Friday, May 18, 2012

കഥാനന്തരം കല്ലാച്ചിയിലെ ചോര


കഥാനന്തരം കല്ലാച്ചിയിലെ ചോര


ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം 

നാലാം ഭാഗം: ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്

അഞ്ചാം ഭാഗം: അക്ഷരക്ഷേത്രങ്ങളില്‍ വീണ ചുടുചോര

ആറാം ഭാഗം: കാലന്‍ വന്ന് വിളിച്ചിട്ടും

ഏഴാം ഭാഗം: കോണ്‍ഗ്രസിന്റെ "ഫയറിങ് ശക്തി"

ഒരു ബലാത്സംഗകഥയാണ് കല്ലാച്ചി അങ്ങാടിയില്‍ ബിനു എന്ന ചെറുപ്പക്കാരന്റെ ശരീരം തുണ്ടുതുണ്ടാക്കിയത്. ടാക്സി ഡ്രൈവറായിരുന്നു ഈന്തുള്ളതില്‍ ബിനു. 2001 ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ചിന് വണ്ടി ഒതുക്കി പുറത്തിറങ്ങുമ്പോഴാണ് ഒരു ജീപ്പിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി ബിനുവിനെ പിടച്ചില്‍ മാറുന്നതുവരെ വെട്ടിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗില്‍ കുടിയേറിയ തീവ്രവാദികള്‍ നടത്തിയ അതിക്രൂരമായ കൊല. നാദാപുരത്ത് പതിവായിരുന്ന സംഘര്‍ഷത്തിനിടെയായിരുന്നില്ല അത്. ആ വര്‍ഷം ജനുവരിയിലുണ്ടായ സംഘട്ടനങ്ങളുടെ കാലം തെറ്റിയ തുടര്‍ച്ച. ജനുവരിമുതല്‍ മുസ്ലിംലീഗ്-എന്‍ഡിഎഫും കിരാത ആക്രമണത്തിനു വേദിയായിരുന്നു നാദാപുരം. ചെക്യാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പി വി സന്തോഷിനെ വെടിവച്ചു കൊന്നു. വീടുകളും കടകളും തീവച്ചു നശിപ്പിച്ചു. സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടു. സഹികെട്ട ഘട്ടങ്ങളില്‍ തിരിച്ചടി നല്‍കിയതിനൊപ്പം സിപിഐ എം പ്രവര്‍ത്തകര്‍ ലീഗ് ആക്രമണങ്ങളെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാന്‍ ശ്രദ്ധിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരുന്നു. ആ ഘട്ടത്തിലാണ്, തെരുവംപറമ്പില്‍ മുസ്ലിംസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കഥ പിറന്നത്. കേരളത്തിലുടനീളം യുഡിഎഫും എന്‍ഡിഎഫും ബിജെപിയും പത്രങ്ങളും ബലാത്സംഗകഥ കൊണ്ടാടി. ന്യൂനപക്ഷ കമീഷനെയും വനിതാ കമീഷനെയും രംഗത്തിറക്കി. നാദാപുരത്തെ സ്ത്രീയുടെ മാനത്തിന്റെ വില തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെ ബോധ്യപ്പെടുത്തണമെന്ന വൈകാരികമായ ആഹ്വാനമുയര്‍ന്നു. സോണിയ ഗാന്ധിയെക്കൊണ്ട്, "ഇര"യ്ക്ക് സഹായം കൊടുപ്പിച്ചു. അന്ന് മലയാള മനോരമ പത്രം വനിതാ കമീഷനെ ഉദ്ധരിച്ച് നല്‍കിയ വാര്‍ത്ത ഇങ്ങനെ:

നാദാപുരത്ത് ലൈംഗിക പീഡനം ഉണ്ടായെന്ന് വനിതാ കമീഷന്‍ കോഴിക്കോട്: നാദാപുരം തെരുവന്‍പറമ്പില്‍ വീട്ടമ്മയ്ക്കും എട്ടു വയസ്സായ മകള്‍ക്കും ക്രൂരമായ രീതിയില്‍ ലൈംഗിക പീഡനം ഏറ്റിട്ടുണ്ടെന്ന് വനിതാകമീഷന്‍ നിഗമനത്തിലെത്തി. അമ്മയും മകളും ഇതിനകം വെളിപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് കമീഷന്‍ രണ്ടുദിവസമായി നടത്തിയ തെളിവെടുപ്പില്‍ ബോധ്യപ്പെട്ടതായി കമീഷന്‍ അംഗങ്ങളായ റോസമ്മ പുന്നൂസ്, എം കമലം, അഡ്വ. നൂര്‍ബിന റഷീദ് എന്നിവര്‍ പറഞ്ഞു. ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമീഷന്‍ അംഗങ്ങള്‍ കരുതുന്നു. പരാതിയില്‍ ലോക്കല്‍ പൊലീസ് പെട്ടെന്ന് പ്രതികരിച്ചില്ല. പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്തില്ല... നാദാപുരം മാനഭംഗക്കേസ് സംബന്ധിച്ച് കമീഷന്‍ നല്‍കുന്ന ശുപാര്‍ശയില്‍ സ്ത്രീക്ക് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെടും... ഭര്‍ത്താവിന്റെ അസുഖം കാരണം ചെയര്‍പേഴ്സണ്‍ സുഗതകുമാരി വന്നിരുന്നില്ല. മറ്റൊരംഗം ടി ദേവി വരാമെന്ന് സമ്മതിച്ചിരുന്നെങ്കിലും അവസാനം എത്തിയില്ല. രാവിലെ വനിതാ കമീഷന്‍ ആദിവാസി സ്ത്രീകള്‍ക്കായി നടത്തിയ സെമിനാറില്‍ ദേവി സംബന്ധിച്ചിരുന്നു. ടി ദേവി സിപിഐ എം പ്രതിനിധിയാണ്. അവര്‍ ബോധപൂര്‍വം മാറിനിന്നു എന്ന് ധ്വനി. ഇതായിരുന്നു അന്ന് പ്രചരിപ്പിച്ച വാര്‍ത്തകളുടെയാകെ രീതി. ലൈംഗിക പീഡനം നടന്നു; അത് ക്രൂരമായിരുന്നു എന്നുറപ്പിച്ചുകൊണ്ടുള്ള നുണകളുടെ അനുസ്യൂതപ്രവാഹം.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയത്തിലേക്കു നയിച്ച പ്രധാന സംഭവങ്ങളിലൊന്ന് ഈ ബലാത്സംഗമായിരുന്നു. കേസില്‍ ഒന്നാം പ്രതിയാക്കിയത് ഈന്തുള്ളതില്‍ ബിനുവിനെ. ആ ബിനുവിനെയാണ് യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍, പരസ്യമായി വധിച്ചുകളഞ്ഞത്. ബലാത്സംഗകഥയ്ക്ക് പക്ഷേ ഏറെ ആയുസുണ്ടായില്ല. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും മെഡിക്കല്‍ പരിശോധനയിലും ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നു വ്യക്തമായി. ലീഗ് നേതൃത്വത്തിന്റെ ചതിയില്‍പ്പെട്ടതായി ബലാത്സംഗക്കഥയിലെ സ്ത്രീയുടെ ഭര്‍ത്താവിന് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയേണ്ടിവന്നു. കുറ്റ്യാടി മഹല്ല് പള്ളി ഖാദിയും ഖത്വീബുമായിരുന്ന മൊയ്തു മൗലവിക്ക് യാഥാര്‍ഥ്യം അറിയാമായിരുന്നു. അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു: ""അവിടെ മാനഭംഗം നടന്നിട്ടില്ല, അത് കെട്ടിച്ചമച്ച കഥയാണ്."" ഇന്ന് തെരുവംപറമ്പിലെ മാനഭംഗത്തെക്കുറിച്ച് രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ ഓര്‍ക്കുകപോലുമില്ല. ബിനുവിന്റെ ചിതറിത്തെറിച്ച ചോരയും മാംസച്ചീളുകളും പക്ഷേ കല്ലാച്ചിയിലെ സാധാരണക്കാര്‍ക്ക് മറക്കാനാകുന്നില്ല. ബലാത്സംഗം നടന്നെന്നു പറഞ്ഞ സമയത്ത് താന്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലായിരുന്നു എന്ന് ആണയിട്ടു പറഞ്ഞിട്ടുപോലും ബിനുവിനോട് കാപാലികര്‍ ഒരിറ്റ് ദയ കാട്ടിയില്ല. ബോംബും വടിവാളും കൊണ്ടുവന്നവര്‍ മാത്രമല്ല ആ കൊലപാതകക്കേസിലെ പ്രതികള്‍. അതില്‍ അന്നത്തെ യുഡിഎഫ് ഉന്നതരും മാധ്യമങ്ങളുമുണ്ട്. ഒരു ഇല്ലാക്കഥ ക്രൂരമായി പ്രചരിപ്പിച്ചുറപ്പിച്ചതിന്റെ അവസാനമായിരുന്നു ബിനുവിന്റെ നുറുക്കപ്പെട്ട ശരീരം.

കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ബിജെപിയും അനേകം സിപിഐ എം പ്രവര്‍ത്തകരുടെ ജീവനെടുത്തിട്ടുണ്ട്. മേപ്പയൂര്‍ പട്ടണമധ്യത്തില്‍ 1987 ഡിസംബര്‍ 28ന് സന്ധ്യക്ക് ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന ഇബ്രാഹിമടക്കം അനേകംപേര്‍. സിപിഐ എം ഇരുപതാം കോണ്‍ഗ്രസിന് ഉയര്‍ത്താനുള്ള ദീപശിഖ ജില്ലയിലെ രക്തസാക്ഷികുടീരങ്ങളില്‍നിന്നാണ് കൊണ്ടുവന്നത്. ഒഞ്ചിയം രക്തസാക്ഷികളും സേലം ജയിലില്‍ വെടിയുണ്ടകള്‍ക്ക് വിരിമാറുകാട്ടിയവരും അടങ്ങുന്ന ആ രക്തസാക്ഷികളുടെ പാരമ്പര്യമാണ് കോഴിക്കോടിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്. മുള്ളന്‍കൊല്ലിയിലെ രവിയും ശശിയും കര്‍ഷകത്തൊഴിലാളികളുടെ കൂലി പ്രശ്നത്തില്‍ ഇടപെട്ടതിന്റെ പേരിലാണ് കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് ഐയുടെയും കൊലക്കത്തിക്കിരയായത്. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് ഐക്ക് നഷ്ടമായതിലുള്ള പകയാണ് വേങ്ങേരിയിലെ വിജയനെയും വിജുവിനെയും കൊല്ലാന്‍ കാരണം.

എതിരാളികളെ പിച്ചിച്ചീന്തുന്ന ക്രൂരനായ കൊലയാളിക്ക് സമാധാന പതാക പിടിക്കുന്ന മാലാഖയായി ഭംഗിയായി അഭിനയിക്കാന്‍ കഴിയും എന്നാണ് കോഴിക്കോട് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് തെളിയിക്കുന്നത്. രമേശ് ചെന്നിത്തല ഗാന്ധിത്തൊപ്പിയണിഞ്ഞാണ് വടകരയില്‍ വ്യാഴാഴ്ച ഉപവസിച്ചത്. ഉപവാസം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്, ""ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്"" എന്നാണ്. കേസന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. ഈ "ശരിയായ രീതി" കോണ്‍ഗ്രസിന്റെ താല്‍പ്പര്യത്തിനുസരിച്ച രീതിയാണ്. പൊലീസിന്റെ സ്വാതന്ത്ര്യം ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ശാഠ്യങ്ങള്‍ക്ക് അപ്പുറത്തേയ്ക്കില്ല. കൊലപാതകം നടന്ന് ആദ്യമണിക്കൂറില്‍ത്തന്നെ സിപിഐ എമ്മിനെതിരെ പ്രചാരണം തുടങ്ങി. കരുണാകരന്റെ കാലത്തുപോലും ഉണ്ടായിട്ടില്ലാത്തവിധം പരസ്യമായി പൊലീസില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ചില ഓഫീസര്‍മാരെ മുന്നില്‍നിര്‍ത്തി മറസൃഷ്ടിച്ച് ആജ്ഞാനുവര്‍ത്തികളെക്കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുന്നു- മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു; സിപിഐ എമ്മിനെതിരായ പല്ലവി ആവര്‍ത്തിക്കുന്നു. തെരുവന്‍പറമ്പ് ബലാത്സംഗ കഥ ബിനുവിന്റെ അരുംകൊലയിലേക്ക് നയിച്ചതുപോലെ, സിപിഐ എമ്മിന് ക്ഷീണമുണ്ടാക്കുക എന്ന ഏക ലക്ഷ്യംമാത്രം. പലരെയും പിടിക്കുന്നു; അവര്‍ പറഞ്ഞതായി പല കള്ളങ്ങളും പുറത്തുവിടുന്നു. അതിനിടയില്‍, എന്തിനാണ് അവരെ പിടിച്ചത് എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍പോലും പൊലീസിനു കഴിയുന്നില്ല. (അവസാനിക്കുന്നില്ല)

2 comments:

manoj pm said...

ഇന്ന് തെരുവംപറമ്പിലെ മാനഭംഗത്തെക്കുറിച്ച് രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ ഓര്‍ക്കുകപോലുമില്ല. ബിനുവിന്റെ ചിതറിത്തെറിച്ച ചോരയും മാംസച്ചീളുകളും പക്ഷേ കല്ലാച്ചിയിലെ സാധാരണക്കാര്‍ക്ക് മറക്കാനാകുന്നില്ല. ബലാത്സംഗം നടന്നെന്നു പറഞ്ഞ സമയത്ത് താന്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലായിരുന്നു എന്ന് ആണയിട്ടു പറഞ്ഞിട്ടുപോലും ബിനുവിനോട് കാപാലികര്‍ ഒരിറ്റ് ദയ കാട്ടിയില്ല. ബോംബും വടിവാളും കൊണ്ടുവന്നവര്‍ മാത്രമല്ല ആ കൊലപാതകക്കേസിലെ പ്രതികള്‍. അതില്‍ അന്നത്തെ യുഡിഎഫ് ഉന്നതരും മാധ്യമങ്ങളുമുണ്ട്. ഒരു ഇല്ലാക്കഥ ക്രൂരമായി പ്രചരിപ്പിച്ചുറപ്പിച്ചതിന്റെ അവസാനമായിരുന്നു ബിനുവിന്റെ നുറുക്കപ്പെട്ട ശരീരം.

kanakkoor said...

വലിയ ഒരു രാഷ്ട്രീയ നാടകം.
തുടരും എന്ന പേടിപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തലും