
പി എം മനോജ്
മം ഗലാപുരം കേരളത്തിന്റെ തൊട്ടടുത്താണ്. അ വിടെനിന്നുള്ള ഒരു ചിത്രം നോക്കുക. ക്രൂശിതനായ ക്രിസ്തു. മുള്‍ക്കിരീടം തറഞ്ഞിറങ്ങിയ ശിരസ്സില്‍നിന്നും ആണിയടിച്ചുകയറ്റിയ കൈകാലുകളില്‍നിന്നും ഒലിച്ചിറങ്ങുന്ന ചോര. പീഡാനുഭവത്തിന്റെ മൂര്‍ധന്യമാണ് ആ രംഗം. കര്‍ത്താവീശോയുടെ ഇടതുകൈ പൂര്‍ണമായി വെട്ടിമാറ്റിയിരിക്കുന്നു. വലതുകൈ തച്ചുതകര്‍ത്തിരിക്കുന്നു. രണ്ടുകാലും വെട്ടിമുറിച്ച് തൂങ്ങിക്കിടക്കുന്ന നിലയിലാണ്.
കൂത്തുപറമ്പില്‍ വിദ്യാര്‍ഥിനേതാവ് കെ വി സുധീഷിനെ വെട്ടിക്കൊന്നപ്പോഴും സിപിഐ എം നേതാവ് പി ജയരാജനെ വെട്ടിനുറുക്കിയപ്പോഴും സമാനതയുള്ള ദൃശ്യം കണ്ടിരുന്നു. അന്ന് സുധീഷിനെ 38 തവണ വെട്ടിക്കീറിയതും ജയരാജന്റെ കൈകാല്‍ ഛേദിച്ചതും ഇന്ന് യേശുവിന്റെ തിരുരൂപം വെട്ടിനുറുക്കിയതും ഒരേ കരവും ആയുധവുമാണെന്നത് യാദൃച്ഛികമല്ല.
ഈശോയുടെ കുരിശുമരണം മനുഷ്യപാപത്തിന്റെ ഘോരതയെയാണ് വ്യക്തമാക്കിയത്. 'നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും പീഡകള്‍ സഹിച്ചു' എന്നാണ് വിശ്വാസപ്രമാണവാക്യം. മനുഷ്യകുലത്തിനുവേണ്ടി കര്‍ത്താവീശോ ഏറ്റെടുത്ത ത്യാഗത്തെ, പീഡയെ 'പ്രതി സഹനം' എന്നാണു പറയുന്നത്. സുവിശേഷങ്ങളില്‍ വായിക്കാവുന്നതുപോലെ, തിരുവത്താഴം കഴിഞ്ഞ് ഈശോ ശിഷ്യസമേതം ഒലിവ് തോട്ടത്തിലേക്കു പുറപ്പെട്ടു. വരാനിരിക്കുന്ന അത്യുഗ്രപീഡനം കര്‍ത്താവ് മനസ്സാ കണ്ടു. മാനവകുലപരിത്രാണാര്‍ഥം താന്‍ ഉഗ്രവേദന സഹിച്ചാലും അനേകം പേര്‍ തന്റെ രക്ഷാകരകര്‍മഫലത്തെ നിരസിക്കുമെന്ന ചിന്ത ഈശോയുടെ ആന്തരികവ്യഥയെ ഇരട്ടിപ്പിച്ചു.'പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാതെ ജാഗ്രതയോടെ പ്രാര്‍ഥിപ്പാനാണ്' അപ്പോള്‍ ഈശോ ശിഷ്യരെ ഉദ്ബോധിപ്പിക്കുന്നതെങ്കിലും അവര്‍ മതിമറന്ന് ഉറങ്ങുകയാണ്. അപ്പോഴാണ് ക്രിസ്തു പറഞ്ഞുപോകുന്നത്, 'പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നെ കടന്നുപോകട്ടെ' എന്ന്.
അതെ, ആ പാനപാത്രം തട്ടിയുടയ്ക്കാന്‍ വാളും മഴുവും ശൂലവും ഇന്നും ഉയരുന്നുണ്ട്. ഒറീസയില്‍ വീണ ചോര, കരിഞ്ഞ മനുഷ്യര്‍- ഇപ്പോഴിതാ കര്‍ണാടകത്തിലും. പ്രതിസഹനം ഈശോ ഇന്നും അനുഭവിക്കുന്നു. ശിഷ്യര്‍ ലക്കുകെട്ട് ഉറങ്ങുകയുമാണ്. 'യഥാര്‍ഥ ക്രിസ്ത്യാനി ഒന്നേ ഉണ്ടായിരുന്നുള്ളൂ, അദ്ദേഹം കുരിശില്‍ മരിക്കുകയുംചെയ്തു' (വിചാരധാര, പേജ് 223) എന്നാണ് ആര്‍എസ്എസിന്റെ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്.
ഇന്നുള്ള ക്രിസ്ത്യാനികള്‍ ആര്‍എസ്എസിന് 'ജീവകാരുണ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അധാര്‍മികവും രാജനൈതികവുമായ തന്ത്രങ്ങള്‍ കൈമുതലാക്കി' ക്രിസ്തുരാജ്യം സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണ്. "കേരളത്തിലെ വിഖ്യാതമായ ശബരിമലക്ഷേത്രമടക്കം നൂറുകണക്കിന് പ്രാചീന ഹൈന്ദവക്ഷേത്രങ്ങള്‍ ക്രിസ്ത്യന്‍ തെമ്മാടികളാല്‍ നശിപ്പിക്കപ്പെട്ട് അവിടത്തെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കപ്പെടുകയുണ്ടായി'' (വിചാരധാര, പേജ് 227) എന്നും ഗോള്‍വാള്‍ക്കര്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ ഏതുക്ഷേത്രമാണ് ക്രിസ്ത്യാനികള്‍ നശിപ്പിച്ചതെന്ന് കേരളീയരായ നമുക്കറിയില്ല. ചരിത്രം തപ്പിയാല്‍ കാണുകയുമില്ല. പക്ഷേ, ആര്‍എസ്എസ് അങ്ങനെ പ്രചരിപ്പിക്കുന്നു.
കേരളത്തിലെ സഭാനേതൃത്വം ഇതൊന്നും കാണാത്തതെന്ത്? വിദ്വേഷവും പ്രചാരണവും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ തിരിച്ചുവച്ച് ക്രിസ്ത്യാനിയുടെ യഥാര്‍ഥ ശത്രുവിനെ ഒളിപ്പിക്കുകയാണോ? തലശേരി രൂപതയില്‍ ചിലേടത്ത് കുടുംബ പ്രാര്‍ഥനാവേളയില്‍ ജപമാലമധ്യേ ചൊല്ലാനുള്ള പ്രാര്‍ഥന അച്ചടിച്ചുകൊടുത്തിട്ടുണ്ട് സഭാ നേതൃത്വം. അതിങ്ങനെ:
"ഓ എന്റീശോയേ, എന്റെ പാപങ്ങള്‍ ക്ഷമിക്കേണമേ
ദൈവ നിഷേധത്തില്‍നിന്നും
ഭൌതിക പ്രവണതകളില്‍നിന്നും
എന്നെ രക്ഷിക്കേണമേ
വര്‍ഗസമര ചിന്തകളില്‍നിന്നും
സര്‍വാധിപത്യ പ്രവണതകളില്‍നിന്നും
എനിക്ക് മോചനം തരേണമേ
വിദ്വേഷത്തില്‍നിന്നും
വിപ്ളവ തീക്ഷ്ണതയില്‍നിന്നും
എന്നെ കാത്തുകൊള്ളേണമേ''
ജപമാലപ്രാര്‍ഥനാ കാലത്ത് സന്ധ്യാസമയത്ത് മാതാപിതാക്കള്‍ ഒന്നുചേര്‍ന്നു കൊന്തജപിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ നല്ലവരും ദൈവഭയവും അനുസരണയുള്ളവരുമാകുമെന്നാണ് ക്രൈസ്തവ വിശ്വാസം.
കുഞ്ഞുങ്ങള്‍ നല്ലവരാകാന്‍ 'വര്‍ഗസമര ചിന്തകളില്‍നിന്നും' 'വിപ്ളവ തീക്ഷ്ണതയില്‍നിന്നും' മോചനം നേടിയാല്‍ മതി! അവര്‍ ഒറീസയിലെ ചോരയും കത്തിക്കരിഞ്ഞ കബന്ധങ്ങളും കാണേണ്ട! കൈകാല്‍ വെട്ടിനുറുക്കപ്പെട്ട യേശുദേവന്റെ തിരുരൂപം അവരുടെ കണ്ണില്‍ പെടേണ്ട! വലിച്ചുകീറപ്പെടുന്ന കന്യാസ്ത്രീകളുടെ മാനം അവരെ അലട്ടേണ്ട! പ്രാണനുംകൊണ്ട് കാട്ടിലേക്കും മലയിലേക്കും നിലവിളിച്ചോടുന്ന പാവങ്ങളുടെ 'കര്‍ത്താവേ' എന്ന നിലവിളി അവരുടെ കാതില്‍ പതിയേണ്ട!
നല്ലവരാകാന്‍ വിധിക്കപ്പെട്ട അതേ കുട്ടികളോട്, 'ക്രിസ്ത്യാനിയായി നമുക്കീ നാട്ടില്‍ ജീവിക്കണമെങ്കില്‍' വിമോചനസമരത്തിനിറങ്ങി അത് വിജയിപ്പിച്ചോളാന്‍ ആജ്ഞാപിച്ചവര്‍തന്നെ ഇന്ന് ജപമാല പ്രാര്‍ഥനയുമായി ഇറങ്ങിയിരിക്കുന്നു.
അവരുടെ എന്‍ജിനിയറിങ്-മെഡിക്കല്‍ കോളേജുകളില്‍ വസന്തം വിരിയട്ടെ. പ്രവേശനപ്പണം കുന്നുകൂടട്ടെ. പള്ളിക്കൂടങ്ങള്‍ പെറ്റുപെരുകട്ടെ. വീഞ്ഞുപാത്രങ്ങള്‍ നുരഞ്ഞുപൊന്തട്ടെ.
ആഗമനകാലം ഒന്നാംഞായര്‍, റോമാക്കാര്‍ക്കുള്ള ലേഖനം പതിമൂന്നില്‍ 11, 12- ഇങ്ങനെ പറയുന്നു:
"നാം നമ്മുടെ ഉറക്കത്തില്‍നിന്നും ഉണരേണ്ട സമയമായിരിക്കുന്നു. രക്ഷയുടെ സമയം സമാഗതമായിരിക്കുന്നു. രാത്രി കഴിഞ്ഞ് പകല്‍ അടുത്തിരിക്കുന്നു. ആകയാല്‍ നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികളെ ഉപേക്ഷിച്ച് പ്രകാശത്തിന്റെ പടച്ചട്ട ധരിക്കാം''.
അന്ധകാരത്തില്‍നിന്ന് ആരാണ് ഉണരേണ്ടത്? ജപമാല പ്രാര്‍ഥനകളില്‍ 'വര്‍ഗസമര വിരോധം' ചാലിക്കുന്നവരോ, സഹജീവികളുടെ കണ്ണീരിനും ചോരയ്ക്കും മുന്നില്‍ രോഷം കടിച്ചമര്‍ത്തുന്ന സഭാമക്കളോ? ഒരുഭാഗത്ത് ആര്‍എസ്എസും മറുഭാഗത്ത് മതനേതൃത്വവും അതാ ശത്രുവെന്ന് ചൂണ്ടിക്കാട്ടുന്ന കമ്യൂണിസ്റുകാരന്‍ കണ്ണീരൊപ്പുന്നവനും അപരന്നുവേണ്ടി ജീവന്‍ ത്യജിക്കുന്നവനുമാണെന്ന കാഴ്ച സാധാരണ വിശ്വാസിക്ക് ഇല്ലാതെ പോകുമോ? മംഗലാപുരത്ത് വണ്ടി നില്‍ക്കുമോ? അത് നേത്രാവതി കടന്ന് ഇക്കരെയെത്തുമ്പോഴും കൊന്തജപത്തില്‍ 'ഭൌതിക പ്രവണതകള്‍' മതിയാകുമോ? 'വര്‍ഗസമരം'ശത്രുവും നെഞ്ചില്‍ തറയുന്ന ത്രിശൂലം നിരുപദ്രവിയുമോ?