""തലശേരിയിലെ ഫസല്‍ വധത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നതായി "ഫസല്‍വധക്കേസില്‍ നേതാക്കളെ കുരുക്കിയത് സിബിഐ" എന്ന വാര്‍ത്തയിലും "ക്രിമിനല്‍ തമ്പുരാക്കന്മാര്‍ക്ക് രാഷ്ട്രീയ മേലാളന്മാര്‍" എന്ന പരമ്പരയിലും വന്ന പരാമര്‍ശം ശരിയല്ല. വധശ്രമം ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് കോടിയേരി പറഞ്ഞത്""- മാതൃഭൂമി ദിനപത്രത്തില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച തിരുത്താണിത്. ഇതേ രീതിയില്‍ നേരത്തെ മലയാള മനോരമയും തിരുത്തിയിരുന്നു. ആഘോഷപൂര്‍വം അവാസ്തവങ്ങള്‍ എഴുന്നള്ളിക്കുക; എതിര്‍പ്പുവന്നാല്‍ അപ്രധാനമായി തിരുത്ത് പ്രസിദ്ധീകരിച്ച് രക്ഷപ്പെടുക. സ്വന്തം പത്രത്താളുകളെപോലും വഞ്ചിച്ച് മാധ്യമങ്ങള്‍ നടത്തിയ അപവാദ പ്രചാരണത്തിന് ഇത് ചെറിയ ഉദാഹരണംമാത്രം. വാര്‍ത്തകളായും പരമ്പരകളായും ഫസല്‍വധക്കേസ് സംബന്ധിച്ച് വന്ന ഭാവനയ്ക്ക് കൈയും കണക്കുമില്ല.
എന്‍ഡിഎഫിനെതിരെ മുന്‍സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് കഥകളുടെ പ്രവാഹമുണ്ടായത്. പറഞ്ഞുപരത്തിയ ഒരു കഥ, ഡിവൈഎസ്പി രാധാകൃഷ്ണന്‍ സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ അനാശാസ്യക്കേസില്‍ പെടുത്തി സസ്പെന്‍ഡ് ചെയ്യിച്ചു എന്നാണ്. ഫസല്‍ക്കേസ് ആദ്യം അന്വേഷിച്ചയാളാണ് രാധാകൃഷ്ണന്‍. അദ്ദേഹം 2006 നവംബര്‍ മൂന്നുവരെയാണ് അന്വേഷണച്ചുമതലയിലുണ്ടായിരുന്നത്. തളിപ്പറമ്പില്‍ രാധാകൃഷ്ണന്‍ പിടിയിലാകുന്നത് 2006 ഡിസംബര്‍ അഞ്ചിനാണ്. ആ സമയത്ത് ഫസല്‍ക്കേസില്‍ ഒരു ചുമതലയും ഉണ്ടായിരുന്നില്ല. തളിപ്പറമ്പ് കൂവോട്ടെ അനാശാസ്യകേന്ദ്രത്തില്‍ അദ്ദേഹം ഒറ്റയ്ക്കല്ല, കണ്ണൂര്‍ എആര്‍ പൊലീസ് കോണ്‍സ്റ്റബിളും സീരിയല്‍ നടനുമായ വേങ്ങാട്ടെ കെ പി സന്തോഷ്കുമാര്‍ (25), സീരിയല്‍ താരവും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ടാക്സി ഡ്രൈവറുമായിരുന്ന കാരാപ്പുഴ തിരുവാതക്കല്‍ കെ വി വിജയന്‍ (34), മൈക്രോ ഇന്‍ഷുറന്‍സ് കമ്പനി സിഇഒ കോട്ടയം തിരുനക്കരയിലെ കുളങ്ങര കെ എന്‍ രാജേഷ് (34), കോട്ടയം മണര്‍ക്കാട്ടെ കുഞ്ഞുമോന്റെ ഭാര്യ പുതുപറമ്പില്‍ അമ്മിണി (39) എന്നിവരോടൊപ്പമാണ് പിടിയിലായത്.
അന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല രാധാകൃഷ്ണനായിരുന്നു. ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ കൂവോട്ടെ ഇരുനിലവീട്ടിലേക്ക് ഓടിയെത്തിയത്്. കാര്യം തിരക്കിയ നാട്ടുകാരെ ഡിവൈഎസ്പിയും സംഘവും ആക്രമിക്കാന്‍ മുതിര്‍ന്നു- സംഘര്‍ഷമായി. വിവരമറിഞ്ഞ് എസ്പി മാത്യു പോളികാര്‍പ്പ്, കണ്ണൂര്‍ ഡിവൈഎസ്പി ഹബീബ് റഹ്മാന്‍, സിഐമാരയ കെ വി സന്തോഷ്, പി രാജു എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. രാധാകൃഷ്ണന്‍ ഔദ്യോഗിക വാഹനത്തിലാണ് (കെഎല്‍ 01 എക്സ്- 9049 ജീപ്പ്) അവിടെ എത്തിയിരുന്നത്. ഈ സംഭവത്തെയാണ്, പിന്നീട് ഫസല്‍ക്കേസുമായി ബന്ധപ്പെടുത്തി കഥ രചിച്ചത്. മദ്യശേഖരവും നീലച്ചിത്ര പ്രദര്‍ശന ഉപകരണങ്ങളും സജ്ജീകരിച്ച അനാശാസ്യകേന്ദ്രത്തില്‍നിന്ന് ഒരുദ്യോഗസ്ഥന്‍ യാദൃച്ഛികമായി പിടിയിലാകുന്നതും ഫസല്‍ക്കേസും തമ്മിലെന്ത് ബന്ധം എന്ന ചോദ്യം ഇന്നും ഉത്തരംകിട്ടാതെ നില്‍ക്കുന്നു.
ഫസലിന്റെ ഭാര്യ മറിയുവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍, കേസന്വേഷണത്തില്‍ മേല്‍നോട്ടം വേണമെന്ന് അവര്‍തന്നെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. സിബിഐക്ക് ഗൂഢാലോചന കണ്ടെത്താന്‍ കഴിയില്ല എന്നാണ് ഇപ്പോഴത്തെ ആശങ്ക. കേസില്‍ ഇതുവരെ ഗൂഢാലോചന കണ്ടെത്തിയിട്ടില്ല എന്നര്‍ഥം. ഇത് ഈ കേസിന്റെ തുടക്കംമുതലുള്ള അനുഭവമാണ്. ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കുമ്പോള്‍ വിചാരിച്ച തെളിവുകള്‍ സംഘടിപ്പിക്കാന്‍ കഴിയില്ല എന്ന് വരും. അന്വേഷണ ഏജന്‍സി പരിഹാസ്യമാവുകയുംചെയ്യും. മൂന്നുകൊല്ലം അന്വേഷിച്ചിട്ടും പ്രതിയേത്, സാക്ഷിയേത് എന്ന് തിരിച്ചറിയാന്‍ സിബിഐക്ക് കഴിഞ്ഞില്ല എന്ന് ഹൈക്കോടതിയില്‍തന്നെ വ്യക്തമായതാണ്. മൂന്നുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാതെ വന്നപ്പോഴാണ് സിബിഐക്കുമേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പിടി വീണത്. തലശേരിയില്‍ മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. ആസിഫലിയും ഇടപെട്ടു. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ സമ്മര്‍ദമായി വന്നപ്പോഴാണ് സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ സിബിഐ ശ്രമം തുടങ്ങിയത്. തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജന്‍ പ്രതിയാകും എന്ന് മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയതിനുപിന്നില്‍ അഡ്വ. ആസിഫലിയുടെ വ്യക്തിവിരോധമാണ്. സിപിഐ എമ്മിനെതിരെ കേസുകള്‍കൊണ്ട് "യുദ്ധം" നയിക്കുന്ന ആസിഫലിയുടെ തലശേരിയിലെ വീടിനുമുമ്പില്‍ ആരോ ഒരു റീത്ത് വച്ചു. അതിനുപിന്നില്‍ രാജനാണ് എന്ന് ആസിഫലി പരസ്യമായി ആക്ഷേപമുയര്‍ത്തി. രാജനെ പാഠം പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.
ഫസല്‍വധവുമായി ബന്ധപ്പെടുത്തി നിരന്തരം വാര്‍ത്ത വന്നപ്പോള്‍ രാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരാണ് ആ ഹര്‍ജി പരിഗണിച്ചത്. അന്ന് അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാന്‍ സിബിഐ തയ്യാറായില്ല. കേസില്‍ ഹര്‍ജിക്കാരന്‍ പ്രതിയാണോ സാക്ഷിയാണോ എന്ന് പറയാനാവില്ല എന്നാണ് സിബിഐ അറിയിച്ചത്. ചോദ്യംചെയ്തശേഷമേ പ്രതിയാക്കുന്ന കാര്യം പരിഗണിക്കൂ എന്നും. സിബിഐ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലും പ്രതിയെയും സാക്ഷിയെയും തിരിച്ചറിയാന്‍ കഴിയാത്ത അന്വേഷണ ഏജന്‍സിയുടെ അവസ്ഥ നിയമവൃത്തങ്ങളില്‍ പരിഹാസമുയര്‍ത്തി. പ്രതിചേര്‍ക്കാന്‍ അവരുടെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
പിന്നീട് സിബിഐ ഒന്ന് പതുങ്ങി. പക്ഷേ, അപ്പോഴേക്കും ഊരിയ വാള്‍ ഉറയിലിടാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. ഏതുതരത്തിലും സിപിഐ എം നേതാക്കളെ ഉള്‍പ്പെടുത്തണം എന്ന സമ്മര്‍ദത്തില്‍, തെളിവുകളോ യുക്തിയോ ഏജന്‍സിക്ക് ആവശ്യമുണ്ടായിരുന്നില്ല. അവര്‍ മുല്ലപ്പള്ളി- മാധ്യമ- എന്‍ഡിഎഫ് കഥകള്‍ക്ക് അടിയൊപ്പ് വച്ച് "കുറ്റപത്രം" ചുട്ടെടുത്തു.
തലശേരി പിലാക്കൂലിലാണ് ഫസലിന്റെ വീട്. മാടപ്പീടികയിലെ ഭാര്യവീട്ടിലായിരുന്നു താമസം. രാത്രി വീട്ടിലെത്തി പുലരുംമുമ്പ് മടങ്ങിപ്പോവുന്ന ഒരാള്‍ എന്നതില്‍ക്കവിഞ്ഞ് മാടപ്പീടികയില്‍ പറയത്തക്ക ബന്ധമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തില്‍ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഫസല്‍, ഒരിക്കലും പാര്‍ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്കുയര്‍ന്നിരുന്നില്ല. എന്‍ഡിഎഫ് പ്രചാരണങ്ങളില്‍ ഫസല്‍ ആകൃഷ്ടനായിരുന്നു. സിപിഐ എം ബന്ധമുള്ള ആരും ഫസലിനൊപ്പം എന്‍ഡിഎഫിലേക്ക് പോയിട്ടില്ല. അത്തരത്തില്‍ ഒരാളുടെ പേരുപോലും ആരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. മുസ്ലിംലീഗ് അനുഭാവമുള്ളവരാണ് ഏറെയും എന്‍ഡിഎഫിലെത്തിയത്. ഫസല്‍ ആളുകളെ ആകര്‍ഷിച്ച് എന്‍ഡിഎഫിലെത്തിക്കുന്ന മാസ്മര വ്യക്തിത്വമായിരുന്നുവെന്നും മറ്റും ഇന്ന് പ്രചരിപ്പിക്കുന്നുണ്ട്. പിലാക്കൂലിലെയോ മാടപ്പീടികയിലെയോ ആരും അത് സാക്ഷ്യപ്പെടുത്തുന്നില്ല. ""മാടപ്പീടികയില്‍ ഒരു പോസ്റ്ററിനെച്ചൊല്ലി ആര്‍എസ്എസുകാരുമായി പ്രശ്നമുണ്ടാവുകയും ഫസലിന്റെ ബന്ധുക്കളുമായി അവര്‍ വാക്കുതര്‍ക്കമുണ്ടാക്കുകയുംചെയ്തു. ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പായിരുന്നു സംഭവം. സ്വാഭാവികമായും ആര്‍എസ്എസിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു."" (തേജസ് ദിനപത്രം) എന്നാണ് എന്‍ഡിഎഫ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, കൊലയാളികള്‍ ആര്‍എസ്എസ് ആണ് എന്നതില്‍ അന്ന് എന്‍ഡിഎഫിന് ഒരുതരത്തിലുമുള്ള സംശയവുമുണ്ടായില്ല. ആ ഉറപ്പാണ് കേസന്വേഷണത്തെയും ജനങ്ങളുടെ സംശയത്തെയും ആര്‍എസ്എസിലേക്ക് തിരിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ എന്നുമാത്രമല്ല, ""തന്റെ പ്രദേശത്തെ കുട്ടികളെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്ന വിഷയങ്ങളില്‍ അതീവതല്‍പ്പരനായിരുന്"" ശഹീദായാണ് ഇന്ന് എന്‍ഡിഎഫ് ഫസലിനെ അവതരിപ്പിക്കുന്നത്. അവിടെയാണ് വര്‍ഗീയതയുടെ പ്രസരമുള്ളത്; ന്യൂനപക്ഷ സമുദായാംഗങ്ങളെ സിപിഐ എമ്മില്‍നിന്ന് അകറ്റുക എന്ന ലക്ഷ്യമുള്ളത്.
സിപിഐ എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ സിബിഐയും എന്‍ഡിഎഫും ചൂണ്ടിക്കാണിക്കുന്ന ഒരു വിഷയം, ഫസലിന്റെ ഇടപെടലിന്റെ ഫലമായി ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ ഇടിഞ്ഞു എന്നാണ്. മാടപ്പീടികയില്‍ 2006ല്‍ ദേശാഭിമാനിയുടെ പ്രചാരം 280ല്‍ നിന്ന് 360ലേക്ക് വര്‍ധിക്കുകയാണുണ്ടായത്. ഇപ്പോഴത് 450 ആണ്. തൊട്ടടുത്ത തിരുവങ്ങാട്, തലശേരി ലോക്കലുകളിലും പത്രം കുറഞ്ഞില്ല. 2006 ആഗസ്തില്‍ തലശേരി ടൗണ്‍ ഏജന്റിന് 232 പത്രവും തിരുവങ്ങാട് ഏജന്‍സിയില്‍ 223 പത്രവും തലശേരിബസ്സ്റ്റാന്‍ഡ്കെട്ടില്‍ 96 പത്രവുമാണുണ്ടായിരുന്നത്. പിന്നീട് ബസ്സ്റ്റാന്‍ഡ് ഏജന്‍സിയില്‍ ഒരു പത്രം കുറഞ്ഞു. ഒരു ഏജന്‍സിയുണ്ടായിരുന്ന തിരുവങ്ങാട് മേഖലയില്‍ ഇപ്പോള്‍ അഞ്ച് ഏജന്റുമാരുണ്ട്. ദേശാഭിമാനി വരിക്കാരുടെ എണ്ണം ആ മേഖലയിലാകെ വലിയതോതിലാണ് വര്‍ധിച്ചത്. ഇത് കൃത്യമായി വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യപ്പെടുന്ന കണക്കാണ്. എന്നിട്ടും പറയുന്നു, ദേശാഭിമാനിപത്രം കുറഞ്ഞതുകൊണ്ട് ഫസല്‍ കൊല്ലപ്പെട്ടു എന്ന്. അത് ഏറ്റുപാടുന്നവര്‍ക്ക് സത്യം അറിയേണ്ടതില്ല; തെളിവുകള്‍ വേണ്ടതില്ല. സിപിഐ എം അത്തരം നീതി അര്‍ഹിക്കുന്നില്ല എന്നാണ് അവരുടെ പക്ഷം. (അവസാനിക്കുന്നില്ല)
1 comment:
സിപിഐ എമ്മിനെതിരെ കേസുകള്‍കൊണ്ട് "യുദ്ധം" നയിക്കുന്ന ആസിഫലിയുടെ തലശേരിയിലെ വീടിനുമുമ്പില്‍ ആരോ ഒരു റീത്ത് വച്ചു. അതിനുപിന്നില്‍ രാജനാണ് എന്ന് ആസിഫലി പരസ്യമായി ആക്ഷേപമുയര്‍ത്തി. രാജനെ പാഠം പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.
Post a Comment