Monday, May 21, 2012

തന്തൂരി അടുപ്പിലെ മാംസഗന്ധം


തന്തൂരി അടുപ്പിലെ മാംസഗന്ധം

പത്താം ഭാഗം: കക്കയം ക്യാമ്പിന്റെ പ്രേതം

""15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു. എനിക്ക് എന്റെ അച്ഛനെയും അമ്മയെയും കാണാന്‍ മൂന്നുമാസത്തെ പരോള്‍ വേണം"". കഴിഞ്ഞ ഫെബ്രുവരി 17ന് ഡല്‍ഹി ഹൈക്കോടതിയില്‍ സുശീല്‍ശര്‍മ അപേക്ഷിച്ചു. ഒരുകാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ മിന്നും താരമായിരുന്നു സുശീല്‍ ശര്‍മ. എഐസിസി ജോയിന്റ് സെക്രട്ടറിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഉറ്റ കൂട്ടുകാരന്‍; യൂത്ത് കോണ്‍ഗ്രസിന്റെ ഡല്‍ഹി പ്രദേശ് പ്രസിഡന്റ്. ശര്‍മയുടെ ഭാര്യ നൈ സാഹ്നി ഡല്‍ഹി മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഭര്‍ത്താവ് എംഎല്‍എ, ഭാര്യ ഡല്‍ഹിയിലാകെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്. ആഘോഷജീവിതം. നൈയുടെ സഹപാഠിയായിരുന്ന മത്ലബ് കരീമും കോണ്‍ഗ്രസ് നേതാവാണ്. കരീമിന് നൈയുമായി അവിഹിതബന്ധമുണ്ടെന്ന് ശര്‍മ സംശയിച്ചു. 95 ജൂലൈ രണ്ടിന് രാത്രി ശര്‍മ വീട്ടിലെത്തിയപ്പോള്‍ നൈ ആരോടോ ഫോണില്‍ സംസാരിക്കുന്നു. ഭര്‍ത്താവിനെ കണ്ടയുടനെ സംഭാഷണം അവസാനിപ്പിച്ചു. അതോടെ അവിഹിതബന്ധം ഉറപ്പിച്ച ശര്‍മ തോക്കെടുത്തു. ഭാര്യയെ നേര്‍ക്കുനേര്‍ വെടിവച്ചുകൊന്നു. അശോക് റോഡിലെ ഭാഗ്യ എന്ന റസ്റ്റോറന്റിലേക്ക് ശവശരീരവുമായി ശര്‍മ യാത്രയാകുന്നു. അവിടെ റസ്റ്റോറന്റ് മാനേജര്‍ കേശവ്കുമാറിന്റെ സഹായത്തോടെ ജഡം ചെറുകഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട് കത്തിച്ചു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ സംശയംതോന്നി അടുത്തുചെന്നപ്പോള്‍ ശര്‍മ സ്ഥലംവിട്ടു. കേശവ് പിടിയിലായി. സ്വന്തം ഭാര്യയെ വെട്ടിനുറുക്കി അടുപ്പിലിട്ടു ചുട്ട കോണ്‍ഗ്രസ് നേതാവിന് കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതി അത് ശരിവച്ചു. അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ ശര്‍മയാണ്, തനിക്ക് മൂന്നുമാസം പരോള്‍ വേണമെന്ന് ഹൈക്കോടതിയോട് അപേക്ഷിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നതനായ ഒരു നേതാവിന്റെ ചരിത്രമാണിത്.

ഇതുപോലെ അനേകം സംഭവങ്ങള്‍. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ് കൂട്ടക്കൊല കോണ്‍ഗ്രസ് ഔദ്യോഗികമായി നടപ്പാക്കിയതാണ്. സിഖ് വംശജരെ കൂട്ടത്തോടെ അരിഞ്ഞുതള്ളി. അതിന് നേതൃത്വം നല്‍കിയ ജഗദീശ് ടൈറ്റ്ലറിനെയും സജ്ജന്‍കുമാറിനെയുമെല്ലാം കോണ്‍ഗ്രസ് പാര്‍ലമെന്റംഗത്വവും മന്ത്രിപദവും നല്‍കി ആദരിച്ചു. കേസുകള്‍ ഇപ്പോഴും തുടരുകയാണ്. ഡല്‍ഹിയില്‍ സുശീല്‍ ശര്‍മയാണ് കോണ്‍ഗ്രസിന്റെ പ്രതീകമെങ്കില്‍, ഇങ്ങ് കേരള തലസ്ഥാനത്തും അനുയായികള്‍ പിന്നോട്ടല്ല. കെപിസിസി നേതാവായ മുന്‍ എംഎല്‍എ സ്വന്തമായി എന്തിനുംപോന്ന ക്വട്ടേഷന്‍ സംഘത്തെ പോറ്റി വളര്‍ത്തുന്നുണ്ട്. മറ്റ് പ്രധാന നേതാക്കളെ ചുറ്റിപ്പറ്റിയും ഡസനോളം സംഘങ്ങള്‍ സജീവം.
2004ലാണ് കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി വിളയിക്കുളം ലാലിയെ കോണ്‍ഗ്രസ് ഗ്രൂപ്പ് വൈരത്തെത്തുടര്‍ന്ന് വെട്ടിക്കൊന്നത്. പ്രതികളെല്ലാം കോണ്‍ഗ്രസുകാര്‍. പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം മൂത്തപ്പോള്‍ അനുയായിയുടെ രക്തം മണ്ണില്‍ വീണു. എം എ വാഹിദ് എംഎല്‍എയും ഡിസിസി ഭാരവാഹി സി മോഹനചന്ദ്രനും തമ്മിലുള്ള ഗ്രൂപ്പ് വൈരം രണ്ട് ഗുണ്ടാപ്പടകള്‍ തമ്മിലുള്ള തെരുവുയുദ്ധമായി മാറിയപ്പോഴാണ് ലാലി ബലിയാടായത്. 2001ല്‍ മോഹനചന്ദ്രനെ "വെട്ടിയാണ്" എം എ വാഹിദ് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായത്. വാഹിദിനെ തോല്‍പ്പിക്കാന്‍ എതിര്‍ ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങി. ഇവരോടൊപ്പം ലാലിയും സജീവമായി ഉണ്ടായിരുന്നു എന്നാണ് ആരോപണം. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വാഹിദിന്റെ "കോടതി" ലാലിക്ക് വധശിക്ഷ വിധിച്ചു. പ്രതികളായത്, സ്ഥലത്തെ യൂത്ത് കോണ്‍ഗ്രസ് പ്രമുഖര്‍.
2010 മെയ് അഞ്ചിന് തലസ്ഥാന നഗരത്തില്‍ത്തന്നെ, കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്വന്തം പാര്‍ടി പ്രവര്‍ത്തകനെ ചവിട്ടിക്കൊന്നു. സെക്രട്ടറിയറ്റ് പിക്കറ്റിങ്ങിന് ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഗ്രൂപ്പുതിരിഞ്ഞുണ്ടായ തര്‍ക്കമാണ് നന്തന്‍കോട് ഷെര്‍ലി ലാന്‍ഡില്‍ ആന്റണി ഫ്രാന്‍സിസിനെ മരണത്തിലേക്ക് തള്ളിയിട്ടത്. കോണ്‍ഗ്രസ് കുറവന്‍കോണം മണ്ഡലം പ്രസിഡന്റ് ജെ ആര്‍ വിജയന്റെ ചവിട്ടേറ്റായിരുന്നു മരണം. നന്തന്‍കോട് ജങ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുകയായിരുന്നു ആന്റണി. അവിടെയെത്തിയ വിജയന്‍ "നിന്നെയൊക്കെ ആരാണ് സമരത്തിന് വിളിച്ചത്" എന്നുചോദിച്ച് ആന്റണിയെ വലിച്ചുപുറത്തിട്ടു മര്‍ദിച്ചു. പിടിവലിയില്‍ ഇരുവരും വീണപ്പോള്‍ വിജയന്‍ ചാടിയെണീറ്റ് ആന്റണിയുടെ നെഞ്ചത്ത് ചവിട്ടി. വിജയന്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പും ആന്റണി ഐ ഗ്രൂപ്പുമായിരുന്നു. ഹൃദയാഘാതം മൂലം മരിച്ചു എന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ ആന്റണിയുടെ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു. ചവിട്ടുകൊണ്ടുവീണ ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച ബര്‍ണബാസിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടി ""സൂക്ഷിച്ചോ, അടുത്തത് നീയാണ്"" എന്ന് പറയാന്‍ വിജയന്‍ മടിച്ചില്ല. കേസ് തേച്ചുമാച്ചുകളയാന്‍ കോണ്‍ഗ്രസ് ഉന്നത തലത്തില്‍ത്തന്നെ ഇടപെടല്‍ തുടരുന്നു. അന്ന് വിജയനെ പുറത്താക്കി എന്ന് നേതൃത്വം പ്രചരിപ്പിച്ചു. ഇന്ന് വിജയന്‍ പഴയ പ്രസിഡന്റ് സ്ഥാനത്തുതന്നെയാണ്. അത് എതിര്‍ഗ്രൂപ്പുകാര്‍ അംഗീകരിക്കുന്നില്ലെങ്കിലും.

കോണ്‍ഗ്രസ് ഇന്ന് ഒരു രാഷ്ട്രീയ പാര്‍ടിയല്ല- ഗാന്ധിയുടെയും ഖാദിയുടെയും പാരമ്പര്യത്തിന്റെ പലിശകൊണ്ട് ധൂര്‍ത്തടിക്കുന്ന ഒരുപറ്റം തട്ടിപ്പുകാരുടെ കൂട്ടായ്മ മാത്രം. ആ മുഖംമൂടിക്കുള്ളില്‍ ഏറ്റവും നികൃഷ്ടമായ കൊലപാതകിയുടെ ദംഷ്ട്രകളുണ്ട്. ചതിയന്റെ കുടിലമനസ്സുണ്ട്. ആ കുടിലതയാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന്റെ അജന്‍ഡയായി അനുദിനം പുറത്തുവരുന്നത്.

കേരളത്തിന്റെ സമുന്നത രാഷ്ട്രീയനേതാവായിരുന്ന ബേബി ജോണിനെ ഒരു സരസന്റെ തിരോധാനത്തിന്റെ പേരില്‍ കൊലയാളിയാക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനും കോണ്‍ഗ്രസ് നേതൃത്വം കാട്ടിയ ആവേശം ഓര്‍ത്തെടുത്താല്‍ സമാനതകളില്ലാത്ത നെറികേടിന്റെ ചിത്രം തെളിഞ്ഞുവരും. സരസന്‍ ചവറയിലെ ആര്‍എസ്പിയുടെ സാധാരണ പ്രവര്‍ത്തകനായിരുന്നു. ഇടയ്ക്ക് പാര്‍ടി വിട്ടു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷനായി. അതോടെ, കഴുകന്മാര്‍ രംഗത്തുവന്നു. പാര്‍ടിവിട്ട വൈരാഗ്യം തീര്‍ക്കാന്‍ സരസനെ ബേബി ജോണിന്റെ നിര്‍ദേശപ്രകാരം ആര്‍എസ്പി ജില്ലാ സെക്രട്ടറി വാസുപിള്ളയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തി എന്ന് ആരോപണമുയര്‍ത്തി. ബേബി ജോണിനെ കൊലയാളിയാക്കി നിരന്തര പ്രചാരണം. മുന്നില്‍ കോണ്‍ഗ്രസ്. മലയാള മനോരമയും മാതൃഭൂമിയും അതേറ്റെടുത്തു. പൊലീസന്വേഷണം; ആര്‍എസ്പിക്കാര്‍ക്ക് മര്‍ദനം. അന്ന് ഇ കെ നായനാര്‍ ബേബി ജോണുമായി സംസാരിച്ചു-തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് ബേബി ജോണ്‍ വ്യക്തമാക്കി. അത് മുഖവിലയ്ക്കെടുത്ത് സിപിഐ എം ബേബി ജോണിനൊപ്പം ഉറച്ചുനിന്നു. പക്ഷേ, പ്രചാരണം അതിരൂക്ഷമായിരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ പതിനായിരം വോട്ട് കൂടുതല്‍ നേടേണ്ടിയിരുന്ന ബേബിജോണ്‍ അത്തവണ നിയമസഭയിലെത്തിയത് 870 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുകൊല്ലത്തിനുശേഷം സരസന്‍ ചവറയില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ കുടകില്‍ ഒരു തോട്ടത്തില്‍ ജോലിചെയ്യുകയായിരുന്നു; സംഭവങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന് നാട്ടുകാരോട് പറഞ്ഞു. പക്ഷേ, പറഞ്ഞ കള്ളം പിന്‍വലിക്കാനോ ബേബി ജോണിനോട് മാപ്പുപറയാനോ കോണ്‍ഗ്രസ് തയ്യാറായില്ല- അദ്ദേഹത്തിന്റെ ബോധം മറയുന്നതുവരെ. അന്ന് ഇന്നത്തെപ്പോലെ ചാനല്‍ മത്സരമുണ്ടായിരുന്നെങ്കില്‍ ബേബി ജോണിനെ പൊലീസ് ക്യാമ്പില്‍ കൊണ്ടുപോയേനെ.

കമ്യൂണിസ്റ്റുകാരോടാകുമ്പോള്‍ എല്ലാ മര്യാദകളും മാറ്റിവയ്ക്കാം എന്ന ബോധം അടിച്ചുറപ്പിക്കുകയാണ് വലതുപക്ഷം. ഒരു ഭാഗത്ത് ഏകപക്ഷീയമായ നുണക്കഥകള്‍. സ്വന്തം വീട് ആര്‍ക്കും അഭയസ്ഥാനമാണ്. ഒഞ്ചിയം മേഖലയിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആ അഭയകേന്ദ്രം നിഷേധിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് വിരോധം കാപട്യപൂര്‍ണമാണെന്നതുപോലെ നിര്‍ദയവുമാണ്. ഒരു പാര്‍ടിയില്‍ വിശ്വസിക്കുന്ന കുറ്റത്തിന് നൂറുകണക്കിനാളുകളെ ആട്ടിയോടിക്കുന്ന ക്രൗര്യത്തിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നു. പൊലീസ്, മാധ്യമ, വലതുപക്ഷ ആക്രമണം ഏകോപിച്ച് ഊര്‍ജമാവാഹിക്കാന്‍ ചന്ദ്രശേഖരന്റെ കൊലപാതകം കാരണമായി. അത് അരങ്ങുതകര്‍ത്താടുകയാണ്. പശ്ചിമ ബംഗാളിലെന്നപോലെ മഹാസഖ്യമുണ്ടാകുന്നു. കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അന്വേഷണത്തില്‍ മറയില്ലാതെ ഇടപെടുന്നു. ഒരു കൊലപാതകത്തിന്റെ പാപഭാരം കയറ്റിവച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന വ്യാമോഹം പൂത്തുലയുകയാണ്. ആജ്ഞാനുവര്‍ത്തികളായ കുറെ പൊലീസുകാരും മാധ്യമസ്വാധീനവുമുണ്ടെന്ന ഹുങ്കാണ് ബംഗാള്‍ മോഡല്‍ സ്വപ്നത്തിനാധാരം. സിപിഐ എം കടന്നുവന്ന വഴികളും നേരിട്ട വെല്ലുവിളികളും സഹിച്ച ത്യാഗങ്ങളും ചിന്തിയ രക്തവും അറിയാത്തവരുടെ ആ ദിവാസ്വപ്നമാണ് കേരളത്തെ സമീപനാളുകളില്‍ ശബ്ദമുഖരിതമാക്കുന്നത്. എന്നാല്‍ അതിന് അല്‍പ്പായുസ് മാത്രം. (അവസാനിച്ചു)

3 comments:

manoj pm said...

പാര്‍ടിവിട്ട വൈരാഗ്യം തീര്‍ക്കാന്‍ സരസനെ ബേബി ജോണിന്റെ നിര്‍ദേശപ്രകാരം ആര്‍എസ്പി ജില്ലാ സെക്രട്ടറി വാസുപിള്ളയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തി എന്ന് ആരോപണമുയര്‍ത്തി. ബേബി ജോണിനെ കൊലയാളിയാക്കി നിരന്തര പ്രചാരണം. മുന്നില്‍ കോണ്‍ഗ്രസ്. മലയാള മനോരമയും മാതൃഭൂമിയും അതേറ്റെടുത്തു. പൊലീസന്വേഷണം; ആര്‍എസ്പിക്കാര്‍ക്ക് മര്‍ദനം. അന്ന് ഇ കെ നായനാര്‍ ബേബി ജോണുമായി സംസാരിച്ചു-തനിക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് ബേബി ജോണ്‍ വ്യക്തമാക്കി. അത് മുഖവിലയ്ക്കെടുത്ത് സിപിഐ എം ബേബി ജോണിനൊപ്പം ഉറച്ചുനിന്നു. പക്ഷേ, പ്രചാരണം അതിരൂക്ഷമായിരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ പതിനായിരം വോട്ട് കൂടുതല്‍ നേടേണ്ടിയിരുന്ന ബേബിജോണ്‍ അത്തവണ നിയമസഭയിലെത്തിയത് 870 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുകൊല്ലത്തിനുശേഷം സരസന്‍ ചവറയില്‍ പ്രത്യക്ഷപ്പെട്ടു.

Blogreader said...

It is so pathetic that you people tries to Justify TPs assassination by bringing up all the previous incidents. Transparency and honesty will be valued anywhere and anytime. CPIM should show their people friendly face and admit if they commit some mistake. Party can come back to peoples mind again. If you try to justify and runaway your face will be more tarnished.

Anonymous said...
This comment has been removed by a blog administrator.