അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയോ? വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായിയും എം എ ബേബിയും തോമസ് ഐസക്കും പറയുകയോ? എങ്കില്‍, ഇതാ വലതുപക്ഷരോഗം സിപിഐ എമ്മിനെ ബാധിച്ചിരിക്കുന്നു എന്ന് തറപ്പിച്ചുപറയാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്തിന് മടിക്കണം. ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയെഴുതിയാല്‍ ഇന്ത്യാവിഷന് അത് കൂടുതല്‍ പൊലിപ്പിച്ച് പ്രചരിപ്പിക്കേണ്ടതല്ലേ. മറ്റു ചാനലുകളും പത്രങ്ങളും അത് ഏറ്റെടുക്കേണ്ടതല്ലേ.
ഇന്ത്യാവിഷന് പറയുന്നു: \"അമേരിക്കന്‍ നിക്ഷേപത്തോട് കേരളത്തിലെ സിപിഐ എം നേതൃത്വം അമിതമായ താല്‍പ്പര്യം എടുത്തിരുന്നതായി വിക്കിലീക്സ് രേഖകള്‍. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, തോമസ് ഐസക്, എം എ ബേബി എന്നീ നേതാക്കള്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളോട് യുഎസ് അനുകൂലനിലപാട് സ്വീകരിച്ചിരുന്നതായി വിക്കിലീക്സ് രേഖകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ടുചെയ്തു... പിണറായി ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ടെങ്കിലും, യുഎസ് പൊളിറ്റിക്കല്‍ കൌണ്‍സിലുമായി കൂടിക്കാഴ്ചയ്ക്ക് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് തയ്യാറായില്ലെന്ന് വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ആയുര്‍വേദചികിത്സയിലാണെന്ന് പറഞ്ഞാണ് വി എസ് അമേരിക്കന്‍ പ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചതെന്നും നയതന്ത്ര പ്രതിനിധികളുടെ രേഖകളില്‍ വ്യക്തമാകുന്നു.\'\'
സംഗതി വ്യക്തമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ അമേരിക്കയോട് സ്നേഹമുള്ള ഒരു പക്ഷം. വി എസ് അമേരിക്കക്കാരെ കാണാന്‍ കൂട്ടാക്കാത്ത നിലപാടില്‍. പാര്‍ടിയില്‍ രണ്ടുചേരി. ഒന്ന് യഥാര്‍ഥ ഇടതുപക്ഷം. മറ്റൊന്ന് വലത്തോട്ട് ചാഞ്ഞത്. സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ ചേരിതിരിവ് രൂക്ഷമാകുന്നു; ആശയപരമായി പാര്‍ടി രണ്ടുതട്ടില്‍- പ്രചാരണയുദ്ധത്തിനുള്ള വക കളഞ്ഞുകിട്ടിയെന്ന സന്തോഷത്തില്‍ ഒറ്റയടിക്ക് മാധ്യമങ്ങള്‍ ഉണര്‍ന്നെണീറ്റു. യഥാര്‍ഥ വിക്കിലീക്സ് വെളിപ്പെടുത്തലില്‍ ഇല്ലാത്ത ചിലത് കൂട്ടിച്ചേര്‍ത്തും വക്രീകരിച്ചും കാര്യം നേടാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മറന്നില്ല. കേരളത്തിലെ വിവിധ നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയതായാണ് വിക്കിലീക്സ് രേഖ. പത്രം അത് അടച്ചിട്ട മുറിയിലെ സംയുക്ത കൂടിക്കാഴ്ചയാക്കി. പാര്‍ടി നേതാക്കളുടെ തുറന്നുപറച്ചില്‍ അമേരിക്കക്കാരെ \'അത്ഭുതപ്പെടുത്തി\'യതായി സ്വയം കണ്ടെത്തി
സിപിഐ എം സമ്മേളനങ്ങള്‍ തുടങ്ങുകയാണ്. അതിനുമുമ്പ് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയേ തീരൂ. ഇതുവരെ കൊണ്ടുവന്നതെല്ലാം പാളിപ്പോയി. ഏറ്റവുമൊടുവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെപ്പോലും പാര്‍ടിയിലെ ഭിന്നതയ്ക്കുള്ള വിഷയമായി എടുത്തിട്ടുനോക്കി. അതും ആരും ഏറ്റുപിടിച്ചില്ല. പാര്‍ടി സമ്മേളനങ്ങളില്‍ മത്സരം നടക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ചാണ് മലയാളമനോരമ ചൊവ്വാഴ്ച വാര്‍ത്തയെഴുതിയത്. മൂന്നുമാസത്തേക്കുള്ള സസ്പെന്ഷന് നടപടിയെ പാര്‍ടിയില്‍നിന്നുള്ള പുറന്തള്ളലായി ചിത്രീകരിച്ച് നടത്തുന്ന പ്രചാരണം അതിനുപുറമെ. അതിനിടയിലാണ് വിക്കിലീക്സ് വീണുകിട്ടിയത്.
ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ചാനലുകള്‍ക്കും പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ക്കും മടിയുണ്ടായില്ല.
അങ്ങനെ എല്ലാം ഒത്തുവന്ന ഘട്ടത്തിലാണ്, വിക്കിലീക്സിന്റെ മറ്റൊരു രേഖ പുറത്തുവന്നത്. അതില്‍, പറയുന്നത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന് അമേരിക്കന്‍ പൊളിറ്റിക്കല്‍ ഓഫീസര്‍ ആന്‍ഡ്രൂ സിംകിനുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചാണ്. (അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍നിന്ന് അയച്ച 08 ചെന്നൈ 299 എന്ന കേബിള്‍. 2008 സെപ്തം. 5) മുഖ്യമന്ത്രി വി എസ്, ഗവര്‍ണര്‍ ആര് എസ് ഗവായ്, ചീഫ് സെക്രട്ടറി കെ ജെ തോമസ്, ധനമന്ത്രി തോമസ് ഐസക്, ഡിജിപി, പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായെല്ലാം അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നാണ് അതിലുള്ളത്. അമേരിക്കന്‍ നിക്ഷേപം കേരളത്തില്‍ വരുന്നതില്‍ താല്‍പ്പര്യം അറിയിച്ചതിനൊപ്പം ഐടി, ബിടി, ടൂറിസം മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വി എസ് അറിയിച്ചതായി രേഖ പറയുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തില്‍ എല്‍ഡിഎഫ് ഭരിച്ച കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണ- പ്രതിപക്ഷ നേതാക്കളുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പ്രതിപാദിച്ചതും അല്ലാത്തതുമായ വിക്കിലീക്സ് രേഖകളിലൂടെ തെളിയുന്നത്. അതില്‍ ഒരുതരത്തിലുള്ള അസ്വാഭാവികതയുമില്ല. മാത്രമല്ല, അത്തരം ചര്‍ച്ചകള്‍ രഹസ്യവുമല്ല. സംയുക്തസംരംഭങ്ങളുടെ കൂടുതല്‍ ചര്‍ച്ചകള്‍ അമേരിക്കന്‍സംഘത്തിന്റെ അടുത്ത സന്ദര്‍ശനത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി 2008 ആഗസ്ത് 30ന് മലയാളമനോരമ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് നിക്ഷേപം പാടില്ലെന്നതോ നിക്ഷേപത്തിനായി ചര്‍ച്ചകള്‍ പാടില്ലെന്നതോ സിപിഐ എമ്മിന്റെ നയമല്ല.
പാര്‍ടിപരിപാടിയില്‍ \"ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യ നേടാനും തെരഞ്ഞെടുത്ത മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കും; മൊത്തം സമ്പദ്വ്യവസ്ഥയുടെ താല്‍പ്പര്യത്തിനനുസരിച്ച് അന്താരാഷ്ട്ര മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും\'\' എന്നീ കാര്യങ്ങള്‍ വിപ്ളവത്തിന്റെ ജനാധിപത്യഘട്ടത്തിനുശേഷം ജനകീയ ജനാധിപത്യ ഭരണകൂടം വന്നാല്‍ ചെയ്യുമെന്ന് പ്രസ്താവിക്കുന്നു. ഈ ഘട്ടം നേടുന്നതുവരെ പല താല്‍ക്കാലിക മുദ്രാവാക്യങ്ങളും സമീപനങ്ങളും സ്വീകരിക്കേണ്ടിവരുമെന്നും പാര്‍ടി വ്യക്തമാക്കുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥയിലെ നിലവിലുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കണം വിദേശമൂലധനം ഉപയോഗിക്കപ്പെടുന്നത്; അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനായിരിക്കണം; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കണം എന്ന് 18-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച ചില നയപ്രശ്നങ്ങളെക്കുറിച്ച് എന്ന രേഖ ഉറപ്പിച്ചുപറയുന്നു.
വിദേശവായ്പയോടുള്ള സിപിഐ എം നേതൃത്വത്തിലുള്ള ഗവണ്മെന്റുകളുടെ സമീപനം സംബന്ധിച്ച് ആ രേഖ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. \"ആഗോളവല്‍ക്കരണനയങ്ങള്‍ക്കു കീഴില്‍ സ്വീകരിച്ച നവ ലിബറല്‍ നയങ്ങള്‍ കേന്ദ്രവിഹിതം വെട്ടിക്കുറച്ചും നല്കുന്ന വായ്പകള്‍ക്ക് കൊള്ളപ്പലിശ നിരക്ക് ഈടാക്കിയും (കുറഞ്ഞപലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കകത്തുനിന്ന് സംഭരിക്കപ്പെടുന്ന ലഘുസമ്പാദ്യങ്ങളെ ആസ്പദമാക്കിയ വായ്പകള്‍ ഉള്‍പ്പെടെ) സാമ്പത്തികമാന്ദ്യം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍ഷികത്തകര്‍ച്ച സംസ്ഥാന ഗവണ്മെന്റുകളെ കൊടും ദാരിദ്യ്രത്തിലെത്തിക്കുന്നു-\'\' എന്നാണ് അതില്‍ പാര്‍ടി വിലയിരുത്തിയത്. \"ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴില്‍ കേന്ദ്രഗവണ്‍മെന്റുമാത്രമാണ് പ്രധാന സാമ്പത്തിക- വ്യാവസായിക നയങ്ങളൊക്കെ നിശ്ചയിക്കുകയെന്നകാര്യം എല്ലായ്പ്പോഴും ഓര്‍മിക്കണം. ബദല്‍നയങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്മെന്റുകള്ക്ക് പരിമിതമായ സ്വയംഭരണാധികാരം മാത്രമാണുള്ളത്. ഈ പരിതസ്ഥിതിയില്‍ നവ ലിബറല്‍ സാമ്പത്തികനയങ്ങളുടെ സമ്മര്‍ദങ്ങളെ ചെറുത്ത് സാമ്രാജ്യത്വ പ്രലോഭനങ്ങള്‍ക്ക് ഒട്ടും വഴങ്ങാതെ ഈ ഗവണ്മെന്റുകള് ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആയതിനാല്‍ ഈ ഗവണ്മെന്റുകള്ക്ക് വികസനപദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. പക്ഷേ, അവ നമ്മുടെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി ഒരു നിബന്ധനയും ഉന്നയിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. ഘടനാപരമായ മാറ്റങ്ങള്‍ക്കുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന വായ്പകളൊന്നും ഒരുവിധത്തിലും നാം വാങ്ങിക്കരുത്. കാരണം, അത്തരം പദ്ധതികള്‍ ചില മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍, സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍, ധനപരമായ നിബന്ധനകള്‍ എന്നിവ അനിവാര്യമാക്കിത്തീര്‍ക്കും.\'\' ഇതാണ് പാര്‍ടിനയമെന്നിരിക്കെ പിണറായിയോ വി എസോ അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താണ് അപാകത?
കൊക്കകോളയുമായി ബന്ധിപ്പിച്ച് പിണറായി പറഞ്ഞു എന്ന വാക്കുകളില്‍ പിടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് മറ്റൊരു ശ്രമം. കൊക്കകോളയുടെ കേരളത്തിലെ ബോട്ടിലിങ് പ്ളാന്റ് അടച്ചുപൂട്ടുന്നതിനിടയായതിനെക്കുറിച്ച് അമേരിക്കന്‍ പൊളിറ്റിക്കല്‍ കൌണ്‍സിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്, \"അത് മറ്റ് യുഎസ് കമ്പനികളെ കേരളത്തില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കേണ്ടതില്ല\'\' എന്ന് പിണറായി പറഞ്ഞതായാണ് രേഖയിലുള്ളത്. കൊക്കകോള പ്രശ്നം അമേരിക്കന്‍ കമ്പനി എന്നനിലയില്‍ ഉയര്‍ന്നതല്ലെന്നും പാരിസ്ഥിതികപ്രശ്നമാണതെന്നും പിണറായി പറഞ്ഞതായും രേഖ വിശദീകരിക്കുന്നു. ഇതിലും വിവാദത്തിനുള്ള വക കാണാനില്ല. എന്നിട്ടും, എല്ലാ വാദങ്ങളും പൊളിഞ്ഞശേഷം ഇന്ത്യാവിഷന് ഉരുവിട്ട തലവാചകം \"കേരളത്തിലെ സിപിഎം വിക്കിലീക്സ് വലയില്‍\'\' എന്നാണ്. മറ്റു ചിലരാകട്ടെ, അമേരിക്കന്‍ കേബിളിലെ കൊക്കോകോളയുമായി ബന്ധപ്പെട്ട ഒരു വാക്കെടുത്ത് \'അങ്ങനെ പറയാന്‍ കൊള്ളാമോ\' എന്ന് ചോദിക്കുന്നു. അതില്‍ വിശദീകരണം നല്കിയാലും അവര്‍ വിടില്ല-ഒരു പണ്ഡിതന് ചാനലില്‍ പറയുന്നതുകേട്ടത് അമേരിക്കന്‍ സാമ്രാജ്യത്വവുമായി ചര്‍ച്ച നടത്തിയതിന് മറുപടി പറയണം എന്നാണ്.
വാര്‍ത്തയുടെ പാതിമാത്രം അവതരിപ്പിച്ച് അത് ചര്‍വിതചര്‍വണംചെയ്ത് സിപിഐ എമ്മില്‍ ഭിന്നതയാണെന്ന് വരുത്താനും പാര്‍ടി അമേരിക്കന്‍ പക്ഷപാതികളുടേതാണെന്ന് ദ്യോതിപ്പിക്കാനും നടത്തുന്ന ഈ ശ്രമമാണ് അതിനീചഗണത്തില്‍ പെടുത്തേണ്ടത്.
കേരളത്തില്‍ മറ്റു പല സുപ്രധാന കാര്യങ്ങളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാമൊലിന്‍ കേസില്‍ അഗാധമായ കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജരേഖ ചമച്ച് കോടതിയെ വഞ്ചിച്ചു എന്ന് നിസ്സംശയം തെളിഞ്ഞിരിക്കുന്നു. ഇതൊന്നും കാണാതെ, അല്ലെങ്കില്‍ തമസ്കരിച്ച് സിപിഐ എമ്മിനെക്കുറിച്ച് ഏറ്റവും തരംതാണ നിലയില്‍ വാര്‍ത്ത ചമയ്ക്കുന്നവരുടെ വൈകൃതമാണ് \'വിക്കിലീക്സി\'ലൂടെ ഇപ്പോള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു തുടക്കമായേ കാണാനാകൂ. സമ്മേളനങ്ങള്‍ അടുക്കുമ്പോള്‍ ഇതുപോലുള്ളവ ഇനിയും വരും. പാര്‍ടി കമ്മിറ്റികളില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഭാവനയില്‍ ദൃക്സാക്ഷിവിവരണം ചമയ്ക്കുന്നവര്‍ക്ക് വിക്കിലീക്സ് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കാനും വിഷമമുണ്ടാകില്ല.
6 comments:
അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയോ? വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായിയും എം എ ബേബിയും തോമസ് ഐസക്കും പറയുകയോ? എങ്കില്‍, ഇതാ വലതുപക്ഷരോഗം സിപിഐ എമ്മിനെ ബാധിച്ചിരിക്കുന്നു എന്ന് തറപ്പിച്ചുപറയാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്തിന് മടിക്കണം.
വല്ലഭന് പുല്ലും ആയുധം
വായില്‍ തോന്നിയത് കോതക്ക് പാട്ട്
കല്ല്,കരട് ,കാഞ്ഞിരകുറ്റി,
മുള്ള് ,മുരട്,മൂര്‍ഖന്‍ പാമ്പ്
കാള പെറ്റു ,കയര്‍ എടുത്തു.
സമ്മേളനം അല്ലെ വരാന്‍ പോകുന്നത്.ഇതും ഇതിലപ്പറവും പ്രതീക്ഷിക്കണം.
പിണറായി വിജയന് എ കെ ജി സെന്ററിലെ ലെനിന്,സ്റ്റാലിന് എന്നിവരുടെ ഫോട്ടോക്ക് കീഴില്‍ ഇരുന്നാണ് അമേരിക്കന്‍ ഗൂഡസംഘവുമായി ചര്‍ച്ച നടത്തിയതെന്നും ,അവരോടു ഈ രണ്ടു ഫോട്ടോകള്‍ മാറ്റി ,ബുഷ് ,റീഗന് തുടങ്ങിയ മഹാന്മാരുടെ ഫോട്ടോകള്‍ സ്ഥാപിക്കമെന്നും വാക്ക് കൊടുത്തതായി വീകിലിക്സ് രേഘകള് പുറത്തുവന്നു ! ഈ രേഘകള് ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. ആവശിയമുള്ളവര്, ഇന്ത്യവിഷം ചാനലിന്റെ കൊച്ചി ഓഫീസിലോ ,റിപ്പോര്ട്ടെര് ചാനലിന്റെ നികേഷ് ,വേണു എന്നിവരുടെ മേശപ്പുറതോ,ഇതുമല്ലെങ്കില്‍ അപ്പുകുട്ടന്‍ വള്ളികുന്നം,ഉമേഷ്ബാബു കെസി തുടങ്ങിയവരുടെ വീട്ടിലോ അടിയന്തിരമായി ബന്ധപ്പെടെണ്ടതാണ് .
വി.എസ് പച്ചക്കൊടി കാട്ടിയത് മൂന്നു മേഖലകളില്‍ http://mangalam.com/index.php?page=detail&nid=470454&lang=malayalam
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നു മേഖലകളില്‍ മാത്രം വിദേശ നിക്ഷേപമാകാമെന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് പറഞ്ഞിരുന്നതായി വിക്കിലീക്ക്സ് രേഖകള്‍. വി.എസിനെ സന്ദര്‍ശിച്ച യു.എസ് നയതന്ത്ര പ്രതിനിധി ആന്‍ഡ്രൂ സിംകിനോടാണ് ഇക്കാര്യം പറഞ്ഞത്. ഐ.ടി, ബയോടെക്നോളജി, ടൂറിസം എന്നീ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിനായിരുന്നു വി.എസ് താല്പര്യം പ്രകടിപ്പിച്ചത്.
2006ല്‍ അധികാരത്തിലെത്തും മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നിക്ഷേപ സൗഹൃദ നടപടിയെ എതിര്‍ത്തു പരാജയപ്പെട്ടയാളാണ് വി.എസ്. അദ്ദേഹത്തിന്റെ പുതിയ നിലപാട് കേരളം പുതിയ ദിശയിലേക്കു നീങ്ങുകയാണെന്നതിന്റെ സൂചനകളാണെന്നും രേഖയില്‍ പറയുന്നു.
നിബന്ധനയില്ലാത്ത വിദേശവായ്പയാവാം സിപിഐഎം http://jagrathablog.blogspot.com/2011/08/blog-post_2670.html
Post a Comment