Thursday, June 30, 2011

പഴയ വേട്ടക്കാര്‍ രംഗത്തിറങ്ങുന്നു

കൂത്തുപറമ്പ് വെടിവയ്പിനുശേഷം കേരളം കണ്ട ഏറ്റവും വലിയ നരനായാട്ട് മുത്തങ്ങ സമരകാലത്തായിരുന്നു. അന്ന് കണ്ണൂരില്‍ മനോജ് എബ്രഹാമാണ് പൊലീസ് സൂപ്രണ്ട്. പി കരുണാകരന്‍ എംപി അടക്കമുള്ളവരെ കണ്ണൂര്‍ നഗരത്തിലിട്ട് തല്ലിച്ചതയ്ക്കാന്‍ എസ്പി നേരിട്ടാണ് നേതൃത്വം നല്‍കിയത്. ഡസന്‍ കണക്കിനാളുകള്‍ -സമുന്നത നേതാക്കളും പ്രവര്‍ത്തകരും വഴിപോക്കരുമടക്കം എല്ലുകള്‍ തകര്‍ന്ന് ശയ്യാവലംബികളായ ആ ലാത്തിച്ചാര്‍ജിന്റെ മറ്റൊരു രൂപമാണ് ബുധനാഴ്ച തലസ്ഥാന നഗരത്തില്‍ അരങ്ങേറിയത്. അന്നത്തെ കണ്ണൂര്‍ എസ്പി ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറാണ്. ആ പൊലീസുദ്യോഗസ്ഥന്‍ നേരിട്ട് ഇറങ്ങിച്ചെന്ന് എസ്എഫ്ഐയുടെ സംസ്ഥാന നേതാക്കളുടെ ശരീരത്തില്‍ കൈവയ്ക്കുന്നത് നാം കണ്ടു. ജോളി ചെറിയാന്‍ എന്ന ഡെപ്യൂട്ടി കമീഷണര്‍ ചൊവ്വാഴ്ച രാത്രി തന്റെ കീഴിലുള്ള പൊലീസുകാര്‍ക്ക് നല്‍കിയ നിര്‍ദേശം കുറഞ്ഞത് അന്‍പത് പേരെയെങ്കിലും തല്ലി ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു.

ആസൂത്രിതമായ ആക്രമണമാണ് നടന്നത്. ലാത്തിച്ചാര്‍ജിനെന്നല്ല-നേരിയ ബലപ്രയോഗത്തിനുപോലുമുള്ള പ്രകോപനം ബുധനാഴ്ച ഉണ്ടായിരുന്നില്ല. എന്നാല്‍ , രാവിലെ മുതല്‍ പൊലീസിന്റെ അസാധാരണമായ നീക്കങ്ങളുണ്ടായിരുന്നു. ഉന്നത തലത്തിലുള്ള ആസൂത്രണമാണുണ്ടായത്. അടിച്ചമര്‍ത്തിയേ അടങ്ങൂ എന്ന വാശിയിലാണ് പൊലീസ് മേധാവികള്‍ എത്തിയത്. യൂണിവേഴ്സിറ്റി കോളേജില്‍ കയറി പെണ്‍കുട്ടികളുടെ തല തല്ലിപ്പൊളിച്ചത് ഒരു പ്രകോപനവുമുണ്ടായിട്ടല്ല. ആ കലാലയത്തിലും അതിന്റെ പരിസരത്തും നമ്മുടെ കുഞ്ഞുങ്ങളുടെ കട്ടച്ചോര തളംകെട്ടിനില്‍ക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കച്ചവടക്കാര്‍ക്ക് അവിരാമം കൊള്ളക്കച്ചവടം നടത്താനാണ് രണ്ടുസീറ്റിന്റെ ബലത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ കുട്ടികളെ തല്ലിയും ഗ്രനേഡ് എറിഞ്ഞും ആശുപത്രിയിലെത്തിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വേട്ടപ്പട്ടികളായി മാറുന്ന ഈ പൊലീസുകാരുടെ വീട്ടില്‍ കുട്ടികളില്ലേ? അവര്‍ക്ക് പഠിക്കേണ്ടേ? ദശലക്ഷങ്ങള്‍ കൊടുത്ത് ആ കുട്ടികളെ പഠിപ്പിക്കാന്‍ അഴിമതിക്കാരായ ഉന്നതര്‍ക്ക് കഴിയുമായിരിക്കും. പക്ഷേ, സത്യസന്ധമായി ജോലിചെയ്യുന്നവര്‍ക്കോ? അവര്‍ക്കുവേണ്ടി കൂടിയാണ് വിദ്യാര്‍ഥികളുടെ സമരം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുവേണ്ടി വിടുപണിചെയ്യാന്‍ മേലുദ്യോഗസ്ഥരില്‍ ചിലര്‍ക്ക് മടിയുണ്ടാകില്ല. അവര്‍ക്ക് അതിനുള്ള പ്രതിഫലവും കിട്ടുന്നുണ്ടാകും. എന്നാല്‍ , സാധാരണ പൊലീസുകാര്‍ക്കോ? സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനമെങ്കിലും പരിക്കേല്‍ക്കണം എന്ന നിര്‍ദേശമാണ് പൊലീസുകാര്‍ക്ക് കമീഷണര്‍ നല്‍കിയത്.

സാധാരണ മിതസ്വഭാവികളായ പൊലീസുകാരെയാണ് ഇത്തരം സമരങ്ങളെ നേരിടുമ്പോള്‍ മുന്നില്‍ നിര്‍ത്തുന്നത്. ബുധനാഴ്ച പക്ഷേ, യുഡിഎഫ് ഗുണ്ടകളായ പൊലീസുകാരെത്തന്നെയാണ് അണിനിരത്തിയത്. അതും കമീഷണറുടെ പ്രത്യേക തെരഞ്ഞെടുപ്പായിരുന്നു. ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെ 20 പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലുന്ന അതിഭീകരമായ ദൃശ്യത്തിനും തലസ്ഥാന നഗരം സാക്ഷ്യംവഹിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖംതന്നെ ഇത്തരം ചോരക്കളികളുടേതായിരുന്നു. ഇന്നിതാ അതേ വഴിയില്‍ വീണ്ടും. ഇത് അപകടം പിടിച്ച കളിയാണ്്. ഇങ്ങനെ കുഞ്ഞുങ്ങളെ തല്ലി ചോര തെറിപ്പിക്കുന്നത് കണ്ടുനില്‍ക്കാന്‍ അവരുടെ രക്ഷിതാക്കള്‍ക്കു കഴിയില്ല, സഹോദരങ്ങള്‍ക്ക് കഴിയില്ല. നിയമപാലനത്തിന് വടിയെടുക്കുന്നതും നിയമം ലംഘിച്ച് വടിയെടുക്കുന്നതും രണ്ടുകാര്യമാണ്. നിയമം ലംഘിച്ച് പൊലീസുകാര്‍ തല്ലാന്‍ തുടങ്ങിയാലും അത്തരക്കാര്‍ ഗുണ്ടകളുടെ ഗണത്തിലാണ് വരിക. വിദ്യാര്‍ഥികളോട് മനുഷ്യരെപ്പോലെ പെരുമാറാന്‍ ഇവര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല? എന്തിന് പകയോടെ; വെറുപ്പോടെ; നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ കുട്ടികളെ നേരിടുന്നു? ഒറ്റപ്പെട്ടുപോയ കുട്ടികളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ കണ്ടില്ലേ. പേപ്പട്ടികളോട് ഇതിലും മര്യാദ കാണിക്കും. ഉമ്മന്‍ചാണ്ടി എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണത്തിനു കൊതിച്ച് കുട്ടികളെ കടിച്ചുപറിക്കാന്‍ എങ്ങനെ ഈ പൊലീസ് ക്രിമിനലുകള്‍ക്ക് ധൈര്യം വരുന്നു?

പ്രതിപക്ഷത്താണ് എന്നതുകൊണ്ട് ഇന്നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനം ഈ നരമേധം കണ്ട് മിണ്ടാതിരിക്കുമെന്ന് കരുതുന്നുവോ? സ്വാശ്രയ കച്ചവടക്കാര്‍ക്കു വേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാരും സര്‍ക്കാരിനുവേണ്ടി ഏതാനും പൊലീസുകാരും. ഇവരെ ഈ നാടിന്റെ സ്വാസ്ഥ്യം കെടുത്താന്‍ അനുവദിക്കേണമോ എന്നതാണ് ജനങ്ങള്‍ക്കുമുന്നിലുള്ള ചോദ്യം. അതിന് അനുവദിക്കില്ല എന്നാണ് ബുധനാഴ്ച സംസ്ഥാനത്തുടനീളം ഉയര്‍ന്ന പ്രതിഷേധ പ്രകടനങ്ങളുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നില്‍ നടന്ന യുവജനങ്ങളുടെ പ്രതിഷേധ പ്രകടനത്തിന്റെ ഉശിര് ഒരു മുന്നറിയിപ്പാണ്. അണപൊട്ടിയ പ്രതിഷേധമാണത്. പൊലീസുകാരെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ , ചോരക്കൊതി പൂണ്ട പൊലീസ് ഓഫീസര്‍മാരെ തളച്ചുനിര്‍ത്തിയില്ലെങ്കില്‍ പ്രതിഷേധം കനക്കുമെന്നാണ് പുരോഗമന പ്രസ്ഥാനങ്ങളാകെ നല്‍കുന്ന സൂചനകള്‍ . വിദ്യാര്‍ഥികള്‍ തല്ലുകൊള്ളുന്നതും ചോരയൊലിപ്പിക്കുന്നതും അവര്‍ക്കുമാത്രം വേണ്ടിയല്ല എന്നും അത് നാടിന്റെയാകെ ആവശ്യത്തിനുവേണ്ടിയാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ന് എസ്എഫ്ഐക്കാരെയും എഐഎസ്എഫുകാരെയും തല്ലിതലപൊളിക്കുന്നവര്‍ക്ക് നാളെ നേരിടേണ്ടിവരിക ഇന്നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളെയുമാകും. അങ്ങനെ വരുമ്പോള്‍ സ്വന്തം മക്കള്‍ മുന്നില്‍പ്പെട്ടാലെങ്കിലും ഇങ്ങനെ തല്ലിയമര്‍ത്താനുള്ള ക്രൗര്യം പൊലീസ് വേട്ടമൃഗങ്ങള്‍ക്ക് ഇല്ലാതിരിക്കട്ടെ.