"എനിക്കിനി ഒന്നും പേടിക്കാനില്ല; ഒരു ബോംബ് ഉടനെ പൊട്ടും'' എന്നാണ് ഐസ്ക്രീം കേസ് വീണ്ടും വിവാദമായപ്പോള്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. "ആ ബോംബ് കുഞ്ഞാലിക്കുട്ടിയുടെ കൈയിലിരുന്ന് പൊട്ടുകയേ ഉള്ളൂ'' എന്ന് അദ്ദേഹത്തിന്റെ ബന്ധുവും കൂട്ടുപ്രതിയുമായ റൌഫ് പ്രതിവചിച്ചു. ഇപ്പോള്‍ ബോംബ് പൊട്ടിയിരിക്കുന്നു. നാദാപുരത്ത് നരിക്കാട്ടേരിയില്‍, മുസ്ളിംലീഗിന്റെ പ്രമുഖ നേതാവ് സൂപ്പിയുടെ മൂക്കിന്‍തുമ്പത്ത്. കൈയിലിരുന്നാണ് പൊട്ടിയത്. കുഞ്ഞാലിക്കുട്ടിയുടെയല്ല, 30 തികഞ്ഞിട്ടില്ലാത്ത കുറെ ചെറുപ്പക്കാരുടെ കൈയില്‍വച്ച്. ദാരുണമാണ് അവിടത്തെയും ആശുപത്രിയിലെയും രംഗങ്ങള്‍.
എന്‍ഡിഎഫ് മുഖപത്രമായ 'തേജസ്' എഴുതിയത്, "മുസ്ളിം ലീഗിന്റെ ബോംബ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു യുവാക്കളുടെ ജീവനാണു പൊലിഞ്ഞത്'' എന്നാണ്. "ഒരു തെരഞ്ഞെടുപ്പു പോരാട്ടം പടിവാതിലില്‍ വന്നുനില്ക്കുന്ന വേളയില്‍ ഇങ്ങനെയാണോ മുസ്ളിംലീഗ് പൊതുജനങ്ങളെ അഭിമുഖീകരിക്കാന്‍ പോകുന്നത്'' എന്നു ചോദിക്കുകയാണ് എന്‍ഡിഎഫ് പത്രം. അവര്‍ തുടരുന്നു: "പ്രശ്നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും തങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തരവാദികളല്ല എന്നു പറഞ്ഞ് അണികളെ തള്ളിപ്പറഞ്ഞു കൈകഴുകാനുമുള്ള നീക്കങ്ങള്‍ മുസ്ളിം ലീഗ് നേതൃത്വത്തെ സംരക്ഷിക്കുകയില്ല. അത്തരം നിലപാടുകള്‍ അവരെ കൂടുതല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കു നയിക്കുകയാണു ചെയ്യുക.'' എന്‍ഡിഎഫിന് അത്രയേ ഉള്ളൂ കാര്യം. മുസ്ളിംലീഗ് അക്രമികളെ തള്ളിപ്പറഞ്ഞ് കൈ കഴുകാന്‍ പാടില്ല. ബോംബുപൊട്ടി ചിന്നിച്ചിതറി തലയും അംഗങ്ങളും വേര്‍പെട്ട് തിരിച്ചറിയാനാകാത്തവിധം മാംസപിണ്ഡങ്ങളായിപ്പോയ ചെറുപ്പക്കാരുടെ വേര്‍പാടില്‍ ഒരുതുള്ളി ദുഃഖമോ ഒരുതരിമ്പ് വേദനയോ ലീഗില്‍നിന്നുമില്ല; എന്‍ഡിഎഫില്‍നിന്നുമില്ല. അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കാനും വേദനതിന്നാനും കുടുംബാംഗങ്ങളുണ്ടല്ലോ.
മുസ്ളിംലീഗ് നേരിടുന്ന അഗാധമായ പ്രതിസന്ധിയും രക്ഷപ്പെടാനുള്ള വെപ്രാളവുമാണ് ബോംബായി പൊട്ടിയത്. 1993ന് മുമ്പും ലീഗിന് അക്രമവും ബോംബുനിര്‍മാണവുമുണ്ടായിരുന്നു. 93ല്‍ എന്‍ഡിഎഫ് വന്നപ്പോള്‍, ആധുനികരീതിയില്‍ ബോംബുനിര്‍മിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കായി. പകല്‍ ലീഗും രാത്രി എന്‍ഡിഎഫും എന്ന വേര്‍തിരിവുപോലും ഇപ്പോള്‍ ഇല്ലാതാകുന്നു. എസ്ഡിപിഐയായി രൂപാന്തരപ്പെട്ട എന്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ പലപല രാഷ്ട്രീയ പാര്‍ടികളിലും നുഴഞ്ഞുകയറിയിരുന്നു. പലതിലും ആട്ടിന്തോലണിഞ്ഞ് തുടരുന്നുമുണ്ട്. എന്നാല്‍, മുസ്ളിംലീഗിനെ അപ്പാടെ ആ ക്യാന്‍സര്‍ ഗ്രസിച്ചിരിക്കുന്നു. അതിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നവരും ഉല്‍ക്കണ്ഠപ്പെടുന്നവരും ആ പാര്‍ടിയില്‍ അരുകിലേക്ക് തള്ളപ്പെടുകയാണ്. എന്‍ഡിഎഫ് ഒറ്റയ്ക്ക് വലിയ വിപത്താണെന്നിരിക്കെ, മുസ്ളിംലീഗിന്റെ രാഷ്ട്രീയ സഹായവും പിന്തുണയുംകൂടിയാകുമ്പോള്‍ അതിന്റെ അപകടം ഇരട്ടിക്കുന്നു.
നരിക്കാട്ടേരിയില്‍ ബോംബുപൊട്ടിയ അന്ന് പുലരുംമുമ്പ് കൂത്തുപറമ്പിനടുത്ത് അഞ്ചു പള്ളിക്കുനേരെ അജ്ഞാതരുടെ കല്ലേറുണ്ടായി. അവിടങ്ങളിലെല്ലാം മതസൌഹാര്‍ദം കാത്തുസൂക്ഷിക്കാനും കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനും ജനങ്ങളാകെ രംഗത്തിറങ്ങി. പള്ളിക്കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെ എല്ലാവരും പങ്കുകൊണ്ടു. എന്നാല്‍, കോട്ടയംപൊയിലിലെ പള്ളിയില്‍ അത്തരമൊരു പ്രതിഷേധപ്രകടനം നടത്തുന്നതിനെ എന്‍ഡിഎഫ് എതിര്‍ത്തു. പള്ളിക്കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം; പുറത്തുനിന്നുള്ളവര്‍ ഇങ്ങോട്ടു വരേണ്ട എന്നാണവര്‍ പറഞ്ഞത്. പക്ഷേ, ജനങ്ങളുടെയാകെ പൊതുവികാരത്തിനുമുന്നില്‍ എന്‍ഡിഎഫിന്റെ ആ ഭ്രാന്തന് സമീപനം തള്ളിപ്പോയി. എന്നാല്‍, കൂത്തുപറമ്പ് പട്ടണത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങളും തക്ബീറും മുഴക്കി ഒറ്റയ്ക്ക് പ്രകടനം നടത്തിയാണ് എന്‍ഡിഎഫ് ക്ഷീണം തീര്‍ത്തത്. കിണവക്കല്‍ എന്ന സ്ഥലത്ത് ആ ദൌത്യം മുസ്ളിംലീഗ് ഏറ്റെടുത്തു. അതിലും വിചിത്രമായ കാര്യം, സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൌലവി കണ്ണൂരിലെത്തിയപ്പോള്‍ 'പള്ളി ആക്രമണത്തില്‍ സിപിഎം ഗൂഢാലോചന' കണ്ടെത്തിയതാണ്.
ലീഗിന്റെയും എന്‍ഡിഎഫിന്റെയും കാപട്യപൂര്‍ണമായ സമീപനം ഏതറ്റംവരെ പോകുമെന്ന് ഈ അനുഭവം വ്യക്തമാക്കുന്നു. നരിക്കാട്ടേരിയില്‍ ഒരുതരത്തിലും 'മാര്‍ക്സിസ്റാക്രമണ' കഥ മെനയാന്‍ അവസരം കിട്ടാതെ പോയി. അല്ലെങ്കില്‍, 'അഞ്ച് മുസ്ളിം യുവാക്കളെ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയ മാര്‍ക്സിസ്റ് ഭീകരത'യ്ക്കെതിരെ യുഡിഎഫും എന്‍ഡിഎഫും ആഞ്ഞടിച്ചേനെ. ഇത്തരം കഥകള്‍ ഏറെ പറയാനുള്ള മണ്ണാണ് നാദാപുരത്തിന്റേത്. 1982ലും 1991ലും ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത് 'തെങ്ങിന്റെ കുലയ്ക്കും മനുഷ്യന്റെ തലയ്ക്കും' രക്ഷയില്ല എന്ന പ്രചാരണത്തോടെയാണ്. നാദാപുരത്ത് മാര്‍ക്സിസ്റുകാര്‍ കൃഷി നശിപ്പിക്കുന്നു; തലകൊയ്യുന്നു; സ്ത്രീകളെ ആക്രമിക്കുന്നു എന്നായിരുന്നു പ്രചാരണം. നാദാപുരം, മേപ്പയ്യൂര്‍, വടകര തുടങ്ങിയ മണ്ഡലങ്ങളിലൊന്നും അതുകൊണ്ട് പ്രയോജനമുണ്ടാക്കാനായില്ലെങ്കിലും പുറത്ത് ആ കാര്‍ഡ് അന്നവര്‍ വിജയകരമായി വിറ്റു. മുസ്ളിം സഹോദരങ്ങളുടെ മനസ്സില്‍ മാര്‍ക്സിസ്റ് വിരോധം കത്തിച്ചുവിടാന്‍ വലിയൊരളവ് സഹായകമായി ആ നുണക്കഥകള്‍. 2001ലെ തെരഞ്ഞെടുപ്പില്‍ അതാവര്‍ത്തിച്ചു. തെരുവന്‍പറമ്പ് ബലാത്സംഗ കഥ അവതരിപ്പിച്ചു. ആ കള്ളക്കഥയ്ക്ക് സാധുത നല്കാന് ബിനു എന്ന ചെറുപ്പക്കാരനെ വെട്ടിയരിഞ്ഞ് കൊന്നു. സംസ്ഥാനമൊട്ടുക്കും തെരുവന്‍പറമ്പിലെ മാനംപോയ യുവതിയെക്കുറിച്ച് കഥകള്‍ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചു. അതുകഴിഞ്ഞാണ്, കഥാനായികയായി അവതരിപ്പിക്കപ്പെട്ട യുവതിയും ഭര്‍ത്താവും രംഗത്തുവന്ന്, പ്രചരിപ്പിച്ചത് കള്ളക്കഥയാണെന്നും തങ്ങളെ ഉപകരണമാക്കുകയായിരുന്നെന്നും തുറന്നു പറഞ്ഞത്. അതുകൊണ്ടെന്ത്, യുഡിഎഫിനും ലീഗിനും ഭരണം ലാഭം.
തെരുവന്‍പറമ്പ് മോഡല്‍ ആവര്‍ത്തിക്കാനാണ് പുതിയ ബോംബ് വന്നത്. ലീഗിന്റെ നേതൃതലത്തില്‍ പ്രബലവിഭാഗത്തിന് എന്‍ഡിഎഫുമായി അഗാധബന്ധമുണ്ട്. എന്‍ഡിഎഫ് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം; അതിന്റെ പ്രവര്‍ത്തകര്‍ കേസില്‍പ്പെട്ടപ്പോഴെല്ലാം സഹായത്തിന്റെയും സംരക്ഷണത്തിന്റെയും താങ്ങുകൊടുക്കുന്നത് ലീഗാണ്; അതിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. നാട്ടില്‍ യുവതീയുവാക്കള്‍ പ്രണയിച്ചുപോയാല്‍ വാളും ബോംബുമായി സദാചാരപ്പൊലീസാകുന്ന എന്‍ഡിഎഫിന്, കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട നാറുന്ന കഥകള്‍ പ്രതികരിക്കാന്‍തക്ക ഗൌരവമില്ലാത്തതായത് ഈ പരസ്പര സഹകരണത്തിന്റെ ഭാഗംതന്നെ.
നരിക്കാട്ടേരിയില്‍ അഞ്ചുപേരെ കൊന്ന ബോംബുശേഖരം അപ്പോള്‍ പൊട്ടിയില്ലായിരുന്നെങ്കില്‍ ഒരു നാടിനെത്തന്നെ അത് കത്തിച്ചേനേ. സ്ഫോടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നിരവധി പള്ളികള്‍ക്കുനേരെ ആക്രമണമുണ്ടായതിനുപിന്നില്‍ കൃത്യമായ ഗൂഡാലോചനയുടെ ഗന്ധമുണ്ട്. പള്ളികള്‍ ആക്രമിച്ച് അത് മറ്റു മതസ്ഥരെന്നോ, അബ്ദുള്‍ ഖാദര്‍ മൌലവി പറഞ്ഞതുപോലെ മാര്‍ക്സിസ്റുകാരെന്നോ വരുത്തി കലാപത്തിനു തീകൊളുത്താനുള്ള പദ്ധതി, അതിന്റെ മറവില്‍ വര്‍ഗീയ ഏകോപനമുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള പദ്ധതി. തല്ക്കാലം അത് നടക്കാതെ പോയി. അതുകൊണ്ടുതന്നെ, ഒന്നുമറിയാത്ത ഭാവത്തില്‍ എന്‍ഡിഎഫ് 'ലീഗിന്റെ ബോംബു ഫാക്ടറി'യെക്കുറിച്ച് വിമര്‍ശമുന്നയിക്കുന്നു. യഥാര്‍ഥത്തില്‍ ബോംബുഫാക്ടറികള്‍ സംയുക്ത ഉടമയിലുള്ളതാണ്. അവയിലെ വിദഗ്ധ തൊഴിലാളികള്‍ എന്‍ഡിഎഫുകാരാണ്. ഇരുകൂട്ടരുടെയും കൈവശം ഇനിയും പൊട്ടാത്ത ബോംബുശേഖരങ്ങളുണ്ട്. അവയെ സംരക്ഷിക്കാനും ഒളിപ്പിച്ചുവയ്ക്കാനും പ്രയോഗ സജ്ജമാക്കാനുമുള്ള ശ്രമം യുഡിഎഫ് ഒന്നാകെ നടത്തുന്നുമുണ്ട്. ഏതു കെട്ടവഴിയിലൂടെയും ലീഗ് സീറ്റ് സമ്പാദിച്ചില്ലെങ്കില്‍ യുഡിഎഫിന് മാന്യമായി തോല്‍ക്കാന്‍പോലും കഴിയില്ല. അതുകൊണ്ട് ഈ ബോംബിന്റെ യഥാര്‍ഥ ഉത്തരവാദിത്തം യുഡിഎഫ് നേതൃത്വത്തിനുതന്നെയാണ്.
ഐസ്ക്രീം-വ്യാജരേഖ നിര്‍മാണ അഴിമതിക്കേസിലാണ് കുഞ്ഞാലിക്കുട്ടി. ഏഴു കടലില്‍ മുങ്ങിയാലും ആ ദുര്‍ഗന്ധം മാറ്റിയെടുക്കാനാകില്ല. ലീഗ് പ്രസിഡന്റ് ഇ അഹമ്മദിലും ഭീകരബന്ധം ആരോപിക്കപ്പെട്ടിരിക്കുന്നു. താലിബാന് രാഷ്ട്രീയത്തോട് ലീഗ് കാണിക്കുന്ന മമതയും പ്രണയവും കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനുതന്നെ പോറലേല്‍പ്പിക്കും. കാരണം, അതിനായി അവര്‍ വാരിപ്പുണരുന്ന എന്‍ഡിഎഫ് ഒരു വലിയ കൊലയാളി സംഘമാണ്; ക്രിമിനല്‍ കൂട്ടമാണ്്. യുഡിഎഫ് ഇതിനെയെല്ലാം സ്പോണ്സര് ചെയ്യുമ്പോള്‍, കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പ്രതികരിച്ചേ മതിയാകൂ. നാദാപുരത്ത് പൊട്ടിയ ബോംബുശേഖരം കേരളത്തില്‍ ചോരപ്പുഴയൊഴുക്കി വര്‍ഗീയകളിയിലൂടെ അധികാരം പിടിക്കാനുള്ളതാണെന്നു മനസ്സിലാക്കി, അതിനു മുതിരുന്നവരെ ഒറ്റപ്പെടുത്താനുള്ള എല്ലാ അവസരവും പ്രയോജനപ്പെടുന്നതിലേക്ക് മതനിരപേക്ഷ സമൂഹം ഒന്നാകെ ഉയരേണ്ടതുണ്ട്. മുസ്ളിംലീഗിന് വര്‍ഗീയത ഇളക്കിവിട്ട് കൈപ്പിടിയിലൊതുക്കാനോ ഹിന്ദുവര്‍ഗീയ ശക്തികള്‍ക്ക് ന്യൂനപക്ഷവിരുദ്ധ വികാരമുണര്‍ത്തി വാരിയെടുക്കാനോ ഉള്ളതല്ല കേരളത്തിന്റെ ജനവിധി. നേതാവ് പെണ്‍വാണിഭക്കേസില്‍ കുടുങ്ങിയാല്‍ ബോംബുപൊട്ടിച്ചും കലാപമുണ്ടാക്കിയും രക്ഷപ്പെടുത്തിക്കളയാമെന്നു കരുതുന്നവരെ കഴുത്തിന്കുത്തിപ്പിടിച്ച് മാപ്പ് പറയിക്കാനാണ് ഈ തെരഞ്ഞെടുപ്പ് അവസരമാകേണ്ടത്.
5 comments:
"എനിക്കിനി ഒന്നും പേടിക്കാനില്ല; ഒരു ബോംബ് ഉടനെ പൊട്ടും'' എന്നാണ് ഐസ്ക്രീം കേസ് വീണ്ടും വിവാദമായപ്പോള്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. "ആ ബോംബ് കുഞ്ഞാലിക്കുട്ടിയുടെ കൈയിലിരുന്ന് പൊട്ടുകയേ ഉള്ളൂ'' എന്ന് അദ്ദേഹത്തിന്റെ ബന്ധുവും കൂട്ടുപ്രതിയുമായ റൌഫ് പ്രതിവചിച്ചു. ഇപ്പോള്‍ ബോംബ് പൊട്ടിയിരിക്കുന്നു. നാദാപുരത്ത് നരിക്കാട്ടേരിയില്‍, മുസ്ളിംലീഗിന്റെ പ്രമുഖ നേതാവ് സൂപ്പിയുടെ മൂക്കിന്‍തുമ്പത്ത്. കൈയിലിരുന്നാണ് പൊട്ടിയത്. കുഞ്ഞാലിക്കുട്ടിയുടെയല്ല, 30 തികഞ്ഞിട്ടില്ലാത്ത കുറെ ചെറുപ്പക്കാരുടെ കൈയില്‍വച്ച്. ദാരുണമാണ് അവിടത്തെയും ആശുപത്രിയിലെയും രംഗങ്ങള്‍.
പോട്ടത്തരമേ...
നിന്റെ പേരോ മനോജ്...!!!??
kooduthal vaayikkan..
www.rahimkalathil.blogspot.com
ഇപ്പോൾ ബങ്കലൂരിൽ ജയിലിൽ കിടക്കുന്ന മദനി സഖാവിനെ വാരിപുണരുന്ന പാർട്ടിയുടെ ഒരു കണ്ണൂർ നേതാവിന്റെ മകൻ വിഷുവാഘോഷിച്ച്തും കയ്യിൽ ബോംബു വെച്ചു പൊട്ടിച്ചായിരുന്നു.....അതു കൂടി ഇവിടെ പരാമർസിക്കാമായിരുന്നു.........സാറിനു...
http://maruvayana.blogspot.com/2011/03/blog-post.html
Post a Comment