കണ്ണൂര്‍ ജില്ലയിലെ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ എന്ന മുസ്ളിംലീഗുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്ത് അറസ്റുചെയ്തപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിങ്ങനെ: "ഷുക്കൂര്‍ വധക്കേസില്‍ പ്രതികളെ ചോദ്യംചെയ്തതിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റുചെയ്തത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അറസ്റ് നിയമപരമാണ്. കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അബ്ദുള്‍ ഷുക്കൂറിന്റേത് കൊലപാതകമല്ല, സിപിഎം വധശിക്ഷ നടപ്പാക്കുകയായിരുന്നു''. മലയാളമനോരമ മുഖപ്രസംഗത്തിലൂടെ, "ഒരു കേസില്‍ പ്രതിയായി അറസ്റ് ചെയ്യപ്പെട്ടാല്‍ നിരപരാധിയെന്നു ബോധ്യപ്പെടുത്താനും മറ്റും ഇവിടെ വ്യവസ്ഥാപിതമായ നിയമവഴികളുണ്ട്'' എന്നാണ് പി ജയരാജനെയും ടി വി രാജേഷിനെയും സിപിഐ എമ്മിനെയും ഓര്‍മിപ്പിച്ചത്.
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരുപടികൂടി കടന്നാണ് പ്രതികരിച്ചത്. "നല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ് ചെയ്തത്. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങിയത്. കൊലപാതകക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ സിപിഎം അണികളെ രംഗത്തിറക്കരുത്. രാഷ്ട്രീയലക്ഷ്യത്തോടെ സിപിഎം കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.'' ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ആഗസ്ത് രണ്ടിന് മാതൃഭൂമി ഇങ്ങനെയാണ് റിപ്പോര്‍ട്ടുചെയ്തത്.
മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. ആഗസ്ത് 10ന്റെ മാതൃഭൂമി റിപ്പോര്‍ട്ടില്‍ അത് വ്യക്തമാകുന്നു. "മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിക്കാന്‍ ആസ്പത്രിയില്‍ ഗൂഢാലോചന നടന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തടവില്‍ വച്ച ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ നിര്‍ദേശം പോയത് തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ നിന്നാണെന്നും ആ സമയത്ത് പി. ജയരാജനും ടി.വി.രാജേഷ് എം.എല്‍.എയും ആസ്പത്രിമുറിയിലുണ്ടായിരുന്നുവെന്നും സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി ബോധിപ്പിച്ചു. ആസ്പത്രിയില്‍ നിന്ന് ഫോണ്‍സന്ദേശം പോയതിനെക്കുറിച്ച് പറയുന്ന രണ്ട് സാക്ഷികളുടെ മൊഴികള്‍ കോടതിക്ക് കൈമാറി''
കെപിസിസി എക്സിക്യൂട്ടീവ് അംഗംകൂടിയായ ആസഫലി അന്ന് കോടതിയില്‍ ഒരു പ്രബന്ധംതന്നെ രചിച്ചു. "താലിബാന് മാതൃകയിലുള്ള കൊലയാണ് നടന്നത്. ഫോട്ടോ പരിശോധിച്ച ശേഷമുള്ള അന്തിമ നിര്‍ദേശമാണ് ആസ്പത്രിയില്‍ നിന്ന് പോയത് എന്നാണ് സാക്ഷിമൊഴികള്‍ വ്യക്തമാക്കുന്നത്. ജയരാജനെ അറസ്റ് ചെയ്തതിലുള്ള പ്രതിഷേധത്തില്‍ സംസ്ഥാനത്തൊട്ടാകെ 2.24 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.... അറസ്റിന്റെ പേരില്‍ ഇത്രയും അതിക്രമം നടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ബാക്കിയുള്ള പ്രതികളുടെ അറസ്റിന് വിഘാതമാകും'' ആസഫലിയുടെ വാദം വിശദമായിത്തന്നെ മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തു.
ഇതെല്ലാം കേള്‍ക്കുകയും മാതൃഭൂമി- മനോരമാദി പത്രങ്ങള്‍ വായിക്കുകയും ചെയ്തവര്‍ക്ക് പി ജയരാജന്റെ അറസ്റ് ന്യായമെന്നേ തോന്നൂ. കൊലയാളിപ്പാര്‍ടിയായി, കോടതികൂടി ആളെ കൊല്ലുന്ന പാര്‍ടിയായി സിപിഐ എമ്മിനെ ചിത്രീകരിച്ചവര്‍ക്ക് സന്തോഷം നല്കുന്ന തീര്‍പ്പ് കോടതിയില്‍നിന്ന് വന്നു. കൊച്ചിയില്‍നിന്നുള്ള അന്നത്തെ മാതൃഭൂമി വാര്‍ത്തതന്നെ നോക്കാം: "ഷുക്കൂര്‍ വധക്കേസില്‍ അറസ്റിലായ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിന്റെ ഗൌരവം, അറസ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ എന്നിവ നല്കുന്ന സൂചനപ്രകാരം വ്യക്തിസ്വാതന്ത്യ്രത്തേക്കാള്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് വിലയിരുത്തിയാണ് ജസ്റിസ് എസ്.എസ്. സതീശ്ചന്ദ്രന്‍ ജാമ്യാപേക്ഷ തള്ളിയിട്ടുള്ളത്. കേസില്‍ 28-ാംപ്രതിയാണ് ജയരാജന്. ഹര്‍ജിക്കാരനെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് പാര്‍ട്ടിയുടെ തീരുമാനമാകാം. എന്നാല്‍ അതിന്റെ പേരില്‍ കലാപസമാനമായ സാഹചര്യം സൃഷ്ടിച്ചതും അക്രമം അഴിച്ചുവിട്ടതും പൊതു, സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശം വരുത്തിയതും മാപ്പാക്കുന്നത് സാമൂഹികഭദ്രതയെ ബാധിക്കുമെന്നും നീതിനിര്‍വഹണ, നിയമപാലന സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകാന്‍ കാരണമാകുമെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.''
ഇത്രയും മനസ്സില്‍വച്ചുവേണം തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ പഴയപുരയില്‍ ഹൌസില്‍ മുഹമ്മദ് മകന് പി പി അബു (30) നല്കിയ സത്യവാങ്മൂലം പരിശോധിക്കാന്‍. പി ജയരാജന്, ടി വി രാജേഷ് എന്നിവരെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെയും ജനങ്ങളെയും ബോധിപ്പിച്ച ഏകകാരണമായ മൊഴി നല്കിയ സാക്ഷികളില്‍ ഒന്നാമനാണ് അബു. രണ്ടാമന് മുഹമ്മദ് സാബിര്‍. "ഇന്ത്യന്‍ യൂണിയന് മുസ്ളിംലീഗിന്റെ ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരെന്ന നിലയില്‍ ഞാനോ മുഹമ്മദ് സാബിറോ പ്രതി ആരോപിക്കുംവിധം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ആശയപരമായും കായികമായും അക്രമം നടത്തുന്നതിന് നേതൃത്വം നല്കുന്ന സിപിഐ എം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയി എന്നത് തീര്‍ത്തും അസംഭവ്യമാണ്. അന്നേദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ പരിസരത്തുപോലും ഞാന്‍ പോയിട്ടില്ല. മുഹമ്മദ് സാബിറിനോട് അന്വേഷിച്ചതില്‍ ടിയാനും അന്നേദിവസമോ തുടര്‍ന്നുള്ള ദിവസങ്ങളിലോ സഹകരണ ആശുപത്രിയില്‍ പോയിട്ടില്ലെന്ന് എന്നോട് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഞാനോ മുഹമ്മദ് സാബിറോ അന്വേഷണ ഉദ്യോഗസ്ഥന് അത്തരത്തില്‍ ഒരു മൊഴിയും കൊടുത്തിട്ടില്ലാത്തതാണ്. മാത്രമല്ല, ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കാനുള്ള പരസ്യമായ ആഹ്വാനം കേട്ടിട്ടും ആയത് തടയാന്‍ ഉതകുംവിധം പൊലീസിനെയോ മറ്റു അധികാരികളെയോ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണം എനിക്കെതിരെ ഉന്നയിച്ചത് എനിക്ക് പൊതുജനമധ്യത്തില്‍, പ്രത്യേകിച്ച് ലീഗ് പ്രവര്‍ത്തകരുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുക എന്ന ദുഷ്ടലാക്കോടെയാണ്. അത്തരത്തില്‍ ഒരു വിവരം ലഭിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആയത് ബന്ധപ്പെട്ടവരെ അറിയിക്കുകയും അക്രമം തടയുകയും ചെയ്യുമായിരുന്നു.''
ഇത് വെറുതെ പറയുന്നതോ സൌഹൃദസംഭാഷണത്തില്‍ പറഞ്ഞതോ അല്ല. തളിപ്പറമ്പ് മുന്‍സിഫ് കോടതി മുമ്പാകെ സത്യംചെയ്ത് രേഖാമൂലം ബോധിപ്പിച്ച വാക്കുകളാണ്. തങ്ങള്‍ അവിടെ പോയിട്ടില്ല, ഒന്നും അറിഞ്ഞിട്ടില്ല, മൊഴി കൊടുത്തിട്ടില്ല എന്ന്.
ഇത്രയും പരിശോധിക്കുന്ന ആര്‍ക്കും എത്തിച്ചേരാവുന്ന നിഗമനം, കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം തികഞ്ഞ തട്ടിപ്പുകാരാണ് എന്നാണ്. അവര്‍ നയിക്കുന്ന പൊലീസാകട്ടെ, പരിശീലനം നേടിയ കള്ളന്മാരേക്കാള് നന്നായി കുറ്റകൃത്യം ചെയ്യാനറിയുന്നവരും. അക്രമത്തിന് വരുന്ന പൊലീസുകാര്‍ക്കുനേരെ മുളകുവെള്ളം പ്രയോഗിക്കണം എന്ന ആഹ്വാനം വന്നപ്പോള്‍ 'മുളകുവെള്ളം എല്ലാവരുടെയും വീട്ടിലുണ്ടെന്ന് ഓര്‍മവേണം' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ആ മുളകുവെള്ളം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം പ്രയോഗിക്കട്ടെ ഇനി. ബാക്കി വരുന്നത് ഇത്രയേറെ നാണംകെട്ട രീതിയില്‍ കള്ളക്കേസുണ്ടാക്കിയ പൊലീസുകാര്‍ക്ക് അര്‍ഹതപ്പെട്ടതാണ്.
അബ്ദുള്‍ ഷുക്കൂറിന്റെ മരണം ആ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ സംഭവിച്ച ഒന്നാണെന്ന് സ്ഥിരബുദ്ധിയുള്ള ആര്‍ക്കും അറിയാം. കേരളം കണ്ട ഏറ്റവും വലിയ ഉപജാപകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ്, അതിനെ 'പാര്‍ട്ടിക്കോടതി' യുടെ വിധി നടപ്പാക്കലാക്കിയത്. അത്തരമൊരു കഥയ്ക്ക് നിയമപരമായ സാധൂകരണമുണ്ടാക്കുക എന്ന ജോലിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്ന ഉമ്മന്‍ചാണ്ടിയുടെ ഭൃത്യന് ഏറ്റെടുത്തത്. ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍, കണ്ണൂരിലെ പാര്‍ടിയെ ആക്രമിക്കാനുള്ള വടിയായി അബ്ദുള്‍ ഷുക്കൂറിന്റെ മൃതദേഹമാണ് ഈ നികൃഷ്ടജന്മങ്ങള് ഉപയോഗിച്ചത്. മാര്‍ക്സിസ്റുകാര്‍ക്കെതിരെങ്കില്‍, ഏത് ഉച്ചിഷ്ടവും അമൃതുപോലെ ഭക്ഷിക്കുന്ന ഏതാനും മാധ്യമ വൈതാളികരെ കൂട്ടിന് കിട്ടിയപ്പോള്‍ രണ്ടുമൂന്ന് കേസുകൊണ്ട് ഉത്സവം നടത്താമെന്ന് ഉമ്മന്‍ചാണ്ടി പ്രഭൃതികള്‍ ധരിച്ചു. സാമാന്യബുദ്ധിക്ക് നിരക്കാത്ത തൊടുന്യായങ്ങളുയര്‍ത്തി പി ജയരാജനെ അറസ്റുചെയ്ത് ജനരോഷം ക്ഷണിച്ചുവരുത്തി, അതിന്റെ പേരിലും സിപിഐ എമ്മിന് 'അക്രമി' പരിവേഷം ചാര്‍ത്തിക്കൊടുത്ത ഈ പടുജന്മങ്ങളുടെ പാപം ഏത് ഗംഗയില്‍ കുളിച്ചാലാണ് തീരുക? എവിടെ കുമ്പസരിച്ചാലാണ് ഇവര്‍ മനുഷ്യരാവുക?
സിപിഐ എം എന്ന പാര്‍ടിയോടല്ല, ഒരു നാടിനോടുതന്നെയാണ് ഈ യുദ്ധം. കടല്‍ക്കൊള്ളക്കാരോടോ തസ്കരസംഘങ്ങളോടോ ഉപമിക്കാവുന്ന മാനസികാവസ്ഥയുള്ള ഭരണാധികാരികളും പൊലീസും മാധ്യമസഹായത്തോടെ നീതിന്യായവ്യവസ്ഥയെപ്പോലും സ്വാധീനിക്കുന്ന അനുഭവമാണ്, പി ജയരാജന് ജാമ്യം നിഷേധിച്ചപ്പോഴുണ്ടായത്; ടി വി രാജേഷിനെ തുറുങ്കിലടച്ചപ്പോഴുണ്ടായത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നത് രാഷ്ട്രീയംകൊണ്ടാകണം. അതാണ് മനുഷ്യരുടെ സംസ്കാരം. ഇവിടെ മൃഗങ്ങളുടെ സ്വഭാവമാണ് യുഡിഎഫ് ഭരണത്തിന്റേത്. ഒരു ഫസല്‍ വധക്കേസ് പൊക്കിക്കൊണ്ടുവന്ന്, അപസര്‍പ്പകകഥകളെ വെല്ലുന്ന കഥകളുണ്ടാക്കി, സിബിഐയെ ഉപയോഗിച്ച് സിപിഐ എമ്മിനെ ആക്രമിച്ചു. ഫസലിന്റെയും ഷുക്കൂറിന്റെയും പേര് കൂട്ടിക്കെട്ടി വര്‍ഗീയപരിവേഷം സൃഷ്ടിച്ചു. മുസ്ളിംലീഗ് എന്ന പാര്‍ടി മറയില്ലാതെ വര്‍ഗീയപ്രചാരണത്തിന് നേതൃത്വം നല്കി.
ടി പി ചന്ദ്രശേഖരന് വധക്കേസിന്റെ പശ്ചാത്തലംകൂടി ഉപയോഗിച്ച്, വടക്കെമലബാറില് സിപിഐ എമ്മിന്റെ തായ്വേര് പിഴുതെറിയാമെന്നാണ് കണക്കുകൂട്ടിയത്. അന്തസ്സായി പൊതുപ്രവര്‍ത്തനം നടത്തുന്ന കമ്യൂണിസ്റുകാരെ, 'കാരായി'മാരെന്നും കൊലയാളികളെന്നും അവജ്ഞയോടെ വിശേഷിപ്പിച്ച്, കള്ളക്കേസുകളില്‍ കുടുക്കി തുറുങ്കിലടച്ചവരുടെ യഥാര്‍ഥ മുഖം ജനങ്ങളില്‍നിന്ന് സമര്‍ഥമായി മറച്ചുപിടിക്കാന്‍ ഒരുപറ്റം മാധ്യമങ്ങള്‍ സംഘടിതമായിത്തന്നെ പ്രവര്‍ത്തിച്ചത് കഥയുടെ മറക്കാനാകാത്ത മറ്റൊരു വശമാണ്. ഇപ്പോഴിതാ, കള്ളം പച്ചയ്ക്ക് തെളിഞ്ഞിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും അവരുടെ ആജ്ഞകേട്ട് ആടിത്തിമിര്‍ത്ത പൊലീസ് ഭൃത്യര്‍ക്കും കാപട്യക്കാരെ വാഴ്ത്തിപ്പാടിയ മാധ്യമകൂലിക്കാര്‍ക്കും എന്താണ് പറയാനുണ്ടാവുക എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവരെ പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. പി ജയരാജനെയും ടി വി രാജേഷിനെയും എന്തിന് തുറുങ്കിലടച്ചു എന്നതിന് ഈ സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിച്ചില്ലെങ്കില്‍ ജനാധിപത്യം എന്ന് എങ്ങനെ വിളിക്കാനാകും. ഇത്രയും വലിയ ഒരു കള്ളത്തരത്തിന് അവരെക്കൊണ്ട് മറുപടി പറയിച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും മാനുഷികമൂല്യങ്ങള്‍ക്കും മനുഷ്യന്റെ ആത്മാഭിമാനത്തിനും അര്‍ഥമില്ലാതാകും.
6 comments:
മ്മന്ചാണ്ടിക്കും തിരുവഞ്ചൂരിനും അവരുടെ ആജ്ഞകേട്ട് ആടിത്തിമിര്‍ത്ത പൊലീസ് ഭൃത്യര്‍ക്കും കാപട്യക്കാരെ വാഴ്ത്തിപ്പാടിയ മാധ്യമകൂലിക്കാര്‍ക്കും എന്താണ് പറയാനുണ്ടാവുക എന്ന ചോദ്യത്തിന് അര്‍ഥമില്ല. അവരെ പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കേണ്ട ബാധ്യത ജനങ്ങളുടേതാണ്. പി ജയരാജനെയും ടി വി രാജേഷിനെയും എന്തിന് തുറുങ്കിലടച്ചു എന്നതിന് ഈ സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിച്ചില്ലെങ്കില്‍ ജനാധിപത്യം എന്ന് എങ്ങനെ വിളിക്കാനാകും. ഇത്രയും വലിയ ഒരു കള്ളത്തരത്തിന് അവരെക്കൊണ്ട് മറുപടി പറയിച്ചില്ലെങ്കില്‍ ജനാധിപത്യത്തിനും മാനുഷികമൂല്യങ്ങള്‍ക്കും മനുഷ്യന്റെ ആത്മാഭിമാനത്തിനും അര്‍ഥമില്ലാതാകും.
ഒരു ദാസ്യവൃത്തി ചെയ്യുന്ന ചാനല്‍ കണ്ടെത്തിയ മികച്ച തന്ത്രി.....എന്തായിരുന്നു ടിയാന് കേരള ജനതക്ക് ചെയ്ത സേവനം...കമ്യുണിസ്റ്റ് പ്രസ്ഥാനത്തെ അങ്ങ് ചുരുട്ടി കൂട്ടികളയാം എന്നാ ധാരണ യും കൊണ്ട് അങ്ങ് കുറെ അര്‍മാദിച്ചു ...അതിനുള്ള ആദരം ആയിരുന്നു മികച്ച മന്ത്രി പുരസ്ക്കാരം ...ഇവരൊക്കെ എത്ര കാലം കുരച്ചാലും ഈ പ്രസ്ഥാനത്തിന്റെ പൂട പോലും അനക്കാന്‍ ആവില്ല എന്ന് ഇനിയെങ്കിലും ഇവരൊക്കെ മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്.....
കേട്ടതാരെന്നു ചോദിച്ചാൻ (തിരുവഞ്ചൂർ)
കേട്ടതിവരെന്നു ചൊല്ലിനാർ (പോലീസ്)
കെട്ടു (ജയരാജനെ) നൂറ്റിപ്പതിനെട്ടിലെന്നു മുഖ്യൻ
കേട്ടു നന്ദനനെത്തിനാൻ കേസുമായ്
പൊട്ടവാദമീ 'ദൃക്സാക്ഷിമൊഴി'
കേട്ടുകേൾവിപോലുമില്ലേ പൊറുക്കണേ...!
................
(അബു - സാബിർ തളിപ്പറമ്പ് മുൻസിഫ് കോടതിയോട്)
--------------
...
കേട്ടെന്നു കേട്ടു നീ കയറെടുത്താൽ
കേട്ടെന്നു പറഞ്ഞവനൂരാക്കുടുക്ക്...!
................
(ചാണ്ടി - തിരുവഞ്ചൂർ ടീമിനോട് അബു - സാബിർ)
ഒന്നാം തരാം ഗൂഢാലോചന ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു... ഇത് നേരത്തെ പ്രതീക്ഷിച്ചതാ... തിരുവന്ജുര് ചാണ്ടി ചോര്‍ ഷാജിയുടെ വാക്ക് കേട്ട് തുള്ളി... മുളകുവെള്ളം അല്ല.. അവറ്റകളുടെ നേരെ കാഷ്ടം എറിയണം
Post a Comment