Friday, May 11, 2012

മൊയാരത്തിന്റെ ചോരപ്പാടുകള്‍ സാക്ഷി

ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം



വടകരയിലെ ടി പി ചന്ദ്രശേഖരന്റെ അരുംകൊലയെ സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ് പരിധിവിട്ട് ശ്രമിക്കുന്നു. സിപിഐ എമ്മിന്റെ രക്തം ദാഹിച്ചുള്ള ആ പാച്ചിലില്‍ സ്വന്തം ഭൂതകാലം മറക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാപക നേതാവിനെത്തന്നെ കൊന്നുതള്ളിയ, നൂറുകണക്കിനാളുകളുടെ ജീവരക്തത്തിന്റെ കറപറ്റിയ ഇന്നലെകള്‍ കോണ്‍ഗ്രസിന്റെ പകയുടെയും കൊലവെറിയുടെയും മാറാലകെട്ടിയ ചിത്രം വരച്ചിടുന്നു. ഖദറിനുള്ളിലെ നരഭോജി രാഷ്ട്രീയം അനാവരണംചെയ്ത് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് തയ്യാറാക്കിയ പരമ്പര.

മൊയാരത്ത് ശങ്കരന്റെ ജഡം എവിടെയാണ് സംസ്കരിച്ചത് എന്ന് ആര്‍ക്കുമറിയില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഏതോ മൂലയിലാകാം. ബാക്കിയായത് രക്തംപുരണ്ട ഒരു ഖാദി മുണ്ടും നെഹ്രുവിയന്‍ മേല്‍ക്കുപ്പായവും മാത്രം. കോയ്യാറ്റിലെ (കണ്ണൂര്‍ജില്ല) മൊയാരം ഹൗസില്‍ ഉലയാതെ സൂക്ഷിച്ച ആ പരുക്കന്‍ ഖാദിത്തുണികള്‍ പറയുന്നത് ഒരു പിതൃഹത്യയുടെ കഥയാണ്. ചര്‍ക്കയില്‍ നൂല്‍നൂറ്റും ഗാന്ധിജിയെപഠിച്ചും ഗാന്ധിയന്‍ജീവിതം നയിച്ചും കോണ്‍ഗ്രസായ മൊയാരത്ത് ശങ്കരന്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചവരിലൊരാളാണ്. ആരാധ്യനായ ആ നേതാവിനെ തല്ലിക്കൊന്നതും കോണ്‍ഗ്രസുകാരാണ്. ആറരപ്പതിറ്റാണ്ട് മുമ്പ് നടന്ന ആ കൊലപാതകം ക്വട്ടേഷന്‍ സംഘമല്ല നടത്തിയത്-അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയാണ്. ആ സംഘത്തിന്റെ പേരിലും ഗാന്ധിനാമമുണ്ടായിരുന്നു- ഗാന്ധിയന്‍ ദേശരക്ഷാസമിതി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തിയപ്പോഴാണ് മൊയാരം ഇനി ജീവിക്കേണ്ട എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇന്ത്യയിലെ ആദ്യകാല തൊഴിലാളി-കര്‍ഷക ബഹുജന സംഘാടകരില്‍ പ്രമുഖനും കോണ്‍ഗ്രസിന്റെ ചരിത്രരചയിതാവുമായ മൊയാരത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പഴക്കമുണ്ട് കേരളത്തില്‍ ഖദറിട്ട നരഭോജിരാഷ്ട്രീയത്തിന് എന്നര്‍ഥം.

പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കുലംകുത്തികളെന്ന് കമ്യൂണിസ്റ്റുകാര്‍ വിളിച്ചത് കോണ്‍ഗ്രസ് നേതാവായ മുഖ്യമന്ത്രിക്ക് "ക്രൂരത"യായി തോന്നുന്നു. സ്വന്തം പാര്‍ടിയെ നയിച്ച നേതാവ് വിട്ടുപോയപ്പോള്‍ വളഞ്ഞിട്ട് തല്ലിവീഴ്ത്തി കൊല്ലാക്കൊലചെയ്ത് പൊലീസിനെ ഏല്‍പ്പിക്കുകയും ഇരുമ്പഴിക്കുള്ളില്‍ നരകിച്ച് മരിക്കാന്‍ വിടുകയും ചെയ്ത പാരമ്പര്യമോ?

1948 മെയ് 11ന് എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി നടന്നുനീങ്ങുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പട പൊലീസിനൊപ്പമെത്തി മൊയാരത്തിനുനേരെ ചാടി വീണത്. കുറുവടികള്‍ ആ ശരീരം തകര്‍ത്തു. ഖദര്‍ വസ്ത്രം ചോര വീണ് നഞ്ഞു. ആ ചോരയാലെ ലോക്കപ്പിലേക്കും ജയിലിലേക്കും. മൂന്നാംനാള്‍ മരണം. ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത് ചോരപുരണ്ട വസ്ത്രം മാത്രം.

കോണ്‍ഗ്രസ് കേരളത്തില്‍ വളര്‍ന്നത് ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും വിടുപണിചെയ്താണ്. നാണംകെട്ട ഒറ്റുകാരുടെ ഇന്നലെകളാണ് ആ പാര്‍ടിയുടേത്. കമ്യൂണിസ്റ്റ് ആശയങ്ങളെ ഉന്മൂലനംചെയ്യാന്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഒറ്റുകാരാകാന്‍ അവര്‍ മടിച്ചുനിന്നില്ല. വിദേശികള്‍ ഒഴിഞ്ഞുപോയപ്പോള്‍ ഖദറിട്ട സായ്പന്മാര്‍ പരമാധികാരം ഏറ്റെടുത്തു. കോണ്‍ഗ്രസില്‍നിന്ന് അകന്നുപോയി എന്നകാരണം മതിയായിരുന്നു അവര്‍ക്ക് മൊയാരത്ത് ശങ്കരനെ കൊന്നുതള്ളാന്‍. മഹാമനീഷിയായ മൊയാരത്തിന്റേതിനേക്കാള്‍ വലിയ ഏതു രക്തസാക്ഷിത്വമുണ്ട് കേരളത്തില്‍ എന്ന ചോദ്യത്തിനുമുന്നില്‍ കോണ്‍ഗ്രസുകാര്‍ക്ക് നിവര്‍ന്നുനില്‍ക്കാനാകില്ല-അന്നും ഇന്നും.

വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ എന്ന പ്രാദേശികനേതാവ് കൊല്ലപ്പെട്ടപ്പോള്‍ കുറ്റം സിപിഐ എമ്മിനുമേല്‍ ചാരാന്‍ കോണ്‍ഗ്രസ് വെപ്രാളപ്പെടുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പുറത്തുപോയി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചന്ദ്രശേഖരനെ കൊന്നത് കമ്യൂണിസ്റ്റുകാര്‍ തന്നെ എന്ന് ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നു. ആ പ്രചാരണത്തിന് ആയുസ്സ് കൂട്ടാന്‍ ഭരണസംവിധാനങ്ങളെയും മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പറയുന്നത് ചന്ദ്രശേഖരനെക്കുറിച്ച് മാത്രമാണ്. വിരല്‍ചൂണ്ടുന്നത് സിപിഐ എമ്മിനുനേരെയാണ്. അതിനവര്‍ക്ക് തെളിവുവേണ്ട; വസ്തുതകള്‍ വേണ്ട; യുക്തി വേണ്ട.

സമാധാനത്തിന്റെ വെള്ളിപ്പറവകളായി കേരളീയര്‍ക്കുമുന്നില്‍ അഭിനയിക്കുന്ന കോണ്‍ഗ്രസിന്റെ ഭൂതകാലം ചോരക്കൊതിയുടെ കറുത്ത കറയില്‍ മുങ്ങിയതാണ്. പാര്‍ടിവിട്ടതിന് മൊയാരത്ത് ശങ്കരന് വധശിക്ഷ വിധിച്ചവര്‍ പിന്നീട് നടത്തിയ കൊലപാതകങ്ങളുടെ നിര നീണ്ടതാണ്. ചീമേനിയില്‍ അഞ്ചുപേരെ ജീവനോടെ ദഹിപ്പിച്ചതുള്‍പ്പെടെ. കുഞ്ഞാലിയുടെ നെഞ്ചിലേക്ക് പാഞ്ഞുകയറിയ വെടിയുണ്ട കോണ്‍ഗ്രസിന്റേതാണ്. അഴീക്കോടന്റെ ജീവരക്തം പുരണ്ട കത്തിയുടെ ഒരറ്റത്ത് കോണ്‍ഗ്രസിന്റെ സ്പര്‍ശമുണ്ട്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ വിളമ്പിയ ചോറില്‍ പടര്‍ന്ന ചോര കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ വാളുകളില്‍നിന്ന് തെറിച്ചതാണ്. ഇ പി ജയരാജന്റെ കഴുത്തിലെ വെടിയുണ്ടയ്ക്കും കോണ്‍ഗ്രസിന്റെ ഉടമസ്ഥതയുണ്ട്. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പാര്‍പ്പിടങ്ങളിലും കോണ്‍ഗ്രസ് കൊന്നുതള്ളിയവരുടെ പട്ടികയ്ക്ക് സമാനമായി മറ്റൊന്നില്ല. അടിയന്തരാവസ്ഥയില്‍ അധികാരമത്തിന്റെ ചവിട്ടടിയില്‍ പിടഞ്ഞൊടുങ്ങിയ ജീവിതങ്ങള്‍ക്ക് കണക്കുപറയേണ്ടതും കോണ്‍ഗ്രസ് തന്നെ. ആരാണ് ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നില്‍ എന്ന ചോദ്യം ഉയരുമ്പോള്‍ കോണ്‍ഗ്രസിലേക്ക് കണ്ണുകള്‍ നീളാന്‍ ആ പാര്‍ടിയുടെ ചതിയുടെയും അറുകൊലയുടെയും ചോരപുരണ്ട ചരിത്രംതന്നെ പ്രചോദനം. (അവസാനിക്കുന്നില്ല)

1 comment:

manoj pm said...

ചര്‍ക്കയില്‍ നൂല്‍നൂറ്റും ഗാന്ധിജിയെപഠിച്ചും ഗാന്ധിയന്‍ജീവിതം നയിച്ചും കോണ്‍ഗ്രസായ മൊയാരത്ത് ശങ്കരന്‍ കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചവരിലൊരാളാണ്. ആരാധ്യനായ ആ നേതാവിനെ തല്ലിക്കൊന്നതും കോണ്‍ഗ്രസുകാരാണ്. ആറരപ്പതിറ്റാണ്ട് മുമ്പ് നടന്ന ആ കൊലപാതകം ക്വട്ടേഷന്‍ സംഘമല്ല നടത്തിയത്-അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയാണ്