അകാലത്ത് അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി കെ ഫല്‍ഗുനനെ അനുസ്മരിക്കുമ്പോള്‍
"മനോജ്, ഈ തുടക്കം എങ്ങനെയുണ്ട്. തുടരണമോ വേണ്ടയോ- ഫല്‍ഗു''
"മനോജ്, ഈ തുടക്കം എങ്ങനെയുണ്ട്. തുടരണമോ വേണ്ടയോ- ഫല്‍ഗു''
ഇക്കഴിഞ്ഞ ഫെബ്രുവരിയുടെ അവസാന നാളില്‍ ഇങ്ങനെയൊരു മുഖവുരയുമായി ഇ-മെയില്‍ സന്ദേശം ഇന്‍ബോക്സില്‍ വന്നുകിടന്നിരുന്നു. അയച്ചയാള്‍ പി കെ ഫല്‍ഗുനന്‍, 'സ്നേഹ', പുറങ്കര, വടകര.
1987-ല്‍ ദേശാഭിമാനിയിലേക്ക് തെരഞ്ഞെടുത്ത 16 പത്രപ്രവര്‍ത്തക ട്രെയ്നികളില്‍ ഒരാള്‍ ഫല്‍ഗുനന്‍; മറ്റൊരാള്‍ പി എം മനോജ്. ആദ്യത്തെയാള്‍ പുറങ്കര കടപ്പുറത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുഞ്ഞിിക്കണ്ണന്റെ മകന്‍. രണ്ടാമത്തെയാള്‍ കൂത്തുപറമ്പിലെ കര്‍ഷകത്തൊഴിലാളി ബാലന്റെ മകന്‍. കടലില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴത്തെ ഒരു പരിക്ക് ഫല്‍ഗുനന്റെ ദേശാഭിമാനിയിലേക്കുള്ള വരവിനെ കുറച്ചുദിവസം നീട്ടിച്ചു. വൈകിവന്ന പരുക്കന്‍ സ്വഭാവക്കാരനോട് ചിലരെല്ലാം അകലംപാലിച്ചു. പതിയെ ഫല്‍ഗുനനോട് അടുപ്പമില്ലാത്ത ആരുമില്ലെന്നായി. എല്ലാവര്‍ക്കും തോന്നും, ഞാനാണ് ഉറ്റ ചങ്ങാതിയെന്ന്. അവന് എല്ലാവരും തുല്യരായ സുഹൃത്തുക്കള്‍.
ഫല്‍ഗുനന്റെ വീടിന്റെ പേര് 'സ്നേഹ' എന്നാണ്. ആ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതെന്തോ ആ പേരുതന്നെ. "ഇനി ആരെങ്കിലും വിളിച്ചാല്‍, സഖാവ് ഇല്ലെന്നു ഞാന്‍ പറയും'' എന്നാണ് അര്‍ധബോധാവസ്ഥയില്‍ റീന വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്. ഫല്‍ഗുനന്റെ ഭാര്യ റീന ഭര്‍ത്താവിനെ സഖാവ് എന്നാണ് വിളിക്കുക. അമ്മയെ ഇളയമകള്‍ ആശ്വസിപ്പിക്കുന്നു. മൂത്തവള്‍ക്ക് സ്വയം നിയന്ത്രിക്കാനാവുന്നില്ല. അവള്‍ മറ്റൊരു മുറിയിലാണ്. കരച്ചിലിന്റെ കടലിരമ്പമാണ്. കാലവര്‍ഷമായി കണ്ണീര്‍ പെയ്യുകയാണ്. ഫല്‍ഗുനന് എല്ലാവരെയും ഇഷ്ടമായിരുന്നു. ശത്രുക്കളില്ലാത്ത ജീവിതം. പരിഭവങ്ങളും പ്രതിഷേധങ്ങളുമില്ലാത്ത ജീവിതം.
പല തട്ടുകളില്‍ തൂക്കിയാലും തൂക്കം കൂടുതലാണ്. അങ്ങനെയുള്ളവര്‍ പത്രപ്രവര്‍ത്തനരംഗത്ത് വളരെ കുറവേ ഉള്ളൂ. രാഷ്ട്രീയം, കല, സ്പോര്‍ട്സ്... എല്ലാം ഫല്‍ഗുവിനു വഴങ്ങും. പുറമെ ലേ-ഔട്ടിലെ പ്രാഗത്ഭ്യം. ദേശാഭിമാനിക്ക് തിരുവനന്തപുരം കേന്ദ്രീകരിച്ച് സെന്‍ട്രല്‍ ഡെസ്ക് രൂപീകരിക്കുമ്പോള്‍ ന്യൂസ് എഡിറ്റര്‍ ആരാവണമെന്ന് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല ആര്‍ക്കും. ഒരു പേരുമാത്രം നിര്‍ദേശിക്കപ്പെട്ടു- പി കെ ഫല്‍ഗുനന്‍. വൈദ്യുതി-പട്ടിക വിഭാഗക്ഷേമ മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് അന്ന് ഫല്‍ഗുനന്‍. ഉയര്‍ന്ന വേതനം; മികച്ച ജോലി. ദേശാഭിമാനിയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടാല്‍ സമ്മതമാകുമോ എന്ന് സംശയമുണ്ടായിരുന്നു. അത് അസ്ഥാനത്താക്കി, ആദ്യത്തെ വിളിയില്‍ ഫല്‍ഗുനന്‍ വന്നു. പത്രപ്രവര്‍ത്തകനല്ലാത്ത ജീവിതം കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ. സെന്‍ട്രല്‍ ഡെസ്കിന്റെ നായകനായി മികവുറ്റ പ്രകടനം.
അല്‍പ്പകാലമേ തിരുവനന്തപുരം ദേശാഭിമാനിയില്‍ തുടര്‍ന്നുള്ളൂ. പതുക്കെ രോഗത്തിന്റെ ആക്രമണം തുടങ്ങി. ഇഞ്ചിനു വിടാതെ ഫല്‍ഗുനന്‍ പൊരുതി. ഒടുവില്‍ രോഗം ജയിച്ചു. മുഴുസമയ അധ്വാനിയെ വയ്യായ്ക കീഴടക്കി. തലസ്ഥാനത്തിന്റെ കര്‍മനൈരന്തര്യത്തോട് അവധിപറഞ്ഞ് പുറങ്കര കടപ്പുറത്തേക്ക്. പുറങ്കര ഫല്‍ഗുനന് പെറ്റമ്മയാണ്. ഒരിക്കല്‍ അഭിമാനത്തോടെ പറഞ്ഞു: "എടാ, ഞാന്‍ സാധാരണക്കാരനല്ല, ഒഞ്ചിയം രക്തസാക്ഷികളെ കുഴിവെട്ടിമൂടിയ മണ്ണിന്റെ മകനാണ്'' എന്ന്. ഫല്‍ഗുനന്‍ സാധാരണക്കാരനായിരുന്നില്ല; സാദാ പത്രപ്രവര്‍ത്തകനുമായിരുന്നില്ല. അഞ്ചടി പതിനൊന്നിഞ്ച് ഉയരമുള്ള ശരീരം മാത്രമായിരുന്നില്ല ഫല്‍ഗുവിന്റെ ഔന്നത്യം. പുറങ്കര കടപ്പുറത്തിന്റെ പൊന്നോമനെയെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന യോഗത്തില്‍ പറഞ്ഞത്, ആ പ്രദേശത്തെ തലമുതിര്‍ന്ന മുസ്ളിംലീഗ് നേതാവാണ്. ഞങ്ങളുടെ നാട്ടില്‍ വെളിച്ചമെത്തിയത് ആ നല്ല മനുഷ്യന്റെ നിര്‍ബന്ധംകൊണ്ടാണെന്ന് നാട്ടുകാര്‍ അടക്കിപ്പിടിക്കാതെ പറഞ്ഞു.
പാലക്കാട്ട് ബ്യൂറോ ചീഫായിരുന്നപ്പോള്‍ 'ഇ ക്യൂ' ഫല്‍ഗുനനായിരുന്നു. വിളിക്കുന്ന എല്ലാവര്‍ക്കും തീവണ്ടിയില്‍ എമര്‍ജന്‍സി ക്വോട്ടയില്‍ ടിക്കറ്റ് ശരിയാക്കിക്കൊടുക്കുന്ന ഉപകാരി. എറണാകുളത്താകുമ്പോള്‍, എന്നും അവനെ തേടി ആളുകള്‍ വരും- കോടതി, ആശുപത്രി കേസുകള്‍.
കഴിഞ്ഞവര്‍ഷം പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ്, ഞങ്ങള്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ വടകരയിലെ വീട്ടിലെത്തി ഫല്‍ഗുനനെ കണ്ടത്. വടകര പട്ടണത്തില്‍നിന്ന് അല്‍പ്പം പടിഞ്ഞാറോട്ടു മാറിയാണ് പുറങ്കര. കടപ്പുറത്താണ് വീട്. പണ്ട്, മീന്‍പിടിക്കാന്‍ പോയ കഥകള്‍ ഫല്‍ഗുനന്‍ സവിസ്തരം പറഞ്ഞിട്ടുണ്ട്. വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ കുറെയേറെയാളുകള്‍ നില്‍ക്കുന്നു. ഫല്‍ഗുനന്‍ കട്ടിലില്‍ കിടക്കുകയാണ്. സ്വയം എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല; വര്‍ത്തമാനം പറയാനും. ഒറ്റനോട്ടത്തില്‍ത്തന്നെ ഞങ്ങള്‍ അസ്വസ്ഥരായി. ആരോടും വര്‍ത്തമാനം പറയാന്‍ നിന്നില്ല- ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകണം. വളരെ പെട്ടെന്ന് വണ്ടിവന്നു. നേരെ ഐസി യൂണിറ്റിലേക്ക്. അവിടെ എത്തിയപ്പോള്‍ ഡോക്ടറുടെ പ്രതികരണം: "വൈകിപ്പോയി. ഇനിയും ഒരുമണിക്കൂറെങ്കിലും വൈകിയിരുന്നെങ്കില്‍ ഇങ്ങോട്ട് കൊണ്ടുവരേണ്ടതില്ലായിരുന്നു.''
എല്ലാവിധ ചികിത്സയും ലഭിച്ചു. ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, അവരുടെ സംഘടനാനേതാക്കള്‍, ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ എം രഘുനാഥ്... എല്ലാവരും ഒത്തുനിന്നു. ജീവന്‍ രക്ഷിക്കുക, അതുമാത്രമായിരുന്നു ലക്ഷ്യം. പതുക്കെ ഫല്‍ഗുനന്‍ തിരിച്ചുവന്നു. ശരീരത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി വര്‍ധിക്കുന്നതാണ് രോഗം. ഇനിയുള്ള നാളുകളില്‍ ഡോക്ടര്‍മാരുടെ തണലില്‍ മാത്രമാണ് ജീവിതം. പനി വന്നാല്‍പോലും മരുന്നുകഴിക്കാന്‍ വിദഗ്ധ ഡോക്ടര്‍ തീരുമാനിക്കണം. ദേശാഭിമാനി മാനേജ്മെന്റ് ഫല്‍ഗുനനുവേണ്ടി ഒരു തീരുമാനമെടുത്തു. അസുഖം അല്‍പ്പം ഭേദപ്പെടുന്നതുവരെ വടകരയില്‍ത്തന്നെ തുടരട്ടെ. എല്ലാ ദിവസത്തെയും പത്രാവലോകനം തയ്യാറാക്കി അയച്ചാല്‍ മതി. ആ ചുമതല ഭംഗിയായി നിര്‍വഹിച്ചു. പക്ഷേ, അടങ്ങിയിരുന്നില്ല. ഞങ്ങളെ തേടി ഫല്‍ഗുനന്റെ കോളുകള്‍ വന്നുകൊണ്ടിരുന്നു. വടകരയിലെ, പുറങ്കരയിലെ പലരുടെയും പ്രശ്നങ്ങള്‍. സ്ഥലംമാറ്റം, പെന്‍ഷന്‍ തീര്‍പ്പാക്കല്‍... ഇങ്ങനെ. ഒരിക്കല്‍ ചോദിക്കേണ്ടിവന്നു: നീ അവിടെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ. പതിവുപോലെ ഉത്തരം ഒരു ചിരിയില്‍ ഒതുങ്ങി.
ജൂണ്‍ 11ന് രാത്രി 12ന് ഫല്‍ഗുനന്റെ നമ്പറില്‍നിന്ന് കോള്‍ വന്നു. റീനയാണ്. "സഖാവിന് നല്ല പനി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ്. അവിടെ ആരോടെങ്കിലും വിളിച്ചുപറയണം.'' കാഷ്വാലിറ്റിയില്‍ എത്തിയപ്പോഴേക്കും പക്ഷേ, ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആരിടപെട്ടാലും രക്ഷപ്പെടുത്താന്‍ കഴിയാത്തത്ര അകലെ എത്തിയിരുന്നു ഫല്‍ഗുനന്‍. പിറ്റേന്ന് ഒരു സുഹൃത്ത് പറഞ്ഞു: ഇന്നലെ ഫല്‍ഗുനന്റെ മെയില്‍ ഉണ്ടായിരുന്നു. കടുത്ത പനിയായതിനാല്‍ റിവ്യൂ ഉണ്ടാകില്ലെന്ന്. അക്ഷരാര്‍ഥത്തില്‍ പൊട്ടിക്കരഞ്ഞുപോയി. ആ പനിയുടെ വിവരം അറിഞ്ഞിരുന്നുവെങ്കില്‍ നിര്‍ബന്ധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അന്നുതന്നെ അയക്കുമായിരുന്നില്ലേ? ആര്‍ക്കും വഴങ്ങാത്ത; വീട്ടുകാരുടെയും നാട്ടുകാരുടെയും നേതാവായ ഫല്‍ഗുനന്‍തന്നെയാണ് അകാലത്തെ അന്ത്യത്തിലേക്ക് സ്വയം നടന്നുനീങ്ങിയതെന്നു തോന്നി. എങ്കിലും മനസ്സിന്റെ ഏതോ കോണില്‍ ഒരു കുറ്റബോധം. പ്രിയപ്പെട്ട സഖാവ് പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളെ വിട്ടുപോകുന്നതു തടയാന്‍ ആവുന്നതെല്ലാം ചെയ്യാനായോ എന്നൊരു ചോദ്യം മനസ്സില്‍ മുഴങ്ങുന്നു. വേര്‍പാട് എപ്പോഴും ദുഃഖകരമാണ്.
ചില വേര്‍പാടുകള്‍ കൂടുതല്‍ ദുഃഖം തരും. ഫല്‍ഗുനന്റെ മരണവാര്‍ത്തയറിഞ്ഞ് വടകരക്കാര്‍ മാത്രമല്ല, കേരളത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ പാഞ്ഞെത്തി. ജന്മഭൂമിയില്‍ ജോലിചെയ്യുന്ന ഒരാള്‍ ആ മുഖം നോക്കി പൊട്ടിക്കരഞ്ഞു. എക്കാലത്തും രാഷ്ട്രീയത്തില്‍ കാര്‍ക്കശ്യക്കാരനായ ഫല്‍ഗുനന് രാഷ്ട്രീയത്തിനതീതമായ സ്നേഹോപഹാരം; ബാഷ്പാഞ്ജലി.
മരണത്തെ മുന്നില്‍ക്കണ്ട നാളുകളെക്കുറിച്ച് എഴുതിയ ഫല്‍ഗുനന്‍ അത് എഡിറ്റ്ചെയ്ത് തിരിച്ചയക്കാന്‍ പറഞ്ഞിരുന്നു. കുറേ മാറ്റങ്ങള്‍ നിര്‍ദേശിച്ചു. പക്ഷേ, അതില്‍ വരുത്തേണ്ടതില്ലാത്ത ഒന്നുണ്ടായിരുന്നു. ഡോക്ടര്‍ ഫല്‍ഗുനന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചു പറഞ്ഞ ഭാഗം. ആ നിശ്ചയദാര്‍ഢ്യം ഫല്‍ഗുനന്റെ ജീവിതം നീട്ടുമെന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷയാണ്, കണ്ണീര്‍ച്ചാലുകളെ സാക്ഷിനിര്‍ത്തി പുറങ്കര കടപ്പുറത്തെ ചിതയില്‍ എരിഞ്ഞമര്‍ന്നത്.
മരണം സുനിശ്ചിതമായെന്നു തോന്നിപ്പിച്ച ഘട്ടത്തിലും അസാമാന്യമായ ഉള്‍ക്കരുത്ത് കാണിച്ച പി കെ ഫല്‍ഗുനന്റെ കുറിപ്പ്.
എത്ര വേഗമാണ് എല്ലാം തകിടംമറിഞ്ഞത്. അതുവരെ പൂര്‍ണ ആരോഗ്യവാനായിരുന്നു. പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് കേരളത്തിലെ പ്രമുഖ ജില്ലകളിലെല്ലാം പ്രവര്‍ത്തിക്കാന്‍കഴിഞ്ഞു. യാത്ര ഹരമായിരുന്നു. ജോലിയുടെ ഭാഗമായും അല്ലാതെയും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും യാത്രചെയ്യാനായി. കാടും മഴയും വല്ലാത്ത ഇഷ്ടമായിരുന്നു. പറമ്പിക്കുളം, വാളയാര്‍, പമ്പ, ഗവി, ശബരിമല, പൊന്നമ്പലമേട്, സഹ്യന്റെ മടിത്തട്ട്, സൈലന്റ്വാലി, മലമ്പുഴ, കണ്ണവം... ഒഴിവുകിട്ടുമ്പോഴെല്ലാം വന്യസൌന്ദര്യത്തില്‍ രമിച്ചു. എത്രയോ വര്‍ഷം പുതുമഴയില്‍ കൊതിതീരുംവരെ കുളിച്ചു.
ഇത്രയുംകാലത്തെ ജീവിതത്തില്‍ നാട്ടിലേതിനു പുറമെ ദേശാഭിമാനിയിലും പുറത്തുമായി ഏതാണ്ട് എല്ലാ ജില്ലയിലും നിരവധി സുഹൃത്തുക്കള്‍.എല്ലാം ഇല്ലാതാക്കി പൂര്‍ണവിരാമത്തിന്റെ കരിമ്പടം പുതയ്ക്കാന്‍ പൊടുന്നനെ എത്തിയ മരണഭീഷണി. ജീവതാളം പിഴച്ചത് എവിടെയാണ്? തിരിഞ്ഞുനോക്കുമ്പോള്‍ ഒരുതരം പേടികലര്‍ന്ന സുഖം. സത്യമേ എഴുതാവൂ, എന്നാല്‍ എല്ലാ സത്യവും എഴുതണമെന്നില്ലെന്നത് വാര്‍ത്തയെഴുത്തിന്റെ ബാലപാഠം. അതുപോലെ പ്രിയമുള്ളത് മാത്രമോര്‍ക്കുക എന്നതിനുപകരം 'അസുഖ' സ്മരണകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
ഏതാണ്ട് പോയവര്‍ഷം (2009) മാര്‍ച്ചിലാണ് ആപത് ഭീഷണിയുടെ തുടക്കം. അഞ്ചടി പതിനൊന്നിഞ്ച് ഉയരവും അതിനൊത്ത വണ്ണവും ചെറുതായി കുടവയറുമുള്ള ശരീരം ക്രമേണ മെലിയാന്‍ തുടങ്ങി. പിന്നെ മുഖമാകെ കരുവാളിച്ചു. വിട്ടുമാറാത്ത ക്ഷീണംകൂടിയായപ്പോള്‍ തിരുവനന്തപുരം ദേശാഭിമാനിയിലെ അടുത്ത സുഹൃത്തുക്കളായ പി എം മനോജ്, എന്‍ ശശി, രഘു എന്നിവരുമായി ആലോചിച്ചു. ദേശാഭിമാനിയില്‍നിന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പോയ രഘുവിനെ പറ്റിയ ഡോക്ടര്‍ ഏതെന്ന് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ. സി ജയകുമാറിനെ കണ്ടു. പിന്നെ ഒരുമാസത്തോളം നീണ്ട പരിശോധന. രക്തപരിശോധന, സ്കാനിങ്, എക്സ്റേ... ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു: നിങ്ങളുടെ ശരീരത്തില്‍ രക്തവും രക്തത്തില്‍ ഇരുമ്പിന്റെ അളവും വളരെ കൂടുതലാണ്. അതെന്തേ എന്ന അന്വേഷണത്തിന് അതൊരു രോഗമാണെന്ന് ഡോക്ടറുടെ മറുപടി. എങ്കിലും ഒരു ഗ്യാസ്ട്രോ എന്റോളജിസ്റ്റിന്റെ സ്ഥിരീകരണം ആവശ്യമുണ്ടെന്ന് ഡോക്ടര്‍. അപ്പോഴേക്കും മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ നാട്ടിലേക്ക് (വടകര). തുടര്‍ന്ന് ചികിത്സാപര്‍വം കോഴിക്കോട്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുഹൃത്തായ ഡോക്ടറുടെ നിര്‍ദേശപ്രകാരം അവിടെ ഉദരരോഗവിഭാഗത്തിലെ സീനിയര്‍ ഡോക്ടറായ ടി കെ രാമചന്ദ്രന്റെ അടുത്തെത്തി. എപ്പോഴും പുഞ്ചിരിക്കുന്ന, എല്ലാം തുറന്നുചോദിക്കുകയും തുറന്നുപറയുകയും ചെയ്യുന്ന അദ്ദേഹത്തെ, ഒരു ഡോക്ടര്‍ എന്നതിലുപരി ജ്യേഷ്ഠസഹോദരനെ എന്നപോലെ ഇഷ്ടമായി; അടുപ്പമായി.ഏതാണ്ട് മൂന്നാഴ്ച നീണ്ട പരിശോധനയ്ക്കുശേഷം അദ്ദേഹം രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ചികിത്സക്കിടെ അഭ്യുദയകാംക്ഷികളുടെ നിര്‍ദേശപ്രകാരം മഞ്ഞപ്പിത്തത്തിന് നാട്ടുവൈദ്യന്റെ ചികിത്സയും സമാന്തരമായി തുടങ്ങി. രാവിലെയും വൈകിട്ടും കഷായം കാച്ചിക്കുറുക്കി കുടിച്ചു. കഷായത്തില്‍ നിറയെ ഇരുമ്പുസത്താണത്രെ. പോരെ പൂരം!
ഇരുമ്പിന്റെ ആക്രമണത്തില്‍ ആകെ അവശനായെങ്കിലും കഷായചികിത്സ മഞ്ഞപ്പിത്തം ഭേദപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിക്കാമെന്ന ചിലരുടെ നിര്‍ദേശത്തിനെതിരെ വീട്ടില്‍ കടുത്ത പ്രതികരണമായിരുന്നു.
ആഗസ്ത് 13: എന്റെ ജീവിതത്തില്‍ നിര്‍ണായകമായി മാറിയ ദിവസം. ദേശാഭിമാനിയിലെ സുഹൃത്തുക്കളില്‍ നിരവധി പേര്‍ കോഴിക്കോട്ട് പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തിനെത്തിയിരുന്നു. ഭാര്യ റീനയ്ക്ക് അവരെയെല്ലാം നല്ല പരിചയമുണ്ട്. ഞാനറിയാതെ അവള്‍ എന്റെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചു. എന്നെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റണമെന്നായിരുന്നു. അല്ലെങ്കില്‍ താന്‍ മരിച്ചുകളയുമെന്ന കരഞ്ഞുകൊണ്ടുള്ള 'ഭീഷണി'യും. സുഹൃത്തുക്കള്‍ പറന്നെത്തി.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു പോകുകയാണെന്നു പറഞ്ഞ് എന്നെ എടുത്ത് കാറില്‍ കയറ്റി.സുഹൃത്തുക്കള്‍ ഇതിനകം ആരോഗ്യവകുപ്പിന്റെ തലപ്പത്തുമുതല്‍ ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വേണ്ടതെല്ലാം ഒരുക്കിയിരുന്നു. അവിടെ കാഷ്വാലിറ്റിയില്‍ ഡോക്ടര്‍മാര്‍ കാത്തിരിക്കുകയായിരുന്നു. എത്തിയ ഉടനെ സ്ട്രക്ചറില്‍ മെഡിക്കല്‍ ഐസിയുവിലേക്ക്. ഒരുദിവസംകൂടി എനിക്കെല്ലാം ഓര്‍മയുണ്ട്. പിന്നെ ഇരുട്ടിന്റെ തിരശ്ശീല.
പുറംലോകത്തെ ഉല്‍ക്കണ്ഠയും കണ്ണീരുമൊന്നുമറിയാതെ സുഖനിദ്രയില്‍. വേണ്ടപ്പെട്ടവരെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തിയ മൂന്നു നാളുകള്‍ക്കുശേഷം കണ്ണു തുറന്നപ്പോള്‍ ചുറ്റും ഡോക്ടര്‍മാരുടെ കൂട്ടം.ആ മൂന്നുനാള്‍ എന്തൊക്കെയാണ് സംഭവിച്ചത്. ഡോക്ടര്‍മാരും ബന്ധുക്കളും പലതവണയായി പറഞ്ഞത് പിന്നീട് ഞാന്‍ അടുക്കിവച്ചു. അങ്ങനെ അവരുടെയെല്ലാം ശിഥിലപരാമര്‍ശങ്ങള്‍ ക്രമത്തില്‍ ചേര്‍ത്തുവച്ചപ്പോള്‍ ചിത്രത്തിന് വ്യക്തത കിട്ടി.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ ഐസിയുവില്‍ ദിവസങ്ങളോളം പാടുപെട്ട് ശുശ്രൂഷിച്ച ഒരുപറ്റം ഡോക്ടര്‍മാര്‍. ഒടുവില്‍ അവര്‍ക്ക് പ്രതീക്ഷ കൈവിട്ട മട്ടിലായി. രണ്ടു സംഘം ഡോക്ടര്‍മാരില്‍ ഒരുവിഭാഗത്തിന്റെ തലവന്‍ എന്റെ അച്ഛനെ വിളിച്ചു പറഞ്ഞു: ഒന്നുകില്‍ പൊയ്പ്പോകും; അല്ലെങ്കില്‍ ശാശ്വതമായി ബോധം നഷ്ടപ്പെടും. മരണം പൂര്‍ണവിരാമമാണല്ലോ. ശേഷിക്കുന്നവര്‍ക്കല്ലേ. പരേതന്‍ ഒന്നുമറിയില്ലല്ലോ. എന്നാല്‍ ശാശ്വത അബോധാവസ്ഥ എന്ന രണ്ടാം സാധ്യത. അതേക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാനേ വയ്യ.രണ്ടും വേണ്ടിവന്നില്ല. മൂന്നുനാളത്തെ അബോധാവസ്ഥയ്ക്കുശേഷമുള്ള ഉയിര്‍പ്പും തുടര്‍ന്ന് സൂചിമുനയുടെ കൃത്യതയിലുള്ള രോഗശാന്തിയും ഡോക്ടര്‍മാരെയും അത്ഭുതപ്പെടുത്തി. കൂട്ടത്തില്‍ പ്രധാനിയായ ഒരു ഡോക്ടര്‍ പറഞ്ഞു: ഫല്‍ഗുനന്‍ നിങ്ങളുടെ വില്‍പ്പവറിനെ (ഇച്ഛാശക്തിയെ) സമ്മതിച്ചിരിക്കുന്നു
13 comments:
മരണത്തെ മുന്നില്‍ക്കണ്ട നാളുകളെക്കുറിച്ച് എഴുതിയ ഫല്‍ഗുനന്‍ അത് എഡിറ്റ്ചെയ്ത് തിരിച്ചയക്കാന്‍ പറഞ്ഞിരുന്നു. കുറേ മാറ്റങ്ങള്‍ നിര്‍ദേശിച്ചു. പക്ഷേ, അതില്‍ വരുത്തേണ്ടതില്ലാത്ത ഒന്നുണ്ടായിരുന്നു. ഡോക്ടര്‍ ഫല്‍ഗുനന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചു പറഞ്ഞ ഭാഗം. ആ നിശ്ചയദാര്‍ഢ്യം ഫല്‍ഗുനന്റെ ജീവിതം നീട്ടുമെന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷയാണ്, കണ്ണീര്‍ച്ചാലുകളെ സാക്ഷിനിര്‍ത്തി പുറങ്കര കടപ്പുറത്തെ ചിതയില്‍ എരിഞ്ഞമര്‍ന്നത്.
അനുകൂലിച്ചും എതിര്‍ത്തും ഫല്‍ഗു
നന്‍റെ എഴുത്തിനൊപ്പം സഞ്ചരി
ച്ചിട്ടുണ്ട് . വൈകിയെങ്കിലും ഒഴുകുന്നു
കണ്ണീര്‍ച്ചാല്‍ . ചൂക്ഷകനൊപ്പം നിന്ന
ഒരു തൂലികയല്ലേ പുറങ്കരയിലെരിഞ്ഞട
ങ്ങിയത് .
സങ്കടപ്പെടുത്തുന്ന ഓര്‍മ്മകള്‍....
നിശ്ചയദാര്‍ഢ്യമുള്ള കമ്മ്യൂണിസ്റ്റ് പോരാളികളുടെ പട്ടികയില്‍ ഇടം നേടിയ കരുത്തന്‍,സ്നേഹവും നന്മയും സഹോദരിയവും മാണ് ഒരു ഉത്തമനായ കമ്മ്യൂണിസ്റ്റ്‌ന്റെ സവിശേഷതകള്‍ അതായിരുന്നു ഫല്‍ഗുനന്‍ . ആദരാജ്ഞലികള്‍ .....
വലതുപക്ഷ മാധ്യമ കൂട്ടുകെട്ട് അസത്യങ്ങള്‍ മാത്രം നിര്‍മിക്കുന്ന വര്‍ത്തമാനത്തില്‍ അത് തുറന്നുകാട്ടാന്‍ കഴിവുള്ള ,ആത്മാര്‍ത്ഥതയുള്ള കമ്മ്യൂണിസ്റ്റ്‌പത്രപ്രവര്‍ത്തകരുടെ സാന്നിയ്ധ്യം അത്യന്താപേക്ഷിതമായ ഒരു കാലത്ത്.,അകാല മരണം തങ്ങനാവുന്ന്തില്‍ അപ്പുറമാണ്..
റെഡ് സല്യൂട്ട് .............
വലതുപക്ഷ മാധ്യമ കൂട്ടുകെട്ട് അസത്യങ്ങള്‍ മാത്രം നിര്‍മിക്കുന്ന വര്‍ത്തമാനത്തില്‍ അത് തുറന്നുകാട്ടാന്‍ കഴിവുള്ള ,ആത്മാര്‍ത്ഥതയുള്ള കമ്മ്യൂണിസ്റ്റ്‌പത്രപ്രവര്‍ത്തകരുടെ സാന്നിയ്ധ്യം അത്യന്താപേക്ഷിതമായ ഒരു കാലത്ത്.,അകാല മരണം തങ്ങനാവുന്ന്തില്‍ അപ്പുറമാണ്..
റെഡ് സല്യൂട്ട് .............
എന്റെ അഭിപ്രായ പ്രകടനത്തില്‍ അതീവ
ഗുരുതരമായ പിഴവുണ്ടായതില്‍ ഖേദം പ്രക
ടിപ്പിക്കുന്നു . ദയവായി ചൂക്ഷിതനൊപ്പമെന്ന്
തിരുത്തി വായിക്കുക
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍.ഈ.ഓര്‍മ്മക്കുറിപ്പും മനസ്സിനെ ഉലച്ചു മനോജ്...ആ ഓര്‍മ്മക്കുമുന്നിലും, കുടുംബത്തിനും എന്റെയും റഡ് സല്യൂട്ട്..
ആദരാഞ്ജലികള്‍
ഫല്‍ഗുനനെപ്പറ്റി പറഞ്ഞത് വായിച്ചു...... കുറേ ഓര്‍ത്തു,
മനസില്‍ കുറച്ച് കരഞ്ഞു.... ഫല്‍ഗുനനെ ഓര്‍മ്മിപ്പിച്ചതിന്
നന്ദി....
സങ്കടപെടുത്തി കളഞ്ഞു മജോജേട്ടാ.....സഖാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു പിടി രക്തപുഷപ്ങ്ങള്‍ .....
Post a Comment