മുംബൈയില്‍ ബലൂണും ജപകുസും എണ്ണയും വിറ്റുനടന്ന സെയില്സ്മാനായിരുന്നു മനോരമയുടെ ഇന്നത്തെ ചീഫ് എഡിറ്റര്‍ കെ എം മാത്യു. പരമാവധി എംആര്‍എഫിന്റെ ജില്ലാ മാനേജര്‍ ആയി റിട്ടയര്‍ചെയ്യുമായിരുന്ന ഒരാള്‍. അളന്നെടുക്കാനാവാത്ത ആസ്തിയുടെ അധിപനാണ് ഇന്ന് ആ മനുഷ്യന്. കേരളത്തിലും പുറത്തും ശാഖകളുള്ള വന്‍കിട പത്രസാമ്രാജ്യം, അനുബന്ധ പ്രസിദ്ധീകരണങ്ങള്‍, സ്വകാര്യ പണമിടപാടുസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ആശുപത്രികള്‍, കംപ്യൂട്ടര്‍ കമ്പനി, സൂപ്പര്‍ മാര്‍ക്കറ്റ്, തുണിക്കടകളും റസ്റോറന്റുകളും, സോഡാമേക്കര്‍ ഫാക്ടറി, കൂറ്റന്‍ കെട്ടിടസമുച്ചയങ്ങള്‍, ഇറക്കുമതി വാഹനങ്ങള്‍, ഏജന്‍സി സര്‍വീസുകള്‍, സ്പീഡ്ബോട്ട്, തോട്ടങ്ങള്‍, എസ്റ്റേറ്റ് ബംഗ്ളാവുകള്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പങ്കാളിത്തങ്ങള്‍- ഒരു അലാവുദീനും സമ്മാനിച്ച അത്ഭുതവിളക്കിന്റെ സഹായത്താലല്ല, മുംബൈ തെരുവുകളിലൂടെ ബലൂ വിറ്റുനടന്നയാള്‍ ആകാശം മുട്ടെ വളര്‍ന്നുയര്‍ന്നത്. വളര്‍ച്ചയുടെ വഴിയില്‍ ചതിയുടെയും വഞ്ചനയുടെയും ഉപജാപങ്ങളുടെയും അനുഭവകഥകളുണ്ട്. എങ്കിലും സാരോപദേശവും നന്മയുടെ സങ്കീര്‍ത്തനവും മുഴക്കുന്നവരില്‍ ആരുടെയും പിന്നിലല്ല മാത്യുവും ഭൂതഗണങ്ങളും. ബലൂണും വാര്‍ത്തയും ഒരുപോലെ ഊതിപ്പെരുപ്പിക്കാമെന്ന് തെളിയിച്ച സാക്ഷാല്‍ മാത്യുവിന്റെ കീഴില്‍ മനോരമ വച്ചടിവച്ചടി കയറി. വിധേയ-വിശ്വസ്ത വേതാളങ്ങള്‍ റിപ്പോര്‍ട്ടര്‍മാരായും എഡിറ്റര്‍മാരായും പടര്‍ന്നു വിലസി. കേരളത്തില്‍നിന്ന് കമ്യൂണിസത്തെ കെട്ടുകെട്ടിക്കാനുളള കണ്ടത്തില്‍ കുടുംബത്തിന്റെ നിയോഗം ശമ്പളത്തിനൊപ്പം മാത്തുക്കുട്ടിച്ചായന് ഇവര്‍ക്ക് വീതിച്ചു നല്കി.
കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.
ഭീഷണിപ്പെടുത്തല്‍, ബ്ളാക്ക്മെയിലിങ്, കൂലിക്കെഴുത്ത് എന്നിങ്ങനെയുള്ള തലങ്ങളെല്ലാം കടന്ന് വേലിക്കല്‍നിന്ന് മുണ്ടുപൊക്കി തെറിവിളിക്കുന്ന നിലവാരത്തിലൂടെയും സഞ്ചരിക്കുകയാണ് മനോരമയിലെ മാധ്യമ പ്രവര്‍ത്തനം. മനോരമയിലെ പത്രപ്രവര്‍ത്തകരുടെ പരിശീലനക്കളരിയിലെ ആശാന് ക്രൈം നന്ദകുമാറാണെന്ന് അവര്‍ പ്രചരിപ്പിച്ച ലാവ്ലിന് കഥകളില്‍തന്നെ തെളിഞ്ഞതാണ്. നേരിയ സംശയമെങ്കിലും അവശേഷിച്ചവര്‍ക്ക് 2010 ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ചുവരെ ആറുദിവസം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച 'കോടികള്‍ കോടികള്‍ പിന്നാലെ' എന്ന പരമ്പര വായിച്ചതോടെ കാര്യം ബോധ്യമായി. വാലും തുമ്പുമില്ലാത്ത വാര്‍ത്തകളിലൂടെ, കര്‍ത്താവും കര്‍മവുമില്ലാത്ത വാചകങ്ങളിലൂടെ സിപിഐ എമ്മിനെതിരെ പടച്ചുവിട്ട അപവാദങ്ങള്‍ യഥാര്‍ഥത്തില്‍ മനോരമയിലെ ശിഷ്യന്മാര് കളരിഗുരുവിന് നല്കിയ ദക്ഷിണയാണ്. അശ്ളീലവും അപവാദവും എഴുതുമെന്ന് ഭീഷണിപ്പെടുത്തി അരിക്കാശിന് വഴിതേടുന്ന ഗുരുവിന് പാര്‍ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയില്ലെങ്കില്‍ എഴുതിനാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന മനോരമാ ഭടന്. ഒരുപരിധിയില്‍ കൂടുതല്‍ ഊതിയാല്‍ ഈ ബലൂണ്‍ പൊട്ടുമെന്നും ഏതു ബലൂണും കുത്തിപ്പൊട്ടിക്കാന്‍ ഒരു മൊട്ടുസൂചിയുടെ ചെലവേയുള്ളൂവെന്നും ബോംബെ തെരുവുകളുടെ അനുഭവപരിചയമുള്ളവരെങ്കിലും ഓര്‍ക്കുന്നത് നന്ന്.
കേരളത്തില്‍ ഏറ്റവുമധികം വായനക്കാരുള്ളത് ഇടതുപക്ഷത്തെക്കുറിച്ച്, വിശേഷിച്ച് സിപിഐ എമ്മിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കാണെന്ന് മനോരമയ്ക്കറിയാം. മാര്‍ക്സിസ്റ്റ് വിരോധം ആ പത്രത്തിന്റെ രാഷ്ട്രീയം മാത്രമല്ല, വിപണന തന്ത്രവുമാണ്. രമേശ് ചെന്നിത്തലയ്ക്ക് തിരുവനന്തപുരത്തും ഡല്‍ഹിയിലും മണിമാളികയുണ്ടെന്നും അദ്ദേഹം ബ്യൂട്ടിപാര്‍ലറില്‍ ചെലവിടുന്നത് പതിനായിരങ്ങളാണെന്നുമുള്ളത് മനോരമയ്ക്ക് വാര്‍ത്തയല്ല. സിപിഐ എമ്മിന്റെ ഏതെങ്കിലും നേതാവ് പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വിമാനയാത്ര നടത്തിയാല്‍ അതാണ് വാര്‍ത്ത. സി എം സ്റ്റീഫന്‍ എന്ന സമുന്നത നേതാവിന് സ്മാരകമുണ്ടാക്കാന്‍ പിരിച്ച പണം ഖദര്‍ പോക്കറ്റിന്റെ ആഴങ്ങളില്‍ വിലയിച്ചുപോയാല്‍ അത് വാര്‍ത്തയല്ല-സിപിഐ എം പണം പിരിച്ച് ഏരിയാ കമ്മിറ്റി ഓഫീസ് പണിതാല്‍ അതാണ് വാര്‍ത്ത.
'ഇ കെ നായനാരെ നെഞ്ചോടുചേര്‍ത്തുപിടിച്ചവരുടെ ആദരം മുതലെടുത്ത് സിപിഎം കണ്ണൂരില്‍ നായനാര്‍ അക്കാദമി ഒരുക്കുന്നു' എന്നാണ് പരമ്പരയില്‍ മനോരമ വിലപിച്ചത്. പറയുന്നത് കേട്ടാല്‍ തോന്നുക, ഇ കെ നായനാരെ നെഞ്ചോട് ചേര്‍ത്തുപിടിച്ചത് കണ്ടത്തില്‍ കുടുംബവും അവരുടെ എഴുത്താളന്മാരുമാണെന്നാണ്. നായനാരെ കോമാളി എന്നു വിളിച്ചാക്ഷേപിച്ച, 'നായനാര്‍ പരസ്യ വോട്ടുചെയ്തു; നടപടിയെടുക്കണം' എന്ന് തെരഞ്ഞെടുപ്പുകമീഷനോട് രേഖാമൂലം ആവശ്യപ്പെട്ട മനോരമയില്‍നിന്ന് നായനാര്‍പ്രേമം വഴിഞ്ഞൊഴുകുന്നു. മനോരമ നടത്തിയ സകല വ്യക്തിഹത്യയെയും അതിജീവിച്ചാണ് നായനാര്‍ ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരുടെ നെഞ്ചില്‍ സ്ഥാനം പിടിച്ചത്. എണ്ണമറ്റ മനോരമ പ്രചാരണങ്ങളുടെ നെഞ്ചില്‍ ചവിട്ടിയാണ് ഓരോ മലയാളിയും നായനാര്‍ സ്മാരകത്തിന് സംഭാവന നല്‍കുന്നത്. ജീവിച്ചിരുന്ന കാലത്ത് തങ്ങള്‍ എഴുതിത്തകര്‍ക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റ് നേതാവിന്റെ സ്മാരകം പണിയാന്‍ സംഭാവനകള്‍ പ്രവഹിക്കുമ്പോള്‍ അപസ്മാരബാധയില്‍ തുള്ളിയിളകുന്ന കണ്ടത്തില്‍ഭൃത്യരുടെ വെപ്രാളം മനസിലാക്കാവുന്നതേയുളളൂ. തങ്ങള്‍ എഴുതിയതും പ്രചരിപ്പിച്ചതും എങ്ങും എവിടെയും വിലപ്പോയില്ലെന്ന് തിരിച്ചറിഞ്ഞവരുടെ നെഞ്ചിന്റെ പിടച്ചിലാണ് പരമ്പരയിലൂടെ പുറത്തുവന്നത്. വിശ്വസിപ്പിക്കുന്ന നുണകളെഴുതാനുള്ള വൈഭവം ഇനിയും തങ്ങള്‍ക്ക് കൈവന്നിട്ടില്ലെന്ന് തിരിച്ചറിയുമ്പോഴുളള വൈക്ളബ്യം ഊഹിക്കാവുന്നതേയുള്ളൂ.
ഗള്‍ഫ് രാജ്യങ്ങളിലെ മലയാളിക്കൂട്ടായ്മകളുടെ സഹായത്തോടെ നായനാര്‍ സ്മാരകത്തിന് സഹായമഭ്യര്‍ഥിച്ച് സിപിഐ എം നേതാക്കള്‍ നടത്തിയ പര്യടനം 'ചരിത്രത്തില്‍ ഇന്നോളം നടക്കാത്തത്ര വിപുല'മായിരുന്നുവെന്ന് മനോരമ വിലപിക്കുമ്പോള്‍ അടക്കാനാവാത്ത അസൂയയാണ് പുറത്തുചാടുന്നത്. നായനാര്‍ക്ക് സ്മാരകം ഉണ്ടാക്കുന്നതിലും അത് ഉയര്‍ന്ന നിലവാരത്തിലുള്ളതാകുന്നതും മനോരമയുടെ ഉറക്കം കെടുത്തുന്നു. ഗള്‍ഫിലെ വ്യവസായികള്‍ പലരും 'സ്ഥലത്തില്ല, ടൂറിലാണ്' എന്ന 'അടവുനയം' പ്രയോഗിച്ച് പിരിവില്‍നിന്ന് രക്ഷപ്പെട്ടു എന്നൊക്കെ തട്ടിവിട്ട് സ്വന്തം വാദമുഖങ്ങളെ ഒരുളുപ്പുമില്ലാതെ ഖണ്ഡിക്കുമ്പോഴും മനോരമക്കാരന്റെ എരിയുന്ന നെഞ്ചിലെ പുകയാണ് പുറത്തുചാടുന്നത്.
കേരളത്തില്‍ മനോരമയ്ക്ക് വേണ്ടപ്പെട്ട ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍-അവരില്‍ കോണ്‍ഗ്രസുകാരും ലീഗുകാരുമുണ്ട്- ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിരം സന്ദര്‍ശകരാണ്. ഇക്കഴിഞ്ഞ നാളുകളില്‍ പലരും ഗള്‍ഫ് നാടുകളില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഒരന്വേഷണവും നടത്താതെ അത്തരക്കാരുടെ ബിസിനസ് ബന്ധങ്ങളെയും നിക്ഷേപങ്ങളെയും കുറിച്ച് മനോരമയ്ക്ക് എഴുതാനാകും. അതെല്ലാം മറന്ന്, ആയിരക്കണക്കിന് മലയാളികളോട് പരസ്യമായി സംവദിച്ച് സന്ദര്‍ശനം നടത്തിയ സിപിഐ എം നേതാക്കളെ അപഹസിക്കുമ്പോള്‍, ബാലജനസഖ്യം വഴി വളര്‍ത്തിയ സ്വന്തം സന്തതിക്കുവേണ്ടി നിലമൊരുക്കാനുളള വെപ്രാളം തിരിച്ചറിയില്ലെന്ന് മനോരമ കരുതരുത്.
അപവാദങ്ങള്‍ ആര്‍ക്കും പറഞ്ഞു പരത്താം. സിപിഐ എമ്മിന്റെ ഒരു നേതാവിന് പ്രോഗ്രസീവ് ലെന്‍സുള്ള കണ്ണടയുണ്ട് എന്നെഴുതുന്നത് സകല നേതാക്കളുടെയും കണ്ണടയിലേക്ക് വായനക്കാരന്റെ സംശയം എയ്തു തറപ്പിക്കുന്ന തറവേലയാണ്; മാധ്യമ പ്രവര്‍ത്തനമല്ല. എന്തിന് കണ്ണട മാത്രമാക്കണം. ഓരോ നേതാവിന്റെയും പാര്‍പ്പിടത്തിന്റെയും വസ്ത്രത്തിന്റെയുമടക്കം വിലവിവരപ്പട്ടിക മനോരമയില്‍ പ്രസിദ്ധപ്പെടുത്തട്ടെ. അക്കൂട്ടത്തില്‍ ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും മാണിയെയും ഉമ്മന്‍ചാണ്ടിയെയുമൊന്നും വിട്ടുകളയരുതെന്നു കൂടി അഭ്യര്ഥനയുണ്ട്. അതാകുമ്പോള്‍, തുകയും വലുപ്പവും തെറ്റാതെ എഴുതാന്‍ മനോരമയ്ക്കാകും.
ദുസ്സൂചനകളുടെയും ദ്വയാര്‍ഥങ്ങളുടെയും സമാഹാരമായി അവതരിപ്പിച്ച പരമ്പരയ്ക്ക് കൃത്യമായ വിപണി-രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിലും യുഡിഎഫിലും ഉരുണ്ടുകൂടുന്ന പ്രതിസന്ധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കൈവരുന്ന അന്യൂനമായ ഐക്യവും ഊര്‍ജസ്വലതയും-ഇത്രയുമാണ് രാഷ്ട്രീയ കാരണങ്ങള്‍. മനോരമ എഴുതിയാല്‍ പിറ്റേന്ന് അത് വീരേന്ദ്രകുമാര്‍ പ്രസംഗിക്കും. സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്താനും വര്‍ധിപ്പിക്കാനും പുതിയ സമ്മാന പദ്ധതി തുടങ്ങിയിരിക്കുന്നു മനോരമ. അതിന്റെ മറ്റൊരു രൂപമാണീ മാര്‍ക്സിസ്റ്റ് പാര്‍ടി വധം.
ലാഭം കുന്നുകൂട്ടാനുള്ള തന്ത്രങ്ങളില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു നൈതികതയും മനോരമയ്ക്ക് പ്രശ്നമല്ല. വിമോചന സമരകാലത്ത് സിഐഎയുടെ പണം പറ്റി കമ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തയെഴുതിയ അളിഞ്ഞ മാധ്യമപാരമ്പര്യത്തിന് ഒരു പോറലും പറ്റാതെ മനോരമ ഇക്കാലമത്രയും കാത്തുപോരുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് ദാസ്യവേലചെയ്ത് രാജമുദ്ര നെറ്റിയില്‍പതിപ്പിച്ച പത്രമാണത്. അടിയന്തരാവസ്ഥയുടെ കരാളനാളുകളില്‍ മര്‍ദക വീരന്മാര്ക്ക് ഓശാനപാടിയ പത്രമാണത്. എക്കാലത്തെയുംപോലെ ഇന്നും അവര്‍ സിപിഐ എമ്മിനെതിരെ അപവാദങ്ങള്‍ സമാഹരിച്ച് വില്‍ക്കുന്നു.
സിപിഐ എമ്മിന് ഓഫീസുകളുണ്ട്, പത്രമുണ്ട്, മറ്റു പ്രസിദ്ധീകരണങ്ങളുണ്ട്, പാര്‍ടി നേതൃത്വത്തിലും പാര്‍ടിയുമായി ബന്ധപ്പെട്ടും നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ മേഖലയില്‍ സുശക്തമായി ഇടപെടുകയും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുകയും ചെയ്യുന്ന പാര്‍ടിയാണ് സിപിഐ എം. അംഗങ്ങളുടെ വരുമാനത്തിന്റെ ഒരുഭാഗം ലെവിയായി പാര്‍ടി പ്രവര്‍ത്തനത്തിന് സിപിഐ എം നീക്കിവയ്ക്കുന്നു. ജനങ്ങളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നു. കേരളത്തിലെ ജനങ്ങളില്‍ നാല്‍പ്പതുശതമാനമെങ്കിലും ഉറച്ച ഇടതുപക്ഷ അനുഭാവികളാണ്. അത് എന്തായാലും മനോരമയുടെ സര്‍ക്കുലേഷന്റെ പല മടങ്ങ് വരും. അങ്ങനെയുള്ള അനുഭാവികള്‍ സ്വമേധയാ പാര്‍ടിക്കുവേണ്ടി സംഭാവന നല്കിയാല്തന്നെ മനോരമ മുതലാളിമാര്‍ പത്രം വിറ്റുണ്ടാക്കിയതിനേക്കാള്‍ ആസ്തി സിപിഐ എമ്മിനുണ്ടാകുമല്ലോ. കോണ്‍ഗ്രസ് പിരിച്ചാല്‍ അത് നേതാക്കളുടെ കീശയിലേക്കാണ് പോകുന്നതെങ്കില്‍ സിപിഐ എം പിരിച്ചെടുക്കുന്ന പണം ജനങ്ങളുടെ ആസ്തിയായി മാറും. എ കെ ജി സെന്ററും ഇ എംഎസ് അക്കാദമിയും കണ്ണൂരില്‍ യാഥാര്‍ഥ്യമാകുന്ന നായനാര്‍ സ്മാരകവുമെല്ലാം ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിന്റെയോ സ്വത്തല്ല-ജനങ്ങളുടേതാണ്; പാര്‍ടിയുടേതാണ്. ലാഭം കൊയ്യുന്ന ബിസിനസിലേക്ക് ഊളിയിടാനുള്ള തന്ത്രങ്ങളല്ല ജനങ്ങളുടെ പട്ടിണിയും കഷ്ടപ്പാടും മാറ്റാനുള്ള പോരാട്ടത്തിന്റെ വഴിയാണ് അവിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
തിരുവനന്തപുരത്ത് മനോരമയുടെ ഓഫീസ് സമുച്ചയത്തിന് തൊട്ടടുത്താണ് ദേശാഭിമാനിയുടെ പുതിയ ആസ്ഥാനമന്ദിരം. കെട്ടിടം പണി തുടങ്ങിയതുമുതല്‍ ഒരുതരം അസഹിഷ്ണുതയോടെ മനോരമ അതിനെ കാണുന്നു. പണി നടക്കുന്നതിന്റെ ചിത്രങ്ങള്‍ എടുക്കുന്നു. ദേശാഭിമാനിക്ക് മികച്ച കെട്ടിടം ഉണ്ടാവുകയോ? ആധുനിക സംവിധാനങ്ങള്‍ ഉണ്ടാവുകയോ? കല്ലച്ച്, പരിപ്പുവട, കട്ടന്‍ചായ-ഇത്രയും മതി മാര്‍ക്സിസ്റ്റുകാര്‍ക്ക് എന്നാണ് മനോരമ കല്‍പ്പിക്കുന്നത്. സ്വന്തം ചാനല്‍ മാനംമുട്ടെ വളരുമ്പോള്‍ കൈരളി മുരടിച്ചുതന്നെ തീരണം. പത്തു കൊല്ലംകൊണ്ട് കൈരളി ലാഭം നേടിയതും ആസ്ഥാനം നിര്‍മിച്ചതും കൊടും പാതകം! രണ്ടര ലക്ഷം ഓഹരിയുടമകളുണ്ട് കൈരളിക്ക്. മനോരമയുടെ ഉടമസ്ഥത ഒരു കുടുംബത്തിന്. ലാഭവും വളര്‍ച്ചയും മനോരമയ്ക്കുമാത്രം, സ്വകാര്യമുതലാളിമാര്‍ക്കുമാത്രം പറഞ്ഞിട്ടുള്ളതാണല്ലോ.
മറ്റൊരു ഉദ്ദേശ്യത്തോടെയാണെങ്കിലും മനോരമ ഇവിടെ സിപിഐ എമ്മിന് ഒരുപകാരം ചെയ്യുന്നുണ്ട്. പാര്‍ടി പിരിക്കുന്ന പണം മറ്റെവിടെയും പോകുന്നില്ല, ഓഫീസുകളും ജനോപകാര സംരംഭങ്ങളുമായി മാറുന്നുണ്ട് എന്ന് സംശയരഹിതമായി സ്ഥാപിക്കുന്നുണ്ട്. നായനാര്‍ക്ക് സ്മാരകം വരുന്നു എന്നതിനും അത് മികച്ച ഒന്നാണ് എന്നും പരസ്യം ചെയ്യുന്നുണ്ട്. മെയ് എട്ടിന് ഉദ്ഘാടനംചെയ്യാന്‍ പോകുന്ന ദേശാഭിമാനി ആസ്ഥാന മന്ദിരത്തിന്റെ ചിത്രം ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അച്ചടിച്ച് സഹായിക്കുന്നുണ്ട്. അതിനപ്പുറം ഏതോ ഒരു നേതാവ് വില കൂടിയ കണ്ണട വെക്കുന്നു, ചില നേതാക്കളുടെ മക്കള്‍ ഗല്ഫില് ജോലി ചെയ്യുന്നു, ഏതോ ഒരു നേതാവ് പണ്ട് മദ്യപിച്ചു; ഇ.എം.എസ് പറഞ്ഞപ്പോള്‍ നിര്‍ത്തി, ഒരാള്‍ വിയറ്റ്നാമില്‍ ചെന്നപ്പോള്‍ ഉപചാരത്തിനു മദ്യം കഴിച്ചു എന്നെല്ലാമാണ് പരമ്പരയിലെ “കണ്ടെത്തലു“കള്‍”. പൊട്ടക്കണ്ണന്റെ മാവേലേറുകള്‍. എല്ലാ നേതാക്കളെയും സംശയത്തിന്റെ മുനയിലാക്കട്ടെ എന്ന ലക്ഷ്യം.
സി.പി.ഐ.എമ്മിനെക്കുറിച്ചും നേതാക്കളെക്കുറിച്ചും ഇതേ മട്ടില്‍ പല പല കഥകള്‍ പ്രചരിപ്പിച്ചവരില്‍ മനോരമ എന്നും മുന്നിലാണ്. വരദാചാരിയുടെ തലപരിശോധന വിവാദം സൃഷ്ടിച്ചതും ലാവലിന്‍ കേസുമായി അതിനെ ബന്ധിപ്പിച്ചതും മനോരമയാണ്. തലപരിശോധനയ്ക്കും ലാവലിന്‍ കേസിനും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് രേഖാമൂലം തെളിയിക്കപ്പെട്ടപ്പോള്‍ മനോരമ മിണ്ടിയില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും വിരൂപമായ അവസ്ഥയാണ് ഗോസിപ്പുകളുടെ പ്രചരണം. ദൌര്‍ഭാഗ്യവശാല്‍ അത്തരം രൂപമുള്ള മനോരമയെ കേരളത്തിന് ഒന്നാം നമ്പര്‍ പത്രമായി പെറേണ്ടി വന്നിരിക്കുന്നു.
മനോരമ നിരത്തിയ പരമ്പര “കോടികള്‍ കോടികള്‍ പിന്നാലെ” എത്താനുള്ള ദുരമൂത്ത കച്ചവടകുടുംബത്തിന്റെ തന്ത്രമാണ് എന്ന തിരിച്ചറിവു കൊണ്ടു മാത്രം അവഗണിക്കാനാവില്ല. അതിന്റെ രാഷ്ട്രീയവും പിന്നാമ്പുറക്കഥകളും ചര്‍ച്ച ചെയ്യപ്പെടണം. നുണകളുടെ കുത്തൊഴുക്കില്‍ തകര്‍ന്നു പോകുന്നതല്ല സി.പി.ഐ. എം എന്ന പ്രഖ്യാപനത്തിലൂടെ, യാഥാര്‍ത്ഥ്യങ്ങള്‍ അക്കമിട്ട് ജനങ്ങളിലെത്തിക്കുന്നതിലൂടെ തുടരേണ്ട പ്രക്രിയ ആണത്. ബൂര്‍ഷ്വാ മാധ്യമ രാഷ്ട്രീയത്തെ അഴിച്ചുപണിയാനുള്ള ദൌത്യമാണ് പ്രബുദ്ധ കേരളം ഏറ്റെടുക്കേണ്ടത്.