Thursday, May 10, 2012

ക്വട്ടേഷന്‍ സംഘങ്ങളുടെ രസതന്ത്രം

വടകരയിലെ ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന്റെ പങ്കാളിത്തം അന്വേഷിച്ചുനടക്കുന്നവര്‍ നൈരാശ്യത്തിലാണെത്തുക എന്നതില്‍ പാര്‍ടിക്കകത്തുള്ളവര്‍ക്ക് സംശയമില്ല. കുറെയാളുകള്‍ സംഘടിതരായി സിപിഐ എമ്മിന് ചുറ്റും നിരന്നുനിന്ന്, ആക്ഷേപംചൊരിഞ്ഞതുകൊണ്ട് തളര്‍ന്നുപോകുന്നതല്ല പാര്‍ടിയുടെ ആത്മധൈര്യം. ഇത്തരം ആക്രമണങ്ങള്‍ ഇതാദ്യമല്ല. പാര്‍ടിയെയും നേതൃത്വത്തെയും സംശയത്തിന്റെ മുള്‍മുനയില്‍ കുത്തിനിര്‍ത്തി നടത്തിയ പലതരം ആക്രമണങ്ങള്‍ക്ക് ഈയടുത്ത വര്‍ഷങ്ങളില്‍ ഈ കേരളംതന്നെ വേദിയായിട്ടുണ്ട്. കിളിരൂര്‍, കവിയൂര്‍, മുത്തൂറ്റ് പോള്‍വധം, ലാവ്ലിന്‍ തുടങ്ങിയ കേസുകള്‍ ഉദാഹരണമായെടുക്കാവുന്നതാണ്. ഗുണ്ടാബന്ധംമുതല്‍ അഴിമതിയും സ്ത്രീപീഡനവുംവരെ വിഷയങ്ങളാക്കി പാര്‍ടിയെ ആക്രമിച്ചു. "എസ്" കത്തിയെച്ചൊല്ലി ഉയര്‍ന്ന വിവാദം മറക്കാവുന്നതല്ല. ഇപ്പറഞ്ഞ ഒരുകേസിലും ഇന്ന് സിപിഐ എമ്മിനെതിരെ ആര്‍ക്കും ഒരക്ഷരവും പറയാനുള്ള സാഹചര്യമില്ല. എല്ലാ കല്‍പ്പിതകഥകളും തകര്‍ന്ന് മണ്ണടിഞ്ഞു. നാദാപുരത്തെ ബലാത്സംഗകഥ 2001ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിനുള്ള കാരണങ്ങളിലൊന്നായി. പിന്നീട്, യുഡിഎഫ് പ്രചരിപ്പിച്ചത് കള്ളക്കഥയാണെന്ന് ആ യുവതിയും ബന്ധുക്കളും പരസ്യമായി പറഞ്ഞപ്പോഴേക്കും കോരപ്പുഴയില്‍ ഒരുപാട് വെള്ളം ഒഴുകി അറബിക്കടലിലെത്തിയിരുന്നു; വ്യാജ ബലാത്സംഗത്തിന്റെ പേരില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ തീവ്രവാദിസംഘങ്ങള്‍ കൊത്തിയെടുത്തിരുന്നു. ഇന്നാ ബലാത്സംഗത്തിന്റെ കാര്യം ചോദിച്ചാല്‍ മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരും മിണ്ടില്ല; മിണ്ടിയതുകൊണ്ട് അവര്‍ക്കൊരു നേട്ടവും ഉണ്ടാകാനുമില്ല.

ഇവിടെ ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിനെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും ഒരാള്‍ക്കും കിട്ടിയിട്ടില്ല. ചന്ദ്രശേഖരന്‍ സിപിഐ എമ്മില്‍നിന്ന് പുറത്തുപോയ ആളാണ്; സ്വന്തമായി പ്രാദേശിക പാര്‍ടിയുണ്ടാക്കി പ്രവര്‍ത്തിക്കുന്നയാളാണ് എന്നതുമാത്രമാണ് "തെളിവ്". അതില്‍ സിപിഐ എമ്മിന് അസഹിഷ്ണുതയുണ്ടെന്നും അതുകൊണ്ട് ചെയ്തത് സിപിഐ എം ആകുമെന്നുമുള്ള അനുമാനത്തില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. നിയമത്തെ അതിന്റെ വഴിക്കുവിടാനല്ല; തങ്ങള്‍ തെളിക്കുന്ന വഴിയേ ഉന്തിക്കൊണ്ടുപോകാനാണ് ഭരണം നിയന്ത്രിക്കുന്ന മന്ത്രിപുംഗവന്മാര്‍ ഒരുമ്പെടുന്നത്. സിപിഐ എമ്മിന്റെ "അസഹിഷ്ണുത"യെക്കുറിച്ച് പ്രബന്ധം രചിക്കുന്നവര്‍ക്കുള്ള വലിയ ചോദ്യചിഹ്നമാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍. അസാധാരണമായ ക്ഷമയും സഹാനുഭൂതിയും സിപിഐ എം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ കത്തുന്ന താടിയില്‍നിന്ന് പണ്ടേ പലരും ബീഡി കത്തിക്കുമായിരുന്നു. പ്രായക്കൂടുതലിന്റെ മുതല്‍മുടക്കും വങ്കത്തത്തിന്റെയും പകയുടെയും സ്ഥിരനിക്ഷേപവുമുള്ള, സമനിലതെറ്റിയ വൃദ്ധന്റെ സഹതാപാര്‍ഹമായ ജല്‍പ്പനങ്ങളോട് ക്ഷമയുടെ നെല്ലിപ്പടികൊണ്ട് സന്ധിചെയ്യുകയാണ് സിപിഐ എം. പാര്‍ടിയില്‍നിന്ന് വിട്ടുപോയ പലരുമുണ്ട്. ചിലര്‍ തിരിച്ചെത്തുന്നുണ്ട്. അല്ലാത്തവര്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഗൗരിയമ്മയും എം വി രാഘവനും ജീവിക്കുന്ന നാടാണിത്. ടി ജെ ആഞ്ചലോസിനെയും അബ്ദുള്ളക്കുട്ടിയെയും കെ എസ് മനോജിനെയും സിന്ധുജോയിയെയും ശിവരാമനെയും തല്ലാനും കൊല്ലാനും ആരും പോയിട്ടില്ല. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ രമ സിപിഐ എമ്മിനെ സംശയിച്ചതില്‍ തെറ്റുകാണാന്‍ കഴിയില്ല. നാട്ടിലെ മാധ്യമ ക്വട്ടേഷന്‍ സംഘം കോറസായി ഭീമ-കീചക സിദ്ധാന്തഗാനം ആലപിക്കുമ്പോള്‍ ഭര്‍തൃവിയോഗത്തിന്റെ നീറ്റലില്‍ പിടയുന്ന മനസ്സ് അങ്ങനെ പ്രതികരിച്ചതില്‍ അത്ഭുതപ്പെടാനുമില്ല. ആ പ്രതികരണത്തിലല്ല, അതിനെ വിറ്റു കാശാക്കാന്‍ ശ്രമിക്കുന്നവരിലാണ് കൊലപാതകികളുടേതിനേക്കാള്‍ കഠിനമായ ഹീനമനസ്സ് കാണേണ്ടത്.

ദാരുണമായ കൊലപാതകം നടന്ന വീട്ടിലേക്ക് ചെന്ന് കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനുപകരം ആ അരുംകൊലയിലൂടെ ഉണ്ടാക്കാനാകുമെന്ന് കരുതുന്ന രാഷ്ട്രീയനേട്ടത്തിന്റെ ചക്കരക്കുടത്തില്‍ കൈയിടുന്നവരാണോ മാന്യന്മാര്‍? സിപിഐ എം ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്- കൊലപാതകവുമായി ഒരു ബന്ധവുമില്ല എന്ന്. പാര്‍ടി ജില്ലാ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിവരെയുള്ളവര്‍ കൊലപാതകത്തെ അപലപിക്കുക മാത്രമല്ല, കുറ്റവാളികളെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരൂ എന്നാവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അന്വേഷണത്തിലൂടെ യഥാര്‍ഥ കുറ്റവാളികള്‍ പുറത്തുവരുമ്പോള്‍, ഇന്ന് സിപിഐ എമ്മിനെതിരെ ആക്രമണം നടത്തുന്നവര്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് പറയാനുള്ള ആര്‍ജവം സംസ്ഥാന സെക്രട്ടറി കാട്ടുമ്പോള്‍ എന്തേ അത് മുഖവിലയ്ക്കെടുക്കാന്‍ വ്യാജപ്രചാരകര്‍ തയ്യാറാകുന്നില്ല? ഓരോദിവസവും പുതിയ പുതിയ നാടകങ്ങളാടി എന്തിന് സിപിഐ എം വിരുദ്ധ വാര്‍ത്തകളുടെ തുടര്‍പരമ്പര സൃഷ്ടിക്കാന്‍ ഹീനമനസ്സുകള്‍ ഒരുമ്പെട്ടിറങ്ങുന്നു?

മുങ്ങിക്കപ്പലില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഉണ്ടാക്കാന്‍ പോയതിന്റെ കാര്‍മികനെന്നാണ് കുഞ്ഞനന്തന്‍നായരുടെ ആത്മപ്രശംസ. അങ്ങനെയുള്ള നായര്‍ക്ക് വിവരവും വിവേകവും പേരിനെങ്കിലും ഉണ്ടാകുമെന്ന് സാധാരണക്കാര്‍ കരുതിപ്പോകും. ഇവിടെ അതുരണ്ടുമല്ല, ഓസ്കര്‍ അവാര്‍ഡിന് സാധ്യതയുള്ള അഭിനയപാടവമാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത്. ചന്ദ്രശേഖരന്റെ മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ കൊണ്ടുവരുന്നതിനുമുമ്പ് നായര്‍ അവിടെ എത്തി. അവിടെ യുഡിഎഫ് നേതാക്കളുടെ മഹാസംഗമമാണ്. മുഖ്യമന്ത്രിമുതല്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വാര്‍ഡ് പ്രസിഡന്റുമാര്‍ വരെ. അവരില്‍ മുന്തിയവരോട് കുശലംപറയാനും കൈപിടിക്കാനും പുഞ്ചിരി കൈമാറാനും സമയം സമൃദ്ധമായിരുന്നു. അതുകഴിഞ്ഞ്, മൃതദേഹം എത്തിയപ്പോള്‍, എല്ലാ ക്യാമറകളും തയ്യാറാണെന്നുറപ്പാക്കിയപ്പോള്‍ ആത്മരോഷത്തിന്റെ നിക്ഷേപം പുറത്തുചാടുന്നു. വയസ്സുകാലത്ത് അഭിനയത്തികവില്‍ മാത്രം വെല്ലുവിളികളില്ല. മനക്കോട്ടകള്‍ തകരുമ്പോള്‍ മനസ്സും തകരും. മലപ്പുറം സമ്മേളനത്തിനുശേഷം സിപിഐ എമ്മിന്റെ തലയില്‍കയറി ഇരിക്കാനാകുമെന്ന് വ്യാമോഹിച്ചയാള്‍ പാര്‍ടിയുടെ പടിക്കുപുറത്തേക്ക് പോകേണ്ടിവരുമ്പോള്‍ നിലതെറ്റുന്നതില്‍ അസ്വാഭാവികതയില്ല. അത്തരം ഘട്ടങ്ങളിലെ പിറുപിറുക്കലുകളും ജല്‍പ്പനങ്ങളും സിപിഐ എമ്മിനെതിരായ മൂര്‍ച്ചയുള്ള ആയുധങ്ങളാണെന്ന് കരുതി തലങ്ങും വിലങ്ങും വീശുന്നവരെയോര്‍ത്ത് സഹതപിക്കുകമാത്രമേ വഴിയുള്ളൂ.

മനോരമക്കാരന്റേത് കറകളഞ്ഞ വിഷംകുടിയന്‍ രാഷ്ട്രീയമാണ്. മാതൃഭൂമിക്കാരന് വേതനക്കരാര്‍ പാലിക്കാത്ത മുതലാളിയുടെ ഇംഗിതത്തിനുസരിച്ച് തുള്ളിയില്ലെങ്കില്‍ ഉള്ളപണിയും പോകുമെന്ന വേവലാതിയാണ്. ഇരുകൂട്ടരുടെയും അവസ്ഥ ക്വട്ടേഷന്‍ സംഘങ്ങളെക്കാള്‍ പരിതാപകരം. എഴുതുന്ന വാര്‍ത്തയുടെ വിശ്വാസ്യതയും അതിജീവനവും സത്യസന്ധതയുമല്ല, ഉടമസ്ഥന്റെ സംതൃപ്തിയാണ് പ്രധാനം. മുതലാളി മനസ്സില്‍കാണുന്നതിനുമുമ്പേ മാനത്തുകാണുക; പറയുന്നതിനുമുമ്പേ എഴുതിപ്പിടിപ്പിക്കുക. അതിന് തെളിവും വേണ്ട യുക്തിയും വേണ്ട. ഇന്നലെ അവസാനത്തെ ഫോണ്‍വിളി, ഇന്ന് ക്വട്ടേഷന്‍, നാളെ നാടുവിടല്‍- അന്നന്നത്തെ അന്നം പ്രധാനമാണ്. ഇനിയുള്ള ദിവസങ്ങള്‍ ഒഞ്ചിയംകൊണ്ട് സമ്പന്നമാക്കണമെന്ന നിര്‍ദേശംകിട്ടിയാല്‍ അനുസരിക്കുകയല്ലാതെ എന്തുമാര്‍ഗം. ഒരര്‍ഥത്തില്‍ ഈ ക്വട്ടേഷന്‍ അടിമത്തത്തിന്റേതുകൂടിയാണ്. ചാടാനും തിരിയാനും മറിയാനും പറഞ്ഞാല്‍ കുഞ്ഞിരാമന് അനുസരണയുടെ വഴിയേ ഉള്ളൂ. യുഡിഎഫ് നേതൃത്വം നെയ്യാറ്റിന്‍കരയിലേക്ക് ചന്ദ്രശേഖരന്റെ പോസ്റ്ററും ഫ്ളക്സും തയ്യാറാക്കുന്ന തിരക്കിലാണ്. അവര്‍ അതിനാണ് പുര കത്തിക്കുന്നത്. അതിനിടയില്‍ കഴുക്കോലൂരിയെടുക്കാന്‍ ചെല്ലുകയാണ് കുഞ്ഞനന്തന്മാരെപ്പോലുള്ള ദുര്‍ബുദ്ധികള്‍. കിട്ടുന്ന ഏതവസരത്തിലും യുഡിഎഫ് നേതൃത്വത്തിന്റെ സന്നിധാനത്തുചെന്ന് നട്ടെല്ല് വില്ലുപോലെ വളയ്ക്കാനും റബറുപോലെ വലിച്ചുനീട്ടാനും തയ്യാറാകുന്ന ഇത്തരക്കാര്‍ക്ക് പുറത്തേക്ക് പറയാനുള്ളതുമാത്രമാണ് ആദര്‍ശവും പാരമ്പര്യവും. അവര്‍ എടുത്തിരിക്കുന്ന ക്വട്ടേഷന്‍ സിപിഐ എം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയെ; കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുത്തിനോവിക്കാനുള്ളതാണ്.

പാല് ചുരത്തുന്നിടത്തും കുത്തി ചോരയെടുത്ത് ദാഹംതീര്‍ക്കുന്നവരാണവര്‍. ഒഞ്ചിയത്ത് സിപിഐ എമ്മിനെ പ്രതിപ്പട്ടികയില്‍ ഉറപ്പിച്ചാല്‍, അത് വിശ്വസിക്കുന്ന കുറെയാളുകള്‍ എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിക്കുമെന്നും അത്തരക്കാരെ മൊത്തക്കച്ചവടംചെയ്ത് നയിച്ച് സ്വന്തം മടയിലേക്ക് കൊണ്ടുപോകാമെന്നുമുള്ള സ്വപ്നം മലര്‍പ്പൊടിക്കാര്‍ മാത്രമല്ല കാണുന്നത്. സ്വന്തമായി ആര്‍ജിക്കാനാകാത്തത് കട്ടും പിടിച്ചുപറിച്ചും ഉണ്ടാക്കാനുള്ള കൗശലം പ്രകടമായി തിരിച്ചറിയപ്പെടുന്നു എന്നാണ് സമീപനാളുകളിലെ വിശേഷം. ചന്ദ്രശേഖരന്റെ ജീവന്‍ പൊലിഞ്ഞതിലുള്ള വിഷമമല്ല; അത് എങ്ങനെ സ്വാര്‍ഥനേട്ടമാക്കി മാറ്റാം എന്ന ചിന്തയാണവരുടെ പ്രശ്നം. അത്തരം പോഴന്മാരുടെ അസംബന്ധനാടകങ്ങള്‍ ലജ്ജയില്ലാതെ ആഘോഷിക്കുന്നു എന്നതാണ് നമ്മുടെ മാധ്യമദുരന്തം.

മരണം എല്ലാവരെയും സങ്കടപ്പെടുത്തും. എന്നാല്‍, മരണംകൊണ്ട് വസ്തുതകള്‍ മാറ്റിമറിക്കപ്പെടുന്നില്ല. സ്വന്തം കുലത്തെ, പാര്‍ടിയെ എതിര്‍ക്കുകയും ആക്രമിക്കുകയും ചെയ്യുന്നവരെ കുലംകുത്തികള്‍ എന്ന് വിളിച്ചത് ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തില്‍ മാറ്റിവയ്ക്കാവുന്നതല്ല. എന്നാല്‍, ആ വിളിയെക്കുറിച്ച് ചര്‍ച്ചയും പരിശോധനയും നടത്തേണ്ടത് മരണത്തിന്റെയും വിരഹത്തിന്റെയും ഘട്ടത്തിലല്ല. അതോര്‍ക്കാതെയോ മറന്നുകൊണ്ടോ ആണ് ഏതാനും മാധ്യമങ്ങള്‍ കുലംകുത്തി പ്രയോഗത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചത്. ചോദ്യം വന്നപ്പോള്‍ തൃശൂര്‍ പ്രസ്ക്ലബ്ബില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: "കുലംകുത്തി എന്നും കുലംകുത്തി തന്നെ. കുടുംബത്തിന് എതിരെ നിലപാട് സ്വീകരിക്കുന്നവരെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരാളെക്കുറിച്ച്, മുമ്പ് ഒരവസരത്തില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെടുത്തി ചോദിക്കുന്നത് സങ്കുചിതമനഃസ്ഥിതിയാണ്". ദൗര്‍ഭാഗ്യവശാല്‍ ആ സങ്കുചിത മനസ്ഥിതിയാണ് ഏതാനും മാധ്യമങ്ങളിലെങ്കിലും തെളിഞ്ഞുകാണുന്നത്. ചങ്കുപറിച്ചുകാണിച്ചാലും അവര്‍ ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നു. അങ്ങനെ പറയുന്നതിലൂടെ സിപിഐ എമ്മിനെ വകവരുത്തിക്കളയാമെന്ന് മോഹിക്കുന്നു. അത്തരം ദുര്‍മോഹങ്ങളാണ് കേരളരാഷ്ട്രീയത്തില്‍ കത്തിയായും കരിയായും ആടിത്തിമിര്‍ക്കുന്നത്.

8 comments:

manoj pm said...

പ്രായക്കൂടുതലിന്റെ മുതല്‍മുടക്കും വങ്കത്തത്തിന്റെയും പകയുടെയും സ്ഥിരനിക്ഷേപവുമുള്ള, സമനിലതെറ്റിയ വൃദ്ധന്റെ സഹതാപാര്‍ഹമായ ജല്‍പ്പനങ്ങളോട് ക്ഷമയുടെ നെല്ലിപ്പടികൊണ്ട് സന്ധിചെയ്യുകയാണ് സിപിഐ എം.

ഇടിമുഴക്കം said...

തന്റെ രാഷ്ട്രീയ ഉപദേശക ഗുരു ശ്രീ.അൽഭുദക്കുട്ടിയാകാം ബ.കു.നായരുടെ സംവിധായകൻ. ചന്ദ്രശേഖരന്റെ മൃതദേഹവും പ്രതീക്ഷിച്ച്,പാളേങ്കോടൻ പഴവും തിന്ന് തമാശകൾ പൊട്ടിച്ച്,കെ പി മോഹനനു കൈ കൊടുത്ത് കുശലം പറഞ്ഞ് ചിരിച്ച് ഇരിക്കുന്ന ബെർളിൻ യു ഡി എഫ് നേതാക്കളും മറ്റും എത്തിയപ്പോൾ പുറത്തെടുത്ത അഭിനയം ഗോഡ്ഫാദറിലെ അഞ്ഞൂറാനെ കവച്ച് വെയ്ക്കുന്നതായിരുന്നു.ചന്ദ്രശേഖരനു വേണ്ടി രണ്ട് തുള്ളി കൺനീരു കൊടുത്തോ സി പി എംകാരേ എന്ന് ആക്രൊശിച്ചു കൊണ്ട് കണ്ണടയൂരി തന്റെ കടൽ‌പോലെ നിറഞ്ഞ നയനങ്ങളിൽ നിന്നും തുളുമ്പുന്ന കണ്ണുനീർ മുത്തുകൾ തെളിവായി കാണിക്കുകയും ചെയ്തത് വികാരവ്രീളതയോടേയാണ് ജനം തുപ്പൽ വിഴുങ്ങി കണ്ടു നിന്നത്. ഹിറ്റ്ലറെ ഇന്റെർ‌വ്വ്യു ചെയ്ത ഗമയല്ലെ മുഖത്ത്...

dr.(prof)p.k.pokker said...

Everybody keeps mum about the chief protagonist behind all factionalism and its consequences.
pkp

Unknown said...

ഒരു സംശയം ദൂരീകരിക്കാമോ? എല്ലാ പത്രമാധ്യമങ്ങളിലും ഈ കൊലപാതകം മുഖ്യ വാർത്തയായപ്പോൾ എന്തുകൊണ്ട് ദേശാഭിമാനിയിൽ മാത്രം അങ്ങിനെയായില്ല?

പാഞ്ഞിരപാടം............ said...

"പ്രായക്കൂടുതലിന്റെ മുതല്‍മുടക്കും വങ്കത്തത്തിന്റെയും പകയുടെയും സ്ഥിരനിക്ഷേപവുമുള്ള, സമനിലതെറ്റിയ വൃദ്ധന്റെ സഹതാപാര്‍ഹമായ ജല്‍പ്പനങ്ങളോട് ക്ഷമയുടെ നെല്ലിപ്പടികൊണ്ട് സന്ധിചെയ്യുകയാണ് സിപിഐ എം."

നായരുടെ ചിലവില്‍ അച്ചു സഖാവിനെ കേറി മേയാന്‍ പറ്റിയ സമയം.

നായര്‍ കാണിച്ച നാടകം(?) കഴിഞ്ഞു ഒരാഴച ആയി :) "അച്ചു" വ്രുദ്ധന്‍ ഇന്നലെയാണു പിണറായിയെ പൊളിച്ചടക്കിയത്. മനൊജിന്റെ ബോസ്സിനോടുള്ള ഭക്തി "മനോരമക്കാരനേയും, മാത്രുഭൂമിക്കാരനേയും" നാണിപ്പിക്കുന്നു.

ഗോപകുമാര്‍.പി.ബി ! said...

കൊലപാതകം നടന്നത് ലീഗ് ഓഫീസിനടുത്ത്, എന്നിട്ടും ലീഗിനെ സംശയിക്കേണ്ട ! കാര്‍ കിടന്നത് പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ , ഒരു സംശയവുമില്ല ആരാണ് കൊന്നതെന്നതില്‍. മറ്റാര്‍ക്കും ശത്രുതയില്ല, എന്നു വച്ചാല്‍ പ്രവര്‍ത്തനം മറ്റാര്‍ക്കും എതിരായിരുന്നില്ലെന്ന് !! വിപ്ലവ പ്രസ്ഥാനങ്ങളെ എന്നും തുണച്ച മനോരമ, മാതൃഭൂമി പത്രങ്ങള്‍ നല്ല പിന്തുണയാണ് നവ ഇടതുപക്ഷത്തിന് നല്‍കിയത് !

Bipin said...
This comment has been removed by the author.
Bipin said...

സി.പി.എം. ശ്രതുക്കളായി മുതലാളിത്വമാധ്യമങ്ങളുടെയും പാര്‍ട്ടികളുടെയും
നിലപാടുകള്‍ എന്നും എല്ലാ രാജ്യത്തും ഇങ്ങിനെ ഒക്കെ തന്നെയാണ്.
അങ്ങിനെയുള്ള പശ്ചാത്തലത്തില്‍ ഈ അറും കൊലയുടെ വേദനയില്‍
കേരളം വീര്‍പ്പുമുട്ടി നില്ക്കുന്പോള്‍ വിവരവും വിവേകവുമുള്ള പാര്‍ട്ടിയുടെ
സെക്റട്ടറിയുടെ "കുലം കുത്തി' പ്റയോഗം ജനങ്ങള്‍ക്ക് ആ വ്യക്തിയെകുറിച്ച്
അറപ്പാണ് സൃഷ്ടിച്ചത്; അതിലുടെ പാര്‍ട്ടിയെകുറിച്ചുള്ള ബഹുമാനവും
ആണ് നഷ്ടപ്പെട്ടത്.
പാര്‍ട്ടിക്കകത്തെ കുലം കുത്തി അചുതാന്ദനെതിരെ ഒരു നടപടിയുമില്ല.
സി.പി.എൈ. യിലെ സുനില്‍കുമാര്‍ ഇതു സുചിപിച്ചു. അടുത്ത ദിവസം
കാനം രാജേന്രദന്‍ കുറച്ചു കൂടി കടത്തി പറഞ്ഞു " സി.പി.എം. കാരെല്ലാം
ആ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്
കുലം കുത്തികളാണല്ലോ?
വലിയ ഒരു ജനവിഭാഗത്തെ വേദനിക്കുന്ന "ഷുദ്റജീവി' " കുലം കുത്തി' തുടങ്ങിയ
വാക്കുകള്‍ പാര്‍ട്ടിയെ നിശബ്ദമായി സഹായിക്കുന്ന വരെ കൂടി അകറ്റാനെ
ഇടയാക്കുകയുള്ളു. മറ്റു ഒരു വിധ നേട്ടവും പാര്‍ട്ടിക്കുണ്ടാകുന്നല്ല.
കൈവിട്ട ആയുദ്ധവും പറഞ്ഞവാക്കും തിരിച്ചെടുക്കാനാകില്ല.

വി.എസ്.ബിപിന്‍