Tuesday, July 12, 2011

ഉപജാപം നാണിക്കുന്ന അധമത്വം

ഉപജാപം എന്ന വാക്കിന് ദ്രോഹാലോചന, ചാരവൃത്തി, ഭേദം എന്ന ഉപായം, സ്വകാര്യമായി ഏഷണി പറഞ്ഞു സാധിക്കുന്നത് തുടങ്ങിയ അര്‍ഥങ്ങളാണ് നിഘണ്ടുവില്‍ കാണുന്നത്്. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ എന്നിവരെ ഉപജാപകര്‍ എന്നു വിളിച്ചാല്‍ ആ വാക്ക് നാണിച്ചുപോകും എന്നാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നുവന്ന ഒരു വാര്‍ത്ത നല്‍കുന്ന സൂചന. പി സി ജോര്‍ജ് കേരള നിയമസഭയിലെ ചീഫ് വിപ്പാണ്. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഉപാധ്യക്ഷനുമാണ്. അങ്ങനെയൊരാള്‍ , സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവായ പി ജെ ജോസഫിനെ ലൈംഗിക അപവാദത്തിലും കള്ളക്കേസിലും കുരുക്കാന്‍ ശ്രമിച്ചു എന്നാണ് ഗൂഢാലോചനയിലുള്‍പ്പെട്ട ഒരാള്‍ നല്‍കിയ മൊഴി. ഇത് നേരത്തെ സംശയിക്കപ്പെട്ടതാണ്. മാണിവിഭാഗം കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനമാണ് യുഡിഎഫ് അനുവദിച്ചത്. മന്ത്രിമോഹമുള്ള പി സി ജോര്‍ജ് ആ രണ്ടില്‍ പെട്ടില്ല. പി ജെ ജോസഫിനെ ഏതുവിധേനയും ഒഴിവാക്കിയാല്‍ ജോര്‍ജ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് സ്വാഭാവികം. സത്യപ്രതിജ്ഞാ വേളയില്‍ പുതിയൊരു ലൈംഗിക വിവാദത്തിലും കേസിലും ജോസഫ് പെട്ടതായി വാര്‍ത്ത വരുമ്പോള്‍ സംശയത്തിന്റെ മുന ജോര്‍ജിലേക്ക് നീളുമെന്നത് സാമാന്യയുക്തി മാത്രമാണ്. ആ വിവാദം അന്ന് ക്ലിക്കുചെയ്തിരുന്നുവെങ്കില്‍ പി ജെ ജോസഫ് മന്ത്രിയാകില്ലായിരുന്നു. ജോസഫ് രാഷ്ട്രീയ സത്യസന്ധതയും മാന്യതയും കാണിക്കാതെ എല്‍ഡിഎഫ് വിട്ടുപോയ ആളാണ്. അദ്ദേഹത്തോടൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്നവര്‍ ഇന്നും എല്‍ഡിഎഫില്‍ തുടരുന്നുണ്ട്. രാഷ്ട്രീയമായ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ജോസഫിനെതിരെ ഇങ്ങനെയുള്ള നിലവാരമില്ലാത്ത ഒരാക്രമണം എല്‍ഡിഎഫില്‍നിന്നുണ്ടായിട്ടില്ല. സ്വന്തം പാര്‍ടിയില്‍നിന്നുതന്നെയാണ് അതുണ്ടായിരിക്കുന്നത്. ഏതുനേതാവിനെയും കള്ളക്കേസില്‍ കുരുക്കി അപവാദം പ്രചരിപ്പിച്ച് നശിപ്പിക്കാമെന്ന അവസ്ഥ വന്നുകൂടാ. വലതുപക്ഷത്തായാലും മറ്റേതുപക്ഷത്തായാലും ദാക്ഷിണ്യമില്ലാതെ നേരിടേണ്ട പ്രവണതയാണിത്.

ജോസഫിനെതിരെ ഉയര്‍ത്തിയ കേസിന്റെ സ്വഭാവം നോക്കൂ: നേരത്തെ വിമാനയാത്രയ്ക്കിടയില്‍ ഒരു വനിതയെ അപമാനിച്ചു എന്ന ആരോപണവിധേയനാണ് അദ്ദേഹം. ഇക്കുറി യുഡിഎഫ് കഷ്ടിച്ച് ജയിച്ചു; മന്ത്രിസഭാ രൂപീകരണം നടക്കുന്നു. ആ ഘട്ടത്തില്‍ ഒരു സ്ത്രീ സ്വമേധയാ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തി ജോസഫിനെതിരെ പരാതി നല്‍കുകയാണ്. അവര്‍ പറഞ്ഞത്, ജോസഫ് സ്വന്തം ഫോണില്‍നിന്ന് തന്നോട് മോശമായി സംസാരിച്ചെന്നും സന്ദേശങ്ങള്‍ അയച്ചെന്നും വഴിവിട്ട ബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ്. അന്യായം ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്യായത്തിന്റെ കോപ്പി അതേപടി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത് ക്രൈം ദൈ്വവാരികയുടെ ഇ-മെയിലില്‍ നിന്നാണ്. അന്യായത്തില്‍ ഇങ്ങനെ പറയുന്നു: വാദി ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ..... വീട്ടില്‍ , ഭര്‍ത്താവായ ജയ്മോനും രണ്ടു കുട്ടികളുമായി താമസിച്ചുവരികയാണ്....... വാദിയുടെ ഭര്‍ത്താവായ ജയ്മോന്‍ എത്തിക്സ് ഇന്ത്യ ഗ്രൂപ്പ് പ്രസിദ്ധീകരണമായ "ട്രൂശബ്ദം" അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഇടുക്കി ജില്ലാ ലേഖകനായി (ട്രെയിനി) പ്രവര്‍ത്തിച്ചുവരുന്നു. മെയ് 28നാണ് ക്രൈം വാരിക ഈ പരാതി ഇ-മെയിലായി മാധ്യമങ്ങള്‍ക്ക് അയച്ചത്. അതോടൊപ്പം, "മന്ത്രി പി ജെ ജോസഫിനെതിരെ യുവതി ഇന്ന് മൊഴിനല്‍കും" എന്നൊരു വാര്‍ത്താക്കുറിപ്പും അയച്ചു. യുഡിഎഫ് രണ്ടുസീറ്റിന്റെ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്നതിനാലാകണം മാധ്യമങ്ങള്‍ വലുതായി ഈ കേസിനുപിന്നാലെ പോയില്ല. ജോസഫ് മന്ത്രിയായി; പി സി ജോര്‍ജ് പിന്നീട് ചീഫ് വിപ്പുമായി. അതില്‍പ്പിന്നെയാണ് കേസിലെ വാദിയായ യുവതിയുടെ "ഭര്‍ത്താവ്" പൊലീസ് പിടിയിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ഒരുവര്‍ഷമായി ജയ്മോന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്, നേരത്തെ ഭാര്യയെന്നും രണ്ടു കുഞ്ഞുങ്ങളോടൊപ്പം താമസിക്കുകയാണെന്നും അവകാശപ്പെട്ട അതേ യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. തന്നെ വിട്ട് മുന്‍പഞ്ചായത്ത് പ്രസിഡന്റായ മറ്റൊരു യുവതിയോടൊപ്പം ജയ്മോന്‍ സ്ഥലം വിട്ടപ്പോഴാണ് താന്‍ ഭാര്യയല്ലെന്നും ജയ്മോന്‍ തന്നെ വഞ്ചിച്ചുവെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ജയ്മോന്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് യഥാര്‍ഥ ബോംബുള്ളത്.

പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം സൃഷ്ടിക്കാന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം പത്രാധിപര്‍ നന്ദകുമാറും ചേര്‍ന്ന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ജയ്മോന്റെ വെളിപ്പെടുത്തല്‍ . ആ സത്യം പുറത്തുവിടുമെന്ന് പറഞ്ഞതിനാലാണ് തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിച്ചതെന്നും ജയ്മോന്‍ മജിസ്ട്രേട്ടുമുമ്പാകെ വിശദീകരിച്ചു. ഇങ്ങനെ കഥ മറിഞ്ഞുവന്നപ്പോള്‍ ക്രൈം നന്ദകുമാര്‍ കൊച്ചിയിലെത്തി വാര്‍ത്താസമ്മേളനം നടത്തി. അതില്‍ ജയ്മോന്‍ തന്റെ ജീവനക്കാരനായിരുന്നു എന്നത് നന്ദകുമാര്‍ മിണ്ടുന്നില്ല. വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു: "ഈ കേസില്‍ അനാവശ്യമായി പി സി ജോര്‍ജിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ താല്‍പ്പര്യപ്രകാരം, നേരത്തെ മറ്റു നടപടികളില്‍നിന്ന് ഞാന്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ , പീഡനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജയ്മോനെ പി ജെ ജോസഫ് വിലയ്ക്കെടുത്ത്, താന്‍ നിയമിച്ച അഡ്വക്കേറ്റിനെക്കൊണ്ട് ജാമ്യ ഹര്‍ജിയില്‍ ആവശ്യമില്ലാതെ എന്റെയും പി സി ജോര്‍ജിന്റെയും പേര് വലിച്ചിഴയ്ക്കുകയുമായിരുന്നു."

ആരാണ് ഈ നന്ദകുമാര്‍ ? അയാളും പി സി ജോര്‍ജുമായി എന്താണ് ബന്ധം? പി ജെ ജോസഫിന്റെ കേസുമായി അയാള്‍ ഏതുതരത്തില്‍ ബന്ധപ്പെടുന്നു? ചുരുങ്ങിയപക്ഷം കെ എം മാണിയെങ്കിലും ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിത്.

രാഷ്ട്രീയം കെട്ടുപോവുകയാണ്. ഇത്തരത്തിലുള്ള നാലാംതരം ഉപജാപങ്ങളും വൃത്തികേടുകളും പേറിനടക്കുകയാണ് യുഡിഎഫ്. സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ തേജോവധം ചെയ്യാന്‍ ലൈംഗിക ആരോപണമുണ്ടാക്കുകയും അതിന് ഒരു ക്രിമിനലിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നവര്‍ യുഡിഎഫില്‍ സസുഖം വാഴുന്നു. പി സി ജോര്‍ജിന് ക്യാബിനറ്റ് പദവിയാണ്. എല്ലാം തെളിഞ്ഞിട്ടും പി ജെ ജോസഫിനും തോന്നുന്നില്ല തെല്ലും നാണം. ഇത്രവലിയ വൃത്തികേടു ചെയ്ത സഹപ്രവര്‍ത്തകനൊപ്പം ആ മന്ത്രിയും അധികാരം ഭുജിക്കുന്നു. കഷ്ടം. ഇങ്ങനെ ആരും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്ന ഹീന ജന്മങ്ങളെ തുറന്നുകാട്ടാന്‍ മാധ്യമങ്ങളും തയ്യാറാകുന്നില്ല. എന്തുപറയാനും ചെയ്യാനും വാടകയ്ക്ക് ആളെക്കിട്ടുന്ന നാട്ടില്‍ എന്തൊക്കെ സംഭവിച്ചുകൂടാ? ഇതിലൊന്നും ധാര്‍മികതയുടെയോ മാന്യതയുടെയോ പ്രശ്നം കാണാതെ പല്ലിളിച്ചുകാട്ടുന്ന യുഡിഎഫിലെ മാന്യന്മാര്‍ നാളെ തങ്ങള്‍ക്കെതിരെയും ഇത്തരം അമേധ്യത്തില്‍ മുക്കിയ അമ്പുകള്‍ വരുമ്പോള്‍ എന്തുചെയ്യുമെന്ന് കാത്തിരുന്നുതന്നെ കാണാം.

2 comments:

manoj pm said...

ഉപജാപം എന്ന വാക്കിന് ദ്രോഹാലോചന, ചാരവൃത്തി, ഭേദം എന്ന ഉപായം, സ്വകാര്യമായി ഏഷണി പറഞ്ഞു സാധിക്കുന്നത് തുടങ്ങിയ അര്‍ഥങ്ങളാണ് നിഘണ്ടുവില്‍ കാണുന്നത്്. പി സി ജോര്‍ജ്, ക്രൈം നന്ദകുമാര്‍ എന്നിവരെ ഉപജാപകര്‍ എന്നു വിളിച്ചാല്‍ ആ വാക്ക് നാണിച്ചുപോകും എന്നാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നുവന്ന ഒരു വാര്‍ത്ത നല്‍കുന്ന സൂചന. പി സി ജോര്‍ജ് കേരള നിയമസഭയിലെ ചീഫ് വിപ്പാണ്. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഉപാധ്യക്ഷനുമാണ്. അങ്ങനെയൊരാള്‍ , സ്വന്തം പാര്‍ടിയിലെ മറ്റൊരു നേതാവായ പി ജെ ജോസഫിനെ ലൈംഗിക അപവാദത്തിലും കള്ളക്കേസിലും കുരുക്കാന്‍ ശ്രമിച്ചു എന്നാണ് ഗൂഢാലോചനയിലുള്‍പ്പെട്ട ഒരാള്‍ നല്‍കിയ മൊഴി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പി സി ജോര്‍ജ്ജിനാ ധാര്‍മ്മികത ?:)))