ജനാധിപത്യം, മാധ്യമ സത്യസന്ധത എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കെട്ടുപോകുന്ന അവസ്ഥ ഇന്ത്യയില്‍ ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. ഇപ്പോള്‍, സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പുചെലവ് പരിശോധിക്കുമ്പോള്‍, പണംകൊടുത്തുള്ള വാര്‍ത്ത എത്രയുണ്ടെന്നുകൂടി തിട്ടപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പു കമീഷന്റെ തീരുമാനം രാജ്യം എത്രമാത്രം അപമാനകരമായ സ്ഥിതിയില്‍ എത്തിയിരിക്കുന്നു എന്നാണ് തെളിയിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന് തുടങ്ങാനിരിക്കെയാണ്, തെരഞ്ഞെടുപ്പിലെ മാധ്യമദുരുപയോഗം നിയന്ത്രിക്കാന്‍ നടപടികളെടുക്കുന്നത്. പരസ്യങ്ങള്‍ക്ക് പണം ചെലവിടുന്നതിനുപുറമെ വാര്‍ത്തകള്‍ക്ക് എത്ര ചെലവിട്ടു എന്നാണ് പരിശോധിക്കുക. നിരീക്ഷകര്‍ക്കുള്ള ചോദ്യാവലിയില്‍ ഇനി പെയ്ഡ് വാര്‍ത്തകളുടെ വിശദാംശം രേഖപ്പെടുത്താനുള്ള പ്രത്യേക ഇടവുമുണ്ടാകും. ഇപ്പോള്‍ ബിഹാറിലും അടുത്തവര്‍ഷം കേരളവും ബംഗാളുമുള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പുകമീഷന്റെ ഈ നീക്കങ്ങള്‍. ഈ പ്രശ്നത്തില്‍ രാഷ്ട്രീയപാര്‍ടികളുടെ അഭിപ്രായമാരായാനുള്ള പ്രക്രിയയും നടക്കുന്നു.
മാധ്യമങ്ങളുടെ അപമാനകരമായ മുഖം മാത്രമല്ല ഇവിടെ വെളിപ്പെടുന്നത്. ഇന്ത്യാ രാജ്യത്ത് ജനാധിപത്യം അതിന്റെ പരിമിതമായ അവസ്ഥയില്‍പ്പോലും നിലനില്‍ക്കാനുള്ള സാധ്യത ഇല്ലാതാകുന്നു എന്നതാണ് ഗുരുതരമായ പ്രശ്നം. പണം ഒഴുക്കാത്ത പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകില്ല. കോടികള്‍ ചെലവിട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയെഴുതിച്ച് ജനങ്ങളുടെ മുന്നില്‍ മഹാന്മാരാവുകയും അതിലൂടെ വോട്ടും വിജയവും നേടുകയും ചെയ്ത പ്രമുഖരെക്കുറിച്ചുള്ള വാര്‍ത്തകള്‍ 15-ാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏറെ വന്നിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പണമാണ് വിജയികളെ നിശ്ചയിച്ചത്. ജനങ്ങളുടെ മനസ്സില്‍ കയറിക്കൂടാന്‍ എളുപ്പമാര്‍ഗം വാര്‍ത്തകളിലെ ഹീറോ ആവുകയാണെന്നും വോട്ട് നേടാന്‍ ആശ്രയിക്കേണ്ടത് മാധ്യമ ഉപജാപങ്ങളെയാണെന്നും കരുതുന്ന ബൂര്‍ഷ്വാ പാര്‍ടികളും അവയുടെ നേതാക്കളും ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റിയിരിക്കുന്നു; മാധ്യമങ്ങളെ വാടക ഉപകരണങ്ങളാക്കി മാറ്റിയിരിക്കുന്നു. പണം മുടക്കുന്ന ആളെ പുകഴ്ത്തുക എന്ന 'ധര്‍മം' മാത്രമല്ല നിര്‍വഹിക്കപ്പെടുന്നത്. എതിരാളികളെ ഇകഴ്ത്താനും മാധ്യമസ്ഥലം ഉപയോഗിക്കപ്പെടുന്നു. വ്യാജ വാര്‍ത്തകളിലൂടെയും അപവാദപ്രചാരണങ്ങളിലൂടെയും ഇത് സാധിക്കുന്നു. ആ അര്‍ഥത്തില്‍, തെരഞ്ഞെടുപ്പു കമീഷന്‍ എത്രതന്നെ പരിശോധന നടത്തിയാലും പണംകൊടുത്തുള്ള വാര്‍ത്തകളുടെ നിജസ്ഥിതി കണക്കാക്കാനാകില്ല.
അധികാരം കൈയാളുന്ന വര്‍ഗത്തിന്റെ ആയുധങ്ങളായ പൊതുമാധ്യമങ്ങള്‍, മൂലധനശക്തികളുടെ വാടകഗുണ്ടകള്‍ എന്ന തലത്തിലേക്കുകൂടിയാണ് എത്തുന്നത്. കോര്‍പറേറ്റുകളും മാധ്യമ ഉടമകളും തമ്മില്‍ സ്വകാര്യ കരാറുകളുണ്ടാക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന രീതി നിലവിലുണ്ട്. രാഷ്ട്രീയത്തിലെ പണം കൊടുത്തുള്ള വാര്‍ത്തകള്‍പോലെതന്നെ അപകടകരമാണതും. അമേരിക്കയിലെ വന്‍കിട പടക്കോപ്പുകമ്പനികള്‍ക്കെല്ലാം അനുബന്ധ മാധ്യമസ്ഥാപനങ്ങളുമുണ്ട്- വാര്‍ത്താ ഏജന്‍സികളും പത്രങ്ങളും ടിവി, റേഡിയോ നിലയങ്ങളും. കോര്‍പറേറ്റുകള്‍ ലാഭം വര്‍ധിപ്പിക്കാനുള്ള ദല്ലാള്‍മാരായി മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഏതാണ് വാര്‍ത്ത; ഏതാണ് പരസ്യം എന്നു തിരിച്ചറിയാനാകാത്ത ദയനീയസ്ഥിതിയാണ് ഉരുത്തിരിയുന്നത്.
ഒരുകൊല്ലത്തിലേറെയായി ഇന്ത്യയില്‍ 'പെയ്ഡ് വാര്‍ത്ത'യെക്കുറിച്ച് ചര്‍ച്ചകളുയരുന്നു. മാധ്യമങ്ങളുടെ തെറ്റായ പ്രചാരണങ്ങളിലൂടെ തെരഞ്ഞെടുപ്പുകളും ജനവിധിയും അട്ടിമറിക്കപ്പെടുന്നത് നാം കാണുന്നു. പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ ജസ്റിസ് ജി എന്‍ റേ അതിശക്തമായ പ്രതികരണങ്ങളാണ് ഇതിനെതിരെ പലപ്പോഴായി നടത്തിയത്. പ്രസ് കൌണ്‍സില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് ഈ പ്രവണതയെക്കുറിച്ച് അന്വേഷിച്ചു. ആ സമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുന്നു. അത് പുറത്തുവരുന്നത് രാജ്യത്തിന്റെ ഭരണനേതൃത്വം ഇഷ്ടപ്പെടുന്നില്ല. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗംകൂടിയായ പ്രസ് കൌണ്‍സില്‍ അംഗം കെ കേശവറാവു പറയുന്നത്, എങ്ങനെ ഇതിനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ്. തെരഞ്ഞെടുപ്പില്‍ നിരീക്ഷകരായി പ്രധാന മാധ്യമപ്രവര്‍ത്തകരെയും മുതിര്‍ന്ന പൌരന്മാരെയും നിയോഗിക്കണമെന്ന പ്രസ് കൌണ്‍സിലിന്റെ ശുപാര്‍ശ തെരഞ്ഞെടുപ്പു കമീഷന്‍ സ്വീകരിച്ചിട്ടില്ല. പണംകൊടുത്തുള്ള വാര്‍ത്ത നിയന്ത്രിക്കാനുള്ള ഏതു നടപടിയും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് പേരിനുമാത്രമുള്ളതോ ഉപരിപ്ളവമോ ആകരുത്. തെരഞ്ഞെടുപ്പു കമീഷന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഗൌരവമുള്ള ഇടപെടല്‍ നടത്തേണ്ടതുണ്ട്.
എല്ലാ മൂല്യങ്ങളെയും നിഷേധിച്ച് ധനാര്‍ത്തി എന്ന ഒറ്റക്കയറില്‍ തൂങ്ങിനില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ ഉപദേശിച്ച് നന്നാക്കാമെന്നുള്ള ധാരണ വിഡ്ഢിത്തമാണ്. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാകാത്ത ഉപജാപങ്ങളിലും പ്രചാരണതന്ത്രങ്ങളിലുമാണ് അവ അഭിരമിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടന്ന മാധ്യമപ്രചാരണങ്ങള്‍ ഓര്‍ക്കാവുന്നതാണ്. മാധ്യമസമീപനത്തെ വിവേചിച്ച് കാണാനുള്ള ഉള്‍ക്കണ്ണാണ് ഉണ്ടാകേണ്ടത്. ജനങ്ങള്‍ അത്തരമൊരു സവിശേഷ വിവേചനബുദ്ധി പ്രയോഗിക്കുമ്പോള്‍, കള്ളനാണയങ്ങള്‍ തിരിച്ചറിയപ്പെടുകയും ബദല്‍മാധ്യമങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യും. ആരുടെ താല്‍പ്പര്യങ്ങളാണ് മാധ്യമ ഉപജാപങ്ങളിലൂടെ സംരക്ഷിക്കപ്പെടുന്നതെന്ന പൊതുപരിശോധനയും തുറന്നുകാട്ടലും ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യ രാജ്യമെന്ന വിശേഷണം അവസാനിക്കുകയും പണാധിപത്യം പുലരുകയും ചെയ്യും.
അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പിന്തുണയോടെ സാമ്രാജ്യത്വരാജ്യങ്ങളാണ് ഇന്ത്യന്‍ ഭരണാധികാരികളെ നിയന്ത്രിക്കുന്നതെന്നും ആ നിയന്ത്രണം ഉറപ്പിക്കാനുള്ള സുപ്രധാന പ്രവര്‍ത്തനമാണ് വാര്‍ത്താസ്ഥലം വിലയ്ക്കെടുക്കല്‍ എന്നുമുള്ള യാഥാര്‍ഥ്യം ജനങ്ങളിലാകെ എത്തിക്കുന്നതിലൂടെയേ ജനാധിപത്യത്തെ സംരക്ഷിക്കാനാകൂ. മാധ്യമരംഗത്തുമാത്രമല്ല, തെരഞ്ഞെടുപ്പു കമീഷനിലും പ്രസ് കൌണ്‍സിലിലും മാത്രമല്ല, ജനജീവിതത്തിന്റെ സമസ്തമേഖലയിലും ഈ ചര്‍ച്ച ഉയരേണ്ടതുണ്ട്. മാധ്യമസമീപനം തുറന്നുകാട്ടുന്നതും മാധ്യമ ഉപജാപങ്ങളെ തടയുന്നതും അനിവാര്യമായ ജനാധിപത്യസംരക്ഷണ പ്രവര്‍ത്തനംകൂടിയാണ്.
1 comment:

Post a Comment