Tuesday, May 24, 2011

എവിടെ കോണ്‍ഗ്രസ്?

കെ മുരളീധരന്‍ ഉയര്‍ത്തിയ പ്രതിഷേധം ഒറ്റപ്പെട്ടതാണെന്ന് കരുതാനാകില്ല. കോണ്‍ഗ്രസില്‍ സ്വന്തമായി അനുയായികളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിവുള്ള വളരെ കുറച്ച് നേതാക്കളിലൊരാളാണ് മുരളീധരന്‍ . 13 മന്ത്രിമാരുടെ സത്യപ്രതിജ്ഞപോലും തന്നെ അറിയിച്ചില്ലെന്ന ദുഃഖം പരസ്യമായി പ്രകടിപ്പിച്ചാണ് അദ്ദേഹം ചടങ്ങ് ബഹിഷ്കരിച്ച് കോഴിക്കോട്ടേക്ക് പോയത്. മുരളീധരന്റെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചത് കോണ്‍ഗ്രസിലെ ആരെങ്കിലുമല്ല, നായര്‍സര്‍വീസ് സൊസൈറ്റിയാണെന്നാണ് പുറത്തുവന്ന വാര്‍ത്ത. എന്‍എസ്എസ് അത് ഫലത്തില്‍ സമ്മതിച്ചിട്ടുമുണ്ട്. വി എസ് ശിവകുമാറിന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാനാണ് തങ്ങള്‍ ഇടപെട്ടതെന്ന് അവര്‍ പറയുന്നു. അതിനര്‍ഥം മുരളീധരനെ ഒഴിവാക്കി ശിവകുമാറിനെ മന്ത്രിയാക്കിയത് എന്‍എസ്എസിന്റെ "ശരിദൂര"സമീപനത്തിന്റെ ഫലമായാണെന്നുതന്നെ.

നായര്‍സര്‍വീസ് സൊസൈറ്റിയുടെ ഇടപെടല്‍ ഇങ്ങനെയെങ്കില്‍ , മുസ്ലിംലീഗ് അത്തരമൊരു മറച്ചുപിടിക്കലിനുപോലും തയ്യാറല്ല. നാലു മന്ത്രിമാര്‍ മതിയെന്ന് സമ്മതിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയവര്‍ പൊടുന്നനെ തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാരുണ്ടെന്ന് പ്രഖ്യാപിക്കുന്നു. മുന്നണിനേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അധികാരം തട്ടിപ്പറിക്കാന്‍മാത്രമല്ല, അത് പരസ്യപ്പെടുത്താനും തയ്യാറായ ലീഗ് നേതൃത്വം പുറത്തുവിടുന്ന സന്ദേശം ഭരണം തങ്ങളുടേതാണ്, കോണ്‍ഗ്രസ് ജൂനിയര്‍ പാര്‍ട്ണര്‍മാത്രം എന്നതാണ്. ഒരാളെയും അങ്ങോട്ടുചെന്ന് കാണുന്ന പതിവില്ലാത്ത പാണക്കാട്ടെ തങ്ങള്‍ കോട്ടയത്ത് ചെന്ന് യുഡിഎഫിന്റെ ഇതര കക്ഷിനേതാക്കളുമായി പാടുകിടന്ന് ചര്‍ച്ച നടത്തിയത് ലീഗണികളില്‍ വലിയ അങ്കലാപ്പാണുണ്ടാക്കിയത്. പാണക്കാട് തങ്ങളുടെ ഔന്നത്യം അതോടെ അലിഞ്ഞുപോയി എന്നാണ് ലീഗ് നേതാക്കളുള്‍പ്പെടെ പരിതപിക്കുന്നത്. ഭരണത്തിന്റെ എല്ലാതലത്തിലും ലീഗിനാണ് മേധാവിത്വമെന്ന് തെളിയിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ചിട്ടപ്പെടുത്തിയ നാടകത്തിലാണ് പാണക്കാട് തങ്ങള്‍ക്ക് അഭിനയിക്കേണ്ടിവന്നത്.

യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം നാമമാത്രമാവുകയാണ്. ജാതി- മത ശക്തികള്‍ ആജ്ഞാപിക്കുന്നതിന് അടിയൊപ്പുചാര്‍ത്തുക എന്ന കടമയേ ഉമ്മന്‍ചാണ്ടിക്കുള്ളൂ. തെരഞ്ഞെടുപ്പില്‍ സഹായംചെയ്ത ജാതി- മത- വര്‍ഗീയ ശക്തികളുടെ കൈയിലാണ് യുഡിഎഫിന്റെ നിയന്ത്രണച്ചരട്. ആ മുന്നണിയുടെ ഇപ്പോഴത്തെ അടിത്തറതന്നെ സാമുദായിക രാഷ്ട്രീയമാണെന്നും ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. അതുകൊണ്ടുമാത്രം നില്‍ക്കുന്നില്ല. വി ഡി സതീശനെ മന്ത്രിയാക്കേണ്ടിയിരുന്നുവെന്നും എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്ന് വിശ്വാസയോഗ്യമായി കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടിരിക്കുന്നു. സതീശന്‍ ലോട്ടറിപ്രശ്നത്തില്‍ സജീവമായി ഇടപെട്ട ആളാണ്. കേന്ദ്ര സര്‍ക്കാരിനെയും പി ചിദംബരം ഉള്‍പ്പെടെയുള്ളവരെയും വെട്ടില്‍ വീഴ്ത്താന്‍ സതീശന്റെ ഹര്‍ജി കാരണമായി എന്ന ആക്ഷേപം കോണ്‍ഗ്രസില്‍നിന്നുതന്നെയാണ് ഉയര്‍ന്നത്. യുഡിഎഫ് ജയിച്ചാല്‍ സുപ്രധാന മന്ത്രിസ്ഥാനം ലഭിക്കുമെന്നുറപ്പിച്ചിരുന്ന സതീശന്‍ പുറത്താകാന്‍ ബാഹ്യമായ കാരണങ്ങളൊന്നും വേറെ കാണുന്നില്ല- ലോട്ടറി മാഫിയയുടെ ഇടപെടലല്ലാതെ. യഥാര്‍ഥത്തില്‍ സതീശന്‍ ലോട്ടറി മാഫിയക്കെതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. കേന്ദ്രഭരണത്തിനും യുപിഎ നേതൃത്വത്തിനും ലോട്ടറി മാഫിയയുമായുള്ള ബന്ധത്തില്‍ അലോസരം സൃഷ്ടിക്കുംവിധത്തില്‍ സതീശന്റെ ഇടപെടലുകള്‍ വളര്‍ന്നു എന്നതാണ് ശരി. ആ പക സതീശന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചു. ജാതി- മത ശക്തികള്‍ക്കുപുറമെയാണ് ഇത്തരം മാഫിയകള്‍ മന്ത്രിസഭാ രൂപീകരണത്തില്‍പ്പോലും സ്വാധീനം ചെലുത്തുന്നത് എന്നറിയാന്‍ സതീശന്റെ മ്ലാനമുഖം ധാരാളം.

പേരില്‍തന്നെ മതമുള്ള മുസ്ലിംലീഗും ക്രൈസ്തവ താല്‍പ്പര്യങ്ങളുടെ പേരില്‍ ആണയിടുന്ന കേരള കോണ്‍ഗ്രസുമാണ് യുഡിഎഫിലെ പ്രധാന ഘടകങ്ങള്‍ . ഇരുപാര്‍ടിക്കും കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനവും മേധാശക്തിയും യുഡിഎഫിലുണ്ട്. മുസ്ലിംലീഗ് 24 സീറ്റില്‍ മത്സരിച്ച് 20 നേടി. കേരള കോണ്‍ഗ്രസ് (മാണി, ജേക്കബ്, പിള്ള വിഭാഗങ്ങള്‍) 20 സീറ്റില്‍ മത്സരിച്ച് 11ല്‍ വിജയിച്ചു. പുറമെയുള്ളത് വീരേന്ദ്രകുമാറിന്റെ ജനതാദള്‍ , ആര്‍എസ്പി- ബി, എന്നീ കക്ഷികളാണ്. ഒരംഗമുള്ള കക്ഷിക്കും മന്ത്രിസ്ഥാനം ലഭിച്ചു. അതല്ലെങ്കില്‍ അപകടമാണ്. ഒരാള്‍ മനംമാറ്റിയാല്‍ ഇടിഞ്ഞുവീഴും മന്ത്രിസഭയുടെ മോന്തായം. ഇങ്ങനെയുള്ള അവസ്ഥയില്‍ എല്ലാവശത്തുനിന്നുമുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനാണ്. തനിക്ക് എത്രയും പ്രിയപ്പെട്ടതെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഇന്ത്യാവിഷന്‍ ചെയര്‍മാന്‍സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ് അരമന്ത്രിസ്ഥാനം ചാടിപ്പിടിക്കാന്‍ എം കെ മുനീര്‍ തയ്യാറായെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് എന്തും പ്രതീഷിക്കണം. അത് ഏറ്റവും നന്നായി അറിയാവുന്നത് മുസ്ലിംലീഗിനും അതിന്റെ നേതാവ് കുഞ്ഞാലിക്കുട്ടിക്കുമാണ്. ഒപ്പം കെ എം മാണിക്കും. മുരളീധരന്‍ , വി ഡി സതീശന്‍ , ശക്തന്‍നാടാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിയും വിമതശബ്ദവും കൂറുമാറ്റനിരോധന നിയമത്തില്‍ തട്ടി ഉടയാനേ ഉള്ളൂ. ഏകാംഗ കക്ഷികള്‍ക്കാകട്ടെ, കിട്ടിയ മന്ത്രിസ്ഥാനം സംരക്ഷിക്കുന്നതില്‍ കൂടുതല്‍ അജന്‍ഡയില്ല.

മാണി കേരള, പ്രധാന വകുപ്പുകള്‍ കൈക്കലാക്കിയതില്‍ തൃപ്തരാണ്. പാര്‍ടിക്കകത്തെ വിമതരെയും ശല്യക്കാരെയും ഒതുക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കെ എം മാണി ഒന്നാമത്തെ പരിഗണന നല്‍കുന്നത്. അവിടെയും അവര്‍ക്ക് തുണയാകുന്നത് കൂറുമാറ്റനിരോധന നിയമംതന്നെ. പി സി ജോര്‍ജിന് ഒറ്റയ്ക്ക് ഇറങ്ങിപ്പോകാനാകില്ല. അഥവാ പോയാലും ഇടതുപക്ഷം അടുപ്പിക്കുമെന്ന സൂചനയില്ല. ജോര്‍ജ്- ക്രൈംമാസിക കൂട്ടുകെട്ടിനെ പി ജെ ജോസഫ് ഭയക്കുന്നു എന്ന വൈരുധ്യംമാത്രമേ ആ പാര്‍ടിയില്‍ പ്രശ്നമായി അവശേഷിക്കുന്നുള്ളൂ. ചുരുക്കത്തില്‍ , മാണി കേരളയോ മുസ്ലിംലീഗോ പാര്‍ടി എന്ന നിലയില്‍ മറിച്ച് ചിന്തിക്കാത്തിടത്തോളം ഭരണം നിലനില്‍ക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. അതുകൊണ്ടുതന്നെ ഭരണത്തിന്റെ താക്കോല്‍ മാണിയുടെയും ലീഗിന്റെയും കൈയില്‍ കിടന്ന് കറങ്ങുന്നു.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച്, ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായി എന്ന് ആരോപിക്കപ്പെട്ട പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാനുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ തീരുമാനം ഈ ദയനീയമായ അവസ്ഥയാണ് അനാവരണം ചെയ്യുന്നത്. കേരളത്തില്‍ പ്രാപ്തരായ മറ്റ് വക്കീലന്മാരില്ലാത്തതുകൊണ്ടല്ല- ലീഗിന്റെയും മാണി കേരളയുടെയും ഏത് ആജ്ഞയും നടുവളച്ചുനിന്ന് അനുസരിക്കാന്‍ ഉമ്മന്‍ചാണ്ടി ബാധ്യസ്ഥനായതുകൊണ്ടാണ് ഈ നിയമനം. ഒട്ടുമിക്ക പ്രധാന വകുപ്പുകളും ലീഗിന്റെയും മാണിയുടെയും കൈകളിലാണ്. എവിടെ കോണ്‍ഗ്രസ്? ഭരണത്തിന്റെ അച്ചുതണ്ട് ലീഗ് കറക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അച്ചുതണ്ടിനുമേല്‍ പിടിത്തമിട്ടിരിക്കുന്നത് പലവക ബാഹ്യശക്തികളാണ്. ആ പാര്‍ടിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായ മുരളീധരനെ മന്ത്രിയാക്കാത്തതും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ കൂട്ടാക്കാതിരുന്നതും എന്‍എസ്എസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന വാര്‍ത്തയ്ക്ക് കോണ്‍ഗ്രസില്‍നിന്ന് നിഷേധമൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് എന്തുചെയ്യണമെന്ന് പെരുന്നയില്‍ തീരുമാനിക്കുന്നു എന്നുവന്നാല്‍ എങ്ങനെ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞയെ മാനിച്ച് ഭരിക്കാനാകും?

യഥാര്‍ഥത്തില്‍ 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ വില പാതാളത്തോളം താഴ്ത്തിയിരിക്കുന്നു. ഇവിടെ ഇന്ന് കോണ്‍ഗ്രസില്ല- പലതലത്തിലുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവമാത്രമാണ് ഇന്ന് ആ പാര്‍ടി. കുറെ നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും നികൃഷ്ടവും ദുര്‍ബലവുമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. സത്യപ്രതിജ്ഞാചടങ്ങിന് തിരുവനന്തപുരത്ത് എത്തിയ ഖദര്‍ധാരികളുടെ മുഖത്തൊന്നും പ്രസാദാത്മകത കണ്ടില്ല. ലീഗുകാര്‍ ആര്‍ത്തുവിളിക്കുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുകയായിരുന്നു അവര്‍ . ഉമ്മന്‍ചാണ്ടി നയിക്കുന്നു; ലീഗ് ഭരിക്കുന്നു. ഈ സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്നതല്ല, ആ തുടര്‍ച്ചയുടെ ഏതുഘട്ടത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും എന്നതാണ് ചിന്തനീയമായ കാര്യം.

രാഷ്ട്രീയപ്രശ്നങ്ങള്‍ക്കുപകരം മത- ജാതി- വിഭാഗീയ- സങ്കുചിത പരിഗണനകള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കുന്നതിന്റെ ദുരന്തമാണ് ഈ സര്‍ക്കാര്‍ . തുടക്കത്തില്‍തന്നെ ഇത്രയധികം വഷളായ മറ്റൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ഇനി ഭരണം ശരിക്കും തുടങ്ങുമ്പോഴത്തെ അവസ്ഥ എന്താകുമെന്നതില്‍ ഏറ്റവുമധികം ആശങ്കപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍തന്നെയാണ്. അവരുടെ പാര്‍ടിയെ എങ്കിലും അവര്‍ക്ക് സംരക്ഷിക്കാനാകുമോ എന്നത് കാത്തിരുന്നുതന്നെ കാണണം.

6 comments:

manoj pm said...

യഥാര്‍ഥത്തില്‍ 13-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പും തുടര്‍ന്ന് രൂപീകരിച്ച സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ വില പാതാളത്തോളം താഴ്ത്തിയിരിക്കുന്നു. ഇവിടെ ഇന്ന് കോണ്‍ഗ്രസില്ല- പലതലത്തിലുള്ളവരുടെ ചരടുവലിക്കൊത്ത് ചലിക്കുന്ന പാവമാത്രമാണ് ഇന്ന് ആ പാര്‍ടി. കുറെ നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തി കോണ്‍ഗ്രസിനെ അതിന്റെ ഏറ്റവും നികൃഷ്ടവും ദുര്‍ബലവുമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. സത്യപ്രതിജ്ഞാചടങ്ങിന് തിരുവനന്തപുരത്ത് എത്തിയ ഖദര്‍ധാരികളുടെ മുഖത്തൊന്നും പ്രസാദാത്മകത കണ്ടില്ല. ലീഗുകാര്‍ ആര്‍ത്തുവിളിക്കുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കുകയായിരുന്നു അവര്‍ . ഉമ്മന്‍ചാണ്ടി നയിക്കുന്നു; ലീഗ് ഭരിക്കുന്നു. ഈ സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്നതല്ല, ആ തുടര്‍ച്ചയുടെ ഏതുഘട്ടത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും എന്നതാണ് ചിന്തനീയമായ കാര്യം.

രാഷ്ട്രീയപ്രശ്നങ്ങള്‍ക്കുപകരം മത- ജാതി- വിഭാഗീയ- സങ്കുചിത പരിഗണനകള്‍ ഉയര്‍ത്തി വോട്ട് സമാഹരിക്കുന്നതിന്റെ ദുരന്തമാണ് ഈ സര്‍ക്കാര്‍ . തുടക്കത്തില്‍തന്നെ ഇത്രയധികം വഷളായ മറ്റൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. ഇനി ഭരണം ശരിക്കും തുടങ്ങുമ്പോഴത്തെ അവസ്ഥ എന്താകുമെന്നതില്‍ ഏറ്റവുമധികം ആശങ്കപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍തന്നെയാണ്. അവരുടെ പാര്‍ടിയെ എങ്കിലും അവര്‍ക്ക് സംരക്ഷിക്കാനാകുമോ എന്നത് കാത്തിരുന്നുതന്നെ കാണണം.

അനില്‍@ബ്ലോഗ് // anil said...

കാത്തിരുന്നു കാണാം!

Pintu said...

കോണ്‍ഗ്രസില്‍ സ്വന്തമായി അനുയായികളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിവുള്ള വളരെ കുറച്ച് നേതാക്കളിലൊരാളാണ് മുരളീധരന്‍ .

Pintu said...

കോണ്‍ഗ്രസില്‍ സ്വന്തമായി അനുയായികളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിവുള്ള വളരെ കുറച്ച് നേതാക്കളിലൊരാളാണ് മുരളീധരന്‍ .

Pintu said...

കോണ്‍ഗ്രസില്‍ സ്വന്തമായി അനുയായികളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കഴിവുള്ള വളരെ കുറച്ച് നേതാക്കളിലൊരാളാണ് മുരളീധരന്‍ .

paarppidam said...

നാലുപത്രക്കാരെ കാണുമ്പോല്‍ ചുമ്മാ വല്ലതും പറയും എന്നല്ലാതെ നായന്മാര്‍ക്കും ഈഴവന്മാര്‍ക്കും ഈ ഭരണത്തില്‍ എന്തു കാര്യം മാഷേ? കാര്യങ്ങളൊക്കെ മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തീരുമാനിച്ചോളും ഇല്ലേ?. എന്തായാലും കപട-കൂലി ബുദ്ധിജീവികള്‍ സവര്‍ണ്ണാധിപത്യത്തെ പറ്റി നെടുങ്കന്‍ ലേഖന സമാഹാരങ്ങള്‍ വച്ച് വീശുന്നതില്‍ ഒരു കുറവും ഉണ്ടാകും എന്ന് കരുതുന്നില്ല.

മുരളീധരനു കിട്ടിയ ഔദാര്യമാണ് ഈ സീറ്റ്. പിന്നെയല്ലെ മന്ത്രിസ്ഥാനം?

വി.എസ്സിനെ ഒന്ന് സപ്പോര്‍ട് ചെയ്തിരുന്നേല്‍ 3-5 സീറ്റ് എപ്പോള്‍ കയ്യിലിരുന്നേനേ. ജേക്കബിനെ നൂറ്റിച്ചില്ലാന്‍ വോട്ടിനു അല്ലേ മന്ത്രിയാക്കിയത്. സതീശനും പി.സി ജോര്‍ജ്ജും വിഷമിക്കേണ്ട കാര്യമൊന്നുമില്ല. തൊഴുത്തില്‍ കുത്തും അഴിമതിയുമായി ഓരോരുത്തര്‍ പുറത്ത് പോകുമ്പോള്‍ ഊഴം വച്ച് മുറക്ക് അകത്ത് കയറാലോ? സഖാവ് വി.എസ്സ് അല്ലേ പ്രതിപക്ഷ നേതാവ്.

ഏറ്റവും “വലിയ“ വകുപ്പ് കിട്ടിയ മന്ത്രിക്ക് കൂട്ടത്തില്‍ വണ്ടിച്ചേക്ക് വകുപ്പുകൂടെ പുതുതായി ഉള്‍പ്പെടുത്തി നല്‍കാമായിരുന്നു!!