Friday, April 13, 2012

കോണ്‍ഗ്രസിന്റെ ആത്മഹത്യ

ചത്തകുതിര എന്നുവിളിച്ച കോണ്‍ഗ്രസിനോട് ലീഗ് കൃത്യമായി പ്രതികാരം ചെയ്തിരിക്കുന്നു; കോണ്‍ഗ്രസിനെ ഒരു മരക്കുതിരയാക്കിക്കൊണ്ട്. മരക്കുതിരയുടെ പ്രത്യേകത നിന്നിടത്തുനിന്ന് അതിന് മുന്നോട്ടും പിന്നോട്ടും പോകാന്‍ പറ്റില്ല എന്നതാണ്. കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ ചലിക്കാനാകില്ല. അഥവാ ചലിക്കണമെങ്കില്‍ മുസ്ലിംലീഗോ കേരള കോണ്‍ഗ്രസോ വടംകെട്ടി വലിക്കണം. ഒരര്‍ഥത്തില്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ആത്മഹത്യ ചെയ്യേണ്ടതാണ്, ഒരു ദേശീയ പാര്‍ടിക്ക് ഇങ്ങനൊരു ദുരന്തം വന്നുകൂടാ. മലപ്പുറം ജില്ലയില്‍ പലേടത്തും മഞ്ഞളാംകുഴി അലിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ചിത്രംവച്ച് ആഹ്ലാദപ്രകടനം നടത്തുന്നതു കണ്ടു. ആ ആഹ്ലാദം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ടിയുടെയും പരാജയത്തിലുള്ള ആഹ്ലാദംകൂടിയാണ്. മന്ത്രിസ്ഥാനം വെള്ളിത്താലത്തില്‍വച്ച് പാണക്കാട്ടേക്ക് കൊണ്ടുവന്നുതരും എന്ന ലീഗിന്റെ അഹന്ത ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു.

അഹങ്കാരത്തിന്റെ പാരമ്യത്തില്‍ മുസ്ലിംലീഗ് മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ലീഗിന്റെ ഇന്നലെവരെയുണ്ടായിരുന്ന നാല് മന്ത്രിമാര്‍ കഴിവുകെട്ടവരാണെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടു എന്നതാണ് അത്. ലീഗിന് അഞ്ചാംമന്ത്രി വന്നതുകൊണ്ട് നേട്ടം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മഞ്ഞളാംകുഴി അലിക്കുമാത്രമാണ്. പുതിയ മന്ത്രി വന്നതുകൊണ്ട് കേരളത്തിനും ഇവിടത്തെ ജനങ്ങള്‍ക്കും എന്തെങ്കിലും നേട്ടമുണ്ടാകുന്നില്ല. പുതിയ മന്ത്രിക്കായി പുതിയ വകുപ്പോ പുതിയ ചുമതലകളോ സൃഷ്ടിക്കപ്പെട്ടിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ്, പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍ എന്നീ മന്ത്രിമാരുടെ കൈയിലുള്ളതില്‍നിന്ന് അടര്‍ത്തിമാറ്റിയതാണ് അലിക്കു കൊടുത്ത വകുപ്പുകള്‍. ഇതുവരെ ഈ നാലു മന്ത്രിമാര്‍ക്ക് ഈ വകുപ്പുകള്‍ കഴിവുറ്റ രീതിയില്‍ കൈകാര്യംചെയ്യാന്‍ കഴിഞ്ഞിരുന്നില്ലേ? അങ്ങനെയെങ്കില്‍ ലീഗ് അത് സമ്മതിക്കണം. നാലു മന്ത്രിമാര്‍ക്ക് കാര്യപ്രാപ്തിയില്ലാത്തതുകൊണ്ട് അഞ്ചാമതൊരാളെക്കൂടി മന്ത്രിയാക്കി എന്നുതന്നെ പറയണം. അത് പറയാന്‍ തയ്യാറാകാത്തിടത്തോളം കഴിവുകേട് തന്നെയാണ് തെളിയുന്നത്.

രണ്ടു ഡസനോളം സ്റ്റാഫ്, ഓഫീസ്, മന്ത്രിമന്ദിരം, ടെലിഫോണ്‍, യാത്രച്ചെലവ് ഇങ്ങനെ കോടികളുടെ ബാധ്യതയാണ് അഞ്ചാംമന്ത്രി കേരളത്തിന്റെ ഖജനാവിനെ അടിച്ചേല്‍പ്പിക്കുന്നത്. ഈ വന്‍ചെലവുകൊണ്ട് ഇന്നാട്ടിലെ ന്യൂനപക്ഷസമുദായങ്ങളുടെ എന്തു പ്രശ്നമാണ് പരിഹരിക്കപ്പെടുക? മുസ്ലിംസമുദായം ഇന്നു നേരിടുന്ന അനേക പ്രശ്നങ്ങളുണ്ട്. തൊഴിലില്ലായ്മ മുതല്‍ തീവ്രവാദികളെന്നു മുദ്രകുത്തി ജയിലിലടയ്ക്കപ്പെടുന്നതുവരെ. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഏക പാര്‍ടി സിപിഐ എമ്മാണ്. അതിലൊന്നും ലീഗ് പ്രത്യേക താല്‍പ്പര്യമോ നിര്‍ബന്ധമോ കാണിച്ചുകണ്ടിട്ടില്ല. കോണ്‍ഗ്രസിനെ വരച്ചവരയില്‍ നിര്‍ത്തി, കേരളത്തിലെ കെപിസിസി നേതൃത്വത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് മന്ത്രിസ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞ ലീഗിന് മറ്റെന്താണ് സര്‍ക്കാരിനെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ കഴിയാത്തത്. എന്നിട്ടും എന്തുകൊണ്ട് ജീവല്‍പ്രധാന പ്രശ്നങ്ങള്‍ക്കുമുന്നില്‍ പൊട്ടന്‍കളിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും ഇ അഹമ്മദും അണികളോട് മുഖതാവില്‍ പറയേണ്ടിവരും.

ലീഗിന് അഞ്ചാംമന്ത്രിയെ കിട്ടിയതുകൊണ്ട് ബിജെപിക്ക് ഹര്‍ത്താലിന് അവസരം ലഭിച്ചു. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ജയിപ്പിക്കാന്‍ അഹോരാത്രം പാടുപെട്ടവരും ആ പ്രയത്നത്തിന്റെ ശമ്പളം കണക്കുപറഞ്ഞ് വാങ്ങിയവരുമാണ് അഞ്ചാം മന്ത്രിസ്ഥാനത്തെ വര്‍ഗീയ ചേരിതിരിവിനുള്ള ആയുധമാക്കി മറയില്ലാതെ മാറ്റുന്നത്. അവര്‍ പറഞ്ഞ നിരവധി കാര്യങ്ങള്‍ കേരളീയസമൂഹം സജീവമായി ചര്‍ച്ചചെയ്യുന്നു. ഇതിന്റെ ഉത്തരവാദിത്തവും കോണ്‍ഗ്രസിനാണ്. ഉമ്മന്‍ചാണ്ടിയുടെ ആഭ്യന്തരം തിരുവഞ്ചൂരിന്റെ മുതുകത്തു വച്ചുകെട്ടിയതുകൊണ്ട് തീരുന്ന പ്രശ്നവുമല്ലത്. നാളെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും ലീഗിനെപ്പോലെ ആവശ്യങ്ങളുന്നയിക്കാം. എന്തിന്, യുഡിഎഫിലെ ഏകാംഗ കക്ഷികള്‍ക്കുപോലും ഇത്തരം ആവശ്യങ്ങളുമായി വരാം, ഉമ്മന്‍ചാണ്ടി വഴങ്ങേണ്ടിവരും. കാരണം, അദ്ദേഹത്തിന്റെ ഏക അജന്‍ഡ അധികാരമാണ്. ഉമ്മന്‍ചാണ്ടിക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും അധികാരസ്ഥാനങ്ങളിലിരിക്കാനായി തകര്‍ക്കപ്പെട്ട പാര്‍ടി എന്നായിരിക്കും കോണ്‍ഗ്രസിന് കേരളചരിത്രത്തിലെ ഇനിയുള്ള സ്ഥാനം. ഭരിക്കുന്നവരും ഭരിക്കുന്നവരെ ഭരിക്കുന്നവരും മുസ്ലിംലീഗാണ്; മാണി കേരളയാണ്. മലപ്പുറത്തും കോട്ടയത്തും മതിയോ ഭരണം? ഈ രണ്ട് ജില്ലകളിലും ആധിപത്യം വഹിക്കുന്ന കക്ഷികള്‍ക്കുപിന്നില്‍ മതിയോ കോണ്‍ഗ്രസിന്റെ സ്ഥാനമെന്ന് ആ പാര്‍ടിക്കാര്‍തന്നെ നിശ്ചയിക്കേണ്ടിവരും.

അഞ്ചാംമന്ത്രിസ്ഥാനം ലീഗിന് ലഭിച്ചതോടെ യുഡിഎഫിലെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് നിരാശ നല്‍കുന്ന സംഭവവികാസങ്ങളാണ് യുഡിഎഫിനകത്ത് ഉണ്ടാകുന്നത്. ഇന്നലെവരെ എല്ലാം സഹിച്ച കോണ്‍ഗ്രസുകാര്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ആര്യാടന്‍ മുഹമ്മദിന് ഗതാഗതവകുപ്പ് ലഭിച്ചതുകൊണ്ട് ആ വികാരം അടങ്ങില്ല. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ശബ്ദം മറ്റൊരു അപകടസൂചനയാണ്. കേവലം ഒരു തെരഞ്ഞെടുപ്പിന്റെയോ വോട്ടുകളുടേയോ അല്ല, കേരളത്തിന്റെ മതനിരപേക്ഷസ്വഭാവത്തിന്റേതാണ് പ്രശ്നം. അതു തകര്‍ക്കാനുള്ളതാണ് പുതിയ നീക്കങ്ങള്‍. അതീവ ജാഗ്രതയോടെ മതനിരപേക്ഷസമൂഹം ഇതിനെ കാണേണ്ടതുണ്ട്. എന്തിനുവേണ്ടി അഞ്ചാംമന്ത്രി, ആര്‍ക്കാണ് അതുകൊണ്ടു പ്രയോജനം, ആരുടെ കഴിവുകേടുകൊണ്ട് പുതിയ മന്ത്രി വേണ്ടിവന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങളാകും അണികളില്‍നിന്നും ജനങ്ങളില്‍നിന്നും ഇനി യുഡിഎഫ് നേരിടേണ്ടിവരിക.

2 comments:

manoj pm said...

ചത്തകുതിര എന്നുവിളിച്ച കോണ്‍ഗ്രസിനോട് ലീഗ് കൃത്യമായി പ്രതികാരം ചെയ്തിരിക്കുന്നു; കോണ്‍ഗ്രസിനെ ഒരു മരക്കുതിരയാക്കിക്കൊണ്ട്. മരക്കുതിരയുടെ പ്രത്യേകത നിന്നിടത്തുനിന്ന് അതിന് മുന്നോട്ടും പിന്നോട്ടും പോകാന്‍ പറ്റില്ല എന്നതാണ്. കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ ചലിക്കാനാകില്ല. അഥവാ ചലിക്കണമെങ്കില്‍ മുസ്ലിംലീഗോ കേരള കോണ്‍ഗ്രസോ വടംകെട്ടി വലിക്കണം. ഒരര്‍ഥത്തില്‍ ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ആത്മഹത്യ ചെയ്യേണ്ടതാണ്, ഒരു ദേശീയ പാര്‍ടിക്ക് ഇങ്ങനൊരു ദുരന്തം വന്നുകൂടാ. മലപ്പുറം ജില്ലയില്‍ പലേടത്തും മഞ്ഞളാംകുഴി അലിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ചിത്രംവച്ച് ആഹ്ലാദപ്രകടനം നടത്തുന്നതു കണ്ടു. ആ ആഹ്ലാദം ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ടിയുടെയും പരാജയത്തിലുള്ള ആഹ്ലാദംകൂടിയാണ്. മന്ത്രിസ്ഥാനം വെള്ളിത്താലത്തില്‍വച്ച് പാണക്കാട്ടേക്ക് കൊണ്ടുവന്നുതരും എന്ന ലീഗിന്റെ അഹന്ത ഒരിക്കല്‍കൂടി വിജയിച്ചിരിക്കുന്നു.

K.P.Sukumaran said...

കോണ്‍ഗ്രസ്സിന്റെ ആത്മഹത്യ എന്നു പറയാന്‍ പറ്റില്ല. പക്ഷെ കോണ്‍ഗ്രസ്സ് ഇപ്പോഴത്തെ തീരുമാനത്തിന് കനത്ത വില കൊടുക്കേണ്ടി വരും. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ താങ്ങി നിര്‍ത്തുന്നത് സത്യത്തില്‍ സി.പി.എം. എന്ന പാര്‍ട്ടിയാണ്. സി.പി.എം. കാലാകാലങ്ങളില്‍ സ്വയം വിമര്‍ശനം ചെയ്ത് കണ്ടെത്തുകയും തിരുത്തണമെന്ന് തീരുമാനിക്കുകയും ചെയ്ത തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്തപ്പെട്ടിരുന്നുവെങ്കില്‍ കേരളത്തിന് ഇങ്ങനെ സാമുദായിക ശക്തികള്‍ക്ക് മേല്‍ക്കൈ ലഭിക്കില്ലായിരുന്നു. ഒന്നും ഒരിക്കലും വൈകുന്നില്ല. ഇനിയും തിരുത്തപ്പെടുമോ എന്നതാണ് ഉത്തരം കണ്ടെത്താനുള്ള ചോദ്യം. മറ്റുള്ളവര്‍ പറയുന്ന തെറ്റുകള്‍ അവഗണിക്കാം. പക്ഷെ സ്വയം ഏറ്റുപറയുന്ന തെറ്റുകള്‍ തിരുത്തപ്പെടണ്ടേ...