ഞാറ്റോത്തും താഴേക്കുനി വാസു. വയസ്സ് 49. മുയിപ്ര സ്വദേശി. കോണ്‍ഗ്രസുകാരനായിരുന്നു. ഗാന്ധിത്തൊപ്പിയും മൂവര്‍ണക്കൊടിയുമായി പദയാത്രയ്ക്ക് പോയിരുന്ന വാസുവിന്റെ കൈയില്‍ ഇന്ന് ആര്‍എംപിയുടെ കൊടിയാണ്. സിപിഐ എം പ്രവര്‍ത്തകരെയും അവരുടെ വീടും കടകളും ആക്രമിച്ച പതിനഞ്ചോളം കേസുണ്ട് വാസുവിന്റെ പേരില്‍. വാസുവിന്റെ മകന്‍ വിപിന്‍ലാല്‍. 20 വയസ്സ്. പത്താംക്ലാസില്‍ തോറ്റ് പഠനംനിര്‍ത്തി. ആ സമയത്തുതന്നെ സ്കൂള്‍ ക്യാന്റീന്‍ നടത്തിപ്പുകാരന്റെ വാഴക്കൃഷി വെട്ടിനശിപ്പിച്ച് സ്വഭാവഗുണം തെളിയിച്ചു. ഇന്ന് അച്ഛനോടൊപ്പം ആര്‍എംപിയുടെ പതാകവാഹകന്‍. സിപിഐ എമ്മിനെതിരെ നടത്തിയ ആക്രമണങ്ങളുടെ എണ്ണം എത്രയോ.. കേസുകള്‍ 24.
ക്രിമിനല്‍ വാസനയുള്ളവരുടെയും സിപിഐ എമ്മിനോട് ഏതെങ്കിലും തരത്തില്‍ ശത്രുതയുള്ളവരുടെയും കൂട്ടായ്മയാണ് ഇന്ന് ആര്‍എംപി. 2009ല്‍, രൂപീകരണശേഷം ആദ്യത്തെ പുതുവര്‍ഷാഘോഷത്തിന് പുത്തലത്തുവയലില്‍ സമ്മേളിച്ച് സിപിഐ എമ്മിന്റെ ശൈലിയല്ല തങ്ങളുടേതെന്ന് അവര്‍ പ്രഖ്യാപിച്ചു- പരസ്യമായി മദ്യവിതരണം നടത്തിക്കൊണ്ട്. തുടര്‍ന്നിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. സിപിഐ എമ്മിന്റെ നെടുങ്കോട്ടയായ ഒഞ്ചിയംമേഖലയില്‍ കടന്നുകയറാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ക്കാകെ അത്താണിയായി അതിവേഗം ആര്‍എംപി മാറി. ആര്‍എസ്എസിലെയും കോണ്‍ഗ്രസിലെയും ക്രിമിനലുകള്‍ക്ക് താവളമായി. തൊഴിലാളിവര്‍ഗത്തിന്റെ ഭാവമുണ്ടെങ്കിലും ഗുണമില്ലാത്ത ലുമ്പന്‍ ശക്തികള്‍ ഒത്തുകൂടി. ഗള്‍ഫ് നാടുകളില്‍നിന്നും ചില പ്രമാണിമാരില്‍നിന്നും പണം വന്നു. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരമണ്ഡലത്തിലെ തന്റെ ഭാവി ആര്‍എംപിയില്‍ കണ്ടു.
ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ തണലിലാണ് അവിടത്തെ ഓരോ പ്രവര്‍ത്തകനും വളര്‍ന്നുവന്നത്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വഴിതെറ്റിപ്പോകാതിരിക്കാനാണ് അധ്യാപികയായ അമ്മ ടി പി ചന്ദ്രശേഖരനെ പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. ബാലസംഘമായി, എസ്എഫ്ഐയായി ചന്ദ്രശേഖരന്‍ വളര്‍ന്നു. താമരശേരിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെക്കൊണ്ട് കഴിയില്ലെന്നുപറഞ്ഞ് വീട്ടിലേക്കു പോയ ചന്ദ്രശേഖരനെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ടി നേതാക്കള്‍ ഏറെ പാടുപെടേണ്ടിവന്നു. തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ പ്രതിനിധിയാക്കി കൂടെ കൊണ്ടുപോകാന്‍ കഴിയാത്തതിന്റെ കെറുവുതീര്‍ക്കാന്‍ കൊല്‍ക്കത്തയില്‍ നടന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം ബഹിഷ്കരിച്ചപ്പോഴും ചന്ദ്രശേഖരനെ തിരുത്തി കൂടുതല്‍ ഉത്തരവാദിത്തമേല്‍പ്പിക്കാനാണ് സഖാക്കള്‍ തയ്യാറായത്. സ്വന്തമായി ഒരു അനുയായി വൃന്ദം, അവര്‍ക്കുവേണ്ടി വഴിവിട്ട ഇടപെടലുകള്‍, സാമ്പത്തിക അച്ചടക്കമില്ലായ്മ- കുറെയേറെ നല്ല ഗുണങ്ങള്‍ക്കും അധ്വാനശീലത്തിനുമൊപ്പം ഇത്തരം ചിലതുകൂടി ചന്ദ്രശേഖരന്‍ കൊണ്ടുനടന്നു. പാര്‍ടിയില്‍നിന്ന് വേറിട്ട അനുയായിവൃന്ദത്തെ വളര്‍ത്തുമ്പോള്‍ സ്വാഭാവികമായി അരാജകത്വവും വളര്‍ന്നു.
ഏറാമല പഞ്ചായത്തിന്റെ ജനകീയാസൂത്രണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വളംവിതരണത്തിലെ ക്രമക്കേടുകള്‍ തെളിഞ്ഞതോടെ ചന്ദ്രശേഖരനെതിരെ നടപടി വേണ്ടിവന്നു. സാമ്പത്തിക അരാജകത്വത്തിന് പാര്‍ടിയില്‍ പരമാവധി ശിക്ഷയാണ്- പുറത്താക്കല്‍. അന്ന് തെറ്റുകള്‍ ഏറ്റുപറഞ്ഞ്, തുടര്‍ന്നും പാര്‍ടിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണമെന്നാണ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടത്. പുറത്താക്കണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷനായി ശിക്ഷ തീരുമാനിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ഏറാമല ലോക്കല്‍കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ചന്ദ്രശേഖരനെ പുറംതള്ളാനോ തകര്‍ക്കാനോ അല്ല ഒന്നിച്ചുനിര്‍ത്താനാണ് ശ്രമമുണ്ടായത്. ഏറാമല പഞ്ചായത്തില്‍ സിപിഐ എമ്മിന് ഒമ്പതു സീറ്റും ജനതാദളിന് ഏഴു സീറ്റുമാണുണ്ടായിരുന്നത്. അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലെ പ്രസിഡന്റുസ്ഥാനം പങ്കിട്ടെടുക്കാനായിരുന്നു എല്‍ഡിഎഫിലെ ജില്ലാതലധാരണ. ആദ്യപകുതിയില്‍ അഴിയൂര്‍ പഞ്ചായത്ത് ജനതാദളിനും ഏറാമല സിപിഐ എമ്മിനും; രണ്ടാം പകുതിയില്‍ തിരിച്ച്. ഇന്നത്തെ ആര്‍എംപി ഏരിയ സെക്രട്ടറി എന്‍ വേണുവാണ് അന്ന് ഏറാമല പഞ്ചായത്ത് പ്രസിഡന്റ്. വേണു ജനതാദളിനുവേണ്ടി ഒഴിയേണ്ട ഘട്ടം വന്നപ്പോള്‍ അസംതൃപ്തരുടെ കലാപക്കൊടി ഉയര്‍ന്നു. ഏറാമല പഞ്ചായത്തില്‍ ജനതാദളിനെ ഒറ്റയ്ക്കുനിന്ന് തറപറ്റിച്ച പാര്‍ടിയാണ് സിപിഐ എം എന്നും അഴിയൂരില്‍ തൊട്ടുമുമ്പ് സിപിഐ എം ഒറ്റയ്ക്കാണ് ഭരിച്ചിരുന്നതെന്നും അതുകൊണ്ട് മുന്നണി ധാരണയ്ക്ക് വഴങ്ങേണ്ടതില്ലെന്നും വികാരപരമായ വാദമുയര്‍ത്തി. ജനതാദളിന്റെ കാല്‍ക്കീഴില്‍ പാര്‍ടിയെ നേതൃത്വം കാഴ്ചവയ്ക്കുന്നു എന്നായിരുന്നു പ്രചാരണം. മുന്നണി ധാരണയെ മാനിച്ച് പാര്‍ടിക്ക് മുന്നോട്ടുപോകേണ്ടിവന്നപ്പോള്‍ "വിമതര്‍" മറ്റൊരു പാര്‍ടിയാകാനുള്ള തീരുമാനമെടുത്തു. പ്രാദേശികവികാരവും ജനതാദള്‍ വിരോധവും നന്നായി ചെലവാക്കിയപ്പോള്‍ ആര്‍എംപിക്ക് കുറെപ്പേരുടെ പിന്തുണ കിട്ടി. ഏതു ജനതാദളിനെതിരെയാണോ കലാപാഹ്വാനം മുഴക്കിയത്, അതേ പാര്‍ടിയുടെ കാല്‍ക്കീഴില്‍ ആര്‍എംപി സാഷ്ടാംഗം നമസ്കരിക്കുന്നത് പിന്നത്തെ കാഴ്ച.
ആദര്‍ശത്തിന്റെയോ സൈദ്ധാന്തികഭിന്നതയുടെയോ പുറത്തല്ല, കേവലം രണ്ടരവര്‍ഷത്തേക്കുള്ള ഒരു പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനത്തെച്ചൊല്ലിയാണ് ഒഞ്ചിയത്തെ "യഥാര്‍ഥ വിപ്ലവ പാര്‍ടി" രൂപംകൊണ്ടതെന്നര്‍ഥം. രാഷ്ട്രീയ ന്യായീകരണം കണ്ടെത്താന്‍ നിരവധി ശ്രമം നടന്നെങ്കിലും ആര്‍എംപിയുടെ അസ്തിത്വത്തില്‍ സിപിഐ എം വിരോധത്തിന്റേതല്ലാത്ത ഒരു രാഷ്ട്രീയവും ഇന്നും കാണാനില്ല. ആര്‍എംപി ഇല്ലാതായാല്‍ താന്‍ കോണ്‍ഗ്രസിലേക്ക് തിരികെപ്പോകുമെന്നാണ് ഞാറ്റോത്തും താഴേക്കുനി വാസു പറയുന്നത്. അതുതന്നെയാണ് ഇന്ന് ആര്‍എംപിക്കുവേണ്ടി കൊടിയും വടിയും വാളുമേന്തുന്ന ഓരോരുത്തരുടെയും ഉള്ളിലിരിപ്പ്. നാളെ അവരെ ആര്‍എസ്എസ് ശാഖയിലോ മുല്ലപ്പള്ളിയുടെ താവളത്തിലോ എന്‍ഡിഎഫ് കൂടാരത്തിലോ കണ്ടേക്കാം. തൊഴിലില്ലാത്ത നൂറോ അതിലധികമോ പേരെ ആര്‍എംപി തീറ്റിപ്പോറ്റുന്നു. അവര്‍ സദാ സന്നദ്ധരാണ്. ഒരു കൂട്ട എസ്എംഎസ് കിട്ടിയാല്‍ നിമിഷവേഗത്തില്‍ എവിടെയും പാഞ്ഞെത്തും. അതിനവര്‍ക്ക് ബൈക്കുകളുണ്ട്. എന്താണ് വരുമാനമെന്ന ചോദ്യം അപ്രസക്തം. അവരെ വേണ്ടരീതിയില്‍ തീറ്റിപ്പോറ്റാനുള്ള ഫണ്ട് "നിര്‍ഭയ കമ്യൂണിസ്റ്റ്" പാര്‍ടിക്കുണ്ട്. കമ്യൂണിസ്റ്റുകാരെ തേടിപ്പിടിച്ച് പൊലീസിനുമുന്നിലേക്ക് എറിഞ്ഞുകൊടുത്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ പാരമ്പര്യവും പണവും പറ്റാന്‍ അവര്‍ക്ക് ആദര്‍ശത്തിന്റെ വിലക്കുകളില്ല. വലതുപക്ഷ മാധ്യമങ്ങളുടെ തണലില്‍ ഇടതുപക്ഷത്തിന്റെ വേഷമിട്ട വഞ്ചകരെയും വര്‍ഗീയശക്തികളെയും മാര്‍ക്സിസ്റ്റിതരരായ എല്ലാവരെയും കൂട്ടിയിണക്കുന്ന ഏജന്‍സിയാകാന്‍ കഴിഞ്ഞതിനാലാണ്, ആര്‍എംപിക്ക് പുറമേക്കുള്ള പ്രമാണിത്തം കൈവന്നത്. മുസ്ലിം ലീഗിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും തോളില്‍ കൈയിട്ട് മാര്‍ക്സിസ്റ്റ് പ്രഭാഷണം നടത്തിയവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ദൗത്യം നിറവേറ്റി. യുഡിഎഫിന് അപ്രതീക്ഷിത നേട്ടങ്ങളുണ്ടായി. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ചിത്രം കീഴ്മേല്‍മറിഞ്ഞു. വടകര നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗംഭീര വിജയം നേടി. ആര്‍എംപിയുടെ മോസ്കോ എന്ന് അവര്‍തന്നെ വിശേഷിപ്പിച്ച അഴിയൂര്‍, ഒഞ്ചിയം, ചോറോട്, ഏറാമല എന്നീ പഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടാക്കി. കൂടുതലാളുകള്‍ സത്യം തിരിച്ചറിഞ്ഞ് സിപിഐ എമ്മിനൊപ്പം നിന്നു. "ആര്‍എംപി ബാധിത മേഖല" തിരിച്ചുവരവിന്റെ പാതയിലായി. ഒരിക്കല്‍ തെറ്റിനടിപ്പെടുന്നവര്‍ എക്കാലത്തേക്കുമുള്ള ശത്രുക്കളല്ല എന്ന ഉയര്‍ന്ന ബോധം അവരെ തിരുത്തി തിരിച്ചുകൊണ്ടുവരാനുള്ള ക്രിയാത്മക ശ്രമങ്ങളായി. തെറ്റിദ്ധരിച്ച് പോയവര്‍ക്കും തെറ്റ് തിരുത്താന്‍ തയ്യാറുള്ളവര്‍ക്കും മുന്നില്‍ സിപിഐ എം വാതിലുകള്‍ തുറന്നിട്ടു. അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. ആര്‍എംപിയിലെ ചിലരെല്ലാം തിരിച്ചുവരാന്‍ തയ്യാറായി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഏതോ ചില അദൃശ്യശക്തികള്‍ ആ ശ്രമങ്ങള്‍ക്ക് തടയിടുകയായിരുന്നു.
ഫലത്തില്‍ ഭരണകൂട സംവിധാനങ്ങളുടെയാകെ സഹായമുണ്ടായിട്ടും സിപിഐ എമ്മിനെ അടിച്ചമര്‍ത്താന്‍ വലതുപക്ഷ രാഷ്ട്രീയശക്തികള്‍ക്ക് കഴിയാത്ത അവസ്ഥയാണ് ആ ഘട്ടത്തില്‍ ഉരുത്തിരിഞ്ഞത്. ആര്‍എംപി- വലതുപക്ഷ കൂട്ടുകെട്ട് നിഷ്പ്രഭമായി. വിമതവേഷക്കാരുടെ പ്രസക്തി നഷ്ടപ്പെട്ടു. അത്തരമൊരു ഘട്ടത്തിലാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. സകലരെയും അമ്പരപ്പിച്ച ആ കൊലപാതകം സിപിഐ എം വേട്ടയ്ക്കുള്ള ആയുധമാക്കി നിമിഷവേഗത്തില്‍ മാറ്റുന്നതാണ് പിന്നീട് കണ്ടത്. മുന്‍വിധികളും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും സിപിഐ എമ്മിനുനേരെ. മാര്‍ക്സിസ്റ്റ് വിരോധികളുടെ തമ്പുകളില്‍ ജന്മമെടുക്കുന്ന കഥകളും ഭാവനയും "തെളിവുകളായി" അവതരിപ്പിക്കപ്പെട്ടു. എന്തിന് സിപിഐ എം അങ്ങനെ ചെയ്യണം എന്ന വലിയ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ഏതുമരണവും ദുഃഖകരമാണ്. തലേന്നുവരെ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന ചന്ദ്രശേഖരന്‍ ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ ഒഞ്ചിയത്തുകാര്‍ക്കുണ്ടായ ദുഃഖം ചെറുതല്ല. അതിനെ സിപിഐ എമ്മിനോടുള്ള ശത്രുതയായി മാറ്റിയെടുക്കാനാണ് മാര്‍ക്സിസ്റ്റ് വിരുദ്ധ സഖ്യം ആവേശപൂര്‍വം ശ്രമിച്ചത്. അതിനായി അതിവിചിത്ര വഴികളിലൂടെ അവര്‍ സഞ്ചരിച്ചു. (അവസാനിക്കുന്നില്ല)
2 comments:
ആര്‍എംപി ഇല്ലാതായാല്‍ താന്‍ കോണ്‍ഗ്രസിലേക്ക് തിരികെപ്പോകുമെന്നാണ് ഞാറ്റോത്തും താഴേക്കുനി വാസു പറയുന്നത്. അതുതന്നെയാണ് ഇന്ന് ആര്‍എംപിക്കുവേണ്ടി കൊടിയും വടിയും വാളുമേന്തുന്ന ഓരോരുത്തരുടെയും ഉള്ളിലിരിപ്പ്. നാളെ അവരെ ആര്‍എസ്എസ് ശാഖയിലോ മുല്ലപ്പള്ളിയുടെ താവളത്തിലോ എന്‍ഡിഎഫ് കൂടാരത്തിലോ കണ്ടേക്കാം.
ക്രിമിനല്‍ വാസനയുള്ളവരുടെയും സിപിഐ എമ്മിനോട് ഏതെങ്കിലും തരത്തില്‍ ശത്രുതയുള്ളവരുടെയും കൂട്ടായ്മയാണ് ഇന്ന് ആര്‍എംപി. 2009ല്‍, രൂപീകരണശേഷം ആദ്യത്തെ പുതുവര്‍ഷാഘോഷത്തിന് പുത്തലത്തുവയലില്‍ സമ്മേളിച്ച് സിപിഐ എമ്മിന്റെ ശൈലിയല്ല തങ്ങളുടേതെന്ന് അവര്‍ പ്രഖ്യാപിച്ചു- പരസ്യമായി മദ്യവിതരണം നടത്തിക്കൊണ്ട്. തുടര്‍ന്നിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. സിപിഐ എമ്മിന്റെ നെടുങ്കോട്ടയായ ഒഞ്ചിയംമേഖലയില്‍ കടന്നുകയറാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ക്കാകെ അത്താണിയായി അതിവേഗം ആര്‍എംപി മാറി. ആര്‍എസ്എസിലെയും കോണ്‍ഗ്രസിലെയും ക്രിമിനലുകള്‍ക്ക് താവളമായി. തൊഴിലാളിവര്‍ഗത്തിന്റെ ഭാവമുണ്ടെങ്കിലും ഗുണമില്ലാത്ത ലുമ്പന്‍ ശക്തികള്‍ ഒത്തുകൂടി. ഗള്‍ഫ് നാടുകളില്‍നിന്നും ചില പ്രമാണിമാരില്‍നിന്നും പണം വന്നു. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരമണ്ഡലത്തിലെ തന്റെ ഭാവി ആര്‍എംപിയില്‍ കണ്ടു.
Post a Comment