രണ്ടാം ഭാഗം
ആദ്യം ക്രൈംബ്രാഞ്ച് പിടിച്ച മൂന്നുപേരെ കേസില്‍ നിലനിര്‍ത്തിതന്നെ മൂന്നുപേരെക്കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവങ്ങാട് വലിയപുരയില്‍ അരുള്‍ദാസ്, മുണ്ടോത്തുംകണ്ടി എം കെ കലേഷ്, കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്നിവരെ. മൂവരെയും നിരന്തരം ചോദ്യംചെയ്തു. സിബിഐക്കും അറിയാം; അവരില്‍നിന്ന് ഒന്നും കിട്ടാനില്ല എന്ന്. ഒടുവില്‍ ഒരു വാഗ്ദാനം വച്ചു- ""കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും പേര് കോടതിയില്‍ പറഞ്ഞാല്‍ നിങ്ങളെ മാപ്പുസാക്ഷിയാക്കാം."" എത്ര നിര്‍ബന്ധിച്ചിട്ടും പ്രലോഭിപ്പിച്ചിട്ടും അത്തരമൊരു പച്ചക്കള്ളം പറയാന്‍ അവര്‍ തയ്യാറായില്ല. ഒരുഭാഗത്ത് കേന്ദ്രമന്ത്രിയുടെ നിരന്തര ഇടപെടല്‍, എന്‍ഡിഎഫിന്റെ സമ്മര്‍ദം. മറ്റൊരു വശത്ത് ഒരു തെളിവും കിട്ടാത്ത അവസ്ഥ. കേസ് ഊരാക്കുടുക്കായി മാറിയപ്പോള്‍ സിബിഐ കണ്ണടച്ച് വെടിവയ്ക്കുകയായിരുന്നു.
ഒരു കേസ് ഫ്രെയിംചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ അളവിലെങ്കിലും തെളിവുകള്‍ വേണം. അത് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിബിഐ ദയനീയമായി പരാജയപ്പെട്ടത്. കൊലപാതകത്തിന് വിശ്വസനീയമായ കാരണം കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല. ഫസല്‍ സിപിഐ എം വിട്ടതിന്റെ വിദ്വേഷം, ദേശാഭിമാനിയുടെ പ്രചാരം തുടങ്ങിയ തീര്‍ത്തും ദുര്‍ബലമായ വാദങ്ങളാണ് അന്വേഷണ ഏജന്‍സി നിരത്തിയത്. ഒരിക്കലും പാര്‍ടി അംഗമല്ലാതിരുന്ന ഫസല്‍ "പാര്‍ടി" വിട്ടതിന് എങ്ങനെ വിദ്വേഷമുണ്ടാകും? ദേശാഭിമാനിയുടെ പ്രചാരമാകട്ടെ വര്‍ധിച്ചതേയുള്ളൂ. ആ കണക്കില്‍ മായംചേര്‍ത്ത് തെളിയിക്കാന്‍ സിബിഐക്ക് കഴിയില്ല. കണക്ക് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ രേഖകളിലുള്ളതാണല്ലോ.
മറ്റൊരു വാദം നിരത്തുന്നത്, തലശേരിയിലെ വോട്ടുകണക്കാണ്. തലശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ട്ചോര്‍ച്ചയായതിനാല്‍ എന്‍ഡിഎഫ് സഹായംതേടിയെന്നാണ് ആരോപണം. സത്യം മറിച്ചാണ്. ഓരോ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വോട്ട് വര്‍ധിക്കുകയാണുണ്ടായത്. 1987 മുതലുള്ള തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വോട്ട്: 44,520 (1987), 48,936 (1991), 51,985 (1996), 53,412 (2001), 53,907 (2006), 66,870 (2011). "96ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ക്ക് 60,841 വോട്ടാണ് ലഭിച്ചത്. 2001ല്‍ അയ്യായിരത്തില്‍ പരമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നേടിയ ഭൂരിപക്ഷമെങ്കില്‍, 2006ല്‍ അത് ഇരട്ടിച്ചു. ഈ കണക്കുകളെല്ലാം അനിഷേധ്യമാണ്. സിപിഐ എമ്മിന്റെ ഉരുക്കുകോട്ടയായി തലശേരി നിലനില്‍ക്കെ എന്‍ഡിഎഫുകാരനെ കൊന്ന് ഏതെങ്കിലും അട്ടിമറി നടത്തേണ്ട പ്രശ്നം ഉദിക്കുന്നതേയില്ല. അത് തെളിയിക്കാന്‍ സിബിഐക്ക് കഴിയുകയുമില്ല. ആ കഴിവുകേടാണ് വര്‍ഗീയ കലാപത്തിന് ശ്രമിച്ചു എന്ന ഏറ്റവും നീചമായ ആരോപണം ഉന്നയിക്കാന്‍ ഏജന്‍സിക്ക് പ്രേരണ നല്‍കിയത്. അതിന്റെ ബുദ്ധികേന്ദ്രം മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഫസലിനെ വധിച്ചശേഷം തലശേരിയില്‍ ഹിന്ദു- മുസ്ലിം വര്‍ഗീയ കലാപം ഉണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാനും പ്രതികളെ രക്ഷിക്കാനും ഗൂഢപദ്ധതി ആസൂത്രണംചെയ്തെന്ന ഗുരുതര ആക്ഷേപമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. അങ്ങനെ കണ്ടെത്തണമെങ്കില്‍, ആര്‍എസ്എസിനെതിരെ ആക്ഷേപമുയര്‍ത്തി രംഗത്തുവരേണ്ടത് സിപിഐ എം ആകണം; ഇവിടെ, എന്‍ഡിഎഫാണ് രംഗത്തുവന്നത്. ആര്‍എസ്എസാണ് ഫസലിനെ കൊന്നതെന്ന് എന്‍ഡിഎഫ് പറഞ്ഞാല്‍ എങ്ങനെ സിപിഐ എമ്മിനെ പഴിക്കും എന്ന ചോദ്യത്തിന് സിബിഐ കുറ്റപത്രത്തില്‍ ഉത്തരമില്ല.
വര്‍ഗീയ കലാപങ്ങള്‍ക്കെതിരെയും മതനിരപേക്ഷത സംരക്ഷിക്കാനും ജീവന്‍ കൊടുത്തും പോരാടുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് തെളിയിക്കപ്പെട്ട മണ്ണാണ് തലശേരിയുടേത്. കേരളത്തെ ഹിന്ദുവര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് കീഴ്പ്പെടുത്താനുള്ള ആര്‍എസ്എസ്- സംഘപരിവാര്‍ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു 1971 ഡിസംബറില്‍ തലശേരിയില്‍ നടന്ന വര്‍ഗീയകലാപം. കലാപത്തെക്കുറിച്ച് അന്വേഷിച്ച ജ. വിതയത്തില്‍ കമീഷന്റെ റിപ്പോര്‍ട്ടില്‍ വര്‍ഗീയ കലാപകാരികള്‍ക്കെതിരെ സിപിഐ എം നടത്തിയ പ്രവര്‍ത്തനം എടുത്തുപറഞ്ഞിട്ടുണ്ട്. അന്നവിടെ സമാധാനത്തിന്റെ സന്ദേശവുമായി ചെന്നത് ഇന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ (അന്ന് കൂത്തുപറമ്പ് എംഎല്‍എ) നേതൃത്വത്തിലുള്ള സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. ഇന്ന് സിഎംപിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ പാട്യം രാജനും അന്ന് ചെന്നവരിലുണ്ട്. കലാപത്തിനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള ശ്രമം സിപിഐ എം പരാജയപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് 1972 ജനുവരി നാലിന് പാര്‍ടി മാങ്ങാട്ടിടം ലോക്കല്‍കമ്മിറ്റി അംഗം യു കെ കുഞ്ഞിരാമനെ ആര്‍എസ്എസ് കൊലപ്പെടുത്തിയത്. വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ 220-ാം ഖണ്ഡികയില്‍ ആക്രമണവിധേയരായ മുസ്ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സിപിഐ എമ്മിന്റെ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു എന്ന് വ്യക്തമാക്കുന്നു. സിപിഐ എം നേതാക്കളാരുംതന്നെ കലാപത്തില്‍ ഭാഗഭാക്കായില്ല എന്നും കമീഷന്‍ എടുത്തുകാട്ടി. കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ കൊടികെട്ടിയ കാറില്‍ സഞ്ചരിച്ച് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു എന്നും മറ്റൊരു പാര്‍ടിയും ചെയ്തിട്ടില്ലാത്ത കാര്യമാണ് സിപിഐ എം ചെയ്തത് എന്നും കമീഷന്‍ വ്യക്തമാക്കുന്നു.
പിണറായി പഞ്ചായത്തിലെ ഉമ്മന്‍ചിറയില്‍ സിപിഐ എം നേതാവ് വി എം വേലായുധന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തനം നടന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്. സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെയും പാട്യം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി ശ്രീധരന്‍ മാസ്റ്ററെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപത്തിനു പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയാണെന്നാണ് അന്നത്തെ സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ഭാഗമായിരുന്നു മേല്‍പ്പറഞ്ഞ നേതാക്കളുടെ അറസ്റ്റ്. എന്നാല്‍, മുസ്ലിങ്ങളടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ പോയി ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ജനവികാരം ശക്തമായി ഉയര്‍ന്നപ്പോഴാണ് പൊലീസ് ഇവരെ മോചിപ്പിച്ചത്. ഇതാണ് തലശേരിയിലെ സിപിഐ എമ്മിന്റെ പാരമ്പര്യം. അത്തരമൊരു പാര്‍ടി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുമ്പോള്‍, എന്താണ് അതുകൊണ്ട് നേട്ടം എന്നുകൂടി സിബിഐ പറയേണ്ടിയിരുന്നു.
തലശേരിയില്‍ മുസ്ലിം സമുദായത്തില്‍ സിപിഐ എമ്മിനുള്ള സ്വാധീനവും മേല്‍ക്കൈയും ഏറെപഴക്കമുള്ളതാണ്; ഉറച്ചതുമാണ്. അത് തകര്‍ത്തുമാത്രമേ പാര്‍ടിയെ നേരിടാന്‍ കഴിയൂ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഒരു കേസിലൂടെ, വൈകാരികമായി സിപിഐ എമ്മിനെതിരെ മുസ്ലിം സമൂഹത്തിന്റെ ചിന്ത തിരിച്ചുവിടാനുള്ള ആസൂത്രണം ഈ കേസില്‍ സിബിഐ നടത്താനുള്ള കാരണവും അതുതന്നെ. ഹിന്ദു-മുസ്ലിം വര്‍ഗീയ വാദികളുടെ എതിര്‍പ്പിന് ഒരുപോലെ ഇരയാകുന്ന പാര്‍ടിക്ക്, എല്ലാ മതവിഭാഗങ്ങളില്‍നിന്നും ലഭിക്കുന്ന പിന്തുണയുടെ വേരറുക്കാനുള്ള ആയുധമായാണ് മുല്ലപ്പള്ളി സിബിഐയെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഒരു തൂവാലയുടെ കഥയാണ് "വര്‍ഗീയ കലാപശ്രമ" ആരോപണത്തെ സാധൂകരിക്കാന്‍ സിബിഐ മുന്നോട്ടുവയ്ക്കുന്നത്. ഫസലിന്റെ ചോരപുരണ്ട തൂവാല ആര്‍എസ്എസ് കേന്ദ്രത്തില്‍ കണ്ടു എന്നും അത് അന്വേഷണം വഴിതിരിച്ചുവിടാനും ആര്‍എസ്എസിനെ പ്രതിസ്ഥാനത്തുനിര്‍ത്താനുമുള്ള സിപിഐ എമ്മിന്റെ തന്ത്രമായിരുന്നു എന്നുമാണ് സിബിഐ പറയുന്നത് (ഈ കഥ ആദ്യം മാതൃഭൂമിയാണ് അവതരിപ്പിച്ചത്). ധര്‍മടത്തെ സിപിഐ എം ശക്തികേന്ദ്രമായ "മോസ്കോ" നഗറിലാണ് തൂവാല കണ്ടത്. പാര്‍ടികേന്ദ്രത്തില്‍ രക്തംപുരണ്ട തൂവാല കൊണ്ടിട്ടത്, സിപിഐ എമ്മിനെ കുടുക്കാനായിരിക്കില്ലേ എന്ന യുക്തിഭദ്രമായ സംശയം സിബിഐയുടെ തലയില്‍ കയറിയതേയില്ല. സാക്ഷികളായി ചിലരെ അവതരിപ്പിച്ചത് അതിനേക്കാള്‍ വിചിത്രമാണ്.
ഒരു സാക്ഷി, ആര്‍എസ്എസിനെ കുറ്റപ്പെടുത്തി ആദ്യപ്രസ്താവനയിറക്കിയ ജലാലുദീന്‍തന്നെ. സിപിഐ എം തനിക്ക് ആര്‍എസ്എസുകാരുടെ ലിസ്റ്റ് തന്നിരുന്നു എന്നാണ് അയാളെക്കൊണ്ട് പറയിപ്പിച്ചത്. എന്‍ഡിഎഫിന്റെ നിലപാടുമാറ്റത്തിനുസരിച്ച് മൊഴിമാറ്റാന്‍ ബാധ്യതപ്പെട്ടയാളെ പ്രധാന "വിശ്വസനീയ" സാക്ഷികളാക്കുന്നതിലും സിബിഐക്ക് അറപ്പില്ല. ഫലത്തില്‍ കഥകളല്ലാതെ തെളിവുകളില്ല. ഏതുകഥയും സിപിഐ എമ്മിനെതിരായാല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കും എന്ന സൗകര്യത്തില്‍ ഫസല്‍ വധക്കേസ് ആഘോഷിക്കപ്പെടുകയാണ്. ആ സൗകര്യമുപയോഗിച്ചുതന്നെയാണ്, കാരായി രാജനെയും ചന്ദ്രശേഖരനെയും പ്രതിപ്പട്ടികയിലെത്തിച്ചത്. (അവസാനിക്കുന്നില്ല)
1 comment:
ഒരു സാക്ഷി, ആര്‍എസ്എസിനെ കുറ്റപ്പെടുത്തി ആദ്യപ്രസ്താവനയിറക്കിയ ജലാലുദീന്‍തന്നെ. സിപിഐ എം തനിക്ക് ആര്‍എസ്എസുകാരുടെ ലിസ്റ്റ് തന്നിരുന്നു എന്നാണ് അയാളെക്കൊണ്ട് പറയിപ്പിച്ചത്. എന്‍ഡിഎഫിന്റെ നിലപാടുമാറ്റത്തിനുസരിച്ച് മൊഴിമാറ്റാന്‍ ബാധ്യതപ്പെട്ടയാളെ പ്രധാന "വിശ്വസനീയ" സാക്ഷികളാക്കുന്നതിലും സിബിഐക്ക് അറപ്പില്ല.
Post a Comment