Monday, May 14, 2012

ഓര്‍മയില്‍ രണ്ടാം ജാലിയന്‍ വാലാബാഗ്




ഒന്നാം ഭാഗം: ഖദറിലൊളിപ്പിച്ച നരഭോജി രാഷ്ട്രീയം 1

രണ്ടാം ഭാഗം: നാല്‍പ്പത്തിയൊന്നാംനാള്‍ മരണം 

മൂന്നാം ഭാഗം: ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം 

കത്തിക്കരിഞ്ഞ മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. അഞ്ചിടത്തായി അഞ്ചു ശരീരങ്ങള്‍. ചീമേനിയില്‍ ഓടിയെത്തിയ ഇ കെ നായനാര്‍ ഓരോ ജഡത്തിനും മുന്നില്‍ സ്തബ്ധനായി. ആ കണ്ണുകള്‍ നിറഞ്ഞു. വാക്കുകളില്‍ രോഷവും വേദനയും തിളച്ചു. കയ്യൂരിന് തൊട്ടടുത്ത ചീമേനിഗ്രാമം മറ്റൊരു ജാലിയന്‍ വാലാബാഗായ നാള്‍. 1987 മാര്‍ച്ച് 23. അന്ന് വോട്ടെടുപ്പായിരുന്നു. ആഴ്ചകള്‍ നീണ്ട തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ അവസാനം. കേരളത്തിന്റെ ജനായകന്‍ ഇ കെ നായനാരാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി. എല്ലാ വോട്ടുംചെയ്തു എന്നുറപ്പുവരുത്താന്‍ ചീമേനിയിലെ സിപിഐ എം പ്രവര്‍ത്തകര്‍ വൈകിട്ട് പാര്‍ടി ഓഫീസില്‍ ഒത്തുചേര്‍ന്നു. പ്രധാനപ്പെട്ട എല്ലാവരുമുണ്ട്-സ്ത്രീകളുള്‍പ്പെടെ. ഓടുമേഞ്ഞ ചെറിയ ഓഫീസ്. എല്ലാവരും ക്ഷീണിതര്‍-എന്നാല്‍ ആവേശഭരിതരും. പെട്ടെന്ന് പുറത്ത് അലര്‍ച്ച മുഴങ്ങുന്നു. ഇരുനൂറോളം പേര്‍ ആയുധങ്ങളുമായി ഓടിയടുക്കുന്നു. ഓഫീസിനു വെളിയിലുണ്ടായിരുന്നവര്‍ ചിതറിയോടി. അവിടെ അകപ്പെട്ടുപോയ ബാലകൃഷ്ണന്‍ പറയുന്നു:

കുറച്ചാളുകള്‍ പെട്ടെന്ന് ഓഫീസിനുള്ളില്‍ കയറി വാതിലടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുമ്പ് അക്രമികള്‍ ഓഫീസ് വളഞ്ഞു. അവര്‍ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു. വെട്ടിപ്പൊളിക്കാന്‍ നോക്കി. പലക തകരുമെന്നായപ്പോള്‍ ബെഞ്ചുകൊണ്ട് ബലംകൊടുത്തു. അതോടെ ജനല്‍ വെട്ടിപ്പൊളിച്ചു. ജനല്‍പ്പാളിയിലൂടെ ഒരാള്‍ക്ക് കഷ്ടിച്ചേ കടക്കാന്‍ പറ്റുമായിരുന്നുള്ളു. ഉള്ളിലേക്ക് വന്നില്ല. തൊട്ടപ്പുറത്ത് പുരമേയാന്‍ വച്ചിരുന്ന പുല്‍കെട്ടുകള്‍ കൊണ്ടുവന്ന് ഓഫീസിന് ചുറ്റും തീയിട്ടു. കത്തിച്ച പുല്ല് അകത്തേക്ക് തള്ളി. ഒരാള്‍ മേല്‍ക്കൂരയില്‍ കയറി മണ്ണെണ്ണയും പെട്രോളും ഒഴിച്ചു. നിമിഷാര്‍ധത്തില്‍ മേല്‍ക്കൂരയ്ക്കു തീപിടിച്ചു. അകത്തും പുറത്തും തീ; പുക. നിര്‍ത്താത്ത കല്ലേറ്. ഓട് പൊട്ടി പലരുടെയും തലയിലും ദേഹത്തും വീണു. അകത്തുള്ളവര്‍ക്ക് ശ്വാസം മുട്ടി. പിന്നെ ഒന്നും ഓര്‍ക്കാനില്ല. മടിച്ചുനിന്നാല്‍ വെന്തുമരിക്കും-പുറത്തുചാടിയാല്‍ വെട്ടിക്കൊല്ലും. ആലവളപ്പില്‍ അമ്പു ആദ്യം പുറത്തേക്കു ചാടി. പുറത്ത് വാളും കഠാരയുമായി നിരന്നവര്‍ വെട്ടിയും കുത്തിയും അവിടെത്തന്നെ കൊന്നുതള്ളി. പിന്നാലെ സി കോരന്‍, പി കുഞ്ഞപ്പന്‍, എം കോരന്‍. കത്തുന്ന തീയില്‍നിന്ന് പ്രാണനുംകൊണ്ട് പാതിവെന്ത് പുറത്തേക്കു ചാടുന്നവരുടെ മാംസത്തില്‍ ആയുധങ്ങള്‍ ആഞ്ഞാഞ്ഞു പതിച്ചു. ചെന്നായ്ക്കളെപ്പോലെ, പുറകെ ഓടി ആക്രമിച്ചു. ആലവളപ്പില്‍ അമ്പുവിനെ വെട്ടിക്കൊല്ലുമ്പോള്‍ മക്കളായ കുമാരനും ഗംഗാധരനും ഓഫീസിനകത്ത് ആളിപ്പടരുന്ന തീയില്‍ കുടുങ്ങി ശ്വാസംമുട്ടുകയായിരുന്നു. ചാലില്‍ കോരന്റെ വലതുകൈ അറുത്തുമാറ്റിയ ശേഷമാണ് കൊന്നത്. പഞ്ചായത്തംഗവും ബാങ്ക് ഡയറക്ടറുമായിരുന്ന പി കുഞ്ഞപ്പനെ തല തല്ലിപ്പൊളിച്ച് പുല്ലില്‍ പൊതിഞ്ഞ് ചുട്ടുകളഞ്ഞു. ബാലകൃഷ്ണന്‍ ചാടിയപ്പോള്‍തന്നെ കമ്പികൊണ്ടുള്ള അടിവീണു. എന്നിട്ടും ഓടി. പിന്തുടര്‍ന്ന് വെട്ടി. ബോധംവന്നപ്പോള്‍ മെല്ലെ ഇഴഞ്ഞ് സ്കൂളിനടുത്ത് എത്തി. എന്റെ ഞരക്കം കേട്ട് അവര്‍ പിന്നെയും ഓടിവന്നു. ഇവന്‍ ചത്തിട്ടില്ലെന്ന് പറഞ്ഞ് തലങ്ങും വിലങ്ങും വെട്ടി. കാല്‍ വേര്‍പെട്ടതുപോലെയായി. ചത്തെന്ന് ഉറപ്പിച്ച് സ്കൂളിന്റെ മൂത്രപ്പുരയിലേക്ക് വലിച്ചിട്ടു.

പിന്നീട് മൂത്രപ്പുരയില്‍ മൃതപ്രായനായ നിലയില്‍ പൊലീസാണ് ബാലകൃഷ്ണനെ കണ്ടെത്തിയത്. നാലുപേരുടെ മരണംകൊണ്ടും കോണ്‍ഗ്രസുകാരുടെ ചോരക്കൊതി അടങ്ങിയില്ല. കയ്യൂരിലേക്കു പോകാന്‍ ബസ് കാത്തുനില്‍ക്കവെയാണ് കെ വി കുഞ്ഞിക്കണ്ണനെ പിടിച്ചത്. അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നു. കൊല്ലപ്പെട്ടവരെല്ലാം സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകര്‍. കൊലപാതകികള്‍ നാട്ടിലെ പ്രധാന കോണ്‍ഗ്രസുകാര്‍. ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ മുഖമായിരുന്നു അന്ന് കൊലയാളികള്‍ക്ക്. 1919ലെ വൈശാലി ഉത്സവനാളില്‍ ജാലിയന്‍ വാലാബാഗ് മൈതാനത്ത് ഒത്തുചേര്‍ന്ന സ്വാതന്ത്ര്യപ്പോരാളികളെ വളഞ്ഞിട്ട് വെടിക്കോപ്പുതീരുംവരെ കൊലചെയ്ത വെള്ളപ്പട്ടാളക്കാരന്റെ അതേ ക്രൗര്യം. ചീമേനിയിലെ കൂട്ടക്കൊലയെ ജാലിയന്‍ വാലാബാഗിനോടുപമിച്ചത് ഇ എം എസ്.

ചീമേനി പട്ടണത്തില്‍ അക്കാലത്ത് കോണ്‍ഗ്രസിന്റെ ക്രിമിനല്‍വാഴ്ചയായിരുന്നു. ചീട്ടുകളി, കവര്‍ച്ച, പരസ്യ മദ്യപാനം എന്നിവ പതിവായി. തോക്കും കഠാരയും കൈയിലേന്തി ജനങ്ങളെ ഭയപ്പെടുത്തി അവര്‍ അഴിഞ്ഞാടി. നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ഈ സംഘത്തിന്റെ ഭീഷണി വകവയ്ക്കാതെ ജനങ്ങള്‍ നായനാരുടെ പ്രചാരണത്തിനിറങ്ങി. അനേകം ചെറുപ്പക്കാര്‍ സിപിഐ എമ്മില്‍ സജീവമായി. അത് സഹിക്കവയ്യാതെയാണ് കോണ്‍ഗ്രസ് കൂട്ടക്കൊല ആസൂത്രണംചെയ്തത്. കൊലപാതകംകൊണ്ട് സിപിഐ എം ചീമേനിയില്‍ ഇല്ലാതായില്ല. നാമാവശേഷമായത് കൊലപാതകികള്‍.

ചീമേനിക്ക് കേരളചരിത്രത്തില്‍ സമാനതകളില്ല. മരണം മുന്നിലെത്തിയപ്പോഴും കാണിച്ച ആത്മധൈര്യംകൊണ്ടാണ് അന്ന് പലരും രക്ഷപ്പെട്ടത്. അറുപതോളം പേര്‍ ആക്രമിക്കപ്പെട്ടു. അതില്‍ പരിക്കേറ്റവര്‍ നിരവധി. കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചീമേനി രക്തസാക്ഷികളുടെ സ്മരണയല്ല; നിറഞ്ഞ സാന്നിധ്യംതന്നെയാണ് ആ ഗ്രാമത്തെ ഇന്നും ചുവപ്പിക്കുന്നത്. കൂട്ടക്കൊല നടന്ന ഓഫീസ്, കോണ്‍ഗ്രസിന്റെ നരമേധത്തിന്റെ സ്മരണകളുണര്‍ത്തി അവിടെ ഇന്നുമുണ്ട്- ഒരസ്ഥിപഞ്ജരമെന്നപോലെ. ഇത് സിപിഐ എമ്മിനുമാത്രം അനുഭവിക്കേണ്ടിവന്ന ക്രൂരതയാണ്. മറ്റൊരു പാര്‍ടിയും ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. ഭരണത്തിന്റെ സംരക്ഷണവും തുടര്‍ന്നും ഭരണം ലഭിക്കുമെന്ന പ്രതീക്ഷയുമാണ് അഞ്ചുപേരെ ഒറ്റയടിക്ക് ഏറ്റവും ക്രൂരമായി കൊന്നുതള്ളി ആയുധമുയര്‍ത്തി അട്ടഹസിക്കാന്‍ അന്ന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ആ പ്രതീക്ഷ സഫലമായില്ല. ചീമേനിയിലെ ധീരന്‍മാര്‍ ജീവന്‍ നല്‍കിയ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ഇ കെ നായനാര്‍, പിന്നീട് ആ ജനങ്ങള്‍ക്കുമുന്നിലേക്കെത്തിയത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്.

ചീമേനിയില്‍ ചോര ഒഴുകിപ്പരക്കുമ്പോഴും മാംസം കത്തിക്കരിയുമ്പോഴും കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവര്‍തന്നെ എന്നായിരുന്നു പ്രമുഖ പത്രങ്ങളുടെ ഭാവം. കണ്‍മുന്നില്‍ കൊലയാളികള്‍ നിന്നപ്പോള്‍ അങ്ങോട്ട് ഒന്ന് പാളിനോക്കാന്‍പോലും അവര്‍ തയ്യാറായില്ല. ഇന്ന്, സിപിഐ എമ്മിനെ കൊലയാളിപ്പട്ടികയില്‍ എത്തിക്കാന്‍ ക്വട്ടേഷനെടുത്തവര്‍ക്ക് ചീമേനിയെ ഓര്‍മയില്ല. ആ അഞ്ചുപേരെ ഓഫീസില്‍ പൂട്ടിയിട്ട് തീയിട്ട് പുറത്തുചാടിച്ച് വെട്ടിക്കൊന്ന അതേ ക്രൂരമനസ്സോടെ, സിപിഐ എമ്മിനെ വളഞ്ഞിട്ടാക്രമിക്കുകയാണവര്‍. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചാണ് സിപിഐ എം ഓരോ ചുവടും മുന്നേറിയത് എന്ന ചരിത്രം മറന്നുകൊണ്ട്. (അവസാനിക്കുന്നില്ല)

2 comments:

manoj pm said...

ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ മുഖമായിരുന്നു അന്ന് കൊലയാളികള്‍ക്ക്. 1919ലെ വൈശാലി ഉത്സവനാളില്‍ ജാലിയന്‍ വാലാബാഗ് മൈതാനത്ത് ഒത്തുചേര്‍ന്ന സ്വാതന്ത്ര്യപ്പോരാളികളെ വളഞ്ഞിട്ട് വെടിക്കോപ്പുതീരുംവരെ കൊലചെയ്ത വെള്ളപ്പട്ടാളക്കാരന്റെ അതേ ക്രൗര്യം. ചീമേനിയിലെ കൂട്ടക്കൊലയെ ജാലിയന്‍ വാലാബാഗിനോടുപമിച്ചത് ഇ എം എസ്.

ഗോപകുമാര്‍.പി.ബി ! said...

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു. വളരെ ദാരുണമായി പാതകികള്‍ നിയമത്തിന്റെ മുന്നില്‍ വരട്ടെ.അതുവരെ പോള്‍ മുത്തൂറ്റ് വധം ആഘോഷിച്ചതുപോലെ ഒരു മനുഷ്യന്റെ ദാരുണ വധം ആഘോഷിക്കട്ടെ. ഇത് ചെയ്തത് സി.പി.ഐ(എം) പ്രവര്‍ത്തകരാണെന്നു വരുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നു.ചാനല്‍ ചര്‍ച്ചകളില്‍ കാണുന്ന വലതുപക്ഷമുഖങ്ങളിലെ അമര്‍ഷവും അക്രമവിരോധവും അഭിനയത്തില്‍ ജഗതി ശ്രീകുമാറിനെപ്പോലും പിന്നിലാക്കുന്നു.ചില ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടതിവിടെയാണ്.വലതുപക്ഷക്കാരനിങ്ങനെയാണ്. ആര്‍എംപിക്കാരുടെ പ്രശ്നം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് ചെയ്തത് സി.പി.ഐ(എം) പ്രവര്‍ത്തകരല്ലെങ്കില്‍ ആ പാര്‍ട്ടിക്കു പിന്നെ നിലനില്‍പ്പില്ല.