ഒരു പൊതുയോഗത്തിലെ പ്രസംഗത്തിന്റെപേരില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുചേര്‍ത്ത് കേസെടുത്തിരിക്കുന്നു. അദ്ദേഹം പത്രസമ്മേളനം നടത്തിയോ എഴുതി തയ്യാറാക്കിയ പ്രസ്താവനയിലൂടെയോ എന്തെങ്കിലും പറഞ്ഞതല്ല. നാട്ടിന്‍പുറത്തെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. മണിയുടെ ദീര്‍ഘമായ പ്രസംഗം പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അതില്‍ ഒരുഭാഗത്ത്, പാര്‍ടി എതിരാളികളില്‍നിന്ന് നേരിട്ട ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞു. വടകരയിലെ ടി പി ചന്ദ്രശേഖരന് വധത്തിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിനുമേല്‍ ആരോപിക്കുന്നതിന്റെ അസാംഗത്യത്തെക്കുറിച്ച് പറഞ്ഞു. അതിനിടയില്‍, ആനുഷംഗികമായി നടത്തിയ ചില പരാമര്‍ശങ്ങള്‍ പാര്‍ടിയുടെ നിലപാടിന് നിരക്കാത്തതായിരുന്നു. തെറ്റിദ്ധാരണ ഉളവാക്കുന്ന ആ ഭാഗം പാര്‍ടി നയത്തില്‍നിന്നുള്ള വ്യതിയാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പരസ്യമായി പറഞ്ഞു.
സിപിഐ എമ്മിന്റെ ജില്ലാസെക്രട്ടറി സ്വന്തം ജില്ലയിലെ ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗം രാജ്യാന്തരവാര്‍ത്തയായി വളരുന്നതാണ് പിന്നീട് കണ്ടത്. ഒരുതരം ആര്‍ത്തിയോടെയാണ് മാധ്യമങ്ങള്‍ ആ വാര്‍ത്തയെ സമീപിച്ചത്. കോടതി തീര്‍പ്പുകല്‍പ്പിച്ച കേസുകള്‍ അവര്‍ക്ക് മാന്തിയെടുക്കണം. സിപിഐ എം കൊലപാതകികളുടെ പാര്‍ടിയാണെന്ന് സ്ഥാപിക്കണം. ഗുജറാത്തില്‍ നൂറുകണക്കിന് മുസ്ലിം സഹോദരങ്ങളെ കൊന്നുതള്ളുന്നതിന് നേതൃത്വംകൊടുത്ത നരേന്ദ്ര മോഡിയെക്കൊണ്ടുപോലും പ്രതികരിപ്പിച്ചത് മാധ്യമങ്ങളാണ്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ സിഖുകാരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. വെട്ടിയും ചുട്ടും കുത്തിയും വെടിവച്ചും സിഖ് കുഞ്ഞുങ്ങളെപ്പോലും കൊന്നു. അന്ന്, ആ ചോരയുടെ നവ് മാറുന്നതിനുമുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ്ഗാന്ധി പറഞ്ഞത്, വന്മരം വീഴുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാകുമെന്നാണ്. ഒരു ജനതയെ സ്വന്തം അനുയായികള്‍ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍, തന്റെ മാതാവിന്റെ കൊലപാതകത്തിലുള്ള സ്വാഭാവിക പ്രതികരണമായി അതിനെ വിശേഷിപ്പിച്ച രാജീവ്ഗാന്ധിയാണ് പിന്നീട് കോണ്‍ഗ്രസിനെ നയിച്ചത്- കൊല്ലപ്പെടുവോളം. ആ രാജീവിനെ നേതാവായിക്കാണുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ എം എം മണിയുടെ പ്രസംഗത്തെ പ്രതിക്കൂട്ടില്‍ കയറ്റണംപോലും.
കൈയിലുള്ള ഭരണം അതിന്റെ ഏറ്റവും നീചമായ അര്‍ഥത്തില്‍ ഉപയോഗിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഒരുപക്ഷേ, ഇത്രയും ഹീനമായ മനസ്സും പ്രവൃത്തിയും കേരളം ഇതിനുമുമ്പ് ഒരു ഭരണാധികാരിയിലും കണ്ടിട്ടുണ്ടാകില്ല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനംചെയ്യാനും തകര്‍ത്തുകളയാനും പൊലീസിനെയും ഭരണസംവിധാനത്തെയാകെയും മാധ്യമങ്ങളെയും ഒരുപോലെ ഉപയോഗിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തഭൃത്യരായി പ്രമുഖ മാധ്യമങ്ങള്‍ പരിപൂര്‍ണമായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നതാണ് ഈ കാലത്തിന്റെ സവിശേഷത. എം എം മണി പറഞ്ഞതിന്റെ അര്‍ഥവും അര്‍ഥക്കേടും അറിയാഞ്ഞിട്ടല്ല ഒരുതരം ആക്രാന്തത്തോടെ മാധ്യമങ്ങള്‍ അതിനെ സമീപിക്കുന്നത് എന്നര്‍ഥം. കാരണം, ഇത്തരം നിരവധി പ്രസ്താവനകളും പ്രസംഗങ്ങളും നമുക്ക് മുന്നിലുണ്ട്. അവയോടൊന്നും ഈ സമീപനം കണ്ടിട്ടില്ല. മുമ്പും അങ്ങനെയുണ്ടായിരുന്നില്ല.
കടയിലിരുന്ന് ചായകുടിക്കുകയായിരുന്ന നാല്പാടി വാസു എന്ന ചെറുപ്പക്കാരന് തന്റെ ജാഥയ്ക്കുനേരെ നോക്കി പരിഹസിക്കുകയാണെന്ന് തോന്നിയപ്പോള്‍ സുധാകരന്റെ ഗണ്‍മാനെക്കൊണ്ട് വെടിവച്ച് കൊല്ലിച്ചു. എന്നിട്ട് അടുത്ത കേന്ദ്രത്തില്‍ പോയി, ഒരുത്തനെ വെടിവച്ച് കൊന്നിട്ടാണ് വരുന്നതെന്ന് വീമ്പിളക്കി. ആ നേതാവിനെ കേസില്‍നിന്ന് ഒഴിവാക്കാനായിരുന്നു മലയാള മനോരമയുടെയും മാതൃഭൂമിയുടെയും ആവേശം.
1 comment:
എം എം മണി പറഞ്ഞതുപോലെ, ""വെടിക്കെട്ടുകാരന്റെ കുട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നത്"" കൗതുകമുള്ള കാഴ്ചതന്നെ.
Post a Comment