പാവപ്പെട്ട രണ്ടു മത്സ്യത്തൊഴിലാളികളെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്ന കുറ്റവാളികള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പോവുകയാണ്. അതിനവര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സൌകര്യം ചെയ്തുകൊടുത്തിരിക്കുന്നു. അതേസമയം, ഇടുക്കിയിലെ ഹൈറേഞ്ചില്‍ തോട്ടംതൊഴിലാളികള്‍ക്കുനേരെ നടന്ന കടുത്ത ആക്രമണങ്ങളെയും അതിനെതിരെയുണ്ടായ ചെറുത്തുനില്‍പ്പിനെയുംകുറിച്ച് ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചതിന്റെ പേരില്‍ എം എം മണി ജാമ്യം നിഷേധിക്കപ്പെട്ട് പീരുമേട് ജയിലില്‍ തുടരുകയാണ്. പ്രത്യക്ഷത്തില്‍തന്നെ വ്യാജതെളിവുകളില്‍ കെട്ടിപ്പൊക്കിയതാണെന്ന് ബോധ്യമാകുന്ന കേസില്‍ അബ്ദുള്‍നാസര്‍ മഅ്ദനി എന്ന മനുഷ്യന് അനന്തമായി തടവറയില്‍ കഴിയുന്നു- വേദനയും പീഡയും കുടിച്ചുവറ്റിക്കുന്നു. കോഴിക്കോട് ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ പി മോഹനന് മാസ്റര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ അടയ്ക്കപ്പെട്ടത് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയായതിന് തെളിവോടെ പിടിക്കപ്പെട്ടിട്ടല്ല. അദ്ദേഹത്തിന്റെ ഫോണിലേക്ക് ചെന്നു എന്നു പറയുന്ന ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള ഒരു കോള്‍ മറയാക്കിയാണ് അറസ്റുണ്ടായത്- ജാമ്യം നിഷേധിച്ച് പീഡിപ്പിക്കുന്നത്.
കേരളത്തിലും ഇന്ത്യയിലും ഭരണകൂടഭീകരത എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ ഈ വൈരുധ്യങ്ങളിലേക്ക് കണ്ണോടിച്ചാല്‍ മതി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെച്ചൂണ്ടി, നിരവധി കൊലക്കേസുകള്‍ക്ക് നേതൃത്വം നല്കിയ ആളെന്ന് കൂട്ടുപ്രതിതന്നെയാണ് പരസ്യമായി പറഞ്ഞത്. ആ വെളിപ്പെടുത്തലും അതിനോടനുബന്ധിച്ച് പുറത്തുവന്ന തെളിവുകളും അനിഷേധ്യമായി നിലനില്ക്കുന്നു. സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി കൊടുക്കുന്നതിന് ദൃക്സാക്ഷിയാണ് താനെന്ന് വെളിപ്പെടുത്തിയതും സുധാകരനാണ്. പ്രശാന്ത്ബാബു എന്ന മുന്‍ സഹായിയുടെ തുറന്നുപറച്ചിലനുസരിച്ച് സുധാകരനെതിരെ കൊലക്കേസ് ചുമത്താന്‍ തലയ്ക്ക് വെളിവുള്ള പൊലീസ് അറച്ചുനില്‍ക്കേണ്ടതില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രണ്ടുവട്ടം പരാതി നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ അനങ്ങുന്നില്ല. പൊതുയോഗം വിളിച്ച് പ്രഖ്യാപിച്ച് മലപ്പുറത്ത് നടത്തിയ ഇരട്ടക്കൊലപാതകക്കേസില്‍, പരസ്യാഹ്വാനം നല്കിയ മുസ്ളിംലീഗ് എംഎല്‍എ പ്രതിയേ ആയില്ല.
നിയമത്തിന്റെ സാങ്കേതികത്വമുന്നയിച്ചുള്ള മറുപടികളും വിശദീകരണങ്ങളും ഉണ്ടാകാം. അതെന്തായാലും ഈ കാണുന്ന വൈരുധ്യങ്ങള്‍ അനീതിയാണ്. നീതിപീഠത്തെക്കൊണ്ട് അനീതി ചെയ്യിക്കാന്‍ സര്‍ക്കാര്‍ നഗ്നമായി ഇടപെടുകയാണ്. കടല്‍ക്കൊലപാതകക്കേസില്‍ പ്രതികളായ ലൊത്തേറോ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നീ ഇറ്റാലിയന്‍ പട്ടാളക്കാര്‍ക്ക് സാധാരണനിലയില്‍ വിചാരണ കഴിയാതെ ജാമ്യം ലഭിക്കാന്‍ പാടില്ലാത്തതാണ്. കോഴിക്കോട്ട് ടി പി ചന്ദ്രശേഖരന്‍കേസില്‍ പ്രതിചേര്‍ത്ത ഒരാള്‍പോലും ജാമ്യത്തിലിറങ്ങാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ വിചാരണ അതിവേഗമാക്കിയത്. വിചാരണ കഴിഞ്ഞ് വെറുതെ വിട്ടാലും പി മോഹനന് ഉള്‍പ്പെടെയുള്ള ഏതാനും സിപിഐ എം നേതാക്കളെ അതുവരെ ജയിലില്‍ കിടത്തി സംതൃപ്തിയടയാനാണത്്.
പി മോഹനനും കാരായി രാജനുമെല്ലാം ജനങ്ങള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവരാണ്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തിന്റെ മുന്നണിയിലുള്ളവരാണ്. അവര്‍ ജയിലിലായലും പുറത്തായാലും ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകില്ല. വിശ്വസനീയമായ തെളിവിന്റെ തുരുമ്പുപോലുമില്ലാതെ അവരെ തുറുങ്കിലടച്ച്, ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതും അടച്ചുകളഞ്ഞ അതേകൂട്ടര്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന വിദേശികളെ ക്രിസ്മസ് ആഘോഷത്തിനായി വിമാനം കയറ്റിവിടുന്നതിനെ ഏതുഭാഷയിലാണ് ന്യായീകരിക്കാനാവുക? ആറുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കണമെന്നും (ഇറ്റാലിയന്‍ സര്‍ക്കാരിന് ആറുകോടിയല്ല; അറുപതുകോടിയായാലും എന്തു പ്രശ്നം) ജനുവരി പത്തിനകം തിരിച്ചെത്തണമെന്നമുള്ള ജാമ്യവ്യവസ്ഥയുണ്ട്.
എസ്എന്‍സി ലാവ്ലിന് കേസില്‍ സിബിഐ അന്വേഷണം തുടങ്ങി ആറുവര്‍ഷമായിട്ടും ഇന്നുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കനേഡിയന്‍ പൌരനായ ക്ളൌസ് ട്രിന്‍ഡലിനും കനേഡിയന്‍ കമ്പനിക്കും വാറന്റ് കൈമാറാന്‍പോലും ഇന്ത്യാ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ചാരക്കപ്പല്‍കേസില്‍ കോടതിയുടെ അനുവാദത്തോടെ ഫ്രാന്‍സിലേക്കയച്ച പ്രതികള്‍ പിന്നെ തിരിച്ചുവന്നിട്ടില്ല. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫോങ്കോയിസ് ക്ളാവലും എലല്ല ഫിലിപ്പും എവിടെപ്പോയെന്ന് സിബിഐക്ക് അറിയില്ല- പിന്നെ അന്വേഷിച്ചിട്ടുമില്ല. ഈ അനുഭവങ്ങളെല്ലാം ഉണ്ടായിരിക്കെയാണ്, ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ രണ്ട് കൊലപാതകികളെ ഇറ്റലിയിലേക്ക് വിടുന്നത്. ഇറ്റലിയുടെ ഉറപ്പ് വിശ്വസിച്ച് ജാമ്യം നല്കട്ടെ എന്ന നിലപാടാണ് യുപിഎ നേതൃത്വം എടുത്തത്്.
മതപണ്ഡിതനും ശാരീരികമായി കടുത്ത അവശതയുള്ളയാളുമാണ് അബ്ദുള്‍നാസര്‍ മഅ്ദനി. അദ്ദേഹത്തെ തുറുങ്കിലടച്ചശേഷം നിരവധി ആഘോഷവേളകള്‍ കടന്നുപോയി. റമദാന്‍നിലാവ് തെളിയുകയും അസ്തമിക്കുകയും ചെയ്തു. മഅ്ദനിക്ക് പെരുന്നാളാഘോഷിക്കാനോ നോമ്പുനോല്‍ക്കാനോ ജാമ്യം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ചികിത്സ കിട്ടാനും മാന്യമായ പെരുമാറ്റം ഉറപ്പിക്കാനുമുള്ള ആവശ്യങ്ങളേ ഉന്നയിച്ചിട്ടുള്ളൂ. ആ മഅ്ദനിക്കുവേണ്ടി ഇടപെടാനോ ഒരിറ്റ് കണ്ണീരുപൊഴിക്കാനോ തയ്യാറാകാത്തവരുടെ മനസ്സ് ഇറ്റലിക്കാര്‍ക്കുവേണ്ടി തപിക്കുന്നു- ക്രിസ്മസ് കേക്ക് മുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ തയ്യാറാകുന്നു.
നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കലോ ദുരുപയോഗംചെയ്യലോ ആണിത്്. കണ്മുന്നിലെത്തുന്ന തെളിവുകളും വസ്തുതകളുംവച്ചേ കോടതിക്ക് തീരുമാനമെടുക്കാനാകൂ. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയുടെ തീര്‍പ്പുകളിലേക്കുകൂടി കുരുക്കെറിയുന്നത് നീതിന്യായവ്യവസ്ഥയെ മറികടക്കാന്‍ ഉദ്ദേശിച്ചാണ്. എം എം മണിയും മോഹനന് മാസ്ററുമുള്‍പ്പെടെയുള്ള സിപിഐ എം നേതാക്കളും അബ്ദുള്‍നാസര്‍ മഅ്ദനിയും അന്യായമായി തുറുങ്കിലടയ്ക്കപ്പെടാന്‍ ഒത്താശചെയ്തവരുടെ ഇറ്റാലിയന്‍സ്നേഹം ചോദ്യംചെയ്യപ്പെടണം.
ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന അവശരും വൃദ്ധരും രോഗികളുമായവര്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ക്കുപോലും പരോള്‍ നിഷേധിക്കുന്നു. ആ അനുഭവമുള്ള നാട്ടിലാണ്, കൈയോടെ പിടിക്കപ്പെട്ട രണ്ട് വിദേശി ക്രിമിനലുകളെ അല്ലലുമാശങ്കയുമില്ലാതെ ആഘോഷച്ചടങ്ങിലേക്ക് പറത്തിവിടുന്നത്.
കൊലപാതകം കറുത്തതൊലിയുള്ളയാള്‍ നടത്തിയാലും വെളുത്തയാള്‍ നടത്തിയാലും ഒരേകുറ്റംതന്നെ. മഅ്ദനി ആരെയും കൊന്നതായി തെളിവില്ല- ഇറ്റലിക്കാര്‍ കൊന്നതിന് തെളിവുണ്ട്. ഇറ്റലിക്കാര്‍ കൊന്നുതള്ളിയ രണ്ടു പാവങ്ങളുടെ ആശ്രിതര്‍ക്ക് ക്രിസ്മസ് കണ്ണീരിന്റേതാണ്. അവരോടില്ലാത്ത മമത കൊലപാതകികളോടുണ്ടാകുന്നത് നീതിന്യായവ്യവസ്ഥയെ അവഹേളിക്കലാണ്; ദുരുപയോഗിക്കലാണ്. മഅ്ദനിക്ക് ചികിത്സ ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്- ആ മനുഷ്യനെ കൊടുംപീഡനത്തില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാനുള്ള സൌമനസ്യം കോണ്‍ഗ്രസിനില്ല. എം എം മണിക്ക് ജാമ്യം ലഭിക്കുന്നതിനെ കോടതിയില്‍ച്ചെന്ന് പേര്‍ത്തും പേര്‍ത്തും എതിര്‍ക്കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസാണ്. മോഹനന് മാസ്റര്‍ ഇറങ്ങാനേ പാടില്ല എന്നുറപ്പിക്കാനാണ് പൊലീസ് വെപ്രാളപ്പെടുന്നത്. പി ജയരാജന്റെയും ടി വി രാജേഷിന്റെയും കാര്യത്തില്‍ അതേദുഷ്ടബുദ്ധിയായിരുന്നു പ്രയോഗിച്ചത്. അപകടകരമായ ഇരട്ടത്താപ്പാണിത്. മണിക്കും മഅ്ദനിക്കുമില്ലാത്ത അവകാശം കൊലപാതകികളായ വിദേശികള്‍ക്ക് എങ്ങനെ ഉണ്ടാകുന്നു എന്ന് കോണ്‍ഗ്രസും ആ പാര്‍ടിയെ പിന്തുണയ്ക്കുന്നവരും വിശദീകരിക്കേണ്ടിവരും- ജനങ്ങള്‍ക്കുമുന്നില്‍.
10 comments:
മണിക്കും മഅ്ദനിക്കുമില്ലാത്ത അവകാശം കൊലപാതകികളായ വിദേശികള്‍ക്ക് എങ്ങനെ ഉണ്ടാകുന്നു എന്ന് കോണ്‍ഗ്രസും ആ പാര്‍ടിയെ പിന്തുണയ്ക്കുന്നവരും വിശദീകരിക്കേണ്ടിവരും
ചിലര്‍ക്ക് കൂടുതല്‍ മനുഷ്യാവകാശമുണ്ട് !
ഇപ്പറഞ്ഞ ഇറ്റലിക്കാരേക്കാള്‍ മനുഷ്യാവകാശമനുഭവിക്കുന്നു നാല്‍പ്പാടി വാശു വധക്കേസിലെ പ്രതികളും, സാക്ഷികളെ കൊല്ലുമെന്ന് വെല്ലുവിളിച്ച് അത് നടപ്പാക്കിയവരും !
ഭണകൂട ഭീകരതയുടെയും. വിവേചനത്തിന്റെയും ആഴം ഇപ്പോള്‍ വ്യക്തമാകുന്നു.
2008ലെ ബാംഗ്ലൂര്‍ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് മദനിക്കെതിരേ കേസുള്ളത്.
"രാജ്യത്തിനു എതിരെ യുദ്ധം" എന്നാ വകുപ്പിന്റെ കീഴില്‍ വരുന്ന കേസ് ഉള്ളവര്‍ക്ക് ജാമ്യം കിട്ടില്ല എന്ന് ഇവിടെ എല്ലാര്ക്കും പകല്‍ പോലെ അറിയാം... അറിഞ്ഞു കൊണ്ട് ഒരു "നാടകം" എല്ലാരും കളിക്കുന്നു.. കേരളത്തില്‍ ഉള്ള കുറെ മണ്ടന്മാര് വിചാരിക്കും ഇതാണ് ശരി എന്ന് ....ചികിത്സ കിട്ടാന്‍ എല്ലാര്ക്കും അര്‍ഹത ഉണ്ട്.. അതിനുള്ള അവസരം കോടതികള്‍ മദനിക്ക് കൊടുത്തിട്ടും ഉണ്ട്... സ്വന്തം കാശ് കൊണ്ട് ജയിലില്‍ നിന്ന് കൊണ്ട് ചികിത്സ ചെയ്യുക... that's enough.... എം എം മണിയുടെ കേസ് വേറെ സ്വഭാവം ഉള്ളത്... അദ്ദേഹത്തിനു ഒരു സാദാരണ ആരോപണ വിധേയന് ആയ വ്യക്തിക്കുള്ള എല്ലാ പരിരക്ഷയും പരിഗണനയും കിട്ടണം...അദ്ദേഹത്തിന്റെ കാര്യത്തില്‍ ജാമ്യ നിഷേധത്തിന്റെ ഒരു ന്യായീകരണവും ഇല്ല ....ആദര്‍ശത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് ആയ എന്റെ അഭിപ്രായം ഇതാണ് ...
മണ്ടന്‍ അല്ലാത്ത മേനോന് ഇതൊന്നു കണ്ടു അഭിപ്രായം പറയൂ. പോലീസ് എങ്ങനെ മദനിയെ "രാജ്യത്തിനെതിരായ" യുദ്ധക്കാരന്‍ ആക്കി എന്ന്.
http://www.youtube.com/watch?v=k0FFmzinBmU
പ്രിയ സുഹൃത്തേ മനോജേ, ആ യുടുബ് വീഡിയോ യുടെ ആധികാരികതയില്‍ ആണോ താങ്കള്‍ മദനി നിരപരാധി ആണെന്ന് തെളിയിക്കുന്നത്.... ആ വീഡിയോയുടെ അവസാന ഭാഗത്തില്‍ യോഗനന്ദ തന്നെ പറയുന്നുണ്ടല്ലോ അദ്ദേഹം മദനി കണ്ട സാക്ഷികളുടെ പട്ടികയില്‍ ഇല്ല എന്ന് ... അദ്ദേഹം നസീര്‍ മുതലായവരെ കണ്ട സാക്ഷി ആണ് .. ഈ കേസിന്റെ ഒരു പ്രധാന ഭാഗം കഴിഞ്ഞു ... റഫീക്ക് , പ്രഭാകര്‍ എന്നീ രണ്ടു സാക്ഷികള്‍ മജിസ്ട്രേറ്റ് മുമ്പാകെ മദനി കുടകില്‍ കണ്ടു എന്ന് സ്വമേധയാ സാക്ഷി മൊഴി കൊടുത്തു കഴിഞ്ഞു...in the court and statement under section 164 of Code of Criminal Procedure (CrPC), India. സെക്ഷന്‍ 164 പ്രകാരം കോടതിയില്‍ കൊടുത്ത സാക്ഷി മൊഴി ഒരു കാരണവശാലും തിരുത്തണോ, പിന്വലിക്കാണോ കഴിയില്ല .... ഈ കേസിലെ നിര്‍ണായകമായ പല ഖട്ടങ്ങളും കഴിഞ്ഞു... സാക്ഷികള്‍ അവര്‍ കൊടുത്ത മൊഴി നിഷേധിക്കുകയാനെങ്ങില് അവര്‍ക്ക് കോടതിയലക്ഷ്യ നടപടികളോ ക്രിമിനല്‍ കേസോ നേരിടേണ്ടി വരും ....ഒരു മുഖ്യ പത്രത്തിന്റെ സബ് എഡിറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്ക താങ്കള്‍ ഇതൊക്കെ തീര്‍ച്ചയായും അറിഞ്ഞിരിക്കനമായിരുന്നു.... കോയമ്പത്തൂരില്‍ നടന്നത് പോലെ ഉള്ള ബാഹ്യ ഇടപെടലുകള്‍ ഇവിടെ നടക്കാന്‍ ഒരു സദ്ധ്യതത്യും ഇല്ല ... 2007നു ശേഷം തീവ്രവാദ/ ഭീകരവാദ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന ഗോവെര്ന്മേന്റുകളും അന്വേഷണ ഏജന്‍സികളും കൂടുതല്‍ ജാഗരൂകരും,വിട്ടുവീഴ്ച മനോഭാവം ഇല്ലാത്ത നിലപാടിലും ആണ്
പ്രിയ സുഹൃത്തെ മേനോനെ, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലൊന്നും താങ്കള്‍ അറിഞ്ഞിട്ടില്ലേ? പോലീസ് പറയുന്നതും കോടതിയില്‍ എഴുതിക്കൊടുക്കുന്നതും വേദ വാക്യമായി അങ്ങേയ്ക്ക് തോന്നുന്നുണ്ടോ>?
ദേ മദനി പോയി,, ദാ വന്നു ഗുജറാത്ത്.... ......മനോജ് സഖാവെ, എന്ത് പറഞ്ഞാലും അവസാനം ഗുജറാത്ത് , നരേന്ദ്ര മോഡി, മോഡീടെ താടി, താടീടെ പൂട,,,, ഇതൊക്കെ എന്നാ ഞമ്മള് ഒന്ന് നിര്‍ത്തുക....ആദ്യം ഞമ്മക്ക് ഈ മദനി പ്രശ്നം ഒരു വഴിക്ക് ആക്കണ്ടേ... എന്നിട്ട് വടക്കോട്ട് പിടിക്ക... ഗുജറാത്തിനെ പറ്റി പറഞ്ഞപ്പോ ഒരു ഐഡിയ ...ഞമ്മളെ പത്രം ഗുജറാത്തി ഭാഷയില്‍ ഒന്ന് തുടങ്ങിയാലോ .... നല്ല സര്ക്കുലേശന് ഉറപ്പാ... ഗുജറാത്തികള്‍ ഫുള്‍ ടൈം ബിസി ആയി അദ്വാനിച്ചു ജോലി ചെയ്തു ജീവിക്കുന്ന ആള്ക്കാര് ആയ കൊണ്ട് നമ്മളെ പോലെ, സമരം, KSRTC ബസ് എറിഞ്ഞു ഉടയ്ക്കല്‍, സര്‍ക്കാര്‍ ഓഫീസ അടിച്ചു പൊളിക്കല്‍ ഇത്യാദി നേരം പോക്കുകള്‍ ഒന്നും ഇല്ല ... ഞമ്മളെ പത്രം ആകുമ്പോള്‍ "10 മിനുട്ടില്‍ 68 പട്ടിയെ തിന്ന" പോലത്തെ തമാശ വാര്‍ത്തകള്‍ വായിച്ചു അവര്‍ക്ക് വിശ്രമ വേളകല്‍ ആനന്ധ പ്രധമകാം....http://s3.amazonaws.com/files.posterous.com/rockus/3oEkdmNu3Vv4iudoyaW78LyItTAoQnUNdTRNKmBF5rGnb5ZBiwHvsjI6XKqn/image001.gif?AWSAccessKeyId=AKIAJFZAE65UYRT34AOQ&Expires=1356175567&Signature=XRYYZTCYHwuDB5SdEBFg%2FGzQJYs%3D കഴിഞ്ഞ അടുപ്പ് കൂട്ടലില്‍ ആരെങ്കിലും പട്ടിയെ ഫ്രൈ ചെയ്ത വല്ല ന്യൂസ് ഉണ്ടായിരുന്നോ ....എങ്ങും കണ്ടില്ല... .. (Mr. Manoj, I read lot of your article across electronic media as well as in printed form. Like your write up style and approach. 80% of your views and presentation I could agree, but I have some diffident views only on national security, diffence, internal terrorism etc... Thank you...)
അണകെട്ടുകളും പാലങ്ങളും നിര്‍മിക്കുമ്പോള്‍ പണ്ടൊക്കെ മനുഷ്യകുരുതി നടത്തുന്ന പതിവുണ്ടായിരുന്നു .പാലത്തിനു ഉറപ്പും ആയുസ്സും ഉണ്ടാകുമെന്ന വിശ്വാസം ആയിരുന്നു ഇതിനു കാരണം .
Post a Comment