Thursday, February 3, 2011

ശിക്ഷിക്കപ്പെടേണ്ട ക്രിമിനല്‍ സംഘം

"ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിട്ടുണ്ട്. ഇനിയും ഇത് നല്‍കിക്കൊണ്ടേയിരിക്കും''- സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതിക്ക് ശിക്ഷ കിട്ടിയപ്പോള്‍ കെ സുധാകരന്‍ എംപിയുടെ പ്രതികരണം (മാതൃഭൂമി ഫെബ്രു. 2) ഇതായിരുന്നു.

19 കൊല്ലം തടവും 13,000 രൂപ പിഴയുമാണ് രണ്ടാംപ്രതിക്ക് ശിക്ഷ ലഭിച്ചത്. ഒന്നാംപ്രതി വിക്രം ചാലില്‍ ശശി നേരത്തെ കൊല്ലപ്പെട്ടു. ഈ രണ്ടുപേര്‍ക്കുമൊപ്പം കൂട്ടുപ്രതികളാണ് കെ സുധാകരനും എം വി രാഘവനും. അവര്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയിട്ടില്ല. മാത്രമല്ല, അവര്‍ ഇപ്പോള്‍ സ്വയം പറയുന്നു തങ്ങള്‍ പ്രതികളേയല്ല എന്ന്. സുധാകരന്റെ അഹങ്കാരം നോക്കൂ- 'ജയരാജന്‍ പരാതി കൊടുത്തുകൊണ്ടേയിരിക്കും' എന്ന്. എത്ര പരാതി കൊടുത്താലും തന്നെ തൊടാനാകില്ല എന്നത് അതിന്റെ മറുപുറം. ഇതുതന്നെയാണ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നത്; പറയുന്നത്. തെളിവുകള്‍ മറച്ചുവച്ചോ നശിപ്പിച്ചോ സാക്ഷികളെ വിലയ്ക്കെടുത്തോ നീതിപീഠത്തിന് വിലയിട്ടോ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ഹുങ്കാണ് കുഞ്ഞാലിക്കുട്ടിയില്‍നിന്നും സുധാകരനില്‍നിന്നും ബഹിര്‍ഗമിക്കുന്നത്.

ഇ പി ജയരാജന്‍ കഴിഞ്ഞ മാസം ഒരു യാത്രയ്ക്കിടെ കുഴഞ്ഞു വീണിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു- നേരത്തെ ഉണ്ടായ ഏതെങ്കിലും അപകടത്തിന്റെ ഫലമായാകാം ഈ അവസ്ഥ എന്ന്. വിശദ പരിശോധനയില്‍, കഴുത്തിനരികില്‍ കുരുങ്ങിക്കിടക്കുന്ന വെടിച്ചീളാണ് അസുഖ കാരണം എന്ന് കണ്ടെത്തി. എപ്പോഴും ബോധരഹിതനാകാം- ഒരു കാരണവശാലും തീവണ്ടിയാത്രയില്‍ വാതിലിനടുത്ത് പരസഹായമില്ലാത പോകാന്‍ പാടില്ല എന്നാണ് ആശുപത്രി വിടുമ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം. ചികിത്സ തുടരുകയാണ്. ഇ പി ജയരാജന് ഇന്ന് ശ്വാസോച്ഛ്വാസയന്ത്രത്തിന്റെ സഹായമില്ലാതെ കിടന്നുറങ്ങാനാകില്ല. വ്യായാമം ചെയ്യാനാകില്ല. സുദീര്‍ഘമായി നിന്ന് സംസാരിക്കാന്‍ കഴിയില്ല. എല്ലാം സുധാകര-രാഘവ സംഘത്തിന്റെ സംഭാവനകളാണ്. എ കെ ജി ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇതേ സംഘം പൊലീസ് ക്രിമിനലുകളെ വിട്ട് തല്ലിത്തകര്‍ത്ത ശരീരമാണ് ഇ പിയുടേത്. അങ്ങനെ നിരവധി മര്‍ദനങ്ങള്‍ ആ ശരീരത്തിലേറ്റു. വേദനയോടും വയ്യായ്കകളോടും പൊരുതിയാണ് ഇന്നത്തെ ജീവിതം. അതിനുനേരെ സുധാകരന്‍ ഇതാ വീണ്ടും പുച്ഛം വലിച്ചെറിയുന്നു- ജയരാജന്‍ പരാതികള്‍ കൊടുത്തുകൊണ്ടേയിരിക്കട്ടെ എന്ന്.

സുധാകരനും എം വി രാഘവനും ഈ കേസിലെ മുഖ്യ പ്രതികളാകുന്നത് ഏതെങ്കിലും ഭാവനയുടെ ബലത്തിലല്ല. ഇ പിയെ വെടിവച്ചശേഷം ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ പേട്ട ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. രണ്ടാമനായ വിക്രംചാലില്‍ ശശിയെ അന്നുതന്നെ ചെന്നൈയില്‍ നവജീവന്‍ എക്സ്പ്രസ് വളഞ്ഞ് പൊലീസ് അറസ്റ് ചെയ്തു. ഒരു വിദേശനിര്‍മിത പിസ്റള്‍ ഉള്‍പ്പെടെ രണ്ട് കൈത്തോക്കും തിരകളും പണവുമായി പിടിയിലായ ശശി റെയില്‍വേ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം ആദ്യം വെളിപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടു. ചെന്നൈ റെയില്‍വേ പൊലീസ് ഡിവൈഎസ്പിയായിരുന്ന ജോണ്‍ കുര്യനാണ് ശശിയില്‍നിന്ന് മൊഴിയെടുത്ത് സ്റേറ്റ്മെന്റ് ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടു മുമ്പാകെ സമര്‍പ്പിച്ചത്. 'എം വി രാഘവനും കെ സുധാകരനും ചേര്‍ന്ന് പതിനായിരം രൂപ തന്നു. രണ്ട് റിവോള്‍വറുകളും തിരകളും ഏല്‍പ്പിച്ചത് സുധാകരനാണ്. ചണ്ഡീഗഢില്‍നിന്ന് സമ്മേളനം കഴിഞ്ഞുവരുന്ന ജയരാജനെ കൊല്ലണമെന്ന് അവര്‍ നിര്‍ദേശിച്ചു'- ഇത്രയും ശശിതന്നെ പറഞ്ഞുവച്ചു. രണ്ടു സാക്ഷികള്‍ മുമ്പാകെ റെയില്‍വേ പൊലീസ് രേഖപ്പെടുത്തിയ മൊഴി കേസ് രേഖകളിലുണ്ട്. തിരുപ്പതി റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ ഭാസ്കര നായിഡുവാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആന്ധ്രയില്‍ കേസ് ചാര്‍ജ് ചെയ്തത്. ഐപിസി 307-ാം വകുപ്പുപ്രകാരം രജിസ്റര്‍ചെയ്ത കേസിലും പേട്ട ദിനേശനും വിക്രംചാലില്‍ ശശിക്കും പുറമെ മന്ത്രി എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം എടുത്തുപറഞ്ഞിരുന്നു.

'മൊഴിയില്‍ വ്യക്തമാക്കുന്നത് കേരള സഹകരണമന്ത്രി എം വി രാഘവനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ജയരാജനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്നാണ്. എന്നാല്‍,തല്‍ക്കാലം ഇവരെ ഗൂഢാലോചനക്കേസില്‍ പ്രതിയാക്കുന്നില്ല. ഗൂഢാലോചന നടത്തിയ തെളിവുകള്‍ ശേഖരിച്ചുവേണം സിആര്‍പിസി 120-ബി അനുസരിച്ച് കേസെടുക്കാന്‍'- ഇതാണ് പ്രാഥമിക തെളിവെടുപ്പിനുശേഷം ഭാസ്കര നായിഡു നല്‍കിയ റിപ്പോര്‍ട്ട്.

വധശ്രമം നടന്ന ദിവസങ്ങളിലെ എം വി രാഘവന്റെയും കെ സുധാകരന്റെയും നീക്കങ്ങള്‍ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നും അതിനായി കേരളവും ഡല്‍ഹിയും സന്ദര്‍ശിക്കണമെന്നും ഭാസ്കരനായിഡു നിര്‍ദേശിച്ചു. ആ റിപ്പോര്‍ട്ട് പുറത്തുവന്നതുമുതലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം ഊര്‍ജിതമായത്. പൊടുന്നനെ കേസ് സിബി സിഐഡിക്ക് വിട്ടു. ആ അന്വേഷണത്തിലും എം വി രാഘവനും കെ സുധാകരനുമെതിരെ വ്യക്തമായ തെളിവുലഭിച്ചു. ഇരുവരെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തി സിബി സിഐഡി നെല്ലൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. പക്ഷേ,അന്തിമ ചാര്‍ജ് ഷീറ്റ് നല്‍കുമ്പോള്‍ പ്രതികളില്‍ രാഘവനും സുധാകരനും ഇല്ല! ഇടപെടലുകള്‍ പലവഴിക്ക് നടന്നു. ഒരുപക്ഷേ കുഞ്ഞാലിക്കുട്ടിയെ നാണിപ്പിക്കുംവിധം.

എല്ലാവിധ അട്ടിമറിശ്രമങ്ങളുണ്ടായിട്ടും തെളിവുകള്‍ പൂര്‍ണമായി മായ്ക്കാനായില്ല. ഓംഗോള്‍ സെഷന്‍സ് കോടതിയില്‍ നടന്ന സാക്ഷിവിസ്താരത്തിന്റെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തില്‍ എം വി രാഘവനെയും കെ സുധാകരനെയും കേസില്‍ പ്രതിചേര്‍ത്ത് കോടതി ഉത്തരവിടുകതന്നെ ചെയ്തു. എം വി രാഘവന്‍, കെ സുധാകരന്‍, ടി പി രാജീവന്‍ (മാതൃഭൂമിയുടെ മംഗളൂരു ലേഖകന്‍) എന്നിവര്‍കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയെത്തുടര്‍ന്നാണ് വധശ്രമം നടന്നതെന്നും ഇവരെയും പ്രതിചേര്‍ക്കണമെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ എ സുധാകര്‍ റാവുവിന്റെ ചീഫ് വിസ്താരത്തില്‍ ഇ പി ജയരാജന്‍ മൊഴി നല്‍കിയിരുന്നു. പ്രത്യേക ഹര്‍ജിയും സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് മൂവരെയും പ്രതിചേര്‍ക്കണമെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍തന്നെ കോടതിയില്‍ വാദിച്ചു. ഈ മൂന്നു പ്രതികള്‍ക്കെതിരായ വിചാരണ ആന്ധ്ര ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായി നടക്കാനിരിക്കുന്നു.

പേട്ട ദിനേശനും വിക്രംചാലില്‍ ശശിയും കണ്ണൂര്‍ ജില്ലയിലെ കുപ്രസിദ്ധ ആര്‍എസ്എസ് ക്രിമിനലുകളാണ്. ശശി പിന്നീട് ആര്‍എസ്എസില്‍നിന്ന് ശിവസേനയില്‍ ചേക്കേറുകയും ക്രിമിനലിസത്തിന്റെ തുടര്‍ച്ചയില്‍ കത്തിമുനയില്‍ ഒടുങ്ങുകയുംചെയ്തു. ദിനേശന്‍ പിന്നീടുതുവരെ ജയിലില്‍ത്തന്നെയാണ്. എസ്എഫ്ഐ നേതാവ് കെ വി സുധീഷിനെ വെട്ടി തുണ്ടംതുണ്ടമാക്കിയ കേസില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ ജയിലില്‍വച്ച് രവീന്ദ്രന്‍ എന്ന സിപിഐ എം പ്രവര്‍ത്തകനെ തല്ലിക്കൊന്ന കേസിലും പ്രതിയായി. ക്രിമിനല്‍ ബുദ്ധി തലയിലുറച്ച ഇരുവരും ലക്ഷണമൊത്ത വാടകക്കൊലയാളികളാണ്. അവര്‍ വിലയ്ക്കെടുക്കപ്പെട്ടവരാണ്.

തിരുവനന്തപുരത്ത് താമസിച്ചും ഡല്‍ഹിയില്‍ ചെന്നും അവിടെനിന്ന് ഇ പി ജയരാജനെ കണ്ടെത്തി അതേ ട്രെയിനില്‍ യാത്രചെയ്തും വെടിവച്ചു കൊല്ലാന്‍ ഇവര്‍ രണ്ടുപേര്‍ സ്വന്തം നിലയ്ക്ക് ശ്രമിച്ചെന്ന് സാമാന്യബോധമുള്ളവര്‍ പറയില്ല. അവരുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നു; പണമുണ്ടായിരുന്നു. മലയാളംപോലും നേരെ ചൊവ്വേ പറയാനറിയാത്ത രണ്ടു നാടന്‍ ക്രിമിനലുകള്‍ക്ക് കണിശമായ കൊലപാതക പദ്ധതി തയ്യാറാക്കിക്കൊടുക്കണമെങ്കില്‍ അതിവിപുലമായ സംവിധാനങ്ങള്‍ വേണം; ഒരുക്കം നടക്കണം. അത് ചെയ്തത് സുധാകരനും രാഘവനുമാണെന്ന് തിരിച്ചറിഞ്ഞത് കൊല്ലാന്‍ പോയവരുടെ നാവില്‍നിന്നുതന്നെയാകുമ്പോള്‍ സംശയത്തിന്റെ അണുവിടപോലും ശേഷിക്കുന്നുമില്ല.

സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെയാണ് ഇ പി ജയരാജനെതിരെ വധശ്രമമുണ്ടായത്. കണ്ണൂരിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള പദ്ധതിയായിരുന്നു അത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നീ മൂന്നുപേരെയാണ് ലക്ഷ്യംവച്ചിരുന്നത്. ഇ പിയെ ട്രെയിനില്‍വച്ച് കൊല്ലാന്‍ സാഹചര്യം ഒത്തുവന്നപ്പോള്‍ മറ്റു രണ്ടുപേരെയും താല്‍ക്കാലികമായി ഒഴിവാക്കി എന്നുമാത്രം.

സുധാകരന്റെയും രാഘവന്റെയും ക്രിമിനല്‍ പശ്ചാത്തലം ചെറുതല്ല. സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണുവിനെ കൊന്നതും നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നതും ടി കെ ബാലന്റെ വീടാക്രമിച്ചതും സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ വ്യക്തിവിരോധം തീര്‍ക്കാന്‍ ആക്രമിച്ച് ജീവച്ഛവമാക്കിയതുമുള്‍പ്പെടെയുള്ള അനേകം സംഭവങ്ങള്‍. എന്നിട്ടും സുധാകരന്‍ പ്രസംഗിക്കുന്നു- കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ് അക്രമമെന്ന്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ കൊണ്ടുവന്ന ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. അവര്‍ തമ്പടിച്ചത് ഡിസിസി ഓഫീസിലായിരുന്നു. സ്റേഷനില്‍ ബഹളംവയ്ക്കാനും പൊലീസിനെ ഭീഷണിപ്പെടുത്താനും മുന്‍നിരയിലുണ്ടായത് സുധാകരന്‍തന്നെ. രാഷ്ട്രീയ ക്വട്ടേഷന്‍ സംഘത്തിന്റെ നായകനെ വീരനായകനും മാര്‍ക്സിസ്റ് വിരുദ്ധ യുദ്ധത്തിന്റ സര്‍വസൈന്യാധിപനുമാക്കുന്നവര്‍ ഈ ചരിത്രം ഓര്‍ത്തെടുക്കേണ്ടതുണ്ട്.

നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ച്, കാപട്യത്തിന്റെ തൂവെള്ളക്കുപ്പായമിട്ട് നടക്കുന്ന ഇത്തരം കൊടും ക്രിമിനലുകളെ തിരിച്ചറിയാതെയും ഒറ്റപ്പെടുത്താതെയും ശിക്ഷിക്കാതെയും കണ്ണൂരില്‍ എങ്ങനെ സമാധാനം പുലരും? അങ്ങനെയുള്ള ചിന്തകളിലാണ് കണ്ണൂരിന്റെ ചെറുത്തുനില്‍പ്പിന്റെയും സഹനത്തിന്റെയും പോരാട്ടവീറിന്റെയുമെല്ലാം പ്രതീകമായി സിപിഐ എം മാറുന്നത്. ഇ പി ജയരാജന്റെ 'ശരീരഭാഷ'യെയും തുറന്നടിച്ച വര്‍ത്തമാനത്തെയും വിമര്‍ശിക്കുന്നവര്‍ കെ സുധാകരന്റെ ഗുണ്ടാരാഷ്ട്രീയം കാണുന്നില്ല. ഇ പിയുടെ ശരീരത്തില്‍ തറഞ്ഞുകിടക്കുന്ന വെടിയുണ്ടയെക്കുറിച്ചറിയുന്നില്ല. കേരളത്തിന്റെ സമുന്നതനായ കമ്യൂണിസ്റ് നേതാക്കളിലൊരാളെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുഡിഎഫിന്റെ തലപ്പത്തുള്ളവര്‍തന്നെ ഉള്‍പ്പെടുന്നു എന്ന യാഥാര്‍ഥ്യം അത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്നുമില്ല. രാഷ്ട്രീയ എതിരാളികളോടു മാത്രമല്ല, ഇത്തരം കാപട്യക്കാരോടുകൂടി യുദ്ധംചെയ്താലേ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാനാവുകയുള്ളൂ എന്നതാണ് വര്‍ത്തമാനകാലത്തിന്റെ ചുവരെഴുത്ത്. ആ യുദ്ധത്തില്‍, ഇ പി വധശ്രമക്കേസിലെ യഥാര്‍ഥ പ്രതികളെ തുറുങ്കിലടപ്പിക്കാനുള്ള നിതാന്തപരിശ്രമം നിര്‍ണായകമാണ്.

2 comments:

manoj pm said...

നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ച്, കാപട്യത്തിന്റെ തൂവെള്ളക്കുപ്പായമിട്ട് നടക്കുന്ന ഇത്തരം കൊടും ക്രിമിനലുകളെ തിരിച്ചറിയാതെയും ഒറ്റപ്പെടുത്താതെയും ശിക്ഷിക്കാതെയും കണ്ണൂരില്‍ എങ്ങനെ സമാധാനം പുലരും? അങ്ങനെയുള്ള ചിന്തകളിലാണ് കണ്ണൂരിന്റെ ചെറുത്തുനില്‍പ്പിന്റെയും സഹനത്തിന്റെയും പോരാട്ടവീറിന്റെയുമെല്ലാം പ്രതീകമായി സിപിഐ എം മാറുന്നത്. ഇ പി ജയരാജന്റെ 'ശരീരഭാഷ'യെയും തുറന്നടിച്ച വര്‍ത്തമാനത്തെയും വിമര്‍ശിക്കുന്നവര്‍ കെ സുധാകരന്റെ ഗുണ്ടാരാഷ്ട്രീയം കാണുന്നില്ല. ഇ പിയുടെ ശരീരത്തില്‍ തറഞ്ഞുകിടക്കുന്ന വെടിയുണ്ടയെക്കുറിച്ചറിയുന്നില്ല. കേരളത്തിന്റെ സമുന്നതനായ കമ്യൂണിസ്റ് നേതാക്കളിലൊരാളെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുഡിഎഫിന്റെ തലപ്പത്തുള്ളവര്‍തന്നെ ഉള്‍പ്പെടുന്നു എന്ന യാഥാര്‍ഥ്യം അത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്നുമില്ല. രാഷ്ട്രീയ എതിരാളികളോടു മാത്രമല്ല, ഇത്തരം കാപട്യക്കാരോടുകൂടി യുദ്ധംചെയ്താലേ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാനാവുകയുള്ളൂ എന്നതാണ് വര്‍ത്തമാനകാലത്തിന്റെ ചുവരെഴുത്ത്. ആ യുദ്ധത്തില്‍, ഇ പി വധശ്രമക്കേസിലെ യഥാര്‍ഥ പ്രതികളെ തുറുങ്കിലടപ്പിക്കാനുള്ള നിതാന്തപരിശ്രമം നിര്‍ണായകമാണ്.

മുക്കുവന്‍ said...

സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതിക്ക് ശിക്ഷ കിട്ടിയപ്പോള്‍ കെ സുധാകരന്‍ എംപിയുടെ പ്രതികരണം


കണ്ണൂരില്‍ ഇടതുപക്ഷം ആരേലും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടോ ആവോ? എല്ലാം സ്വരക്ഷക്കായി പാര്‍ട്ടി നടത്തുന്ന കേളികള്‍