Friday, November 20, 2009

ഒരഭ്യര്‍ത്ഥന

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീട് എന്ന പേരില്‍ കുന്നംകുത്തെ എന്‍ആര്‍ഐ വ്യവസായിയുടെ കൂറ്റന്‍ വീടിന്റെ ചിത്രം ഇ-മെയിലായി വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടതും അതിന്റെ കള്ളി പൊളിഞ്ഞതും മനസ്സിലാക്കിക്കാണുമല്ലോ.ഈ വ്യാജ മെയിലിന്റെ ഉറവിടത്തിലേക്ക് അന്വേഷണം ഏതാണ്ട് എത്തുന്നു എന്നാണ് മനസ്സിലാക്കുന്നത്. വസ്തുത അറിയാതെ നിരവധിയാളുകള്‍, കണ്ടത് പിണറായിയുടെ വീട് തന്നെയാണെന്ന് തെറ്റിദ്ധരിക്കുന്ന നിലയുണ്ട്. അത്തരക്കാര്‍ക്ക് യാഥാര്‍ത്ഥ്യം വിശദീകരിക്കുന്ന മെയിലുകള്‍ അയക്കണമെന്നുണ്ട്. അതിനായി തെറ്റായ ചിത്രവുമായി കിട്ടിയ മെയിലുകള്‍ ഈ ബ്ളോഗിലെ അഡ്രസിലേക്ക് ഫോര്‍വേഡ് ചെയ്താല്‍ നന്നാകും.

Wednesday, November 11, 2009

അത്ഭുതം സംഭവിച്ചിട്ടില്ല

അത്ഭുതമൊന്നും സംഭവിച്ചിട്ടില്ല. ആരും അത്ഭുതക്കുട്ടിമാരായിട്ടുമില്ല. മൂന്നു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു ഫലം വിജയം കൊണ്ട് യുഡിഎഫിനെ ആശ്വസിപ്പിക്കുന്നു. പക്ഷേ, പരാജയം കൊണ്ട് എല്‍ഡിഎഫിന് തളര്‍ച്ചയുണ്ടാക്കുന്നില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിന്റെ സൂചനയായി ഈ ഫലങ്ങളെ കണ്ടാലും എല്‍ഡിഎഫിന് ആത്മവിശ്വാസത്തോടെ നില്‍ക്കാനുള്ള വകയാണ് തെളിഞ്ഞുവരിക.
രണ്ടു കാര്യമാണ് പ്രധാനമായി ചൂണ്ടിക്കാട്ടാനാവുക.

ഒന്ന്: 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം നല്‍കിയ ജനവിധിയാണ് മെച്ചപ്പെട്ട നിലയില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.
രണ്ട്: പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗം വന്നതുപോലെ തിരിച്ചുപോയിരിക്കുന്നു.

മൂന്നു മണ്ഡലത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കിന്റെ അടുത്തെത്തുന്നതല്ല യുഡിഎഫിന്റെ ഇപ്പോഴത്തെ വിജയം. എല്‍ഡിഎഫിന് വിജയപ്രതീക്ഷ വച്ചുപുലര്‍ത്താനാകാത്ത രാഷ്ട്രീയ ചേരിതിരിവുള്ള മണ്ഡലങ്ങളാണ് മൂന്നും. ഉപതെരഞ്ഞെടുപ്പു വന്നാല്‍ വിജയിക്കുന്നത് ഉറപ്പാണെന്ന് കാണാതെ, മൂന്നിടത്തും സിറ്റിങ് എംഎല്‍എമാരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോഗ്രസ് ധൈര്യപ്പെടില്ലായിരുന്നല്ലോ. എന്നിട്ടുപോലും കനത്ത മത്സരം കാഴ്ചവയ്ക്കാനും മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം. മൂന്നിടത്തും അന്തിമഫലത്തെക്കുറിച്ച് യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണര്‍ത്തുംവിധം പ്രചാരണരംഗത്ത് എല്‍ഡിഎഫ് മുന്നേറിയിരുന്നു. കണ്ണൂരിലെ തെരഞ്ഞെടുപ്പാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളിലൊന്നുപോലും ഈ ഘട്ടത്തില്‍ ആവര്‍ത്തിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാതിരുന്നത് യുഡിഎഫിന്റെയോ അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളുടെയോ സന്മനോഭാവംകൊണ്ടല്ല-അത്തരം വിവാദങ്ങളുടെ കാപട്യവും പൊള്ളത്തരവും ജനങ്ങള്‍ വലിയതോതില്‍ തിരിച്ചറിഞ്ഞു എന്നതുകൊണ്ടാണ്. പകരം ഉയര്‍ത്തിയത് 'വ്യാജവോട്ട്' വിവാദമാണ്. അതാകട്ടെ കണ്ണൂരിനെ കേന്ദ്രീകരിച്ചുമാണ്.

വോട്ടര്‍ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാനും മണ്ഡലത്തില്‍ വോട്ടറാകാന്‍ അര്‍ഹതയുള്ളവരെ കൂട്ടിച്ചേര്‍ക്കാനും രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നത് സാധാരണ നടപടിക്രമമാണ്. കണ്ണൂരില്‍ യുഡിഎഫും എല്‍ഡിഎഫും അത് ചെയ്തു. എന്തിന്, യുഡിഎഫിന്റെ സ്ഥാനാര്‍ഥിപോലും അങ്ങനെ മാറിവന്ന വോട്ടറാണ്. എന്നിട്ടും എല്‍ഡിഎഫിനെതിരായ വന്‍ പ്രചാരണമായി 'വ്യാജവോട്ട്' വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നു. അതിലും നിര്‍ത്താതെ, കേന്ദ്രസേനയെ വരുത്തിക്കല്‍, കലക്ടറെ മാറ്റിക്കല്‍ എന്നിങ്ങനെയുള്ള അനേകം നാടകങ്ങള്‍. എല്‍ഡിഎഫിന് വരാമായിരുന്ന കുറെവോട്ടുകളെയെങ്കിലും തടയാന്‍ ഇത്തരം നാടകങ്ങള്‍ കാരണമായിട്ടുണ്ടാകാം. വ്യാജവോട്ട്, ഇറക്കുമതിവോട്ട്, കേന്ദ്ര സേന എന്നിങ്ങനെ പലതരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിച്ചവര്‍, അവയുടെ മറവില്‍ നടത്തിയ തെരഞ്ഞെടുപ്പനാശാസ്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടാതെ പോയിട്ടുണ്ട്. നുണപ്രചാരണങ്ങളിലൂടെ മതസ്പര്‍ധയും വര്‍ഗീയവികാരവും ഇളക്കിവിട്ട് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. താന്‍ ഉമ്ര കര്‍മം അനുഷ്ഠിച്ചതിനാണ് പാര്‍ടി പുറത്താക്കിയതെന്ന പച്ചക്കള്ളം യുഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിച്ചതിന് അനിഷേധ്യമായ തെളിവുകളുണ്ട്. യുഡിഎഫ് നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം ഒഴുക്കിയതായി പ്രചാരണ ഘട്ടത്തില്‍തന്നെ പരാതി ഉയര്‍ന്നു. കേന്ദ്ര മന്ത്രി വയലാര്‍ രവി വന്ന് നടത്തിയ പ്രഖ്യാപനങ്ങള്‍ ചട്ടലംഘനമാണെന്നുകണ്ട് തെരഞ്ഞെടുപ്പുകമീഷന്‍ തന്നെ നടപടിയെടുത്തു.

സാധാരണ ഇത്തരം ഉപതെരഞ്ഞെടുപ്പുകളില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒന്നാണ് ഭരണവിരുദ്ധ വികാരത്തിന്റെ സ്വാധീനം. ഇവിടെ അങ്ങനെയൊന്നിനെക്കുറിച്ച് ചര്‍ച്ചകളുയരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരുപരിധിവരെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നതിന്റെ സൂചനയാണത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി, കേരള രാഷ്ട്രീയത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ചീഞ്ഞ സംസ്കാരത്തെയാണ് പ്രതിനിധാനംചെയ്തത്. പാലുകൊടുത്ത കൈക്ക് കടിച്ചയാള്‍ എന്ന് ആലങ്കാരികമായി പറയാം. സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥിയായി കണ്ണൂര്‍ ജില്ലാ കൌസിലില്‍ ആദ്യം ജയിച്ചു. പിന്നെ, പാര്‍ലമെന്റിലേക്കെത്തി. ഒന്നല്ല രണ്ടുതവണ. മൂന്നാം വട്ടവും മത്സരിപ്പിക്കുന്ന പതിവ് സിപിഐ എമ്മിനില്ല എന്നുകണ്ടപ്പോള്‍ പാര്‍ടിയോട് 'അഭിപ്രായ വ്യത്യാസം' തുടങ്ങി. ഇന്നലെവരെ പറഞ്ഞതിനെയെല്ലാം തള്ളിപ്പറഞ്ഞു. പാര്‍ടി തന്റെ മതാനുഷ്ഠാനങ്ങളെ വിലക്കുന്നു എന്ന നുണപ്രചാരണം നടത്തി. അടുത്ത ഘട്ടം യുഡിഎഫിലേക്കുള്ള കൂറുമാറ്റം. മുസ്ളിം ലീഗില്‍ ചെന്നാല്‍ കണ്ണൂരില്‍നിന്ന് പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കിട്ടാനിടയില്ല എന്നുറപ്പായപ്പോള്‍ കോഗ്രസില്‍. ഇങ്ങനെയൊരു കാലുമാറ്റക്കാരനെ സ്വന്തം പ്രതിനിധിയാക്കുക എന്ന നാണക്കേടിലേക്ക് കണ്ണൂരിലെ ജനങ്ങളെ കോണ്‍ഗ്രസ് എത്തിച്ചു എന്നതാണ് കണ്ണൂര്‍ ഫലത്തിന്റെ അശ്ളീലവശം.

കേരളത്തില്‍ ഇങ്ങനെ ചില മണ്ഡലങ്ങളുണ്ട്. കടുത്ത രാഷ്ട്രീയ ചേരിതിരിവും ഏതെങ്കിലും കക്ഷികള്‍ക്ക് മുന്‍തൂക്കവുമുള്ളവ. അത്തരം മണ്ഡലങ്ങള്‍ സാധാരണ നിലയില്‍ അനിവാര്യമായി ജയിപ്പിക്കേണ്ട പ്രധാന നേതാക്കളെ മത്സരിപ്പിക്കാനാണ് മുന്നണികള്‍ ഉപയോഗപ്പെടുത്താറുള്ളത്. ഇവിടെ, കണ്ണൂര്‍ യുഡിഎഫിന് ഉറപ്പുള്ള മണ്ഡലമായിട്ടും ഒരു തത്വദീക്ഷയുമില്ലാതെ കൂറുമാറിയെത്തിയ ഒരാളെ അവിടെ മത്സരിപ്പിച്ച് ജയിപ്പിക്കാനും കോണ്‍ഗ്രസിലെ നിരവധി മുതിര്‍ന്ന നേതാക്കളെ തഴയാനുമാണ് നേതൃത്വം തയ്യാറായത്. അബ്ദുള്ളക്കുട്ടിയുടെ വിജയംകൊണ്ട് അടങ്ങിപ്പോകുന്നതല്ല ആ പ്രശ്നത്തില്‍ കോണ്‍ഗ്രസിനകത്ത് ഉയര്‍ന്നുവന്ന അതൃപ്തിയും അസ്വസ്ഥതയും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് അഞ്ചുമാസംകൊണ്ട് എല്‍ഡിഎഫ് എത്രമാത്രം മുന്നോട്ടുവന്നു എന്നും യുഡിഎഫ് ഏതെല്ലാം തരത്തില്‍ പിന്നോട്ടുപോയി എന്നുമാണ് വിലയിരുത്തപ്പെടേണ്ട പ്രധാന സംഗതി. കണ്ണൂരില്‍ ലോക്സഭയിലേക്ക് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയത് 34419 വോട്ടായിരുന്നുവെങ്കില്‍ ഇത്തവണ അത് 41847 ആയിരിക്കുന്നു. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 23,207 ആയിരുന്നുവെങ്കില്‍ ഇപ്പോളത് 12,043 ആയി കുറഞ്ഞിരിക്കുന്നു. എറണാകുളത്ത്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 5,000 വോട്ട് എല്‍ഡിഎഫ് വര്‍ധിപ്പിച്ചു. ആലപ്പുഴയില്‍ ആ വര്‍ധന ഏഴായിരമാണ്. 2006ല്‍ 32,788 വോട്ടു ലഭിച്ചുവെങ്കില്‍ ഇപ്പോള്‍ 38,029 ആയി. ഈ കണക്കുകള്‍ കാണിക്കുന്നത്, എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ ശക്തിപ്പെട്ടിട്ടേയുള്ളു എന്നാണ്. യുഡിഎഫ് മൂന്നു മണ്ഡലത്തിലും വിജയിച്ചു എന്നതിനേക്കാള്‍ നിലനിര്‍ത്തി എന്നോ പിടിച്ചുനിന്നു എന്നോ മാത്രമേ പറയാനാകൂ.

വിജയം എത്ര ചെറുതായാലും ആഘോഷിക്കാനുള്ളതാണ് എന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ, സ്വയം വരുത്തിവച്ച ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ളാദപ്രകടനത്തിന് യുഡിഎഫിന് അവസരം ലഭിച്ചിരിക്കുന്നു എന്നതില്‍ക്കവിഞ്ഞ പ്രാധാന്യം ഈ ഫലത്തില്‍ അവരെ സംബന്ധിച്ചില്ല. എല്‍ഡിഎഫിനാകട്ടെ, യുഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളില്‍പോലും എതിരാളിയെ ഞെട്ടിക്കുന്ന മത്സരം കാഴ്ചവയ്ക്കാനാകുമെന്നും മുന്നേറ്റമുണ്ടാക്കാനാകുമെന്നുമുള്ള ആത്മവിശ്വാസമാണ് ഈ ഫലം പകര്‍ന്നുനല്‍കുന്നത്. \

അഞ്ചുമാസം മുമ്പുമാത്രം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലവുമായി ഈ ഉപതെരഞ്ഞെടുപ്പുഫലത്തെ തട്ടിച്ചുനോക്കാന്‍ യുഡിഎഫ് മടിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കും ഉറപ്പിച്ചു പറയാനാകുന്ന കാര്യം, കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം 2006ല്‍ എല്‍ഡിഎഫിന് ചരിത്രവിജയം നല്‍കിയ അതേ നിലയില്‍, അതിനേക്കാള്‍ ദീപ്തമായി എല്‍ഡിഎഫിന് അനുകൂലമായിത്തന്നെ നില്‍ക്കുന്നു എന്നാണ്. ഒത്തൊരുമിച്ച്, ജനങ്ങള്‍ക്കൊപ്പംനിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും സര്‍ക്കാരും മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയും മാത്രമല്ല, അങ്ങനെ പോകുന്ന എല്‍ഡിഎഫ് അപ്രതിരോധ്യ ശക്തിയാണെന്ന യാഥാര്‍ഥ്യവും ഈ ഫലങ്ങളില്‍നിന്ന് വായിച്ചെടുക്കാം. തെരഞ്ഞെടുപ്പുഫലങ്ങള്‍ പഠിക്കാനുള്ള പാഠങ്ങള്‍കൂടിയാണ്. അങ്ങനെയൊരു പാഠമായാണ് ഈ ഫലത്തെയും വിലയിരുത്തേണ്ടത്

Wednesday, November 4, 2009

ഉമ്മന്‍ ചാണ്ടി മറുപടി പറയാമോ?

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയാണ് കന്റോമെന്റ് ഹൌസ്. അവിടെ വാച്ചര്‍തസ്തികയില്‍ താല്‍ക്കാലികമായി ജോലിനോക്കുന്ന ആളാണ് പെരളശേരിക്കടുത്ത കോട്ടംസ്വദേശി ദാമോദരന്‍. ഒക്ടോബറില്‍ 31 ദിവസം ദാമോദരന്‍ കൃത്യമായി കന്റോമെന്റ് ഹൌസില്‍ ജോലിചെയ്തിട്ടുണ്ടെന്നും അയാള്‍ക്ക് ആ മാസത്തെ ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി എഴുതിയ കത്ത് സെക്രട്ടറിയറ്റിലുണ്ട്. ആ ദാമോദരനെയാണ് നവംബര്‍ രണ്ടിന് കണ്ണൂര്‍ പ്രസ്ക്ളബ്ബില്‍ കൂട്ടിക്കൊണ്ടുവന്ന് ഡിസിസി പ്രസിഡന്റ് പത്രസമ്മേളനം നടത്തിച്ചത്. ദാമോദരന്‍ താല്‍ക്കാലിക ജീവനക്കാരനാണ്. അതുകൊണ്ടുതന്നെ ഡിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പത്രസമ്മേളനത്തില്‍ പ്രചാരണം നടത്തിയത് നിയമപരമായ തെറ്റാകുന്നില്ല. എന്നാല്‍, അത് ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗത്തില്‍പ്പെടുന്നു. 1975ല്‍ രാജ്നാരായണന്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച്, റായ്ബറേലിയില്‍നിന്നുള്ള ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്, ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയത് തെളിഞ്ഞതിനാലാണ്. പ്രതിപക്ഷ നേതാവിന്റെ വസതിയിലെ ജീവനക്കാരന്‍ യുഡിഎഫ് പ്രചാരണത്തിന് പത്രസമ്മേളനത്തില്‍ വരുന്നത് തെരഞ്ഞെടുപ്പുചട്ടലംഘനംതന്നെ. കാരണം, അയാള്‍ക്ക് കന്റോമെന്റ് ഹൌസില്‍ കാവല്‍നില്‍ക്കുന്നതിനാണ് ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്നത്- യുഡിഎഫിനുവേണ്ടി കള്ളവോട്ടുചെയ്യാനല്ല. തിരുവനന്തപുരത്ത് ജോലിയും എടക്കാട് മണ്ഡലത്തിലെ പെരളശേരരിയില്‍ വീടുമുള്ള ദാമോദരന്റെ വോട്ട് എങ്ങനെ കണ്ണൂരിലെ ഡിസിസി ഓഫീസിലെത്തി എന്നുള്ളതാണ് അടുത്ത പ്രശ്നം. അതിനും ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്. പുതിയ കല്യാശേരി മണ്ഡലത്തിലാണ് പാണപ്പുഴ. അവിടെ 39-ാം നമ്പര്‍ ബൂത്തില്‍ 846-ാം നമ്പര്‍ വോട്ടറായ ലക്ഷ്മണന് കണ്ണൂര്‍ ഡിസിസി ഓഫീസിലും വോട്ടുണ്ട്. അറിയപ്പെടുന്ന വ്യാജമദ്യക്കച്ചവടക്കാരനാണ് ലക്ഷ്മണന്‍. രണ്ട് അബ്കാരി കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് 1993 ഫെബ്രുവരി 23ന് ശിക്ഷിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞു. പാണപ്പുഴയില്‍ എക്സൈസ് സപെഷ്യല്‍ സ്ക്വാഡിനെ ആക്രമിച്ച കേസിലാണ് മറ്റൊരു ശിക്ഷ. ഒരു വര്‍ഷം 11 മാസം തടവിനും 2500 രൂപ പിഴ അടയ്ക്കാനുമാണ് പയ്യന്നൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ടിന്റെ വിധി. മോഷണമടക്കം വിവിധ കേസിലും പ്രതിയായ ലക്ഷ്മണനെ സംരക്ഷിക്കുകമാത്രമല്ല, കൂട്ടിക്കൊണ്ടുവന്ന് ഡിസിസി ഓഫീസിലെ വോട്ടറാക്കുകയും ചെയ്തിരിക്കുന്നു ഉമ്മന്‍ചാണ്ടിയുടെ പാര്‍ടി. കണ്ണൂരില്‍ വ്യാജവോട്ടെന്നും ഇറക്കുമതി വോട്ടെന്നും ആവര്‍ത്തിച്ചു പറയുന്ന കോണ്‍ഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടാനുള്ള ഏറ്റവും ലളിതമായ രണ്ടുദാഹരണം മാത്രമാണ് സൂചിപ്പിച്ചത്.
സാധാരണ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും നഗരസഭയിലും യുഡിഎഫ് ഏറെക്കുറെ മേല്‍ക്കൈ നേടുന്നതാണ് പതിവ്. അത് മനസ്സിലാക്കുന്നതുകൊണ്ടുതന്നെ സൂക്ഷ്മവും കൃത്യവുമായ ഇടപെടല്‍ എല്‍ഡിഎഫില്‍നിന്നുണ്ടാകാറില്ല. അത് ഒരു സൌകര്യമായെടുത്ത് ഏകപക്ഷീയമായി വോട്ടര്‍മാരെ ചേര്‍ത്തും വ്യാജവോട്ടുകള്‍ വോട്ടര്‍പട്ടികയിലേക്ക് കുത്തിവച്ചും മണ്ഡലം സുരക്ഷിതമാക്കാനുള്ള ആസൂത്രിതവും അനുസ്യൂതവുമായ ശ്രമത്തിലായിരുന്നു യുഡിഎഫ്. ഇത്തവണ ഉപതെരഞ്ഞെടുപ്പ് വന്നതാണ് സ്ഥിതിഗതി കീഴ്മേല്‍ മറിച്ചത്. എല്‍ഡിഎഫിന്റെ കണ്ണുകള്‍ വോട്ടര്‍പട്ടികയിലെ വ്യാജന്മാരിലേക്കാണ് ആദ്യം തിരിഞ്ഞത്. ഒറ്റനോട്ടത്തില്‍ത്തന്നെ പതിനായിരത്തിലേറെ വ്യാജവോട്ട് കണ്ടെത്തി. നിയമാനുസൃതം നല്‍കിയ പരാതിയിന്മേല്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പു കമീഷന്‍ വ്യാജമാണെന്നുകണ്ട് 6356 വോട്ട് തള്ളി. നാലായിരത്തോളം വ്യാജവോട്ട് പട്ടികയില്‍ തുടരുകയും ചെയ്യുന്നു. തള്ളിപ്പോയ ആറായിരവും യുഡിഎഫ് കാലാകാലമായി സ്വന്തം പെട്ടിയിലേക്ക് വീഴിക്കുന്ന വ്യാജവോട്ടാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച കെ സുധാകരന്റെ ഭൂരിപക്ഷം 8613 ആയിരുന്നു. അതിനര്‍ഥം മണ്ഡലത്തിലെ യഥാര്‍ഥ വോട്ടര്‍മാര്‍ മാത്രമായിരുന്നു ബൂത്തിലെത്തിയിരുന്നതെങ്കില്‍ അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സഹദേവന്‍ ആയിരത്തിലേറെ വോട്ടിന് ജയിക്കുമായിരുന്നുവെന്നാണ്. ആറായിരം വോട്ട് തള്ളിയത് എല്‍ഡിഎഫല്ല- തെരഞ്ഞെടുപ്പു കമീഷനാണ്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ അതില്‍ ഒരു വോട്ടും തള്ളിപ്പോകില്ലായിരുന്നു. ആ ആറായിരം ഇല്ലാതാവുക എന്നുവച്ചാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തുക എന്നാണര്‍ഥം. അത് സുധാകരനോ കോണ്‍ഗ്രസിന്റെ ഇതരനേതാക്കള്‍ക്കോ സഹിക്കാനാകുന്നില്ല. ഇപ്പോള്‍ 6386 വോട്ടര്‍മാരെ ഒഴിവാക്കി എന്നു വിലപിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് അങ്ങനെ ഒഴിവാക്കപ്പെട്ടത് വിശ്വസനീയമായ രേഖകള്‍ ഹാജരാക്കാത്തുകൊണ്ടാണെന്ന യാഥാര്‍ഥ്യം തള്ളിക്കളയാനാകുമോ? വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പു പ്രചാരണായുധമാക്കിയത് ബോധപൂര്‍വമാണ്. മറ്റെന്തു വിഷയമാണ് വോട്ടര്‍മാര്‍ക്കുമുന്നില്‍ ഉയര്‍ത്താനുള്ളത്? സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാട്ടി യുഡിഎഫുകാരുടെ പോലും വോട്ട് ആകര്‍ഷിക്കാനാകുന്നില്ല. ഒരുപക്ഷേ, ഇത്രയേറെ അസ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയുമായി കണ്ണൂരില്‍ യുഡിഎഫ് ആദ്യമായാകും മത്സരത്തിനിറങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായുള്ള താരതമ്യം വരുമ്പോള്‍, സംവാദവേദികളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍, വ്യക്തിജീവിതത്തിലെയും രാഷ്ട്രീയത്തിലെയും സംശുദ്ധിയെക്കുറച്ച് ചര്‍ച്ചയുണ്ടാകുമ്പോള്‍- യുഡിഎഫിന് തുടര്‍ച്ചയായി അടിയേല്‍ക്കുന്നു. 2006ലെ എല്‍ഡിഎഫ് തരംഗത്തിലും യുഡിഎഫിനൊപ്പംനിന്ന കണ്ണൂരില്‍ ഇന്നു കാണുന്ന അവസ്ഥ കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നതില്‍ അസ്വാഭാവികതയില്ല. അതാണ് കണ്ണൂരിന്റെ ഇന്നത്തെ പ്രശ്നം.
അഴീക്കോട്ടും കൂത്തുപറമ്പിലും 2005ല്‍ ഉപതെരഞ്ഞെടുപ്പു നടന്നപ്പോള്‍ വ്യാജവോട്ട് പ്രചാരണം യുഡിഎഫ് ഇന്നത്തേതുപോലെ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പു സംഘര്‍ഷത്തെക്കുറിച്ചും ബൂത്തുപിടിത്ത സാധ്യതയെക്കുറിച്ചും തെറ്റിദ്ധാരണാജനകമായ പ്രവചനങ്ങളും പ്രചാരണവും സംഘടിപ്പിച്ച് കേന്ദ്രസേനയെ വരുത്തിച്ചു. ബൂത്തുകള്‍ അന്ന് സേനയുടെ വലയത്തിലായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ രണ്ടുമണ്ഡലത്തിലും റെക്കോഡ് സൃഷ്ടിച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ജയിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യത പ്രവചിച്ചും വ്യാജവോട്ട് എന്ന ആരോപണമുയര്‍ത്തിയും തെരഞ്ഞെടുപ്പുകമീഷനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സേനയെ വരുത്തിച്ചത്, വോട്ടര്‍മാരെ ഭയപ്പെടുത്തി ബൂത്തുകളില്‍നിന്ന് അകറ്റാനാണ്. അതിലൂടെയെങ്കിലും നേട്ടമുണ്ടാക്കാനാകുമോ എന്ന ദുര്‍ബല ശ്രമം. ഉമ്മന്‍ചാണ്ടി പലപ്പോഴായി പല പല ചോദ്യം ഉന്നയിച്ചുകണ്ടു. അദ്ദേഹത്തിന് രാഷ്ട്രീയസത്യസന്ധത ഉണ്ടെങ്കില്‍ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ട്. 1. കണ്ണൂരില്‍ കോണ്‍ഗ്രസില്‍ മറ്റാരും ഇല്ലാത്തതുകൊണ്ടോ, അവര്‍ക്കൊന്നും ജയസാധ്യത ഇല്ലെന്നു മനസ്സിലാക്കിയോ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എയെ മത്സരിപ്പിച്ചത്? 2. കോണ്‍ഗ്രസ് അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനകത്ത് യോഗ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്തതെന്തുകൊണ്ട്? 3. എ പി അബ്ദുള്ളക്കുട്ടി ഉയര്‍ത്തിയ മോഡിമാതൃക വികസനം ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ആ വാദത്തെയും അതില്‍ മുറുകെപ്പിടിക്കുന്ന അബ്ദുള്ളക്കുട്ടിയെയും ഇതുവരെ തള്ളിപ്പറയാതിരുന്നതെന്തുകൊണ്ട്? 4. കണ്ണൂരില്‍ ആറായിരം വോട്ടുകള്‍ മതിയായ രേഖ ഹാജരാക്കാത്തുകൊണ്ടാണ് വോട്ടര്‍പട്ടികയില്‍നിന്ന് തള്ളിപ്പോയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? വ്യാജവോട്ടുകള്‍ തെരഞ്ഞെടുപ്പു കമീഷന്‍ പരിശോധിച്ച് തള്ളിയതിന് എല്‍ഡിഎഫിനെ പഴിക്കുന്നതിലുള്ള യുക്തിയെന്താണ്? 5. കണ്ണൂരില്‍ ക്രമപ്രകാരമല്ലാത്ത വോട്ടര്‍മാരുടെ സഹായം വേണ്ട, അത്തരം വോട്ടുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല എന്നു പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമോ? എങ്കില്‍, വോട്ടര്‍മാരെ ചേര്‍ക്കാന്‍ വ്യാജരേഖകളുമായി എത്തിയപ്പോള്‍ പിടിയിലായ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ രാഗേഷിനെതിരെ നടപടിയെടുക്കാമോ? ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. എന്നാല്‍, ഈ അഞ്ചുകാര്യത്തിന് ഉമ്മന്‍ചാണ്ടി ഉത്തരം പറഞ്ഞാല്‍ തീരുന്നതേയുള്ളൂ കണ്ണൂരിലെ ജനങ്ങളുടെ സംശയങ്ങളും കണ്ണൂരിനെക്കുറിച്ച് നാടാകെ പരത്തുന്ന തെറ്റിദ്ധാരണയും.