Thursday, March 15, 2012

നാണക്കേടിന്റെ കിരീടം

പിറവത്തെ ജനങ്ങളെ യുഡിഎഫ് എന്തുകൊണ്ട് വിശ്വസിക്കുന്നില്ല? പിറവത്ത് ജയിക്കാനാകില്ലെന്ന് ഉറപ്പിച്ചുള്ള യുഡിഎഫ് വെപ്രാളം ഏറ്റവുമധികം പ്രകടമായത് നെയ്യാറ്റിന്‍കരയിലെ കൂറുമാറ്റത്തിലാണ്. എംഎല്‍എയെ ചാക്കിട്ട് പിടിച്ചതിന്റെയും അതിനു ചരടുവലിച്ചവരുടെയും അരങ്ങേറിയ അന്തര്‍നാടകങ്ങളുടെയും വിശദാംശങ്ങള്‍ ഇന്ന് രഹസ്യമല്ല. യുഡിഎഫിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയെന്നു പറഞ്ഞ് ഇരുട്ടിവെളുക്കുമ്പോള്‍ യുഡിഎഫിനുവേണ്ടി മുദ്രാവാക്യം മുഴക്കുന്ന കൂറുമാറ്റക്കാരന്റെ അരങ്ങത്തെയും അണിയറയിലെയും കഥകള്‍ക്കും ഇന്ന് രഹസ്യസ്വഭാവമില്ല. പിറവത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു കുതിരക്കച്ചവടം നടത്തേണ്ടിവരില്ലായിരുന്നു. ഇത്ര വലിയ നാണക്കേടിന്റെ കിരീടം ഉമ്മന്‍ചാണ്ടി എടുത്തണിഞ്ഞത് അധികാരക്കസേരയോടുള്ള അമിതമായ ആര്‍ത്തികൊണ്ടാണെന്നത് ഒരുവശം. ആ ആര്‍ത്തി ശമിപ്പിക്കാന്‍ പിറവത്തെ വോട്ടര്‍മാര്‍ തയ്യാറായേക്കില്ലെന്ന ഭീതി ഉമ്മന്‍ചാണ്ടി സംഘത്തെ ഗുരുതരമായി ഗ്രസിച്ചിട്ടുണ്ടെന്നത് രണ്ടാമത്തെ വശം.

തുടക്കംമുതലേ പിറവം യുഡിഎഫിനെ പേടിപ്പിക്കുന്നുണ്ട്. ടി എം ജേക്കബ്ബിനെ തൊട്ടുകൂടാ ഗണത്തില്‍പ്പെടുത്തി മുമ്പ് മന്ത്രിസഭയ്ക്ക് വെളിയില്‍ നിര്‍ത്തിയ ആളാണ് ഉമ്മന്‍ചാണ്ടി. ഇത്തവണ ജേക്കബ് മന്ത്രിയായത് ഉമ്മന്‍ചാണ്ടിയുടെ മനസ്സ് മാറിയതിനാലോ ജേക്കബ് നിലപാടു മാറ്റിയതിനാലോ അല്ല; ജേക്കബ്ബിനെ ഒഴിവാക്കിയാല്‍ യുഡിഎഫ് മന്ത്രിസഭ ഉണ്ടാകുമായിരുന്നില്ല എന്നതുകൊണ്ടാണ്. ഗത്യന്തരമില്ലാതെ ജേക്കബ്ബിനെ സ്വീകരിക്കുകയായിരുന്നു എന്നര്‍ഥം. ജേക്കബ്ബിന്റെ നിര്യാണശേഷം മകന്‍ അനൂപാണ് ആ പാര്‍ടിയുടെ പ്രതിനിധി എന്ന് വ്യക്തമാക്കപ്പെട്ടു. അനൂപിനെ മന്ത്രിയാക്കിയില്ല. മന്ത്രിയാക്കാമെന്നു പറഞ്ഞ് മത്സരിപ്പിക്കുന്നതിനേക്കാള്‍ മന്ത്രിയായി മത്സരിപ്പിക്കുന്നതാണ് പ്രയോജനമെന്നിരിക്കെ അതിനു തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഇതുവരെ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടില്ല. ജേക്കബ്ബിന്റെ വകുപ്പുകള്‍ ഷിബു ബേബിജോണിനെയാണ് ഏല്‍പ്പിച്ചത്. എന്തേ അനൂപിന് മന്ത്രിസ്ഥാനം നല്‍കിയില്ല- പിറവത്ത് അനൂപ് ജയിക്കുമെന്ന് യുഡിഎഫിന് ഉറപ്പില്ല എന്നുതന്നെയാണ് ഉത്തരം. ഇപ്പോള്‍ "സാദാ" അനൂപ് തോറ്റാലുണ്ടാകുന്നതിനേക്കാള്‍ ക്ഷീണം മന്ത്രിയായ അനൂപിന്റെ തോല്‍വിയിലൂടെ ഉണ്ടാകും. പരസ്യമായ പരാജയ സമ്മതമാണ് ഈ രണ്ടു നടപടിയും. ഒരര്‍ഥത്തില്‍ അത് പിറവത്തെ ജനങ്ങളെ അപമാനിക്കുന്നതുമാണ്. നിങ്ങള്‍ വേട്ടുചെയ്താലും ചെയ്തില്ലെങ്കിലും ഞങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെ ഭൂരിപക്ഷം നിലനിര്‍ത്തിക്കൊള്ളുമെന്നാണ് വോട്ടെടുപ്പിന് ദിവസങ്ങള്‍ മുമ്പുള്ള കുതിരക്കച്ചവടത്തിലൂടെ പിറവത്തുകാരോടു പറഞ്ഞത്. ജനാധിപത്യത്തിനുനേരെയുള്ള അശ്ലീലപ്രകടനമായി അതു മാറുന്നതും ആ അര്‍ഥത്തിലാണ്.

യുഡിഎഫ് സ്ഥാനാര്‍ഥിയാണ് പിറവത്തെ അനൂപ് ജേക്കബ് എന്ന് പറയാനാകില്ല. യുഡിഎഫിന്റെ കൂടാരത്തിലേക്ക് ആനയിക്കപ്പെടാത്ത ജാതി-മത സംഘടനകളൊന്നും പുറത്തില്ല. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ സംഘടിക്കാനും സമ്മര്‍ദ രാഷ്ട്രീയം കളിക്കാനും തുനിയുന്ന എല്ലാ ശക്തികളും പിറവത്ത് യുഡിഎഫിനുവേണ്ടി എത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ലോപമില്ലാത്ത പണവും പരിധിയില്ലാത്ത അധികാര ദുര്‍വിനിയോഗവും ജാതിസംഘടനാ നേതൃത്വങ്ങളുമായി തീര്‍ത്ത ശരിദൂരപ്പാലവുമെല്ലാം ഉണ്ടായിട്ടും പിറവത്ത് യുഡിഎഫ് തോല്‍വി ഭയക്കുന്നു എന്നത് നിസ്സാരമല്ല. ഉത്തര്‍പ്രദേശിന്റെ പാഠം കോണ്‍ഗ്രസിനെ അധികമധികം ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ചെലവാകാത്ത മാജിക് കേരളത്തില്‍ തീരെ വിലപ്പോകില്ല. ജനവിധി നേടിയെടുക്കാന്‍ എളുപ്പവഴിയുമില്ല. കൂറുമാറ്റമെന്ന കുറുക്കുവഴിയിലെത്തിയത് ആ സാഹചര്യത്തിലാണ്. ഇനിയും ആരോ ചാക്കില്‍ കയറാനുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രഖ്യാപിച്ചുകഴിഞ്ഞു. യുഡിഎഫിനുവേണ്ടി ജോര്‍ജ് പ്രസ്താവനയിറക്കേണ്ടിവരുന്നു എന്നതാണ് നാണക്കേടിന്റെ മറ്റൊരു കിരീടം.

ഉമ്മന്‍ചാണ്ടി- പി സി ജോര്‍ജ് ദ്വയത്തിനാണ് ഭരണത്തിന്റെ യഥാര്‍ഥ നേതൃത്വം. ചീഫ് വിപ്പിന് നിയമസഭ ചേരുമ്പോള്‍ വല്ലപ്പോഴും ഭരണപക്ഷത്തിന് വിപ്പ് നല്‍കേണ്ട ജോലിയേ ഉള്ളൂ. ജോര്‍ജ് പക്ഷേ മുഖ്യമന്ത്രിയേക്കാള്‍ സൗകര്യങ്ങള്‍ അനുഭവിക്കുന്ന ആളാണ് ഇന്ന്. അരലക്ഷത്തോളം രൂപ മാസവാടക കൊടുക്കുന്ന ഔദ്യോഗിക വസതി, 19 പേഴ്സണല്‍ സ്റ്റാഫ്, ആഡംബര വാഹനം, എംഎല്‍എ ഹോസ്റ്റലില്‍ പ്രത്യേക മുറി, നിയമസഭാ മന്ദിരത്തില്‍ ഓഫീസ്, എല്ലാത്തിനും പുറമെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ മുറികള്‍ തരംപോലെ. ജോര്‍ജ് ആലോചിക്കുന്നു; തീരുമാനിക്കുന്നു; കല്‍പ്പിക്കുന്നു; നടപ്പാക്കുന്നു. ജോര്‍ജിന്റെ സ്റ്റാഫില്‍ ഒരു മിമിക്രിക്കാരനുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും കെ എം മാണിയുടെയും ആര്യാടന്റെയുമടക്കം ശബ്ദം നന്നായി അനുകരിക്കാനറിയാവുന്ന അയാള്‍ ജോര്‍ജിന്റെ വിശ്വസ്തനാണ്- വര്‍ഷങ്ങളായി. എല്ലാ വകുപ്പുകളും ചീഫ് വിപ്പിന്റെ ഓഫീസില്‍ കൈകാര്യം ചെയ്യപ്പെടുന്നു. യുഡിഎഫില്ല; കോണ്‍ഗ്രസില്ല; കെപിസിസി നേതൃത്വമില്ല- ഉമ്മന്‍ചാണ്ടിയേ ഉള്ളൂ. ഉമ്മന്‍ചാണ്ടിക്ക് ജോര്‍ജേയുള്ളൂ. അതുകൊണ്ടുതന്നെ ഈ ഭരണം മലയാളിക്ക് നാണക്കേടിന്റെ വലിയ കിരീടമാകുന്നു.

ഒമ്പതുമാസം കൊണ്ട് കേരളത്തിലെ സാധാരണ ജനങ്ങളില്‍ ഒരാളെപ്പോലും ആകര്‍ഷിക്കാന്‍ യുഡിഎഫ് ഭരണത്തിനു കഴിഞ്ഞിട്ടില്ല. വിലക്കയറ്റത്തിന്റെയും വരുമാനക്കുറവിന്റെയും കടക്കെണിയുടെയും പ്രയാസങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അങ്ങനെ മനംമാറ്റാന്‍ കഴിയുകയുമില്ല. മാറ്റംവന്നത് ഒരു എംഎല്‍എക്കാണ്. അത് ഉമ്മന്‍ചാണ്ടിയുടെ വിജയംതന്നെ. ഭരണത്തിലൂടെ ആര്‍ജിക്കുന്ന പണം ഭരണം നിലനിര്‍ത്താന്‍ വിനിയോഗിക്കുന്നു എന്നേയുള്ളൂ. ഇനിയും ആളുകള്‍ വരുമെന്ന് പി സി ജോര്‍ജ് പറയുമ്പോള്‍ , വല വിരിച്ചിട്ടുണ്ട് എന്നാണര്‍ഥം. അങ്ങനെയാണെങ്കില്‍ പിറവത്തെ വോട്ടിന് യുഡിഎഫ് വില കല്‍പ്പിക്കുന്നില്ലെന്നും അര്‍ഥമുണ്ട്. അവിടെ ജയിച്ചില്ലെങ്കില്‍ അധികാരത്തില്‍ തുടരാന്‍ ധാര്‍മികതയില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞതിന്, "ജയിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം അവസാനിക്കും; അതുകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍ക്കൂ പ്രിയ ബന്ധുമിത്രാദികളേ" എന്ന അര്‍ഥമാണ് ഉള്ളത്. തോറ്റാല്‍ രാജിവയ്ക്കുമെന്നല്ല, ഉമ്മന്‍ചാണ്ടിയുടെ കസേര കാക്കാന്‍ ജയിപ്പിക്കണമെന്നാണ് അതിനര്‍ഥം. അതൊരു തെരഞ്ഞെടുപ്പ് സൂത്രമാണ്. കോണ്‍ഗ്രസ് ദുര്‍ബലമാണ്. അത് മുതലെടുക്കുന്നത് "ശക്തരായ" ഘടകകക്ഷികളാണ്. പ്രധാന തീരുമാനങ്ങള്‍ വരുന്നത് മുസ്ലിംലീഗിനുവേണ്ടിയാണ്. സ്കൂളധ്യാപകനെ സര്‍വകലാശാലാ വൈസ്ചാന്‍സലറാക്കാന്‍ നോക്കിയ ധാര്‍ഷ്ട്യം ലീഗിനുണ്ടായത് ഭരണത്തിന്റെ ദുരവസ്ഥയെയാണ് വെളിപ്പെടുത്തിയത്. റെയില്‍വേ ബജറ്റില്‍ "കേരളത്തിന് അഞ്ചു പുതിയ വണ്ടി" എന്ന മുട്ടന്‍ തമാശ എഴുതിയ മനോരമയാണ് യുഡിഎഫിന്റെ പ്രചാരണനായകന്‍ . സര്‍ക്കാരിനെയും ഭരണമുന്നണിയെയും പിറവത്തിന്റെ നൂല്‍പ്പാലം കടത്തിവിടാന്‍ "കണ്ണൂരില്‍ പാര്‍ടി കോടതി" എന്ന കഥവരെ അവതരിപ്പിച്ചു. നുണകള്‍ അവസാനിച്ചേക്കില്ല. അവസാന മണിക്കൂറുകളില്‍ വികാരോത്തേജനത്തിന്റെയും പ്രകോപനത്തിന്റെയും ശൈലി ആവര്‍ത്തിക്കപ്പെടാം.

പിറവത്ത് ജയിച്ചാലും തോറ്റാലും ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്നിരിക്കെ, പിറവത്തുകാര്‍ക്ക് ജനാധിപത്യത്തിന്റെ ഖഡ്ഗം ജനവിരുദ്ധതയ്ക്കെതിരെ പ്രയോഗിക്കാനുള്ള അവസരം വന്നിരിക്കുന്നു എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത. എന്തിന് നിങ്ങള്‍ ക്ഷേമപെന്‍ഷനുകള്‍ മരവിപ്പിച്ചു; എന്തിന് വെള്ളക്കരവും വൈദ്യുതിനിരക്കും യാത്രക്കൂലിയും കൂട്ടി; റെയില്‍വേക്കൂലിയും എണ്ണവിലയും അടിക്കടി കേന്ദ്രം വര്‍ധിപ്പിക്കുമ്പോള്‍ എന്തേ നിങ്ങള്‍ മിണ്ടുന്നില്ല; എന്തുകൊണ്ട് നിങ്ങള്‍ ഭരണനേട്ടവും രാഷ്ട്രീയവും പറയാതെ വോട്ടുബാങ്കുകളെ ആശ്രയിക്കുന്നു എന്നെല്ലാം യുഡിഎഫിനോട് ചോദിക്കുന്നതിനുപകരം ഒരു വോട്ടുകൊണ്ട് ചികിത്സ നല്‍കാം. യുഡിഎഫിനെതിരെ കിട്ടുന്ന ഓരോ വോട്ടും ജനങ്ങളുടെ ജീവിക്കാനുള്ള ആഗ്രഹത്തിന്റെ പ്രകടനമാകുമെന്നതാണ് പിറവത്തിന്റെ പ്രത്യേകതയിലൊന്ന്. അതുകൊണ്ടുതന്നെയാണ് കള്ളിതിരിച്ചുള്ള കൂട്ടിക്കിഴിക്കലുകളില്‍ യുഡിഎഫ് അഭയംതേടുമ്പോള്‍ എല്‍ഡിഎഫിന് ഉണ്ടാകുന്ന ഉറച്ച വിജയപ്രതീക്ഷ. കേരളത്തിന്റെ തലയില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കപ്പെട്ട നാണക്കേടിന്റെ കിരീടമാണ് ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ . തലകുടഞ്ഞ് ആ അഴുക്ക് തെറിപ്പിച്ചുകളയാനുള്ള ആദ്യാവസരമാണ് പിറവത്തുകാര്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ക്കകം വന്നുചേരുന്നത്. വോട്ടിനേക്കാള്‍ നോട്ടിന് വിലയുണ്ടെന്നു കരുതി, നോട്ടുകെട്ടുകള്‍ കൊണ്ട് എംഎല്‍എമാരെ വിലയ്ക്കെടുക്കുന്ന യുഡിഎഫ് നേതൃത്വത്തിന് വോട്ടിന്റെ വിലയെന്തെന്ന് കാണിച്ചുകൊടുക്കേണ്ടത് പൗരന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നംകൂടിയാകുന്നുണ്ട്.

1 comment:

manoj pm said...

പിറവത്തുകാര്‍ക്ക് ജനാധിപത്യത്തിന്റെ ഖഡ്ഗം ജനവിരുദ്ധതയ്ക്കെതിരെ പ്രയോഗിക്കാനുള്ള അവസരം വന്നിരിക്കുന്നു എന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത. എന്തിന് നിങ്ങള്‍ ക്ഷേമപെന്‍ഷനുകള്‍ മരവിപ്പിച്ചു; എന്തിന് വെള്ളക്കരവും വൈദ്യുതിനിരക്കും യാത്രക്കൂലിയും കൂട്ടി; റെയില്‍വേക്കൂലിയും എണ്ണവിലയും അടിക്കടി കേന്ദ്രം വര്‍ധിപ്പിക്കുമ്പോള്‍ എന്തേ നിങ്ങള്‍ മിണ്ടുന്നില്ല; എന്തുകൊണ്ട് നിങ്ങള്‍ ഭരണനേട്ടവും രാഷ്ട്രീയവും പറയാതെ വോട്ടുബാങ്കുകളെ ആശ്രയിക്കുന്നു എന്നെല്ലാം യുഡിഎഫിനോട് ചോദിക്കുന്നതിനുപകരം ഒരു വോട്ടുകൊണ്ട് ചികിത്സ നല്‍കാം. യുഡിഎഫിനെതിരെ കിട്ടുന്ന ഓരോ വോട്ടും ജനങ്ങളുടെ ജീവിക്കാനുള്ള ആഗ്രഹത്തിന്റെ പ്രകടനമാകുമെന്നതാണ് പിറവത്തിന്റെ പ്രത്യേകതയിലൊന്ന്. അതുകൊണ്ടുതന്നെയാണ് കള്ളിതിരിച്ചുള്ള കൂട്ടിക്കിഴിക്കലുകളില്‍ യുഡിഎഫ് അഭയംതേടുമ്പോള്‍ എല്‍ഡിഎഫിന് ഉണ്ടാകുന്ന ഉറച്ച വിജയപ്രതീക്ഷ. കേരളത്തിന്റെ തലയില്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കപ്പെട്ട നാണക്കേടിന്റെ കിരീടമാണ് ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ . തലകുടഞ്ഞ് ആ അഴുക്ക് തെറിപ്പിച്ചുകളയാനുള്ള ആദ്യാവസരമാണ് പിറവത്തുകാര്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ക്കകം വന്നുചേരുന്നത്. വോട്ടിനേക്കാള്‍ നോട്ടിന് വിലയുണ്ടെന്നു കരുതി, നോട്ടുകെട്ടുകള്‍ കൊണ്ട് എംഎല്‍എമാരെ വിലയ്ക്കെടുക്കുന്ന യുഡിഎഫ് നേതൃത്വത്തിന് വോട്ടിന്റെ വിലയെന്തെന്ന് കാണിച്ചുകൊടുക്കേണ്ടത് പൗരന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നംകൂടിയാകുന്നുണ്ട്.