Wednesday, June 30, 2010

പരിസ്ഥിതിയും വികസനവും

മാര്‍ക്സിസ്റ്റുകാര്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഗൌരവത്തിലെടുക്കുന്നില്ല എന്ന ആരോപണം കേരളത്തിലെ ചിലകോണുകളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ പരിസ്ഥിതി മൌലികവാദികളും ഇടതുപക്ഷ മുഖംമൂടിയിട്ട കപടവിപ്ളവകാരികളും ഇടതുപക്ഷത്തിനെതിരെ തിരിയുന്ന അനുഭവമാണ് ഇന്ത്യയില്‍ ഇന്നുള്ളത്. റോഡും പാലങ്ങളും റെയിലും വ്യവസായങ്ങളും നാടിനു വേണ്ടതില്ല എന്ന നിലപാടിലേക്കാണ് അവര്‍ എത്തുന്നത്. യാഥാര്‍ത്ഥ്യത്തിലധിഷ്ഠിതമായ കാഴ്ചപ്പാട് ഇത്തരക്കാരില്‍ കാണുന്നില്ല. പകരം ഏകപക്ഷീയവും വിവേക ശൂന്യവും വികാരപരവുമായ നിലപാടുകളാണ് അവര്‍ ഉയര്‍ത്തുന്നത്. വിവാദവും വികാരവും യോജിപ്പിച്ച് ചില മുന്നേറ്റങ്ങളുണ്ടാക്കാനും അത് ഉള്ളടക്കത്തില്‍ ഇടതുപക്ഷത്തിനെതിരാക്കിമാറ്റാനും അവര്‍ക്ക് കഴിയുന്നുണ്ട്.

കിനാലൂരിലെ വ്യവസായ പാര്‍ക്കിലേക്ക് റോഡുവെട്ടിയാല്‍ തകര്‍ന്നുപോകുന്നതാണ് പരിസ്ഥിതി എന്ന ലളിതമായ കുയുക്തി ജനമനസ്സുകളിലേക്ക് പ്രസരണം ചെയ്യിക്കാന്‍ നടന്ന ശ്രമങ്ങളും അതിന്റെ ഫലമായുണ്ടായ പ്രശ്നങ്ങളും സമീപകാലത്ത് നാം കണ്ടു. ഏറ്റവും ചെലവുകുറഞ്ഞതും പരിസ്ഥിതിക്കിണങ്ങുന്നതുമായ ശെവദ്യുതലി സ്രോതസ്സാണ് ജലവൈദ്യുത പദ്ധതികള്‍. ആതിരപ്പള്ളിയില്‍ അങ്ങനെയൊരു പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ പരിസ്ഥിതിയുടെ പേരില്‍ ചിലര്‍ നിലൃക്കൊള്ളുന്നു. കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയും വ്യക്തമായ പരിപാടിയോടെയും ആ വനത്തിന്റെ മനോഹാരിത മനുഷ്യന് ആസ്വാദ്യമാക്കുക സദുദ്ദേശ്യത്തോടെയും ഒരു പദ്ധതി തുടങ്ങിയപ്പോള്‍ അതിനെ കണ്ടല്‍ നശീകരണമായാണ് വ്യാഖ്യാനിച്ചത്. പൂര്‍ണ്ണമായും മഴവെള്ളം സംഭരിച്ച് അതുപയോഗിച്ച് പറശ്ശിനിയില്‍ സഹകരണ മേഖലയില്‍ ജലവിനോദ പാര്‍ക്ക് ആരംഭിച്ചപ്പോള്‍ അത് ജലചൂഷണമെന്നാക്ഷേപിക്കപ്പെട്ടു. സഹകരണ മേഖലയില്‍, അതും സിപിഐ എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സഹകരണസംഘം വിനോദ പാര്‍ക്ക് തുടങ്ങുകയോ എന്നാണ് ചോദ്യം ഉയര്‍ന്നത്. നാട്ടില്‍ പലേടത്തും ഇത്തരം പാര്‍ക്കുകള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും അവയില്‍ പലതും നഗ്നമായ ജലചൂഷണം നടത്തുന്നുണ്ടെന്നതും ഈ പരിസ്ഥിതി പ്രേമികളുടെ കണ്ണില്‍ പെടുന്നില്ല.

സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂമികയ്യേറ്റം നടന്ന ജില്ലകളിലൊന്ന് വയനാടാണ്. അവിടത്തെ കയേയററങ്ങളെപ്പറ്റി; ആട്ടിയിറക്കപ്പെടുന്ന ആദിവാസികളെപ്പറ്റി; കിടപ്പാടത്തിനും ഒരുതുണ്ടു ഭൂമിക്കും വേണ്ടിയുള്ള അവരുടെ ത്യാഗനിര്‍ഭരമായ സമരത്തെപ്പറ്റി ഈ 'മനുഷ്യ സ്നേഹികളായ' പരിസ്ഥിതി വാദികളുടെ ഉദീരണങ്ങളൊന്നും കേള്‍ക്കാനില്ല. പകരം അവരുടെ ശ്രദ്ധ വയനാട്ടില്‍ സ്വകാര്യ ഭൂവുടമകള്‍ കയ്യടക്കിവെച്ച നൂറുകണക്കിന് ഏക്കര്‍ ഭൂമി അതേപടി നിലനിര്‍ത്തുന്നതിലാണ്. എല്‍ഡിഎഫിന് പിന്തുണ നല്‍കിയപ്പോള്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ലോകം കണ്ട ഏറ്റവും കൊടിയ ഭീകരനും എല്‍ഡിഎഫുമായി ബന്ധമില്ലാതായപ്പോള്‍ വേട്ടയാടപ്പെടുന്ന നിരപരാധിയും ആയി ഇതേ കൂട്ടര്‍ വിളിച്ചുപറയുന്നത് നാം കണ്ടു. അതേ മാനസികാവസ്ഥയാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അവരുടേത്.

മാര്‍ക്സിസ്റ്റുകാര്‍ക്ക് പരിസ്ഥിതിസംരക്ഷണം പ്രത്യേക സന്ദര്‍ഭത്തില്‍മാത്രം ഉണരുന്ന വികാരമല്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ചരിത്രത്തില്‍ വിപുലമായ പഠനത്തിന് വിധേയമായിട്ടുണ്ട്. പ്രകൃതിയിലെ പ്രവര്‍ത്തനങ്ങളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച് പകൃതിയുടെ വൈരുദ്ധ്യാത്മകതഎന്ന ഗ്രന്ഥം ഫ്രെഡറിക്ക് എംഗല്‍സ് എഴുതിയത് 1883ന്‍് മുമ്പാണ്. 1883 ല്‍ കാള്‍ മാര്‍ക്സ് അന്തരിച്ചതിനെത്തുടര്‍ന്ന് മറ്റുചുമതലകള്‍ നിറവേറ്റാന്‍ നിര്‍ബന്ധിതനായ എംഗല്‍സിന് അന്നത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ് 1925-ലാണ് കയ്യെഴുത്തുപ്രതി കണ്ടെടുത്ത് സോവിയറ്റ് യൂണിയനില്‍ പ്രസിദ്ധീകരിച്ചത്. പ്രകൃതിയെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന ഘടകങ്ങളെ ശാസ്ത്രീയമായി ഈ പുസ്തകത്തില്‍ എംഗല്‍സ് വിവരിക്കുന്നു.

പ്രകൃതിയില്‍ വൈരുധ്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അതും മനുഷ്യനും തമ്മിലുള്ള ബന്ധവുവിശദീകരിക്കുന്നു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ് എന്നതാണ് മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട്. പ്രകൃതിയെ തന്റെ ജീവിത പുരോഗതിക്കും നിലനില്‍പ്പിനുതന്നെയും വേണ്ടി ഉപയോഗപ്പെടുത്തുന്നവനാരോ അവനാണ് മനുഷ്യന്‍. അവിടെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തിന് പ്രാധാന്യം കൈവരുന്നു. നിലയ്ക്കാണ്. മൃഗങ്ങള്‍ക്ക് പ്രകൃതിയോട് മല്ലടിക്കാന്‍ ആയുധങ്ങളില്ല. അവ പ്രകൃതിയുമായി പൊരുത്തപ്പെട്ട്, പ്രകൃതിയില്‍നിന്നുകിട്ടുന്നത് ഭക്ഷിച്ച്, പ്രകൃതി ഒരുക്കുന്ന ഇടങ്ങളില്‍ പാര്‍ക്കുന്നു. എന്നാല്‍ മനുഷ്യന്‍ തന്റെ പണിയായുധങ്ങള്‍കൊണ്ടും ബുദ്ധിശേഷികൊണ്ടും പ്രകൃതിയെ തനിക്കുവേണ്ട രീതിയില്‍ മാറ്റിയാണ് ജീവിക്കുന്നതിന്; അതിനാണ് നിരന്തരം പ്രയത്നിക്കുന്നത്.

മനുഷ്യരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രം പണി ആയുധങ്ങളു2 വികാസത്തിന്റെ ചരിത്രമാണ്. ആദ്യകാലത്ത് കല്ലുകൊണ്ടായിരുന്നു ആയുധമുണ്ടായത്. പിന്റെ ലോഹവും ഇന്ന് സുപ്പര്‍ കമ്പ്യൂട്ടറുകളടക്കമുള്ളവയും. പണി ആയുധങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടപ്പോള്‍ മനുഷ്യന്റെ ജീവിത നിലവാരവും ഉയര്‍ന്നു. ശിലായുഗത്തില്‍നിന്ന് ഇന്നത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയിലേക്കുള്ള വളര്‍ച്ചയും അടിമ-ഉടമ വ്യവസ്ഥയില്‍നിന്ന് മുതലാളിത്തത്തിലേക്കും സോഷ്യലിസത്തിലേക്കുമുള്ള വളര്‍ച്ചയും ഒരേ താളത്തിലുള്ളതാണ്. പ്രകൃതിയില്‍ ഇടപെട്ടുകൊണ്ടല്ലാതെ മനുഷ്യന് ജീവിതമില്ല. ആ ഇടപെടലിന്റെ തോത് ഭ്രാന്തമായി വിപുലപ്പെടുന്നതും ശാസ്ത്ര പുരോഗതിയുടെ ഉല്‍പന്നങ്ങളായി പ്രകൃതിയെ യും ആവാസ വ്യവസ്ഥയെയും ദുഷിപ്പിക്കുന്നതും നശിപ്പിക്കുന്നതുമായ പ്രത്യാഘാതങ്ങളുണ്ടാവുകയും ചെയ്യുന്നു എന്നതാണ് ആധുനിക കാലത്തിന്റെ പ്രധാന പ്രശ്നം. തമിഴ്നാട്ടില്‍ കൃഷി ഉണ്ടാകുന്നത് അണക്കെട്ടുകളുടെയും ജലസേചന പദ്ധതികളുടെയും വൈപുല്യം കൊണ്ടാണ്. അണകെട്ടുന്നതും തോടുവെട്ടുന്നതും പാരിസ്ഥിതിക പ്രശ്നമായി വികാരപ്പെടാം.

മരങ്ങളും വനവും നശിക്കുമെന്ന് അലമുറയിടാം. ആ അണക്കെട്ടില്‍നിന്ന് വഴിതിരിച്ചു കൊണ്ടുപോകുന്ന വെള്ളം ലക്ഷക്കണക്കിന് തമിഴ്നാട്ടുകാര്‍ക്ക് തൊഴിലും വരണ്ട ഭൂമിക്ക് പച്ചപ്പും മലയാളിക്ക് ആഹാരവും നല്‍കുന്നുവെങ്കിലോ? തമിഴ് നാട്ടില്‍ കൃഷി ഉണ്ടായാല്‍ പോര; കാര്‍ഷികോല്‍പന്നങ്ങള്‍ കേരളത്തിലെത്തണം. അത് തലച്ചുമടായി എത്തിച്ചാല്‍ മതിയോ? പോര. ചരക്കു നീക്കത്തിന് റോഡും റെയിലും വേണം. മനുഷ്യന്റെ അതിജീവനത്തിന് റോഡുവേണം. റോഡു നിര്‍മ്മാണം പ്രകൃതി വിരുദ്ധമാണ് എന്നു വന്നാലോ? ചെലവുകൂടിയ ഇന്ധനങ്ങളുപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതിയുടെ നേരിയ ശതമാനം മതി ജലവൈദ്യുതിയുടെ ഉല്‍പാദനത്തിന്. ജല വൈദ്യുത പദ്ധതികളൊന്നും വേണ്ടതില്ല, വന്‍ ചെലവും അപകട സാധ്യതയുമുള്ള ആണവ നിലയങ്ങള്‍ മാത്രം മതി എന്നു പറയാന്‍ കഴിയുമോ? വന്‍തോതില്‍ മലിനീകരണം സൃഷ്ടിക്കുന്ന താപനിലയങ്ങളെ മാത്രം ാശ്രയിക്കാനാകുമോ? പ്രകൃതിയെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്താനുള്ള ഇടപെടല്‍ ആര്‍ക്കും തടയാനാവാത്തതാണ്. അതേസമയം, അത്തരത്തിലുള്ള ഇടപെടല്‍ ൃപ്രകൃതിയുടെ പ്രവര്‍ത്തനങ്ങളെയും നിലനില്‍പ്പിനെയും അവഗണിച്ചുകൊണ്ടാകരുത് എന്നാണ് മാര്‍ക്സ്ിസ്റ്റുകാര്‍ പറയുന്നത്.

പ്രകൃതിയുടെ നാശത്തിന് വഴിവെക്കുന്ന ഇടപെടലുകളരുത്. പ്രകൃതിയലില്‍നിന്നാണ് മനുഷ്യന്‍ അതിജീവനത്തിനുള്ള ഊര്‍ജം വലിച്ചെടുക്കുന്നത്. പ്രകൃതിയുടെ നാശം മനുഷ്യന്റെയും നാശമാണെന്ന് മാര്‍ക്സിസ്റ്റുകാര്‍ കാണുന്നു. അതാണ്, 'മരമൌലിക വാദി'കളും മാര്‍ക്സിസ്റ്റുകാരും തമ്മിലുള്ള വ്യത്യാസം. ആദ്യത്തെ കൂട്ടര്‍ പ്രകൃതിയെ മാത്രം കാണുന്നു; പ്രകൃതിയെ കാണുന്നില്ല. മാര്‍ക്സിസ്റ്റുകാര്‍ രണ്ടിനെയും കാണുന്നു. ഭമിയു2 ഊക്ഷ്മാവ് ക്രമാതീതമായി വര്‍ധിക്കുന്ന പ്രതിഭാസത്തെ, ഇതാ എല്ലാം തകരാന്‍ പോകുന്നു; ഇനി രക്ഷയില്ല; എല്ലാ വികസനപ്രവര്‍ത്തനവും നിര്‍ത്തിവെക്കുക എന്ന വിലാപം കൊണ്ടല്ല മാര്‍ക്സിസ്റ്റുകാര്‍ നേരിടുന്നത്. ശാസ്ത്രീയ സമീപനങ്ങളിലുടെ; നീതി നിഷ്ഠമായ നിയന്ത്രണങ്ങളിലൂടെ അന്തരീക്ഷ മലിനീകരണം തടയാനുള്ള ഇടപെടല്‍ നടത്തിക്കൊണ്ടാണ്.

പാരിസ്ഥിതിക സംരക്ഷണം എന്നത് കമ്യൂണിസ്റ് പാര്‍ടിയുടെ അജണ്ടയുടെ ഭാഗമാണ്. സി.പി.ഐ (എം) പരിപാടിയില്‍, ജനകീയ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ നിര്‍വ്വഹിക്കുന്ന കടമകളില്‍ "പരിസ്ഥിതി സംരക്ഷിക്കാനുള്ള സമഗ്രമായ നടപടികള്‍ കൈക്കൊള്ളും. പരിസ്ഥിതി സന്തുലനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം മനസ്സില്‍ വച്ചുകൊണ്ടുള്ള വികസന പരിപാടികള്‍ ആസൂത്രണം ചെയ്യും. രാജ്യത്തിന്റെ ജൈവ വൈവിധ്യവും ജൈവ വിഭവങ്ങളും സാമ്രാജ്യത്വ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കും.''എന്ന് പ്രഖ്യാപിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സമീകാലത്ത് കേരളത്തില്‍ ഉയര്‍ന്നുവന്ന പലചര്‍ച്ചകളും വിവാദങ്ങളും കാര്യങ്ങളെ ശാസ്ത്രീയമായി കണ്ടുകൊണ്ടുള്ളതല്ല. മറിച്ച്, സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യവും കേവല പരിസ്ഥിതിവാദവും മുന്‍നിര്‍ത്തിയുള്ള വികാരപ്രകടനങജളും ബഹളങ്ങളുമാണവ. കല്‍പനകളും നുണകളുമാണ് അവയ്ക്ക് അകമ്പടി സേവിച്ചത്. കിനാലൂരിലെ സമരം ഒരുദാഹരണം. അവിടെ നൂറുമീറ്റര്‍ വീതിയുള്ള റോഡ് വെട്ടാന്‍ പാുേന്നുവെന്ന പച്ചക്കള്ളം വരെ സംസ്ഥാനത്തെ ഉയര്‍ന്ന ഉത്തരവാദിത്തമുള്ള ചില രാഷ്ട്രീയ നേതാക്കള്‍ പ്രചരിപ്പിച്ചു. വയനാട്ടിലെ ആദിവാസികള്‍ കിടപ്പാടത്തിനുവേണ്ടി നടത്തുന്ന സമരത്തെ അടിച്ചൊതുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ തന്നെ, കിനാലൂരില്‍ മൃഗവിസര്‍ജ്യം തെറിപ്പിച്ചും കലെലറിഞ്ഞും വടിവീശിയും നടത്തിയ അക്രമ സമരാഭാസത്തെ പ്രകീര്‍ത്തിച്ചു.

പ്രകൃതിയില്‍ ഇടപെട്ടും അതിനെ ഉപയോഗപ്പെടുത്തിയുമാണ് വികസനം സാധ്യമാവുക എന്നതില്‍ തര്‍ക്കമില്ല. പരിസ്ഥിതി പ്രണയ ബഹളക്കാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രകൃതിയില്‍ ഇടപെടാതെ മനുഷ്യന് ഒരിഞ്ച് മുന്നോട്ടുപോകാനാകില്ല. പ്രകൃതിയെ തൊടാന്‍ പാടില്ലെന്നത് മുട്ടാപ്പോക്കു വാദമാണ്. കേവല പരിസ്ഥിതി വാദം എന്നും മരമൌലിക വാദം എന്നും വിളിക്കാവുന്ന ഈ സമീപനം മനുഷ്യചരിത്രത്തിന്റെ വികാസത്തിനു തന്നെ തടസ്സമാണ്. പകൃതിയില്‍ ഒന്നും ചെയ്യാന്‍ പാടില്ല എന്നതല്ല, ഓരോ പ്രവര്‍ത്തനത്തിന്റെയും പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ പഠിച്ച് പ്രകൃതിയെ തകര്‍ക്കുന്ന വിധത്തിലല്ല അത് എന്നുറപ്പാക്കി സ്വീകരിക്കുകയാണ് അഭികാമ്യമായ സമീപനം. പരിസ്ഥിതിയും വികസനവും ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്നവയല്ല. യുക്തി സഹമായി പൊരുത്തപ്പെടുത്തേണ്ടതാണ്.

വ്യവസായവും കൃഷിയും വളര്‍ന്നില്ലെങ്കില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ മാര്‍ഗമില്ലാത്ത സ്ഥിതിയാണുണ്ടാവുക. ഉല്‍പാദനം വര്‍ധിക്കില്ല. വ്യവസായ വികസനം മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. എന്തുവിലകൊടുത്തും അത് തടയുമെന്ന് പ്രഖ്യാപിച്ച് സമരത്തിനിറങ്ങുന്നവര്‍ വികസനത്തിന്റെ മാത്രമല്ല; മനുഷ്യരാശിയുടെതന്നെ ശത്രുക്കളാണ്. മനുഷ്യന്റെ വികാസവും പ്രകൃതിയുടെ നിലനില്‍പ്പും കണക്കിലെടുത്തുള്ള നയമാണ് മാര്‍ക്സിസ്റ്റുകാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കേവല പരിസ്ഥിതിവാദം പോലെതന്നെ അപകടകരമാണ് പരാരിസ്ഥിതിക പ്രശ്നങ്ങളെ അവഗണിച്ചുള്ള വ്യവസായവല്‍ക്കരണ മുദ്രാവാക്യവും. ഓരോ പ്രദേശത്തിന്റെയും സമൂഹത്തിന്റെയും സാധ്യതകളും പാരിസ്ഥിതിക പ്രത്യേകതകളും കണക്കിലെടുത്തുള്ള വികസന നയം രൂപപ്പെടുത്തേണ്ടതുണ്ട്.

ഇവിടെ, ഒരാളെപ്പോലും കുടിയൊഴിപ്പിക്കാതെ ഒരു കാടും വെട്ടി നശിപ്പിക്കാതെ വിഭാവനം ചെയ്യുന്ന വികസന സംരംഭങ്ങള്‍പോലും വിവാദങ്ങളില്‍ മുക്കി നശിപ്പിച്ചുകളയുകയും അതിന് കേവല പരിസ്ഥിതി വാദികള്‍ നേതൃതവം നല്‍കുകയും ചെയ്യുന്ന കാഴ്ചയാണുള്ളത്. കേവല പരിസ്ഥിതിവാദികള്‍ മിക്കപ്പോഴും മറക്കുന്നതും മറച്ചുവെക്കുന്നതുമായ പ്രശ്നം പ്രകൃതിയെ തകര്‍ക്കുന്നതില്‍ രാഷ്ട്രീയ വ്യവസ്ഥിതികളുടെ പങ്കാളിത്തമാണ്. മറ്റെല്ലാ മേഖലയിലുമെന്നപോലെ പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുഖ്യകാരണം ലാഭമോഹത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മുതലാളിത്തത്തിന്റെ ഇടപെടലുകളാണ്. ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി തകര്‍ച്ചയ്ക്ക് കാരണക്കാര്‍ അമേരിക്കയാണ്. ലോകജനസംഖ്യയില്‍ നാലുശതമാനം മാത്രമുള്ള അമേരിക്കയാണ് ആഗോള അന്തരീക്ഷ താപനത്തിന്റെ 16 ശതമാനത്തിന്റെയും ഉത്തരവാദി. എന്നിട്ടും ഇതിന് കുറവ് വരുത്തുന്ന ക്യോട്ടോ ഉടമ്പടി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. ഞങ്ങള്‍ പരിസ്ഥിതി മലിനമാക്കും; വിഷവാതകങ്ങള്‍ പുറത്തുവിടും; അതിന്റെ പ്രത്യാഘാതം ലോകം മുഴുവന്‍ അനുഭവിക്കട്ടെ; പ്രതിവിധി കാണാന്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ പരിശ്രമിക്കട്ടെ എന്നതാണ് അമേരിക്കന്‍ നിലപാട്. ഈ നയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന നിലപാടില്‍ അമേരിക്ക ഉറച്ചുനില്‍ക്കുന്നതാണ് കോപ്പന്‍ ഹേഗന്‍ ഉച്ചകോടിയില്‍ കണ്ടത്; ആഗോളതാപനത്തിന്റെ പ്രശ്നത്തില്‍ ഇതഃപര്യന്തം കാണുന്നത്. പരിസ്ഥിതി പ്രശ്നം ലോകത്തിന്റെയാകെ ആശങ്കയായി മാറിയിരിക്കുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്കകം ആഗോള ഊഷ്മാവ് രണ്ട് ഡിഗ്രി കൂടി വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ട് അവസാനത്തോടെ ജീവന്റെ സുസ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് എന്ന അപകടരേഖയിലെത്തുമെന്നും ശാസ്ത്രലോകം നിരീക്ഷിക്കുന്നു.

260 കോടി ദരിദ്ര ജനതയാണ് ഇതിന്റെ ദുരന്തം ഏറ്റുവാങ്ങുക. പ്രതിവര്‍ഷം ഏതാണ്ട് 26.2 കോടി ആളുകള്‍ കാലാവസ്ഥാ ദുരന്തത്തിന്റെ പ്രതികൂല ഫലങ്ങള്‍ അനുഭവിക്കുന്നു. ഇതില്‍ 98 ശതമാനം പേരും വികസ്വര ലോകത്തുള്ളവരാണ്. പാരിസ്ഥിതിക പ്രശ്നങ്ങളുടെ രാഷ്ട്രീയം ഈ വസ്തുതകളിലാണ്. അതുകാണാതെ കിനാലൂരിലെ റോഡിനെയും സാധാരണക്കാരന് ജീവിതോപാധിയായി വളന്നുവരുന്ന ചെറുകിട വ്യവസായ സംരംഭങ്ങളെയും ഒരുതരം പകയോടെ നശിപ്പിക്കാന്‍ നടക്കുന്നവര്‍ വികസനത്തിന്റെയോ പരിസ്ഥിതിയുടെയോ നാടിന്റെയോ ജനങ്ങളുടെയോ പക്ഷത്തുനില്‍ക്കുന്നവരല്ല; ശത്രുപക്ഷത്തുള്ളവരാണ്. അവരെ തിരിച്ചറിയുകയും പരിസ്ഥിതി സംരക്ഷണത്തിന് യാഥാര്‍ത്ഥ്യബോധത്തോടെ രംഗത്തിറങ്ങുകയും ചെയ്യുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. അതുകൊണ്ടാണ്, പരിസ്ഥിതിയുടെ പേരില്‍ കാപട്യപൂര്‍വം വിലപിക്കുന്ന ജനശത്രുക്കളെ മാര്‍ക്സിസ്റ്റുകാര്‍ കഠിനമായി വെറുക്കുന്നത്.

2 comments:

manoj pm said...

സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂമികയ്യേറ്റം നടന്ന ജില്ലകളിലൊന്ന് വയനാടാണ്. അവിടത്തെ കയേയററങ്ങളെപ്പറ്റി; ആട്ടിയിറക്കപ്പെടുന്ന ആദിവാസികളെപ്പറ്റി; കിടപ്പാടത്തിനും ഒരുതുണ്ടു ഭൂമിക്കും വേണ്ടിയുള്ള അവരുടെ ത്യാഗനിര്‍ഭരമായ സമരത്തെപ്പറ്റി ഈ 'മനുഷ്യ സ്നേഹികളായ' പരിസ്ഥിതി വാദികളുടെ ഉദീരണങ്ങളൊന്നും കേള്‍ക്കാനില്ല. പകരം അവരുടെ ശ്രദ്ധ വയനാട്ടില്‍ സ്വകാര്യ ഭൂവുടമകള്‍ കയ്യടക്കിവെച്ച നൂറുകണക്കിന് ഏക്കര്‍ ഭൂമി അതേപടി നിലനിര്‍ത്തുന്നതിലാണ്.

മനനം മനോമനന്‍ said...

വായിച്ചു.

ഈയുള്ളവനും പി.എം മനോജ് തന്നെയാണെന്നൊരോപണം ഒരാൾ കമന്റിയിരിക്കുന്നു.സ്വന്തമായി പോസ്റ്റെഴുതി സ്വയം മറ്റൊരു പേരിൽ കമന്റെഴുതുന്നുവത്രേ!ഹഹഹ!