വോട്ടിനായി ഇത്രയും തരംതാഴാമോ?
രാഷ്ട്രീയ പോരാട്ടങ്ങള്‍ അഭിജാതമാകുന്നത് അവ ആശയങ്ങളും കര്‍മപരിപാടികളും മുന്‍നിറുത്തിയുള്ളതാവുമ്പോഴാണ്. തിരഞ്ഞെടുപ്പു മുന്നില്‍കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നതു തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ് - പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തിരഞ്ഞെടുപ്പു രഥം ഉരുണ്ടുവരുന്നതു കണ്ടുപകച്ച് രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുന്നതോ, കുപ്രസിദ്ധിയുള്ള കേസുകളില്‍പ്പെട്ടു മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരെയും.
ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ അവശേഷം ഇപ്പോള്‍ അതിന്റെ അപഹാസ്യമായ രണ്ടാം വരവിലാണ്. കീഴ്കോടതിമുതല്‍ സുപ്രീം കോടതിവരെയുള്ള എല്ലാ തലങ്ങളും പിന്നിട്ട് വിധിയുണ്ടായ കേസാണിതെങ്കിലും എത്ര വര്‍ഷം കഴിഞ്ഞും ഏത് ഇന്ത്യന്‍ പൌരനും ചോദ്യം ചെയ്യാം; അതിനു പക്ഷേ ഉപയോഗിക്കേണ്ടതു വ്യവസ്ഥാപിത മാര്‍ഗങ്ങളാണ്. ആരൊക്കെയോ ചിലര്‍ സ്വയംകോടതി ചമയുന്നതും വ്യക്തിഹത്യയുടെ നികൃഷ്ടവഴികള്‍ തിരയുന്നതുമാണിപ്പോള്‍ കേരളം കാണുന്നത്. നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതുവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഈ ചോദ്യം ചെയ്യലിനു മുതിരുന്നതോ സംശയത്തിന്റെ നിഴലില്‍ മുഖംകുനിച്ചുനില്‍ക്കുന്നവരും.
സത്യത്തെ ഏറെക്കാലം മൂടിവയ്ക്കാന്‍ കഴിയില്ലെന്നും മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ പിന്നില്‍നിന്നു കുത്തുമെന്നതിന് ഉദാഹരണമാണിതെന്നുമാണ് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് പറഞ്ഞത്. പെണ്‍കുട്ടികളെ നശിപ്പിച്ച മാന്യന്മാരെ ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ കയ്യാമം വച്ചു തെരുവിലൂടെ നടത്തിക്കുമെന്ന് അദ്ദേഹം രണ്ടാഴ്ച മുമ്പ് പറഞ്ഞതുകൂടി ഇതോടു ചേര്‍ത്തുവായിക്കുമ്പോള്‍ ന്യായമായും ചോദിക്കാം: മൂടിവയ്ക്കപ്പെട്ടു കിടക്കുന്ന അവസ്ഥയില്‍നിന്ന് ഒരു രാഷ്ട്രീയകക്ഷിക്കു തിരഞ്ഞെടുപ്പു സമയത്തു പുറത്തെടുക്കാനുള്ളതാണോ ഇത്തരം കേസുകള്‍?
കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണത്തിലും അധികാരമേറി പ്രഥമ മന്ത്രിസഭാ യോഗത്തിനുശേഷവും പെണ്‍വാണിഭക്കാരെ ഉദ്ദേശിച്ച് ഇതേ കയ്യാമത്തിന്റെ കാര്യം വിഎസ് പറഞ്ഞതു മറക്കാറായിട്ടില്ല. അദ്ദേഹം ഭരണത്തിലേറിയപ്പോള്‍, കിളിരൂര്‍ അടക്കമുള്ള കേസുകളില്‍ ആ കയ്യാമത്തിന് എന്തു സംഭവിച്ചു എന്നതും ജനത്തിന് ഒാര്‍മയുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസുണ്ടായതിനുശേഷമുള്ള പതിനാലു വര്‍ഷങ്ങളില്‍ ഒന്‍പതു വര്‍ഷവും അധികാരത്തിലിരുന്നത് ഇടതു സര്‍ക്കാരാണ്. ഈ കേസ് തേച്ചുമാച്ചുകളയാന്‍ ആരെങ്കിലും ശ്രമിച്ചെങ്കില്‍ അതില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്നതു മുന്‍ ഇടതു സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രിയുടെ സര്‍വപ്രതാപിയായ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണെന്ന കാര്യം ഇപ്പോഴത്തെ വിവാദത്തിലും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍പത്തെ ഇടതു സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും അതെപ്പറ്റി അന്വേഷണമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറയുന്നത്. ആ പഴയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാത്രം അദ്ദേഹം കുറ്റവിമുക്തനാക്കുകകൂടി ചെയ്യുന്നതോടെ ഇപ്പോഴത്തെ കാടിളക്കലിലെ രാഷ്ട്രീയക്കളി നഗ്നമായി നാടിനുമുന്നില്‍ നില്‍ക്കുകയാണ്. പാര്‍ട്ടി ഈയിടെ നേതാവിനു നല്കിയ 'ചികില്‍സയും വല്ലാത്ത ഒരു കാവ്യനീതിയായി ജനത്തിനു മുന്പാകെയുണ്ട്.
ഇതിനൊക്കെ പുറമേയാണ് ആരുടെയൊക്കെയോ രാഷ്ട്രീയ താല്പര്യങ്ങള്ക്കു ചൂട്ടുപിടിക്കുന്ന ഒളിക്യാമറാപ്രവര്‍ത്തനം. മാധ്യമങ്ങള്‍ സ്വയംനടത്തുന്ന സ്വതന്ത്രമായ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങും ഏതാനും തത്പരകക്ഷികളുടെ കൂടെ സഞ്ചരിച്ച് അവര്‍ പറയുന്നതുപ്രകാരമുള്ള ചിത്രീകരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യത്തിലാണെങ്കില്‍ ചിത്രീകരണത്തിനുശേഷം മാസങ്ങള്‍ കഴിഞ്ഞ് സംപ്രേഷണസമയം തീരുമാനിച്ചതുപോലും അതേ തല്‍പരകക്ഷികള്‍തന്നെ. എത്രമാത്രം മലീമസമാണു സംസ്ഥാന രാഷ്ട്രീയമെന്നതിനു വേറെ സാക്ഷ്യങ്ങള്‍ വേണമെന്നു തോന്നുന്നില്ല.
തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ജൂഡിഷ്യറിയെ താറടിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണ്. സാധാരണക്കാരുടെ രക്ഷയ്ക്കും അവര്‍ക്കു നീതികിട്ടാനും അവസാനത്തെ ആശ്രയം കോടതികളാണെന്ന് ആരും മറക്കരുത്. തെറ്റു ചെയ്തവര്‍ എത്ര പ്രബലരായാലും എത്ര കാലം കഴിഞ്ഞാലും ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ സംശയമില്ല. കാലത്തിന്റെ നീതിനിര്‍വഹണത്തില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാനുമാവില്ല. പക്ഷേ, താത്ക്കാലിക ലാഭം മുന്‍നിറുത്തി നീചമാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പു വിജയം നേടാമെന്ന വ്യാമോഹം ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്.
ഭരിക്കുന്നവര്‍ വീണ്ടും വോട്ടു തേടേണ്ടതു സ്വന്തം ഭരണനേട്ടങ്ങളുമായാണ്; മലര്‍ന്നുകിടന്നു തുപ്പിയല്ല. സ്ത്രീപീഡനക്കേസുകളില്‍ അഞ്ചു വര്‍ഷം വെറുതെയിരുന്ന ഒരു സംസ്ഥാനാധിപനു ധാര്‍മിക ഉത്ക്കണ്ഠയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതുകൊണ്ടുമാത്രം അതിന്റെ അപഹാസ്യത ഇല്ലാതാവുന്നുമില്ല.
ഹി.......... ഹി ഹി ..............ഹി.......... ഹി ഹി