച്ചുയര്‍ന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, സിപിഐ എമ്മിന് അതുകൊണ്ടെന്ത് ലാഭം എന്ന യുക്തിപൂര്‍ണമായ ചോദ്യം ആരും ഉയര്‍ത്തിയില്ല.
ഒന്നാമത്, ചന്ദ്രശേഖരന്‍ സിപിഐ എമ്മിലേക്ക് തിരിച്ചെത്താനുള്ള സന്നദ്ധത അറിയിച്ചിരുന്നയാളാണ്. ആ വെളിപ്പെടുത്തലിന് ചന്ദ്രശേഖരന്റെ പാര്‍ടിയില്‍നിന്ന് നിഷേധം ഉണ്ടായിട്ടില്ല. പെട്ടെന്ന് ഏതോ അജ്ഞാത ശക്തിയുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് അതില്‍നിന്ന് പിന്‍മാറിയത്. അങ്ങനെ പിന്‍മാറിയെങ്കിലും നേരത്തെ നിലനിന്ന ശത്രുത സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ തുടര്‍ന്നിരുന്നില്ല. ഏതാണ് ആ അജ്ഞാത ശക്തി? ഉത്തരം പറയാന്‍ കഴിയുന്ന ആള്‍ ചന്ദ്രശേഖരന്റെ പിന്‍ഗാമിയായി നേതൃസ്ഥാനത്ത് വന്ന വേണുവാണ്.
സിപിഐ എമ്മും ചന്ദ്രശേഖരനും തമ്മില്‍ അകന്നുകഴിയണം എന്ന് കഠിനമായി ആഗ്രഹിച്ച ആ അജ്ഞാതശക്തിക്ക്, ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടാല്‍ ഉണ്ടാകുന്ന അന്തരീക്ഷത്തിന്റെ ആനുകൂല്യവും ആഗ്രഹിക്കാവുന്നതാണ്. അതില്‍ യുക്തിയുണ്ട്. സിപിഐ എമ്മിലേക്ക് കൊണ്ടുപോയി ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അന്വേഷണം ആ വഴിയിലേക്ക് തിരിഞ്ഞു നോക്കിയില്ല.
ഇടതുപക്ഷം എന്ന് സ്വയംവിശേഷിപ്പിക്കുന്ന വ്യക്തികളും കേന്ദ്രങ്ങളും യുഡിഎഫിന്റെ രാഷ്ട്രീയ ആക്രമണത്തിന് ആയുധങ്ങളായി രംഗത്തുണ്ട്. ഇടതുപക്ഷ വേഷത്തില്‍, ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ചരിത്രത്തിലെ ആദ്യ അനുഭവമല്ല. 1974ല്‍ കണ്ടെടുത്ത "നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം" എന്ന പേരിലുള്ള "അജിന്റര്‍ പ്രസ്" (ഒളിവേറ സലാസറുടെ ഏകാധിപത്യ ഭരണകാലത്ത്, 1966 സെപ്തംബറില്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ രൂപീകരിച്ച രഹസ്യ വാര്‍ത്താഏജന്‍സിയാണ് അജിന്റര്‍ പ്രസ്. അള്‍ജീരിയന്‍ യുദ്ധകാലത്ത്(1954-62) "ഫ്രഞ്ച് അള്‍ജീരിയയ്ക്ക്" വേണ്ടി നിലകൊണ്ട മാഡ്രിഡിലെ തീവ്രവലതുപക്ഷ ഭീകരസംഘടന ഒഎഎസിന്റെ സ്ഥാപകരില്‍ ഒരാളായ ക്യാപ്റ്റന്‍ വെസ് ഗ്യൂറിന്‍ സെറാക്കാണ് ഇതിന് നേതൃത്വം നല്‍കിയത്. യഥാര്‍ഥത്തില്‍ ലോകമെങ്ങും ശാഖകളുള്ള കമ്യൂണിസ്റ്റ്വിരുദ്ധ സായുധസംഘടനയാണ് അജിന്റര്‍ പ്രസ്. ബോംബാക്രമണങ്ങള്‍, നിശബ്ദ കൊലപാതകങ്ങള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, നിഗൂഢമായ വാര്‍ത്താവിനിമയം, നുഴഞ്ഞുകയറ്റം തുടങ്ങിയ ഭീകരപ്രവര്‍ത്തനസമാനമായ രഹസ്യനടപടികള്‍ക്ക് ഈ സംഘടന അതിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു) രേഖ അത്തരം ഗൂഢമായ പ്രവര്‍ത്തനങ്ങളുടെ ഉപയോഗവും സംഘര്‍ഷതന്ത്രങ്ങളിലെ പങ്കാളിത്തവും വിശദീകരിക്കുന്നുണ്ട്.
""ഭരണകൂടത്തിന്റെ എല്ലാ ഘടനകളിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉതകുന്ന സാഹചര്യം ഒരുക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന് നാം കരുതുന്നു... കമ്യൂണിസ്റ്റ് ചൈന അനുകൂല പ്രവര്‍ത്തനങ്ങളുടെ മറവില്‍ ജനാധിപത്യ ഭരണഘടന തകര്‍ക്കുകയെന്നതാണ് ആദ്യമായി നടത്തേണ്ട നീക്കമെന്ന് നാം കരുതുന്നു. മാത്രമല്ല, ഇത്തരം സംഘടനകളില്‍ നമ്മുടെ ആളുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്, നമ്മുടെ ആക്രമണങ്ങള്‍ ആശയപ്രചാരണത്തിന്റെ അകമ്പടിയില്‍ നടത്തണം. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ കമ്യൂണിസ്റ്റ് എതിരാളികളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്ന പ്രതീതി സൃഷ്ടിക്കുകയും വേണം. അങ്ങനെ, ഓരോ രാജ്യത്തും ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയാകുന്ന കമ്യൂണിസ്റ്റുകാര്‍ക്കെതിരെ വെറുപ്പിന്റേതായ അന്തരീക്ഷം രൂപംകൊള്ളുകയും ചെയ്യും."" ഇങ്ങനെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ളതും, ആത്യന്തികമായി അത് ഇടതുപക്ഷതെ തുടച്ചുനീക്കാനുള്ള ആയുധമായി ഉപയോഗിക്കാനുമുള്ളതുമായ ആസൂത്രണത്തിലെ കൃത്യത ചന്ദ്രശേഖരന്‍ വധത്തെ കൈകാര്യം ചെയ്യുന്നതില്‍ വലതുപക്ഷവും ഇടതുപക്ഷ മുഖംമൂടിയിട്ട വലതുപക്ഷ എജന്റുമാരും മാധ്യമങ്ങളും കാണിക്കുന്നുണ്ട്.
പയ്യപ്പിള്ളി ബാലന്‍ ഒരു അനുഭവം അനുസ്മരിക്കുന്നുണ്ട്. ""വിമോചന സമരകാലത്ത് മഞ്ഞുമ്മല്‍ നടന്ന കമ്യൂണിസ്റ്റ് വിരുദ്ധ പൊതുയോഗത്തില്‍ &ൃറൂൗീ;ഒരു പ്രസംഗകന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈയിലെടുത്ത് പകുത്ത് വായിക്കാന്‍ തുടങ്ങി. "ആകയാല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അമ്മ പെങ്ങള്‍ വ്യത്യാസമില്ല. എല്ലാ സ്ത്രീകളും പൊതുസ്വത്താണ്. ഏതൊരു സ്ത്രീയേയും ഏതൊരു പുരുഷനും പ്രാപിക്കാം." പ്രസംഗകന്‍ പുസ്തകത്തില്‍ നിന്നും നോട്ടം സദസ്സിലേക്ക് തിരിച്ചിട്ടു പറഞ്ഞു. ഞാന്‍ ചുമ്മാതെ വായ്ത്താരി പറയുകയല്ല. കമ്യൂണിസ്റ്റുകാര്‍ വേദപുസ്തകമായി കണക്കാക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അച്ചടിച്ചു വെച്ചിരിക്കുന്നതാണ്.
"പ്രസംഗകന്‍ പകുത്തു പിടിച്ച പുസ്തകവുമായി സദസ്സിലേക്കിറങ്ങിച്ചെന്നു. എട്ടുപത്തുപേരെ താന്‍ വായിച്ച വരികള്‍ വായിച്ചു നോക്കാന്‍ ആവശ്യപ്പെട്ടു. വായിച്ചവരെല്ലാം തലകുലുക്കി സമ്മതിച്ചു. ശുദ്ധമനസ്കര്‍ കമ്യൂണിസ്റ്റുകാര്‍ വെറുക്കപ്പെടേണ്ടവര്‍ തന്നെ ഉറച്ചു വിശ്വസിച്ചു. കമ്യൂണിസ്റ്റ് അനുഭാവികളായ ചിലര്‍ സദസ്സിലുണ്ടായിരുന്നു. അവര്‍ മാനിഫെസ്റ്റോ വായിച്ചിട്ടില്ല.
പല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെയും ജീവിതം നേരിട്ടു മനസ്സിലാക്കിയിട്ടുള്ള അവര്‍ സംശയാലുക്കളായി.
""ഈ കൊലച്ചതി എങ്ങനെയാണെന്നോ സംഘടിപ്പിക്കുന്നത്. പാര്‍ടി തര്‍ജമ ചെയ്തിട്ടുള്ള അതേ പേജ് വലിപ്പത്തില്‍ അതേ വലിപ്പത്തിലുള്ള അച്ചുകള്‍ നിരത്തി തങ്ങള്‍ ആഗ്രഹിക്കുന്ന വളച്ചൊടിക്കല്‍ ചേര്‍ത്ത് ആവശ്യമുള്ള പേജുകള്‍ തയ്യാറാക്കുന്നു. യഥാര്‍ഥ മൂലകേന്ദ്രത്തിന്റെ ഉച്ചിക്കെട്ടഴിച്ച് വളച്ചൊടിക്കലുകള്‍ കുത്തിത്തിരുകി ഗ്രന്ഥം പൂര്‍വസ്ഥിതിയിലാക്കുന്നു. ഒറ്റനോട്ടത്തില്‍ ഈ തട്ടിപ്പ് ആരും മനസ്സിലാക്കുകയില്ല."" ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമപ്രചാരണത്തിന്റെ സ്വഭാവം ഇതില്‍നിന്ന് തെല്ലും വേറിട്ടുനില്‍ക്കുന്നില്ല.
കമ്യൂണിസ്റ്റ് വിരോധമെന്നത് കാപട്യപൂര്‍ണമാണ്. സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്ര ആയുധമാണത്. അതുകൊണ്ടുതന്നെ ക്രൂരവും നിര്‍ദയവുമാണ്. സ്വന്തം അഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവെക്കുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് അറപ്പാണ് എന്ന് മാനിഫെസ്റ്റോ പറയുന്നു. ഒരു കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് ഭയന്ന്, നുണ പറയുന്നതിലേക്കോ ഒളിച്ചോടുന്നതിലേക്കോ എത്തിച്ചേരുന്നതുമല്ല അത്.
യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്‍ വധിക്കപ്പെട്ട കേസില്‍ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായ ഒന്‍പത് പേരെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ആ സഖാക്കളുടെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി സിപിഐ എം ഫണ്ട് ശേഖരണം നടത്തുകയുണ്ടായി. മറ്റേതൊരു ഫണ്ട് ശേഖരണത്തെയും നിഷ്പ്രഭമാക്കുന്ന രീതിയിലാണ് ജനങ്ങള്‍ അന്ന് സംഭാവന നല്‍കിയത്. തങ്ങള്‍ക്കുവേണ്ടിയാണ് ആ സഖാക്കള്‍ തടവറയില്‍ കിടക്കുന്നതെന്നും അവരാരും വെറുക്കപ്പെടേണ്ടവരല്ലെന്നുമുള്ള ഉത്തമബോധ്യമാണ് ജനങ്ങളെ നയിച്ചത്. എന്നാല്‍ സിപിഐ എമ്മിന്റെ രാഷ്ട്രീയ എതിരാളികളുടെ അനുഭവം മറിച്ചാണ്.
പി ജയരാജന്‍ വധശ്രമം മുഴുമിപ്പിക്കാനായില്ല എന്ന പരിഭവം അക്കാലത്ത് ആര്‍എസ്എസിനുണ്ടായിരുന്നു. ആര്‍എസ്എസ് "കതിരൂര്‍ പൗരസമിതി" എന്ന പേരില്‍ ഒരു നോട്ടീസ് അച്ചടിച്ച് തലശ്ശേരി താലൂക്കിലാകെ വിതരണംചെയ്തു. "പി ജയരാജന്‍ ആര്? നിങ്ങള്‍ വിലയിരുത്തുക" എന്നാണ് തലക്കെട്ട്. ജയരാജനെ എന്തിനു കൊല്ലണം എന്നാണ് നോട്ടീസില്‍ വിശദീകരിക്കുന്നത്. വിദ്യാര്‍ഥി നേതാവ് കെ വി സുധീഷിനെ കൊലപ്പെടുത്തിയപ്പോഴും ഇത്തരത്തിലൊരു നോട്ടീസ് ഇറക്കി. കെ വി സുധീഷിനെ കൊന്നത് സിപിഐ എംകാരനാണെന്നും സുധീഷ് ഗൗരിയമ്മ ഗ്രൂപ്പായതുകൊണ്ടാണ് കൊല നടത്തിയതെന്നുമാണ് അച്ചടിച്ചതാരെന്ന് വ്യക്തമാക്കാത്ത ആ നോട്ടീസിലുണ്ടായത്. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള പ്രസില്‍നിന്ന് അച്ചടിച്ച് ആര്‍എസ്എസുകാര്‍ തന്നെയാണ് നോട്ടീസ് കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും എത്തിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. അത്തരത്തില്‍, അയഥാര്‍ഥ അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഇടപെടലുകള്‍ ഇവിടെ ബോധപൂര്‍വം ഉണ്ടാകുന്നു. അത് ചെയ്യുന്നതാകട്ടെ, സിപിഐ എം പ്രതിസ്ഥാനത്തെത്തിയേ മതിയാവൂ എന്ന് നിര്‍ബന്ധമുള്ളവരുമാണ്.
അന്വേഷണ വിവരങ്ങള്‍ പൊലീസില്‍നിന്ന് പുറത്തുപോകില്ല എന്ന് ഡിജിപി ആവര്‍ത്തിക്കുമ്പോഴും പൊലീസ് മേധാവികളുടെ കമ്പ്യൂട്ടറില്‍നിന്നുള്ള രഹസ്യവിവരങ്ങള്‍ എന്നുപറഞ്ഞുപോലു"മ" മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തുടര്‍വാര്‍ത്തകള്‍ മറ്റെന്തിനെയാണ് സുചിപ്പിക്കുന്നത്? സിപിഐ എമ്മിനോടുള്ള ഭ്രാന്തന്‍ വിദ്വേഷം സാമാന്യബോധത്തെ കീഴടക്കുന്നത് മാധ്യമ വലതുപക്ഷ സമീപനത്തില്‍ കാണാനാകും. വലതുപക്ഷ മാധ്യമ കൂട്ടായ്മയുടെ അസന്തുഷ്ടി സമ്പാദിക്കുകയോ താല്‍പര്യങ്ങള്‍ക്ക് അനുരോധമായി പ്രവര്‍ത്തിക്കാതിരിക്കുകയോ അതിന്റെ വിലങ്ങടിച്ചു നില്‍ക്കുകയോ ചെയ്യുന്ന ഏതൊന്നിനേയും തകര്‍ത്തു കളയാനുള്ള ധാര്‍ഷ്ട്യം അതിന് കൈവന്നിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മനഃശാസ്ത്രപരമായ യുദ്ധമാണ് അത് ഏറ്റെടുത്തിരിക്കുന്നത്.
ഇടതുപക്ഷത്തെ ശിഥിലീകരിക്കുക ഇടതുപക്ഷത്തിന്റെ നായകസ്ഥാനത്തുള്ള സിപിഐ എമ്മിനെ അസ്ഥിരീകരിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. കമ്യൂണിസത്തിന്റെ വര്‍ഗശത്രുക്കള്‍ നടത്തുന്ന ഉഗ്രമായ ഈ ആക്രമണത്തിന് പിന്തിരിപ്പന്‍ ശക്തികളുടെയാകെ പിന്തുണയുണ്ട്. കമ്യൂണിസം എന്ന വാക്കിനെ നിഷേധിച്ച് അതിന്റെ ആശയത്തെ അഭിശപ്തമായി ചിത്രീകരിക്കുന്നതായിരുന്നു കമ്യൂണിസ്റ്റ് വിരുദ്ധരുടെ ആദ്യതന്ത്രം. കപടമായ ഇടതുപക്ഷ മുഖംമൂടി അണിഞ്ഞ് രംഗത്തുവരുന്നവരെ ശ്രദ്ധിക്കേണ്ടതാണ്. അവരുടെ അംഗസംഖ്യ ചിലപ്പോള്‍ പത്തോ നൂറോ ആയിരമോ ആയി ചുരുങ്ങും. മുണ്ടന്‍ പാര്‍ടികളെന്നാണ് അവരെ വിളിച്ചിരുന്നത്. എന്നാല്‍ ഇത്തരം സംഘങ്ങളുടെ പ്രത്യേകത അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് തങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷം എന്നാണ്. അവരുടെ പേരുകളിലും രേഖകളിലും മാര്‍ക്സിസ്റ്റ് പദാവലിയുടെ തള്ളിക്കയറ്റം തന്നെ കാണാം.
കമ്യൂണിസം, തൊഴിലാളിവര്‍ഗം, വിപ്ലവം എന്നിങ്ങനെയുള്ള വാക്കുകള്‍ അവര്‍ നിര്‍ലോഭം ഉപയോഗിക്കുന്നു. സ്വയം ഇടതന്‍മാരെന്നും കമ്യൂണിസ്റ്റുകാരെന്നും വിളിക്കുകയും മാര്‍ക്സിസ്റ്റ് പദാവലി എടുത്തു ചുഴറ്റുകയും സോഷ്യലിസമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഇത്തരം കപടവിപ്ലവകാരികളില്‍ ഭ്രമിച്ചു പോകുന്നവര്‍ ഏറെയുണ്ടാകും. രാഷ്ട്രീയ പരിജ്ഞാനവും അനുഭവവുമില്ലാത്ത അത്തരക്കാരാണ് കപടവിപ്ലവകാരികളെ തിരിച്ചറിയാതെ പലപ്പോഴും അവര്‍ക്ക് പിന്നാലെ പോകുന്നത്. വലതും ഇടതുമായ വ്യതിയാനക്കാര്‍ക്ക് നിര്‍ദേശവും പ്രചോദനവും ലഭിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നാണ്. അവിടെയാണ് പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ പ്രവര്‍ത്തിച്ച അജിന്റര്‍ പ്രസിന്റെ മേല്‍ഉദ്ധരിച്ച ചരിത്രം പ്രസക്തമാകുന്നത്.
ജര്‍മന്‍ തത്വശാസ്ത്രജ്ഞനായ ഫ്രെഡറിക് നീറ്റ്ഷേയുടെ ഓര്‍മ പ്രസക്തമാണ്. സമത്വത്തിന്റെയും നീതിയുടെയും ആദര്‍ശങ്ങളെ നീറ്റ്ഷേ തിരസ്കരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ചെറിയൊരു വിഭാഗം ജനങ്ങള്‍ക്കുമേല്‍ ആധിപത്യം വഹിക്കുന്നത് സംബന്ധിച്ച ആശയമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. മറ്റുള്ളവരുമായുള്ള ഇടപാടില്‍ എന്ത് ക്രൂരമാര്‍ഗങ്ങള്‍ക്കും അവകാശമുള്ള അതിമാനുഷ പൂജയാണ് നീറ്റ്ഷേ ഉപദേശിച്ചത്. അത്തരമൊരതിമാനുഷ പൂജയുടെയും ആദര്‍ശങ്ങളുടെ തിരസ്കാരവും തെളിഞ്ഞു വരുന്നു എന്നതാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
വസ്തുനിഷ്ഠ സാഹചര്യങ്ങളെ അതിലംഘിച്ച് കപടവിപ്ലവ വാദത്തില്‍ വ്യാപൃതരാവുന്നവര്‍ക്കാണ് വലതുപക്ഷത്തിന്റെ പരിപൂര്‍ണ പിന്തുണ ലഭിക്കുന്നത്. ചഞ്ചലമനസ്കരും കുടുംബ കെട്ടുപാടുകള്‍ ഇല്ലാത്തവരും സാമൂഹ്യപദവിയെക്കുറിച്ച് ഭയപ്പാടില്ലാത്തവരുമായവരുടെ കൂട്ടായ്മകള്‍ സൃഷ്ടിക്കപ്പെടുന്നതും ഇടതുപക്ഷത്തിനെതിരായ പോര്‍മുഖങ്ങളില്‍ അത്തരക്കാരെ ചാവേറുകളാക്കുന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ചന്ദ്രശേഖരന്‍ വധത്തിനും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനും മുകളിലുള്ള പ്രാധാന്യം ഇന്നത്തെ കേരള രാഷ്ട്രീയത്തിലെ ഈ പ്രവണതകള്‍ക്കുണ്ട്. അത് തിരിച്ചറിഞ്ഞ് പോരാടാനും അതിജീവിക്കാനുമുള്ള വലിയ ഉത്തരവാദിത്തമാണ് ഇടതുപക്ഷത്തിന് ഏറ്റെടുക്കാനുള്ളത്.
ജനക്കൂട്ടത്തിന്റെ ഹീനവാസനകളെ ഇളക്കിവിടുന്ന നാസി പ്രസ്ഥാനത്തെ വിപ്ലവപ്രസ്ഥാനമെന്നാണ്; ബൂര്‍ഷ്വാസിക്ക് എതിരായ പ്രസ്ഥാനമെന്നാണ് ഹിറ്റ്ലറൈറ്റുകള്‍ വിശേഷിപ്പിച്ചത് എന്ന് ആവര്‍ത്തിച്ച് ഓര്‍മിക്കപ്പെടണം. ജനക്കൂട്ടത്തിന്റെ പ്രതികാരപരമായ മനഃസ്ഥിതികളോടും സാങ്കല്‍പികമായ ആവശ്യങ്ങളോടും സമര്‍ഥമായി പൊരുത്തപ്പെടുന്നു എന്ന് നടിച്ചാണ് നാസികള്‍ ജനപിന്തുണ ആര്‍ജിച്ചത് എന്നത് വലിയൊരു യാഥാര്‍ഥ്യമാണ്. ആ ചരിത്ത്രിന്റെ ആവര്‍ത്തനത്തിനുള്ള ഉല്‍ക്കടമായ മോഹം കേരളത്തില്‍ ഇന്ന് ഭയാനകരൂപം പ്രാപിച്ചിട്ടുള്ള മാര്‍ക്സിസ്റ്റ്മേധത്തിന്റെ ശക്തികളുടെ ഉള്ളില്‍ നിര്‍ഞ്ഞുനില്‍പ്പുണ്ട്.