Tuesday, July 13, 2010

അറ്റുവീണ കൈപ്പത്തിയുടെ 'പ്രതീതി യാഥാര്‍ത്ഥ്യം'

നാഷനല്‍ ഡെവലപ്മെന്റ്റ്  ഫ്രണ്ട് എന്ന എന്‍ഡിഎഫാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ടും രാഷ്ട്രീയകക്ഷിയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(എസ്ഡിപിഐ)യുമായത്. മാറിവന്ന പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ ജനാധിപത്യവുമായോ പൊതുജനങ്ങളുമായോ ബന്ധമുള്ള ഒന്നല്ല ആ സംഘടന. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിനെ താലിബാന്‍ മാതൃകയില്‍ ആക്രമിച്ച് അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കേരളീയ സമൂഹത്തില്‍ സജീവമായ ചര്‍ച്ചയായിരിക്കെ ആ സംഘടനയുടെ മുഖപത്രമായ 'തേജസ്' എഴുതിയ മുഖപ്രസംഗം നോക്കുക:

"ആയിരം പൂവുകള്‍ കീറിമുറിച്ചു ഞാന്‍, പൂവിന്‍രഹസ്യം പഠിക്കാന്‍' എന്നു കവി എഴുതിയത് ശാസ്ത്രജ്ഞനെക്കുറിച്ചാണ്. എത്രയോ ജീവികളെ കീറിമുറിച്ചാണു മനുഷ്യന്‍ ജീവരഹസ്യവും അനാട്ടമിയും സുവോളജിയുമൊക്കെ പഠിച്ചത്; പഠിച്ചുകൊണ്ടിരിക്കുന്നത്! ജീവനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രം തന്നെ, ജീവനെ ഹനിക്കുന്നതിലെ വൈരുധ്യം എന്നിട്ടും ഇത്രനാള്‍ ചോദ്യംചെയ്യപ്പെട്ടില്ല. ജീവജാലങ്ങളെ നശിപ്പിക്കാതെ കോളജ് ലബോറട്ടറികളില്‍ ശാസ്ത്രം പഠിപ്പിച്ചുകൂടേ? കുറേ നാളായി മൃഗസ്നേഹികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അഭ്യര്‍ഥനയാണിത്. ....കംപ്യൂട്ടറുകളും സി.ഡി റോമുകളും ഉപയോഗിച്ചു സുവോളജിയും അനാട്ടമിയുമൊക്കെ വിശദമായി പഠിപ്പിക്കാനിന്നു സാധ്യമാണ്. ടെലിവിഷനിലും സിനിമയിലുമൊക്കെ ഇന്നു കാണുന്ന പ്രതീതിയാഥാര്‍ഥ്യം ലബോറട്ടറികളില്‍ സൃഷ്ടിക്കാന്‍ മാത്രം ശാസ്ത്രം വളര്‍ന്നുകഴിഞ്ഞു. ....ഇരകളെ പിടിച്ചും കൊന്നും വിതരണം ചെയ്തും കഴിയുന്ന ഒരു വിഭാഗത്തിന്റെ അന്നംമുട്ടിയേക്കാമെങ്കിലും, ശാസ്ത്രവിദ്യാര്‍ഥികളെ മാനസികമായി ഹിംസാവാസനയില്‍നിന്ന് അകറ്റാന്‍ അതു സഹായിക്കും.''

ഒറ്റനോട്ടത്തില്‍ നിര്‍ദോഷം, ജന്തുസ്നേഹപരം എന്നെല്ലാം തോന്നിയേക്കാവുന്ന ഈ മുഖപ്രസംഗത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണ്? മനുഷ്യന്റെ ഏതു രഹസ്യം പഠിക്കാനാണ് എന്‍ഡിഎഫ് പതിനാറുപേരെ കേരളത്തില്‍ അറുംകൊലചെയ്തത്? എന്തിനാണ് തെരുവു പട്ടികളെ വെട്ടിക്കൊന്ന് പരിശീലനം നടത്തുന്നത്? പ്രവര്‍ത്തകര്‍ സ്വയം മുറിവേല്‍പ്പിച്ച് ധൈര്യം തെളിയിക്കുന്നത്? ഓടുന്ന ബൈക്കില്‍നിന്ന് വാള്‍വീശി പട്ടികളെ വെട്ടിക്കൊന്ന് ഉണ്ടാക്കുന്ന 'പ്രതീതിയാഥാര്‍ത്ഥ്യം' മനുഷ്യന്റെ പച്ച ശരീരത്തില്‍ പ്രയോഗിച്ച് ചോരയൊഴുകുന്നതും ജീവന്‍ പൊലിയുന്നതും കണ്ടു സായൂജ്യമടയാന്‍ എന്‍ഡിഎഫിനെ പ്രേരിപ്പിക്കുന്ന ചേതോ വികാരമെന്താണ്? പണം വാങ്ങി ഹിംസയ്ക്കും അവയവ ഛേദത്തിനും പോകുന്ന സംഘങ്ങള്‍ കേരളത്തിലുണ്ട്. അവയിലെ ക്രിമിനലുകള്‍ ക്രൂരകൃത്യം നടത്താനുള്ള അറപ്പില്ലായ്മ മിക്കപ്പോഴും സൃഷ്ടിക്കുന്നത് അമിതമായ മദ്യപാനത്തിലൂടെയും ലഹരി മരുന്നിന്റെ ഉപയോഗത്തിലൂടെയുമാണ്. ഇവിടെ എന്‍ഡിഎഫിന് ആ ലഹരി മദ്യവും മയക്കുമരുന്നുമല്ല-"ദൈവരാജ്യം'' സ്ഥാപിക്കാനുള്ള, ഏതു നിഷ്ഠുരതയെയും ദൈവത്തിന്റെ നാമത്തില്‍ ന്യായീകരിക്കാനുള്ള ഒരുതരം ഭ്രാന്താണ്. മതബോധമല്ല; മതാന്ധത. ദൈവ വിശ്വാസമല്ല; അന്ധവിശ്വാസം. മനുഷ്യ സ്നേഹമല്ല; മൃഗീയമായ ഹിംസാത്മകത.

ജമാ അത്തെ ഇസ്ളാമി മതരാഷ്ട്രത്തിനുവേണ്ടി നിലക്കൊള്ളുകയും അപരിഷ്കൃതമായ മാമൂലുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെങ്കില്‍ എന്‍ഡിഎഫ് മതനാമത്തില്‍ ഹിംസ നടത്തുന്നതില്‍ ആനന്ദം കാണുന്നു. ഭൂമിയിലെ മാഫിയാ-ഗുണ്ടാ പ്രവര്‍ത്തനത്തിന് സ്വര്‍ഗത്തില്‍ ദൈവം പാരിതോഷികം നല്‍കുമെന്ന് വിശ്വസിക്കുന്നു. ആര്‍എസ്എസ് ഓംകാളി വിളിച്ച് കഴുത്തറക്കുമ്പോള്‍ എന്‍ഡിഎഫുകാരന്‍ ചോര ചീറ്റുന്നത് കണ്ട് തക്ബീര്‍ മുഴക്കുന്നു.

ന്യൂമാന്‍ കോളേജധ്യാപകന്‍ ജോസഫ് ക്രൈസ്തവ വിശ്വാസിയാണ്. ആ കോളേജിലെ ബി കോം രണ്ടാം സെമസ്റ്റിന്റെ ഇന്റേണല്‍ മലയാളം പരീക്ഷയുടെ ചോദ്യക്കടലാസ് തയാറാക്കിയത് ജോസഫാണ്. അതിലെ പതിനൊന്നാം ചോദ്യം ഇങ്ങനെ:

താഴെക്കൊടുത്തിരിക്കുന്ന ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നങ്ങള്‍ ചേര്‍ത്തെഴുതുക.

മുഹമ്മദ് പടച്ചോനേ പടച്ചോനേ

ദൈവം എന്താടാ നായിന്റെ മോനേ

മുഹമ്മദ് ഒരു അയില അതുമുറിച്ചാല്‍ എത്ര കഷണമാണ്

ദൈവം മൂന്നു കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ

ഇത്രയുമാണ് ചോദ്യം. ഈ ഭാഗം അധ്യാപകന് കിട്ടിയത് പി ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ നിന്നാണ്. അതില്‍ പിടി ഇങ്ങനെ പറയുന്നു: '......വീണുകിട്ടുന്ന ഫോം പലപ്പോഴും ജീവിതത്തില്‍ നിന്നുതന്നെ കിട്ടുന്നതാണ്. ഗര്‍ഷോമില്‍ കഥാനായകന്‍ ദൈവവുമായി സംസാരിക്കുന്ന ഒരു രംഗമുണ്ട്. ഈ ഫോം എനിക്ക് വീണുകിട്ടിയത് ഇങ്ങനെയാണ്. എന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്ന് ദൈവത്തെ വിളിക്കും. "പടച്ചോനേ''....."പടച്ചോനേ...'' ദൈവത്തിന്റെ മറുപടി "എന്താടാ നായിന്റെ മോനേ'' എന്നാണ്. ഇദ്ദേഹം ചോദിക്കുന്നു " ഒരു അയില. അത് മുറിച്ചാല്‍ എത്ര കഷണമാണ്?'' ദെവത്തിന്റെ മറുപടി(ദൈവം ഇദ്ദേഹം തന്നെയാണ്) "മൂന്നു കഷണമാണെന്ന് നിന്നോട് എത്രതവണ പറഞ്ഞിട്ടുണ്ട് നായേ''.....ഈ രീതിയാണ് ദൈവവുമായി സംവദിക്കാന്‍ ഞാന്‍ ഉപയോഗിച്ചത്. ഇങ്ങനെ ജീവിതത്തില്‍നിന്നുതന്നെയാണ് നമുക്ക് ഫോം കിട്ടുന്നത്. ജീവിതത്തില്‍നിന്നാണ് ഫോം ഉണ്ടാകുന്നത്.''

ഒരു കോളേജിലെ, ഒരു ക്ളാസ്സിലെ, മലയാളം പഠിക്കുന്ന ഏതാനും കുട്ടികള്‍ മാത്രം കാണുന്ന ചോദ്യക്കടലാസില്‍, അധ്യാപന്റെ അജ്ഞത കൊണ്ടോ അവിവേകം കൊണ്ടോ അതല്ല, ബോധപൂര്‍വം തന്നെയോ കടന്നുവന്ന ഒരു ചോദ്യം ഇസ്ളാമിനെ ആക്ഷേപിക്കലാണെന്ന് കണ്ടെത്തി നാടിനെ കത്തിക്കാനുള്ള ഇന്ധനമാക്കി അതിനെ പരിവര്‍ത്തിപ്പിക്കുന്നവര്‍ സദുദ്ദേശികളല്ല തന്നെ. ഏറ്റവും കുടുതല്‍ ചിഹ്നങ്ങള്‍ ചേര്‍ക്കേണ്ടിവരുന്ന സംഭാഷണ ശകലമായി കണ്ട് അധ്യാപകന്‍ എഴുതിയ ചോദ്യം ജനങ്ങളെയാകെ അറിയിച്ച് അത് പ്രവാചക നിന്ദയാണെന്ന് വ്യാഖ്യാനിച്ച് പ്രചാരണ ദൌത്യമേറ്റെടുത്തവര്‍ എങ്ങനെ ഇസ്ളാം വിശ്വാസികളാകും? എന്തായാലും മതവികാരത്തെ വണപ്പെടുത്തുന്നതായി പരിണമിച്ച ചോദ്യത്തിന്റെ കര്‍ത്താവ് തെറ്റ് സമ്മതിച്ചു; മാപ്പുപറഞ്ഞു; കേസില്‍ പ്രതിയായി; ജയിലില്‍ കിടന്നു. എന്‍ഡിഎഫിന് അതൊന്നും പോര. 'കുറ്റവാളി' ഏതുകൈകൊണ്ടാണോ ചോദ്യം എഴുതിയത്-ആ കൈ വെട്ടിമാറ്റണം. നടുനിരത്തിലിട്ട് വെട്ടിക്കൊല്ലണം. അതാണ് സംഭവിച്ചത്. എന്തോ യാദൃച്ഛികത നിമിത്തം കൊലപാതകം നടത്താനായില്ല.

മതനിന്ദ ഒഴിവാക്കപ്പെടേണ്ടതാണെന്ന അഭിപ്രായം ശക്തമായി ഉയര്‍ത്തുന്നവര്‍പോലും ഇത്തരമൊരു കാടത്തത്തെ എങ്ങനെ അംഗീകരിക്കും? ചോദ്യം തയ്യാറാക്കുമ്പോള്‍ വന്ന അബദ്ധമോ അനവധാനതയോ ബോധപര്‍വമായ മതനിന്ദയോ പരിശോധിക്കപ്പെടേണ്ടതും തെറ്റുതിരുത്തേണ്ടതുമാണെന്ന അഭിപ്രായത്തെ ആരും എതിര്‍ത്തിട്ടില്ല. എന്നാല്‍, ഒരു ചോദ്യമെഴുതിയവന്റെ കൈ വെട്ടിയെടുക്കണം, എതിരഭിപ്രായം പറയുന്നവന്റെ തല വെട്ടിമാറ്റണം എന്ന കാടന്‍ നീതി ഇസ്ളാമിന്റെയോ മറ്റേതെങ്കിലും മതത്തിന്റെയോ പ്രബോധനമാണോ?

ഇന്ന് സംസ്ഥാനത്തെ ഭീകരവാദികളുടെ രാഷ്ട്രീയമറ എന്‍ഡിഎഫ് അഥവാ എസ്ഡിപിഐ ആണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയാണ് എന്‍ഡിഎഫ് പ്രവര്‍ത്തിച്ചത്. ആ സഖ്യം ഇന്നും തുടരുന്നുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് തളരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ ആ പാര്‍ട്ടിയുടെ നേതൃത്വം കണ്ടെത്തിയ കുറുക്കുവഴി എന്‍ഡിഎഫുമായി കൂട്ടുചേരലാണ്. എന്‍ഡിഎഫിനെ തള്ളിപ്പറയാന്‍ യുഡിഎഫ് ഒരിക്കലും തയാറായിട്ടില്ല. എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകരാണിന്ന് മുസ്ളിം ലീഗ്. മതഭീകരവാദത്തിന്റെ മുഖം ലോകത്താകെ ഏറെക്കുറെ ഒന്നുതന്നെയാണ്. 26 വിദേശികള്‍ ഉള്‍പ്പെടെ 164 പേരുടെ ജീവനെടുത്ത മുംബൈ ‘ഭീകരാക്രമണത്തിലും തൊടുപുഴയിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിലും സമാനമായ പലതുമുണ്ട്. രണ്ടും മതത്തെ ഉപയോഗിച്ചുള്ള ഭീകര പ്രവര്‍ത്തനമാണ്. കേരളത്തില്‍ മാറാട് കടല്‍ത്തീരത്ത് മനുഷ്യക്കുരുതി നടന്നതിനും മതത്തിന്റെ മറയുണ്ടായിരുന്നു. ഒരുഭാഗത്ത് ഇസ്ളാം വികാരത്തിനാണ് തീകൊളുത്തിയതെങ്കില്‍ മറുവശത്ത് സംഘപരിവാര്‍ ഹൈന്ദവ രക്തം തിളപ്പിക്കാനുള്ള തീയാണ് ആളിക്കത്തിച്ചത്. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് ഭീകരവാദത്തെ നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിന്നപ്പോള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഹിന്ദു-മുസ്ളീം അനൈക്യം വളര്‍ത്താനാണ് സംഘപരിവാറും അതിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയും ശ്രമിച്ചത്.

മുസ്ളീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ‘ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന് മതഭ്രാന്തിളകിയ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് രാഷ്ട്രീയമറ നല്‍കാന്‍ ബിജെപി പശ്ചാത്തലമൊരുക്കി. മാലെഗാവും മെക്കാ മസ്ജിദുമടക്കമുള്ള ഭീകരാക്രമണങ്ങള്‍ക്കുപിന്നില്‍ ഹിന്ദുത്വ തീവ്രവാദ ശക്തികളാണെന്ന് പുറത്തുവന്നതോടെ ഭീകരതയുടെ മുഖം ഇസ്ളാമിന്റേതുമാത്രമല്ല, സംഘപരിവാറിന്റേതുകൂടിയാണെന്ന് കുപ്രചാരകര്‍ക്ക് സമ്മതിക്കേണ്ടിയും വന്നു.

ഭീകരവാദത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതിന്റെ അപടകമാണ് ഗൌരവബുദ്ധ്യാ തിരിച്ചറിയപ്പെടേണ്ടത്. ഹൈദരാബാദിലെ മെക്കാ മസ്ജിദ് ഭീകരാക്രമണത്തിനുശേഷം അവിടത്തെ കോണ്‍ഗ്രസ് ഗവര്‍മെന്റ് മുന്‍പിന്‍നോക്കാതെ പ്രഖ്യാപിച്ചത്, അതിനുപിന്നില്‍ പാക് ബന്ധമുള്ള ഇസ്ളാമിക തീവ്രവാദികളാണെന്നാണ്. മുസ്ലിം ചെറുപ്പക്കാരെ കൂട്ടത്തോടെ പിടിച്ച് ജയിലിലിട്ട് പീഡിപ്പിച്ചു. ഒടുവില്‍ തെളിഞ്ഞു, ബോംബുവെച്ചത് ഹിന്ദുത്വ തീവ്രവാദ ശക്തികളെന്ന്. ഭീകരവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവര്‍ ഇന്ന മതത്തിലെ ഭീകരഗ്രൂപ്പുകളാണെന്ന നിലയില്‍ വേര്‍തിരിച്ചു നിര്‍ത്താനോ അവരോട് എന്തെങ്കിലും ഒത്തുതീര്‍പ്പിന് തയ്യാറാകാനോ പാടില്ല എന്ന സന്ദേശമാണ് ഈ അനുഭവത്തിലൂടെ വ്യക്തമായത്. ഈ വിഭാഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഇരട്ടത്താപ്പുനയം ഉണ്ടാകുന്നത് ഭീകരപ്രവര്‍ത്തനംപോലെ അപകടമാണ്. ഏതെങ്കിലും ഭീകരവാദപ്രവര്‍ത്തനങ്ങളെ പ്രത്യേകമതവിഭാഗത്തില്‍പ്പെട്ടവരാണെന്ന രീതിയില്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത് ഭീകരവാദശക്തികളുടെ വിജയത്തിലേക്കാണ് നയിക്കുക. ദൌര്‍ഭാഗ്യവശാല്‍ കേരളത്തിലെ യുഡിഎഫ് നീങ്ങുന്നത് അത്തരമൊരു തെറ്റായ വഴിയിലേക്കാണ്. ഒരുവശത്ത് മുസ്ളിം ലീഗിനെയും മറുവശത്ത് ബിജെപിയെയും നിര്‍ത്തി തൊണ്ണൂറുകളില്‍ ഉണ്ടാക്കിയ അവിശുദ്ധ വിശാല സഖ്യം എല്ലാ മത-തീവ്ര വാദ ശക്തികളെയും യോജിപ്പിച്ച് വികസിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വോട്ടുകച്ചവടം തെറ്റല്ലെന്ന് ബിജെപി അധ്യക്ഷന്‍ പറയുന്നു; വിശ്വാസിയുടെ കൈപ്പത്തി വെട്ടിമാറ്റുന്ന ഭീകരതയെക്കാള്‍ അപകടം നിരീശ്വര വാദമാണെന്നുദ്ഘോഷിച്ച് പട്ടക്കാരുടെ സംഘം കുഞ്ഞാടുകളെ യുഡിഎഫിന്റെ തൊഴുത്തിലേക്ക് നയിക്കുന്നു; ലജ്ജാശൂന്യമായി തീവ്രവാദ ശക്തിയുമായി മുസ്ളിം ലീഗ് കൈകോര്‍ക്കുന്നു. കൊല്ലുന്നവനും കൈവെട്ടുന്നവനും ഇരുവര്‍ക്കും കയ്യാളായി നില്‍ക്കുന്നവരും ഒരുമിച്ചുള്ള രാഷ്ട്രീയ സഖ്യമായി മാറിയ യുഡിഎഫ് ആണ് സമകാലിക കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്.

കോളേജധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ ഒറ്റപ്പെട്ട സംഭവമായല്ല തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കേണ്ടത്. രണ്ടു ദശാബ്ദമായി ഹിന്ദുത്വ ശക്തികള്‍ നടത്തി വന്ന വര്‍ഗീയവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ഭീകരവാദപ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വര്‍ഗ്ഗീയവാദവും മതതീവ്രവാദവും ‘ഭീകരപ്രവര്‍ത്തനങ്ങളെ ഊട്ടിവളര്‍ത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍, പീഡനങ്ങള്‍ക്കിരയാവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് തുടങ്ങിയവ ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ മൌലികവാദശക്തികള്‍ ശക്തിപ്പെടുന്നതിന് ഇടയാക്കുന്നു. മുസ്ളീം ജനതയുടെ പൊതുതാല്‍പര്യങ്ങള്‍ക്കെതിരാകയാല്‍ ന്യൂനപക്ഷസമുദായത്തിനകത്ത് വിഭാഗീയ ലക്ഷ്യങ്ങളോടെ വളര്‍ത്തിയെടുക്കുന്ന മൌലികവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടവും മതനിരപേക്ഷ ശക്തികളുടെ ഉത്തരവാദിത്വമാണ്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തുന്നതിന്, മറയില്ലാത്തതും നിര്‍ഭയവുമായ പ്രതികരണങ്ങളാണുണ്ടാകേണ്ടത്. ഇന്ന് സമൂഹത്തിലെ സമ്പന്നവര്‍ഗങ്ങളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും നടത്തുന്ന അരാഷ്ട്രീയ പ്രചാരവേല അത്തരം പോരാട്ടങ്ങളെ സഹായിക്കുന്നതല്ല. അധ്യാപകന്റെ കൈ വെട്ടുന്നതിലേക്കും ഊതിവീര്‍പ്പിച്ച മതനിന്ദ ആയുധമാക്കി ഒരധ്യാപകനെ ചവിട്ടിക്കൊല്ലുന്നതിലേക്കും നയിച്ച വികാരോത്തേജനപരമായ മാധ്യമ സമീപനം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.

രാഷ്ടീയ ദുഷ്ടലാക്കോടെ കെട്ടിച്ചമച്ച ഒരു ബലാത്സംഗ കഥയുടെ മറവിലാണ് കോഴിക്കോട് ജില്ലയില്‍ ഒരു യുവാവിനെ എന്‍ഡിഎഫ് അരുംകൊലചെയ്ത്. ഒട്ടേറെ തീവ്രവാദ ആക്രമണക്കേസുകളിലും ‘ഭീകര പ്രവര്‍ത്തനത്തിലും ഉള്‍പ്പെട്ട ആ സംഘടനക്ക് അഭയം നല്‍കാനും അവരുടെ പിന്തുണ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കാനും സഖ്യകക്ഷിയെപ്പോലെ പരിഗണിക്കാനും തയാറാകുന്നത് കേരളത്തിലെ പ്രതിപക്ഷ മുന്നണിയാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടുള്ള ഏതു സംവാദവും ഫലപ്രാപ്തിയിലെത്തില്ല. വര്‍ഗീയതയുടെ ‘ഭീകരമുഖം എല്ലാവരെയും ബോധ്യപ്പെടുത്തുന്ന ഈ അക്രമം ഒരു പാഠമായി കണ്ട്, ഇത്തരം ശക്തികളുടെ സഹായം വേണ്ടെന്നുവെക്കാനുള്ള ആര്‍ജവം യുഡിഎഫ് കാണിച്ചില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ വിപത്താണ്. ആ വിപത്ത് ചെറുക്കാനുള്ള ഉത്തരവാദിത്വം മതനിരപേക്ഷ ചേരിയുടേതാണ്.

5 comments:

manoj pm said...

ഭീകരവാദത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതിന്റെ അപടകമാണ് ഗൌരവബുദ്ധ്യാ തിരിച്ചറിയപ്പെടേണ്ടത്. ഹൈദരാബാദിലെ മെക്കാ മസ്ജിദ് ഭീകരാക്രമണത്തിനുശേഷം അവിടത്തെ കോണ്‍ഗ്രസ് ഗവര്‍മെന്റ് മുന്‍പിന്‍നോക്കാതെ പ്രഖ്യാപിച്ചത്, അതിനുപിന്നില്‍ പാക് ബന്ധമുള്ള ഇസ്ളാമിക തീവ്രവാദികളാണെന്നാണ്. മുസ്ലിം ചെറുപ്പക്കാരെ കൂട്ടത്തോടെ പിടിച്ച് ജയിലിലിട്ട് പീഡിപ്പിച്ചു. ഒടുവില്‍ തെളിഞ്ഞു, ബോംബുവെച്ചത് ഹിന്ദുത്വ തീവ്രവാദ ശക്തികളെന്ന്. ഭീകരവാദികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അവര്‍ ഇന്ന മതത്തിലെ ഭീകരഗ്രൂപ്പുകളാണെന്ന നിലയില്‍ വേര്‍തിരിച്ചു നിര്‍ത്താനോ അവരോട് എന്തെങ്കിലും ഒത്തുതീര്‍പ്പിന് തയ്യാറാകാനോ പാടില്ല എന്ന സന്ദേശമാണ് ഈ അനുഭവത്തിലൂടെ വ്യക്തമായത്. ഈ വിഭാഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഇരട്ടത്താപ്പുനയം ഉണ്ടാകുന്നത് ഭീകരപ്രവര്‍ത്തനംപോലെ അപകടമാണ്. ഏതെങ്കിലും ഭീകരവാദപ്രവര്‍ത്തനങ്ങളെ പ്രത്യേകമതവിഭാഗത്തില്‍പ്പെട്ടവരാണെന്ന രീതിയില്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത് ഭീകരവാദശക്തികളുടെ വിജയത്തിലേക്കാണ് നയിക്കുക. ദൌര്‍ഭാഗ്യവശാല്‍ കേരളത്തിലെ യുഡിഎഫ് നീങ്ങുന്നത് അത്തരമൊരു തെറ്റായ വഴിയിലേക്കാണ്. ഒരുവശത്ത് മുസ്ളിം ലീഗിനെയും മറുവശത്ത് ബിജെപിയെയും നിര്‍ത്തി തൊണ്ണൂറുകളില്‍ ഉണ്ടാക്കിയ അവിശുദ്ധ വിശാല സഖ്യം എല്ലാ മത-തീവ്ര വാദ ശക്തികളെയും യോജിപ്പിച്ച് വികസിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ....

സജി said...

താങ്കള്‍ എന്താണ് പറഞ്ഞു വരുന്നതെന്നു മനസിലാകുന്നില്ലല്ലോ മനോജ്.

പോസ്റ്റിന്റെ ആദ്യഭാഗം തീവ്ര മതവാദികളും ഇപ്പോള്‍ കേരളം വാഴുന്ന ഭീകരന്മാരും ഒഴികെ ബാക്കി മനുഷ്യരെല്ലാം മൗനമായി അംഗീകരിക്കുന്ന സത്യം തന്നെ.

പക്ഷേ അവിടെ തന്നെ അധ്യാപകനെ വരികള്‍ക്കിടയിലൂടെ ന്യായീകരിക്കാനും തെറ്റിനെ ചെറുതാക്കാനും ശ്രമിക്കുന്നതു വഴി, പോസ്റ്റിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

അവസാനം ഇതും കോങ്ക്രസ്സിനെ അടിക്കാനുള്ള വടിയായപ്പോള്‍ - മനോജ് സഖാവേ- അധ്യാപകനു നഷ്ടപ്പെടുന്നകൈയ്യാണെങ്കില്‍, ഞങ്ങള്‍ പൊതു ജനത്തിനു നഷ്ടപ്പെടുന്നത്, മനസ്സാണ്, മനസ്സമാധാമാണ്.

കോങ്ക്രസ്സിനും കമ്യൂസ്റ്റിനും ഈ വളര്‍ന്നു വരുന്ന പൈശാചിക പ്രവണതയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ ഒന്നും ചെയ്യാനില്ലേ...?

ഇരുകൂട്ടരുടേയും നേതാക്കള്‍ കൈവെട്ടു വിഷത്തെ എടുത്തു പരസ്പരം തലവെട്ടുമ്പോള്‍ അതു ടിവിയില്‍ കാണാന്‍ ഞങ്ങള്‍ക്ക് അറപ്പ് ആണ് എന്നറിയുക.

ഈ ഭൂതത്തെ തുറന്നു വിട്ടതില്‍ നിങ്ങള്‍ ഇരു കൂട്ടരും തുല്യപങ്കുള്ളവരാണേന്നു മറക്കരുത്.
തിര്യന്തോരത്തെ കസേരേല്‍ ക്കേറിയിക്കാനുള്ള മത്ത് തലയ്ക്കു പിടിച്ചിട്ട് സകലമാന വിഷവിത്തുകളേയും കേരളമണ്ണില്‍ പാകി മുളപ്പിച്ചു വെള്ളമൊഴിച്ച് വള്ര്ത്തീട്ട്, ഇപ്പോ ഫലം തരാന്‍ തുടങ്ങിയപ്പോള്‍ (അപ്പോഴെങ്കിലും യോഗ്യമായ നടപടിയെടുക്കാനാകാതെ) പരസ്പരം ചെളിവാരിയെറിയുന്നതു നിര്‍ത്തുക.

താങ്കള്‍ ഒരു പുതിയ വിവരവും പങ്കു വച്ചിട്ടില്ല. ഇതെല്ലാം ഞങ്ങള്‍ക്കു നന്നായറിയാം.


പക്ഷേ, അസാമാന്യമായ ഒരു ശക്തിയുണ്ട് ഇടതു പക്ഷത്തിന്റെ കൈയ്യില്‍. കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഈ ഭൂതത്തില്‍ നിന്നു രക്ഷിക്കാന്‍ അതൊന്നു ഉപയോഗിച്ചിരുന്നെങ്കില്‍..

മനോജ്, ഞങ്ങള്‍ക്കിപ്പോഴും ഇടതുപക്ഷത്തിലുള്ള വിശ്വാസം നശിച്ചിട്ടില്ല..

Appu Adyakshari said...

"അധ്യാപകന്റെ കൈ വെട്ടുന്നതിലേക്കും ഊതിവീര്‍പ്പിച്ച മതനിന്ദ ആയുധമാക്കി ഒരധ്യാപകനെ ചവിട്ടിക്കൊല്ലുന്നതിലേക്കും നയിച്ച വികാരോത്തേജനപരമായ മാധ്യമ സമീപനം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്" - ഈ സംഭവത്തില്‍ മാധ്യമങ്ങളുടെ പങ്കു അധികമാരും ചര്‍ച്ചചെയ്തതായി കാണുന്നില്ല.

അധ്യാപകന്‍ ഇങ്ങനെ ഒരു ചോദ്യം ഉള്‍പ്പെടുത്തുമ്പോള്‍ അതിന്റെ വരും വരാഴികകള്‍ ചിന്തിച്ചില്ല എന്ന് പറയുന്നതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആ സംഭാഷണം എടുത്ത പുസ്തകത്തില്‍ ഭ്രാന്തന് ഒരു പേരില്ല. അതിനാല്‍ ചോദ്യപേപ്പറിലും ഭ്രാന്തന്‍ എന്ന് തന്നെ എഴുതാമായിരുന്നില്ലേ? ഇതിപ്പോള്‍ മുഹമ്മദ്‌ എന്ന് എഴുതുകയും ചെയ്തു സംഭവങ്ങള്‍ ഇത്രയുമൊക്കെ ആവുകയും ചെയ്തു.

ആകട്ടെ, മാധ്യമങ്ങള്‍ എന്താണ് അന്ന് ചെയ്തത്? ഈ ചോദ്യപ്പേപ്പര്‍ വിവാദം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഈ സംഭാഷണം എവിടെ നിന്ന് എടുത്തു എന്നോ എന്താണിതിന്റെ പിന്നിലെ ടെക്സ്റ്റ്‌ എന്നോ ഏതെന്കിലും വാര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുവോ എന്നറിയില്ല. എന്നാലും ഇപ്പോഴത്തെ അവരുടെ ഒരു രീതി വച്ചു നോക്കിയാല്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. ആ ഒരു സാമൂഹിക പ്രതിബദ്ധത ഇല്ലായ്മയല്ലേ തെറ്റിധാരണാജനകമായി ഈ വാര്‍ത്ത ഇത്രയധികം പ്രചരിക്കുവാന്‍ കാരണമായത്‌? വാര്‍ത്താശകല തമ്സ്കരണം എന്ന ടെക്നിക്‌ സെന്‍സേഷന്‍ ന്യൂസ്‌ ഉണ്ടാക്കുവാനായി സൗകര്യം പോലെ മലയാള മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

mallan _naran said...

സുഹൃത്തെ ..ഒരു അടിസ്ഥാന പ്രശ്നം ഉണ്ടല്ലോ . RSS ന്‍റെ നയം ഒരിക്കലും രാഷ്ട്രത്തിന് എതിരായ യുദ്ധം അല്ലല്ലോ. ചിലപ്പോള്‍ ഇസ്ലാമിന് എതിരാവും. ചിലപ്പോള്‍ ക്രിസ്ത്യാനിക്ക് എതിരാവും . അതും ഹൈന്ദവ സംസകാര സംരക്ഷണത്തിന് ( ഞാന്‍ RSS ന്‍റെ നയ വ്യക്താവ് അല്ല.). അയോധ്യയിലെ പള്ളി നേരത്തെ ഒരു അമ്പലം ആയിരുന്നില്ലേ. ഗുജറാത്തില്‍ മുസ്ലിങ്ങള്‍ മത്രംമല്ല ഹിന്ദുക്കളും കൊല ചെയ്യപ്പെട്ടില്ലേ? ആദ്യം ഹിന്ദുക്കള്‍ അല്ലെ മരിച്ചത് ? മാറാട്ട്ആദ്യം ഹിന്ദുക്കള്‍ അല്ലെ മരിച്ചത് ? അതെന്തേ ആരും പറയാത്തത്? എന്തിനാ മുസ്ലിമിന് വേണ്ടി മാത്രം ഇവിടെ കണ്ണീര്‍? എന്നിട്ട് അവസാനം അവര്‍ ചെയ്യുന്നതോ? RSS അല്ല ഇവിടെ ശത്രു .ഇന്ത്യയെ മറ്റൊരു പാകിസ്താന്‍ ആക്കരുത്. പോപ്പുലര്‍ ഫ്രോന്റും മുസ്ലിം ലീഗ് പോലും രാഷ്ട്രത്തിന് എതിരായ നിലപാട് അല്ലെ സ്വീകരിക്കുന്നത് ? വിഭജന കാലത്തെ മുസ്ലിം ലീഗും ഇപ്പോഴത്തെ ലീഗും തമ്മില്‍ എന്താ വ്യത്യാസം? പോപ്പുലര്‍ ഫ്രണ്ട് ,ജമ അതെ ഇസ്ലാമി ഇവ രാഷ്ട്ര സേവനമാണോ നടത്തുന്നത് ? രാഷ്ട്രത്തിന് എതിരെ അല്ലെ യുദ്ധം ചെയ്യുന്നത്. ഇപ്പോള്‍ എനിക്ക് ഇവിടുത്തെ മുസ്ലിം സഹോദരന്മാരോട് ഒരു സ്നേഹവും തോന്നുന്നില്ല. വന്ദേ മാത്രം ചൊല്ലില്ല..കേരളത്തിലും ഇന്ത്യയിലും വ്യക്തമായ മത ചേരി തിരിവ് ഉണ്ടാക്കാന്‍ ഇവിടുത്തെ മുസ്ലിം മതം മാത്രം മതി. RSS പോലെ വേറെയും സംഘടനകള്‍ ഉണ്ടാകാന്‍ പോകുന്നതെ ഉള്ളൂ. സുഹൃത്ത് ഇരുന്നു ചിന്തിച്ചാല്‍ മതി .തടയാന്‍ ആര്‍ക്കും ആകില്ല.

Kuttettan said...

നാരായണന്‍ ഒരു പ്രതീകം മാത്രം . എന്‍ ഡി എഫ് പോലുള്ള ഭീകരവാദികള്‍ ഉദ്ദേശിച്ചതും ഇത് തന്നെയാവും . രാജ്യത്തിന്റെ അഖന്ദത തകര്‍ക്കുക .അതിനു മതത്തെ ഉപയോഗിക്കുക