ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍-1
തലശേരി സെയ്താര്‍പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡില്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ ഒരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത് മുഹമ്മദ് ഫസല്‍. എന്‍ഡിഎഫ് എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഫസല്‍. കൊലപാതകം ആര്‍എസ്എസാണ് ചെയ്തതെന്ന് എന്‍ഡിഎഫ് തറപ്പിച്ചു പറഞ്ഞു. "എന്‍ഡിഎഫ് സബ്ഡിവിഷന്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് ഫസലിനെ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു" എന്ന് എന്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എ സി ജലാലുദീന്‍ പ്രസ്താവനയിറക്കി. തലശേരി ആര്‍ഡിഒ കെ വി ഗംഗാധരന്‍ അന്നുതന്നെ സമാധാനയോഗം വിളിച്ചു. അതില്‍നിന്ന് പക്ഷേ, എന്‍ഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. "കൊലപാതകത്തിലെ ഗൂഢാലോചന നടത്തിയ ആര്‍എസ്എസുകാരെ പങ്കെടുപ്പിച്ചുവെന്നാരോപിച്ച് എന്‍ഡിഎഫ് പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി" എന്നാണ് 2006 ഒക്ടോബര്‍ മൂന്നിന്റെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്.
പെരുനാളിന്റെ തലേദിവസം കൊലപാതകത്തിന് തെരഞ്ഞെടുത്തത് അന്നുതന്നെ സംശയമുണര്‍ത്തിയിരുന്നു. ഒരു വര്‍ഗീയ കലാപത്തിന് വീണ്ടും അരങ്ങൊരുക്കുകയാണോ? നൂര്‍ജഹാന്‍ ഹോട്ടലില്‍നിന്ന് കലശഘോഷയാത്രയ്ക്കുനേരെ വന്ന ചെരിപ്പേറ് തലശേരിയുടെ മനസ്സിലുണ്ട്. അങ്ങനെ ഒന്നാണോ ഫസലിന്റെ ജീവനെടുത്തതിനു പിന്നില്‍? കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി വ്യക്തമാക്കി. എന്‍ഡിഎഫ്- സിപിഐ എം സംഘട്ടനത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന ആരോപണവും അവരില്‍നിന്ന് വന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്ന് തലശേരിയിലുണ്ടായിരുന്നു. അദ്ദേഹം ഇടപെട്ട് ഡിഐജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. സംഭവത്തിനു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫസലിന്റെ മൃതദേഹം കണ്ടശേഷം കോടിയേരി വ്യക്തമാക്കുകയും ചെയ്തു.
അസാധാരണമായ ഒരു കൊലപാതകം. എന്താണ് അതിലേക്ക് നയിച്ച കാരണമെന്ന് ആര്‍ക്കും വ്യക്തമായില്ല. കൊല്ലപ്പെട്ടയാളുടെ സംഘടനതന്നെ, ആരാണ് കൊലപാതകികളെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പൊലീസ് നീക്കവും ആ വഴിക്കായി. ലോക്കല്‍പൊലീസിന്റെ അന്വേഷണത്തില്‍ കൊലപാതകികളെ കണ്ടെത്താനായില്ല. ഏറെ ദുരൂഹമായ കാര്യങ്ങളാണ് അന്വേഷണത്തില്‍ മുന്നില്‍ വന്നത്. ഫസല്‍ കൊല്ലപ്പെട്ടത് പുലര്‍ച്ചെ നാലിനാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ വയറ്റില്‍ ദഹിക്കാത്ത ബിരിയാണി കണ്ടെത്തിയിരുന്നു. ഫസലിന്റെ വീട്ടില്‍നിന്ന് ബിരിയാണി കഴിച്ചിരുന്നില്ല. മറ്റെവിടെയെങ്കിലും പോയതായി വീട്ടുകാര്‍ക്ക് അറിവുമില്ല.
കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന താല്‍പ്പര്യം അന്ന് ചില എന്‍ഡിഎഫ് നേതാക്കളില്‍ പ്രകടമായിരുന്നു. ആര്‍എസ്എസുകാരെ അറസ്റ്റുചെയ്യാന്‍ അവര്‍ പൊലീസില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി. അതേ ആവശ്യമുന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. പക്ഷേ, തെളിവില്ലാതെ നിഗമനത്തിലെത്താന്‍ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷണം തുടക്കംമുതല്‍ ഇരുട്ടിലായിരുന്നു. തലശേരി സിഐ ആയിരുന്ന പി സുകുമാരനാണ് എഫ്ഐആര്‍ ഇട്ടത്. അദ്ദേഹം മൂന്നു ദൃക്സാക്ഷികളെ ചോദ്യംചെയ്തു. കൊന്നവരെ തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞില്ല. പരാതിക്കാരനോ പ്രതികളെക്കുറിച്ച് കൃത്യമായ വിവരമോ ഇല്ലാത്ത സാഹചര്യത്തില്‍ കൊലപാതകക്കുറ്റത്തിന് പൊലീസ് സ്വമേധയാ കേസ് ചാര്‍ജ്ചെയ്തു.
ഡിവൈഎസ്പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 105 പേരെ ചോദ്യംചെയ്തു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഒരു പുരോഗതിയുമില്ലാതെ വന്നപ്പോള്‍ അന്വേഷണച്ചുമതല കണ്ണൂര്‍ ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറി. 2006 നവംബര്‍ എട്ടിന് ഡിവെഎസ്പി ഡി സാലി സംഘത്തിന്റെ നേതൃത്വമേറ്റു. പിന്നെയും ചോദ്യംചെയ്യല്‍. ഇത്തവണ 149 പേരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. 2007 ജനുവരി 22 വരെ അന്വേഷണം അതേ നിലയില്‍ തുടര്‍ന്നു- കണ്ടെത്തല്‍മാത്രം ഉണ്ടായില്ല. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി മോഹന്‍ദാസായി തുടര്‍ന്നുള്ള അന്വേഷണച്ചുമതലക്കാരന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 33 പേരെയാണ് ചോദ്യംചെയ്തത്. കോഴിക്കോട് സ്ഫോടനക്കേസ് വന്നപ്പോള്‍ അതന്വേഷിക്കാന്‍ പോയ മോഹന്‍ദാസിനു പകരം ടി കെ രാജ്മോഹന്‍ വന്നു. തെളിവെടുപ്പും ചോദ്യംചെയ്യലും പരിശോധനകളുമെല്ലാം മുറയ്ക്ക് നടന്നതല്ലാതെ കേസിനെക്കുറിച്ച് ഒരു തുമ്പും അപ്പോഴും കിട്ടിയില്ല.
കുറ്റവാളികളെ പിടിക്കാത്തതില്‍ ഫസലിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി. പൊലീസ് അനാസ്ഥയെക്കുറിച്ച് തുടരെ വാര്‍ത്തകള്‍ വന്നു. അന്വേഷണത്തില്‍ ഒത്തുകളി നടക്കുന്നു എന്ന ആക്ഷേപമുയര്‍ന്നു. അതോടെ, കേസ് എവിടെയെങ്കിലും കൊണ്ടുകെട്ടാനായി ശ്രമം. സംഭവം നടന്ന് ഒരു വര്‍ഷമാകുമ്പോള്‍, 2007 ഒക്ടോബര്‍ എട്ടിനും പത്തിനുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ കൃത്യമായ തെളിവുണ്ടായിട്ടല്ല- ക്രൈംബ്രാഞ്ചിന്റെ മുഖം രക്ഷിക്കാനുള്ള അഭ്യാസം. ഈ മൂന്നുപേര്‍ 90 ദിവസത്തെ റിമാന്‍ഡിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. വിചിത്രമായ കാര്യം,
പിന്നീട് സിബിഐ അന്വേഷിച്ചപ്പോള്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ല എന്നതാണ്. എന്നിട്ടുമെന്തേ അവരെ ഒഴിവാക്കുന്നില്ല എന്ന ചോദ്യത്തിന്, അവരെ ഒഴിവാക്കാനുള്ള തെളിവൊന്നും കിട്ടിയില്ല എന്നാണ് സിബിഐ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്.
ഒന്നാംപ്രതിയായി ചേര്‍ത്തത്, ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനിയെ ആണ്. സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അയാള്‍ ക്ഷുഭിതനായത്രേ. "ഒരു കേസില്‍ ഒന്നാം പ്രതിയേക്കാള്‍ വലിയ പ്രതിയുണ്ടോ? നിങ്ങള്‍ ഏതായാലും എന്നെ ഒന്നാംപ്രതിയാക്കി. ഇതില്‍കൂടുതല്‍ ഒന്നും വരാനില്ലല്ലോ. അതുകൊണ്ട് ഹാജരാകാന്‍ സൗകര്യമില്ല" എന്നാണ് സുനി പ്രതികരിച്ചത്. പിന്നെ ചോദ്യംചെയ്യാന്‍ സിബിഐക്ക് തോന്നിയില്ല.
ആയിടയ്ക്ക് എന്‍ഡിഎഫ് ഉള്‍പ്പെട്ട നിരവധി അക്രമസംഭവങ്ങള്‍ അനുദിനം വാര്‍ത്തയാകുന്നുണ്ടായിരുന്നു. ആ സംഘടനയുടെ താലിബാന്‍ രീതികള്‍ക്കെതിരെ സിപിഐ എം ശക്തമായ നിലപാടെടുത്തു. പൊലീസ് കാര്‍ക്കശ്യത്തോടെ എന്‍ഡിഎഫ് അക്രമങ്ങളെ നേരിട്ടു. സിപിഐ എമ്മിനെ കടുത്ത ശത്രുക്കളായി കാണാന്‍ തുടങ്ങിയ എന്‍ഡിഎഫ്, തലശേരിയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള പാര്‍ടി സ്വാധീനം തകര്‍ക്കുന്നതിന് മുന്‍ഗണന നല്‍കി.
ആര്‍എസ്എസിന്റെ ആക്രമണത്തില്‍നിന്ന് തലശേരിയിലെ ന്യൂനപക്ഷ സമുദായാംഗങ്ങളെ രക്ഷിക്കാന്‍ സ്വജീവന്‍ കൊടുക്കാന്‍ തയ്യാറായ കമ്യൂണിസ്റ്റുകാര്‍ക്ക് തലശേരിയിലെ മുസ്ലിം സമൂഹത്തില്‍ അസൂയാര്‍ഹമായ സ്ഥാനമാണുള്ളത്. എന്‍ഡിഎഫിന്റെ പടയോട്ടം തടയപ്പെട്ടതും ആ സ്വാധീനംകൊണ്ടുതന്നെ. സിപിഐ എമ്മിനെ പഴിചാരാനുള്ള ആയുധമായി ഫസല്‍വധക്കേസ് പരിവര്‍ത്തനപ്പെടുന്നത് ആ സാഹചര്യത്തിലാണ്.
അതുവരെ ഫസല്‍വധത്തില്‍ മറ്റുവിധത്തിലുള്ള സംശയങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. ഫസലും സിപിഐ എമ്മും തമ്മില്‍ പ്രത്യേക വിരോധമുണ്ട് എന്ന കഥകളും ജനിച്ചിരുന്നില്ല. എന്‍ഡിഎഫുകാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തലശേരിയില്‍ ആര്‍എസ്എസ്- എന്‍ഡിഎഫ് സംഘട്ടനം വന്നാലുണ്ടാകുന്ന വിപത്ത് തിരിച്ചറിഞ്ഞ് ഇരുകൂട്ടര്‍ക്കുമെതിരെ ശക്തമായ പ്രചാരണമാണ് സിപിഐ എം സംഘടിപ്പിച്ചത്. കൊലയാളികളെ നിയമത്തിനുമുന്നില്‍കൊണ്ടുവരണമെന്ന് പാര്‍ടി നിരന്തരം ആവശ്യപ്പെട്ടു.
പെട്ടെന്നൊരുനാള്‍ ഫസലിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അതിന് ചുക്കാന്‍ പിടിച്ചത് എന്‍ഡിഎഫ് നേതൃത്വംതന്നെയാണ്. ഹൈക്കോടതി ആ അപേക്ഷ പരിഗണിക്കുമ്പോഴേക്കും പുതിയ കഥകള്‍ പിറന്നു. സംഭ്രമജനകമായ വാര്‍ത്തകള്‍കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു. ഏറെ പ്രകോപനപരമായ ചില പരാമര്‍ശങ്ങളോടെയാണ് ജസ്റ്റിസ് രാംകുമാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. സാധാരണ നിലയില്‍ കേസന്വേഷണം എങ്ങനെയെങ്കിലും ഒതുക്കാനല്ലാതെ സിബിഐയെ വിളിക്കാനൊന്നും എന്‍ഡിഎഫ് തയ്യാറാകാറില്ല. ഏതുതരം അന്വേഷണത്തെയും അവര്‍ ഭയപ്പെടുന്നു.
ആയുധശേഖരണം, പരിശീലനം, വിദേശ ബന്ധങ്ങള്‍, സദാചാരപൊലീസ് ചമയല്‍, ധനസ്രോതസ്സുകള്‍- ഇങ്ങനെ മറച്ചുവയ്ക്കാന്‍ പലതുമുള്ളവര്‍ക്ക് അവരുമായി നേരിട്ടു ബന്ധമുള്ള അന്വേഷണത്തെ നേരിടാനാകില്ല. ഇവിടെ മറിച്ചു സംഭവിച്ചത് ഒറ്റനോട്ടത്തില്‍ വിചിത്രമാണ്- സുക്ഷ്മാംശത്തില്‍ കുശാഗ്രബുദ്ധിയും. എന്‍ഡിഎഫും സിബിഐയും യോജിക്കുന്ന മേഖല ഏതെന്ന അന്വേഷണത്തില്‍, തലശേരിയുടെ പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായി രംഗത്തുവന്ന ഒരു യുഡിഎഫ് നേതാവിന്റെ മുഖമാണ് തെളിയുക. ഒരേസമയം രണ്ടുകാര്യങ്ങള്‍- സിപിഐ എമ്മിന്റെ തലശേരിയിലെ സ്വാധീനം തളര്‍ത്തലും എന്‍ഡിഎഫിന്റെ സഹായം പറ്റലും. ഫസല്‍ വധക്കേസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു പിന്നില്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഈ സൃഗാല തന്ത്രമാണ്.
(അവസാനിക്കുന്നില്ല)
3 comments:
ഒന്നാംപ്രതിയായി ചേര്‍ത്തത്, ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനിയെ ആണ്. സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അയാള്‍ ക്ഷുഭിതനായത്രേ. "ഒരു കേസില്‍ ഒന്നാം പ്രതിയേക്കാള്‍ വലിയ പ്രതിയുണ്ടോ? നിങ്ങള്‍ ഏതായാലും എന്നെ ഒന്നാംപ്രതിയാക്കി. ഇതില്‍കൂടുതല്‍ ഒന്നും വരാനില്ലല്ലോ. അതുകൊണ്ട് ഹാജരാകാന്‍ സൗകര്യമില്ല" എന്നാണ് സുനി പ്രതികരിച്ചത്. പിന്നെ ചോദ്യംചെയ്യാന്‍ സിബിഐക്ക് തോന്നിയില്ല.
ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താത്പര്യപെടുന്നു..
"ഫസല്‍ കൊല്ലപ്പെട്ടത് പുലര്‍ച്ചെ നാലിനാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ വയറ്റില്‍ ദഹിക്കാത്ത ബിരിയാണി കണ്ടെത്തിയിരുന്നു".
സഖാവെ, നോമ്പ് കാലത്ത് പുലര്‍ച്ചെ സുബഹി ബാങ്കിന്റെ മുമ്പ് മുത്താഴം കഴിക്കാറുണ്ട്..അത് നിങ്ങള്‍ക്കരിയാഞ്ഞിട്ടാണോ പുലര്‍ച്ചെ എവിടെ നിന്ന് ഭക്ഷണം വയറിലെത്തി എന്ന സംശയം..??
Post a Comment