Saturday, June 16, 2012

വര്‍ഗവഞ്ചക വിജയം




നെയ്യാറ്റിന്‍കരയില്‍ അസാധാരണമായത് ഒന്നും സംഭവിച്ചിട്ടില്ല. യുഡിഎഫ് വിരുദ്ധവോട്ടുകളില്‍ വലിയൊരു പങ്ക് ബിജെപിക്ക് കൈക്കലാക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ്, ഒരുകൊല്ലംമുമ്പ് നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പക്ഷത്തുനിന്ന മണ്ഡലം യുഡിഎഫ് പക്ഷത്തേക്ക് തിരിച്ചുപോയത്. അഞ്ചു പഞ്ചായത്തും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുമടങ്ങുന്ന മണ്ഡലം രാഷ്ട്രീയസ്വാധീനംകൊണ്ട് യുഡിഎഫിന് മേല്‍ക്കൈയുള്ളതാണ്. ഒരു പഞ്ചായത്തൊഴികെ മറ്റിടങ്ങളിലെല്ലാം ഭരണം യുഡിഎഫിന്്. മണ്ഡലത്തിന്റെ ഈ രാഷ്ട്രീയ ഭൂമിശാസ്ത്രമാണ് സിറ്റിങ് എംഎല്‍എയെ രാജിവയ്പിച്ച് കൂറുമാറ്റിച്ച് മത്സരിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ധൈര്യം നല്‍കിയത്. ഏത് രാഷ്ട്രീയ സുനാമി ആഞ്ഞടിച്ചാലും അവിടെ തങ്ങളുടെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഉമ്മന്‍ചാണ്ടി ഈ തീരുമാനമെടുത്തത്. ആ കണക്കുകൂട്ടല്‍ അസ്ഥാനത്താക്കുമെന്നു തോന്നിപ്പിച്ച തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, യുഡിഎഫ് വിജയപ്രതീക്ഷ കൈവിടുന്ന നിലയും വന്നതാണ്. എന്നാല്‍, അഞ്ച് പ്രധാന ഘടകങ്ങള്‍ അവരുടെ രക്ഷയ്ക്കെത്തി.

ഒന്നാമത്തേത്, യുഡിഎഫ് വിരുദ്ധ വോട്ടുകളുടെ ചിതറിപ്പോക്ക്. രണ്ട്: തെരഞ്ഞെടുപ്പില്‍ ഉയരേണ്ടിയിരുന്ന എല്ലാ വിഷയങ്ങളെയും തമസ്കരിച്ചുള്ള മാധ്യമപ്രചാരണം. മൂന്ന്: നഗ്നമായ അധികാര ദുര്‍വിനിയോഗവും പണത്തിന്റെ സ്വാധീനവും. നാല്: ജാതി- മതശക്തികളുടെ കേന്ദ്രീകരണം. അഞ്ച്: സിപിഐ എമ്മിലും എല്‍ഡിഎഫിലും അനൈക്യമുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ യുഡിഎഫും മാധ്യമങ്ങളും നടത്തിയ ശ്രമങ്ങള്‍.

യുഡിഎഫിന് കിട്ടിയത് 52,528 വോട്ടാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് 46,194 വോട്ട് ലഭിച്ചു. ബിജെപിയുടെ ഒ രാജഗോപാലിന് 30,507. യുഡിഎഫ് വിരുദ്ധ വോട്ടുകള്‍ ആകെ 76,701. യുഡിഎഫ് വോട്ടും യുഡിഎഫ് വിരുദ്ധവോട്ടും തമ്മിലുള്ള വ്യത്യാസം 24,123. യുപിഎ- യുഡിഎഫ് സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ കൃത്യമായി പ്രതിഫലിച്ചു- പക്ഷേ അത് ചിതറി വലിയൊരുഭാഗം ബിജെപിയുടെ പെട്ടിയിലെത്തി. യുഡിഎഫിന്റെ വര്‍ഗീയ- സാമുദായിക പ്രീണനം ബിജെപി സമര്‍ഥമായി മുതലെടുത്തു. ഒരു നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു നടന്നപ്പോള്‍, ഭരിക്കുന്നകക്ഷിക്ക് എതിരായി കാല്‍ലക്ഷത്തോളം അധികവോട്ട് രേഖപ്പെടുത്തി എന്ന യാഥാര്‍ഥ്യമാണ് ഇവിടെ തെളിയുന്നത്. യുഡിഎഫ് വിജയം ത്രികോണ മത്സരത്തിന്റെ ആനുകൂല്യത്തിലുള്ള സാങ്കേതിക ആശ്വാസമാണ്. ബിജെപിയുടെ നേട്ടത്തിനു സഹായകമായിനിന്ന ഘടകങ്ങളില്‍ ഒന്ന്, ഒ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വമാണ്. കേന്ദ്രമന്ത്രിയായിരുന്ന മുന്‍ ദേശീയ നേതാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുതന്നെ, ബിജെപി ജയിക്കാനായി നില്‍ക്കുന്നവരാണെന്ന ധാരണപരത്തി. യുഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയിരുന്നത്. ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ വിമര്‍ശിച്ച, "മാണി- കുഞ്ഞാലിക്കുട്ടി ഭരണ"ത്തിനെതിരെ ഉയര്‍ന്ന വികാരം സമര്‍ഥമായ നീക്കത്തിലൂടെ വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നുവേണം കരുതാന്‍. ആ വോട്ടിന് വര്‍ഗീയച്ചുവയുണ്ട്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന പ്രധാന അപകടസൂചനകളിലൊന്നും അതുതന്നെയാണ്. എല്‍ഡിഎഫും ബിജെപിയും ഒരിക്കലും ഒന്നിച്ചുനില്‍ക്കില്ല എന്നതാണ് യുഡിഎഫിന്റെ ഒരു പ്രധാന സൗകര്യം.

ഇവിടെ, നിഷേധവോട്ടുകള്‍ മൊത്തമായി ബിജെപിക്ക് ലഭിച്ചത് മറ്റൊരു സൗകര്യമായി. മാധ്യമങ്ങളുടെ സംഘടിതവും നിരന്തരവുമായ ആക്രമണമാണ് എല്‍ഡിഎഫ് നേരിട്ട പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന്. മെയ് നാലിന് രാത്രിയാണ് ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ആ നിമിഷംമുതല്‍, അതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ കെട്ടിവച്ചുള്ള പ്രചാരണം തുടങ്ങി, ഇടതടവില്ലാതെ. ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോള്‍ വില വര്‍ധന വന്നപ്പോഴും കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ മുഖ്യവാര്‍ത്ത ചന്ദ്രശേഖരന്‍ വധക്കേസായിരുന്നു. പിടിയിലായവര്‍ നല്‍കിയ മൊഴിയെന്ന പേരില്‍ സിപിഐ എമ്മിനെതിരായ വ്യാജകഥകള്‍ പ്രവഹിച്ചു. ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ കത്തും കണ്ണീരും മണ്ഡലത്തിലെ ഓരോ വീട്ടിലും വര്‍ണങ്ങളില്‍ പൊതിഞ്ഞ് പലവട്ടം എത്തി. വിലക്കയറ്റം, മണ്ണെണ്ണ നിഷേധം, പെന്‍ഷന്‍ അട്ടിമറി, അഴിമതി, അഞ്ചാംമന്ത്രി തുടങ്ങിയ വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്കു വന്നില്ല- എല്‍ഡിഎഫ് അവ ഉന്നയിച്ചെങ്കിലും വലതുപക്ഷ മാധ്യമ അജന്‍ഡയ്ക്കുതന്നെ മേല്‍ക്കൈ നേടാനായി. "കൊലപാതകികള്‍ക്ക് വോട്ടോ" എന്നാണ് യുഡിഎഫ് ചോദിച്ചത്. രമേശ് ചെന്നിത്തലമുതല്‍ എ കെ ആന്റണിവരെ ആ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അതിന്റെ പ്രയോജനം ഉറപ്പാക്കാന്‍, തന്നെത്തേടി ക്വട്ടേഷന്‍ സംഘം വന്നുവെന്ന പച്ചക്കള്ളം യുഡിഎഫ് സ്ഥാനാര്‍ഥി സെല്‍വരാജ് പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ അതിനും അസാധാരണമായ പ്രാധാന്യം നല്‍കി വിശ്വാസ്യത വരുത്തിക്കാന്‍ ശ്രമിച്ചു. പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള ചുരുങ്ങിയ അവസരംപോലും ഇടതുപക്ഷത്തിന് നിഷേധിച്ചുള്ള ഈ മാധ്യമ കടന്നാക്രമണം വോട്ടുകളായി പരിണമിക്കുകയും അത് യുഡിഎഫും ബിജെപിയും വീതംവച്ചെടുക്കുകയും ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സെല്‍വരാജിന് വോട്ടുപിടിക്കാനുള്ള വാടക സാമഗ്രികളായി അധഃപതിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി ആനുകൂല്യങ്ങള്‍ നല്‍കിയും പരാതികള്‍ പരിഹരിച്ചും വോട്ടുതേടി. സെല്‍വരാജും ഭാര്യയും വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിച്ചു. അരപ്പട്ടിണിക്കാരായ പാവങ്ങളെ പണംകൊടുത്തും വാഗ്ദാനങ്ങളില്‍ കുളിപ്പിച്ചും സ്വാധീനിക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍, അതിനെ നിസ്സാരവല്‍ക്കരിച്ചും തമസ്കരിച്ചും മുഖ്യധാരാ വലതുപക്ഷ മാധ്യമ സഖ്യം യുഡിഎഫിന് രക്ഷാകവചം തീര്‍ത്തു. കൊലപാതക രാഷ്ട്രീയത്തിന്റെ ആരോപണം അരക്കിട്ടുറപ്പിക്കാന്‍, എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിക്കുക എന്ന കടന്നകൈക്കുപോലും ഭരണാധികാരികള്‍ തയ്യാറായി. എല്ലാ തെരഞ്ഞെടുപ്പിലുമെന്നപോലെ, ജാതിമത ശക്തികളെ കൂട്ടിയോജിപ്പിച്ച് നിര്‍ത്താന്‍ ഇക്കുറിയും യുഡിഎഫിന് സാധിച്ചു. ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദം സംരക്ഷിക്കാന്‍ ഒരു വോട്ട് എന്നതായിരുന്നു ക്രൈസ്തവമേഖലയിലെ മുദ്രാവാക്യം. നാടാര്‍ വോട്ടുകള്‍ ഏകീകരിപ്പിക്കാനുള്ള ഇടപെടലുകള്‍ ഫലംചെയ്യുമെന്ന് യുഡിഎഫ് നേരത്തെതന്നെ ഉറപ്പിച്ചിരുന്നു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നിട്ടുനിന്നപ്പോള്‍, ഇനിയുള്ള പഞ്ചായത്തുകള്‍ എണ്ണിത്തീരുമ്പോള്‍ തങ്ങള്‍ വന്‍വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍ തറപ്പിച്ചു പറഞ്ഞത് അതുകൊണ്ടാണ്. "ഒഞ്ചിയം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണംചെയ്തു" എന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. യുഡിഎഫ് സ്വീകരിച്ച തന്ത്രത്തിന്റെ തുടര്‍ച്ചയാണിത്. സിപിഐ എമ്മില്‍ അനൈക്യമാണെന്നു വരുത്തിത്തീര്‍ക്കാനും അത് പാര്‍ടിയെ ക്ഷീണിപ്പിച്ചു എന്ന് പ്രചരിപ്പിക്കാനും പ്രചാരണവേളയിലുടനീളം മാധ്യമസഹായത്തോടെ യുഡിഎഫ് ശ്രമിച്ചു. വി എസ് പാര്‍ടിക്കെതിരാണ് എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്്. എല്‍ഡിഎഫിന്റെ വിജയസാധ്യതയില്‍ ജനങ്ങളില്‍ സംശയമുണര്‍ത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അത് തെരഞ്ഞെടുപ്പിനുശേഷവും തുടരുന്നു എന്നതാണ്, ചെന്നിത്തലയുടെ പ്രതികരണം നല്‍കുന്ന സൂചന. വോട്ടെടുപ്പ് ദിവസം, പോളിങ്ങിനെക്കുറിച്ചു പറയാനല്ല, പ്രതിപക്ഷ നേതാവിന്റെ ഒഞ്ചിയം സന്ദര്‍ശനത്തെ കണ്ണീരില്‍ചാലിച്ച് അവതരിപ്പിച്ച് എല്‍ഡിഎഫിനെതിരായ ആയുധമാക്കാനാണ് മാധ്യമങ്ങളും യുഡിഎഫും ശ്രമിച്ചത്. സിപിഐ എമ്മില്‍ ഭിന്നതയുണ്ടാവുക യുഡിഎഫിന്റെ എക്കാലത്തെയും ആവശ്യമാണ്. അങ്ങനെ വരുത്താനുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പുകാലത്തുടനീളമുള്ള യുഡിഎഫ് ശ്രമം. അതാണ്, പുതിയ ഒളിയമ്പേറിലൂടെ രമേശ് ചെന്നിത്തല സ്ഥിരീകരിക്കുന്നത്. ഇത്രയെല്ലാമായിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 46,194 വോട്ട് നേടാനായത് നിസ്സാരമല്ല. എല്ലാ വിരുദ്ധശക്തികളും ഒന്നിച്ചുനിന്ന് കെട്ടിയിട്ട് ആക്രമിച്ചാലും തകര്‍ന്നുപോകുന്നതല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ എന്നതിന്റെ തെളിവാണ് ഈ വോട്ടുകള്‍. നടന്ന പ്രചാരണത്തിന്റെ അളവും തീവ്രതയും വച്ചുനോക്കിയാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ പുറകിലേക്ക് എല്‍ഡിഎഫ് പോകണമായിരുന്നു. എന്നാല്‍, അതില്‍നിന്ന് ബഹുദൂരം മുന്നോട്ടുവരാനും ജനകീയ അടിത്തറയില്‍ ചെറുവിള്ളല്‍പോലും വീണിട്ടില്ലെന്ന് തര്‍ക്കമറ്റ നിലയില്‍ തെളിയിക്കാനും എല്‍ഡിഎഫിന് കഴിഞ്ഞു.

ഭരണത്തിലിരിക്കുന്ന കക്ഷിക്ക് അനുകൂലമായി വന്‍തോതില്‍ വരേണ്ടിയിരുന്ന വോട്ടുകള്‍ (പിറവം മാതൃകയില്‍) യുഡിഎഫിന് ആര്‍ജിക്കാനായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ത്രികോണ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ നേടിയ ആശ്വാസജയത്തില്‍ കവിഞ്ഞ ഒന്നുമല്ല യുഡിഎഫിന്റെ വിജയം. അതിലുമുപരി, തൊഴിലാളി വര്‍ഗത്തെയും അതിന്റെ പ്രസ്ഥാനത്തെയും അവിശ്വസനീയമാംവിധം വഞ്ചിച്ച വര്‍ഗവഞ്ചകന്റെ വിയര്‍പ്പാണ് യുഡിഎഫ് മൊത്തിക്കുടിക്കുന്നത്. സെല്‍വരാജ് നേരത്തെയും എംഎല്‍എയാണ്; ഇപ്പോഴും എംഎല്‍എയാണ്. കക്ഷിമാറ്റം മാത്രമാണ് സംഭവിച്ചത്. അതുകൊണ്ട് കേരളത്തിലെ ഭരണത്തിനും രാഷ്ട്രീയത്തിനും മാറ്റമൊന്നും സംഭവിച്ചിട്ടില്ല- ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള കോടികള്‍, അടിച്ചേല്‍പ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പിനായി പഴായി എന്നതൊഴിച്ചാല്‍. താന്‍ അംഗമായിരുന്ന പാര്‍ടിയെയും മുന്നണിയെയും വോട്ടുചെയ്ത ജനങ്ങളെയും മാത്രമല്ല- നാടിനെയാകെയാണ് കൂറുമാറ്റക്കാരന്‍ വഞ്ചിച്ചത്. അതുകൊണ്ടുതന്നെ, ജൂണ്‍ പതിനഞ്ചിനെ വര്‍ഗവഞ്ചകന്റെ വിജയദിനമായി രേഖപ്പെടുത്താവുന്നതാണ്.

6 comments:

manoj pm said...

എസ് പാര്‍ടിക്കെതിരാണ് എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്്. എല്‍ഡിഎഫിന്റെ വിജയസാധ്യതയില്‍ ജനങ്ങളില്‍ സംശയമുണര്‍ത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. അത് തെരഞ്ഞെടുപ്പിനുശേഷവും തുടരുന്നു എന്നതാണ്, ചെന്നിത്തലയുടെ പ്രതികരണം നല്‍കുന്ന സൂചന. വോട്ടെടുപ്പ് ദിവസം, പോളിങ്ങിനെക്കുറിച്ചു പറയാനല്ല, പ്രതിപക്ഷ നേതാവിന്റെ ഒഞ്ചിയം സന്ദര്‍ശനത്തെ കണ്ണീരില്‍ചാലിച്ച് അവതരിപ്പിച്ച് എല്‍ഡിഎഫിനെതിരായ ആയുധമാക്കാനാണ് മാധ്യമങ്ങളും യുഡിഎഫും ശ്രമിച്ചത്. സിപിഐ എമ്മില്‍ ഭിന്നതയുണ്ടാവുക യുഡിഎഫിന്റെ എക്കാലത്തെയും ആവശ്യമാണ്. അങ്ങനെ വരുത്താനുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പുകാലത്തുടനീളമുള്ള യുഡിഎഫ് ശ്രമം. അതാണ്, പുതിയ ഒളിയമ്പേറിലൂടെ രമേശ് ചെന്നിത്തല സ്ഥിരീകരിക്കുന്നത്.

Ravindranath said...

Dear Manoj,
Ee vargha vanchakane, allenkil atharathilulla oru thettaya pravanathayude thudakkathe, shakthiyayi neridunnathilum,athinte mulayil thanne nullikkalayunnathilum,nammude prasthanam,athinte chila nethakkanmarude apachayangalum, dharstyavum,hunkum karanam Adharmikathaye vijayippikkanulla kalamorukkikoduthu ennathanu,ee parajayathekkal dukhakaram...Athini poruppichukooda..

പിരാന്തന്‍ said...

സെല്‍വരാജ് നേരത്തെയും എംഎല്‍എയാണ്; ഇപ്പോഴും എംഎല്‍എയാണ്. കക്ഷിമാറ്റം മാത്രമാണ് സംഭവിച്ചത്. അതുകൊണ്ട് കേരളത്തിലെ ഭരണത്തിനും രാഷ്ട്രീയത്തിനും മാറ്റമൊന്നും സംഭവിച്ചിട്ടില്ല- ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നുള്ള കോടികള്‍, അടിച്ചേല്‍പ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പിനായി പഴായി എന്നതൊഴിച്ചാല്‍. താന്‍ അംഗമായിരുന്ന പാര്‍ടിയെയും മുന്നണിയെയും വോട്ടുചെയ്ത ജനങ്ങളെയും മാത്രമല്ല- നാടിനെയാകെയാണ് കൂറുമാറ്റക്കാരന്‍ വഞ്ചിച്ചത്. അതുകൊണ്ടുതന്നെ, ജൂണ്‍ പതിനഞ്ചിനെ വര്‍ഗവഞ്ചകന്റെ വിജയദിനമായി രേഖപ്പെടുത്താവുന്നതാണ്.

Manu said...

ഒരു കാലുമാറ്റക്കാരന്‍ ജയിക്കുന്നു - എന്നത് തികച്ചും നിരാശാജനകം തന്നെ.. ഇത് തെറ്റായ ദിശയിലേക് കാര്യങ്ങള്‍ എത്തിക്കുന്നു...

മാധ്യമങ്ങളെ, സാമുദായിക ശക്തികളെ, വര്‍ഗീയതയെ ഒക്കെ കുറ്റം പറഞ്ഞുള്ള "അഴകൊഴമ്പന്‍" വിശകലനം നമ്മളെ എവിടെയും എത്തിക്കുന്നില്ല... പക്ഷെ, കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഒന്നും തന്നെ നമ്മുടെ ഗ്രേറ്റ് നേതാക്കന്മാര്‍ ചെയ്തില്ല... 'കുഞ്ഞനന്തനും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല " എന്നൊക്കെ പറയുന്ന മരമണ്ടന്‍ യുഗത്തിലാണ് പലരും...

അധികം എഴുതുന്നില്ല...

ഒരു തിരഞ്ഞെടുപ്പ് തോല്‍വി അവസാന യുദ്ധമല്ല.. ഇതില്‍ അത്ര നിരാശപ്പെടേണ്ട കാര്യവുമില്ല... അടിയന്തിരാവസ്ഥക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍, 140 സീറ്റില്‍ 111 അല്ലെ UDFനു കിട്ടിയത് ? ഇടതുപക്ഷം അന്ന് തന്നെ നശിച്ചു പോകേണ്ടതല്ലേ ?

Shukoor Ahamed said...

ജാതി മത ശക്തികള്‍ ഇവിടെ കേരളത്തിലും വിജയവും പരാജയവും തിരുമാനിക്കും വിധം രാഷ്ട്രീയത്തില്‍ പിടി മുറുക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് "മയ്യത്തിന്റെ" വിജയം... ഇടതു പക്ഷം തകരുമ്പോള്‍ ഇവിടെ വളര്‍ന്നു വരുന്നത് സംഘ പരിവാര്‍ ശക്തികള്‍ ആണെന്നു കൂടി ഈ തിരഞ്ഞെടുപ്പ് മനസ്സിലാക്കി തന്നു.

raj said...

സാങ്കേതികമായി വിജയം അവകാശപ്പെടാം എന്നല്ലാതെ അഭിമാനിക്കാന്‍ ഒന്നും ഇല്ല.വരാനിരിക്കുന്ന കൊടുംകാറ്റ ന്റെ സുചനയാണ്‌.എവിടെ കാണുന്നത്.മതതിനെയും മാധ്യമ ത്തിനെയും കൂട്ടുപിടിച്ച് നേടിയ ഈ വിജയം വരാനിരിക്കുന്ന തോല്‍വിയുടെ സൂചനയാണ്...ഒരു തോല്‍വിയില്‍ തകരുന്നതല്ല കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ...ഈ തിരിച്ചടി ഒരു പാഠം ആകണം. വരാനിരിക്കുന്ന ഒരു വലിയ വിജയത്തിലേക്ക് ഉള്ള പാഠം.പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്ന ചില നേതാക്കളും പാരയായി.