സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ വധോദ്യമത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ആവശ്യപ്പെടേണ്ടിവന്നത് ഏപ്രില്‍ ഇരുപതിനാണ്. വധോദ്യമം നടന്ന് രണ്ടരയാഴ്ചയ്ക്കുശേഷം. ഇത്രയും ദിവസം നടന്ന അന്വേഷണം ഗൗരവപൂര്‍വമല്ല എന്ന കുറ്റസമ്മതം അതിലുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ട വിഭാഗത്തില്‍ പൊലീസ് പെടുത്തിയ രാഷ്ട്രീയനേതാവാണ് പിണറായി വിജയന്‍. വിവിഐപിയായി പരിഗണിക്കുന്ന അദ്ദേഹത്തിന്റെ ജീവനുനേരെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്ത് കെട്ടിക്കിടപ്പുണ്ട്. ഒരാള്‍ ആയുധവുമായി പിണറായിയെ വിടാതെ പിന്തുടര്‍ന്നതായി തെളിഞ്ഞു; പിടിക്കപ്പെട്ടു. അയാളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനോ തടയാനോ പൊലീസിന് കഴിഞ്ഞില്ല. യാദൃച്ഛികമായി ആയുധങ്ങള്‍ ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് സ്വന്തമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ സഞ്ചരിച്ച വഴികള്‍, കൂടെ ഒരു യുവാവുണ്ടായിരുന്നു എന്നത്, താമസിച്ച ഹോട്ടല്‍, അവിടത്തെ ക്യാമറ, തോക്കിനായി അലഞ്ഞ സ്ഥലങ്ങള്‍- ഇവയെല്ലാം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും നാട്ടുകാരാണ്; പാര്‍ടി പ്രവര്‍ത്തകരാണ്. ആരെങ്കിലും വിവരം നല്‍കിയാല്‍ മനസ്സില്ലാ മനസ്സോടെ അന്വേഷണ പ്രഹസനവുമായി പൊലീസ് ചെല്ലുന്നു. ശാസ്ത്രീയ രീതികളില്ല. പ്രതിയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ താല്‍പ്പര്യമില്ല.
കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുമായി ആര്‍എംപിയുടെ ഒരുന്നത നേതാവും ഈയിടെ സജീവമായ ഒരു "ആത്മീയ" നേതാവും ഫോണിലൂടെയും നേരിട്ടും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അത് തെളിയിക്കുന്ന ടെലിഫോണ്‍ രേഖകളും മറ്റുചില തെളിവുകളും അന്വേഷകര്‍ക്ക് ലഭിച്ചിട്ടുമുണ്ട്. ആ വിവരം മനസിലാക്കിയപ്പോഴാണ് ആര്‍എംപി നേതൃത്വത്തിന്റെ സമനില തെറ്റിയത്. പരിഭ്രമംമൂത്ത് വിഷുത്തലേന്ന് "സ്തൂപം ആക്രമണം" പ്ലാന്‍ചെയ്തതും അതിന്റെ തുടര്‍ച്ചതന്നെ. വധോദ്യമത്തോട് ആര്‍എംപി നേതൃത്വം ദുര്‍ബലമായാണ് പ്രതികരിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പരന്ന "മനോരോഗ കെട്ടുകഥ" മാത്രമായിരുന്നു എന്‍ വേണുവിന്റെ പ്രതികരണത്തിനടിസ്ഥാനം. കേസ് തെളിഞ്ഞാലുണ്ടാകുന്ന പ്രശ്നത്തിന്റെ ഗൗരവം ആദ്യം മുതല്‍ മനസ്സിലാക്കിയ കക്ഷി ആര്‍എംപിയാണ്. കൊല്ലിക്കാന്‍ തീരുമാനിച്ച് ആളെ വിട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നാല്‍, പൊട്ടക്കിണര്‍ വിപ്ലവത്തിന് അകാല അന്ത്യം സംഭവിക്കുമെന്ന് അവര്‍ക്ക് നന്നായറിയാം. രക്ഷപ്പെടാന്‍ പുതിയ നാടകങ്ങള്‍ വേണം. അതിന് ആഭ്യന്തര വകുപ്പിന്റെ സഹായം വേണം.
വള്ളിക്കാട് റോഡരികിലുള്ള ടി പി ചന്ദ്രശേഖരന്‍ സ്തൂപം തകര്‍ക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് മാത്രമാണ് അതിന്റെ പൊലീസ് കാവല്‍ പിന്‍വലിച്ചത്. അവിടെ പൊലീസിന്റെ ബസും പത്തുപേര്‍ വീതം അടങ്ങുന്ന എംഎസ്പി സംഘവും ക്യാമ്പ് ചെയ്തിരുന്നതാണ്. മെയ് നാലിന് ആര്‍എംപി നേതൃത്വത്തില്‍ ചന്ദ്രശേഖരന്‍ ദിനാചരണം നടക്കാനിരിക്കെ എന്തിന് പൊടുന്നനെ ആ കാവല്‍ അവസാനിപ്പിച്ചു എന്നതിനുത്തരം ഇതുവരെ ആരും പറഞ്ഞിട്ടില്ല. അരമണിക്കൂര്‍ ഇടവിട്ട് വള്ളിക്കാട് വഴി പട്രോളിങ് നടത്തുന്നതിന് എസ്ഐമാരുടെ നേതൃത്വത്തില്‍ മൂന്ന് ജീപ്പുകള്‍ ക്രമീകരിച്ചിരുന്നതുമാണ്. സ്തൂപം തകര്‍ക്കുന്ന സമയത്ത് അരമണിക്കൂറിടവിട്ട പൊലീസ് പട്രോളിങ് നടന്നില്ല. മൂന്നു ജീപ്പുകളും ആ പ്രത്യേക സമയത്ത് തകരാറിലായത്രെ. ആരാണ് സ്തൂപം കേടുവരുത്തിയതെന്ന് അന്വേഷിക്കുന്നതിനു പകരം രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് വാര്‍ത്ത സൃഷ്ടിക്കുകയും മാധ്യമങ്ങള്‍ക്ക് സിപിഐ എം വിരുദ്ധ പ്രചാരണത്തിന് അവസരം നല്‍കുകയുമാണ് പൊലീസ് ചെയ്തത്. പിന്നെ പ്രതിഷേധപ്രകടനം, സിപിഐ എം ഓഫീസുകള്‍ക്കുനേരെ ആക്രമണം.
സിമന്റ്പൈപ്പില്‍ മണല്‍നിറച്ച് മണ്ണില്‍ കുത്തിവച്ച താല്‍ക്കാലിക സ്തൂപത്തിന്റെ മകുടമാണ് തകര്‍ത്തത്. പരിസരത്തുള്ള ആര്‍എംപി ബോര്‍ഡുകളും ചന്ദ്രശേഖരന്റെ ചിത്രവുമെല്ലാം ഭദ്രം. പിറ്റേന്ന് പുലരുമ്പോള്‍, പൊലീസ് ശാസ്ത്രീയമായി അന്വേഷിച്ച് പ്രതികളെ പിടിക്കാനുള്ള അവസരം ഇല്ലാതാക്കി പുതിയ സ്തൂപത്തിന്റെ നിര്‍മാണം. കലക്ടര്‍ വിലക്കിയ പണി തുടരാന്‍ പൊലീസ് കാവല്‍. കെ കെ രമയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനും തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കുമെല്ലാം പ്രകടമായിത്തന്നെ നാടകത്തിന്റെ ഭാവം. എങ്ങനെയും വാര്‍ത്ത സൃഷ്ടിക്കാനുള്ള വാശി. എല്ലാം ചേര്‍ത്തുവായിച്ചാല്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ക്കുപിന്നില്‍ ആര്‍എംപിയാണെന്ന് പകല്‍പോലെ വ്യക്തം. അതു പുറത്തുവരരുതെന്ന് ആര്‍എംപിക്കും ആ വഴിക്ക് അന്വേഷണം എത്തരുതെന്ന് ആഭ്യന്തരവകുപ്പിനും നിര്‍ബന്ധമുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണം കണ്ണൂര്‍ ആസ്ഥാനമാക്കിയാണ് നടക്കുന്നത്. എഡിജിപി വിന്‍സന്റ് എം പോള്‍ തിങ്കളാഴ്ച കണ്ണൂരിലെത്തി പുരോഗതി അവലോകനംചെയ്തു. നമ്പ്യാര്‍ പിടിക്കപ്പെട്ടയുടനെ പൊലീസ് കാണിച്ച അനാസ്ഥയും അലംഭാവവുമാണ് കേസിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ തുടക്കംമുതല്‍ തടസ്സമായത്. കസ്റ്റഡിയില്‍ കിട്ടിയ നമ്പ്യാരില്‍നിന്ന് കൂട്ടാളിയെക്കുറിച്ചുള്ള വിവരംപോലും ശേഖരിക്കാന്‍ തയ്യാറാകാതിരുന്നതും അന്വേഷണത്തിലെ സുപ്രധാന ദൗര്‍ബല്യമാണ്. ആര്‍എംപിയെ പോറ്റി വളര്‍ത്താനും അതിന്റെ കുറ്റവാളിമുഖം മറച്ചുവയ്ക്കാനും ഏറ്റവുമധികം താല്‍പ്പര്യപ്പെടുന്നത് ആഭ്യന്തരമന്ത്രിതന്നെയാണ്.
ജുഡീഷ്യറിയെ ലക്ഷ്യമിട്ടുപോലും പ്രസ്താവനകളിറക്കി ആര്‍എംപിക്ക് സേവചെയ്യുന്ന മന്ത്രി കേസന്വേഷണത്തില്‍ നേരിട്ടിടപെടുന്നു. അതാണ് "പൊട്ടക്കിണറ്റിലെ വിപ്ലവത്തവളകള്‍ക്ക്" ആവേശവും പ്രതീക്ഷയും. സിപിഐ എം പ്രവര്‍ത്തകരുടെ സംയമനം, തെറ്റിദ്ധരിച്ച് പാര്‍ടിയില്‍നിന്ന് അകന്നുനില്‍ക്കുന്നവരെ തിരിച്ചുകൊണ്ടുവരാനുള്ള താല്‍പ്പര്യം, പൊലീസിന്റെ അടിമ മനോഭാവം, കണക്കില്ലാതെ വരുന്ന പണം, മുല്ലപ്പള്ളി രാമചന്ദ്രന്റെ രക്ഷാകര്‍തൃത്വം, യുഡിഎഫ് സര്‍ക്കാരിന്റെ നിരുപാധിക പിന്തുണ, ആര്‍എംപി അക്രമങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിച്ച മാധ്യമങ്ങള്‍- ഇത്രയുമാണ് ഇന്ന് ഒഞ്ചിയം മേഖലയിലെ ആര്‍എംപിയുടെ "മൂലധനം".
പേടികൊണ്ടാണ് പലരും ആര്‍എംപി വിടാത്തത്- എന്തിനും മടിക്കാത്ത ക്രിമിനലുകളോടും കള്ളക്കേസുകളോടുമുള്ള പേടി. പൊലീസും മാധ്യമങ്ങളും കൂടെയുള്ളതിന്റെ നെഗളിപ്പൊഴിച്ചാല്‍, പൊങ്ങച്ചമടിക്കുന്ന ഇരട്ടച്ചങ്കൊന്നും ആര്‍എംപിക്കില്ല. ഫേസ് ബുക്കില്‍ ആര്‍എംപിക്കെതിരെ കമന്റുചെയ്ത മകനെ ഇപ്പോള്‍ "വിട്ടുതരണ"മെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നെല്ലാച്ചേരിയിലെ സുന്ദരന്‍മാസ്റ്ററുടെ വീട് അര്‍ധരാത്രിയോടടുപ്പിച്ച് ആര്‍എംപി സംഘം വളഞ്ഞത്. ഒരു കല്യാണവീട്ടില്‍ തമ്പടിച്ച് മദ്യപിച്ച് ലക്കുകെട്ടശേഷമുള്ള "യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം" അതായിരുന്നു. ഒരു നേതാവും കുറെ ഉപഗ്രഹങ്ങളും. അക്കൂട്ടത്തില്‍ കൂടുതലും ഒരു രാഷ്ട്രീയവുമില്ലാത്തവര്‍. രാത്രി വീടുവളഞ്ഞ അക്രമിസംഘത്തിലെ പ്രധാനികള്‍ പൊലീസെത്തിയപ്പോള്‍ മുങ്ങി. പൊലീസാകട്ടെ എല്ലാവരെയും "സമാധാനിപ്പിച്ചു വിട്ടു". പൊലീസിനെ ആക്രമിച്ച അഞ്ച് ആര്‍എംപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം മറ്റു മാര്‍ഗമില്ലാതെ അറസ്റ്റ് ചെയ്യേണ്ടിവന്നു. മുട്ടുങ്ങുല്‍ ജിബിന്‍ ബാലന്‍, ഒഞ്ചിയം ചന്തോളി ശ്രീകാന്ത്, പാറയുള്ള പറമ്പത്ത് രജീഷ്, പരവന്‍കണ്ടി സുനില്‍, ഓര്‍ക്കാട്ടേരി ചിറയില്‍ ബാബു എന്നിവരെ. അഞ്ചുപേരെയും തിങ്കളാഴ്ച വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തു.
കോടതി പരിസരത്ത് പ്രതികളുടെ പടമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ നേരിട്ടത് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജന്റെ നേതൃത്വത്തിലുള്ള ആര്‍എംപി ക്രിമിനല്‍ സംഘമാണ്. പടം കൊടുത്താല്‍ തലകാണില്ല എന്ന് മാധ്യമ സംഘത്തോട് പരസ്യമായ ഭീഷണി. അതിനും സാക്ഷി പൊലീസ് തന്നെ. തല്‍ക്കാലം സര്‍ക്കാരിന്റെയും വലതുപക്ഷത്തിന്റെയും പിന്തുണ ആര്‍എംപിക്കുണ്ട്. നാളെ നിഷ്പ്രയോജനമെന്നു വരുമ്പോള്‍ ആ പിന്തുണ ഇല്ലാതാകും. പിന്നത്തെ വിപ്ലവത്തിന് മാര്‍ക്സിസ്റ്റ് വിരുദ്ധവേദി കോണ്‍ഗ്രസോ ആര്‍എസ്എസോ എന്‍ഡിഎഫോ ആകും.
അങ്ങോട്ടുള്ള വഴിയിലെ സഞ്ചാരത്തിനിടയില്‍ കാട്ടിയ പരാക്രമങ്ങളിലൊന്ന്, സിപിഐ എം സംസ്ഥാന സെക്രട്ടറിയെ വകവരുത്താനുള്ളതാകുമ്പോള്‍ പൊട്ടക്കിണറ്റിന് പുറത്തും അതിന് ഗൗരവം വരുന്നു. സത്യം പുറത്തുകൊണ്ടുവരാനും ഗൂഢാലോചകരെ നിയമത്തിനു മുന്നില്‍ നിര്‍ത്താനും തയ്യാറാകാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുമ്പോള്‍ ആ ഗൗരവം ഒന്നുകൂടി വര്‍ധിക്കുകയാണ്. ആര്‍എംപിയെയും അതിന്റെ വഷളന്‍ രാഷ്ട്രീയത്തെയും തുറന്നുകാട്ടി ഒറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചു തെളിയിക്കുന്നതാകും പിണറായി വധോദ്യമക്കേസില്‍ പുറത്തുവരാനിരിക്കുന്ന ഓരോ തെളിവുകളും. (അവസാനിച്ചു)
4 comments:
സിമന്റ്പൈപ്പില്‍ മണല്‍നിറച്ച് മണ്ണില്‍ കുത്തിവച്ച താല്‍ക്കാലിക സ്തൂപത്തിന്റെ മകുടമാണ് തകര്‍ത്തത്. പരിസരത്തുള്ള ആര്‍എംപി ബോര്‍ഡുകളും ചന്ദ്രശേഖരന്റെ ചിത്രവുമെല്ലാം ഭദ്രം. പിറ്റേന്ന് പുലരുമ്പോള്‍, പൊലീസ് ശാസ്ത്രീയമായി അന്വേഷിച്ച് പ്രതികളെ പിടിക്കാനുള്ള അവസരം ഇല്ലാതാക്കി പുതിയ സ്തൂപത്തിന്റെ നിര്‍മാണം. കലക്ടര്‍ വിലക്കിയ പണി തുടരാന്‍ പൊലീസ് കാവല്‍. കെ കെ രമയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനും തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്കുമെല്ലാം പ്രകടമായിത്തന്നെ നാടകത്തിന്റെ ഭാവം. എങ്ങനെയും വാര്‍ത്ത സൃഷ്ടിക്കാനുള്ള വാശി.
നിങ്ങളോട് ഒരു ചോദ്യം ...TP സ്വയം വെട്ടി മരിച്ചതാണോ??????? അല്ല നിങ്ങളുടെ അഭിപ്രായ പ്രകടനം കണ്ടാല്‍ അങ്ങിനെ തോന്നും...പ്രകോപനം ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവിച്ചു എന്നു വരാം.ഞാന്‍ ആരെയും ന്യായീകരികുനില.തെറ്റ് ആരു ചെയ്താലും തെറ്റ് തന്നെ...നിങ്ങളുടെ എത്ര നേതാക്കള്‍ TP യെ ഭീഷണി പെടുത്തുന്ന രീതിയില്‍ സംസാരിച്ചിട്ടുണ്ട്... അത് നമ്മള്‍ ചാനല്‍ലുകളില്‍ കണ്ടതാണ്...ഒരു പര്‍ട്ട്യുടെ നേതാവിനെ വെട്ടി കൊന്നാല്‍ അതേ party അണികള്‍ ചുമ്മാഇരിക്കും എന്നു നിങ്ങള്‍ വിചാരികുനുണ്ടോ????? നിങ്ങളുടെ VS നെ പോലും ബോദ്യപെടുത്താന്‍ നിങ്ങള്ക് പറ്റ്യോ????
അരി എത്ര എന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന് പറഞ്ഞു നേരം കളയുന്ന കൂട്ടത്തില്‍ ടിന്റു മോനും പെട്ടോ കണ്ണാ...
സിമന്റ്പൈപ്പില്‍ മണല്‍നിറച്ച് മണ്ണില്‍ കുത്തിവച്ച താല്‍ക്കാലിക സ്തൂപത്തിന്റെ മകുടമാണ് തകര്‍ത്തത്??
yea.. MRP does not have billionaire like CPIM leaders!
Post a Comment