Wednesday, February 23, 2011

യുഡിഎഫിന്റെ ഭീതി

യുഡിഎഫ് വെപ്രാളം കാട്ടുകയാണ്. അവിശ്വസനീയമായ പലതും പറഞ്ഞ് എരിപൊരികൊള്ളുകയാണ്. ലോട്ടറിപ്രശ്നത്തില്‍ ഇന്നലെവരെ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെയാണ് ആക്രമണം നടത്തിയതെങ്കില്‍, ഇന്ന് വാള്‍മുന മുഖ്യമന്ത്രി വിഎസിനുനേരെ നീട്ടിയിരിക്കുന്നു. ഇവര്‍ എപ്പോള്‍, ഏതു പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും തകരുകയാണ് യുഡിഎഫും അവരുടെ ജനപിന്തുണയും. കുഞ്ഞാലിക്കുട്ടി, ബാലകൃഷ്ണപിള്ള, ഉമ്മന്‍ചാണ്ടി, ടി എം ജേക്കബ്, വയലാര്‍ രവി- ഇങ്ങനെ യുഡിഎഫ് നേതൃത്വത്തിലുള്ള വന്‍കിടക്കാര്‍ ഒന്നൊന്നായി നിയമത്തിനും ജനങ്ങള്‍ക്കും മുന്നില്‍ തൊലിയുരിക്കപ്പെടുന്നു.

ബാലകൃഷ്ണപിള്ള ജയിലിലാണ്. എല്‍ഡിഎഫ് അദ്ദേഹത്തെ പിടിച്ച് കാരാഗൃഹത്തിലടച്ചതല്ല. രാജ്യത്തെ പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുമുതല്‍ അപഹരിച്ചതിന്; അഴിമതി നടത്തിയതിനാണ് ശിക്ഷ. ഇനി അതിന് അപ്പീലില്ല. സംശയത്തിനതീതമായി കുറ്റം തെളിയിക്കപ്പെട്ട് ജയിലിലേക്ക് വിട്ട ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍നിന്ന് പുറത്താക്കാനോ തള്ളിപ്പറയാനോ അല്ല, സ്വീകരണം നല്‍കാനും പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കാനുമാണ് യുഡിഎഫ് തയ്യാറായത്. കുഞ്ഞാലിക്കുട്ടി സ്വയം വെളിപ്പെടുത്തിയ വിവരങ്ങളാണ് ഐസ്ക്രീം കേസിനെ വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അവിടെയും യുഡിഎഫ്തന്നെ വാദിയും പ്രതിയും. ടി എം ജേക്കബ്ബിനെതിരായ കുരിയാര്‍കുറ്റി-കാരപ്പാറ കേസിന്റെ രേഖകള്‍ വീണ്ടും പരിശോധിക്കുന്നതും സുപ്രീംകോടതി. വയലാര്‍ രവി, പത്മജ, റോസക്കുട്ടി, രഘുചന്ദ്രബാല്‍ എന്നിവരെ അഴിമതിക്കുടക്കീഴിലേക്ക് കൊണ്ടുവന്നത് കെ സുധാകരനാണ്. സുധാകരന്റെ വെളിപ്പെടുത്തലിന് ശേഷം അബ്കാരികളില്‍നിന്ന് ഈ നേതാക്കള്‍ പണംപറ്റിയെന്ന് പണം കൊടുത്തയാള്‍ തന്നെ തുറന്നുപറഞ്ഞു.

ഐസ്ക്രീം കേസ് കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും തളര്‍ത്തി. ലീഗിന്റെ സംസ്ഥാന സെക്രട്ടറി മുനീര്‍ പറയുന്നു- പാര്‍ടിയോ ചാനലോ വേണ്ടത് എന്ന ചോദ്യംവന്നാല്‍ ചാനല്‍ തെരഞ്ഞെടുക്കുമെന്ന്. ഇന്ത്യാവിഷന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കൊണ്ടുവന്ന എല്ലാ വാര്‍ത്തയെയും മുനീര്‍ ന്യായീകരിക്കുന്നു. അതിനര്‍ഥം മുസ്ളിംലീഗില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ ചേരി നിലനില്‍ക്കുന്നു എന്നുതന്നെ. ലീഗിന്റെ തളര്‍ച്ച ഏറ്റവും ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ്. യുഡിഎഫിലെ രണ്ടാംകക്ഷി സ്ഥാനത്തിനുവേണ്ടിയുള്ള മത്സരം അതിരൂക്ഷമായ തലത്തിലേക്കുയരുകയാണ്. കോണ്‍ഗ്രസിന് ഏതു തള്ളണം ഏതു കൊള്ളണം എന്നു തീരുമാനിക്കാനാകില്ല. ഈ രണ്ടു കക്ഷികളെയും ഒപ്പം നിര്‍ത്തുകയും അതിന്റെ ഭാഗമായി വര്‍ഗീയവോട്ടുകള്‍ ഏകോപിപ്പിക്കുകയും ചെയ്യാനുള്ള അജന്‍ഡയില്‍മാത്രമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പുസ്വപ്നങ്ങള്‍.

കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ അന്തച്ഛിദ്രത്തിന്റെ കാലത്തിലൂടെ കടന്നുപോകുന്നു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ രമേശ് ചെന്നിത്തല. കേരളത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ വയലാര്‍ രവി. ആന്റണിയുടെ നോമിനിയായി വി എം സുധീരന്‍. പരസ്പരം വെട്ടിവീഴ്ത്താനും അരുക്കാക്കാനും ഇവര്‍ നടത്തുന്ന ഗൂഢമായ കളികളാണ് വെളിപ്പെടുത്തലുകളായും വിവാദപ്രസംഗങ്ങളായുമൊക്കെ വരുന്നത്. അവസരം ലഭിക്കുമ്പോഴെല്ലാം പൊതുമുതല്‍ കട്ടുമുടിക്കുകയും അഴിമതിപ്പണംകൊണ്ട് കീശവീര്‍പ്പിക്കുകയും സകല അനാശാസ്യത്തിലും ഏര്‍പ്പെടുകയും ചെയ്യുന്ന യുഡിഎഫ് നേതാക്കളുടെ അവസാന ആയുധമായിമാത്രമേ കോണ്‍ഗ്രസ് ചാനലിലൂടെയും അല്ലാതെയുമുള്ള പുതിയ നാടകങ്ങളെ കാണാനാവുകയുള്ളൂ. ഇന്നലെവരെ ഇവര്‍ എവിടെ പോയിരുന്നു? എന്തേ മുഖ്യമന്ത്രി വി എസിനെതിരായ നെറികെട്ട ആക്രമണവുമായി തുനിഞ്ഞിറങ്ങാന്‍ ഇവര്‍ക്കുള്ള പ്രേരണ; പ്രകോപനം? ഉത്തരം ലളിതമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

ഉമ്മന്‍ചാണ്ടി നയിച്ച് കാസര്‍കോട്ടുനിന്ന് ആരംഭിച്ച 'മോചന'യാത്ര എത്രമാത്രം ദയനീയമായാണ് പരാജയപ്പെട്ടത് എന്നോര്‍ക്കുക. ആഘോഷപൂര്‍വം ആദ്യനാളുകള്‍ പിന്നിട്ട യാത്ര ഐസ്ക്രീമില്‍ മുങ്ങി അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു. തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും അങ്ങനെയൊരു ജാഥയെക്കുറിച്ച് ജനങ്ങള്‍ക്ക് ചിന്തപോലുമില്ലാതായി. യുഡിഎഫിന്റെ തട്ടകമെന്ന് അവര്‍ അഭിമാനപൂര്‍വം പറയാറുള്ള കോട്ടയം ജില്ലയില്‍ ഏറ്റവും നിര്‍ജീവമായ സ്വീകരണമാണ് അന്നാട്ടുകാരന്‍തന്നെയായ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്.

മറുവശത്ത് എല്‍ഡിഎഫിെന നോക്കൂ. മുന്നണിയുടെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ആദ്യഘട്ടമായി സംഘടിപ്പിച്ച രണ്ട് വികസനമുന്നേറ്റ ജാഥകള്‍ ജനലക്ഷങ്ങളെ ആകര്‍ഷിച്ച് മുന്നേറുകയാണ്. യുഡിഎഫ് ജീര്‍ണതയും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അഴിമതിയും തുറന്നുകാട്ടി എത്തുന്ന മേഖലാ ജാഥകളെ സ്വീകരിക്കാന്‍ ഓരോ കേന്ദ്രത്തിലും റെക്കോഡ് ജനക്കൂട്ടമെത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ യാത്രയെ സ്വീകരിക്കാനെത്തിയതിന്റെ പലമടങ്ങ്. മന്ത്രി സി ദിവാകരന്‍ നയിക്കുന്ന വടക്കന്‍ജാഥ ഹൊസങ്കടിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള തെക്കന്‍ മേഖലാ ജാഥ എറണാകുളം കലൂരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനുമാണ് ഉദ്ഘാടനംചെയ്തത്. എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങളും യുഡിഎഫിന്റെ ജീര്‍ണതയും ജാഥാംഗങ്ങള്‍ സവിസ്തരം ജനങ്ങളോട് പറയുന്നു. പാതിവഴിയില്‍ മുടങ്ങിയും മുറിഞ്ഞും നീങ്ങിയ യുഡിഎഫ് ജാഥയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ അനുഭവം. അതുതന്നെയാണ് ജനങ്ങള്‍ എല്‍ഡിഎഫിന് കൂടുതലായി പിന്തുണ നല്‍കുന്നതിന് നിദര്‍ശനവും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍, അടുത്ത ഭരണം യുഡിഎഫിന്റേതുതന്നെ എന്ന പ്രചാരണം ശക്തിപ്പെട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കുപ്പായം സ്വയം എടുത്തണിഞ്ഞു. മുസ്ളിംലീഗുകാരും കേരള കോണ്‍ഗ്രസുകാരും പൊലീസിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങള്‍ ചര്‍ച്ചയാകുന്നത് ശ്രദ്ധാപൂര്‍വം തടഞ്ഞ്, വിവാദങ്ങളിലും അപവാദകഥകളിലും ജനങ്ങളുടെ മനസ്സ് പിടിച്ചിടാനുള്ള മാധ്യമശ്രമത്തിന്റെ ഫലംകൂടിയായിരുന്നു അത്. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വെളിപ്പെടുത്തലും പിള്ളയുടെ ജയില്‍ശിക്ഷയും മറ്റും മറ്റും തുടരെ തുടരെ വന്നപ്പോള്‍, യുഡിഎഫിന് ഇനി ഒരിക്കല്‍ക്കൂടി അധികാരം കിട്ടിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന ചിന്തയിലേക്കാണ് ജനങ്ങളെ നയിച്ചത്. ഒരു ഓര്‍മപ്പെടുത്തലാണത്. യുഡിഎഫ് ഭരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്, ഇന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നന്മകള്‍ തിരിച്ചറിയാനാവുക.

അക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയോട് എല്‍ഡിഎഫ് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു സുപ്രഭാതത്തില്‍ 'എനിക്കെതിരെ വധഭീഷണി' എന്നു പറഞ്ഞതോടെയാണ് ഈ അവസ്ഥയ്ക്ക് തുടക്കമായത്. തന്റെ ബന്ധുവും സഹായിയുമായിരുന്ന റൌഫിന് താന്‍ വഴിവിട്ട് പല സഹായവും ചെയ്തതായും കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി. അതിന് റൌഫ് പറഞ്ഞ മറുപടികള്‍ ഭരണം ഉപയോഗിച്ച് യുഡിഎഫ് നടത്തിയ അഴിമതികളുടെയും കോടതിയെപ്പോലും വിലയ്ക്കെടുക്കാന്‍ നടത്തിയ ശ്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരപരമ്പരയുടെ തുടക്കമായി.

ഇങ്ങനെ എല്ലാം തകര്‍ന്ന് അവശനിലയിലായ യുഡിഎഫിനെ എങ്ങനെ കരകയറ്റുമെന്ന ചിന്തയില്‍നിന്നാണ് മുഖ്യമന്ത്രി വി എസിനുനേരെ അബദ്ധജടിലമായ പുലമ്പലുകളുമായി രംഗത്തുവരാനുള്ള പദ്ധതികള്‍ തയ്യാറായത്. കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹത്തിന്റെ ബന്ധുവും സഹായിയുമായ റൌഫും പെവാണിഭറാക്കറ്റില്‍ കുടുങ്ങിയ പെണ്‍കുട്ടികളുമൊക്കെ നല്‍കിയ മൊഴികളാണ് ഇന്ത്യാവിഷന്‍ പുറത്തുകൊണ്ടുവന്നത്. ഇവിടെ, അത്തരമൊന്നിന്റെ ദയനീയമായ ആവര്‍ത്തനത്തിനിറങ്ങി കോണ്‍ഗ്രസ് ചാനല്‍ പരിഹാസ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. ഏതൊക്കെയോ ആളുകളെ ഫോണില്‍ വിളിച്ച്, 'ഞാന്‍ ഇന്നയാള്‍ക്ക് പണം കൊടുത്തു' എന്നു പറയിക്കുകയും അതിനെ മഹത്തായ വെളിപ്പെടുത്തലെന്ന് വിശേഷിപ്പിക്കുകയുമാണ്. ഗത്യന്തരമില്ലാതെ മലയോട് കല്ലെറിഞ്ഞ് നോക്കുകയാണ് യുഡിഎഫ്.

വി എസും പാര്‍ടിയും തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്താനായിരുന്നു ഇന്നലെവരെ ശ്രമം. വി എസിനെ അനുകൂലിക്കുന്നു എന്ന വ്യാജേന സിപിഐ എമ്മിനെ തകര്‍ക്കാന്‍ കുത്തിത്തിരിപ്പുകളുണ്ടാക്കി. പാര്‍ടിയില്‍ ഭിന്നതയും വിഭാഗീയതയും ഇല്ലെന്ന് ബോധ്യം വന്നപ്പോള്‍ വി എസിനെ ഒറ്റതിരിച്ച് ആക്രമിക്കാനൊരുങ്ങുന്നു. ഇത്തരം ഏതാക്രമണത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ എല്‍ഡിഎഫും അതിനെ നയിക്കുന്ന സിപിഐ എമ്മും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമ്പോള്‍ യുഡിഎഫിന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയേ ഉള്ളൂ. അതിന്റെ വെപ്രാളമാണ്, ലോട്ടറിക്കേസില്‍ 'വി എസ് ശരി, ഐസക് തെറ്റ്', 'ഐസക്കിനെതിരെ വി എസ്' എന്നെല്ലാം പറഞ്ഞുനടന്നവര്‍തന്നെ പൊടുന്നനെ വി എസാണ് കുഴപ്പക്കാരനെന്ന് മാറ്റിപ്പറയുന്നത്. അന്നും ഇന്നും അവരുടെ വാക്കിന് ഒരു വിലയേ ഉള്ളൂ. ഇവര്‍ ഒച്ചവച്ചാല്‍ തകര്‍ന്നുപോകുന്നതല്ല വി എസിനും തോമസ് ഐസക്കിനും അവരുടെ പ്രസ്ഥാനത്തിനും ജനങ്ങളുടെ ഹൃദയത്തിലുള്ള സ്ഥാനം. അതാണ് വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ തെളിയിക്കാന്‍ പോകുന്നത്.

Friday, February 4, 2011

ഹെന്റമ്മോ മനോരമ

വോട്ടിനായി ഇത്രയും തരംതാഴാമോ?
രാഷ്ട്രീയ പോരാട്ടങ്ങള്‍ അഭിജാതമാകുന്നത് അവ ആശയങ്ങളും കര്‍മപരിപാടികളും മുന്‍നിറുത്തിയുള്ളതാവുമ്പോഴാണ്. തിരഞ്ഞെടുപ്പു മുന്നില്‍കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നതു തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് - പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തിരഞ്ഞെടുപ്പു രഥം ഉരുണ്ടുവരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.

ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ അവശേഷം ഇപ്പോള്‍ അതിന്റെ അപഹാസ്യമായ രണ്ടാം വരവിലാണ്. കീഴ്കോടതിമുതല്‍ സുപ്രീം കോടതിവരെയുള്ള എല്ലാ തലങ്ങളും പിന്നിട്ട് വിധിയുണ്ടായ കേസാണിതെങ്കിലും എത്ര വര്‍ഷം കഴിഞ്ഞും ഏത് ഇന്ത്യന്‍ പൌരനും ചോദ്യം ചെയ്യാം; അതിനു പക്ഷേ ഉപയോഗിക്കേണ്ടതു വ്യവസ്ഥാപിത മാര്‍ഗങ്ങളാണ്. ആരൊക്കെയോ ചിലര്‍ സ്വയംകോടതി ചമയുന്നതും വ്യക്തിഹത്യയുടെ നികൃഷ്ടവഴികള്‍ തിരയുന്നതുമാണിപ്പോള്‍ കേരളം കാണുന്നത്. നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതുവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഈ ചോദ്യം ചെയ്യലിനു മുതിരുന്നതോ സംശയത്തിന്റെ നിഴലില്‍ മുഖംകുനിച്ചുനില്‍ക്കുന്നവരും.

സത്യത്തെ ഏറെക്കാലം മൂടിവയ്ക്കാന്‍ കഴിയില്ലെന്നും മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ പിന്നില്‍നിന്നു കുത്തുമെന്നതിന് ഉദാഹരണമാണിതെന്നുമാണ് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. പെണ്‍കുട്ടികളെ നശിപ്പിച്ച മാന്യന്‍മാരെ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ കയ്യാമം വച്ചു തെരുവിലൂടെ നടത്തിക്കുമെന്ന് അദ്ദേഹം രണ്ടാഴ്ച മുമ്പ് പറഞ്ഞതുകൂടി ഇതോടു ചേര്‍ത്തുവായിക്കുമ്പോള്‍ ന്യായമായും ചോദിക്കാം: മൂടിവയ്ക്കപ്പെട്ടു കിടക്കുന്ന അവസ്ഥയില്‍നിന്ന് ഒരു രാഷ്ട്രീയകക്ഷിക്കു തിരഞ്ഞെടുപ്പു സമയത്തു പുറത്തെടുക്കാനുള്ളതാണോ ഇത്തരം കേസുകള്‍?

കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിലും അധികാരമേറി പ്രഥമ മന്ത്രിസഭാ യോഗത്തിനുശേഷവും പെണ്‍വാണിഭക്കാരെ ഉദ്ദേശിച്ച് ഇതേ കയ്യാമത്തിന്റെ കാര്യം വിഎസ് പറഞ്ഞതു മറക്കാറായിട്ടില്ല. അദ്ദേഹം ഭരണത്തിലേറിയപ്പോള്‍, കിളിരൂര്‍ അടക്കമുള്ള കേസുകളില്‍ ആ കയ്യാമത്തിന് എന്തു സംഭവിച്ചു എന്നതും ജനത്തിന് ഒാര്‍മയുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസുണ്ടായതിനുശേഷമുള്ള പതിനാലു വര്‍ഷങ്ങളില്‍ ഒന്‍പതു വര്‍ഷവും അധികാരത്തിലിരുന്നത് ഇടതു സര്‍ക്കാരാണ്. ഈ കേസ് തേച്ചുമാച്ചുകളയാന്‍ ആരെങ്കിലും ശ്രമിച്ചെങ്കില്‍ അതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു മുന്‍ ഇടതു സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രിയുടെ സര്‍വപ്രതാപിയായ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണെന്ന കാര്യം ഇപ്പോഴത്തെ വിവാദത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍പത്തെ ഇടതു സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അതെപ്പറ്റി അന്വേഷണമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്. ആ പഴയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാത്രം അദ്ദേഹം കുറ്റവിമുക്തനാക്കുകകൂടി ചെയ്യുന്നതോടെ ഇപ്പോഴത്തെ കാടിളക്കലിലെ രാഷ്ട്രീയക്കളി നഗ്നമായി നാടിനുമുന്നില്‍ നില്‍ക്കുകയാണ്. പാര്‍ട്ടി ഈയിടെ നേതാവിനു നല്‍കിയ 'ചികില്‍സയും വല്ലാത്ത ഒരു കാവ്യനീതിയായി ജനത്തിനു മുന്‍പാകെയുണ്ട്.

ഇതിനൊക്കെ പുറമേയാണ് ആരുടെയൊക്കെയോ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന ഒളിക്യാമറാപ്രവര്‍ത്തനം. മാധ്യമങ്ങള്‍ സ്വയംനടത്തുന്ന സ്വതന്ത്രമായ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങും ഏതാനും തത്പരകക്ഷികളുടെ കൂടെ സഞ്ചരിച്ച് അവര്‍ പറയുന്നതുപ്രകാരമുള്ള ചിത്രീകരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യത്തിലാണെങ്കില്‍ ചിത്രീകരണത്തിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് സംപ്രേഷണസമയം തീരുമാനിച്ചതുപോലും അതേ തല്‍പരകക്ഷികള്‍തന്നെ. എത്രമാത്രം മലീമസമാണു സംസ്ഥാന രാഷ്ട്രീയമെന്നതിനു വേറെ സാക്ഷ്യങ്ങള്‍ വേണമെന്നു തോന്നുന്നില്ല.

തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജൂഡിഷ്യറിയെ താറടിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണ്. സാധാരണക്കാരുടെ രക്ഷയ്ക്കും അവര്‍ക്കു നീതികിട്ടാനും അവസാനത്തെ ആശ്രയം കോടതികളാണെന്ന് ആരും മറക്കരുത്. തെറ്റു ചെയ്തവര്‍ എത്ര പ്രബലരായാലും എത്ര കാലം കഴിഞ്ഞാലും ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ സംശയമില്ല. കാലത്തിന്റെ നീതിനിര്‍വഹണത്തില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനുമാവില്ല. പക്ഷേ, താത്ക്കാലിക ലാഭം മുന്‍നിറുത്തി നീചമാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പു വിജയം നേടാമെന്ന വ്യാമോഹം ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

ഭരിക്കുന്നവര്‍ വീണ്ടും വോട്ടു തേടേണ്ടതു സ്വന്തം ഭരണനേട്ടങ്ങളുമായാണ്; മലര്‍ന്നുകിടന്നു തുപ്പിയല്ല. സ്ത്രീപീഡനക്കേസുകളില്‍ അഞ്ചു വര്‍ഷം വെറുതെയിരുന്ന ഒരു സംസ്ഥാനാധിപനു ധാര്‍മിക ഉത്ക്കണ്ഠയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതുകൊണ്ടുമാത്രം അതിന്റെ അപഹാസ്യത ഇല്ലാതാവുന്നുമില്ല.



ഹി.......... ഹി ഹി ..............ഹി.......... ഹി ഹി

Thursday, February 3, 2011

ശിക്ഷിക്കപ്പെടേണ്ട ക്രിമിനല്‍ സംഘം

"ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിട്ടുണ്ട്. ഇനിയും ഇത് നല്‍കിക്കൊണ്ടേയിരിക്കും''- സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാംപ്രതിക്ക് ശിക്ഷ കിട്ടിയപ്പോള്‍ കെ സുധാകരന്‍ എംപിയുടെ പ്രതികരണം (മാതൃഭൂമി ഫെബ്രു. 2) ഇതായിരുന്നു.

19 കൊല്ലം തടവും 13,000 രൂപ പിഴയുമാണ് രണ്ടാംപ്രതിക്ക് ശിക്ഷ ലഭിച്ചത്. ഒന്നാംപ്രതി വിക്രം ചാലില്‍ ശശി നേരത്തെ കൊല്ലപ്പെട്ടു. ഈ രണ്ടുപേര്‍ക്കുമൊപ്പം കൂട്ടുപ്രതികളാണ് കെ സുധാകരനും എം വി രാഘവനും. അവര്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയിട്ടില്ല. മാത്രമല്ല, അവര്‍ ഇപ്പോള്‍ സ്വയം പറയുന്നു തങ്ങള്‍ പ്രതികളേയല്ല എന്ന്. സുധാകരന്റെ അഹങ്കാരം നോക്കൂ- 'ജയരാജന്‍ പരാതി കൊടുത്തുകൊണ്ടേയിരിക്കും' എന്ന്. എത്ര പരാതി കൊടുത്താലും തന്നെ തൊടാനാകില്ല എന്നത് അതിന്റെ മറുപുറം. ഇതുതന്നെയാണ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നത്; പറയുന്നത്. തെളിവുകള്‍ മറച്ചുവച്ചോ നശിപ്പിച്ചോ സാക്ഷികളെ വിലയ്ക്കെടുത്തോ നീതിപീഠത്തിന് വിലയിട്ടോ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ഹുങ്കാണ് കുഞ്ഞാലിക്കുട്ടിയില്‍നിന്നും സുധാകരനില്‍നിന്നും ബഹിര്‍ഗമിക്കുന്നത്.

ഇ പി ജയരാജന്‍ കഴിഞ്ഞ മാസം ഒരു യാത്രയ്ക്കിടെ കുഴഞ്ഞു വീണിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു- നേരത്തെ ഉണ്ടായ ഏതെങ്കിലും അപകടത്തിന്റെ ഫലമായാകാം ഈ അവസ്ഥ എന്ന്. വിശദ പരിശോധനയില്‍, കഴുത്തിനരികില്‍ കുരുങ്ങിക്കിടക്കുന്ന വെടിച്ചീളാണ് അസുഖ കാരണം എന്ന് കണ്ടെത്തി. എപ്പോഴും ബോധരഹിതനാകാം- ഒരു കാരണവശാലും തീവണ്ടിയാത്രയില്‍ വാതിലിനടുത്ത് പരസഹായമില്ലാത പോകാന്‍ പാടില്ല എന്നാണ് ആശുപത്രി വിടുമ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം. ചികിത്സ തുടരുകയാണ്. ഇ പി ജയരാജന് ഇന്ന് ശ്വാസോച്ഛ്വാസയന്ത്രത്തിന്റെ സഹായമില്ലാതെ കിടന്നുറങ്ങാനാകില്ല. വ്യായാമം ചെയ്യാനാകില്ല. സുദീര്‍ഘമായി നിന്ന് സംസാരിക്കാന്‍ കഴിയില്ല. എല്ലാം സുധാകര-രാഘവ സംഘത്തിന്റെ സംഭാവനകളാണ്. എ കെ ജി ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇതേ സംഘം പൊലീസ് ക്രിമിനലുകളെ വിട്ട് തല്ലിത്തകര്‍ത്ത ശരീരമാണ് ഇ പിയുടേത്. അങ്ങനെ നിരവധി മര്‍ദനങ്ങള്‍ ആ ശരീരത്തിലേറ്റു. വേദനയോടും വയ്യായ്കകളോടും പൊരുതിയാണ് ഇന്നത്തെ ജീവിതം. അതിനുനേരെ സുധാകരന്‍ ഇതാ വീണ്ടും പുച്ഛം വലിച്ചെറിയുന്നു- ജയരാജന്‍ പരാതികള്‍ കൊടുത്തുകൊണ്ടേയിരിക്കട്ടെ എന്ന്.

സുധാകരനും എം വി രാഘവനും ഈ കേസിലെ മുഖ്യ പ്രതികളാകുന്നത് ഏതെങ്കിലും ഭാവനയുടെ ബലത്തിലല്ല. ഇ പിയെ വെടിവച്ചശേഷം ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ പേട്ട ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. രണ്ടാമനായ വിക്രംചാലില്‍ ശശിയെ അന്നുതന്നെ ചെന്നൈയില്‍ നവജീവന്‍ എക്സ്പ്രസ് വളഞ്ഞ് പൊലീസ് അറസ്റ് ചെയ്തു. ഒരു വിദേശനിര്‍മിത പിസ്റള്‍ ഉള്‍പ്പെടെ രണ്ട് കൈത്തോക്കും തിരകളും പണവുമായി പിടിയിലായ ശശി റെയില്‍വേ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം ആദ്യം വെളിപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടു. ചെന്നൈ റെയില്‍വേ പൊലീസ് ഡിവൈഎസ്പിയായിരുന്ന ജോണ്‍ കുര്യനാണ് ശശിയില്‍നിന്ന് മൊഴിയെടുത്ത് സ്റേറ്റ്മെന്റ് ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടു മുമ്പാകെ സമര്‍പ്പിച്ചത്. 'എം വി രാഘവനും കെ സുധാകരനും ചേര്‍ന്ന് പതിനായിരം രൂപ തന്നു. രണ്ട് റിവോള്‍വറുകളും തിരകളും ഏല്‍പ്പിച്ചത് സുധാകരനാണ്. ചണ്ഡീഗഢില്‍നിന്ന് സമ്മേളനം കഴിഞ്ഞുവരുന്ന ജയരാജനെ കൊല്ലണമെന്ന് അവര്‍ നിര്‍ദേശിച്ചു'- ഇത്രയും ശശിതന്നെ പറഞ്ഞുവച്ചു. രണ്ടു സാക്ഷികള്‍ മുമ്പാകെ റെയില്‍വേ പൊലീസ് രേഖപ്പെടുത്തിയ മൊഴി കേസ് രേഖകളിലുണ്ട്. തിരുപ്പതി റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ ഭാസ്കര നായിഡുവാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആന്ധ്രയില്‍ കേസ് ചാര്‍ജ് ചെയ്തത്. ഐപിസി 307-ാം വകുപ്പുപ്രകാരം രജിസ്റര്‍ചെയ്ത കേസിലും പേട്ട ദിനേശനും വിക്രംചാലില്‍ ശശിക്കും പുറമെ മന്ത്രി എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം എടുത്തുപറഞ്ഞിരുന്നു.

'മൊഴിയില്‍ വ്യക്തമാക്കുന്നത് കേരള സഹകരണമന്ത്രി എം വി രാഘവനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ജയരാജനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്നാണ്. എന്നാല്‍,തല്‍ക്കാലം ഇവരെ ഗൂഢാലോചനക്കേസില്‍ പ്രതിയാക്കുന്നില്ല. ഗൂഢാലോചന നടത്തിയ തെളിവുകള്‍ ശേഖരിച്ചുവേണം സിആര്‍പിസി 120-ബി അനുസരിച്ച് കേസെടുക്കാന്‍'- ഇതാണ് പ്രാഥമിക തെളിവെടുപ്പിനുശേഷം ഭാസ്കര നായിഡു നല്‍കിയ റിപ്പോര്‍ട്ട്.

വധശ്രമം നടന്ന ദിവസങ്ങളിലെ എം വി രാഘവന്റെയും കെ സുധാകരന്റെയും നീക്കങ്ങള്‍ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നും അതിനായി കേരളവും ഡല്‍ഹിയും സന്ദര്‍ശിക്കണമെന്നും ഭാസ്കരനായിഡു നിര്‍ദേശിച്ചു. ആ റിപ്പോര്‍ട്ട് പുറത്തുവന്നതുമുതലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം ഊര്‍ജിതമായത്. പൊടുന്നനെ കേസ് സിബി സിഐഡിക്ക് വിട്ടു. ആ അന്വേഷണത്തിലും എം വി രാഘവനും കെ സുധാകരനുമെതിരെ വ്യക്തമായ തെളിവുലഭിച്ചു. ഇരുവരെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തി സിബി സിഐഡി നെല്ലൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. പക്ഷേ,അന്തിമ ചാര്‍ജ് ഷീറ്റ് നല്‍കുമ്പോള്‍ പ്രതികളില്‍ രാഘവനും സുധാകരനും ഇല്ല! ഇടപെടലുകള്‍ പലവഴിക്ക് നടന്നു. ഒരുപക്ഷേ കുഞ്ഞാലിക്കുട്ടിയെ നാണിപ്പിക്കുംവിധം.

എല്ലാവിധ അട്ടിമറിശ്രമങ്ങളുണ്ടായിട്ടും തെളിവുകള്‍ പൂര്‍ണമായി മായ്ക്കാനായില്ല. ഓംഗോള്‍ സെഷന്‍സ് കോടതിയില്‍ നടന്ന സാക്ഷിവിസ്താരത്തിന്റെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തില്‍ എം വി രാഘവനെയും കെ സുധാകരനെയും കേസില്‍ പ്രതിചേര്‍ത്ത് കോടതി ഉത്തരവിടുകതന്നെ ചെയ്തു. എം വി രാഘവന്‍, കെ സുധാകരന്‍, ടി പി രാജീവന്‍ (മാതൃഭൂമിയുടെ മംഗളൂരു ലേഖകന്‍) എന്നിവര്‍കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയെത്തുടര്‍ന്നാണ് വധശ്രമം നടന്നതെന്നും ഇവരെയും പ്രതിചേര്‍ക്കണമെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ എ സുധാകര്‍ റാവുവിന്റെ ചീഫ് വിസ്താരത്തില്‍ ഇ പി ജയരാജന്‍ മൊഴി നല്‍കിയിരുന്നു. പ്രത്യേക ഹര്‍ജിയും സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് മൂവരെയും പ്രതിചേര്‍ക്കണമെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍തന്നെ കോടതിയില്‍ വാദിച്ചു. ഈ മൂന്നു പ്രതികള്‍ക്കെതിരായ വിചാരണ ആന്ധ്ര ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായി നടക്കാനിരിക്കുന്നു.

പേട്ട ദിനേശനും വിക്രംചാലില്‍ ശശിയും കണ്ണൂര്‍ ജില്ലയിലെ കുപ്രസിദ്ധ ആര്‍എസ്എസ് ക്രിമിനലുകളാണ്. ശശി പിന്നീട് ആര്‍എസ്എസില്‍നിന്ന് ശിവസേനയില്‍ ചേക്കേറുകയും ക്രിമിനലിസത്തിന്റെ തുടര്‍ച്ചയില്‍ കത്തിമുനയില്‍ ഒടുങ്ങുകയുംചെയ്തു. ദിനേശന്‍ പിന്നീടുതുവരെ ജയിലില്‍ത്തന്നെയാണ്. എസ്എഫ്ഐ നേതാവ് കെ വി സുധീഷിനെ വെട്ടി തുണ്ടംതുണ്ടമാക്കിയ കേസില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ ജയിലില്‍വച്ച് രവീന്ദ്രന്‍ എന്ന സിപിഐ എം പ്രവര്‍ത്തകനെ തല്ലിക്കൊന്ന കേസിലും പ്രതിയായി. ക്രിമിനല്‍ ബുദ്ധി തലയിലുറച്ച ഇരുവരും ലക്ഷണമൊത്ത വാടകക്കൊലയാളികളാണ്. അവര്‍ വിലയ്ക്കെടുക്കപ്പെട്ടവരാണ്.

തിരുവനന്തപുരത്ത് താമസിച്ചും ഡല്‍ഹിയില്‍ ചെന്നും അവിടെനിന്ന് ഇ പി ജയരാജനെ കണ്ടെത്തി അതേ ട്രെയിനില്‍ യാത്രചെയ്തും വെടിവച്ചു കൊല്ലാന്‍ ഇവര്‍ രണ്ടുപേര്‍ സ്വന്തം നിലയ്ക്ക് ശ്രമിച്ചെന്ന് സാമാന്യബോധമുള്ളവര്‍ പറയില്ല. അവരുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നു; പണമുണ്ടായിരുന്നു. മലയാളംപോലും നേരെ ചൊവ്വേ പറയാനറിയാത്ത രണ്ടു നാടന്‍ ക്രിമിനലുകള്‍ക്ക് കണിശമായ കൊലപാതക പദ്ധതി തയ്യാറാക്കിക്കൊടുക്കണമെങ്കില്‍ അതിവിപുലമായ സംവിധാനങ്ങള്‍ വേണം; ഒരുക്കം നടക്കണം. അത് ചെയ്തത് സുധാകരനും രാഘവനുമാണെന്ന് തിരിച്ചറിഞ്ഞത് കൊല്ലാന്‍ പോയവരുടെ നാവില്‍നിന്നുതന്നെയാകുമ്പോള്‍ സംശയത്തിന്റെ അണുവിടപോലും ശേഷിക്കുന്നുമില്ല.

സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെയാണ് ഇ പി ജയരാജനെതിരെ വധശ്രമമുണ്ടായത്. കണ്ണൂരിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള പദ്ധതിയായിരുന്നു അത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നീ മൂന്നുപേരെയാണ് ലക്ഷ്യംവച്ചിരുന്നത്. ഇ പിയെ ട്രെയിനില്‍വച്ച് കൊല്ലാന്‍ സാഹചര്യം ഒത്തുവന്നപ്പോള്‍ മറ്റു രണ്ടുപേരെയും താല്‍ക്കാലികമായി ഒഴിവാക്കി എന്നുമാത്രം.

സുധാകരന്റെയും രാഘവന്റെയും ക്രിമിനല്‍ പശ്ചാത്തലം ചെറുതല്ല. സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണുവിനെ കൊന്നതും നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നതും ടി കെ ബാലന്റെ വീടാക്രമിച്ചതും സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ വ്യക്തിവിരോധം തീര്‍ക്കാന്‍ ആക്രമിച്ച് ജീവച്ഛവമാക്കിയതുമുള്‍പ്പെടെയുള്ള അനേകം സംഭവങ്ങള്‍. എന്നിട്ടും സുധാകരന്‍ പ്രസംഗിക്കുന്നു- കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ് അക്രമമെന്ന്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ കൊണ്ടുവന്ന ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. അവര്‍ തമ്പടിച്ചത് ഡിസിസി ഓഫീസിലായിരുന്നു. സ്റേഷനില്‍ ബഹളംവയ്ക്കാനും പൊലീസിനെ ഭീഷണിപ്പെടുത്താനും മുന്‍നിരയിലുണ്ടായത് സുധാകരന്‍തന്നെ. രാഷ്ട്രീയ ക്വട്ടേഷന്‍ സംഘത്തിന്റെ നായകനെ വീരനായകനും മാര്‍ക്സിസ്റ് വിരുദ്ധ യുദ്ധത്തിന്റ സര്‍വസൈന്യാധിപനുമാക്കുന്നവര്‍ ഈ ചരിത്രം ഓര്‍ത്തെടുക്കേണ്ടതുണ്ട്.

നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ച്, കാപട്യത്തിന്റെ തൂവെള്ളക്കുപ്പായമിട്ട് നടക്കുന്ന ഇത്തരം കൊടും ക്രിമിനലുകളെ തിരിച്ചറിയാതെയും ഒറ്റപ്പെടുത്താതെയും ശിക്ഷിക്കാതെയും കണ്ണൂരില്‍ എങ്ങനെ സമാധാനം പുലരും? അങ്ങനെയുള്ള ചിന്തകളിലാണ് കണ്ണൂരിന്റെ ചെറുത്തുനില്‍പ്പിന്റെയും സഹനത്തിന്റെയും പോരാട്ടവീറിന്റെയുമെല്ലാം പ്രതീകമായി സിപിഐ എം മാറുന്നത്. ഇ പി ജയരാജന്റെ 'ശരീരഭാഷ'യെയും തുറന്നടിച്ച വര്‍ത്തമാനത്തെയും വിമര്‍ശിക്കുന്നവര്‍ കെ സുധാകരന്റെ ഗുണ്ടാരാഷ്ട്രീയം കാണുന്നില്ല. ഇ പിയുടെ ശരീരത്തില്‍ തറഞ്ഞുകിടക്കുന്ന വെടിയുണ്ടയെക്കുറിച്ചറിയുന്നില്ല. കേരളത്തിന്റെ സമുന്നതനായ കമ്യൂണിസ്റ് നേതാക്കളിലൊരാളെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുഡിഎഫിന്റെ തലപ്പത്തുള്ളവര്‍തന്നെ ഉള്‍പ്പെടുന്നു എന്ന യാഥാര്‍ഥ്യം അത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്നുമില്ല. രാഷ്ട്രീയ എതിരാളികളോടു മാത്രമല്ല, ഇത്തരം കാപട്യക്കാരോടുകൂടി യുദ്ധംചെയ്താലേ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാനാവുകയുള്ളൂ എന്നതാണ് വര്‍ത്തമാനകാലത്തിന്റെ ചുവരെഴുത്ത്. ആ യുദ്ധത്തില്‍, ഇ പി വധശ്രമക്കേസിലെ യഥാര്‍ഥ പ്രതികളെ തുറുങ്കിലടപ്പിക്കാനുള്ള നിതാന്തപരിശ്രമം നിര്‍ണായകമാണ്.