Thursday, June 4, 2009

പണം കൊടുത്താല്‍ വാര്‍ത്ത!

രാഷ്ട്രീയനേതാക്കളുടെ പ്രതിച്ഛായനിര്‍മാണത്തിനോ സ്വഭാവഹത്യക്കോ പത്രസ്ഥലവും ചാനലുകളിലെ വാര്‍ത്താധിഷ്ഠിത പരിപാടികളും ഉപയോഗിക്കുന്നത് നീതിപൂര്‍വകമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ സൂചനയല്ല; പബ്ളിക് റിലേഷന്‍സ് വര്‍ക്കിന്റെ സാമ്പ്രദായികമായ രീതിയാണ്. ആന്ധ്രപ്രദേശില്‍ തെരഞ്ഞെടുപ്പുഘട്ടത്തില്‍ ഉയര്‍ന്ന ഒരു പരാതി മാധ്യമങ്ങളില്‍ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെട്ടു കണ്ടില്ല. (മാധ്യമം ദിനപത്രം എഴുതിയ മുഖപ്രസംഗമൊഴിച്ച്).

പെയ്മെന്റ് സീറ്റ് എന്ന് നാം കേട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ടിയില്‍ സ്ഥാനാര്‍ഥിത്വം വില്‍പ്പനയ്ക്കുവച്ചു എന്നും പണം കൊടുത്തു സ്ഥാനാര്‍ഥികളായത് ഇന്നയിന്നയാളുകളാണെന്നും ആ പാര്‍ടിയില്‍നിന്നുതന്നെ പരാതിയുടെയും പരിഭവത്തിന്റെയും രൂപത്തില്‍ പുറത്തുവന്നിരുന്നു.

'പെയ്ഡ് വാര്‍ത്ത' എന്നൊരു പ്രയോഗം നമ്മുടെ മുന്നില്‍ ഗൌരവമായി വന്നതല്ല. ചിലചില സ്വാധീനങ്ങളുടെ; സമ്മര്‍ദത്തിന്റെ; ഉപജാപത്തിന്റെ; രാഷ്ട്രീയ വിരോധത്തിന്റെ; അവിഹിതമായ കൂട്ടായ്മയുടെ-അങ്ങനെയുള്ള താല്‍പ്പര്യങ്ങളുടെ പുറത്ത് വ്യാജവാര്‍ത്താ നിര്‍മാണം സമൃദ്ധമായി നടക്കുന്ന നാടാണ് കേരളം. മാധ്യമ സിന്‍ഡിക്കറ്റ് എന്ന സംജ്ഞ മലയാളിയുടെ മനസ്സിലേക്ക് കടന്നുവരുന്നത് അത്തരമൊരു പശ്ചാത്തലത്തിലാണ്. എന്നാല്‍, പണംകൊടുത്ത് വാര്‍ത്ത എഴുതിക്കുക എന്ന നേര്‍ക്കുനേരെയുള്ള ഏര്‍പ്പാട് നമ്മുടെ ചര്‍ച്ചയിലുണ്ടായിരുന്നില്ല. ആന്ധ്രയില്‍നിന്നുള്ള പുതിയ വാര്‍ത്ത അത്തരമൊരു തലത്തിലേക്ക് നമ്മുടെ ചര്‍ച്ചകളെയും വലിച്ചിഴയ്ക്കുന്നതാണ്.

കൂലിക്ക് വാര്‍ത്തയെഴുതുന്ന ഏര്‍പ്പാട് നമ്മെ എവിടെക്കൊണ്ടെത്തിക്കും?
നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ഇന്ത്യ എന്ന സംഘടനയുടെ ഹൈദരാബാദ് ചാപ്റ്റര്‍ ആന്ധ്രപ്രദേശിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതിയാണ് വാര്‍ത്തയുടെ തുടക്കം. സ്ഥാനാര്‍ഥികള്‍ക്കായി വാര്‍ത്താ പാക്കേജുകള്‍തന്നെ കുറെ പത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. പരസ്യം നല്‍കാന്‍ ആര്‍ക്കും കഴിയും. നിശ്ചിത തുക വാങ്ങി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെതന്നെ പ്രശ്നമാണ്. ഇവിടെ പരസ്യമല്ല; വാര്‍ത്തതന്നെയാണ് നല്‍കുക. എത്രകോളം, എത്ര സെന്റീമീറ്റര്‍, ഏതുപേജ് എന്നെല്ലാം നോക്കി വാര്‍ത്തയ്ക്ക് വില നിശ്ചയിക്കുന്നു.

'എക്സ്' എന്നയാളാണ് വാര്‍ത്താസ്ഥലം വാങ്ങുന്നതെങ്കില്‍, അയാള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍-അത് അയാളെക്കുറിച്ചുള്ള അപദാനങ്ങളാകാം; എതിരാളിയെക്കുറിച്ചുള്ള അപവാദങ്ങളാകാം-പിറ്റേന്ന് പത്രത്തിന്റെ സ്വന്തം വാര്‍ത്തയായി അച്ചടിച്ചുവരും.

പത്രാധിപരോ റിപ്പോര്‍ട്ടര്‍മാരോ അല്ല, പണമാണ് വാര്‍ത്ത നിശ്ചയിക്കുക എന്നര്‍ഥം. വാര്‍ത്തയും പരസ്യവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകുന്നു. എയിഡ്സിനുള്ള അത്ഭുതമരുന്ന് കഴിച്ച് സുഖപ്പെട്ടവരെക്കുറിച്ചുള്ള ചില വ്യാജപരസ്യങ്ങള്‍ നാം കണ്ടിരുന്നു. പുതിയ രീതിയില്‍ അങ്ങനെ പരസ്യങ്ങളുണ്ടാകില്ല. എയിഡ്സിന് അത്ഭുതമരുന്ന് വിപണിയില്‍ എന്നും അതുകഴിച്ച് ഇത്രപേര്‍ക്ക് രോഗശാന്തിയുണ്ടായെന്നുമുള്ള ആധികാരികമായ വാര്‍ത്തയാണ് അച്ചടിച്ചുവരിക!


ലോകത്ത് ഏറ്റവുമധികം സര്‍ക്കുലേഷനുള്ള ഇംഗ്ളീഷ് പത്രമാണ് ടൈംസ് ഓഫ് ഇന്ത്യ. ആ പത്രത്തിന് 'മീഡിയ നെറ്റ്'എന്നൊരു പ്രത്യേക വിഭാഗമുണ്ട്. ബിസിനസ് വാര്‍ത്തകള്‍ക്കുവേണ്ടിയുള്ളതാണ് മീഡിയ നെറ്റ് എന്ന് ആമുഖമായി പറയാറുണ്ടെങ്കിലും 'വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരില്‍നിന്ന്', 'സെന്‍സര്‍ചെയ്യപ്പെടാതെ' എന്നാണ് അവര്‍തന്നെ അവകാശപ്പെടുന്ന പ്രത്യേകത. വാര്‍ത്താ സ്ഥലം വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടെന്നും ഇന്നരീതിയില്‍ വാര്‍ത്തകൊടുക്കാന്‍ ഇത്രയാണ് നിരക്ക് എന്നും അവരുടെ വെബ്സൈറ്റില്‍ മറയില്ലാതെ വ്യക്തമാക്കപ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരി 18ന് മുബൈയില്‍ ഋഷി ചോപ്ര, ജോസഫ് പ്രൈസീ എന്നീ പത്രപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കണോമിക് ടൈംസില്‍ ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനും ഇപ്പോള്‍ ഡെപ്യൂട്ടി മാനേജര്‍ സ്ഥാനത്തിരിക്കുന്നയാളുമാണ് ചോപ്ര. ജോസഫാകട്ടെ ഇപ്പോള്‍ സത്യം ഇന്‍ഫോവേയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബിസിനസ് ജേര്‍ണലിസ്റ്റ്. മാലു ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന കമ്പനിയുടെ ഒരു വന്‍ തട്ടിപ്പുവാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച കൈക്കൂലിയായ രണ്ടര കോടി രൂപയിലെ രണ്ടാം ഗഡു ഏഴുലക്ഷം രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാത്രമല്ല, വെളിച്ചം കാണാതിരിക്കാനും പണം വാങ്ങുന്നുണ്ടെന്നു തെളിയിച്ച സംഭവമാണത്.

മഖന്‍ലാല്‍ ചതുര്‍വേദി യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍സ് നോയിഡയില്‍ മെയ് 21ന് സംഘടിപ്പിച്ച സെമിനാറില്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റായ് തുറന്നടിച്ചത് മേല്‍വിവരിച്ച മാധ്യമ ദുര്‍വൃത്തികളെക്കുറിച്ചാണ്. മാധ്യമരംഗത്ത് വിപണിമേധാവിത്വമാണെന്നും വിപണികേന്ദ്രീകൃതമായ അവസ്ഥയെ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ട മാധ്യമങ്ങള്‍തന്നെ വിപണിപ്രവണതകള്‍ക്കടിപ്പെടുന്ന ഖേദകരമായ കാഴ്ചയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.


പത്രപ്രവര്‍ത്തനം ഏതാനും പാക്കേജുകളായി മാറി. പത്രാധിപന്മാര്‍ക്കുമുകളില്‍ വിപണനതാല്‍പ്പര്യങ്ങളാണ്. പത്രാധിപര്‍ എന്ന ഉന്നതവും ആദരണീയവുമായ തസ്തികയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥ സൃഷ്ടിക്കുന്നതിന് പത്രാധിപന്മാര്‍തന്നെ അരുനില്‍ക്കുകയാണ്- മുന്‍ സുപ്രീംകോടതി ജഡ്ജികൂടിയായ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ പറയുന്നു. ഹൈദരാബാദില്‍നിന്നുള്ള 'പെയ്ഡ് വാര്‍ത്ത' വെളിപ്പെടുത്തലിനോടും ക്ഷോഭകരമായ പ്രതികരണമാണ് ജസ്റ്റിസ് റേ രേഖപ്പെടുത്തിയത്്.


നമുക്കു ചുറ്റും എന്തുനടക്കുന്നു എന്നു മനസ്സിലാക്കാനും അഭിപ്രായ രൂപീകരണത്തിനുമാണ് നാം മാധ്യമങ്ങളെ ആശ്രയിക്കുന്നത്. മാധ്യമങ്ങള്‍ പണംപറ്റി നാം എങ്ങനെ അഭിപ്രായം രൂപീകരിക്കണമെന്ന് കല്‍പ്പിച്ചാലോ? കേരളത്തില്‍ ഇന്ന് നടക്കുന്ന മാധ്യമ വിമര്‍ശത്തെയും മാധ്യമരംഗത്തെ പ്രവണതകളെയും അഖിലേന്ത്യാ തലത്തിലുള്ള നടേ പറഞ്ഞ അവസ്ഥയുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. രാഷ്ട്രീയപാര്‍ടികളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളെ മാറ്റിനിര്‍ത്താം.
ഉദാഹരണത്തിന്, സിപിഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ പാര്‍ടിക്കെതിരായ അഭിപ്രായ രൂപീകരണത്തിന് സഹായകമായ വാര്‍ത്തകളോ വിശകലനങ്ങളോ ഉണ്ടാകില്ല എന്നുറപ്പിക്കാം. എന്നാല്‍, നിഷ്പക്ഷത നടിക്കുന്ന പത്രങ്ങളും വാര്‍ത്താ ചാനലുകളും അങ്ങനെയല്ല. അവര്‍ക്ക് പ്രത്യക്ഷത്തില്‍തന്നെ രാഷ്ട്രീയ പക്ഷപാതപരമെന്നു തോന്നിക്കുന്ന മുഖമാണുള്ളതെങ്കില്‍, മേല്‍സൂചിപ്പിച്ച ദുഷ്പ്രവണതകള്‍ അവരെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകതന്നെ വേണം.


കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഐ എമ്മിനെ ആക്രമിച്ചത് ഒരുദാഹരണമായെടുക്കാം. ജനങ്ങളെ എല്‍ഡിഎഫിന് എതിരാക്കാനുള്ള ബോധപൂര്‍വമായ മാധ്യമ ഇടപെടലാണുണ്ടായത്. എല്‍ഡിഎഫിലെ സീറ്റുവിഭജനം, പിഡിപി, ലാവ്ലിന്‍ വിഷയങ്ങളിലെല്ലാം ഉയര്‍ന്ന തോതില്‍ ഈ രീതി അവലംബിക്കപ്പെട്ടു. വോട്ടെടുപ്പു നടക്കുന്നതിനു മുമ്പുതന്നെ, ഇടതുപക്ഷത്തിനെതിരായ തരംഗമുണ്ടെന്നും യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ടെന്നും പറഞ്ഞുറപ്പിക്കാന്‍ മാധ്യമങ്ങള്‍ വ്യഗ്രതകാട്ടി.

അങ്ങനെയൊരു തരംഗമൊന്നുമല്ല തെരഞ്ഞെടുപ്പില്‍ കണ്ടത്. എന്നാല്‍, തരംഗം പ്രവചിച്ച മാധ്യമപ്രചാരണം യുഡിഎഫിന് തെരഞ്ഞെടുപ്പുനേട്ടമുണ്ടാക്കി.
യുഡിഎഫിനെ അബദ്ധത്തില്‍പോലും വിമര്‍ശിക്കാന്‍ കൂട്ടാക്കാതിരുന്ന മാധ്യമങ്ങള്‍ എല്‍ഡിഎഫിന്റെ തകര്‍ച്ചപോലും പ്രവചിച്ചു. കുശുമ്പ് തലയില്‍ ഓളംവെട്ടിയ വേളയില്‍ നിരാശാബാധിതനായ ഒരു നേതാവ് , കോഴിക്കോട് പെയ്മെന്റ് സീറ്റാണ് എന്ന പച്ചക്കള്ളം എഴുന്നള്ളിച്ചപ്പോള്‍ അതിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അന്വേഷിക്കാനല്ല, വ്യാജപ്രസ്താവന ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് നമ്മുടെ മാധ്യമങ്ങള്‍ തയ്യാറായത്.

ലാവ്ലിന്‍ കേസിന്റെ മെറിറ്റിലേക്ക് കണ്ണുതുറന്ന് ഇറങ്ങിച്ചെന്നിരുന്നെങ്കില്‍, 374 കോടിയുടെ ഇടപാട് എന്ന് അവര്‍ ഒരിക്കലും പറയില്ലായിരുന്നു. ഇപ്പോള്‍ തുക 86 കോടി എന്നാണ് പറയുന്നത്. മാതൃഭൂമിക്ക് ഒരേദിവസം 84കോടിയുമുണ്ട്, 86 കോടിയുമുണ്ട്. ഈ പണം ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ? അങ്ങനെ സിബിഐ പറഞ്ഞിട്ടില്ല; മറ്റാരും പറഞ്ഞിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പൂര്‍ത്തീകരിക്കാന്‍ കനഡയില്‍നിന്ന് സമാഹരിച്ചു തരാമെന്നു പറഞ്ഞ പണമാണത്. അത് എങ്ങനെ കിട്ടാതായി എന്ന അന്വേഷണമാണ് ലാവ്ലിന്‍ വിവാദത്തിന്റെ കാതല്‍ എന്നിരിക്കെ, ആ പണം വാങ്ങിയെടുക്കാനുള്ള അവസരങ്ങള്‍ തട്ടിത്തെറിപ്പിച്ചവരെക്കുറിച്ച് അന്വേഷണങ്ങളില്ല; വേവലാതിയില്ല. കരാര്‍ തുടങ്ങിവച്ച ജി കാര്‍ത്തികേയന്‍ എന്തുകൊണ്ട് കേസില്‍ പെട്ടില്ല എന്ന യുക്തിഭദ്രമായ സംശയത്തിന് മറുപടിയില്ല. എവിടെയാണ് അഴിമതി, സ്വന്തം നാട്ടില്‍ ആശുപത്രി തുടങ്ങാനുള്ള ശ്രമം എങ്ങനെ അഴിമതിയും വഞ്ചനയും ഗൂഢാലോചനയുമാകും എന്നതിനെക്കുറിച്ചും കണ്ണുതുറന്നുള്ള അന്വേഷണങ്ങളില്ല.


പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ വേട്ടയാടുക എന്ന ഒറ്റ അജന്‍ഡയിലേക്ക് പത്രസ്വാതന്ത്യ്രവും മാധ്യമ സദാചാരവും ചുരുങ്ങിപ്പോകുന്നു. സിബിഐ എന്ന അന്വേഷണ ഏജന്‍സി അതീവ രഹസ്യമായി ഗവര്‍ണര്‍ക്കു സമര്‍പ്പിക്കേണ്ട വിശദീകരണക്കുറിപ്പ് രാജ്ഭവനിലെത്തുന്നതിനുമുമ്പ് സകല പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചോര്‍ത്തിക്കിട്ടുന്നുണ്ടെങ്കില്‍ ആ ചോര്‍ത്തലിന്റെ പിന്നില്‍ എന്തു ലക്ഷ്യമാണുള്ളതെന്ന് സംശയിക്കാനുള്ള സാമാന്യബുദ്ധിപോലും നമുക്കില്ലാതെ പോകുമ്പോഴാണ് നാം ചില ചരടുകളില്‍ കോര്‍ക്കപ്പെട്ടുകിടക്കുകയാണെന്ന് തിരിച്ചറിയേണ്ടത്. എന്തുചെയ്തിട്ടാണ് സിപിഐ എം ഈ വിധം ആക്രമിക്കപ്പെടുന്നത്?

പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവ് കേരളീയ സമൂഹത്തില്‍ ഇത്രമാത്രം ക്രൂരമായി ആക്രമിക്കപ്പെടുന്നതിനുപിന്നിലെ സ്വാധീനഘടകമെന്താണ്? അത്തരത്തിലൊരു പരിശോധന നമ്മുടെ മാധ്യമ സമൂഹം നടത്തേണ്ടതല്ലേ?

സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ അനേകം കഥകള്‍ വന്നു. വാമൊഴിയായും വരമൊഴിയായും അതില്‍ പലതും അന്തരീക്ഷത്തില്‍ പാറിനടക്കുന്നുണ്ട്. പിണറായി കോടികള്‍ ചെലവിട്ട് വീടുവച്ചെന്നും ആ വീട്ടില്‍ മൂന്നാം നിലയിലേക്ക് കാര്‍ ഓടിച്ചുകയറ്റാമെന്നുമുള്ള ഒരു കഥ ഈയിടെ ഇന്റര്‍നെറ്റിലൂടെ പരക്കുന്നതുകണ്ടു.

പിണറായിഗ്രാമം കേരളത്തിലാണ്. അവിടെ മൂന്നുനിലയും കോടികളുടെ ആര്‍ഭാടവുമുള്ള വീട് പിണറായി വിജയനുണ്ടെങ്കില്‍ അതിന്റെ സചിത്ര വിവരണം നടത്താന്‍ നട്ടെല്ലില്ലാത്തവരാണോ കേരളത്തിലെ മാധ്യമപരാക്രമിക്കൂട്ടം? തല്‍പ്പരകക്ഷികള്‍ക്ക് ഹിതകരമല്ലാത്ത സംഭവങ്ങളോ വാര്‍ത്തകളോ ഉണ്ടാകുമ്പോള്‍ 'മന്ത്രിപുത്രന്മാര്‍ക്കെതിരായ' വിവാദങ്ങള്‍ പൊട്ടിമുളയ്ക്കുന്നത് വെറും യാദൃച്ഛികതയാണോ. ഗുണ്ടകളുടെയും തട്ടിപ്പുകാരുടെയും രക്ഷപ്പെടല്‍ വെപ്രാളങ്ങള്‍ വിശുദ്ധമായ 'വെളിപ്പെടുത്തല്‍' വാര്‍ത്തകളാവുകയും ദുരുദ്ദേശ്യത്തോടെയുള്ള വിവാദവ്യവഹാരങ്ങള്‍ വൈകാരികമായ വാര്‍ത്തകളാവുകയും ചെയ്യുന്നതിന്റെ രസതന്ത്രവും അന്വേഷിക്കപ്പെടേണ്ടതല്ലേ?

സാമാന്യനീതിപോലും നിഷേധിച്ചുകൊണ്ടുള്ള സിപിഎംവേട്ട മാധ്യമങ്ങള്‍ നടത്തുമ്പോള്‍ അതിനോടുള്ള സ്വാഭാവികമായ എതിര്‍പ്പും ഉണ്ടാകുന്നു. അത്തരത്തിലുള്ള എതിര്‍പ്പുകളെ ധാര്‍ഷ്ട്യത്തിന്റെയും മര്യാദരാഹിത്യത്തിന്റെയും കള്ളിയില്‍പെടുത്തി തള്ളിക്കളയുകയും തങ്ങള്‍ചെയ്യുന്നതുമാത്രമാണ് ശരി എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന മാധ്യമനീതിയുടെ പ്രകാശനമല്ല.

പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ പല പ്രശ്നങ്ങളും കേരളത്തിന്റെ മാധ്യമഭൂമികയില്‍ ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. ആരോഗ്യകരമായ അത്തരം ചര്‍ച്ചകള്‍ക്ക് നമുക്കുമുന്നിലുള്ള വസ്തുനിഷ്ഠമായ യാഥാര്‍ഥ്യങ്ങള്‍-പെയ്ഡ് വാര്‍ത്ത ഉള്‍പ്പെടെയുള്ളവ- പശ്ചാത്തലമാകേണ്ടതുമാണ്. വന്‍കിട കമ്പനികളും വ്യവസായ ഗ്രൂപ്പുകളും ടിവി ചാനലുകളും പത്രങ്ങളും കൈയടക്കുന്നത് മാധ്യമമേഖലയുടെ പളപളപ്പുകണ്ടിട്ടല്ലെന്നും അതിനുപിന്നില്‍ മൂലധന താല്‍പ്പര്യങ്ങളാണ് ഒളിപ്പിച്ചുവച്ചിട്ടുള്ളതെന്നും അതുതന്നെയാണ് ഇടതുപക്ഷവേട്ടയുടെ ഇന്ധനമെന്നും മനസ്സിലാക്കാതെയുള്ള സമീപനം വഴിതെറ്റിയതാണ്്.

ഒരു കാര്യംകൂടി. ആന്ധ്രയിലെ പെയ്മെന്റ് വാര്‍ത്തയെക്കുറിച്ച് വിമര്‍ശനമുന്നയിച്ചവരില്‍ മുന്‍പന്തിയില്‍ത്തന്നെ അവിടത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ ഉണ്ടായിരുന്നു. ഇവിടെയുള്ള യൂണിയന്റെ ശ്രദ്ധയും അത്തരം വിഷയങ്ങളിലേക്കു തിരിഞ്ഞെങ്കില്‍!

12 comments:

manoj pm said...

ആന്ധ്രയിലെ പെയ്മെന്റ് വാര്‍ത്തയെക്കുറിച്ച് വിമര്‍ശനമുന്നയിച്ചവരില്‍ മുന്‍പന്തിയില്‍ത്തന്നെ അവിടത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ ഉണ്ടായിരുന്നു. ഇവിടെയുള്ള യൂണിയന്റെ ശ്രദ്ധയും അത്തരം വിഷയങ്ങളിലേക്കു തിരിഞ്ഞെങ്കില്‍!

chithrakaran:ചിത്രകാരന്‍ said...

പത്ര-മാധ്യമ കച്ചകപടം!

vahab said...

മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്ക്‌ Competitive ആകാന്‍ കഴിയുന്നില്ല. Competitive ആയവക്ക്‌ മൂല്യങ്ങളുമില്ല. ഇതാണ്‌ പ്രശ്‌നം.
അല്‍പമെങ്കിലും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന Hindu പോലുള്ള പത്രങ്ങള്‍ അല്‍പം കൂടി Competitive ആകേണ്ടതുണ്ട്‌. ലേഔട്ടിന്റെ കാര്യത്തിലും മറ്റും ടൈംസ്‌ ഓഫ്‌ ഇന്ത്യ പോലുള്ള പത്രങ്ങളോട്‌ മത്സരിക്കാന്‍ അവര്‍ക്ക്‌ കഴിയേണ്ടതുണ്ട്‌.
ലളിതമായി പറഞ്ഞാല്‍.....- ടൈംസ്‌ എടുത്തുനോക്കിയാല്‍ പത്രം വായിക്കണം എന്ന ഒരു തോന്നല്‍ ഉണ്ടാകാറില്ലേ? Hindu നോക്കുമ്പോള്‍ അത്രതന്നെ ആ തോന്നല്‍ ഉണ്ടാകാറില്ല. വായനാസുഖത്തില്‍ വ്യത്യാസം കാണാം. Letter Style, Layout തുടങ്ങിയവയിലെ വ്യത്യാസമാണ്‌ കാരണം.
മലയാളത്തിലാണെങ്കില്‍ മനോരമയുടെ കെട്ടും മട്ടും, ഭാഷാശൈലി തുടങ്ങിയവ വായനക്കാര്‍ക്ക്‌ ആകര്‍ഷണീയഘടകങ്ങളാണ്‌.
മറ്റൊരു കാര്യം, കേരളത്തിലെ ഇടതുപക്ഷം നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാധ്യമങ്ങളില്‍ നിന്നുള്ള ആക്രമണമാണ്‌ എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌.

mirchy.sandwich said...

അമൃതാനന്ദമയിയുടെ ആശുപത്രിക്കെതിരെ മിഡില്‍ പീസ് എഴിതിയതിന് സി ആര്‍ ഓമനക്കുട്ടനോട് ഈ എഴുത്ത് ഇനി ഇവിടെ വേണ്ട എന്നുപറഞ്ഞ് ദേശാഭിമാനിയിലെ കോളമെഴുത്ത് നിര്‍ത്തിച്ചു അതിനു പുറകില്‍ ഏതോ ഒരു മേനോനാണെന്നും മറ്റും ഒരു അപഖ്യാതി ഉണ്ടല്ലോ മനോജേ. പിന്നെ ഏതോ ഒരു മണിച്ചെയിന്‍ സംഘം ദേശാഭിമാനിയുടെ പത്ത് പതിനായിരം കോപ്പികള്‍ ദിവസവും വാങ്ങാന്‍ കരാറുണ്ടാക്കി എന്നും അതിനു പുറകില്‍ ഇത്തരമൊരു ‘വാര്‍ത്താ പരസ്യ’ ധാരണയായിരുന്നെന്നും അച്ചുമ്മാന്‍ ആണ് അതു പൊളിച്ചടുക്കിയതെന്നും ഒക്കെ സിന്‍ഡിക്കേറ്റുകാര്‍ പറയുന്നു. നമ്മടെ നേതാവ് അഴിമതി കാണിച്ചാല്‍ അതു അഴിമതിയല്ല എന്ന് പറയുന്നപോലെ ഇതു സിന്‍ഡിക്കേറ്റുകാരെ മാത്രം ഉദ്ദേശിച്ചുള്ള ലേഖനമാണോ..എല്ലാം സംശയമാണേ.

കണ്ണനുണ്ണി said...

പലപ്പോഴും ഇന്ത്യന്‍ പത്ര പ്രവര്‍ത്തന രംഗത്തിലെ ഒരു വിഭാഗം എങ്കിലും അപക്വമായ സമീപനങ്ങളിലൂടെ പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ നിന്ന് താഴേക്ക്‌ പോവുന്നു

manoj pm said...

ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ ഒത്താശയോടെ വിഹരിക്കുന്ന സല്‍വാജുദൂമിന്റെ കൊടുമകളെക്കുറിച്ച് ദേശീയപത്രങ്ങള്‍
ഒരു പാട് എഴുതുമ്പോഴും സംസ്ഥാനത്തിനകത്തെ പത്രങ്ങളുടെ ഭാഷയില്‍ സല്‍വാജുദൂം എന്നാല്‍ ജനങ്ങളുടെ
ശാന്തി സേനയാണ്! പത്രക്കാരെ ജനങ്ങള്‍ വെറുക്കുന്നതിന്റെ വ്യാപ്തിയറിഞ്ഞ് സ്തംഭിച്ചുപോയി ഞാന്‍.
ദണ്ഡേവാഡയിലെത്തി ഇക്കാര്യങ്ങള്‍ പങ്കുവെച്ചപ്പോള്‍ മൌനം ഭൂഷണമാക്കിയ പത്രവിദ്വാന്‍മാര്‍ക്ക് എസ്സാര്‍ നല്‍കുന്ന
സംഖ്യകളെയും സൌകര്യങ്ങളെയും കുറിച്ച് വിശദമായി പറഞ്ഞുതന്നു ചിലര്‍.
നക്സല്‍വേട്ടയും മറുവേട്ടയുമായി കലുഷിതമായ ഛത്തീസ്ഗഢിന്റെ ചോരചിന്തുന്ന വഴികളിലൂടെ സഞ്ചരിച്ച
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശുഭ്രാംശു ചൌധരിയുടെ അനുഭവക്കുറിപ്പ്

=======================================

ശുഭ്രാംശു ചൌധരി / മൊഴിമാറ്റം:
സവാദ് റഹ്മാന്‍

മാവോയിസ്റ്റുകളും ഭരണകൂടവും തമ്മില്‍ ചോരയില്‍ മുങ്ങിയ പോര് നടക്കുന്ന ബിജാപൂര്‍ജില്ലയിലെ ബൈറാംഗഢില്‍ ഒരു സല്‍വാജുദൂം റാലി റിപ്പോര്‍ട്ട്ചെയ്യാന്‍ പോയതായിരുന്നു ഞാന്‍. സല്‍വാ ജുദൂമെന്നാല്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഉയരുന്ന ജനകീയപ്രതികരണമെന്ന് സര്‍ക്കാര്‍ഭാഷ്യം. എന്നാല്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് സര്‍ക്കാര്‍ പടച്ചുവിട്ട ക്രൂരസായുധസംഘമെന്നാണ്. വാഹനങ്ങളൊന്നും പോകാത്ത കൊടുംകാടുകളിലെ ചെറുഗോത്രവഴികളിലൂടെയായിരുന്നു റാലിയുടെ റൂട്ട്. എന്റെ യാത്രാപ്രശ്നം പരിഹരിക്കാന്‍ സല്‍വാജുദൂം നേതാവ് മഹേന്ദ്രകര്‍മ ഇടപെട്ട് ഒരു മോട്ടോര്‍സൈക്കിള്‍ ഏര്‍പ്പാടാക്കിത്തന്നു. ഗോത്രവര്‍ഗങ്ങള്‍ വസിക്കുന്നിടങ്ങളിലൂടെ റാലിക്ക് വഴികാട്ടിയായി ബൈക്ക് നീങ്ങി. ബൈക്ക് ഓടിച്ചയാള്‍ അവിടത്തെ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനാണെന്ന് സംസാരത്തില്‍ നിന്നറിഞ്ഞു. ഛത്തീസ്ഗഢിലെ പത്രപ്രവര്‍ത്തനത്തെപ്പറ്റി ഒട്ടേറെ അറിവു പകര്‍ന്നു ആ യാത്ര. ഛത്തീസ്ഗഢിലെ ഒരു പ്രമുഖ പ്രാദേശിക പത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായിരുന്നു കക്ഷി. നിങ്ങള്‍ക്ക് എന്ത് ശമ്പളമുണ്ട് എന്ന ചോദ്യത്തിന് ശമ്പളമില്ലെന്നായിരുന്നു മറുപടി. 'പിന്നെ എങ്ങനെ ജീവിക്കും?' വാര്‍ത്തകള്‍ എഴുതാതെ എന്നായിരുന്നു ഉത്തരം. എനിക്ക് കാര്യം മനസ്സിലായില്ലെന്ന് കണ്ട് അയാള്‍ സംഗതി വിശദീകരിച്ചുതന്നു. 'റിപ്പോര്‍ട്ട് എഴുതാതിരിക്കുകയാണ് ഞങ്ങളുടെ പത്രപ്രവര്‍ത്തനം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതിന് രൂപാ അയ്യായിരമാണ് മാസമെനിക്ക് കിട്ടുന്നത്. പത്രക്കാരല്ലേ, തട്ടിപ്പുകാരാര്, അഴിമതി നടക്കുന്നതെവിടെ, നടത്തുന്നതാര് എല്ലാം നമ്മള്‍ക്കറിയാം. പക്ഷേ, എഴുതില്ല. ആ എഴുതാതിരിപ്പിനാണ് ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് കുറെ പേര്‍ക്ക് അവരുടെ പത്രങ്ങളില്‍ നിന്ന് നിസ്സാരശമ്പളം ലഭിക്കുന്നുണ്ട്. പക്ഷേ, വാര്‍ത്തകള്‍ മുക്കുന്ന വകയില്‍ അതിന്റെ എത്രയോ ഇരട്ടിയാണ് അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. നല്ല പൈസയുണ്ടാക്കാന്‍ വകയുള്ള പണിയാണ് പത്രപ്രവര്‍ത്തനം. സല്‍വാജുദൂമിന്റെ നല്ല കാര്യങ്ങള്‍ അറിയുന്നതു പോലെ അതിന്റെ മോശം വശങ്ങളും നന്നായറിയാം ഞങ്ങള്‍ക്ക്. പക്ഷേ, 'ചില പ്രത്യേക കാരണങ്ങളാല്‍' മോശം വശങ്ങളെപ്പറ്റി ഞങ്ങളെഴുതാറില്ല'^ഛത്തീസ്ഗഢിലെ പ്രതിപക്ഷ നേതാവുകൂടിയായ സല്‍വാജുദൂം തലവന്‍ മഹേന്ദ്ര കര്‍മയെ നോക്കി അയാള്‍ പറഞ്ഞു.

manoj pm said...

സല്‍വാജുദൂമിന്റെ കൊടുമകളെക്കുറിച്ച് ദേശീയപത്രങ്ങള്‍ ഒരു പാട് എഴുതുമ്പോഴും ഛത്തീസ്ഗഢിലെ പത്രങ്ങളുടെ ഭാഷയില്‍ സല്‍വാജുദൂം എന്നാല്‍ ജനങ്ങളുടെ ശാന്തി സേനയാണ്! റാലിക്ക് ശേഷം ധ്രുലി ഗ്രാമത്തിലേക്കായിരുന്നു യാത്ര. അവിടെ വമ്പന്‍ ഫാക്ടറി തുടങ്ങാന്‍ പദ്ധതിയുള്ള എസ്സാര്‍ കമ്പനിയും ഗ്രാമീണരും തമ്മിലെ ചര്‍ച്ചകളെക്കുറിച്ച് അറിയാനായിരുന്നു എന്റെ പോക്ക്. അവിടെവെച്ച് ഒരു സംഘം ഗ്രാമീണരെത്തി തറപ്പിച്ച് പറഞ്ഞു: 'നിങ്ങള്‍ എസ്സാര്‍ കമ്പനിക്ക് ദല്ലാള്‍ പണി ചെയ്യാന്‍ വന്നയാളാണ്'. കാമറ കണ്ട് ലേശമൊന്ന് ശങ്കിച്ച ശേഷം അവര്‍ തുടര്‍ന്നു. 'എല്ലാ പത്രക്കാരും വ്യവസായികളുടെ കൂട്ടിക്കൊടുപ്പുകാരാണ്. സര്‍ക്കാറിനോടു പോയി പറഞ്ഞേക്ക്, ജീവനെടുത്തശേഷമേ ഞങ്ങളെ കുടിയിറക്കാനാവൂ എന്ന്. നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ല, വേഗം സ്ഥലം കാലിയാക്കുക'.

manoj pm said...

പത്രക്കാരെ ജനങ്ങള്‍ വെറുക്കുന്നതിന്റെ വ്യാപ്തിയറിഞ്ഞ് സ്തംഭിച്ചുപോയി ഞാന്‍. ദണ്ഡേവാഡയിലെത്തി ഇക്കാര്യങ്ങള്‍ പങ്കുവെച്ചപ്പോള്‍ മൌനം ഭൂഷണമാക്കിയ പത്രവിദ്വാന്‍മാര്‍ക്ക് എസ്സാര്‍ നല്‍കുന്ന സംഖ്യകളെയും സൌകര്യങ്ങളെയും കുറിച്ച് വിശദമായി പറഞ്ഞു തന്നു ചിലര്‍.
കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ലെന്ന് അര്‍ഥശങ്കയില്ലാതെ പറഞ്ഞ ധ്രുലിയിലെ ജനങ്ങളുടെ നിലപാടറിഞ്ഞ് ദല്‍ഹിയിലേക്ക് മടങ്ങിയ ഞാന്‍ ഒരു പത്രവാര്‍ത്ത കണ്ട് നടുങ്ങിപ്പോയി. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസ് വഴി വന്ന വാര്‍ത്ത പ്രകാരം ധ്രുലിയിലെ ജനങ്ങള്‍ എസ്സാര്‍ കമ്പനിക്ക് ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നു. പുനരധിവാസ പാക്കേജില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും ഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ സര്‍ക്കാറിനു കത്തെഴുതിയതായും ലേഖകന്‍ തുടരുന്നു. 'ടൈംസ് ഒഫ് ഇന്ത്യ', 'ഹിന്ദു', 'ബിസിനസ് ലൈന്‍', 'ഇക്കണോമിക് ടൈംസ്' തുടങ്ങിയ മുന്‍നിരപത്രങ്ങളിലെല്ലാം വമ്പന്‍പ്രാധാന്യത്തോടെ ഈ വാര്‍ത്ത അടിച്ചുവരികയും ചെയ്തു. ഭൂമി വിട്ടുകൊടുക്കാമെന്നറിയിച്ചവരുടെ എണ്ണംപോലും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത്രയേറെ പത്രങ്ങളില്‍ പ്രാധാന്യപൂര്‍വം വന്ന സ്ഥിതിക്ക് വാര്‍ത്ത ശരിയാവാനേ തരമുള്ളൂ. എന്നിരുന്നാലും റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞിരുന്ന ഉദ്യോഗസ്ഥയെ വിളിച്ച് വിവരങ്ങളാരായാതിരിക്കാനായില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ ശരിക്കും ഞെട്ടിപ്പോയി. എന്ത് കത്ത്, ഏത് വാര്‍ത്തയെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത് എന്നൊക്കെയായിരുന്നു അവരുടെ മറുചോദ്യം. ആരും ഭൂമി വിട്ടൊഴിയാന്‍ തയാറായിട്ടില്ല. അങ്ങനെ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടുമില്ല എന്നവര്‍ വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ പോലുമറിയാതെയാണ് അതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതെന്ന് വ്യക്തമായി. അവരുടെ അഭ്യര്‍ഥനപ്രകാരം വാര്‍ത്തകളുടെ കോപ്പി ഞാന്‍ ഫാക്സ് ചെയ്തു കൊടുത്തു. ജനങ്ങളുടെ സമ്മതപത്രം കിട്ടിയെന്ന എസ്സാര്‍ കമ്പനി മേധാവിയുടെ ഉദ്ധരണികളടങ്ങിയ വാര്‍ത്തയെക്കുറിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ റിപ്പോര്‍ട്ടര്‍ വരുത്തിയ പിഴവാണതെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. അതിനുപിന്നാലെ ആ ഉദ്യോഗസ്ഥയെ ദണ്ഡേവാഡയിലേക്ക് സ്ഥലം മാറ്റി. തെറ്റു വരുത്തിയ റിപ്പോര്‍ട്ടറെക്കുറിച്ചോ തെറ്റടിച്ചുവന്ന പത്രങ്ങളെക്കുറിച്ചോ പിന്നീട് ഒരാളും വേവലാതിപ്പെട്ടില്ല.

manoj pm said...

റായ്പൂരില്‍ നിന്നു വരുന്ന വാര്‍ത്തകളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഈ സംഭവം എന്നെ പ്രേരിപ്പിച്ചു. കൃഷിപ്പണി നിര്‍ത്തിവെക്കണമെന്ന തീട്ടൂരം ലംഘിച്ചതിന് മൂന്ന് കര്‍ഷകരെ നക്സലൈറ്റുകള്‍ കൊന്നൊടുക്കി എന്നായിരുന്നു ഒരു പ്രഭാതത്തില്‍ 'ഇന്ത്യന്‍ എക്സ്പ്രസി'ന്റെ മുന്‍പേജ് വാര്‍ത്ത. ഇത്തരമൊരു കൃഷിനിരോധത്തെക്കുറിച്ച് ഞാന്‍ കേട്ടിരുന്നേയില്ല. കര്‍ഷകരെ കൊന്നത് നക്സലുകള്‍ തന്നെയെങ്കിലും വാര്‍ത്തയില്‍ പറയും പ്രകാരം കൊലക്ക് കൃഷിയുമായി ഒരു ബന്ധവുമില്ലെന്ന് ചില ഫോണ്‍വിളികളില്‍നിന്ന് വ്യക്തമായി. കാര്‍ഷിക വേലകളെല്ലാം ഗംഭീരമായി നടക്കുന്നുണ്ട് ചിന്റാഗുഫാ എന്ന ആ ഗ്രാമത്തില്‍. പോലിസിന്റെ ആളുകളാണെന്നാരോപിച്ചാണ് നക്സലുകള്‍ കര്‍ഷകരെ കൊന്നതെന്നാണ് ഇവിടത്തെ മുന്‍ഗ്രാമത്തലവന്‍ എന്നോട് പറഞ്ഞത്. ഒരു വാര്‍ത്തയുടെ നിജസ്ഥിതിയറിയാന്‍ ദല്‍ഹിയില്‍ നിന്ന് ഞാന്‍ വിളിച്ചന്വേഷിച്ചെങ്കില്‍ റായ്പൂരിലെ പത്രക്കാര്‍ക്ക് എന്തേ ഇങ്ങനെ ചെയ്തുകൂടാ? പിറ്റേന്ന് 'ടൈംസ് ഓഫ് ഇന്ത്യ'യും ആവര്‍ത്തിച്ചു ഇതേ കൊലപാതക വാര്‍ത്ത. ഈ വാര്‍ത്ത പടച്ചുവിട്ട ഇന്റലിജന്‍സ് ഓഫീസറാരാണെന്ന് ചില പത്രസുഹൃത്തുക്കള്‍ എനിക്ക് പറഞ്ഞു തന്നു. സാറിന്റെ വിശ്വസ്തര്‍ക്ക് മാത്രമാണ് വാര്‍ത്ത കൈമാറിയതെത്രേ.

അതിനിടെ ഛത്തീസ്ഗഢിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു ഞാന്‍. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഓരോ വര്‍ഷവും രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണിത്. എട്ടുവര്‍ഷം പിന്നിട്ട ഈ സംസ്ഥാനത്ത് ആത്മഹത്യാ കണക്ക് ഭീതിദമാം വണ്ണം പെരുകിയിട്ടും ഇന്നാട്ടിലെ ഒരു പത്രക്കാരന്‍ പോലും ഇതേക്കുറിച്ചെഴുതാന്‍ ഒരുമ്പെട്ടിരുന്നില്ല. ഇതേക്കുറിച്ച് എന്റെ കോളത്തില്‍ എഴുതി ഞാന്‍. ഏതാനും നാള്‍ക്കകം പത്രത്തിന്റെ ഒന്നാം പേജില്‍ വന്നു ഒരു വാര്‍ത്ത: 'എല്ലാവരും ഒരുഗ്രന്‍ തട്ടിപ്പ് ഇഷ്ടപ്പെടുന്നു; ഛത്തീസ്ഗഢിലെ കര്‍ഷക ആത്മഹത്യ എന്ന അസത്യം' എന്ന തലക്കെട്ടില്‍. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കുകള്‍ പച്ചക്കള്ളമാണെന്നാരോപിച്ച് വന്ന ആ വാര്‍ത്തക്കെതിരെ ബ്യൂറോ പ്രതികരിച്ചതു പോലുമില്ല. എന്തായാലും പ്രാദേശിക പത്രത്തിലെ എന്റെ കോളം അവര്‍ നിര്‍ത്തിച്ചു. ഞാനെഴുതുന്നതെല്ലാം അസംബന്ധങ്ങളും വ്യാജവുമാണെന്നായിരുന്നു സ്ഥാപനം അതിനു കാരണമായി പറഞ്ഞത്.
പേരു വെളിപ്പെടുത്താനിഷ്ടമില്ലാത്ത ഒരു പത്രക്കാരന്‍ പറഞ്ഞു: 'കര്‍ഷക ആത്മഹത്യകളെപ്പറ്റി എഴുതണമെന്ന് ഞങ്ങള്‍ക്കുണ്ട്. നമ്മുടെ കണ്‍വെട്ടത്ത് നടക്കുന്ന കാര്യമാണല്ലോ അത്. പക്ഷേ, എഴുതി വരുമ്പോള്‍ റിപ്പോര്‍ട്ട് സര്‍ക്കാറിനെതിരാവും. സര്‍ക്കാറിനെതിരായാല്‍ അവര്‍ നമ്മുടെ പത്രത്തിനെതിരാവും. പരസ്യം തരുന്നത് നിര്‍ത്തും. അതു കൊണ്ട് നമുക്ക് എഴുതാന്‍ കഴിയില്ല'.

manoj pm said...

തെറ്റി ധരിക്കരുത്. ഇത് എന്റെ സൃഷ്ടി അല്ല. ഇന്ന് നടക്കുന്ന മാധ്യമ ആഭിചാരം തുറന്നു കാട്ടാന്‍ കിട്ടിയ ഒരവസരം മാത്രം.

നക്സല്‍വേട്ടയും മറുവേട്ടയുമായി കലുഷിതമായ ഛത്തീസ്ഗഢിന്റെ ചോരചിന്തുന്ന വഴികളിലൂടെ സഞ്ചരിച്ച
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശുഭ്രാംശു ചൌധരിയുടെ അനുഭവക്കുറിപ്പ്

അതാണ് ഇവിടെ നാല് ഭാഗങ്ങളായി കൊടുത്തിട്ടുള്ളത്.

Mr. K# said...

1. അവിടെവെച്ച് ഒരു സംഘം "ഗ്രാമീണരെത്തി" തറപ്പിച്ച് പറഞ്ഞു: 'നിങ്ങള്‍ എസ്സാര്‍ കമ്പനിക്ക് ദല്ലാള്‍ പണി ചെയ്യാന്‍ വന്നയാളാണ്'.

2. ക്രൈം‌‌‌‌ അശ്ലീലമാസിക "നാട്ടുകാര്‍‌‌‌‌" പിടിച്ചെടുത്തു.

3. സ്വാമിയുടെ താടിയും മുടിയും "നാട്ടുകാര്‍‌‌" വടിച്ചു.

എന്നൊക്കെ പറയുമ്പോ‌‌ള്‍‌‌ ഇതിലെ നാട്ടുകാരേയും ഗ്രാമീണരേയുമൊക്കെ സന്ദര്‍‌‌ഭത്തിനനുസരിച്ച് മനസ്സിലാക്കേണ്ട ബാധ്യതയും വായിക്കുന്ന "നാട്ടുകാര്‍‌‌ക്കാ"വുന്നു. :-)

ഇനി ഛത്തിസ്ഗഡിലെ മേല്‍‌‌‌‌പ്പറഞ്ഞ ഗ്രാമീണരും ഇങ്ങ് കേരളത്തില്‍‌‌‌‌ ബ്രാഞ്ച് ഓഫീസ് തുടങ്ങിയാല്‍‌‌ പൂര്‍ത്തിയായി. ഇപ്പോ‌‌ള്‍‌‌‌‌ത്തന്നെ ഈ ഗ്രാമീണരുടെ ചില നേതാക്കളെ കേരളത്തില്‍‌‌‌‌ നിന്നും രായ്ക്കുരാമാനം പൊക്കിയെടുത്ത് കൊണ്ടുപോയി എന്നൊക്കെ പത്രത്തില്‍‌‌ വായിക്കാറുണ്ട്. ഈ ഗ്രാമീണര്‍‌‌ക്ക് വേണ്ടി ഈയിടെയായി കുറച്ച് ബ്ലോഗ് പോസ്റ്റുക‌‌ള്‍‌‌ മലയാളത്തില്‍‌‌ കണ്ടും തുടങ്ങിയിട്ടുണ്ട്.

(പോസ്റ്റിനുള്ള കമന്റല്ല.)

Mr. K# said...

4. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ "കേരളം" കരിദിനം ആചരിച്ചു. :-)